Sunday, November 23, 2014

മഞ്ഞുകാലത്തിലെ കുഞ്ഞു കാര്യങ്ങൾ..............

ഇന്നലെ അമാവാസി ആയിരുന്ന്വോ ആവോ!!!!!കലണ്ടറിൽ പൌർണ്ണമീം,അമാവാസീം നോക്കി വെക്കാൻ എനിക്കേറെ ഇഷ്ടള്ള ഒരു കാര്യാണ്.പ്രത്യേകിച്ച് കാര്യൊന്നുംണ്ടായിട്ടല്ല.വെറുതെ......ഒരു രസം....അത്രന്നെ!!!അത് മാത്രല്ല ഓരോ നാട്ടിലെ വിശേഷങ്ങളും അതിലുണ്ടാവും.അതിങ്ങനെ വായിച്ചു നോക്കും.ഒന്നും ഓർമ്മയിൽ നിക്കില്ല.എങ്കിലും അത് നോക്കാൻ ഏറെ  രസാണ്.ചില സ്ഥലങ്ങളുടെ പേരുകൾ ഒക്കെ അതിലൂടെയാണ് ഞാൻ ആദ്യായി അറിഞ്ഞേക്കണത്.നിയ്ക്ക് നിശ്ശള്ള സ്ഥലങ്ങൾടേം അമ്പലങ്ങൾടേം ഒക്കെ പേരുകൾ അതിൽ കാണുമ്പോൾ വല്ല്യേ സന്തോഷം തോന്നും.പോവാൻ മോഹിക്കണ സ്ഥലങ്ങൾടെ പേരുകൾ കാണുമ്പോൾ ഒരു നഷ്ടബോധോം. എങ്കിലും കലണ്ടർ നോക്കൽ ഒരു നല്ല നേരം പോക്കാണ്.പുത്യേ (2015ലെ) കലണ്ടർ ഇന്നലെ പേപ്പറുകാരൻ കൊണ്ടന്നു.എല്ലാ കൊല്ലോം ഈ സമയാവുമ്പൊ അത് കൊണ്ടന്നു തരും.കാണുമ്പോൾ മനസ്സിൽ ആകെക്കൂടി ഒരു ആകാംക്ഷ നിറയും.ന്തൊക്കെ ആണാവോ ഇനി ഈ കൊല്ലത്തിൽ ജീവിതത്തിൽണ്ടാവാ,സങ്കടാണോ സന്തോഷാണോ കൂടുതൽ കിട്ടുകന്നൊക്കെ ഓർത്ത്...........വേണ്ടാന്നു പറഞ്ഞാലും അനുസരിക്കാതെ വെറുതെ കൊറേ പ്രതീക്ഷകളെ മുന്നിൽ കൊണ്ടന്നു നിർത്തും ഈ മനസ്സ്.ന്നാലും എനിക്കിഷ്ടാണ് എന്റെയീ മനസ്സിനെ.കൊറച്ച് ബടുക്കൂസ്ത്തരംണ്ട്ന്നേള്ളൂ പാവാണ്‌ന്ന് നീ പറയുമ്പോഴൊക്കേം എന്റെയീ മനസ്സിനെ ഞാൻ ഉമ്മ വെക്കാറുണ്ട്.

ഒരു മഞ്ഞുകാലം കൂടി വന്നെത്തി.തണുത്ത വെളുപ്പാൻ കാലങ്ങളിൽ എണീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി പുലരികൾ വിരിയുന്ന കാണാൻ നല്ല ചന്താണ്.ദൂരെ നിന്ന് ആളുകളുടെ ശരണ മന്ത്രങ്ങൾ കേൾക്കാം.ഇടക്ക് മുടങ്ങിയിരുന്ന അമ്പലത്തിൽ പോക്ക് വീണ്ടും തുടങ്ങി.കല്യാണിപ്പാടത്ത് മഞ്ഞു വീഴണതും നോക്കി,പാലമരങ്ങളിൽ ഞാൻ കാണാതെ എവിടെയെങ്കിലും പൂങ്കുലയുണ്ടോന്നു നോക്കി,വെളുപ്പിനേ തന്നെ  വരിയും നിരയും തെറ്റാതെ എങ്ങോട്ടോ തിക്കും തിരക്കും കൂട്ടി  പോണ കൊറ്റി കൂട്ടത്തിനെ നോക്കിയുള്ള  അമ്പലത്തിൽ പോക്ക് എനിക്കിപ്പൊ ഒരുപാടൊരുപാടിഷ്ടാണ് .മഞ്ഞുകാലത്തിന് ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും നിറമാണ്,ശബ്ദമാണ്.രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ദൂരെ എവിടുന്നൊക്ക്യോ ചെണ്ടമേളത്തിന്റെ ശബ്ദം കേക്കാറുണ്ട്.വെളുപ്പിനെ വീശണ കാറ്റ് കാണുമ്പോഴാണ് ഏകാശിക്കാലായീലോന്നോർക്കാ.

തൃപ്രയാർ ഏകാദശി കഴിഞ്ഞു.പതിവ് പോലെ ഞാൻ ഏകാശി നോറ്റില്ല്യ, ഏകാശി കൂടാൻ ന്റെ ഇല്ലത്തേക്ക് പോയതുംല്ല്യ.എനിക്കാ തിക്കും തിരക്കും ഒന്നും ഇഷ്ടല്ല്യ.പണ്ടൊക്കേം ബന്ധുക്കളുടെ വീട്ടിലെ വിശേഷങ്ങൾക്ക് പോലും പോവാൻ ഇഷ്ടല്ല്യാത്ത ആളായിരുന്നു ഞാൻ.വലിയ ഒരാൾക്കൂട്ടം കാണുമ്പോ,ഞാനതിൽ പെടുമ്പോ എനിക്ക് തോന്നാറുണ്ട് ഞാൻ തനിച്ചായി എന്ന്.എന്തോ എനിക്കെപ്പഴും അനുഭവപ്പെടുന്ന ഒരു കാര്യാണ് അത്. ഒരുപക്ഷെ എനിക്കൊരുപാട് പ്രിയപ്പെട്ടവരുടെ നടുക്കായിരിക്കും ആ നിമിഷങ്ങളിൽ......സഹിക്കാൻ വയ്യാതെ  ഞാൻ പലപ്പഴും  അത്തരം തിരക്കുകളിൽ ആരും കാണാതെ കരയാറും ഉണ്ട്.ഇത്തരം കുറെ ബടുക്കൂസ് സങ്കടങ്ങളുണ്ട് എനിക്ക്.കാരണങ്ങളില്ലാതെ എന്നെ കരയിക്കുന്ന ചില വാക്കുകളും,കാഴ്ച്ചകളും,വിചാരങ്ങളും......................

ഇതിനിടയിൽ ഇവിടത്തെ അമ്പലത്തിലെ പ്രതിഷ്ഠ ദിനം കഴിഞ്ഞു. ആദ്യായിട്ടാണ്‌ ഞാൻ വേട്ടെയ്ക്കരൻ  പാട്ട് കാണുന്നത്.അതൊരു നല്ല അനുഭവായിരുന്നു.ആ കളം വരച്ചത്  ഒന്ന് കാണണ്ടതന്ന്യാണ് .എന്ത്മാത്രം സമയമെടുത്ത് വരച്ചതാണ്.കളം മായ്ക്കലിന്റെ കൊട്ടും,വെളിച്ചപ്പാടിന്റെ ചുവടുകളും ഒക്കെ ബഹു രസാണ് കാണാനും കേക്കാനും.എല്ലാം കഴിഞ്ഞ് കൊടിക്കൂറ താഴ്ത്ത്യപ്പോ, എനിക്കെന്തിനോ ആകെ സങ്കടായി.

ഇപ്പോൾ സായാഹ്നങ്ങൾക്ക് പാഷൻ ഫ്രൂട്ട് പൂക്കൾടെ മണമുണ്ട്.പുലർ വെയിലുകൾക്ക് കാപ്പിപ്പൂക്കളുടെയും,രാവുകൾക്ക്‌ പാലപ്പൂവിന്റെയും.
ഇടയ്ക്കൊരു ദിവസം വീട്ടിലേക്ക് പോയപ്പോൾ വെയിലിൽ നിറഞ്ഞൊരു മഴ കണ്ടു.നീണ്ടു മെലിഞ്ഞ മഴത്തുള്ളികൾ അങ്ങു പോക്കത്തുനിന്നെ വീഴണത് ഇത്ര വ്യക്തമായി ഞാനാദ്യം കാണുകയായിരുന്നു.ഇന്നലത്തെ യാത്ര പതിവിലുമധികം നന്നായിരുന്നു.ഞാനിതുവരേം പോയിട്ടില്ലാത്ത കുറെ വഴികൾ.കണ്ണിൽ  നിറഞ്ഞ പച്ച  എന്റെ കരളിനും  കുളിരു നൽകി. ഇന്നലെയാണ് ആദ്യമായി കലാമണ്ഡലം കണ്ടത്,ഉത്രാളിക്കാവ് അമ്പലോം. സൌഹൃദത്തിന് ഇത്രയേറെ ഭംഗിയും,നന്മയും ഉണ്ടെന്ന് എനിക്ക് മനസിലാക്കി തന്ന പ്രിയപ്പെട്ട കൂട്ടുകാരന്റെ ഒരിഷ്ടമാണ് ആ അമ്പലം.നല്ല സൌഹൃദത്തിന്റെ ഓർമ്മയ്ക്കായി ഒരിക്കലൊരുമിച്ച് ആ അമ്പലമുറ്റത്ത് പോയി നിന്നൊരു ഫോട്ടോ എടുക്കണം എന്നൊരു മോഹമുണ്ട്.

ഇന്നും അടുത്തെവിടെയോ ഏതോ ഒരമ്പലത്തിൽ അഖണ്ഡ നാമജപയജ്ഞം നടക്ക്ണ്ട്.മൈക്കിൽ കൂടി കേക്കുന്നുണ്ട് അയ്യപ്പ സ്തുതികൾ...തുറന്നിട്ട ജനലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്ക്യാണ് കാറ്റ്.ഒരു മിന്നാമിനുങ്ങ് ദേ ന്റെ കിടക്കയിൽ വന്നിരിക്കണൂ.നിന്നെ കുറിച്ച് എഴുതിയോന്നു നോക്കാൻ വേണ്ടി നീ വിട്ടതാണോ ഈ മിന്നാമിനുങ്ങിനെ?????
നീയില്ലാതെ എനിക്കൊന്നുമില്ലെന്ന് നിനക്കിനിയും അറിയില്ല്യേ????ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നന്മ അതാണെനിക്ക് നീ.നിന്റെ പ്രണയിനി എന്നതന്ന്യാണ് എനിക്ക് ഞാൻ കൊടുക്കുന്ന നിർവചനം.

നിന്നെ കാണുന്ന കണ്ണുകളോടും നിന്നെ കേൾക്കുന്ന കാതുകളോടും നിന്നെ തൊടുന്ന കൈകളോടും എനിക്കസൂയയാണ്.എന്നെക്കാളധികം മറ്റാരും നിന്നെ കാണണ്ട,നിന്നെ കേക്കണ്ട,നിന്നോട് മിണ്ടണ്ട,നിന്നെ തൊടണ്ട.അത് മഴയോ, മഞ്ഞോ, വെയിലോ, കാറ്റോ, പുലരികളോ, രാവുകളോ
നിനക്ക് പ്രിയപ്പെട്ടവരോ അങ്ങനെ ആരും.......ആവണ്ട.നീ എന്നിൽ മാത്രം നില നിന്നാൽ മതി.നിന്നിൽ ഞാൻ ചിലപ്പോഴൊക്കെ അത്രമേൽ സ്വാർത്ഥയാണ്.
നീ നൽകിയ,പാലപ്പൂക്കളുടെ മണമുള്ള ഈ വിരഹത്തോട് പോലും എനിക്ക് നിന്നോടുള്ളത്ര സ്നേഹമാണ്.
നിന്റെയുള്ളിലെ സ്നേഹവും,ചുണ്ടിലെ ചിരിയും,സിരകളിലെ സംഗീതവും ഞാനാണെന്നിരിക്കേ..............
നിനക്കിത്രയേറെ പ്രിയപ്പെട്ട എന്നോട് ഇപ്പൊ എനിക്കും ഇഷ്ടമാണ്.


Saturday, October 25, 2014

അഞ്ച് ചിത്രങ്ങൾ!!!!

അങ്ങനെയിരിക്കുമ്പോൾ കണ്ണിനും മനസിനും കൗതുകമായി ഇവർ വിരുന്നു വരും.തോട്ടം മുഴുവനും ചുറ്റി നടന്നു കാണും.അതിരിലുള്ള മുളങ്കൊമ്പിൽ പോയിരിക്കും.രണ്ടുപേർ പ്രണയിക്കുന്നത് കാണുന്നതേ ഒരു സുഖാണ്. ഈ കൂടെ ഒരു പെണ്‍ മയിലുംണ്ടായിരുന്നു. ഇതില്‍ കുനിഞ്ഞു നിൽക്കുന്നവനുമായി  അവൾ പ്രണയത്തിലാണ്. അവർ ഒരുമിച്ചു കുറെ നേരം നടക്കുന്നുണ്ടായിരുന്നു. വേലിക്കൽ വിരിയുന്ന  നീലപ്പൂച്ചെടിയുടെ വള്ളികൾക്കിടയിൽ അവരൊളിച്ചു നിന്നിരുന്നത് എന്തിനായിരുന്നോ എന്തോ!!!!

ഈ ദിവസങ്ങളിൽ ചെറിയ ചെറിയ മഴയാത്രകൾ അധികമാണ്.ചില്ലിൽ പതിഞ്ഞ മഴത്തുള്ളികളിലൂടെയുള്ള അവ്യക്തമായ കാഴ്ച്ചകൾ പാതി മുറിഞ്ഞു പോയ ഏതൊക്കെയോ ഓർമ്മകളിലേക്കെന്നെ കൊണ്ടു പോകാറുണ്ട്. ഒടുക്കം ആ അവ്യക്തതയിൽ പെട്ട് മനസ്സിൽ ഒരു കാർമേഘം ഉരുണ്ടു കൂടാൻ തുടങ്ങുമ്പോൾ ഞാനീ മഴത്തുള്ളികളിൽ മുഴുവനും നിന്റെ പ്രണയത്തെ കാണാൻ തുടങ്ങും.അവയിൽ മുഖം ചേർക്കുമ്പോൾ നീ ചുംബിക്കുന്നതായി തോന്നും.ആ കുളിരിന്റെ ആലസ്യത്തിലാവും അപ്പോഴെന്റെ ഓരോ യാത്രകളും......................




പ്ലാവില ഞെട്ടും,തേയില മട്ടും ഒക്കെ കൂട്ടിയരച്ച മൈലാഞ്ചി കൈ നിറയെ പൊത്തി വെക്കുന്നതാണ് എന്റെ മൈലാഞ്ചിയിഷ്ടം. കൈ കഴുകി അതിൽ പച്ച വെളിച്ചെണ്ണ അൽപ്പം തേച്ച് കഴിഞ്ഞാലുള്ള മണം എനിക്കേറെ പ്രിയമുള്ള ഒന്നാണ്.വെയിൽ ഇലകളിലൂടെ വരച്ച ഈ മൈലാഞ്ചിയും എനിക്കിഷ്ടമായി. നിനക്കോ???


അന്ന് സന്ധ്യയാവ്ണേണ്ടായിരുന്നുള്ളൂ.ഒരു കാറ്റ് വീശ്യാൽ ഒന്നു പെയ്തൊഴിയാരുന്നൂന്ന് വിചാരിച്ചോണ്ട് നിക്കണ മഴമേഘങ്ങളെ കാണാൻ നല്ല ചന്തംണ്ടായിരുന്നു.മഴ പെയ്യാൻ വേണ്ടി കാത്തു നിക്കണ ഭൂമിയെ എനിക്കൊരുപാടിഷ്ടാണ്.ആദ്യത്തെ തുള്ളി വീഴുമ്പോഴുള്ള ഇലകളുടെ മിഴി പൂട്ടലും ഞാൻ കൊതിയോടെ നോക്കുന്ന ഒന്നാണ്.അപ്പൊ ചുമ്മാ ക്ലിക്കീതാ.ഫോട്ടോ രൂപത്തിൽ വന്നപ്പൊ എനിക്ക് വല്ല്യേ ഇഷ്ടായി.ന്തോ ആ ഒരു മൂഡ്‌ എനിക്കീ ഫോട്ടോ കാണുമ്പോൾ ഒക്കേം കിട്ടുന്നോണ്ടാവും.


അച്ചൂന്റമ്മേടമ്മേടമ്മേടമ്മ!!!!!!!!അഞ്ചു തലമുറ കണ്ട ഒരു മുത്തശ്ശി.
അമ്മിണി ന്നാത്രേ പേര്.വയസ്സ് നൂറായി.ന്റെ ചെറുപ്പത്തിലും,അമ്മാത്തെക്ക് പോവുമ്പോ ഒന്നും 
ഞാൻ ശ്ശി പ്രാവശ്യോന്നും കണ്ടിട്ടില്ല്യ ന്റെ ഈ മുതുമുത്തശ്ശ്യേ !!!!ഞാൻ കണ്ട്ട്ട്ള്ളപ്പഴൊക്കേം ഈ മുത്തശ്ശി ഇതുപോലെ തന്നെയാണ്.കയ്യിൽ രണ്ട് ചോപ്പ് റബ്ബറ് വളകൾ ഇട്ട്,നെറ്റീലൊരു ചന്ദനക്കുറീം തൊട്ട്.അതെനിക്ക് നല്ല ഓർമ്മണ്ട്.ഈ റബ്ബറ് വളകൾ ഞാൻ ആദ്യം അങ്ങന്യാണ് കാണണേ.ആ വളകൾ കാണാതായത് ഈ ഫോട്ടോ എടുത്ത അന്ന് കണ്ടപ്പോൾ ആണ്.കൊറേ മക്കൾണ്ട്.അവരെ ഒക്കെ കാണാനും അവര്ടെ കൂടെ രണ്ടൂസം നിക്കാനുമൊക്കെ വേണ്ടി ഓരോരുത്തരുടേം അടുത്തേക്ക് ബസ് ഒക്കെ കൃത്യായി കണ്ടുപിടിച്ച് അതിൽ കേറി പുള്ളിക്കാരി തന്നേ പോവും.ഇപ്പോൾ കഷ്ടി ഒരു വർഷായിത്രെ തന്നെള്ള ഈ യാത്ര മക്കള്നിർത്തീട്ട്.ഓർമ്മക്ക് ഇച്ചിരി പ്രയാസം തൊടങ്ങീണ്ട്.കാഴ്ച്ചക്ക് നേരിയ മങ്ങലും.വർത്താനം ഒക്കെ വ്യക്താണ്.ആരോഗ്യത്തിനും അങ്ങനെ കാര്യായിട്ട് പ്രശ്നങ്ങൾല്ല്യ.മുത്തശ്ശീടെ മക്കൾക്കും,അവര്ടെ മക്കൾക്കും,അവര്ടെ മക്കൾക്കും ഒക്കെ വയ്യായ്കയാണ് .അപ്പഴാണ് കഥാനായിക ഇങ്ങനെ സ്മാർട്ട്‌ ആയി നടക്കണേ.


Tuesday, October 21, 2014

ഒരു വീട് വേണം!!!!!!!!!!!

ഒരു വീട് വേണം.
പുഴ കടന്ന് ,മരങ്ങൾക്കിടയിലൂടെ വഴിയുള്ള
ഇരു വശവും പച്ച പൂത്ത
കാലവർഷോം തുലാവർഷോം കൃത്യമായെത്തുന്ന
ഞാറ്റുവേലകൾ പൂക്കുന്ന തൊടിയുള്ള
മണ്ണിന്റെ മണോം,ഇലേടെ പച്ചേം,ഭൂമീടെ നന്മേം ഉള്ള വീട്!!!!!!
എന്റെ "നന്മ" വീട്.

ഒരുപാട് മുറ്റം വേണം.
മുറ്റത്തേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ കൊമ്പുള്ള ഒരു നാട്ടുമാവും വേണം.
പോക്കുവെയിൽ വീഴുന്ന സായാഹ്നങ്ങളിൽ നമുക്കിരുന്നാടാൻ,
അച്ചൂനെ ഇരുത്തി ആട്ടി കൊടുക്കാൻ
മുല്ലവള്ളി പടർത്തിയ മുളയൂഞ്ഞാൽ കെട്ടണം.
അവൾക്കൊപ്പം കഞ്ഞീം കറീം വെച്ചു കളിക്കാനും,
നിനക്കൊപ്പം പ്രണയം പങ്കു വെക്കാനും
മുറ്റത്തിന്റെ ഒരു മൂലയിൽ  ഇലകൾ കൊണ്ട് മേൽക്കൂരയിട്ട,ചുമരു കെട്ടിയ ഒരു മുളങ്കൂട്ണ്ടാക്കണം.
ഒരരികിൽ നിറയെ തെച്ചിയും, മന്ദാരവും, കൊടുവേലിയും, നന്ത്യാർവട്ടവും,ഗന്ധരാജനും,നാലു മണിപൂവും,ഒക്കെ വെച്ചു പിടിപ്പിക്കണം.
മതിലിനു പകരം മരങ്ങൾ...........
ചെമ്പകോം, അശോകോം, ഇലഞ്ഞീം,പാലേം......................

പിന്നിലെ മുറ്റത്ത് ഞാൻ നട്ടു നനച്ചുണ്ടാക്കിയ പാവലും,പടവലോം,കോവലും,മത്തനും,ഇളവനും,ചീരേം,മുരിങ്ങേം,വെണ്ടേം ഒക്കെ കായ്ച്ചു നിക്കണം.
അതിനും പിന്നിൽ മാവും,പ്ലാവും,പുളീം,പേരേം,കവുങ്ങും, ജാതീം,ഞാവലും ഒക്കെ ണ്ടാവണം.
കായ്കൾ പഴുത്തു വീഴുമ്പോൾ എനിക്കും അച്ചൂനും പോയി പെറുക്കിയെടുത്ത് പങ്കു വെച്ചു തിന്നണം.
(ഒരു പങ്ക് നിനക്കും തരാം).
ഇടയിൽ അവിടവിടെ ആയി മോഹിപ്പിക്കാൻ വേണ്ടി മാത്രം കാപ്പി പൂക്കണം.
മരങ്ങൾക്കപ്പുറം ചോപ്പാമ്പലും,വെള്ള താമരയും വിരിയുന്ന നിറയെ പടവുകളുള്ള ഒരു കുളം വേണം.
കുളത്തിന്റെ അങ്ങേക്കരയിൽ നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരം വിളഞ്ഞു നിൽക്കുന്ന നെൽപ്പാടം കാണണം.

വീടിന് നീളമുള്ള ഒരു വരാന്ത വേണം.
നിറയെ മരയഴികൾ ഉള്ള വരാന്തയിൽ രാമച്ചം മണക്കുന്ന ഒരു കർട്ടൻ വേണം.
മഴ പൂക്കുന്ന രാത്രികളിൽ ഒരുമിച്ചിരുന്നു മഴ കാണാനായി....
കെട്ടിപ്പിടിച്ചോണ്ട് നിന്നത് നനയാനായി  ഒരു നടുമുറ്റം വേണം.

നമ്മുടെ ഒച്ചേം വിളീം ചിരീം ഒക്കെ നിറയുന്ന തളമുള്ള ,
നിന്റെ ഇഷ്ടങ്ങളുടെ മണങ്ങൾ നിറയുന്ന അടുക്കളയുള്ള,
ന്റെ ദിവാസ്വപ്നങ്ങളെ ആരും കാണാതെ ഒളിപ്പിക്കുന്ന ന്റെ സ്വന്തം 'പാത്തു' മുറി ഉള്ള ഒരു വീട്.

നന്മ പൂക്കുന്ന,സ്നേഹം മണക്കുന്ന ഒരു വീട്!!!!
ന്റെ,നിന്റെ,നമ്മടെ വീട് :)







Sunday, September 7, 2014

എവിടുന്നോ തുടങ്ങി എവിടെയോ തീർന്ന ഒരു പോസ്റ്റ്‌!!!!!!

