Tuesday, April 22, 2014

പൂക്കളോർമ്മച്ചിത്രങ്ങൾ

എന്നു മുതലാണ്‌ ഈ പുല്ലാനി പൂക്കളോട് എനിക്കിത്രയേറെ ഇഷ്ടം തോന്നാൻ തുടങ്ങ്യേ???അറിയില്ല്യ.കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ പറമ്പിൽ നിൽക്കുന്ന മരങ്ങളിലാണ് ഇല കാണാത്ത വിധത്തിൽ പൂത്തു നിന്നിരുന്ന പുല്ലാനി വള്ളികളെ ഞാൻ ആദ്യായിട്ട് കാണണേ!!!!തുടക്കത്തിൽ ഈ നിറോം ദിവസങ്ങൾ കഴിയും തോറും മറ്റൊരു നിറോം,വാടി വീഴണ കണ്ടിട്ടില്ല. മണംല്ല്യ ന്നാലും എനിക്കേറെയേറെ ഇഷ്ടാണ്.ഒരിക്കൽ ഞാൻ സ്വന്തമാക്കുന്ന വീടിനു ചുറ്റുമുള്ള എല്ലാ മരങ്ങളേം  പൂത്ത പുല്ലാനി വള്ളികളെ കൊണ്ട് ഞാൻ കെട്ടിപ്പിടിപ്പിക്കും. :)

   കമ്മ്യൂണിസ്റ്റ് പച്ച ചെടി ഇവടെ അധികൊന്നും കാണാറില്ല്യ.പണ്ടൊക്കെ അതിന്റെ മണം എനിക്കൊട്ടും ഇഷ്ടല്ലായിരുന്നു.പക്ഷെ ഇപ്പൊ എനിക്കത് ഗൃഹാതുരതയുടെ മണാ!!!!അതിന്റെ വടി പിടിച്ച് ടീച്ചർ ആണ്ന്നും പറഞ്ഞെത്ര കല്ലുകളേം മരങ്ങളേം ഞാൻ അടിച്ചേക്കുന്നു!!!!അതിന്റെ വെളുത്ത പൂവ് ഒണങ്ങീതാ ഇത്.കാണുമ്പോ അതിനെ ഊതി പറപ്പിക്കാൻ തോന്നും എനിക്ക്.ഒരു കുഞ്ഞു കുറുമ്പ്. കാലത്തെ തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമം!!!!!

പണ്ട് വല്ല്യേ വെക്കേഷൻ കാലത്ത് നാലു നാളുകളിലേക്ക് മാത്രമുള്ളൊരു മുല്ലപ്പൂക്കാലം ണ്ടായിരുന്നു.അപ്പോഴാണ്‌ വെളുത്ത പൂക്കൾ രാത്രിയിലാണ് വിടരുന്നതെന്ന് ഞാൻ അറിഞ്ഞത്.കുടമുല്ല പൂക്കൾ പൊട്ടിക്കാൻ വേണ്ടി പടിക്കലേക്കു പോയിരുന്ന ആ രാത്രികളെ കാലങ്ങൾക്കു ശേഷം എനിക്ക് തിരികെ കിട്ടിയത് ദാ ഈ പവിഴമല്ലി പൂക്കളിലൂടെയാണ്.അന്ന് ബാല്യത്തിന്റെ മോഹം കൊണ്ട് ഒക്കേം പൊട്ടിച്ച് വാഴനാരിൽ കെട്ടി മാലയുണ്ടാക്കി തലേൽ വെച്ചിരുന്നു.പക്ഷെ ഇപ്പൊ ഇലകളുടെ വാത്സല്യത്തിന് നടുവിൽ ഞെട്ടിൽ ഒരു രാജകുമാരിയെ പോലെ അവ നിക്കണ കാണാനാണ് ഇഷ്ടം.അതു കാണുമ്പോ എന്റെയുള്ളിലും ഒരു വാത്സല്യം നിറയണ പോലെ............ഒരു പൂ പൊട്ടിക്ക്യാന്നു വിചാരിക്കുമ്പോ ആ ചെടി ഞാൻ ന്നും പൂവ് അച്ചു ന്നും തോന്നും.അപ്പൊ പിന്നെ തൊട്ടു നോവിക്കാൻ കൂടി എനിക്കാവില്ല്യ. മണക്കുന്നതു പോലും അവരെ ബുദ്ധിമുട്ടിച്ചു കൊണ്ടല്ല. അച്ചൂനോട് പറയും പൂവിനെ നോവിക്കല്ലേന്ന്(പൂ മാത്രല്ല ആവശ്യല്ല്യാതെ ഇലകളെ പോലും ഞാൻ പൊട്ടിക്കില്ല്യ).അപ്പൊ ചെടികളെന്നോട് പറയാറുണ്ട് സാരല്ല്യ അച്ചൂം,കുഞ്ഞൂട്ടനും പൊട്ടിയ്ക്കണത് ഞങ്ങക്ക് സന്തോഷാണ്ന്ന്.

ഞാൻ ഇതേവരെ കഴിച്ചിട്ടില്ലാത്ത മുരിങ്ങപ്പൂ തോരൻ നല്ല സ്വാദുള്ള ഒന്നാണ്ന്ന് പണ്ട് അച്ഛമ്മേം ഇപ്പൊ അമ്മേം പറയാറുണ്ട്.പൂവിനെ എങ്ങന്യാ കഴിക്ക്യാന്ന് അപ്പോക്കേം ഞാൻ ആലോചിക്കാറൂണ്ട്. പറയണ കേക്കുമ്പോ കഴിക്കാനും നേരിൽ കാണുമ്പോ വേണ്ടാന്നും തോന്നും. കിഴക്കോർത്ത് നിക്കണ മുരിങ്ങ മരത്തിന്റെ ഒരു കൊമ്പ് ഒടിഞ്ഞപ്പോ അതീന്ന് ഇല മുഴോനും പൊട്ടിച്ചിട്ട് കൊമ്പ് പിടിക്ക്യാണെങ്കി പിടിച്ചോട്ടെന്ന് കരുതി അമ്മേം ഏട്ത്തീം കൂടി അത് തോട്ടംനനയിൽ നനവ്‌ വരണോട്ത്ത് കുത്തീട്ടു. കൊറച്ചീസം കഴിഞ്ഞപ്പൊണ്ട്ടാ ഒരു തളിരില പോലും മുളയ്ക്കാതെ ഒരു കുല പൂ മാത്രം ണ്ടായി നിക്കണൂ.ആ പൂങ്കുല ആണ് ഇത്.ഇപ്പൊ ഇതിനൊന്നൂടെ ചന്തം കൂടീല്ലേ?????? :)


പരിശോകംന്നാത്രേ ഈ പൂ ണ്ടാവണ ചെടീടെ പേര്.ന്നെ പോലെ നിങ്ങളിൽ പലരും പഴയ ശിങ്കാർ ചാന്ത് കുപ്പി അമർത്തീട്ടൊ,അല്ലെങ്കിൽ ഹീറോ പേനേടെ ടോപ്പ് അമർത്തിയിട്ടൊ ആ മെറൂണ്‍ ഭാഗത്ത്ന്നു ഒരു വട്ടം പോലെ അടർത്തി എടുത്തിട്ട് പൊട്ടു പോലെ നെറ്റിയിൽ ഒട്ടിച്ചോണ്ട് നടന്നിരിക്കും ലെ???????????മുള്ളു കാരണം അതിന്റെ ചെടീന്ന് ഈ പൂ പൊട്ടിച്ചെടുക്കാൻ അന്നൊക്കെ ന്തൊരു പാടായിരുന്നു!!!!!പോണ വഴീടെ,വേലീടെ അരികേ,ഒക്കെ ഇതിങ്ങനെ വിരിഞ്ഞു നിക്കണ ഒരു ഓണക്കാലോർമ്മ എവടന്നോ മനസിലേക്ക് ഓടിപ്പാഞ്ഞു വരാറുണ്ട് ഇപ്പൊ ഈ പൂക്കളെ കാണുമ്പോ ഒക്കേം.
                                                                           