പാമ്പും കാവുകളിലെ മഞ്ചാടി മരങ്ങൾ രണ്ടും വെട്ടിക്കളഞ്ഞു.കാവ് തന്നേം ഇല്ലാതായ പോലെയായി.കണ്ടപ്പോ സഹിക്കാൻ കഴിഞ്ഞില്ല.ആരും കാണാതെ  ഞാൻ അതിനു മുന്നിൽ  പോയി നിന്നു കരഞ്ഞു.ആ മരങ്ങളോടും, കാവുകളോടും എനിക്കുണ്ടായിരുന്ന സ്നേഹം ഒരുപാടായിരുന്നു എന്നപ്പഴാണ് മനസിലായെ.എന്ത്മാത്രം മഞ്ചാടിയാണ് ഞാൻ അവടന്ന് പെറുക്കി കൂട്ട്യേ!!!!കാവിനകത്തെ വേറെ ഏതൊക്ക്യോ മരങ്ങൾ  കൂടി വെട്ടി മാറ്റുന്നുണ്ടായിരുന്നു.ഇനിയും എത്രയെത്ര പുലരികളെ, സന്ധ്യകളെ, രാവുകളെ, മഞ്ഞു-മഴക്കാലങ്ങളെ കാണാനും, അനുഭവിക്കാനും വെട്ടി മാറ്റുന്ന ഓരോ മരങ്ങളും എന്തുമാത്രം ആഗ്രഹിച്ചിട്ടുണ്ടാവുമെന്ന് ഞാനോർത്തു.
അതിനും ജീവനില്ലേ,....ന്നെ പോലെ................!!!!
അതിനും ഇത്തരം മോഹങ്ങൾ കാണില്ലേ.......ന്നെ പോലെ.............!!!!!!

ഞാൻ തീരുമാനിച്ചു മരിച്ചു പോവുന്ന എന്നെ ചാരമാക്കാൻ വേണ്ടി ഒരു മരക്കൊമ്പ് പോലും മുറിക്കാൻ ആരെയും അനുവദിക്കരുതെന്നും,മോക്ഷം കിട്ടിക്കൊട്ടെന്നു കരുതി ഞാനെന്ന ചാരത്തെ ആരും ഒരു പുഴയിലും കടലിലും കൊണ്ടൊഴുക്കാൻ തുനിയരുതെന്നും  എഴുതി വെക്കാൻ.കൂട്ടത്തിലിതും കൂടി എഴുതി ചേർക്കണം.മുറ്റത്തിന്റെ ഒരറ്റത്ത് എവിടേങ്കിലും ആ ചാരം കുഴിച്ചിടണം.എന്നിട്ട് അതിനു മീതെ ഒരു മഞ്ചാടി തൈ നടണം.വളർന്നു വളർന്നു വലുതായി അതിൽ നിറയെ പൂക്കളും പിന്നീടത് മഞ്ചാടി മണികളായി മുറ്റം മുഴോനും ഒരു ചോപ്പ് പരവതാനി വിരിച്ച പോലെ വീണു കിടക്കണം.അങ്ങനെ  ഓരോ മഞ്ചാടി മണിയിലും ന്റെ അംശംണ്ടാവണം. അതൊരു ബടുക്കൂസ് മോഹാണ്.

കാവിനടുത്തെ കുളം ആകെ മരക്കൊമ്പുകളും വള്ളിച്ചെടികളും കൊണ്ട് നിറഞ്ഞു.നിറയെ തൊട്ടാവാടിയും,പരിശോകോം ആണ്.പടവുകളിൽ പഴുത്തിലകൾ വീണു ചീഞ്ഞ് ഒട്ടിപ്പിടിച്ചിട്ടുണ്ട്. എങ്കിലും ഞാനിറങ്ങി ഏറ്റവും ആദ്യത്തെ പടവിലിരുന്നു.മഴ പെയ്ത്പെയ്ത് കുളമിങ്ങനെ ഇളം നീല നിറമുള്ള വെള്ളം കൊണ്ട് നിറഞ്ഞു കിടക്കണ കാണാൻ ചന്തം.പടവുകൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടെങ്കിലും ഇറങ്ങാൻ ഇഷ്ടമുണ്ടെങ്കിൽ ഇറങ്ങാൻ പറ്റും.മീനുകളെ പേടി ആയോണ്ട് എനിക്കിറങ്ങാൻ ഒരു മോഹോം തോന്നിയില്ല.ഏറെ നേരം നോക്കിയിരുന്നു.പച്ചയുടെ തണുപ്പും  നിശബ്ദതയുമൊക്കെ അനുഭവിച്ചപ്പോ തോന്നി ദൈവം അവിടിരുന്ന് ന്തോ കള്ളത്തരം കാണിക്ക്യാണ്ന്ന്. കള്ളത്തരത്തിന് കൂട്ട് നിക്കണ പോലായിരുന്നു ചുറ്റൂള്ള മരങ്ങളിലെ ഇലകളും, വള്ളികളും അനങ്ങാതെ മിണ്ടാതെ നിന്നിരുന്നേ!!!!നിന്നിലേക്കോടിയെത്താൻ തിരക്കു കൂട്ടി നിന്നിരുന്ന  എന്റെ ചിന്തകളെ ആ നിശബ്ദതയിലൂടെ നീ വരിഞ്ഞു മുറുക്കി.നിന്നോടൊപ്പമിരുന്നു പ്രണയം പങ്കു വെക്കാൻ എനിക്കേറ്റോം പ്രിയപ്പെട്ടയിടമാണ് അവിടം. കുളത്തിലെ വെള്ളത്തിൽ വീണ നിലാവിനെ,മഴയെ,നക്ഷത്രങ്ങളെ നിനക്കൊപ്പം നോക്കിയിരിക്കാനുള്ള ന്റെ സ്വപ്നത്തെ ത്രയോ....തവണ ഞാൻ നിന്നോട് പറഞ്ഞിരിക്കുന്നു!!!!!

കടലിനടുത്തൂടെയുള്ള വഴിയിലൂടെയാണ് ഇപ്പൊ വീട്ടിലേക്ക് പോകാറ്. അധികം തിരയടിക്കാത്ത കടലും,മഴക്കാറു നിറഞ്ഞ ആകാശോം യാത്രയിൽ കുറച്ചു നേരം കാണാം.ന്തിനോ ഒരു വിഷാദം നിറയും ഉള്ളിൽ.കണ്ണീരുരുണ്ടു കൂടും.സങ്കടം മാത്രമുള്ള  ഒരു പെണ്‍കുട്ടി ണ്ട്  ന്റുള്ളിൽ.കുറേ  നേരത്തേക്ക് പിന്നെ ഞാൻ അവളാവും.ആ ആകാശം പോലെ അവളുടെ മിഴികളും............. പെയ്യാതങ്ങനെ............!!!!!

പണ്ടൊക്കെ ചില സ്ഥലങ്ങൾ അതിന്റെ പേരുകൊണ്ട് എനിക്കൊരുപാട് ഇഷ്ടമായിരുന്നു.അതിൽ ഏതെങ്കിലുമൊരു സ്ഥലത്ത് വീടൊക്കെ വെച്ച് താമസിക്കണം ന്നും മോഹായിരുന്നു.അതിൽ ഒന്നാണ് തിരുവില്വാമല. ഇടയ്ക്കൊരു ദിവസം അങ്ങട് പോയിരുന്നു. കുത്താംമ്പുള്ളിയിലും പോയിരുന്നു.അവടെ പോവുമ്പോഴൊക്കേം എനിക്ക് തോന്നാറുണ്ട് ആ കാണുന്ന ഇടവഴികളിലൂടെയൊക്കെ ഞാൻ നടന്നിട്ടുണ്ട്,അവിടെ ഒരു ഓടിട്ട ചെറിയ വീട്ടില് ഞാൻ താമസിച്ചിട്ടുണ്ട്.ആ കരിങ്കൽപ്പടികൾ ഓടിക്കേറി  ഞാനെന്നും വില്വാദ്രി നാഥനെ കാണാൻ പോവാറുണ്ട്.ആ പാറപ്പുറത്ത് കാറ്റിൽ പൊങ്ങി പാറാൻ ശ്രമിക്കുന്ന ന്റെ പാവാടയെ ചുരുട്ടി പിടിച്ച് ഞാൻ ഇരിക്കാറുണ്ട് എന്നൊക്കെ.ഒരു പക്ഷെ കഴിഞ്ഞ ജന്മങ്ങളിൽ ഏതിലോ ഒന്നിൽ ഞാനവിടെ ജീവിച്ചിട്ടുണ്ടാവും.നടക്കാത്ത സ്വപ്നങ്ങളുടെ ലിസ്റ്റിൽ പെട്ട ഒന്നാണ് ആ ഗ്രാമത്തിൽ ഒരു വീട്.

യാത്രകളിൽ കടന്നു പോകുന്ന ഓരോ വീടുകളേയും ഞാൻ ശ്രദ്ധിക്കാറുണ്ട്.ചില വീടുകളുടെ മുൻകാഴ്ച്ചയിൽ തന്നെ ആ വീടിനോടും അവടെ ഉള്ളവരോടും എനിക്കിഷ്ടം തോന്നും.ആ വീട്ടിലുള്ളവർ എന്ത് ചെയ്യുകയാവും,അവരുടെ ജീവിതം എങ്ങനൊക്കെ ആവുംന്നൊക്കെ ഞാൻ ഓർത്തു നോക്കും. അവർക്കിന്നെന്താവും കറി,അവടെ കുട്ട്യോള് തല്ലൂട്ണ്ടാവ്വോ ന്നൊക്കെ സങ്കൽപ്പിക്കും.ചിലപ്പോ ഞാൻ കരുതിയ പോലേയ് ആവില്ല അവരെന്നോർക്കുമ്പോ എനിക്കന്നെ ചിരി വരും.അതു പോലെ തന്നെയാണ് ചിലരെ കാണുമ്പോൾ തോന്നുന്ന അടുപ്പവും, സ്നേഹവും.ഒരുപക്ഷെ ആദ്യമായും, അവസാനമായും കണ്ടത് അപ്പോളായിരിക്കും.ചിലപ്പൊ അവർ എനിക്ക് നേരെ നൊക്കിയിട്ട് പോലുമുണ്ടാവില്ല.മറ്റു ചിലപ്പൊ എന്നോടെന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം.എന്തു കൊണ്ടൊക്കെയോ അത്തരം ചിലർ എനിക്ക് പ്രിയപ്പെട്ടതാവുന്നു. ദൈവത്തോടുള്ള എന്റെ സംസാരങ്ങളിൽ ഞാൻ അവരുടെ നന്മകളെ ആഗ്രഹിക്കാറുണ്ട്.

സ്നേഹിക്കാതേം, സ്നേഹിക്കപ്പെടാതേം ഉള്ള ജീവിതത്തിന് എന്തർത്ഥമാണുള്ളത്!!!!!ഞാൻ മരിച്ചാൽ എന്നെ ഓർക്കുന്നവരുടെ ഉള്ളിലേക്ക് ആദ്യമോടിയെത്തേണ്ട ചിന്ത അവൾ എത്ര സ്നേഹവും,നന്മയും ഉള്ളവളായിരുന്നു എന്ന് മാത്രമാണ്.ഒരുപാട് നഷ്ടങ്ങൾ അനുഭവിച്ചെങ്കിലും ജീവിതത്തിൽ സ്വന്തം കഴിവ് കൊണ്ടു നേടിയത് ഒരു പിടി സ്നേഹം മാത്രമാണ്.കൂട്ടിന് അത് മാത്രം അങ്ങേ അറ്റം വരെ ണ്ടാവണേന്നൊരു പ്രാർത്ഥന തോന്നാറുണ്ട് ഓരോ പിറന്നാൾ ദിനങ്ങളിലും.നിനക്കൊപ്പമുള്ള എന്റെയീ പിറന്നാൾ ദിനങ്ങളെ എനിക്കിഷ്ടമാണ്.നീ കൂടെയുള്ളപ്പോൾ ഞാനെന്റെ നഷ്ടങ്ങളെ,സങ്കടങ്ങളെ കുറിച്ചൊന്നും ഓർക്കാറു പോലുമില്ല.
എന്റെ സന്തോഷം നിറഞ്ഞ മുഖത്തെ മാത്രമല്ലേ നീ കാണാൻ ആഗ്രഹിക്കുന്നുള്ളൂ,എന്ന തിരിച്ചറിവ് എന്നെ എന്റെ ദുഃഖങ്ങളിൽ നിന്നും അകറ്റുന്നുണ്ട്.

എല്ലാ നഷ്ടങ്ങൾക്കുമപ്പുറം ഞാൻ നിന്നെ നേടിയില്ലേ!!!!!!!!
നിന്നെക്കാളുമധികം മറ്റാർക്കാണ് എന്നെ സ്നേഹിക്കാനാവുക????????????
പ്രിയപ്പെട്ടവനേ............
നിന്നോട് തീരാത്ത സ്നേഹം മാത്രം!!!!!!
അതിൽ പൊതിഞ്ഞ ഓണാശംസകളും!!!!!!!!!

ഈ വഴി വരുന്ന സൌഹൃദങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!!!!!


Monday, July 14, 2014

ദേ.............നിനക്കുള്ള ന്റെ എഴുത്ത്!!!!വല്ല്യേ എഴുത്ത്!!!!!!!!!!!!

പ്രിയപ്പെട്ട നിനക്ക്,

ഹൃദയം നിറഞ്ഞ സ്നേഹത്തോടെ നേരുന്നു ജന്മദിനാശംസകൾ!!!!!!!!!!!

ഇത് .........
നിനക്കുള്ള എന്റെ പിറന്നാൾ സമ്മാനമാണ്.
എത്ര കാലായി  ഞാനെന്റെ കുഞ്ഞൂഞ്ഞു വിശേഷങ്ങൾ ഒരു കത്താക്കി നിനക്കയച്ചിട്ട്!!!!!!
എനിക്കെഴുതാതേം,നിനക്ക് വായിക്കാതേം പറ്റുമായിരുന്നില്ല അന്നൊക്കെ......
ശരിക്കും നിന്നോട് നേരിൽ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ മിണ്ടീരുന്നത് ആ കത്തുകളിൽ കൂടി ആയിരുന്നു.അതായിരുന്നു എനിക്കിഷ്ടവും...........നിനക്കും അതങ്ങനെ തന്നെ.

"നിനക്ക് മാത്രേ വാക്കുകളിൽ  ഇത്രയധികം സ്നേഹം നിറച്ച് എഴുത്തെഴുതാൻ സാധിക്കൂ...........
നീയിങ്ങനെ അടുത്തു വന്നിരുന്ന് ന്നോട് മിണ്ടണ കൂട്ട് തോന്നും നിന്റെ എഴുത്തുകൾ  വായിക്കുമ്പോ.............
മൂഡ്‌ ഓഫ്‌ ആയിരിക്കുമ്പോ നിന്റെ വാക്കുകളെ വായിച്ചാൽ മതി എനിക്ക് റിലാക്സ് ആവാൻ......."
എന്നൊക്കെ എത്രയോ തവണ നീയെന്നോട് പറഞ്ഞിരിക്കുന്നു!!!!!!!!

എത്ര എഴുതിയാലും പിന്നേം പിന്നേം എഴുതാൻ ണ്ട് തോന്നും ഓരോ എഴുത്തുകളും എഴുതി തീരുമ്പോൾ. വായിക്കുമ്പൊ നിനക്കും തോന്നാറില്ലേ ഇത് തീരല്ലേ........ന്ന്??????നിനക്കായി എഴുതാൻ എനിക്കെന്തിഷ്ടാന്നോ!!!!!!!
നീ വായിക്കുന്ന എന്റെ അക്ഷരങ്ങളോട് ചെലപ്പോക്കെ എനിക്ക് കുശുമ്പു തോന്നും, എന്നോടുള്ളതിനേക്കാൾ ഇഷ്ടാണോ നിനക്കവയോടെന്നോർത്തിട്ട്.
എത്രയെത്ര ഒഴുക്കിയാലും തീരാത്ത സ്നേഹത്തിന്റെ ഒരു ഉറവയുണ്ട് എന്റെയുള്ളിൽ നിനക്ക് മാത്രമായ്.............വാക്കുകൾ ജനിക്കുന്നത് അവിടെ നിന്നായതു കൊണ്ടാവണം അതിലിത്രയധികം സ്നേഹം പുരണ്ടിരിക്കുന്നതും നിനക്കതിത്രമേൽ പ്രിയമാകുന്നതും.

നിന്നോടുള്ള പ്രണയം നിറഞ്ഞു തുളുമ്പുന്ന ചില സമയങ്ങളുണ്ട്.
മനസ്സേറ്റവും ശാന്തമായിരിക്കുന്ന ആ നിമിഷങ്ങളിൽ.....................
മൌനത്തിലൂടെ മാത്രമേ സംസാരിക്കാനാവൂ എന്നു തോന്നുന്ന ആ നേരങ്ങളിൽ.......................എനിക്ക് തോന്നാറുണ്ട് നിന്നെ സ്നേഹിക്കുക എന്നത് എനിക്കൊരു ധ്യാനം പോലെയാണെന്ന്.

ഇന്നത്തെ ചന്ദ്രന് വലുപ്പം പതിവിനേക്കാൾ കൂടുതല്‍ണ്ടോ?????ജനലിലൂടെ നിലാവു നോക്കിയിരുന്നപ്പോൾ അങ്ങനെ തോന്നി.ഇന്ന് പൌർണ്ണമിയാണ്. നിലാവും മഴമേഘങ്ങളും മാറി മാറി വന്നും പോയും കൊണ്ടിരിക്കണ കാണാൻ ഒരു രസംണ്ട്.മിനിഞ്ഞാന്നു രാത്രി അത്താഴം കഴിഞ്ഞ് പാത്രം കഴുകിയെടുക്കുമ്പോ ആണ് ഈ മഴക്കാലത്തിലെ ആദ്യത്തെ മഴ വന്നെ!!!വടുക്കോർത്ത് ഞാൻ മാത്രേ ണ്ടായുള്ളൂ.അതോണ്ട് ആരും കാണാതെ സുഖായിട്ട് ആ മഴ അങ്ങട് നനയാൻ പറ്റി.നനയാൻ സാധിച്ചില്ലെങ്കിൽ പിന്നെന്തിനാ മഴ പെയ്യണേന്ന് ഞാനെപ്പഴും എന്നോടന്നെ ചോയ്ക്കാറുള്ള ഒരു ചോദ്യാണ്.നനയാൻ സാധിക്കാതെ, മഴ നോക്കി നിക്കേണ്ട ഗതികേട് എനിക്കെന്നും സങ്കടാണ്,ദേഷ്യാണ്.മഴ നനയുമ്പൊ മനസ്സിൽ സ്നേഹം നിറയും,നന്മയും.പക്ഷെ മഴ നോക്ക്യോണ്ടിരിക്കുമ്പൊ അതൊരു വഴിയായി മാറുന്ന പോലെ തോന്നും. ഓർമ്മകൾ കാഴ്ചകളാകുന്ന ആ വഴിയിലൂടെ വേണ്ടെന്നു വെച്ചാലും മനസ്സ് സഞ്ചരിക്കാൻ തുടങ്ങും.മുന്നോട്ടു പോകും തോറും കണ്ണിലെ കാർമേഘം ഉരുണ്ടു കൂടും,പിന്നെ പെയ്യാൻ തുടങ്ങും. കണ്ണീരിന്റെ ചൂടും,സ്വാദും മാത്രം തരുന്നൊരു മഴയാത്ര!!!!!ഇടക്കൊക്കെ ഒരു സുഖാണ്,രസാണ്.കുറച്ചു മുന്നേ അപ്പറത്ത് പോയി പാടത്തേക്കൊന്നു നോക്കി ഞാൻ.ചെറുതായി മഴ ചാറണ കണ്ടു നിലാവിൽ. മഞ്ഞും പെയ്യ്ണ്ട്.

നിനക്കറിയണ്ടേ നിനക്കൊപ്പമുള്ള എന്റെ കുഞ്ഞു കുഞ്ഞു മഴ സ്വപ്‌നങ്ങളെന്തൊക്ക്യാന്ന്.ഒരു പെരുമഴയിലൂടെ ആകെ നനഞ്ഞു കുതിർന്ന് എന്റെയടുത്തേക്ക് ഓടി വരുന്ന നീ..............വേഷ്ടി കൊണ്ട് നിന്റെ നെറുകയിൽ തോർത്തുന്ന ഞാൻ.......മുഖത്തുള്ള മഴത്തുള്ളികളെ എന്റെ കവിളിലേക്ക് ഒരുമ്മയിലൂടെ നീ അപ്പൊ ചേർത്തു വെച്ചു തരും.ഒരു പുലർമഴയിൽ ഒരു കുടക്കീഴിൽ നിനക്കൊപ്പം മഴേം മഞ്ഞും കൂടി ഇലകളെ ഉമ്മ വെക്കുന്നത് കണ്ടോണ്ട് നടന്ന് അമ്പലത്തിൽ പോണം.ഇടയ്ക്ക് വഴിയരികിലെ പുൽനാമ്പുകളിൽ നിന്നും മഞ്ഞു തുള്ളിയേം മഴത്തുള്ള്യെം വേർതിരിച്ചെടുക്കണം.അമ്പലത്തീന്നു വരുമ്പോ കൈവരിക്കല്ലിന്റെ അടുത്തു വെച്ച കുടയെടുക്കാൻ മറക്കുന്ന നമ്മൾ എവിടുന്നോ കിട്ടിയ പാളത്തൊപ്പികൾ വെച്ച് പാടവരമ്പിലൂടെ നടക്കും.ഇടയ്ക്ക് രണ്ടു കൈകളും വിടർത്തിപ്പിടിച്ച് മുഖമുയർത്തി നിന്ന് മഴ നനയണം നമുക്ക്.ഒരു രാവിൽ.........മഴ നനഞ്ഞു കൊണ്ട്,ഇയർ ഫോണിന്റെ ഒരു ഭാഗം ന്റേം മറുഭാഗം നിന്റെം ചെവീൽ വെച്ചോണ്ട്,ഒരു മുളയൂഞ്ഞാലിൽ ഒരുമിച്ചിരുന്നാടിക്കൊണ്ട് നിനക്കേറെ പ്രിയപ്പെട്ട, പ്രണയാർദ്രമായ ഒരു ഗസലു കേൾക്കണം.ദേ ന്റെ കണ്ണുകൾ നിറഞ്ഞു വരുന്നു.നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യണൂ ഈ വരികൾ എഴുതിയപ്പൊ. വായിക്കുമ്പൊ നീ അറിയുമായിരിക്കും എന്റെയീ നോവിന്റെ ഇളം ചൂട് അല്ലെ???????

ഇങ്ങനെയൊക്കെ ആണെങ്കിലും നിനക്കറിയ്വോ ചില ദിവസങ്ങളുണ്ട്....
ഒരു കാരണവുമില്ലാതെ എല്ലാത്തിനോടും കലമ്പൽ കൂടാൻ തോന്നിക്കുന്ന........
കരയാൻ വേണ്ടി കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന............
ഉള്ളം പിടഞ്ഞു കൊണ്ടേയിരിക്കുന്ന..................
സ്നേഹത്തിന്റെ ചുറ്റിപ്പിടിക്കലുകളിൽ വീർപ്പു മുട്ടി അതിൽ നിന്നും രക്ഷപ്പെടാൻ തോന്നിക്കുന്ന..................
സൌഹൃദത്തിന്റെ നിറവിലും ഏകാന്തത മാത്രം മതിയെന്നു വാശി പിടിക്കുന്ന..................
മൌനം പൊതിഞ്ഞൊരു കൂട്ടിൽ ഏറെ നേരം തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന.............
ചില ദിനങ്ങൾ!!!!!!!!!
പക്ഷെ അപ്പോഴും നിന്നോടുള്ള സ്നേഹം...............
അതിങ്ങനെ പുഴ പോലെ ഒഴുകുന്നു.......................
മഴ പോലെ പെയ്യുന്നു............!!!!!

മനസ്സിനെ ശൂന്യമാക്കാൻ ശ്രമിക്കാറുണ്ട് ചിലപ്പോഴൊക്കെ.ഒരിക്കൽ പോലും സാധിച്ചിട്ടില്ല.തനിച്ചെന്നു തോന്നുമ്പോഴേക്കും നീയെന്ന വിചാരം ശക്തമാവും.
സങ്കടപ്പെടുമ്പോൾ കണ്ണീരായും,
സന്തോഷിക്കുമ്പോൾ ചിരിയായും മാറുന്ന നീ............
ഒരേ സമയം നേട്ടവും നഷ്ടവുമായി എന്നിലിങ്ങനെ.........
ഇന്നീ പൌർണ്ണമിയെ നോക്കിയിരിക്കുമ്പോൾ നിന്നെ കുറിച്ചുള്ള വിചാരങ്ങളിൽ മുങ്ങിയും പൊങ്ങിയും എന്റെ മനസ്സൊരു തിരമാല പോലെ............