 


ഇതിങ്ങനെ കുലകുലയായി നിക്കണ  കാണാൻ ഒരു ഭംഗ്യന്നെ ആണ്. ഇവിടത്തെ അതിരിൽ നിറയെ പൂത്തു നിക്കണ ശീമക്കൊന്ന ചെടികളാണ്  മതിൽ ആയി...........ഒരു വല്ലാത്ത നിഷ്കളങ്കതയുണ്ട് ഇതിന്,ഒപ്പം ഒരു ബടുക്കൂസ് ലുക്കുംണ്ട്ന്ന്എനിക്കെപ്പഴും തോന്നാറുണ്ട്. നിന്നോടുള്ള പ്രണയം വല്ലാതെ കൂടുമ്പൊ എനിക്ക് തോന്നും ഞാനീ ശീമക്കൊന്ന പോലെയാണ്ന്ന്. അല്ലാത്തപ്പഴും നീ പറയാ ഞാനൊരു ബടുക്കൂസാന്നല്ലെ :(  .    
                                                                                                                                                               


കടലാസ് പൂ...........അതും ഒരു പഴേ ഓർമ്മയാണ്. ഇല്ലത്തിന്റെ ഇറയത്തോട് ചേർന്നൊരു മുറി ണ്ട് പുറത്തേക്ക്.അതിനു വാതിലൊന്നും ല്ല്യ. ജനലിനു പകരം നിറയെ വിടവുള്ള നല്ല ഡിസൈൻ ആയി ഒരു ചുമരാണ് ഉള്ളത്. അതിൽകൂടെ വെയിലു വരണതു കാണാനും,മഴ ചാറ്റലടിക്കണതു കൊള്ളാനും നല്ല രസാണ്. ആ ഡിസൈൻ ചുമരിൽ പണ്ട് ഒരു ബോഗൻ വില്ല ചെടി  നിറയെ പൂത്ത് പടർന്നു നിന്നിരുന്നു.ഇപ്പൊ ആ ചുമരന്നെ ആകെ കേടായി തുടങ്ങി.അവടെ ഉള്ളിലായി ഒരു തിണ്ണയുണ്ട്.അതിൽ ചാറ്റൽ മഴ കൊണ്ട് ചുമരും ചാരിയിരുന്ന് ആകെ നനഞ്ഞ,നിറയെ പൂത്ത കടലാസ്സ്‌ പൂക്കൾക്കിടയിലൂടെ പടിക്കലേക്ക്‌ നോക്കിയിരിക്കണം.ആ മഴയ്ക്കൊടുവിൽ നീ വരുമെന്നെനിക്കു തന്ന വാക്കോർത്ത് കണ്ണിൽ സ്നേഹവും,ഉള്ളിൽ സ്വപ്നങ്ങളും, ചുണ്ടിൽ  ചിരിയും നിറച്ച് നിന്നെയും കാത്തങ്ങനെ............... ഇരിക്കണംന്ന് ദേ ഇപ്പൊ ഒരു മോഹം!!!
                                                                                                   
പണ്ടെന്റെ പ്രിയപ്പെട്ട നിറം മഞ്ഞ ആയിരുന്നു.മഞ്ഞ രാജമല്ലി പൂ എനിക്കേറ്റോം ഇഷ്ടള്ള  ഒന്നായിരുന്നു. മഞ്ഞക്കിളിയെ കണ്ടാൽ അത് കണ്ണീന്ന് പോണ വരേം നോക്കി നിക്കും.മഞ്ഞേം, പച്ചേം പട്ടുസാരി ന്റെ മോഹായിരുന്നു. പ്ലസ് വണ്ണിനു പഠിക്കണ കാലത്ത് മഞ്ഞേം മെറൂണിലും എനിക്കൊരു പട്ടു പാവാട ണ്ടായിരുന്നു. എൽ പി സ്കൂൾ നാളുകളിലൊന്നിൽ അമ്മ ഒരു മഞ്ഞ ടോപ്പും ജീൻസ് ഫ്രോക്കും എനിക്ക് വാങ്ങിച്ചന്നിരുന്നു. അന്നത് കിട്ട്യന്നു ന്ത്‌ സന്തോഷായിരുന്നൂന്നോ!!!!പിന്നീട് കൊറേ വലുതായപ്പോ എനിക്ക് തോന്നി എനിക്ക് ചേരാ കറുപ്പ് നിറാന്ന്.അതോടെ മഞ്ഞോടുള്ള ഇഷ്ടം കൊറയാൻ തുടങ്ങി.എങ്കിലും മഞ്ഞ പൂക്കൾ അവയോടിഷ്ടം എന്നും ഒരുപോലെ തന്നെ.കഴിഞ്ഞ വേനലിലാണ് ഞാനീ ചിത്രം എടുത്തത്‌.തോട്ടത്തിൽ നിന്ന് നോക്ക്യാൽ പാടത്ത് കൊറേ മഞ്ഞ പൊട്ടുപോലെ നിരന്നു നിക്കണ കാണാം.ആദ്യം കരുതി മുക്കുറ്റി ആണ്ന്ന്.അടുത്ത് ചെന്നു നോക്ക്യപ്പഴാണ് മനസിലായെ അതല്ല വേറെന്തോ പൂവാണ്ന്ന്.ഈ ഫോട്ടോയിൽ നോക്കുമ്പോ ഒരു പൂന്തോട്ടത്തീന്ന് എടുത്ത ക്ലിക്ക്ന്നു തോന്നണില്ല്യേ????പാടത്തിൽ തന്നെ ണ്ടായതാ.അതോണ്ട് ഞാൻ ഇതിനു പേരിട്ടത് വയൽപ്പൂക്കൾ ന്നാ!!!! :)

പൂ മണങ്ങളിൽ എനിക്കേറ്റവും ഇഷ്ടം ഈ ഗന്ധരാജന്റെ മണം തന്നെ.ഇതിന്റെ ഇതളുകൾക്കുള്ള ഒരു മാർദ്ദവം അതും എനിക്ക് ഒരുപടിഷ്ടാണ്.നിന്റെ കവിളിൽ തൊടുന്ന പോലൊരു തോന്നലാണ് അത്.പണ്ട് അവടെ മുറ്റത്ത് കണ്ടമാനം വിരിഞ്ഞിരുന്നു ഇത്.ഒപ്പം മണമുള്ള ഇതളുകൾ തിങ്ങിയ നന്ത്യാർവട്ടോം.അന്നത് മുഴോനും പൊട്ടിച്ച് മാലകൾ കോർക്കാറണ്ട്  ഞാൻ.ഗന്ധരാജനെ കാണുമ്പോ ഗന്ധർവനെ കാണാൻ തോന്നും.രണ്ടിലും ഗന്ധ ഉള്ളതോണ്ടാവും.ശരിക്കും ഈ ഗന്ധർവൻ ഒക്കെ ള്ളതാണോ????? ഗന്ധർവൻന്നു കേക്കുമ്പഴും പറയുമ്പഴും എനിക്കാദ്യം ഓർമ്മ വരാ ആ സിനിമയും,അയാളേം,പിന്നെ കൊറേ മിന്നാമിനുങ്ങുകളേം ആണ്.ചുരുട്ടി പിടിച്ച കൈക്കുള്ളിൽ നിന്നും മിന്നാമിനുങ്ങുകളെ എനിക്ക് ചുറ്റും പറത്തി വിടുന്ന ഒരു ഗന്ധർവൻ എനിക്കും ണ്ടായിരുന്നെങ്കിൽ....................