പിന്നേയ് ഈ മഴക്കാലം നിയ്ക്ക് കൊറച്ച് സങ്കടം കൂടി തരുന്നു.രാത്രികളിൽ മഴയ്ക്ക് മണം കൊടുക്കാൻ പൂക്കാറുള്ള ആ ചെമ്പക മരം ഇപ്പൊ ല്ല്യ. നിനക്കറിയാലോ നിന്നോടുള്ള എന്റെ പ്രണയം ഏറെ മനസിലാക്കിയിരുന്നു ആ മരോം അതിലെ ഇലകളും പൂക്കളും.സാരല്ല്യ നമ്മടെ മനസ്സിൽ പൂത്തു നിക്ക്ണ്ടല്ലോ അതെന്നുമെന്നും.അല്ലെ????????????ഇപ്പൊ എന്ന്വൊന്നും ഞാൻ കല്യാണിക്കാവിൽക്ക് പോവാറില്ല്യ.ന്തോ........പോണം ന്ന് തോന്നണില്ല.വിശേഷ ദിവസങ്ങളിൽ  മാത്രം പോവും.കല്യാണി പാടത്ത് ഈ കൊല്ലം ഞാറു നടീൽ ചടങ്ങ് നടത്ത്ണ്ട് ത്രെ!!!പാടം കാണാൻ നല്ല രസാണിപ്പോ കരിം പച്ച,ഇളം പച്ച,മഞ്ഞ കലർന്ന പച്ച അങ്ങനെ പച്ചേടെ പല രൂപഭേദങ്ങൾ.വക്കത്ത് വെള്ളിലം താളി  നിറയെ പൂത്ത് പടർന്നു നിക്ക്ണ്ട്.നല്ല ചന്തം അതും. ദേവകിയമ്മേടെ വീട്ടിലെ മതിലിനു അടുത്ത് നിക്കണ മൈലാഞ്ചി നിറയെ പൂത്തിരുന്നു.അതീകൂടെ പോവുമ്പൊ ആ മണം നല്ലോം ണ്ടായിരുന്നു.നന്നല്ല ആ മണം.പക്ഷെ പൂവ് കാണാൻ നല്ലതാണ്.കുഞ്ഞു പൂക്കൾ നിറഞ്ഞ പൂങ്കുലകൾ. ഇടയിൽ കായ്കളും ണ്ടാവും.നീ കണ്ട്ണ്ടോ മൈലാഞ്ചി പൂവ്?

ഇടക്ക് ചില കുഞ്ഞു കുഞ്ഞു യാത്രകൾ ണ്ടായിരുന്നു എനിക്ക്.മഴ പെയ്യുമ്പൊ, മഴ നനഞ്ഞ്,കടല് കാണണം എന്ന  എന്റെ മോഹം അത് സാധിച്ചു.ഞാൻ കണ്ടു കടലില് മഴ പെയ്യണത്.അന്നെനിക്ക് ന്ത്‌ സന്തോഷായിരുന്നു!!!!!ഞാൻ ന്തോ ഒരു വല്ല്യേ കാര്യം നേട്യ പോലായിരുന്നു.ഇന്നലെ പോയോട്ത്തും നല്ല രസായിരുന്നു.വീടിനു ചുറ്റും പല തരം മരങ്ങൾ ണ്ട്.മഴയൊന്നു ചാറ്യാ മതി.ആ മരങ്ങൾ പിന്നെ കൊറേ നേരത്തേക്ക് പെയ്തോണ്ട് നിന്നോളും.അവടെ പറമ്പിൽ നിറയെ ജാതി മരങ്ങൾ നിക്കണ കണ്ടപ്പൊ,പണ്ട് ന്റെ അമ്മാത്ത് അടുത്തുള്ള ഒരു സ്വാമീടെ പറമ്പീന്ന് ജാതിക്ക പെറുക്കി കഴിച്ചത് ഓർമ്മ വന്നു.എനിക്കിഷ്ടാണ് അതിന്റെ സ്വാദ്.മണോം.

ദേ എന്റെ എഴുത്തിന് നീളം കൂടി വരുന്നു.നിനക്ക് മടുക്കുന്നില്ലല്ലോ ലെ വായിച്ചിട്ട്????ഇടക്ക് ചില ദിവസങ്ങളിൽ കറണ്ട് പോവുമ്പോ ഇറയത്തു പോയിരിക്കും.അപ്പൊ മുറ്റത്ത് നിറയെ മിന്നാമിനുങ്ങുകൾ പാറി നടക്കണ കാണാം.എന്നും സന്ധ്യക്ക് തൊഴുത്തിന് പിന്നിലെ മാവിൽ നിറയെ കരിയിലക്കിളികൾ വന്നിരുന്നു ഒച്ചേം വിളീം ണ്ടാക്കുന്ന കേട്ടാൽ തോന്നും വഴക്കാണോന്ന്.ഓലേഞ്ഞാലി കുട്ട്യോൾ പറക്കാൻ പഠിക്കുന്നത് കാണാം ചില പകലുകളിൽ.പാഷൻ  ഫ്രൂട്ട് ന്റെ പന്തലിൽ മഴ പെയ്യുമ്പൊ ചെന്ന് നിക്കാൻ നല്ല രസാണ്.ഒരു ഇലക്കൂട്ടിൽ ഇരുന്നു മഴ കാണുന്ന ഫീൽ.മഴ പെയ്താൽ ഞാനിപ്പോ അതിന്റെ ചോട്ടിലാണ്.പിന്നിലെ തോട്ടിനടുത്തുള്ള വരമ്പിനെ ഞാനിപ്പോ ന്താന്നോ വിളിക്ക്യാ.....മയിലുകൾ സഞ്ചാരത്തിനിറങ്ങിയ ചരുവിലൂടെ..... ന്ന്.ഒരൂസം ഞാൻ അവരെ കുറെ പിന്തുടർന്നു,ഫോട്ടോയും എടുത്തു. അതിലൊരുത്തൻ അവളായി പ്രേമാണ്.കണ്ടാലറിയാം.മറ്റേയാൾ കൂട്ടുകാരനും.ഇവരെ തന്നെ വിട്ടിട്ട് അയാൾ മാറി നിക്കും.അതൂടെ  കണ്ടപ്പൊ എനിക്ക് നാണക്കേടായി ആ മയിലിനു വരെ മര്യാദ ണ്ട്.ന്നിട്ടാ ഞാൻ ബോധല്ല്യാതെ അവരെ ഫോളോ ചെയ്യണേ!സൊ ഞാനിങ്ങു പോന്നു.അവരായി അവരുടെ പാടായി.

പിന്നെ എനിക്ക് ഞാൻ വിചാരിച്ച പോലത്തെ ജിമിക്കികൾ കിട്ടീട്ടൊ.ക്ലേ കൊണ്ടുള്ളതും മറ്റും.ഞാൻ കൊറേ സിനിമകൾ കണ്ടു.അതൊക്കേം ന്റെ ആ ദിവസങ്ങളിലെ സന്തോഷങ്ങൾ ആയിരുന്നു.നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു എന്നൊഴിച്ചാൽ ഇപ്പൊ ന്റെ ദിവസങ്ങൾ വളരെ നല്ലതായി കടന്നു പോവുന്നു.
ഒരുപാടായി അല്ലെ വിശേഷം പറച്ചിൽ ???ഞാൻ ഇവടെ അവസാനിപ്പിക്ക്യാണ് ട്ടോ.ഇനീം ഇരുന്നാൽ ഒരുപക്ഷെ ഇത്രേം നീളം പിന്നേം കൂടും.അതോണ്ട്  പിന്നെ ഒരിക്കൽ ആവാം.

ഓരോ രാത്രിയിലും കിടക്കാൻ പോവുമ്പോ മനസ്സിൽ ഓർക്കും പ്രാർഥിക്കും. നാളത്തെ നിന്റെ ദിവസം സന്തോഷോം,ചിരീം,കൊണ്ട് നിറയട്ടെ ന്ന്.അങ്ങനെ നിന്റെ മാത്രമാവട്ടെ ഓരോ ദിനങ്ങളും എന്ന്.ഇപ്പൊ ഈ എഴുത്ത് എഴുതുമ്പോൾ തുടക്കത്തിൽ ഞാൻ ന്താന്നോ ഓർത്തെ????"ഇപ്പൊഴീ ലോകത്തിലെ സ്നേഹം മുഴുവനും ദൈവം എന്റെയുള്ളിലേക്ക് നിറച്ച്,എന്റെ വിരലുകളിലൂടെ ഈ അക്ഷരങ്ങളിലേക്ക് പകർത്തി,അത് നിന്നിലേക്ക്‌ ഒഴുക്കുകയാണ്.അങ്ങനെ നീ എന്നിലൂടെ ഈ ലോകത്തിലെ സ്നേഹം മുഴുവനും നേടുകയാണ്‌ ന്ന്.

i love you...............i love you so much!!!!!!!!!!!!!!!!

നിന്റെ സ്വന്തം
ഞാൻ.


Tuesday, May 13, 2014

ഓർമ്മകളുടെ ഒരു മാമ്പഴക്കാലം...

പണ്ട് മുതലേ എനിക്ക് മുത്തശ്ശൻമാരേം,മുത്തശ്ശിമാരേം ഒരുപാടിഷ്ടാണ്. അവരെ കാണാനും,അവരോട് മിണ്ടാനും,അവരു പറയണ പഴേ കഥകൾ കേക്കാനും ഒക്കേം നിയ്ക്ക് വല്ല്യേ ഇഷ്ടാണ്.തല മുഴോനും  പഞ്ഞി പോലെ മൃദുവായ തൂവെള്ള മുടീം നിഷ്കളങ്കത മാത്രം നിറഞ്ഞ ചിരീം ഉള്ളോരെ(അല്ലാത്തോരേം ഇഷ്ടം തന്നെ)എങ്ങന്യാ ഇഷ്ടാവാണ്ടിരിക്ക്യാ !!!!!! അവര് കരയണതും, ബുദ്ധിമുട്ടുന്നതും ഒക്കെ ന്നേം കരയിക്കാറുണ്ട്. അമ്പലങ്ങളിൽ പോവുമ്പഴും, ഓരോ വിശേഷങ്ങൾക്ക് പോവുമ്പഴും ഒക്കെ അവരെ ഞാൻ ശ്രദ്ധിക്കാറുണ്ട്.അവരുടെ വർത്താനം കേട്ടിരിക്കാറുണ്ട്. അതിങ്ങനെ കേട്ടോണ്ടിരിക്കുമ്പോ തോന്നും ആ കാലത്ത് ജീവിച്ചാ മത്യാരുന്നൂന്ന്. അത്ര ഭംഗ്യായിട്ടാവും അവര് അതൊക്കേം പറയാ.

ന്റെ ഇല്ലത്തെ മുത്തശ്ശന്(അച്ഛന്റെ വല്ല്യച്ഛൻ)ഒരു ചന്തു(ന്നച്ചാ നല്ല ഭംഗീണ്ട് ന്ന് ഞാൻ കൊടുത്ത അർത്ഥം.) ആയിരുന്നു.ചെവി കേൾക്കില്ലായിരുന്നു,പല്ലുകൾ ഇല്ലായിരുന്നു,തലേൽ മുടീം ഇല്ലായിരുന്നു.പല്ലൊന്നും ഇല്ലാത്തോണ്ട് പറയുന്നതൊന്നും അത്ര വ്യക്തായിരുന്നില്ല. പൊടി വലിക്കണ സ്വഭാവൊള്ളോണ്ട് മുത്തശ്ശന്റെ മുണ്ടുകൾക്കൊക്കേം മൂക്കിപ്പൊടീടെ മണായിരുന്നു. മുത്തശ്ശന്റൊപ്പം വേറേം കൊറച്ച് സ്പെഷൽ കാര്യങ്ങൾ കൂടി ഓർമ്മ വരും.റിട്ടയർ ചെയ്തേനു ശേഷം കുറച്ചു കാലം എക്സ്പ്രസ് പേപ്പറിൽ ജോലി ചെയ്തിരുന്നോണ്ട് വീട്ടിലേക്കു വരാറുണ്ടായിരുന്ന  എക്സ്പ്രസ്സ്‌ പേപ്പർ,എനിക്ക് വേണ്ടി മാത്രം മേടിച്ചോണ്ട് വന്നിരുന്ന ഒരു പിടി കൊത്തമരേം ഒരു ബീറ്റ്റൂട്ടും,നാക്ക് വടിക്കാൻ വേണ്ടി നല്ല ഭംഗിയാക്കിയ ഈർക്കിലികൾ,പണ്ട് കൊറേക്കാലം  മുത്തശ്ശനും പിന്നെ ഞാനും ഉപയോഗിച്ചിരുന്ന ബ്രൌണ്‍ കളറുള്ള വല്യേ ബട്ടണ്‍സ് ഉള്ള മുത്തശ്ശന്റെ ഒരു ക്രീം കളർ സ്വെറ്റർ,ചീട്ടു ഉപയോഗിച്ചുള്ള  28 എന്ന കളി,പിന്നെ കവടി കളി അങ്ങനെ കൊറേ........

മുത്തശ്ശൻ ചീട്ടു കളീൽ സമ്മാനൊക്കെ മേടിച്ച്ണ്ട് ത്രെ!അതോണ്ട് ഞങ്ങൾ ചീട്ടു കളിക്കണ കണ്ടാലും ചീത്ത പറയാറില്ല.പക്ഷെ കവടീം കല്ലും കളിക്കണ കണ്ടാൽ നല്ല അടി കിട്ടും. അതോണ്ട് മുത്തശ്ശനെ കാണാതെ കവടി കളിക്കാൻ ഞങ്ങൾക്ക് നല്ല മിടുക്കായിരുന്നു. ഒരിക്കലൊരു രാത്രീൽ ഞാനും ലത ചേച്ചീം, ലീന ചേച്ചീം കൂടീരുന്നു കവടി കളിക്ക്യായിരുന്നു.മുത്തശ്ശൻ പിന്നിൽ കൂടി വന്നത് കണ്ടില്ലായിരുന്നു.വന്നു ചെവി പിടിച്ചപ്പോ ആണ് അറിഞ്ഞത്.അതീന്നു രക്ഷപ്പെട്ട് ഓടി ഇല്ലത്ത് പോയി കൊറേ നേരം ഒളിച്ചിരുന്നു.പിന്നെ മുത്തശ്ശൻ ഉറങ്ങീട്ടെ ഞങ്ങൾ കളപ്പുരേൽക്ക്‌ പോയിള്ളൂ.അതൊക്കെ എത്ര നല്ല ഓർമ്മകളാണ്!!!!!

കഴിഞ്ഞു പോയ കാലങ്ങളിൽ നിന്ന് ഉള്ളിൽ മധുരം മാത്രം നിറയ്ക്കുന്ന ഓർമ്മകളുടെ ഒരു മാമ്പഴക്കാലം എല്ലാവരേയുമെന്ന പോലെ ഞാനും സ്വന്തമാക്കിയിട്ടുണ്ട്.ചെലപ്പോ വല്ലാതെ സ്വാർത്ഥമായി ചിന്തിക്കും.ഒന്നുമിങ്ങനെ വാക്കുകളായി നിരത്തി വെക്കണ്ട, എനിക്ക് മാത്രം കാണാനും,കേക്കാനും,ചിരിക്കാനും,സ്നേഹിക്കാനും, ലാളിക്കാനുമൊക്കെയായി എല്ലാം ഉള്ളിൽ തിങ്ങിക്കൂടിയിരിക്കട്ടേയെന്ന്. അതിലൂടെ ആ മധുരം ഞാൻ മാത്രം രുചിച്ചാ മതിയെന്ന്.

മുത്തശ്ശന് പേപ്പർ വായിക്കാനൊക്കെ ബുദ്ധിമുട്ടായപ്പൊ തൊട്ട് ന്നോട് വായിച്ചു കൊടുക്കാൻ പറയുമായിരുന്നു.ഞാൻ ഇന്നത്തെ പോലെ അന്നും മടിച്ചി ആയിരുന്നു പേപ്പർ വായിക്കാൻ.(ഇവടെ നന്ദൻ മാഷ്‌ കളിയാക്കി പറയണ പോലെ പേപ്പറൊന്നും വായിക്കാൻ പറ്റില്ല അതിൽ നിറച്ചും വാർത്തകളാണ്,ഹോ...വെറുത്തു പോയി .)മുത്തശ്ശനെ പറ്റിക്കാൻ വേണ്ടി ഞാൻ ചുമ്മാ തലക്കെട്ട് മാത്രം വായിച്ചു കൊടുക്കും.അതിനെന്നെ വഴക്ക് പറയും എടീ അത് മുഴോനും വായിച്ചിട്ട് പോ.........ന്ന് ഞാനോടും. പതുക്കേയ് മുത്തശ്ശൻ നടക്കുമായിരുന്നുള്ളൂ.കൈ പിന്നിൽ പിണച്ചു കൊണ്ട്.ഞാൻ പിന്നിൽ കൂടി പോയി കെട്ടിപ്പിടിച്ച് അമർത്തും.വീഴാൻ പോവുമ്പോ മെല്ലെ വിട്ട് ഞാൻ തെന്നി മാറും.അപ്പൊ പതുക്കെ തിരിഞ്ഞ് ന്നെ തല്ലാൻ വേണ്ടി കയ്യോങ്ങിക്കൊണ്ട് വരും.അപ്പൊ ഞാൻ കവിളിൽ പിടിച്ച് വലിച്ചുമ്മ വെക്കും.ദേഷ്യപ്പെടുംച്ചാലും മുത്തശ്ശനും അതൊക്കെ ആസ്വദിച്ചിരുന്നു എന്നിപ്പോ തോന്നാണ്.ന്നെ അത്രക്കും കാര്യായിരുന്നു. തിരിച്ച് എനിക്കും.

ഇന്നിപ്പൊ മുത്തശ്ശൻ വാക്കുകളിൽ ഇത്രയേറെ നിറഞ്ഞു വരാൻ കാരണം വല്ല്യച്ഛനാണ്.ഇങ്ങനൊന്നും ആയിരുന്നില്ലെങ്കിലും മുത്തശ്ശനോടെന്ന പോലെള്ള സ്നേഹായിരുന്നു എനിക്ക് വല്ല്യച്ഛനോട്. മരിച്ചൂന്ന്  കേട്ടപ്പോ അന്ന് മുത്തശ്ശൻ മരിച്ചപ്പോ തോന്ന്യ ഒരു ശൂന്യതയായിരുന്നു മനസ്സിൽ കുറെ നേരത്തേക്ക്. ഇവിടുത്തെ അച്ഛന്റെ ഓപ്പോൾടെ ഭർത്താവാണീ വല്ല്യച്ഛൻ .പണ്ട് നാടകത്തിൽ ഒക്കെ അഭിനയിച്ച്ണ്ട് വല്ല്യച്ഛനും, ഓപ്പോളും.ഒന്ന് രണ്ടു സിനിമേലും മുഖം കാണിച്ച്ണ്ട് ത്രെ!രണ്ടു പേരേം കാണാൻ നല്ല ചന്താണ്.നല്ല ജോഡിയുമാണ്‌.ആ ഓപ്പോളേ ഞാൻ ഫോട്ടോലെ കണ്ടിട്ടുള്ളൂ. വല്ല്യച്ഛൻ ദാ മിനിഞ്ഞാന്ന് കാലത്താണ് മരിച്ചത്.

ഇവിടത്തെ എന്ത് വിശേഷത്തിനും ആദ്യാവസാനം വരേംണ്ടാവുമായിരുന്നു എപ്പളും.ഇനി ന്ത്‌ വിശേഷം നടക്കുമ്പളും ആ ശൂന്യത നല്ലോം അനുഭവപ്പെടും.അച്ഛനെ വല്ല്യേ കാര്യായിരുന്നു.അച്ഛനും അങ്ങനെ തന്നെ.നല്ല ചന്തത്തിലെ നടക്കുമായിരുന്നുള്ളൂ.ഷർട്ട് ന്റെ കോളറിൽ ടവൽ ചുരുട്ടി വെച്ച് നടക്കണ കാണുമ്പോ ഞാൻ എപ്പഴും കളിയാക്കും,ഹായ് ന്താ സ്റ്റൈൽ ന്നും പറഞ്ഞ്.അങ്ങനേയ് എങ്ങടും പോവൂ.കയ്യിൽ ഏലസ്സ് കെട്ട്യ കറുത്ത ചരട്ണ്ടായിരുന്നു.കൊറേ ആയിട്ട് വയ്യാണ്ടിരിക്ക്യായിരുന്നു.ഒന്ന് പോയി കാണാമെന്നു കരുതി രണ്ടു മൂന്നാഴ്ച്ച മുന്നേ ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി ചെന്നിരുന്നു. അന്നാദ്യായിട്ടാണ് ഞാൻ തിച്ചൂർന്ന സ്ഥലം കണ്ടേ.ആ ഇല്ലോം.

ഞങ്ങളെ കണ്ട സന്തോഷത്തിൽ വല്ല്യച്ഛൻ വളരെ ഉത്സാഹത്തിലായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും വിഷു കൈനീട്ടം തന്നു.സാധാരണ ഉച്ചക്ക് ഊണ് കഴിഞ്ഞാൽ കിടക്കുന്നതാണ്.അന്ന് പുള്ളി കിടന്നേല്ല്യ.ഞങ്ങൾ ഇറങ്ങാൻ നേരം കണ്ണ് നിറഞ്ഞിരുന്നു കൊറച്ച്.അത് കണ്ടപ്പോ നിയ്ക്കും സങ്കടായി.ന്നാലും മുഖത്തൊരു സന്തോഷം ണ്ടായിരുന്നു.ഇപ്പൊ മനസ്സിൽ നിറയുന്നതും ആ മുഖാണ്.കാണുമ്പോ ഒക്കേം ഞാൻ ചോദിക്കുമായിരുന്നു ന്താ ഈ ഗ്ലാമർ ന്റെ രഹസ്യംന്ന്.അപ്പൊ ചിരിക്കും.അതൊക്കെണ്ട് കുട്ട്യേ.....ന്നു പറയും.ഈ ഷർട്ട് വല്ല്യച്ഛന് നല്ലോം ചേര്ണ്ട്ട്ടോ ന്നു പറയുമ്പോ ചിരിക്കും.ന്റെ വേളിക്ക്  നേദിക്കൽ കഴിഞ്ഞ് അപ്പം എടുത്തോണ്ട് ഓടണ വല്ല്യച്ഛൻ ദാ ഇപ്പഴും ന്റെ കണ്‍ മുന്നിൽണ്ട്.

പ്രായമായവരും കുട്ട്യോളും ഒരേ കൂട്ടാന്ന് പറയണത് വെർതെ അല്ല.മുത്തശ്ശനും,വല്ല്യച്ഛനും ഒക്കെ കുട്ട്യോളെ പോലെ തന്നെ.അതേ ഓമനത്തം,നിഷ്കളങ്കത.......ഇനി അവരെ ഒന്നും കാണാൻ പറ്റില്ല്യല്ലോന്ന് ഓർക്കുമ്പോ സങ്കടംണ്ട്.ന്നാലും എത്ത്യോട്ത്തിരുന്ന് അവരൊക്കെ ഇപ്പൊ പരസ്പരം പരിചയപ്പെട്ട് ഭൂമീലെ ജീവിതത്തിലെ ബടുക്കൂസ്ത്തരങ്ങളും പറഞ്ഞ് ചിരിക്ക്ണ്ടാവും.മുത്തശ്ശനും,മറ്റേ മുത്തശ്ശനും,അഫനും,രവി അഫനും,സുനിൽ ചേട്ടനും,ഈ വല്ല്യച്ഛനും ഒക്കെഇരുന്നു ചീട്ട് കളിക്ക്ണ്ടാവും. അപ്പർത്ത് അവടത്തെ അടുക്കളേൽ അച്ഛമ്മേം, ഓപ്പോളും,ശാന്തച്ചോളും ഒക്കെ അവർക്കൊക്കെ ഉള്ള കാപ്പീം പലഹാരോം,ചോറും,കൂട്ടാനും ഒക്കെ ഒരുക്കാവും.ഇടക്ക് ഇങ്ങട് നോക്കി ന്നെ ന്തേലും പറഞ്ഞ് കളിയാക്കുമായിരിക്കും. ദേ അവള് നമ്മളെ പറ്റി പോസ്റ്റിട്ട് ആളാവാൻ നോക്കാണ്ന്ന് പറഞ്ഞ് ചിരിക്ക്യേം ചെയ്യും.ഞാൻ കരയണ കാണുമ്പോ സ്വപ്നത്തിൽ കൂടി അവര്ടെ വീട്ടിൽക്ക് ന്നെ കൊണ്ടോവാം ന്നു പറഞ്ഞു ന്റെ അരികിൽക്ക് വരും.അവടെ വല്ല ഹർത്താലും  മറ്റും ആവണ സമയത്താണ് ന്റെ നെലോളി എങ്കിൽ മഴയായോ, കാറ്റായോ, മഞ്ഞായൊ, പൂവായോ, ഇലയായോ,ഒക്കെ ന്റെ അടുത്തേക്ക് വരും ന്നെ ആശ്വസിപ്പിക്കാൻ,ന്നിട്ടും ന്റെ കരച്ചിൽ തീർന്നില്ലെങ്കിൽ ന്നോട് പറയും നീ വിഷമിക്കണ്ട ഞങ്ങൾക്കിവിടെ സുഖാണ്,സന്തോഷാണ് എന്നെല്ലാം........ ഇങ്ങനൊക്കെ പറഞ്ഞും എഴുതിയും  ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ച് ആശ്വസിപ്പിക്ക്യാണ്.അങ്ങനെ അവരൊക്കെ നൽകിയ മിസ്സിംഗ്‌ ൽ  ചിരിക്കാൻ ശ്രമിക്ക്യാണ്.





Tuesday, April 22, 2014

പൂക്കളോർമ്മച്ചിത്രങ്ങൾ

എന്നു മുതലാണ്‌ ഈ പുല്ലാനി പൂക്കളോട് എനിക്കിത്രയേറെ ഇഷ്ടം തോന്നാൻ തുടങ്ങ്യേ???അറിയില്ല്യ.കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ പറമ്പിൽ നിൽക്കുന്ന മരങ്ങളിലാണ് ഇല കാണാത്ത വിധത്തിൽ പൂത്തു നിന്നിരുന്ന പുല്ലാനി വള്ളികളെ ഞാൻ ആദ്യായിട്ട് കാണണേ!!!!തുടക്കത്തിൽ ഈ നിറോം ദിവസങ്ങൾ കഴിയും തോറും മറ്റൊരു നിറോം,വാടി വീഴണ കണ്ടിട്ടില്ല. മണംല്ല്യ ന്നാലും എനിക്കേറെയേറെ ഇഷ്ടാണ്.ഒരിക്കൽ ഞാൻ സ്വന്തമാക്കുന്ന വീടിനു ചുറ്റുമുള്ള എല്ലാ മരങ്ങളേം  പൂത്ത പുല്ലാനി വള്ളികളെ കൊണ്ട് ഞാൻ കെട്ടിപ്പിടിപ്പിക്കും. :)

   



കമ്മ്യൂണിസ്റ്റ് പച്ച ചെടി ഇവടെ അധികൊന്നും കാണാറില്ല്യ.പണ്ടൊക്കെ അതിന്റെ മണം എനിക്കൊട്ടും ഇഷ്ടല്ലായിരുന്നു.പക്ഷെ ഇപ്പൊ എനിക്കത് ഗൃഹാതുരതയുടെ മണാ!!!!അതിന്റെ വടി പിടിച്ച് ടീച്ചർ ആണ്ന്നും പറഞ്ഞെത്ര കല്ലുകളേം മരങ്ങളേം ഞാൻ അടിച്ചേക്കുന്നു!!!!അതിന്റെ വെളുത്ത പൂവ് ഒണങ്ങീതാ ഇത്.കാണുമ്പോ അതിനെ ഊതി പറപ്പിക്കാൻ തോന്നും എനിക്ക്.ഒരു കുഞ്ഞു കുറുമ്പ്. കാലത്തെ തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമം!!!!!

പണ്ട് വല്ല്യേ വെക്കേഷൻ കാലത്ത് നാലു നാളുകളിലേക്ക് മാത്രമുള്ളൊരു മുല്ലപ്പൂക്കാലം ണ്ടായിരുന്നു.അപ്പോഴാണ്‌ വെളുത്ത പൂക്കൾ രാത്രിയിലാണ് വിടരുന്നതെന്ന് ഞാൻ അറിഞ്ഞത്.കുടമുല്ല പൂക്കൾ പൊട്ടിക്കാൻ വേണ്ടി പടിക്കലേക്കു പോയിരുന്ന ആ രാത്രികളെ കാലങ്ങൾക്കു ശേഷം എനിക്ക് തിരികെ കിട്ടിയത് ദാ ഈ പവിഴമല്ലി പൂക്കളിലൂടെയാണ്.അന്ന് ബാല്യത്തിന്റെ മോഹം കൊണ്ട് ഒക്കേം പൊട്ടിച്ച് വാഴനാരിൽ കെട്ടി മാലയുണ്ടാക്കി തലേൽ വെച്ചിരുന്നു.പക്ഷെ ഇപ്പൊ ഇലകളുടെ വാത്സല്യത്തിന് നടുവിൽ ഞെട്ടിൽ ഒരു രാജകുമാരിയെ പോലെ അവ നിക്കണ കാണാനാണ് ഇഷ്ടം.അതു കാണുമ്പോ എന്റെയുള്ളിലും ഒരു വാത്സല്യം നിറയണ പോലെ............ഒരു പൂ പൊട്ടിക്ക്യാന്നു വിചാരിക്കുമ്പോ ആ ചെടി ഞാൻ ന്നും പൂവ് അച്ചു ന്നും തോന്നും.അപ്പൊ പിന്നെ തൊട്ടു നോവിക്കാൻ കൂടി എനിക്കാവില്ല്യ. മണക്കുന്നതു പോലും അവരെ ബുദ്ധിമുട്ടിച്ചു കൊണ്ടല്ല. അച്ചൂനോട് പറയും പൂവിനെ നോവിക്കല്ലേന്ന്(പൂ മാത്രല്ല ആവശ്യല്ല്യാതെ ഇലകളെ പോലും ഞാൻ പൊട്ടിക്കില്ല്യ).അപ്പൊ ചെടികളെന്നോട് പറയാറുണ്ട് സാരല്ല്യ അച്ചൂം,കുഞ്ഞൂട്ടനും പൊട്ടിയ്ക്കണത് ഞങ്ങക്ക് സന്തോഷാണ്ന്ന്.

ഞാൻ ഇതേവരെ കഴിച്ചിട്ടില്ലാത്ത മുരിങ്ങപ്പൂ തോരൻ നല്ല സ്വാദുള്ള ഒന്നാണ്ന്ന് പണ്ട് അച്ഛമ്മേം ഇപ്പൊ അമ്മേം പറയാറുണ്ട്.പൂവിനെ എങ്ങന്യാ കഴിക്ക്യാന്ന് അപ്പോക്കേം ഞാൻ ആലോചിക്കാറൂണ്ട്. പറയണ കേക്കുമ്പോ കഴിക്കാനും നേരിൽ കാണുമ്പോ വേണ്ടാന്നും തോന്നും. കിഴക്കോർത്ത് നിക്കണ മുരിങ്ങ മരത്തിന്റെ ഒരു കൊമ്പ് ഒടിഞ്ഞപ്പോ അതീന്ന് ഇല മുഴോനും പൊട്ടിച്ചിട്ട് കൊമ്പ് പിടിക്ക്യാണെങ്കി പിടിച്ചോട്ടെന്ന് കരുതി അമ്മേം ഏട്ത്തീം കൂടി അത് തോട്ടംനനയിൽ നനവ്‌ വരണോട്ത്ത് കുത്തീട്ടു. കൊറച്ചീസം കഴിഞ്ഞപ്പൊണ്ട്ടാ ഒരു തളിരില പോലും മുളയ്ക്കാതെ ഒരു കുല പൂ മാത്രം ണ്ടായി നിക്കണൂ.ആ പൂങ്കുല ആണ് ഇത്.ഇപ്പൊ ഇതിനൊന്നൂടെ ചന്തം കൂടീല്ലേ?????? :)


പരിശോകംന്നാത്രേ ഈ പൂ ണ്ടാവണ ചെടീടെ പേര്.ന്നെ പോലെ നിങ്ങളിൽ പലരും പഴയ ശിങ്കാർ ചാന്ത് കുപ്പി അമർത്തീട്ടൊ,അല്ലെങ്കിൽ ഹീറോ പേനേടെ ടോപ്പ് അമർത്തിയിട്ടൊ ആ മെറൂണ്‍ ഭാഗത്ത്ന്നു ഒരു വട്ടം പോലെ അടർത്തി എടുത്തിട്ട് പൊട്ടു പോലെ നെറ്റിയിൽ ഒട്ടിച്ചോണ്ട് നടന്നിരിക്കും ലെ???????????മുള്ളു കാരണം അതിന്റെ ചെടീന്ന് ഈ പൂ പൊട്ടിച്ചെടുക്കാൻ അന്നൊക്കെ ന്തൊരു പാടായിരുന്നു!!!!!പോണ വഴീടെ,വേലീടെ അരികേ,ഒക്കെ ഇതിങ്ങനെ വിരിഞ്ഞു നിക്കണ ഒരു ഓണക്കാലോർമ്മ എവടന്നോ മനസിലേക്ക് ഓടിപ്പാഞ്ഞു വരാറുണ്ട് ഇപ്പൊ ഈ പൂക്കളെ കാണുമ്പോ ഒക്കേം.
                                                                           
 


ഇതിങ്ങനെ കുലകുലയായി നിക്കണ  കാണാൻ ഒരു ഭംഗ്യന്നെ ആണ്. ഇവിടത്തെ അതിരിൽ നിറയെ പൂത്തു നിക്കണ ശീമക്കൊന്ന ചെടികളാണ്  മതിൽ ആയി...........ഒരു വല്ലാത്ത നിഷ്കളങ്കതയുണ്ട് ഇതിന്,ഒപ്പം ഒരു ബടുക്കൂസ് ലുക്കുംണ്ട്ന്ന്എനിക്കെപ്പഴും തോന്നാറുണ്ട്. നിന്നോടുള്ള പ്രണയം വല്ലാതെ കൂടുമ്പൊ എനിക്ക് തോന്നും ഞാനീ ശീമക്കൊന്ന പോലെയാണ്ന്ന്. അല്ലാത്തപ്പഴും നീ പറയാ ഞാനൊരു ബടുക്കൂസാന്നല്ലെ :(  .    
                                                                                                                                                               










കടലാസ് പൂ...........അതും ഒരു പഴേ ഓർമ്മയാണ്. ഇല്ലത്തിന്റെ ഇറയത്തോട് ചേർന്നൊരു മുറി ണ്ട് പുറത്തേക്ക്.അതിനു വാതിലൊന്നും ല്ല്യ. ജനലിനു പകരം നിറയെ വിടവുള്ള നല്ല ഡിസൈൻ ആയി ഒരു ചുമരാണ് ഉള്ളത്. അതിൽകൂടെ വെയിലു വരണതു കാണാനും,മഴ ചാറ്റലടിക്കണതു കൊള്ളാനും നല്ല രസാണ്. ആ ഡിസൈൻ ചുമരിൽ പണ്ട് ഒരു ബോഗൻ വില്ല ചെടി  നിറയെ പൂത്ത് പടർന്നു നിന്നിരുന്നു.ഇപ്പൊ ആ ചുമരന്നെ ആകെ കേടായി തുടങ്ങി.അവടെ ഉള്ളിലായി ഒരു തിണ്ണയുണ്ട്.അതിൽ ചാറ്റൽ മഴ കൊണ്ട് ചുമരും ചാരിയിരുന്ന് ആകെ നനഞ്ഞ,നിറയെ പൂത്ത കടലാസ്സ്‌ പൂക്കൾക്കിടയിലൂടെ പടിക്കലേക്ക്‌ നോക്കിയിരിക്കണം.ആ മഴയ്ക്കൊടുവിൽ നീ വരുമെന്നെനിക്കു തന്ന വാക്കോർത്ത് കണ്ണിൽ സ്നേഹവും,ഉള്ളിൽ സ്വപ്നങ്ങളും, ചുണ്ടിൽ  ചിരിയും നിറച്ച് നിന്നെയും കാത്തങ്ങനെ............... ഇരിക്കണംന്ന് ദേ ഇപ്പൊ ഒരു മോഹം!!!
                                                                                                   
പണ്ടെന്റെ പ്രിയപ്പെട്ട നിറം മഞ്ഞ ആയിരുന്നു.മഞ്ഞ രാജമല്ലി പൂ എനിക്കേറ്റോം ഇഷ്ടള്ള  ഒന്നായിരുന്നു. മഞ്ഞക്കിളിയെ കണ്ടാൽ അത് കണ്ണീന്ന് പോണ വരേം നോക്കി നിക്കും.മഞ്ഞേം, പച്ചേം പട്ടുസാരി ന്റെ മോഹായിരുന്നു. പ്ലസ് വണ്ണിനു പഠിക്കണ കാലത്ത് മഞ്ഞേം മെറൂണിലും എനിക്കൊരു പട്ടു പാവാട ണ്ടായിരുന്നു. എൽ പി സ്കൂൾ നാളുകളിലൊന്നിൽ അമ്മ ഒരു മഞ്ഞ ടോപ്പും ജീൻസ് ഫ്രോക്കും എനിക്ക് വാങ്ങിച്ചന്നിരുന്നു. അന്നത് കിട്ട്യന്നു ന്ത്‌ സന്തോഷായിരുന്നൂന്നോ!!!!പിന്നീട് കൊറേ വലുതായപ്പോ എനിക്ക് തോന്നി എനിക്ക് ചേരാ കറുപ്പ് നിറാന്ന്.അതോടെ മഞ്ഞോടുള്ള ഇഷ്ടം കൊറയാൻ തുടങ്ങി.എങ്കിലും മഞ്ഞ പൂക്കൾ അവയോടിഷ്ടം എന്നും ഒരുപോലെ തന്നെ.കഴിഞ്ഞ വേനലിലാണ് ഞാനീ ചിത്രം എടുത്തത്‌.തോട്ടത്തിൽ നിന്ന് നോക്ക്യാൽ പാടത്ത് കൊറേ മഞ്ഞ പൊട്ടുപോലെ നിരന്നു നിക്കണ കാണാം.ആദ്യം കരുതി മുക്കുറ്റി ആണ്ന്ന്.അടുത്ത് ചെന്നു നോക്ക്യപ്പഴാണ് മനസിലായെ അതല്ല വേറെന്തോ പൂവാണ്ന്ന്.ഈ ഫോട്ടോയിൽ നോക്കുമ്പോ ഒരു പൂന്തോട്ടത്തീന്ന് എടുത്ത ക്ലിക്ക്ന്നു തോന്നണില്ല്യേ????പാടത്തിൽ തന്നെ ണ്ടായതാ.അതോണ്ട് ഞാൻ ഇതിനു പേരിട്ടത് വയൽപ്പൂക്കൾ ന്നാ!!!! :)

പൂ മണങ്ങളിൽ എനിക്കേറ്റവും ഇഷ്ടം ഈ ഗന്ധരാജന്റെ മണം തന്നെ.ഇതിന്റെ ഇതളുകൾക്കുള്ള ഒരു മാർദ്ദവം അതും എനിക്ക് ഒരുപടിഷ്ടാണ്.നിന്റെ കവിളിൽ തൊടുന്ന പോലൊരു തോന്നലാണ് അത്.പണ്ട് അവടെ മുറ്റത്ത് കണ്ടമാനം വിരിഞ്ഞിരുന്നു ഇത്.ഒപ്പം മണമുള്ള ഇതളുകൾ തിങ്ങിയ നന്ത്യാർവട്ടോം.അന്നത് മുഴോനും പൊട്ടിച്ച് മാലകൾ കോർക്കാറണ്ട്  ഞാൻ.ഗന്ധരാജനെ കാണുമ്പോ ഗന്ധർവനെ കാണാൻ തോന്നും.രണ്ടിലും ഗന്ധ ഉള്ളതോണ്ടാവും.ശരിക്കും ഈ ഗന്ധർവൻ ഒക്കെ ള്ളതാണോ????? ഗന്ധർവൻന്നു കേക്കുമ്പഴും പറയുമ്പഴും എനിക്കാദ്യം ഓർമ്മ വരാ ആ സിനിമയും,അയാളേം,പിന്നെ കൊറേ മിന്നാമിനുങ്ങുകളേം ആണ്.ചുരുട്ടി പിടിച്ച കൈക്കുള്ളിൽ നിന്നും മിന്നാമിനുങ്ങുകളെ എനിക്ക് ചുറ്റും പറത്തി വിടുന്ന ഒരു ഗന്ധർവൻ എനിക്കും ണ്ടായിരുന്നെങ്കിൽ....................

                                                       നിറയെ വിരിഞ്ഞു നിക്കണ താമര പൂക്കൾക്ക് നടുവിലൂടെ ഒരു തോണിയിൽ നമ്മളിങ്ങനെ (ഒറ്റയ്ക്ക് തോണിയിലിരിക്കാൻ പേടി ള്ളോണ്ട് മാത്രാ നിന്നെ കൂട്ടണേ!!!!!!) പോണത് പണ്ടെന്നോ ഞാൻ സ്വപ്നത്തിൽ കണ്ട്ണ്ട്. ഇടക്ക് ഞാൻ വെള്ളത്തിലേക്ക് ഇറങ്ങും.ന്നിട്ട് താമരെ പോലെ മുഖം മാത്രം വെള്ളത്തിന്റെ മുകളിലേക്ക് കാണിച്ച് നിക്കും.അപ്പൊ നിന്ക്ക് തോന്നണം ന്റെ മുഖം ഒരു താമരപ്പൂ പോലേന്ന്.നീ വന്ന് ഏറ്റവും സ്നേഹത്തോടെ,മൃദുവായി ന്റെ കവിളുകളിൽ ഇതളിലെന്ന പോൽ തൊടണം.മെല്ലെയെന്റെ നെറ്റിയിലുമ്മ വെക്കണം.വെറുതെ കൊറേ പ്രാന്ത് പറച്ചിലുകൾ............അല്ലാതെന്താ ഇതൊക്കെ?????

 ഈ ഫോട്ടോ ഞാൻ എടുത്തതല്ല.ഞാൻ ആദ്യായിട്ടാണ്‌ കൈതപ്പൂവിനെ കാണുന്നത്. നേരിലും കണ്ടിട്ടില്ല.എല്ലാരും പറയണ കേട്ട്ണ്ട് അതിന്റെ മണം ഏറ്റവും നല്ലതാണ്ന്ന്.പഴേ കാൽപ്പെട്ടിയ്ക്കുള്ളിൽ ഇരിക്കുന്ന ഈളു കസവുകര മുണ്ടും വേഷ്ടീം ഓർമ്മ വരും കൈതപ്പൂമണം ന്നു കേക്കുമ്പോ.ഇതു കണ്ടപ്പോ തൊട്ടുള്ള മോഹാണ് ഒരു കൈതപ്പൂ കാണണംന്ന്. നടക്ക്വോ ആവോ!!!!!!!!!!!!!!നല്ല ഭംഗീലെ???ഓരോ പോളകൾക്കിടയിലും പൂക്കൾ....









 കിഴക്കേ പാടത്തെ നടുക്കുള്ള തോട്ടിൽ മഴേലും വെയിലിലും ഇതിങ്ങനെ നിറയെ നിക്കും എപ്പഴും. വേനലിൽ ചേർണ്ടാവും. പച്ചക്കിടയിൽ ഈ ഇളം വയലറ്റ് ഒരു ഭംഗി തന്നെയാണ്. ഒരു ഞെട്ടിൽ നിന്നന്നെ ഒരുപാടു പൂക്കൾ. ഒരു പാവം പോലെയുള്ള നിൽപ്പ് കാണാൻ നല്ല രസംലെ???? പണ്ട് അനിയൻ ചേട്ടൻ നിറയെ ഈ പൂക്കൾ തോട്ടിൽ നിക്കണ ഒരു ഫോട്ടോ എടുത്തിരുന്നു.ആ ഫോട്ടോ കണ്ടു കണ്ടാണ്‌ എനിക്കീ പൂക്കളെ ഇത്ര ഇഷ്ടാവാൻ തുടങ്ങീത്‌.കൊറേ കാലം ആ ഫോട്ടോ ന്റേൽണ്ടായിരുന്നു.ഇതിന്റെ ഇലകളും ചന്തം തന്നെ കാണാൻ.                                                                                                                                   
                             
ഇതിന്റെ പേര് ഞാൻ മറന്നു പോയി.ഒന്നൂടെ കടും പിങ്ക് നിറമുള്ള,കണ്ട മരത്തിൽ മുഴോനും പിടിച്ചു കേറണ വള്ളീൽ കുലകുലയായി ണ്ടാവണ  ആ പൂവന്നെ. പണ്ടാരോ ന്നെ പറ്റിച്ച് ണ്ട് ഇതാണ് കല്യാണസൌഗന്ധികം ന്നും പറഞ്ഞ്.കൊറേ കാലം ന്റെ വിശ്വാസം ഇതന്ന്യാ അത് ന്നായിരുന്നു.പിന്ന്യാ അല്ലാന്നറിഞ്ഞേ ഇപ്രാവശ്യം നാട്ടിൽ പോയപ്പഴും കണ്ടു പടിക്കലെ മുളേടെ അടുത്ത് നിക്കണ,എനിക്ക്  പേരറിയാത്ത  ആ മരത്തിൽ ഇതിങ്ങനെ അള്ളിപ്പിടിച്ച്  പടർന്നു നിക്കണത്.പേര് ദേ നാവിൻ തുമ്പിലുണ്ട്.താഴേക്ക് വീഴണില്ല.ഇങ്ങനെ മറവി ആയാ ന്താ ചെയ്യാ!!!!! :(
                

Friday, April 4, 2014

നേരമ്പോക്കു വിചാരങ്ങളും,ഇലയിഷ്ടങ്ങളും!!!!!!!!

ദേവകിയമ്മേടെ വീടിനു മുന്നിലെ മൈലാഞ്ചി മരത്തിലെ ഒരു കൊമ്പു മുഴോൻ ഒണങ്ങിയും അപ്പറത്തെ കൊമ്പു നിറയെ പൂങ്കുലകളും.

ഒരു വശത്ത്ന്ന് പ്രണയം കൊണ്ട്,
അത് നൽകുന്ന സന്തോഷം കൊണ്ട് പൂത്തുലഞ്ഞ ഞാൻ,
ആ പൂങ്കൊമ്പ് പോലെ ..........
മറുവശത്ത്
ജീവിതത്തിലെ തിരിച്ചറിവുകൾ കൊണ്ടും,
അത് നൽകുന്ന ദുഃഖങ്ങൾ കൊണ്ടും,
അതിൽ നിന്നുണ്ടാകുന്ന ചൂടേറ്റു കൊണ്ടും
പൂക്കാൻ മറന്നുപോയ,ഇലകൾ  കൊഴിഞ്ഞു പോയ
ആ കൊമ്പു പോലെ തന്നെയാണ് ഞാൻ.........

ജീവിതം മുഴോനും ഈ ഒരൊറ്റ കാഴ്ച്ചയിലേക്ക്‌ വന്നു നിറയുന്നതായി എനിക്കപ്പൊ തോന്നി.ഇത്തരം കാഴ്ച്ചകൾ പലപ്പോഴും എനിക്കെന്നെ തന്നെ കാണാനുള്ള കണ്ണാടിയാണ്.എനിക്കെപ്പഴും  തോന്നാറുണ്ട് എന്റെ ലോകം എത്ര ചെറുതാണെന്ന്.എന്റെ അറിവ് എത്ര ശുഷ്ക്കമാണെന്നും.അതുകൊണ്ട് തന്നെ ഞാൻ ജീവിതത്തെ പഠിക്കുന്നത് പലപ്പോഴും ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ കൂടിയാണ്.