                                                       നിറയെ വിരിഞ്ഞു നിക്കണ താമര പൂക്കൾക്ക് നടുവിലൂടെ ഒരു തോണിയിൽ നമ്മളിങ്ങനെ (ഒറ്റയ്ക്ക് തോണിയിലിരിക്കാൻ പേടി ള്ളോണ്ട് മാത്രാ നിന്നെ കൂട്ടണേ!!!!!!) പോണത് പണ്ടെന്നോ ഞാൻ സ്വപ്നത്തിൽ കണ്ട്ണ്ട്. ഇടക്ക് ഞാൻ വെള്ളത്തിലേക്ക് ഇറങ്ങും.ന്നിട്ട് താമരെ പോലെ മുഖം മാത്രം വെള്ളത്തിന്റെ മുകളിലേക്ക് കാണിച്ച് നിക്കും.അപ്പൊ നിന്ക്ക് തോന്നണം ന്റെ മുഖം ഒരു താമരപ്പൂ പോലേന്ന്.നീ വന്ന് ഏറ്റവും സ്നേഹത്തോടെ,മൃദുവായി ന്റെ കവിളുകളിൽ ഇതളിലെന്ന പോൽ തൊടണം.മെല്ലെയെന്റെ നെറ്റിയിലുമ്മ വെക്കണം.വെറുതെ കൊറേ പ്രാന്ത് പറച്ചിലുകൾ............അല്ലാതെന്താ ഇതൊക്കെ?????

 ഈ ഫോട്ടോ ഞാൻ എടുത്തതല്ല.ഞാൻ ആദ്യായിട്ടാണ്‌ കൈതപ്പൂവിനെ കാണുന്നത്. നേരിലും കണ്ടിട്ടില്ല.എല്ലാരും പറയണ കേട്ട്ണ്ട് അതിന്റെ മണം ഏറ്റവും നല്ലതാണ്ന്ന്.പഴേ കാൽപ്പെട്ടിയ്ക്കുള്ളിൽ ഇരിക്കുന്ന ഈളു കസവുകര മുണ്ടും വേഷ്ടീം ഓർമ്മ വരും കൈതപ്പൂമണം ന്നു കേക്കുമ്പോ.ഇതു കണ്ടപ്പോ തൊട്ടുള്ള മോഹാണ് ഒരു കൈതപ്പൂ കാണണംന്ന്. നടക്ക്വോ ആവോ!!!!!!!!!!!!!!നല്ല ഭംഗീലെ???ഓരോ പോളകൾക്കിടയിലും പൂക്കൾ....

 കിഴക്കേ പാടത്തെ നടുക്കുള്ള തോട്ടിൽ മഴേലും വെയിലിലും ഇതിങ്ങനെ നിറയെ നിക്കും എപ്പഴും. വേനലിൽ ചേർണ്ടാവും. പച്ചക്കിടയിൽ ഈ ഇളം വയലറ്റ് ഒരു ഭംഗി തന്നെയാണ്. ഒരു ഞെട്ടിൽ നിന്നന്നെ ഒരുപാടു പൂക്കൾ. ഒരു പാവം പോലെയുള്ള നിൽപ്പ് കാണാൻ നല്ല രസംലെ???? പണ്ട് അനിയൻ ചേട്ടൻ നിറയെ ഈ പൂക്കൾ തോട്ടിൽ നിക്കണ ഒരു ഫോട്ടോ എടുത്തിരുന്നു.ആ ഫോട്ടോ കണ്ടു കണ്ടാണ്‌ എനിക്കീ പൂക്കളെ ഇത്ര ഇഷ്ടാവാൻ തുടങ്ങീത്‌.കൊറേ കാലം ആ ഫോട്ടോ ന്റേൽണ്ടായിരുന്നു.ഇതിന്റെ ഇലകളും ചന്തം തന്നെ കാണാൻ.                                                                                                                                   
                             