സഹിക്കാൻ വയ്യാത്ത ചൂടും,കിണറ്റിലെ വെള്ളത്തിന്റെ നിറം മാറലും (വേനൽ തുടങ്ങ്യാൽ കിണറ്റിൽ വെള്ളം താഴ്ന്ന് പാറയ്ക്കും അടിയിലേക്കെത്തും. പിന്നെ വരുന്നത് മുഴോൻ ഉറുവെള്ളം ആണ്.അതിന് ഇരുമ്പ് ചുവേം,ഇളം ഓറഞ്ച് നിറോംണ്ട് :( . ) ഒഴിച്ചാൽ ഈ ദിവസങ്ങൾ എന്നെ ഏറെയൊന്നും സങ്കടപ്പെടുത്തുന്നില്ല, അസ്വസ്ഥമാക്കുന്നുമില്ല.മഞ്ഞു പുതപ്പിട്ട  രാവുകളിലെ  നക്ഷത്രക്കാഴ്ച്ചയും, പുലർച്ചേ പാടത്ത് മഞ്ഞിറങ്ങുന്ന കാഴ്ചയുമെല്ലാം ഒരുപാട് റീഫ്രെഷിംഗ് ആണ്.

വെളുപ്പാൻ കാലത്തുള്ള കുയിലിന്റെ പാട്ടും,
ചില പുലരികളിലുള്ള മയിലുകളുടെ വരവും,
എന്നും രാവിലേം വൈന്നേരോം വന്നു  കൃത്യമായിട്ട് ഒച്ചേം, വിളീം, തല്ലൂട്ടോം ണ്ടാക്കണ ചവറ്റിലക്കിളികളും,
മാവിന്മേൽ കൊത്തുന്ന മരംകൊത്തീടെ  ശബ്ദോം,
പാഷൻ ഫ്രൂട്ട് ന്റെ പന്തലിലേക്ക് ഇലകളിൽ നിന്ന് വള്ളികളിലേക്കും വള്ളികളിൽ നിന്ന് കയറിലേക്കും  പാറി കളിക്കണ നീണ്ട കൊക്കുള്ള കുഞ്ഞിക്കിളികളും,
കവുങ്ങിൻ തൈകളിൽ ഒളിച്ചു കളിക്കാൻ വരണ മഞ്ഞക്കിളികളും,
ഇടയ്ക്കിടെ വിരുന്നുകാരനായി വരണ നാകമോഹൻ പക്ഷിക്കുഞ്ഞും,
മുന്നിലെ തൂങ്ങണ ചെമ്പരത്തി കൊമ്പിലിരുന്നു ഊഞ്ഞാലാടാൻ വരണ ഓലേഞ്ഞാലികളും,
കല്യാണിക്കാവിലെ കുളത്തിലെ പടവിൽ ന്തോ ആലോചിച്ചോണ്ട് എന്നും ഇരിക്കണ കാണാറുള്ള പോന്മേം ഒക്കെ എന്റെ ദിവസങ്ങളെ ഏറെ ചന്തമുള്ളതാക്കുന്നുണ്ട്.

മിറ്റത്ത് അമ്മേം ഏടത്തീം വെച്ച്ണ്ടാക്ക്യ റോസാ ചെടികളിലെല്ലാം ഇപ്പൊ എന്നും കൊറേ പൂക്കൾ വിരിയും . ചോപ്പ്, മഞ്ഞ, വെള്ള, ഓറഞ്ച്,പീച്ച് നിറങ്ങളിലായി കണ്ടമാനംണ്ട്.വെയിലിനു കനം വെക്കുന്നതിനു മുന്നേ മഞ്ഞേം,വെള്ളേം നിറള്ള പൂമ്പാറ്റകൾ വരും എന്നും അതിൽക്ക്. പൂക്കളിലിരുന്നും,ചുറ്റും പാറി പറന്നും അവരങ്ങനെ അവടെണ്ടാവും  കൊറേ നേരം കണ്ണിനു വിരുന്നായി............അതു  നോക്കിയിരുന്നാൽ നേരം പോണ വഴി അറിയേ ഇല്ല.അഴൂന്റെ മൂലയ്ക്ക് കൊറേ തെച്ചീം,നന്ത്യാർവട്ടോം ഒക്കെ വെച്ച്ണ്ട്.അതിന്റെ ഇടേലെവിട്യോ ഒരു തുമ്പിക്കൂട്ണ്ട്(തുമ്പിയ്ക്കു കൂടോ?ന്നു ആരും ചോയ്ക്കണ്ട.ഞാൻ വെർതെ ഒരു വാക്ക്ണ്ടാക്കി നോക്കീതാണ്‌.) . അധികം വലിപ്പല്ല്യാത്ത,ഉടലിന് പച്ച നിറള്ള,ഒരേ പോലത്തെ കൊറേ തുമ്പികൾ അവടെ ഇഷ്ടം പോലെ വികൃതീം കാണിച്ച് പാറി പറന്നു കളിക്കണ കാണാം എപ്പഴും.രണ്ടുമൂന്നു ദിവസം ഫോട്ടോ എടുക്കാൻ വേണ്ടി നടന്നപ്പോ മനസിലായി അത്ങ്ങൾടെ പിന്നാലെ നടക്കണതും രസള്ള പരിപാടിയാണ്ന്ന്.

ഈ നന്ത്യാർവട്ടത്തിന്റെ ഇലകൾക്ക് ഒരു തിളക്കം കൂടുതലുണ്ട്.ഇളം മഞ്ഞ കലർന്ന തളിരിലകൾക്കും,അത് കഴിഞ്ഞുള്ള പച്ച നിറത്തിനും.ഒരു യൗവനയുക്തയായ പെണ്ണിനെ പോൽ സുന്ദരിയാണ് ആ ഇലകൾന്ന് അത് കാണുമ്പോഴൊക്കേം എനിക്ക് തോന്നാറുണ്ട്.അതിപ്പൊ എല്ലാ ഇലകളും അങ്ങനെ തന്നേലെ !!!!!!!!!പൂക്കളെക്കാളും ഇലകളോട് ഒരിഷ്ടക്കൂടുതൽ ണ്ട് നിയ്ക്ക്.ആ വാക്കിനു തന്നെ എന്തൊരു മൃദുത്വമാണ്!എത്ര സൌന്ദര്യമാണ്!എത്ര ആർദ്രമാണ്!എന്ത് കുളിരാണ്!

പുളിയുറുമ്പുകൾ ഇല കൊണ്ട് കൂടുണ്ടാക്കണ കാണുമ്പോ,
പാഷൻഫ്രൂട്ട്ന്റെ  പന്തൽ കാണുമ്പോ ഒക്കെ ഒരു ഇലക്കൂട്ടിൽ താമസിക്കാൻ മോഹം തോന്നും.വള്ളികളും ഇലകളും കൊണ്ട് ണ്ടാക്ക്യ ഒരു ഒറ്റ മുറി കൂട്. പുറത്തൂന്ന് നോക്ക്യാൽ ഇലപ്പച്ച കണ്ട് കണ്ണിൽ സന്തോഷം നിറയണം. ഉള്ളിലോട്ട് കേറിയിരുന്നാൽ ആ പച്ചേടെ കുളിരിൽ മനസും കുളിരണിയണം. (അങ്ങനൊരു കൂട്ടിൽ ഒരു രാവിൽ നമുക്ക് ഉറങ്ങാതെയിരിക്കണം. ഇലകളിലൂടെ നമ്മെ നോക്കി അസൂയപ്പെടുന്ന നിലാവിനെ നോക്കി നമുക്ക് ചിരിക്കണം.)

മുളങ്കൊമ്പിലെ തളിരിലകളുടെ  തുമ്പത്ത് മഞ്ഞുതുള്ളി പറ്റിപ്പിടിച്ചിരിക്കണ കാണുമ്പോ   നിയ്ക്ക് തോന്നാറുണ്ട് അങ്ങനൊരു ഇലയാവാൻ പറ്റ്യേങ്കിൽന്ന്. ഇലകളിൽ പറ്റിപ്പിടിച്ച മഞ്ഞു തുള്ളികൾ എന്നും എന്നെ ഒരുപാട് കൊതിപ്പിക്കുന്ന ഒന്നാണ്.മഴ നനയുന്ന ഇലകളെ കാണുമ്പോൾ  ശരിക്കും അസൂയ തോന്നാറുണ്ട് അവരോട്.ഏറ്റോം ആദ്യോം,മത്യാവോളോം മഴ നനയാലോന്നോർത്ത്.കാറ്റിലിങ്ങനെ പറന്നുപറന്ന് മെല്ലെ വന്നു വീഴണ ഇലകളെ കാണുമ്പോ ഞാൻ ആഗ്രഹിക്കാറുണ്ട് നനഞ്ഞ ഒരില വീഴുന്ന പോലൊരു ചുംബനം നിനക്കും,നീയെനിക്കും നൽകണമെന്ന്.

അമ്പലമുറ്റത്തെ ആൽ മരത്തിൽ കാറ്റിലാടുന്ന ഇലകളും,വെയിൽ ചിത്രം വരച്ച് മനോഹരമാക്കിയ തോട്ടത്തിലെ കൊപ്പത്തൈയ്യിലെ ഇലകളുമൊക്കെ ത്ര സുന്ദരമാണ്!!!!!!! ഇത്തരത്തിലുള്ള ഒരുപാട് ഇലക്കാഴ്ച്ചകൾ ഒരിലയാവാനുള്ള  മോഹം എന്നിൽ എന്നേക്കുമെന്നേക്കുമായി അവശേഷിപ്പിച്ചിട്ടുണ്ട്.

ഇടക്കിടെയുള്ള യാത്രകളും,ഹൃദയത്തോട് ചേർത്തു വെച്ച ചില സൌഹൃദങ്ങളെ കണ്ടതുമൊക്കെയായി കുറച്ചു നല്ല ഓർമ്മകളെ സ്വന്തമാക്കി ഈ ദിവസങ്ങളിൽ പലപ്പോഴായി.വീണ പറഞ്ഞു കേട്ട് മോഹിച്ചാണ് തിരുമിറ്റക്കോട് അമ്പലത്തിലേക്ക് പോയത്.അമ്പല മുറ്റത്ത്ന്ന് കാലെടുത്തു വെക്കുന്നത് നിളയിലേക്കിറങ്ങാനുള്ള കൽ പടവുകളിലേക്കാണ്. അവിടെയിരുന്നാൽ കാണാംത്രെ അങ്ങ് ദൂരെ നിന്നേ ഒരുങ്ങിയിറങ്ങി വരുന്ന മഴയെ.വീണ അത് പറഞ്ഞപ്പോ ഞാനോർത്തു,,,,
ഒരു ഈറൻ കാറ്റിന്റെ തണുപ്പേറ്റ്,കരയിലുള്ള  ആറ്റു വഞ്ചികൾ ആടുന്നതും നോക്കി മഴേടെ ഒരുക്കം കാണാനിരിക്കുന്ന നമ്മളെ........
മഴ നനഞ്ഞ മണലിൽ കാലുകൾ പൂഴ്ത്തിയിരിക്കുന്ന നമ്മളെ.............
നമ്മുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ സ്നേഹാധിക്യത്തിന്റെ രണ്ടു കുഞ്ഞു കണ്ണീർ തുള്ളികളെ ചേർത്തി ഒരു വല്യേ തുള്ളിയാക്കി അതിനെ നിളയിലേക്കൊഴുക്കി വിട്ട നമ്മളെ................

 മഴയും,മണലും വാക്കുകളിൽ വന്നപ്പോ മഴ നനഞ്ഞു കടല് കാണണമെന്ന മോഹവും,മേഘമൽഹാറും കന്യാകുമാരിയിലെ കടലും,അസ്തമയോം ആ പാട്ടും ഒക്കെ കണ്ണുകളിൽ നിറയുന്നു.കേൾക്കും തോറും സങ്കടവും ഉള്ളിൽ നിന്നോടുള്ള സ്നേഹവും നിറയ്ക്കുകയാണ് ആ പാട്ട്.സ്വപ്നം കാണുകയാണ് തീരത്തടിയുന്ന ശംഖുകൾ പെറുക്കിയെടുക്കുന്ന എന്നേയും,അത് കോർത്തൊരു മാല കെട്ടി എന്നെ അണിയിക്കുന്ന നിന്നെയും.
അതെ നീയെന്നിൽ ഒരു ചെമ്പക സുഗന്ധമായ്‌..............
ജന്മങ്ങൾക്കപ്പുറത്തെങ്ങോ പൂത്ത ഒരു ചെമ്പക സുഗന്ധമായ്..........

നിന്നോട് പറയട്ടെ!!!!!!!!!!!!!!!

പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് പരിധികളില്ലാതെ നീയെന്നെ എത്ര മനോഹരമായാണ് സ്നേഹിക്കുന്നത്!!!!!
കണ്ണീരു ചിരിയാവുന്നതും,
എകാന്തതയോട് ഇഷ്ടത്തിലാവുന്നതും,
മഴ നനഞ്ഞു മതിയാവാത്തതും,
പച്ചയിൽ മനം കുളിരുന്നതും
നിന്റെ സ്നേഹം നൽകിയ നന്മകൾ!!!!!!!
എന്റെ
ഇഷ്ടങ്ങളുടെ,
ദുഃഖങ്ങളുടെ,
സ്വപ്നങ്ങളുടെ,
ഓർമ്മകളുടെയെല്ലാം വഴികളവസാനിക്കുന്നത്
നിന്നിലേക്ക് !!!!!

നിന്നെക്കാളുമധികം ഇനിയാർക്കും എന്നെ ഇത്രമേൽ സ്നേഹിക്കാനാവില്ല തന്നെ!!!!!

Thursday, February 13, 2014

ഒരു സ്വപ്നം ...

തുള്ളിത്തുളുമ്പി പെയ്യാൻ കൊതിപൂണ്ട പോലെ മേഘങ്ങൾ...........
ആ പെയ്യലിൽ മതിമറന്നു,
കണ്ണുകളടച്ച് അലസമായിട്ടങ്ങനെ കിടക്കാൻ ആഗ്രഹിക്കുന്ന അലയൊതുങ്ങിയൊരു കടൽ ....................
കടലിന്റെ അറ്റവും,ആകാശത്തിന്റെ തുടക്കവും ഒന്നിൽ നിന്നെന്ന പോലെ.........
ഒരേ നിറവും ഭാവവുമായ്...............!!!!!

മേഘങ്ങൾക്കുള്ളിൽ നിന്നും ഒരു നക്ഷത്രം എനിക്കു നേരെ എത്തി നോക്കുന്നതായി തോന്നി.
തീരത്തൊരു കൽമണ്ഡപം പൊട്ടിപ്പൊളിഞ്ഞ തൂണുകളോടെ നിന്നിരുന്നു.
ഒരു മഴക്കാറ്റ്‌ വന്നെന്റെ ശരീരത്തെ ഉമ്മ വെച്ചു.
ഒരു തിര വന്നെന്റെ കാലിൽ ഇക്കിളിയാക്കി.
സമ്മാനമായി രണ്ടുമൂന്നു മണികൾ  നഷ്ടപ്പെട്ട ഒരൊറ്റച്ചിലങ്കയും  നൽകി.
ആ നിമിഷങ്ങളിൽ നിന്നെ ഒന്നു കാണാൻ എന്റെ മിഴികളും മനസും വല്ലാതെ തുടിച്ചു.

വിരഹത്തിനു വേവു കൂട്ടാൻ
എവിടെ നിന്നോ ഒരു ഓടക്കുഴൽ നാദം ഒഴുകിയെത്തി.
ഒരു സാരംഗിയിൽ നിന്നെന്ന പോലൊരിളം കാറ്റെന്നെ തഴുകി.
ആരോ തബലയിൽ  താളം പിടിക്കുന്നുണ്ടോ......???
തിരകൾ പാടുന്നുവെന്ന പോലെ  വിരഹാർദ്രമായൊരു ഗസൽ എന്റെ കാതുകളിൽ വന്നു നിറയുന്നുണ്ട്.
 മണൽ തരികളിൽ അറിയാതെന്റെ പാദങ്ങൾ അമർന്നു.
ഞാൻ പോലുമറിയാതെ കണ്ണുകൾ അടഞ്ഞു.
കൈവിരലുകളിൽ മുദ്രകൾ വിരിഞ്ഞു.
കാലുകൾ അറിയാതെ ചുവടുകൾ വെച്ചു.

വിരഹത്തിന്റെ വേവിൽ സ്വയം മറന്ന എനിക്കൊപ്പം നൃത്തം ചെയ്യാൻ ഒരു മയിലായി നീ എപ്പോഴാണ് അടുത്തേക്ക് വന്നതെന്ന്  ഞാൻ അറിഞ്ഞതേയില്ല.
കണ്ണുകൾ തുറന്നപ്പോൾ ഏറ്റവും മോഹിപ്പിക്കുന്ന കാഴ്ചയായി
എനിക്കു ചുറ്റും പീലികൾ വിടർത്തി ആടുന്ന നിന്നെ കണ്ടപ്പോൾ
പ്രിയപ്പെട്ടവനേ.............
നീ നൽകുന്ന  വിരഹം നിന്റെ പ്രണയത്തോളം തന്നെ മനോഹരമെന്ന് ഞാനോർത്തു.
ആ കാർമേഘങ്ങൾ പെയ്തു തോരുന്നതു വരെ............
നമ്മളങ്ങനെ ................ചുവടുകൾ വെച്ചു കൊണ്ടേ........യിരുന്നു
നിനക്കൊപ്പം ഈ ജന്മം മുഴുവനും ഇങ്ങനെ നൃത്തം ചെയ്തുകൊണ്ടിരിക്കാൻ ഞാനേറെ മോഹിച്ചു.
അതെ വിരഹമെന്നിൽ വീണ്ടും വീണ്ടും നിന്നെ നിറയ്ക്കുകയാണ്.
നീ നിറയും തോറും എന്റെയുള്ളിൽ നിന്നോടുള്ള......
ഒപ്പം നിന്നിലൂടെയുള്ള പ്രണയവും നിറഞ്ഞു തുളുമ്പുകയാണ് !!!!!!!!!

കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ട്.
ഉള്ളം വല്ലാതെ പിടക്കുന്നുണ്ട്.
നിന്നിലേക്കെത്താനുള്ള എന്റെ ആത്മാവിന്റെ ദാഹം...............!!!!!!!!!!!!!!


Tuesday, February 4, 2014

കല്യാണിക്കാവിലെ പൂരവിശേഷങ്ങളും പിന്നെന്റെ കത്തീം!!!!!!!!!!

ഓരോ ഉത്സവകാലങ്ങളും കടന്നു പോകുന്നത് ഒരുപാടോർമ്മകളെ ബാക്കിവെച്ചു  കൊണ്ടാണ്.ഉള്ളിൽ നിറങ്ങളെ നിറയ്ക്കുന്ന നാളുകളാണത്. ആ നിറങ്ങൾ അടുത്ത ആ കാലം വരണ വരേം മനസ്സിൽ ഹോളി ആഘോഷിച്ചു കൊണ്ടേയിരിക്കും.അതുകൊണ്ടു തന്നെയാണ് ഏകാശീം,പറ വെപ്പും,കല്യാണി കാവ് താലപ്പൊലീം ഒക്കെ ഇത്രയേറെ പ്രിയമാവുന്നത്.നിലാവ് വിരിഞ്ഞ രാത്രികളിൽ മഞ്ഞു കൊണ്ട് തണുത്ത പൂഴി മണലിലിരുന്നു അതിശയത്തോടെ, ആരാധനയോടെ,ഇഷ്ടത്തോടെ കണ്ടിരുന്ന കഥകളി രാത്രികൾ ണ്ടായിരുന്നു ഒരുകാലത്തെനിയ്ക്ക്.വെളുക്കുവോളം ഉറങ്ങാതെയിരിക്കുമായിരുന്നു . തിരിച്ചു വരുമ്പോൾ മനസ്സിൽ,കണ്ട വേഷങ്ങളെ കുറിച്ച് മാത്രമായിരിക്കും ചിന്ത.അന്നൊക്കെ കഥകളി പഠിക്കാൻ ന്ത്‌ മോഹായിരുന്നു!!!ആ ചമയങ്ങൾ, വേഷഭൂഷാദികൾ ഒക്കെ ഇപ്പോഴും ഏറെ മോഹിപ്പിക്കുന്ന ഒന്നാണ്. സസൂക്ഷ്മം ആ അലങ്കാരങ്ങൾ ചെയ്യുന്നത് അത്ര തന്നെ ശ്രദ്ധിച്ച് നോക്കി നിന്നിട്ടുണ്ട് ഞാൻ. സന്താനഗോപാലോം, രുഗ്മാംഗദ ചരിതോം,ബാലി സുഗ്രീവ യുദ്ധോം, നളചരിതോം ഒക്കെ എത്രയാവർത്തി കണ്ടിരിക്കുന്നു!!!!!ഏകാദശി എന്നാൽ  പ്രധാനായും മുത്തശ്ശീടെ കൂടെ പോയി കഥകളി കാണൽ ആയിരുന്നു അന്നൊക്കെ എനിക്ക്.ചില ഭാഗങ്ങൾ  മനസിലാവാതെ വരുമ്പോൾ മുത്തശ്ശി പറഞ്ഞു തരും ദേ ഇതാണ് ആ കാണിക്കുന്നത്, ഇങ്ങനെയാണ് ആ വരികളുടെ അർത്ഥം എന്നൊക്കെ.പിന്നീടെപ്പഴോ ആ ഇഷ്ടം നഷ്ടായി.ഇപ്പൊഴായെ പിന്നെ എവിടുന്നെങ്കിലും കഥകളി കാണുമ്പോൾ എനിക്ക് സങ്കടം വരും.ഒരു വല്ലാത്ത നഷ്ടബോധം തോന്നും.

ആറാട്ടുപുഴ പൂരം വല്യ വെക്കേഷന്റെ തുടക്കത്തിലാണ്‌.അല്ലെങ്കിൽ കൊല്ല പരീക്ഷയുടെ തിരക്കിൽ.വീട്ടിൽ  എല്ലാരും കൂടണ ഒരു വിശേഷം.കൊതി തീരുവോളം മുറ്റത്തൂടെ നടക്കാനും,നിലാവ് കാണാനും,നക്ഷത്രങ്ങളെ എണ്ണാനും കിട്ടുന്ന ഒരു രാവ്‌ ആ ഒരു രാവിനു വേണ്ടി നീണ്ട ഒരു കൊല്ലത്തിന്റെ കാത്തിരിപ്പ്.അതൊക്കെയാണ്‌ പറ വെപ്പിന്റെ ആ ദിനം എനിക്ക്.[ആറാട്ട്‌പുഴ പൂരം ശിവലോകം (അതെന്താന്നൊന്നും ന്നോട് ചോയ്ക്കാൻ ഒരാളും വരണ്ട) ആരംഭിച്ചപ്പോ തൊട്ട്ണ്ടെന്നാണ് സങ്കൽപ്പം. അതുകൊണ്ട് തന്നെ ഏറ്റോം ആദ്യംണ്ടായ ഉത്സവം ആണത്.മലയാളം കലണ്ടർ പ്രകാരം ആയിരത്തി ഒരുന്നൂറ്റി ചില്ലാനം (കൃത്യായി ഇപ്പൊ ഓർമ്മല്യ, നോക്കാംന്നു വെച്ചാൽ കലണ്ടർ താഴത്താ.) വർഷായീലൊ ഇപ്പൊ.അത്രന്നെ പഴക്കംണ്ട് ആറാട്ടു പുഴ പൂരത്തിനും.ഹിന്ദു  മത വിശ്വാസം അനുസരിച്ച് മുപ്പത്തിമുക്കോടി ദൈവങ്ങളും പങ്കെടുക്കുന്ന ഭൂമിയിലെ ദേവമേള.അതിലെ കഥാനായകൻ തൃപ്രയാർ തേവർ എന്ന ശ്രീരാമൻ.അതിനു പങ്കെടുക്കാൻ പോണേനു മുന്നേ നാട് കാണാൻ ഇറങ്ങണ പതിവുണ്ട് പുള്ളിയ്ക്ക്. പള്ളിയോടത്തിലേറി ഇക്കരെ വരുമ്പോ നാട്ടുകാർ പറ വെച്ച് സ്വീകരിക്കും. അങ്ങനെ പറ വെക്കൽ അവടെ ന്റെ ഇല്ലത്തുംണ്ട്.നന്നേ ചെറുപ്പത്തിൽ പോയിണ്ട്ത്രെ ഞാനും പൂരത്തിന്.പക്ഷെ നിയ്ക്ക് അശേഷം ഓർമ്മല്ല്യ . ഇപ്പഴായെ പിന്നെ അതൊന്നു കൂടാൻ വല്ല്യേ മോഹാണ്.എല്ലാ ദൈവങ്ങളും ഒരുമിച്ച് ആറാടുമ്പോൾ ഇപ്പർത്ത് മനുഷ്യരായ നമ്മളും അവർക്കൊപ്പം .....അതൊരു രസല്ലേന്നു നിയ്ക്ക് തോന്നലുണ്ട്.]

ഒരു ശക്തിയുണ്ട്.നാം നിസ്സഹായരാവുമ്പോൾ നമ്മെ എണീപ്പിച്ചു നിർത്താൻ, മനസ്സിൽ ജീവിതത്തോടുള്ള ഇഷ്ടം നിറയ്ക്കാൻ,സ്നേഹം നിലനിർത്താൻ ഒക്കെ സഹായിക്കുന്ന ഒരു സുപ്രീം പവർ.ദൈവം എനിക്കതാണ്. അല്ലാതെ  ദൈവങ്ങൾ,മനുഷ്യർ എന്നൊന്നും ഒരു വേർതിരിവൂല്ല്യ. എല്ലാ മനുഷ്യരിലും ഒരു ദൈവികതണ്ട്ന്നാണ് ന്റൊരു വിശ്വാസം.കേട്ട കഥകളിലെ ദൈവങ്ങളൊക്കെന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരെ പോലെ തന്നെയാണ്. എങ്കിലും അമ്പലങ്ങളും,ആ ചിട്ടകളും, വിശ്വാസങ്ങളും ഒക്കെ എനിക്കിഷ്ടാണ് .അമ്പലത്തിൽ പോവുമ്പോ പ്രാർത്ഥന എന്നതിനേക്കാൾ കൊറേ വർത്താനം പറയുക എന്നതാണ് ഞാൻ പലപ്പോഴും ചെയ്യാറ്. എനിക്കതേ വരൂ,അതെ വഴങ്ങൂ. കൊറേ കാലം കൂടി കാണുന്ന ഒരുപാടു പ്രിയപ്പെട്ട ഒരാൾ അതാണ്‌ ഓരോ അമ്പലത്തിലും പോവുമ്പൊ നിയ്ക്ക് തോന്നാറ്.എങ്കിലും ചില അമ്പലങ്ങളിൽ ഞാൻ മിണ്ടാതെ നിക്കാറുണ്ട്. ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് ശ്വാസം വിടാതെ വിശേഷങ്ങൾ പറയുന്ന നിയ്ക്ക് രാമന്റെ മുന്നിലെത്തുമ്പോൾ ശബ്ദംണ്ടാവലില്ല്യ.ഒന്നും മിണ്ടാതെ നോക്കി നിന്ന് തിരിച്ചു പോവുകയാണ് പതിവ്.അത് പോലെ തന്ന്യാണ് ദക്ഷിണാമൂർത്തിടെ മുന്നിലും. സീതെ കാണാത്ത സങ്കടത്തിൽ ഇരിക്കണ ശ്രീരാമനാണ് തൃപ്രയാർ അമ്പലത്തിലെ എന്നാണ് പറയുന്നത്.അത് പോലെ സതി മരിച്ച സങ്കടത്തിൽ ഇരിക്കണ ശിവനാണ് ശുകപുരത്തും.ത്രേം സങ്കടത്തിലിരിക്കണ ആളുകളോട് (ദൈവങ്ങളോട്) ന്ത്‌  മിണ്ടാനാ!!!!!എനിക്കാണേൽ ഒരാശ്വാസ വാക്ക് പോലും പറയാൻ നിശല്ല്യ.പക്ഷെ പൊതുവെ ഈ ശിവന്റെം,രാമന്റെം ഒക്കെ അമ്പലങ്ങളിൽ നിശബ്ദത കൂടുതലാണ്.അത് അന്ന് തിരുവില്വാമല, കടവല്ലൂർ (രണ്ടും രാമന്റെ അമ്പലങ്ങൾ), പിന്നെ  പോയിട്ടുള്ള ഒട്ടു മിക്ക  ശിവക്ഷേത്രങ്ങളും അങ്ങനെ തന്നെയാണ്. ഒരു വല്ലാത്ത മൌനമാണ് അവിടെ മുഴുവനും. ശ്വസിക്കുന്ന വായുവിലും, ചവിട്ടുന്ന മണ്ണിലും, ഒക്കെ ............  മനസിനെ ഭാരപ്പെടുത്തുന്ന എന്തോ ഒന്ന്.എങ്കിലും എനിക്കേറെ ഇഷ്ടമുള്ള അമ്പലങ്ങളാണ് അതൊക്കെയും.ആ മൌനത്തോടുള്ള ഇഷ്ടക്കൂടുതലാവാം അതിനു കാരണം.

ഇപ്പോഴിപ്പോൾ ഏറ്റോം അടുപ്പം കല്ല്യാണ്യോടാണ്.കല്യാണിക്കാവിനോടാണ്. എന്നും വൈകുന്നേരം അച്ചൂന്റെ കൈപിടിച്ച് പോവലുണ്ട് അവളെ കാണാൻ.അവളോട് മിണ്ടാൻ.അച്ചൂന് നാട്ടിൽ കൊറേ കൂട്ടുകാരുണ്ട്. രോഹിണി ചേച്ചി,അർച്ചന,മാളവിക എന്നൊക്കെ.പോണ വഴി കാണണോരോടൊക്കേം മിണ്ടീട്ടും,വല്ല പൂക്കള്യോ കിളികള്യോ ഒക്കെ കണ്ടാൽ അതിനെ കുറിച്ചുള്ള കഥ ന്നെകൊണ്ട് പറയിച്ചിട്ടും ഒക്കേയ് അച്ചു അമ്പലത്തിലേക്കെത്തൂ.നിലക്കാവടി പോലെയുള്ള പൂമുള്ളിന്റെ മഞ്ഞ പൂക്കൾ, പരിശോക പൂക്കൾ,ഒക്കെ വഴിയരികിൽ ണ്ടാവും.ഒരു ചെറിയ  മുളങ്കൂട്ടംണ്ട് പോണ വഴി.അതിൽ നിറയെ പുല്ലാനി പടർന്നേക്കാണ്.മുഴോനും വിരിഞ്ഞിട്ടില്ല.അത് മുഴോനും വിരിയണ നാളെണ്ണി കാത്തിരിക്ക്യാണ് ഇപ്പൊ അച്ചൂം അമ്മേം.എന്നിട്ട് വേണം അതിന്റെ ഫോട്ടോ എടുക്കാൻ.കഴിഞ്ഞൊരു ദിവസാണ് ശ്രദ്ധിച്ചേ അമ്പല മുറ്റത്തെ പാല മരത്തിലെ ഒരു കൊമ്പ് നല്ലോം താഴ്ന്ന് നിക്ക്ണ്ട്.അതിൽ ഒരു കുഞ്ഞ്യേ കുല പാലപ്പൂവുംണ്ട്. അതീന്നന്നെ ന്ത്‌ മണാന്നോ പരക്കണേ!!!അപ്പൊ പിന്നെ അന്ന് ഞാൻ പറഞ്ഞ അടിമുടി പൂത്ത ആ പാല മരത്തിന്റെ കാര്യൊന്ന് ഓർത്തു നോക്കൂ.

കല്യാണി പാടത്തെ വരമ്പിലൂടെ ആളുകൾ തൊഴാൻ വേണ്ടി നടന്നു വരണ കാണാം.അവരിൽ  നിന്നും പിന്നിൽ ഏറെ ദൂരെയായി തനിച്ച് നടന്നു വരണ ഒരു പെണ്‍കുട്ടിയെ കൂടി ഞാൻ കണ്ടു.മഴ നനഞ്ഞും,കാറ്റിനെ തൊടാൻ ശ്രമിച്ചും,ഒരുമിച്ചു പൊങ്ങി ഒരേ വരിയിൽ പറക്കുന്ന കൊറ്റികളെ നോക്കി അതിലൊന്നായി മാറി ആകാശം മുഴോനും പറക്കണംന്നും മോഹിച്ച് ,
കയ്യിൽ കൊറേ വെള്ള അക്കാപ്പൂവും പിടിച്ചോണ്ട് വരമ്പിലൂടെ നടന്നു വരുന്ന ഒരു ഫുൾപാവാടക്കാരി.മഞ്ചാടിക്കുരൂം,അപ്പൂപ്പൻതാടീം വളപ്പൊട്ടും, വെള്ളാരം കല്ലുകളും,കക്കകളും,ഒക്കെ പെറുക്കികൂട്ടി അതിലൊക്കെം വല്യേ സന്തോഷം കണ്ടെത്താൻ ശ്രമിച്ച (നിങ്ങളിപ്പോൾ  ഇതിനൊരു പൊടിയ്ക്കു നൊസ്സുണ്ടല്ലോന്ന് വിചാരിച്ച) ഒരു ബടുക്കൂസു കുട്ടി. ചില ഓർമ്മചിത്രങ്ങളിലെ  എന്നെ എനിക്കൊരുപാടിഷ്ടമാണ്.

ഇന്ന് കല്യാണികാവിലെ  താലപ്പൊലിയാണ്.മിനിഞ്ഞാന്ന് പൂരമറിയിക്കാൻ വേണ്ടി മൂക്കും ചാത്തനും,തിറേം വന്നു. നെല്ലും, അരീം,കാശും,വസ്ത്രോം കൊടുക്കണം അവർക്ക്. ഈ ദേശം മുഴോനും ത്ര ദിവസായി ഇതിനായി ഒരുങ്ങാൻ തുടങ്ങീട്ട്.ഇവടെ മണ്ഡലം തുടങ്ങുമ്പഴേ പൂരത്തിന്റെ വർത്താനം തുടങ്ങും.അന്ന് തൊട്ടേ നിറമാലേം, ചുറ്റുവിളക്കും തുടങ്ങും.മകരചൊവ്വ തൊട്ട് പാട്ട് കാലോം.ഉത്സവം കൊടിയേറും അന്ന്.ആ കൊടിക്കൂറ കാണാൻ തന്നെ നല്ല ചന്താണ്.ഊരാളന്റെ കയ്യീന്ന് കൂറയിടാനുള്ള  പട്ട് വാങ്ങി എല്ലാവരോടും  ഉത്സവം കൊടിയേറട്ടേന്നനുവാദം ചോദിച്ചു കൊണ്ട് ഉത്സവം കൊടിയേറി വീണ്ടുമൊരു താലപ്പൊലിക്കാലം തുടങ്ങുകയായി. പതിനാലു ദിവസങ്ങളിലെ കളം പാട്ടും ചുറ്റുതാലവും കഴിഞ്ഞ് പതിനഞ്ചാം നാൾ താലപ്പൊലി.ഓരോ ദിവസവും കളം വരയ്ക്കണം.ഭദ്രകാളിയെ.കളം പൂജ കഴിഞ്ഞ് ദാരികവധം പാട്ട് പാടി പുറത്തേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരും. നേദിക്കാൻ അപ്പം,അട,പായസം ഒക്കെണ്ടാവും.സ്ത്രീകൾ താലവുമേന്തി നിൽക്കും. പ്രദക്ഷിണം കഴിഞ്ഞ് വീണ്ടും അകത്തേക്ക് പോയി വെളിച്ചപ്പാട് വെളിച്ചപ്പെടും.അതിനു ശേഷം ആ കളം മായ്ക്കും.അത് കഴിഞ്ഞാൽ പ്രസാദമായി കളപ്പൊടിയും,ഈ അപ്പോം, അടേം, പായസോം ഒക്കെ കൊടുക്കും. എത്ര ഭംഗിയായി,എത്ര കഷ്ടപ്പെട്ട് ആണെന്നോ കളം വരയ്ക്കുന്നത് !!!! കണ്ണുകൾ എറ്റവും ഒടുവിലാണ് വരക്കുക.ഇവിടത്തെ അമ്പലത്തിലെ ചുമരിൽ മ്യൂറൽ പെയിന്റ് ചെയ്യാൻ വന്നപ്പോ സീനോട് ഞാൻ ചോയ്ച്ചു.ന്താ ഈ കണ്ണുകൾ എപ്പഴും അവസാനം വരയ്ക്കണേന്ന്.കണ്ണുകൾ വരക്കുന്നത് ആ ചിത്രത്തിന് ജീവൻ നൽകുന്നതിനു തുല്യമാണ്.ജീവൻ വെച്ച് കഴിഞ്ഞാൽ പിന്നെ അതിന് ദൈവികത കൈവരുന്നു.അതുകൊണ്ടാണ് കണ്ണുകൾ അവസാനം വരക്കുന്നേ ത്രെ!!!

കഴിഞ്ഞ രണ്ടു മൂന്നു കൊല്ലങ്ങളായി പാട്ട് ദിവസങ്ങളിൽ സ്പെഷൽ ദീപാരാധനണ്ട്.അതുകൊണ്ട് തന്നെ അലങ്കാരങ്ങളും സ്പെഷൽ ആണ്.ഓരോ ദിവസോം ഓരോ നിറമുള്ള പട്ടുകൊണ്ടാണ്  തിരുടാടകൾ.ഒക്കെ ചാർത്തി കഴിഞ്ഞാൽ കല്യാണി ഒരു സുന്ദരിയാണ്.ദീപാരാധന  എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നതു പോലെ തന്നെയാണ് ആ കാഴ്ച്ചയും.നട തുറക്കുമ്പോൾ കാണുന്ന കാഴ്ച അത്രയേറെ മനോഹരമാണ്.നിറഞ്ഞ പ്രകാശത്തിനു നടുവിൽ കല്യാണി. ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കണ കാണുമ്പോള്ള സന്തോഷം അത് അനുഭവിച്ചന്നെ അറിയണം.ദീപാരാധനക്ക് നട അടക്കാൻ വേണ്ടിയുള്ള ശംഖു വിളി കേക്കുമ്പോഴേ അച്ചു പോവാൻ തെരക്ക് കൂട്ടലുണ്ട്.പക്ഷെ ഈ തവണ അതിനോടൊക്കെയുള്ള പേടി മാറി.ശംഖു്,ചെണ്ട,വെടി ഒക്കെ ഇപ്പൊ അച്ചൂന് സഹിക്കാം എന്നായിണ്ട്.പക്ഷെ ഇന്നത്തെ കാണാൻ പറ്റില്ല.കാരണം ഇത് കഴിഞ്ഞ ഉടനെ തന്നെ വെടിക്കെട്ടാണ്.ഉച്ചക്ക് എഴുന്നള്ളിച്ചു വന്നു. തിടമ്പും, കോലോം,ഇറക്കി വെച്ച് പൂജ കഴിക്കും ഇവടെ.വെളിച്ചപ്പാടുംണ്ടാവും. വെളിച്ചപ്പെട്ട്,അരിയും,നെല്ലും എറിയും.വാൾ നെറുകയിൽ വെച്ച് അനുഗ്രഹിക്കും. വാളിൽ പൈസ വെക്കാനും അച്ചൂന് പേടി ണ്ടായില്ല.എന്നിട്ട് തിരിച്ചു പോവും.രാത്രി ആദ്യേ എഴുന്നള്ളിച്ചു വരും.വരുമ്പോഴേക്കും ഇവടെ പടി തൊട്ട് ഇരു വശോം നെറച്ചും ചെരാതുകൾ കത്തിച്ചു വെക്കും.താലം ഇവിടെ വന്നിട്ടാണ് അപ്പൊ കൊളുത്തുക.തിരിച്ചു പോയി കളം മായ്ച്ചു കഴിഞ്ഞാൽ കൂറ വലിച്ച് ഉത്സവം കൊടിയിറക്കും.അങ്ങനെ ആ താലപ്പൊലീം തീരും.ഈ ഇല്ലോം, കല്യാണീം തമ്മിൽ കൃത്യായി പറയാൻ പറ്റാത്തത്ര കാലത്തെ അടുപ്പം ണ്ട്ത്രെ. എല്ലാ ദിവസോം തായമ്പകണ്ട്.ഒരു ദിവസം ഒരു പെണ്‍കുട്ടീടെണ്ടായിരുന്നു.കൊയിലാണ്ടിയിലുള്ള ഒരു ഉണ്ണിമായ.ഒരു ചെറ്യേ കുട്ടി.അത് നന്നായിരുന്നു.അച്ചു സാധാരണ അതിനൊന്നും നിക്കലേയില്ല .പക്ഷെ ഈ കുട്ടീടെ പരിപാടിക്ക് ന്തോ കരയാതെ നിന്നു.ഒരു ദിവസം ഗാനമേള ണ്ടായിരുന്നു. മിനിഞ്ഞാന്നു നാടൻ പാട്ടും.ഇന്ന് ബാലെ ആണ്.അന്ധകാന്തകൻ.
ഇവടെ വന്നിട്ടാണ് ഞാൻ ബാലെ,നാടകം,ഗാനമേള ഒക്കെ കണ്ടിട്ടുള്ളത്.വൈകുന്നേരായാൽ പിന്നെ ഓരോ വരവുകൾ വരും. കരിങ്കാളീം, തിറകളും,കാവടികളും,ഓരോ വേഷങ്ങളും,ഒക്കെ വന്നു നിറയും.അത് കഴിഞ്ഞാൽ ദീപാരാധന,തുടർന്ന് വെടിക്കെട്ട്.ശേഷം ഡബിൾ തായമ്പകണ്ട്. പോരൂർ ഉണ്ണിക്കൃഷ്ണനും,ശുകപുരം ദിലീപും. പോരൂർ ഉണ്ണിക്കൃഷ്ണൻ ആള് കേമനാത്രേ!!!!!

ഇത്തവണ പൂരത്തിനെന്തോ അധികാരും വന്നില്ല  ഇവടെ.രാവിലെ തന്നെ അമ്പലത്തിൽ പോയി.കല്യാണി പാടത്ത് നന്നേ വെളുപ്പിനേ മീൻ കച്ചോടക്കാർ വരും.വിശേഷ ദിവസങ്ങളിലും മത്സ്യമാംസാദികൾ വെച്ചു കഴിക്ക്യാന്നത് വടക്കോട്ട്‌ വരുംതോറും പതിവാണ്.പണിയൊക്കെ നേർത്തെ തീർത്തു.പൂര കടകളിൽ പോയി.പൊരീം ജിലേബീം,ഈന്തപ്പഴോം,പിന്നെ ഇവടെ മാത്രം കണ്ടിട്ടുള്ള ആറാം നമ്പറും ഒക്കെ നിറച്ചും ഇരിക്കുന്ന കണ്ടു.പിന്നെ വള-മാല കടകളും.വാങ്ങുന്നതിനേക്കാൾ ഇഷ്ടാണ് അതിങ്ങനെ  നടക്കാൻ.അച്ചു അല്ലെ കൂടെ,എങ്ങനെ വാങ്ങാതിരിക്കും.രണ്ടാഴ്ച്ച മുന്നേ ലിസ്റ്റിട്ട് കാത്തിരിക്കാൻ തുടങ്ങീതാ അവള്.ലിസ്റ്റിലെ പാലൈസ് കിട്ടിയില്ല പാവത്തിന്.പൂരത്തിന്റെ ഓർമ്മ കൊറച്ചു ദിവസം കൂടി ണ്ടായിക്കോട്ടേന്നു ആനേം കരുതീന്നു തോന്നുന്നു.മിറ്റത്ത് കൊറേ ആനപ്പിണ്ടം ണ്ട്.കണ്ടപ്പോ ഇവടെ എല്ലാർക്കും വല്യേ സന്തോഷായി.കാരണം ഈയിടെ പേപ്പറിൽ വായിച്ചിരുന്നു ഇവടെ അടുത്തൊരു വീട്ടിൽ ആനപ്പിണ്ടം വളമിട്ട് നല്ലോം തൂക്കള്ള ഇളവനും,മത്തനും ഒക്കെണ്ടാക്കി ന്ന്.ഇത് കൊണ്ടോയി ഇട്ടിട്ട് നമുക്കും അതുപോലെ ണ്ടാക്കാംന്നു പറഞ്ഞ് എടുത്തു വച്ചേക്കാണ്.ഇത്തവണേം കൊറേ പച്ചക്കറി നട്ട് ണ്ട്.അത് നനക്കാൻ പോയപ്പോ ഇന്നലെ കൊറേ അപ്പൂപ്പൻതാടി കിട്ടി.എത്രയാന്നൊ!!!!

അത് കണ്ടപ്പോ എനിക്ക് നിന്നെ  ഓർമ്മ വന്നു.പല നിറങ്ങളിലുള്ള കടലാസുകളിൽ നിനക്കൊരെഴുത്തെഴുതണം.അരികിൽ അപ്പൂപ്പൻതാടിയും, ഒർഗന്റ് തുണി കൊണ്ടുണ്ടാക്കിയ തീരെ കുഞ്ഞു റോസാപ്പൂക്കളും വെച്ച് ഒട്ടിച്ച് ആ താളുകളെ ഭംഗിയുള്ളതാക്കണം.ഒപ്പം ഏറ്റവും പ്രണയാർദ്രമായ വരികളും ചിത്രവുമുള്ള ഒരു ഗ്രീറ്റിങ്ങ് കാർഡും വെക്കണം.ഒരു അവധി ദിനത്തിന്റെ ആലസ്യത്തിൽ ഇറയത്തെ തിണ്ണയിൽ കാലു നീട്ടിയിരുന്ന് നീയെന്നെ ഫോണിൽ വിളിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പോസ്റ്റ്‌ മാൻ നിനക്കിത് കൊണ്ടുവന്നു തരണം.എന്റെയാ സമ്മാനം നിനക്കിഷ്ടാവില്ലെ ???

അല്ലെങ്കിലും സമ്മാനം ഇഷ്ടല്ല്യാത്ത ആരേലുംണ്ടോ????എനിക്കിഷ്ടാണ്.വിചാരിക്കാത്തൊരു നിമിഷത്തിൽ എന്നിലേക്കെത്തുന്ന സ്നേഹത്തിന്റെ ഒരു സ്പർശം."എനിക്ക് വേണ്ടി" എന്ന ചിന്ത അതെന്നെ എത്രയധികം സന്തോഷിപ്പിക്കുന്നുവെന്നോ........!!!!!!!!!!!!!!!!!
നീയെന്നാണ് എനിക്കൊരു സമ്മാനം തരുന്നത്?????

വെടിക്കെട്ട് തുടങ്ങി.ശബ്ദം കേൾക്കുന്നുണ്ട്. ആകാശത്തിൽ വല്യേ പൂക്കളം വിരിയണ കാണാൻ നിയ്ക്കിഷ്ടാണ്.ഈ തവണ പൂരത്തിന് നിലാവുള്ള രാത്രികളില്ല. മറ്റന്നാളാണ്  അമാവാസി. ഉത്സവരാവുകൾ നിലാവും നക്ഷത്രങ്ങളും കൊണ്ട് സമ്പന്നമാവണം.എങ്കിലെ അതിനൊരു റൊമാന്റിക്‌ ടച്ച് വരുള്ളൂ.
ഈ സന്ധ്യയ്ക്ക് പൂര ബഹളത്തിനു നടുവിലിങ്ങനെ തനിച്ചിരിക്കാൻ ഒരു സുഖംണ്ട്.
നിന്നെ ഓർത്തു കൊണ്ട്,നിന്റെ ഓർമ്മകളിൽ നിറഞ്ഞു കൊണ്ട്.......
നിലാവില്ലെങ്കിലും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമുണ്ട്
നിന്റെ സ്നേഹത്തോടൊപ്പം എനിക്ക് കൂട്ടായി .............
ഒപ്പം പ്രണയാർദ്രമായൊരു പാട്ടും.

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ............
പഞ്ചവർണ്ണ പൈങ്കിളിയില് പങ്കുറങ്കുള്ളോളേ ............!!!!!!!!!!!!!!!!!!!

Saturday, January 11, 2014

ഗുരുവായൂർ യാത്ര വിശേഷോം......പിന്നെ ന്റെ മഴ സംഗീതോം!!!!

മണ്ഡലകാലം തുടങ്ങ്യപ്പോ തൊട്ട് പോയില്ല ഗുരുവായൂർക്ക് .തിരക്ക് പേടിച്ചിട്ട്.ഇതിപ്പോ മകരവിളക്ക് ആവാറായി.ന്തോ അങ്ങട് പോവാൻ വല്ലാത്ത ഒരു വെപ്രാളം.ഭക്തി കൂട്യോണ്ടൊന്നും അല്ല  .എല്ലാ മാസോം പോണോണ്ടാവും.അല്ലെങ്കിൽ ആകെ എങ്ങടെങ്കിലും  പോണത് അങ്ക്ട് മാത്രം ആയോണ്ടാവും.ന്തായാലും ഇന്നലെ പോയി. എനിക്കത് ബഹു ഇഷ്ടായി.ക്യൂ (നിക്കാനൊന്നും അച്ചു സമ്മതിക്കില്ല) നിക്കാതെ തൊഴാൻ സഹായിക്കാൻ അവിടെ ഒരാളുണ്ട്.അതോണ്ട് മാത്രാണ് എല്ലാ മാസോം പോണത്.