ഇതിന്റെ പേര് ഞാൻ മറന്നു പോയി.ഒന്നൂടെ കടും പിങ്ക് നിറമുള്ള,കണ്ട മരത്തിൽ മുഴോനും പിടിച്ചു കേറണ വള്ളീൽ കുലകുലയായി ണ്ടാവണ  ആ പൂവന്നെ. പണ്ടാരോ ന്നെ പറ്റിച്ച് ണ്ട് ഇതാണ് കല്യാണസൌഗന്ധികം ന്നും പറഞ്ഞ്.കൊറേ കാലം ന്റെ വിശ്വാസം ഇതന്ന്യാ അത് ന്നായിരുന്നു.പിന്ന്യാ അല്ലാന്നറിഞ്ഞേ ഇപ്രാവശ്യം നാട്ടിൽ പോയപ്പഴും കണ്ടു പടിക്കലെ മുളേടെ അടുത്ത് നിക്കണ,എനിക്ക്  പേരറിയാത്ത  ആ മരത്തിൽ ഇതിങ്ങനെ അള്ളിപ്പിടിച്ച്  പടർന്നു നിക്കണത്.പേര് ദേ നാവിൻ തുമ്പിലുണ്ട്.താഴേക്ക് വീഴണില്ല.ഇങ്ങനെ മറവി ആയാ ന്താ ചെയ്യാ!!!!! :(
                

8 comments:

 1. പൂക്കളോടുള്ള പ്രണയം ഉന്മാദാവസ്ഥയിലെത്തിച്ചിരിക്കുന്നു ഉമയെ. കണ്ണിനും കരളിനും കുളിര്‍മ്മ നല്‍കുന്ന പൂക്കള്‍..ഒപ്പം എഴുത്തും...

  ReplyDelete
 2. കിഴുക്കുത്തി മുല്ല എന്നാ എന്റെ അറിവിൽ.. പൂക്കൾ ചിത്രവും ഓര്മയും മനോഹരം

  ReplyDelete
 3. പൂ മാത്രല്ല ആവശ്യല്ല്യാതെ ഇലകളെ പോലും ഞാൻ പൊട്ടിക്കില്ല്യ... same to you uma.... !!! nalla vivaranam nalla bhangiyulla chithrangal... ishtaaayi................. orupad ishtamayi................

  ReplyDelete
 4. പൂക്കളുടെ സുഗന്ധങ്ങളിളിലൂടെ ഞാനും അനുഭവിക്കുന്നു.....
  കണ്ടുമറന്ന വഴികളിലൂടെ ഒരു മടക്കയാത്ര......

  ആശംസകള്‍......

  ReplyDelete
 5. ഈ പൂക്കളെ പോലെയാണ് പെണ്ണെ നിന്റെ എഴുത്ത്.... കണ്ടാലും, അറിഞ്ഞാലും മതി വരില്ല.! വായിച്ചു തീരും മുന്നേ തോന്നി, ഒന്നുടെ വായിക്കണം ന്ന്‍..... <3

  ReplyDelete
 6. പൂക്കളും പൂക്കളില്‍ വീണ മഞ്ഞുതുള്ളിപോലുള്ള എഴുത്തും മനോഹരം

  ReplyDelete
 7. പൂക്കളും ഓർമയും എഴുത്തും എല്ലാം നന്നായി. ഓരോന്നിനും ഓരോരോ നിറങ്ങളും സുഗന്ധവും.
  ആശംസകൾ !

  ReplyDelete
 8. വര്‍ണ്ണവും സംഗീതവും...... അവയിലൂടെ പൊഴിക്കുന്ന സംഗീതവും.....

  ReplyDelete