ഇന്നലെ ഇറങ്ങിയപ്പഴെ നേരം വൈകി.പോണ വഴിയെ കുറിച്ച് എപ്പഴും ഞാൻ പറയാറില്ലേ അങ്ങനൊക്കെ തന്നെ.അവിടവിടെ ആയി മാവുകൾ പൂത്ത്ണ്ട്.പിന്നെ ശീമക്കൊന്നേം.കുലകുലയായി ആ  റോസ് പൂവിങ്ങനെ നിക്കണ കാണാൻ നല്ല ചന്തം.കുന്നംകുളം അടുത്ത് കുറുക്കൻ പാറ ന്ന സ്ഥലത്ത് ഈ കൽവിഗ്രഹങ്ങൾ ണ്ടാക്കി വിക്കണ കൊറേ വീട്ടുകാർ ണ്ട്.ഇവിടത്തെ അമ്പലത്തിലേക്ക് വേണ്ട ബിംബങ്ങളും,ഓവും മറ്റും വാങ്ങാൻ വേണ്ടി പോയപ്പോ അവരുടെ കഷ്ടപ്പാടും,അതിനു കിട്ടുന്ന കൂലീം ഒക്കെ പറഞ്ഞ കേട്ട് കരളലിഞ്ഞു പോയീന്നു ഇവിടത്തെ ആണുങ്ങൾ പറഞ്ഞത് അവിടെ എത്ത്യപ്പോൾ ഞാൻ ഓർത്തു.മെഷീനുകൾ ഉപയോഗിച്ചാണ് ഇപ്പൊ ഭൂരിഭാഗോം ണ്ടാക്കുന്നെ എന്ന് അവർ പറഞ്ഞു. എങ്കിലും അവടെ എത്തുമ്പോ ഞാൻ കാണാറുണ്ട് കല്ല്‌ കൊത്തുന്നതും മറ്റും.ദീപ സ്തംഭങ്ങളും,പിന്നെ ഖബറിടങ്ങളിൽ കുത്തി വെക്കണ ആ സാധനോം(എനിക്കതിന്റെ പേരറിയില്ല) ആണ് അവടെ കൂടുതലുംണ്ടാക്കി വെച്ചേക്കണേ.

എനിക്കീ ചിത്രങ്ങൾ വരയ്ക്കണോരോടും, ശിൽപ്പികളോടും ഒക്കെ ബഹുമാനം കുറച്ചു കൂടുതലാ. അവരുടെ വിരലുകളിൽ നിന്നും എത്ര സുന്ദരമായാണ് ഓരോ രൂപങ്ങൾ ജനിക്കുന്നതെന്ന് ഞാൻ അതിശയത്തോടെ,ആരാധനയോടെ നോക്കാറുണ്ട്. ഒരു ചിത്രകാരി ആവുക എന്നത് ഒരു കാലത്തെ ന്റെ വല്യേ മോഹായിരുന്നു. ദൈവം സഹായിച്ച് ഒരു നേർ രേഖ പോലും വരയ്ക്കാൻ നിയ്ക്ക് നിശല്ല്യ.  കഴിഞ്ഞ കൊല്ലം നടന്ന ആ ബിനാലെ ഇതുമായി ബന്ധപ്പെട്ട പരിപാടി ആയിരുന്നില്ലേ????അത് കാണാൻ നിയ്ക്കെന്ത് മോഹായിരുന്നൂന്നോ !!!! നടന്നില്ല.ഇവടെ പുത്യേ അമ്പലം ണ്ടാക്കീലോ ,അതിന്റെ  മുന്നിൽത്തെ രണ്ടു  ചുമരുകളിൽ ഞങ്ങളുടെ ഒരു കസിൻ കുട്ടി വെട്ടെയ്ക്കരനേം , ഭദ്രകാളിയേം വരച്ച്ണ്ട്.അത് നോക്കിയിരിക്കും ഞാൻ അത്ഭുതത്തോടെ.എത്ര ഭംഗ്യായിട്ടാന്നോ സീന അത് വരച്ചേ!!!!

സ്കൂൾ വിടണ സമയം ആയോണ്ട് റോഡിൽ നല്ല തെരക്കായിരുന്നു.ഒടുവിൽ അവടെ എത്തി.തൊഴാൻ സഹായിക്കുന്ന സ്വാമി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.വേഗം പുള്ളീടെ കൂടെ കേറി തൊഴുതു.അപ്പറത്തുള്ള  ചെറിയ അഴി  തുറന്നു തരും,അങ്ങനെയാണ് ക്യൂ നിക്കാതെ കേറി തൊഴാ, എങ്കിലും നടയ്ക്കന്നു അകത്തേക്ക് കടക്കാൻ ഒരു ഉന്തും തള്ളും ആണ്.അതെത്ര നോക്കീട്ടും കാര്യല്ല്യ.നിയന്ത്രിക്കാൻ നിക്കണോർക്കും ഒന്നും ചെയ്യാൻ പറ്റില്ല അവിടെ.ആ അഴികൾക്കിടയിലൂടെ നടക്കുമ്പോ ഞാൻ അപ്പുറത്ത് നിക്കുന്ന വല്യേ ക്യൂ നോക്കി സങ്കടപ്പെട്ടു.അതിൽ പ്രായമായവരും, ഗർഭിണികളും, കുട്ട്യോളെ എടുത്തോണ്ട് നിക്കണോരും ഒക്കെണ്ട്.അന്യ ദേശത്തുന്ന് ഭഗവാനെ ഒരു നോട്ടം കാണാൻ വേണ്ടി മാത്രം വന്നിട്ട് ക്ഷമയോടെ നിക്കുന്നോർ.എനിക്ക് നാണക്കേടായി എന്റെയീ സൂത്രത്തിലുള്ള തൊഴൽ ഓർത്തിട്ട്.കുറ്റബോധോം തോന്നി.പക്ഷെ അപ്പൊ ഒക്കെ ന്നെ മൂപ്പരന്നെ (ഗുരുവായൂരപ്പൻ ) സമാധാനിപ്പിക്കും ഈ അച്ചു സമ്മതിക്കാത്തോണ്ടല്ലേ സാരല്ല്യാന്ന്.[ഈ ഗുരുവായൂരപ്പന് നാവില്ലാത്തത് നന്നായി.ഇല്ലെങ്കിപ്പൊ വന്നു പറഞ്ഞേനെ വെർത്യാ ഈ ഉമ ചുമ്മാ പറയണതാട്ടോ ഞാൻ അങ്ങനൊന്നും ആരേം പറഞ്ഞ് സമാധാനിപ്പിക്കാറില്ലന്ന്].

തൊഴാൻ നിക്കുമ്പോ തൊട്ട്,അല്ലാ,ആ മതിൽ കെട്ടിനകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഒരേ സമയം മൂന്നു തരത്തിൽ ഭഗവാനോട് സംസാരിക്കാൻ തുടങ്ങും.മനസ്സിൽ പുള്ള്യോട് വർത്തമാനങ്ങൾ പറഞ്ഞും, ചുണ്ടിൽ ഹരേ രാമാ,ഹരേ കൃഷ്ണാ നിറച്ചും ,മുന്നിലെ കാഴ്ചകളിലൂടെ കണ്ണുകൾ  കൊണ്ടും ഞാൻ കണ്ണനോട് സംസാരിക്കാറുണ്ട്.തൊഴാൻ നിക്കുന്ന പ്രായായോരുടെ കഷ്ടപ്പാടുകളും,കുട്ട്യോൾടെ വാശീം വികൃതീം,ചെലോരുടെ വേഷ ഭൂഷാദികളും ഒക്കെ ആ നേരത്ത് കണ്ണനോടുള്ള ന്റെ കണ്ണുവർത്താനങ്ങൾ ആവും. ഒരേ സമയം മൂന്നു തരത്തിൽ സംസാരിക്കുക എന്നത് എനിക്ക് മാത്രള്ള കഴിവാണോന്നറിയില്ല.അതോ എല്ലാവരും അങ്ങനെയാണോ ???? ന്തോ......നിയ്ക്ക് നിശല്ല്യ.ഞാൻ ഇങ്ങന്യാണ്. എനിക്കിഷ്ടാണ് ഇങ്ങനോക്കെള്ള എന്നെ.കാണാൻ വരണോരെ ഒക്കെ സന്തോഷിപ്പിച്ചു വിട്ടേക്കണേന്നു ഞാൻ പറയുമ്പോ ന്നോട് തല്ലൂടും. ഓ, ഇനീപ്പോ നീ പറയാത്ത കുറവേ ഉള്ളൂന്നും പറഞ്ഞ്.

തിരക്ക്തൊ കാരണം ശ്രീ കോവിലിന്റെ അടുത്തേക്ക് തൊട്ട് മുന്നിലേക്ക് ആരേം കടത്തി വിടണില്ല.മകരവിളക്ക് തൊഴാൻ പൊണോരൊക്കെം ഇവടെ വന്നിട്ടേ പോണുള്ളൂന്നതുകൊണ്ട് നല്ല തിരക്കായിരുന്നു.പോരാത്തേനു ഇന്നലെ വ്യാഴാഴ്ച്ചേം.ഹോ....അന്ന് തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച പോയേന്റെ ഫലം അനുഭവിച്ചതാ.ന്ത്‌ തിരക്കായിരുന്നോ!!!!!അതും അന്ന് മുപ്പട്ട് വ്യാഴാഴ്ച്ച ആയിരുന്നു.ഈ തിരക്കിലൊക്കെ അമ്പലത്തിൽ പോയി തൊഴണത് വെർത്യാന്നു നിയ്ക്ക് തോന്നാറുണ്ട്.ഭ്കതിക്ക് പകരം ദേഷ്യോം അസ്വസ്ഥതേം ആണ് എനിക്കപ്പൊ തോന്നാറ്.സ്വാമി കൂടെള്ളോണ്ട് ഞങ്ങൾക്ക് ശ്രീകോവിലിന്റെ അടുത്തേക്ക് പോവാൻ സാധിച്ചു.ആ ഒരു രണ്ടു മൂന്നു മിനിറ്റ് കണ്ണന്റെ മുന്നിൽ ഞങ്ങൾ മാത്രം!!!!!!അപൂർവ്വമായി അങ്ങനൊരു ഭാഗ്യം കിട്ടീണ്ട് പലപ്പോഴും.കണ്ടപ്പഴേ ന്നോട് ചോയ്ച്ചു ഓഹോ....മൂക്കുത്തിയൊക്കെ ഇട്ടപ്പോ ദേവു നല്ല ചന്തു ആയല്ലോന്ന്.(ചന്തു-ന്നു വെച്ചാൽ ചന്തം തികഞ്ഞവൾ ന്നാ ഞാൻ അർത്ഥം കൊടുത്തേക്കണേ) അപ്പഴാണ് കുറിഞ്ഞിപൂക്കൾ പറയാൻ ഏൽപ്പിച്ച ലിസ്റ്റ് ഓർമ്മ വന്നെ. അതൊക്കെ വേഗം പറഞ്ഞു.

കാളിയ മർദ്ദനം ആയിട്ടായിരുന്നു ഇന്നലെ കളഭം ചാർത്ത്യെ.നല്ല ചന്തം കാണാൻ.അടുത്ത് ചെന്ന് മുഖം നിറയെ ഉമ്മ വെക്കാൻ തോന്നി അത് കണ്ടപ്പോ.അച്ചൂം പറഞ്ഞു അങ്ങനെ.പക്ഷെ ,ഒള്ള വെണ്ണ,പാല്,നെയ്യ്  ഒക്കെ കഴിച്ച് കഴിച്ച് ചെക്കനങ്ങട് വണ്ണം വെച്ചു.കണ്ടാൽ അറിയാം കൊളസ്ട്രോൾ കൂടീണ്ട്ന്ന്.ഞാൻ അതിന് കൊറേ ഉപദേശിച്ചു.സ്നേഹള്ളോരു  തരുമ്പോ ങ്ങന്യാ വേണ്ടായ്ക്ക്യാന്നു ചോയ്ച്ച് ന്റെ വായ്‌ അടപ്പിച്ചു.അത് സത്യാ. സ്നേഹത്തിന്റെ മുന്നില് ഒന്നും ഇല്ല്യ...ഒന്നും.തിടപ്പള്ളീന്നു നെയ്യ്  മൂക്കണ മണം വല്ലാതെ കൊതിപ്പിച്ചു.പിന്നവിടെ നിന്നില്ല്യ,സ്വാമ്യോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി.ഒരു പ്രദക്ഷിണം വെച്ചു.ഞാൻ ആ മൂന്നു തരം മിണ്ടൽ തുടർന്ന് കൊണ്ടേയിരുന്നു കേട്ടോ.

മഞ്ചാടി വാരാനുള്ള ഉരുളീടെ മുന്നിൽ ആരുംണ്ടായിരുന്നില്ല അതോണ്ട് ഞാനും അച്ചൂം കൊറേ കൊറേ കൊറേ വാരി.ആ ഉരുളി എങ്ങനേലും അടിച്ചു മാറ്റാൻ പറ്റ്യേങ്കീന്ന് ഒരു നിമിഷം ഞാനോർത്തു.പോവുമ്പോ ഒക്കേം അച്ചൂനു വേണ്ടി ആൾരൂപം എടുത്തു വെക്കണ വഴിപാട് ചെയ്യലുണ്ട്.അത് ചെയ്തു. അയ്യപ്പനെ തൊഴാൻ വേണ്ടി നടന്നപ്പോ കണ്ണൻ ഒരു മഞ്ചാടി മണീടെ രൂപത്തിൽ വന്നു ന്റെ കാലിൽ തൊട്ടു.ന്നിട്ട് "ന്തേ ഈ തവണ കൊണ്ടോണില്ലേ"ന്നു ചോയ്ച്ചു. കൊണ്ടോവാൻ നിർബന്ധിച്ചു.(അതെന്താന്നു വെച്ചാൽ കണ്ണനെ കാണാൻ പോവുമ്പോ ഒക്കേം എവടെങ്കിലും വെച്ച് ന്റെ കാലിൽ ഒരു മഞ്ചാടിക്കുരു തടയും.ഞാൻ അതിനെ എടുത്തോണ്ട് വരും.ഇത് കേട്ടാൽ  അടിച്ചു മാറ്റൽ എന്നൊക്കെ നിങ്ങൾ പറയും,അത് ചെയ്യാൻ പാടില്ല ന്നൊക്കെ ഉപദേശിക്കും. പക്ഷെ സത്യം .ഒക്കേം ഈ കണ്ണന്റെ പണിയാ.ഞാൻ ഒരെണ്ണം കൂടെ കൊണ്ട് പോരണം എന്നത് കണ്ണന്റെം ഇഷ്ടാ.(ഹോ........അവന് മിണ്ടാൻ പറ്റാത്തത് പിന്നേം നന്നായി).നിർബന്ധം  ഏറിയപ്പോ ഞാൻ കുനിഞ്ഞതിനെ എടുത്തു കയ്യിൽ സൂക്ഷിച്ചു.

തിരക്കുണ്ടായിരുന്നു.എങ്കിലും കുറച്ചു നേരം ചുറ്റമ്പലത്തിൽ ഇരുന്നു. ഹരേ രാമ ഹരേ കൃഷ്ണ ജപിച്ചു.1000 വട്ടം സഹസ്ര നാമം ജപിക്കണ ഫലാത്രേ ഒരു തവണ ഹരേ രാമ ഹരേ കൃഷ്ണ ജപിച്ചാൽ.ഞാനൊരു ഫലോം മോഹിച്ചോണ്ടല്ലട്ടോ,എനിക്ക് സഹസ്രനാമം നിശല്ല്യാത്തോണ്ടാ.പിന്നെ ഹരേ രാമ ഹരേ കൃഷ്ണ ന്നു പറയാനുള്ള എളുപ്പം കൊണ്ടും,ഇഷ്ടം കൊണ്ടും, അതിന്റെ വിശുദ്ധി കൊണ്ടും 54വർഷായി തിരുവനന്തപുരത്തിലെ ഒരാശ്രമത്തിൽ അതിങ്ങനെ നിലയ്ക്കാതെ ജപിച്ചു കൊണ്ടിരിക്കണത് ഈയെടെ കണ്ടതോണ്ടും ഒക്കെ കൂടി നിയ്ക്ക് അതേയ് എപ്പഴും നാവിൽ വരൂ.
ദീപാരാധന കഴിഞ്ഞേ പുറത്തേക്കു കടന്നുള്ളൂ.അതുവരേം അവിടെ ഇരുന്നു.എത്ര തിരക്കുണ്ടെങ്കിലും എല്ലാവർക്കും എന്തിഷ്ടാണ് ഈ ഗുരുവായൂരും,ഗുരുവായൂരപ്പനേം ന്ന് ഞാനിങ്ങനെ ഓർത്തു കൊണ്ടിരുന്നു.
പുറത്തു കടന്നു ഓഫീസ് ഗണപത്യെ തൊഴുതു.അച്ചൂന് മുല്ലപ്പൂ വേണം ന്ന്  പറഞ്ഞപ്പോ അത് വാങ്ങിച്ചു.കരിമൊട്ട് മാല.കണ്ടപ്പോ കഷ്ടം തോന്നി. അതിന്നും വിരിഞ്ഞില്ല.അതും മുഴം 20 ഉറുപ്പ്യ.അച്ചൂനു വേണ്ടി ആദ്യായി ഒരു കഥ പുസ്തകം വാങ്ങി.ഹോട്ടലിൽ കേറി ഭേൽ പുരി,പാവ് ഭാജി,ചപ്പാത്തി ഒക്കെ കഴിച്ചു.തിരിച്ച് പോന്നു.

ഒരിക്കലൊരു ഗുരുവായൂർ യാത്രേൽ മനോരമ മ്യൂസിക് ന്റെ കടേന്നു instrumental music of rain-varsha എന്നൊരു സീഡി വാങ്ങി.പണ്ടൊരു പോസ്റ്റ്‌ൽ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് എനിക്കത്.അത്ര സുഖാണ് അത്.മിനിഞ്ഞാന്നത്തെ പേപ്പറിൽ റഫീക്ക് അഹമ്മദ് എഴുത്യ കണ്ടു ഒരിക്കലൊരുനാൾ ആകാശത്ത് വിരിഞ്ഞ കാർമേഘപൂക്കളെ കണ്ടപ്പോ മയിലുകൾ നൃത്തം ചെയ്തത് കണ്ട അനുഭവത്തെ കുറിച്ച്.ആ സൌന്ദര്യം കണ്ണുകളിൽ,മനസ്സിൽ നിറഞ്ഞപ്പോൾ അത് മുഴോനും കണ്ടോണ്ട് നിക്കാൻ സാധിക്കാതെ താഴെ വീഴുമോന്നു പേടിച്ചുത്രെ.[ഇണ ചേരാൻ വേണ്ടി പെണ്ണുങ്ങളെ ആകർഷിക്കാൻ ആണ്‍ മയിലുകൾ സ്വയം മറന്നു നൃത്തം ചെയ്യുമത്രേ.ആ നൃത്തം അവർണ്ണനീയമാണ് അത്രമാത്രം സുന്ദരം.ഈ മയിൽ വേട്ട ഏറ്റവുമധികം നടത്തുന്നതും അപ്പോഴാണത്രെ!കഷ്ടം.....ഈ മനുഷ്യനോളം ക്രൂരത നിറഞ്ഞ മറ്റൊരു വർഗ്ഗം വേറെ ഇല്ല്യ ഭൂമിയിൽ ന്നു തോന്നും ഇങ്ങനെ ചിലതൊക്കെ കേക്കുമ്പോ.] അതങ്ങനെയാണ് ചില കാഴ്ചകളുടെ സൌന്ദര്യം,സംഗീതത്തിന്റെ മാധുര്യം,ഒക്കെ നമ്മെ വല്ലാതെ കീഴ്പ്പെടുത്തും.മാസ്മരിക സൌന്ദര്യം ന്നൊക്കെ പറയണത് അങ്ങൻത്തേനെ ആവുംലെ?

തിരിച്ചുള്ള യാത്ര ആ മഴ സംഗീതം കേട്ടോണ്ടായിരുന്നു.അതിലെ ഓരോ മ്യൂസിക് പീസിനും ന്റെയുള്ളിൽ ഓരോ ചിത്രങ്ങളുണ്ട്.അതിങ്ങനെ ഒക്കെയാണ്.
"പുതുമഴ നനയുന്ന ഒരു ഫുൾ പാവാടക്കാരി പെണ്‍കുട്ടി.
മഴ നനയണ മണ്ണ് നോക്കി,
ഓട്ടിൻ തുമ്പിലൂടെ ഇറ്റു വീഴണ മഴതുള്ളി നോക്കി,
മരങ്ങളിൽ പെയ്യണ മഴ നൂലുകളെ നോക്കി,
ഇലകളിൽ പെയ്ത് തെറിച്ചുരുണ്ട് താഴെ വീഴണ മഴ മുത്തുകളെ നോക്കി,
മഴയുമ്മ കൊണ്ട് തുടുത്ത പൂവിതളുകളെ നോക്കിയുള്ള അവളുടെ ചിരിയുടെ ചിത്രം .............."

"ഇരു വശവും പിന്നിയിട്ട മുടിയുമായി,മുട്ടോളം എത്തുന്ന ഒരു പാവാടക്കാരി  കുട്ടി.
ചിരിക്കുമ്പോൾ മുന്നിലെ രണ്ടു വല്യേ പല്ലുകൾ മുഴോനും കാണുന്ന ഒരു 10 വയസ്സുകാരി നാടോടി കുട്ടി.
അവൾക്കു കൂട്ടായി അച്ഛൻ,പിന്നൊരു ആട്ടിൻ  കുട്ടീം.
മഴ നനഞ്ഞു കൊണ്ട്
വരികളില്ലാത്ത ഏതോ ഒരു നാടൻ പാട്ടിന്റെ ട്യൂണ്‍ മൂളി അവളിങ്ങനെ അവളുടേത്‌ മാത്രമായ ഒരു നൃത്തം ചവിട്ടുന്ന ഒരു ചിത്രം."

"പ്രിയപ്പെട്ട ആരെയോ ഒരു മഴയിലൂടെ അവൾക്കു നഷ്ടമായി.
ആ നഷ്ടപ്പെടലിന്റെ പകപ്പിൽ ഒന്ന് കരയാൻ പോലുമാവാതെ മഴ നനയുന്ന അവൾ............അവളുടെ ചിത്രം."

"അവൾക്ക് നൃത്തത്തോട് തീവ്ര പ്രണയമാണ്.സുന്ദരിയായ അവൾ സ്വയം മറന്നു കൊണ്ട് നൃത്തം ചെയ്യുന്നു.വിചാരിക്കാതെ പെയ്ത മഴയിൽ നനയുന്നത് പോലും അവളറിഞ്ഞു കാണില്ല.ആ അവളുടെ ചിത്രം."
ഇങ്ങനെ ഒരുപാട് മഴ കാഴ്ചകൾ എനിക്കാ സംഗീതങ്ങൾ സമ്മാനിക്കുന്നു.

അല്ലെങ്കിലും ഈ സംഗീതം,മഴ,കടൽ,പൂക്കൾ,പച്ച ഒക്കെ സ്നേഹത്തിന്റെ പര്യായങ്ങൾ ആണ്.ഇവയെല്ലാം നമ്മിൽ നിറയ്ക്കുന്നത് സ്നേഹത്തെ മാത്രമാണ്.പറഞ്ഞു തരുന്നത്  നിസ്വാർത്ഥമായി സ്നേഹിക്കാനാണ്.പങ്കു വെക്കാൻ ഇത്രയധികം സ്നേഹം ന്റുള്ളിൽ ണ്ട്ന്ന് പലപ്പോഴും ഞാൻ അറിയണത് മഴ നനയുമ്പൊഴും,കടലിനെ  നോക്കുമ്പോഴും,പൂക്കളെ കാണുമ്പഴും പച്ചയിൽ കുളിച്ച പ്രകൃതിയെ കാണുമ്പോഴും ഒക്കെയാണ്. അപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ന്റെ മനസ്സ് സ്നേഹത്തിന്റെ കാര്യത്തിൽ ഒരു അക്ഷയ പാത്രമാണെന്ന്.പങ്കു വെക്കും തോറും പിന്നെയും പിന്നെയും നിറയുന്ന സ്നേഹം എവിടെ നിന്നാണ് എന്റെയുള്ളിൽ ഇത്ര മാത്രം??????????ന്നെ വിസ്മയിപ്പിക്കുന്ന ഒന്നാണ് എനിക്കാ ചോദ്യം.

തിരിച്ചെത്തിയപ്പഴേക്കും ഉറക്കം വന്ന്  അച്ചു വാശി പിടിക്കാൻ തുടങ്ങി.കണ്ണനേം,മഴേം,ഡാൻസും,ഒക്കെ വിട്ടിട്ട് ഞാൻ അച്ചൂനെ ഉറക്കാൻ വേണ്ടി പാടി തുടങ്ങി
"ഓമന കുട്ടൻ ഗോവിന്ദൻ
ബലരാമനെ കൂടെ കൂട്ടാതെ........"




 

Wednesday, January 8, 2014

പറഞ്ഞാലും തീരണില്ലല്ലോ ന്റെ വിശേഷങ്ങൾ,കേട്ടിട്ട് നിന്ക്ക് മടുത്ത്വോ???????

മലമക്കാവെന്ന സ്ഥലം ഞാൻ കാണാൻ തുടങ്ങീട്ട് നാളുകളേറെയൊന്നും ആയിട്ടില്ല്യ.ന്നാലും അവടെ പോവുമ്പോ ഒക്കേം , നിയ്ക്ക് കൊറേ കാലായിട്ടേ ഇവിടം അറിയാംന്നു തോന്നാറുണ്ട്.എനിക്കെന്റെ ഇല്ലോം ചുറ്റോറോം എത്ര പ്രിയാണോ അത്രേം തന്നെ അവിടോം ഇഷ്ടാണ്.ഇതുവരേക്കും ഞാനാ ഇല്ലത്തിന്റെ ഉൾവശം കണ്ടിട്ടില്യ.ന്നാലും മറ്റുള്ളവരുടെ വർത്താനങ്ങളിൽ നിന്നും കേട്ട അറേം നെരേം  മച്ചും തെക്കിനീം വടക്കിനീം ഒക്കേം ന്റെ സ്വപ്നങ്ങളിലൂടെ ഞാനെന്നും കാണാറുണ്ട്.ആ സ്വപ്നങ്ങളിലൂടെ ഞാൻ അവിടെയൊക്കെ ഓടി നടന്നിട്ടുണ്ട്,ഒളിച്ചു കളിച്ചിട്ടുണ്ട്,ആരും കാണാതെ ഇരുന്നു കരഞ്ഞിട്ടുണ്ട്.മഴ നോക്കി നിന്നോണ്ട്  മഴയേം നിന്നേം പ്രണയിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ അവിടേക്ക് പോവാൻ കിട്ടണ അവസരങ്ങളൊന്നും ഞാൻ കളയാറില്ല.എനിക്കെന്റെ ഇല്ലത്തേക്ക് പോവുന്ന ഒരു തോന്നൽ....അതെങ്ങനെ നഷ്ടപ്പെടുത്തും!!!!!!!

നാലാന്നാൾ ഒട്ടും വിചാരിക്കാതെയാണ് സന്ധ്യക്ക് അങ്ങട് പോയത്.വരണ ശനിയാഴ്ച അവിടത്തെ അമ്പലത്തിൽ താലപ്പൊലിയാണ്. കഴിഞ്ഞ കൊല്ലം പോയിരുന്നു. പക്ഷെ ഈ തവണ നടക്കുംന്ന് തോന്നീല്യ. അതോണ്ടും കൂട്യാണ് പോയത്. പോവുന്ന വഴ്യാണ് ആനക്കര വടക്കത്ത് വീട്.(അവിടത്തെ ആണല്ലോ  ക്യാപ്റ്റൻ ലക്ഷ്മീം മല്ലിക-മൃണാളിനി സാരാഭായി ഒക്കേം). ഒരു വീട്ടിലന്നെ ത്രേം പ്രശസ്തർ അതെനിക്കൊരു അതിശയാണ്. ആ വീട് ഒരിക്കലെങ്കിലും നേരിൽ കാണണംന്ന് കൊറേ കാലായി വിചാരിക്കണൂ . കാറിലിരുന്നു കണ്ണെത്തുവോളം ആകാശം നോക്കിയിരുന്നു. നിറയെ മേഘങ്ങൾ........ഓരോ കഷ്ണം കഷ്ണം ആയി ഒരേ വരിയും നിരയും ഒപ്പിച്ചു കൊണ്ട്.നേർത്ത ചുവപ്പു  നിറം ഓരോന്നിലും കലർന്നിരുന്നു.ഞാൻ ഇന്നേ വരേം അങ്ങനൊരു ആകാശം കണ്ടിരുന്നില്ല.കുറച്ചു കഴിഞ്ഞപ്പോൾ ഇടയിൽ നിന്നൊരു ചന്ദ്രക്കല മെല്ലെ മെല്ലെ തെളിഞ്ഞു വന്നു.പിന്നീട് ഒറ്റക്കും കൂട്ടായും നക്ഷത്രങ്ങളും.ഈ ഡിസംബർ മാസത്തിൽ ആകാശത്തിൽ ധാരാളം നക്ഷത്രങ്ങളെ കാണാൻ സാധിക്കുംത്രേ!!!

നക്ഷത്രങ്ങൾ വരണത് ഞാൻ അന്നൊരീസം ബിന്ദു അച്ചോൾടെ ഇല്ലത്ത്ന്നു വരുമ്പോ കണ്ടിരുന്നു. അങ്ങട് പോണ വഴി ഇരുവശോം പാടങ്ങൾ ആണ്.വിളഞ്ഞു നിന്ന നെൽക്കതിരുകൾടെ മണം അന്നാണ് ഞാൻ ശരിക്കും അനുഭവിച്ചത്.പച്ച നെല്ലോലകൾക്കിടയിൽ മഞ്ഞക്കതിരുകൾ ഒരു പ്രത്യേക ഭംഗിണ്ട് .വളരെ നിഷ്കളങ്കത നിറഞ്ഞ ഒരു ചന്തം.അതാസ്വദിച്ച് ആകാശത്തേക്ക് നോക്കി ഇരുന്നു ബൈക്കിന്റെ പിന്നിൽ അന്ന്. പൌർണ്ണമിയുടെ തലേന്നായിരുന്നെങ്കിലും ചന്ദ്രൻ പൂർണ്ണനായിരുന്നു.കുറച്ചു മാറി ഒരു നക്ഷത്രം ഏറ്റവും തെളിഞ്ഞു നിന്നിരുന്നു. (അതല്ലേ ഈ ധ്രുവനക്ഷത്രം? ).നീലാകാശത്തിൽ ആകെ ഇവര് രണ്ടും മാത്രംന്ന് ഞാനോർത്തതിന്റെ തൊട്ടു പിന്നാലെ തന്നെ മറ്റൊരു നക്ഷത്രം കുറച്ചു കൂടി നീങ്ങി വന്നു നിന്നു.അതിന്റെ നേരെ നോക്ക്യപ്പഴേക്കും ഇപ്പ്രത്ത്‌ ഒരെണ്ണം, പിന്നെ അപ്പ്രത്ത്‌ ,അതിന്റപ്പർത്ത് എന്നും വേണ്ടാ ഒരു നിമിഷം കൊണ്ട് ആകാശം ആകെ നക്ഷത്രങ്ങളെ കൊണ്ട് നിറഞ്ഞു.അതും എനിക്കാദ്യത്തെ അനുഭാവായിരുന്നു.പണ്ടൊരിക്കൽ മാവിലെ ഏറ്റോം മോളിലെ കൊമ്പിൽ നിറഞ്ഞ മിന്നാമിന്നികൂട്ടം കണ്ട പോലൊരു അപൂർവ്വ സുന്ദര കാഴ്ച്ച.

മലമക്കാവിലേക്കുള്ള വഴിയിലും ചിലയിടത്ത് ഇരു വശോം പാടങ്ങൾ ണ്ടായിരുന്നു.കൊയ്ത്തു കഴിഞ്ഞിരുന്നു.അപ്പൊ വന്ന കാറ്റിന് വൈക്കോൽന്റെ മണായിരുന്നു.വൈക്കോൽ കണ്ടപ്പോ പണ്ട് ന്റെ ഇല്ലത്തുണ്ടായിരുന്ന പശുക്കൾ ഒന്നാകെ ഓർമ്മയിലേക്ക് ഓടിയെത്തി. സിന്ധു,സന്ധ്യ ന്ന രണ്ടെണ്ണം.സിന്ധുന്റെ കുട്ടി രോഹിണി.രോഹിണിടെ കുട്ടി പൂവാലി.പൂവാലി അതായിരുന്നു അവടത്തെ അവസാനത്തെ പശു. ഇപ്പഴാണേൽ ഞാൻ പോവുമ്പോ തൊട്ടും തലോടീം നിന്നേനെ.അന്നൊക്കെ നിയ്ക്ക് ന്ത്‌ പേട്യാരുന്നൂന്നോ!!!!അതിനെ കണ്ട് പേടിച്ച് ത്ര ഓട്യേക്കുന്നു ഞാൻ!!!!വൈക്കൊൽന്റെ , ഓല മടലിന്റെ കിളച്ചിട്ട മണ്ണിന്റെ, വേരിന്റെ  ഒക്കെ മണം നിയ്ക്കെന്തിഷ്ടാന്നോ!!!!!!ഇവടെ പിന്നിലെ പാടത്തിൽ രണ്ടാഴ്ച്ച മുൻപാണ് കൊയ്ത്തു കഴിഞ്ഞേ.ബംഗാളികൾ ആയ ആണുങ്ങൾ ആണ് കൊയ്യാൻണ്ടായിരുന്നെ.അവരുടെ കലപില വർത്താനം കേട്ടോണ്ട്, കൊയ്യണതും കണ്ടോണ്ട് ഞാൻ പറമ്പിന്റെ അതിരിൽ അവര് കാണാതെ കൊറേ നേരം നിന്നു.നാട്ടിലെ പെണ്ണുങ്ങൾ ആയിരുന്നെങ്കിൽ അടുത്ത് പോയിരുന്നു കാണായിരുന്നു.ആ മണോം,പൊടീം ഒക്കെ ശ്വസിച്ച് വെയിലത്ത് ഇരിക്കണം.ഇവടെ കൃഷി പണ്ടേ ല്ല്യാത്രേ!!! ന്റെ ഇല്ലത്ത്ണ്ടായിരുന്നു.പക്ഷെ എനിക്കോർമ്മ വച്ചപ്പഴേക്കും അതൊക്കേം നിന്നു . പണ്ടൊരു കൊയ്ത്തു കാലംണ്ടായിരുന്നൂന്ന്  ഓർമ്മിപ്പിക്കാൻ ഒരടയാളം  എന്റെ നെറ്റിയിലിന്നും ശേഷിക്കുന്നുണ്ട്.ഇറയത്തു കൊണ്ടിട്ട നെല്ലിൽ ചവിട്ടി നടന്ന ഒരു ഒന്നര വയസുകാരി കുട്ടി.അതിൽ ചവിട്ടി വഴുക്കി തൂണിന്റെ മൂലയിൽ നെറ്റി കുത്തി വീണു .അഞ്ചു സ്റ്റിചും ഇടേണ്ടി വന്നു.ആ പാട് ഇപ്പഴുംണ്ട്.sslc ബുക്കിൽ ആ പാടാണ് സിസ്റ്റർ ചേർത്ത് വച്ചേ!!!!ഞാനിപ്പഴും ഏറെ സ്നേഹത്തോടെ അതിൽ തൊട്ടു നോക്കാറുണ്ട്.

മലമക്കാവ് അയ്യപ്പന്റെ മുന്നിൽ എത്ത്യപ്പഴേക്കും ഇരുളിന്റെ കനം കുറഞ്ഞൊരു പുതപ്പു കൂടിയിരുന്നു പ്രകൃതി.മുന്നിലെ അരയാലിൽ ഇലകൾ നിശബ്ദമായി നാമം ജപിക്കാൻ തുടങ്ങിയിരുന്നു.അവിടെ നിശബ്ദതക്കു പോലും ഒരു പ്രത്യേക വിശുദ്ധിയുണ്ടെന്നു തോന്നി എനിക്ക്.തുളസീം തെച്ചീം സ്വർണ്ണമലരീം മുന്നിൽ നിരത്തിയിരുന്നു മാല കെട്ടികൊണ്ടിരുന്ന വാരസ്യാർ.ശ്രീകോവിലിൽ കത്തുന്ന വിളക്കുകളെ നോക്കി,അതിലൂടെ തെളിയുന്ന ചൈതന്യത്തെ നോക്കി നിന്നപ്പോൾ ആ തിരി പകർന്നു തന്ന വെളിച്ചം സ്നേഹത്തിന്റെ ആയിരുന്നു.നോക്കി നിൽക്കും തോറും ആ ചൈതന്യം ന്റെ മനസിലും നിറയുന്നതായി എനിക്ക് തോന്നി.ആവശ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു അപേക്ഷ വെക്കാൻ.അതുകൊണ്ട് തന്നെ ഞാനിങ്ങനെ നോക്കി നിന്നു .പുള്ളി എന്നോടാണ് വിശേഷങ്ങളോരോന്നും ചോദിച്ചത്.വെള്ളി കെട്ടിയ വെളുത്ത ശംഖിൽ നിന്നും തന്ന തീർത്ഥം നെറുകയിൽ തൂവിയപ്പോൾ അതിന്റെ നേർത്ത കുളിർമ്മ ഉള്ളു തണുപ്പിച്ചു. എമ്പ്രാന്തിരി മുത്തശ്ശൻ എല്ലാർക്കും പ്രസാദം തന്നു. ഇരുട്ട്യോണ്ട് നീലത്താമരയെന്ന ചെങ്ങഴീർ പൂവ് വിരിയണ കൊക്കർണ്ണി കാണാൻ പോയില്ല.ആ പൂവൊന്നു കാണണംന്ന് കേട്ടനാൾ മുതൽ കൂടെ കൂട്യൊരു മോഹാണ്.സാധിക്ക്വോ ആവോ!!!പണ്ടൊക്കെ 51 ഉറുപ്പ്യ ണ്ടായിരുന്ന പൂവിനിപ്പോ 1050 ഉറുപ്പ്യ ആയീത്രേ!!!അമ്പലങ്ങളിൽ കലശത്തിന് ഈ പൂവ് നിർബന്ധാ!!!!അതോണ്ട് ഈ അമ്പലം അത് തരാക്കി ആ വഴിക്ക് കാശുണ്ടാക്കാൻ തുടങ്ങി.ചെറിയ നീലാമ്പൽ പോലെ ഇരിക്കുംത്രെ കണ്ടാൽ.

തിരിച്ചു പോരുമ്പോ അവടത്തെ ഒരു കടേന്നു പപ്പടോം പച്ചക്കറി കടേൽ കേറി ചീരേം,മറ്റും വാങ്ങിച്ചു.ഇവടൊന്നും തൂക്കപപ്പടം കിട്ടില്ല.പത്തെണ്ണം ഉള്ള ഒരു പാക്കറ്റ് ആയെ കിട്ടൂ.അതാണേലോ അശേഷം സ്വാദുംല്ല്യ .അവടെ നല്ല പപ്പടം കിട്ടും.അതോണ്ട് പോവുമ്പൊക്കേം വാങ്ങും.ഈ ചീര ന്റെ ഒരു വീക്ക്നെസ്സ് ആണ്.പണ്ട് തൃശൂർക്ക് പോയിരുന്ന കാലത്ത് ശക്തൻ മാർക്കറ്റിൽ ഒരു മൂലേൽ ഒരു ചീരക്കാരി ണ്ടായിരുന്നു.അവരെന്നെ കാണുമ്പോൾ ഏറ്റോം നല്ല കെട്ട് ചീര എടുത്തു തരുമായിരുന്നു(ഫ്രീ ആയിട്ടല്ലാട്ടോ).തൃശൂര് പോവുമ്പോ വേറെ എവടേം പോയില്ലെങ്കിലും ശക്തൻ മാർക്കറ്റിൽ പോവാതെ വയ്യ.ഇങ്ങനെ നിരനിരയായി അടുക്കി അടുക്കി ഓരോന്നും വെച്ച കാണാൻ തന്നെ ത്ര സുഖാണ്!!!!!ഇനി പോവുമ്പോ അവടന്നൊരു ഫോട്ടോ എടുത്തു വെക്കണം.ന്നാ പിന്നെ മിസ്സ്‌ ചെയ്യുമ്പോ അതെടുത്തു നോക്ക്യാ മതീലോ!!!!!ലെ?????

കഴിഞ്ഞ പോസ്റ്റ്‌ ഇട്ടിട്ട് ഒരു മാസം കഴിഞ്ഞല്ലോന്ന് ഇപ്പഴാ മനസിലായേ. അതിനിടേൽ ഒരു ഏകാശീം,തൃക്കാർത്തികേം,തിരുവാതിരേം,ക്രിസ്മസും ഒക്കെ കൂടി ഒരു കൊല്ലം തന്നെ കടന്നു പോയീലോ!!!!ഒരു കൊല്ലം തീരുന്നത് ഒരു മഞ്ഞു കാലോം ഒരുത്സവ കാലോം തുടങ്ങിക്കൊണ്ടാണ്.മഞ്ഞിന്റെ കുളിരിൽ പുതച്ചു കിടക്കുമ്പോൾ കേൾക്കാം ദൂരേന്ന് ചെണ്ട മേളങ്ങളുടെ, വെടിക്കെട്ടിന്റെ, എന്തെങ്കിലും സ്റ്റേജ് പരിപാടികളുടെ ഒക്കെ ശബ്ദങ്ങൾ. അതൊരു സുഖാണ്.മകരചൊവ്വയോട് കൂടി കല്യാണിക്കാവിലെ താലപ്പൊലി ഉത്സവം തുടങ്ങും. അന്ന് തുടങ്ങുന്ന കളം പാട്ട്.പതിനഞ്ചാം നാളിലെ താലപ്പൊലിയോടെ തീരും.(ഇപ്രാവശ്യത്തെ താലപ്പൊലിക്ക് ബാലെ ആണ് അന്ധകാന്തകൻ.ഇവടെ വന്നിട്ടാണ് ഞാൻ നാടകോം,ബാലേം,ഗാനമേളേം ഒക്കെ കണ്ടേക്കണേ!!!!)ഇവിടന്നങ്ങോട്ടുള്ള ദിവസങ്ങൾ ഏറെ തിരക്കാവും.

രാവിലെ അമ്പലത്തിൽ പോവുമ്പോ കേക്കാം മഞ്ഞു വീഴണ ശബ്ദം.കാണാം മഞ്ഞു വീഴുമ്പോ ഇലകൾ എണീക്കണത്. ഇലകളിങ്ങനെ മടി പിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുമ്പോ മഞ്ഞിങ്ങനെ അവരെ വിളിച്ചുണർത്തുന്നത്.കഴിഞ്ഞ നാലഞ്ചു ദിവസായി ഒരു കുയിൽ രാവും പകലും കൂവിക്കൊണ്ടേയിരിക്കുന്നു. അത് സന്തോഷം കൊണ്ടുള്ള ഒന്നല്ലാന്നു കേട്ടാലേ മനസിലാവും.അതോണ്ടത് കേക്കുമ്പോ നിയ്ക്കാകെ കൂടി ഉള്ളിലൊരു  പിടച്ചിലാണ്.അതിനാരെയോ നഷ്ടപ്പെട്ട്ണ്ട്.അതോണ്ടാണ് അതിങ്ങനെ.........
രണ്ടു മൂന്നു ദിവസം മുൻപൊരു സ്വപ്നം കണ്ടു ന്നെ കൊതിപ്പിച്ച ഒരു സ്വപ്നം.ഒരു കുളം.അതിൽ നിറയെ താമരപ്പൂക്കൾ.ചോപ്പും വെള്ളേം ഇടകലർന്ന്.ഞാനിങ്ങനെ ഒരു കുഞ്ഞ്യേ വഞ്ചീൽ തന്നെ തുഴഞ്ഞോണ്ട് അതിനു നടുവിലൂടെ പോണു.ന്നിട്ട് അതീന്നിങ്ങനെ താമരപ്പൂ പൊട്ടിക്കണൂ.ന്നിട്ട് തിരിച്ച് പോരും.വഞ്ചി നിറയെ പൂക്കളുമായി.സ്വപ്നത്തിൽ എനിക്ക് താമരപ്പൂ കൃഷി ആയിരുന്നുത്രേ പണി.തലേന്നിവടെ പൂജയ്ക്ക് പൂവ് വേണ്ട കാര്യത്തിനെ പറ്റീം,ആരെയോ വിളിച്ച് പൂ ഏൽപ്പിക്കണതും ഒക്കെ സംസാരിച്ചിരുന്നു.അതോണ്ടാവും ഈ സ്വപ്നം.ന്തായാലും സംഗതി കൊള്ളാം.ശരിക്കും തൊടങ്ങ്യാലോ ഈ താമരപ്പൂ കൃഷി?????ന്നാ ന്ത്‌ രസാവും!!!!!

പണ്ട് കന്യകുമാരീടെ മൂക്കുത്തി കഥ കേൾക്കുമ്പോ മോഹിച്ച്ണ്ട് അങ്ങനെ തിളക്കള്ള ഒരു മൂക്കുത്തി വേണംന്ന്.ഒരിക്കലെപ്പഴോ നീ പറഞ്ഞിരുന്നു മൂക്കുത്തിയുള്ള എന്നെ നിനക്കൊന്നൂടെ ഇഷ്ടാവുംന്ന്.പിന്നീട് മൂക്കുത്തി കൊണ്ട് സുന്ദരികളായ ഒരുപാട് പേരെ കണ്ടപ്പോൾ ഒക്കേം കൊത്യായിരുന്നു. അമ്മൂം കുത്തി ന്നു കേട്ടപ്പോ ആ  മോഹം കലശലായി.അങ്ങനെ  ഏഴു വൈരക്കല്ല് വെച്ച ഒരു കുഞ്ഞു മൂക്കുത്തി നിയ്ക്കും സ്വന്തായി ഇപ്പൊ.

ഇരുട്ടും,വല്യേ ശബ്ദോം പേട്യായോണ്ട് അച്ചു ഇതുവരേക്കും തീയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല.കഴിഞ്ഞൊരു ദിവസം ആദ്യായി അവളെ കൂട്ടി സിനിമ കണ്ടു-ദൃശ്യം.കൊറേ കാലം കൂട്യാണ് ഞാനും കാണുന്നെ.പണ്ടൊരു സിനിമ കാണൽ കാലംണ്ടായിരുന്നു എനിക്ക്. തൃശൂർക്കും, ഗുരുവായൂർക്കും, കൊടുങ്ങല്ലൂർക്കും ഒക്കെ പോയിരുന്നു അന്ന് ഞങ്ങൾ സിനിമകൾ കാണാൻ. അതൊക്കെ ഒരു കാലം.അച്ചു വന്നതോടെ ന്റെ ഇഷ്ടങ്ങളുടെ ലിസ്റ്റീന്നു അതിനെ തട്ടി.ദൃശ്യത്തെ കുറിച്ച് ഒരാളോട് പറഞ്ഞപ്പോ പുള്ളി പറയാ ഹോ.....നീ ഫിലിം റിവ്യൂ പറയാനൊക്കെ പഠിച്ചു പോയ്‌ന്ന്.അല്ലെങ്കിലും ല്ലാർക്കും ഒരു വിചാരംണ്ട് ഞാനൊരു ബടുക്കൂസ് ആണ്ന്ന്.

കളഞ്ഞു പോയതും,തേടി ചെന്നതും,തേടിയെത്തിയതും ആയ കുറച്ചു സൗഹൃദങ്ങൾ എനിക്ക് കിട്ടിയ ഒരു വർഷമാണ് കടന്നു പോയത്. വാക്കുകളിലൂടെ മാത്രം അറിഞ്ഞ് ഇഷ്ടം തോന്നിയ ചിലരുണ്ട്.ഒരിക്കലെങ്കിലും അവരോടൊക്കെ മിണ്ടണംന്നു ആഗ്രഹിച്ചിരുന്നു.ഇന്നിപ്പോ അവരൊക്കെ ന്റെ പ്രിയ സുഹൃത്തുക്കൾ ആയിരിക്കുന്നു.

ഇത് വഴി വരണോർക്കൊക്കേം വൈകി പോയാലും നവവർഷ ആശംസകൾ!!!! നന്മയും സ്നേഹവും നിറയട്ടെ എല്ലാവരിലും.