Friday, April 5, 2013

നീ നൽകിയ ഇരുളും വെളിച്ചവും ..................

വാവാവാറായീന്നു തോന്നണു.വല്ലാത്ത ഇരുട്ട് .ജനലിലൂടെ പുറത്തേക്കു നോക്കി.ഒരു കാറ്റ് പോലും വീശണില്ല.മഴക്കാറ് ഉണ്ടെന്നു തോന്നണു .പകലൊക്കേം ണ്ടായിരുന്നു.അതിന്റെം കൂടി കാരണം ചൂട് സഹിക്കാൻ വയ്യ.അച്ചൂന് ഇരുട്ട് ഇഷ്ടല്ല .പേടിയാണ്.കറന്റ്‌ പോയാൽ പേടിച്ച് ഉറക്കെ കരയും.അവൾക്കു വേണ്ടി ലൈറ്റ് ഇട്ട് ഇപ്പൊ അതൊരു ശീലായി.ഇപ്പൊ മുറീല് ഒരു കുഞ്ഞു വെളിച്ചെങ്കിലും ഇല്ലെങ്കിൽ എനിക്കും ബുദ്ധിമുട്ടാണ്.

പണ്ടൊക്കെ എനിക്ക് ഇരുട്ട് വല്യേ ഇഷ്ടായിരുന്നു.അവിടെ ഇറയത്ത്‌ ഏതെങ്കിലും തൂണിൽ ചാരി നോക്കിയിരിക്കുമായിരുന്നു ഇരുട്ടിനെ.അപ്പൊ ഇങ്ങനെ ചുവന്ന കുഞ്ഞു കുഞ്ഞു കുത്തുകൾ തിങ്ങി നെറഞ്ഞുണ്ടെന്നു തോന്നിക്കും.അതിങ്ങനെ എണ്ണാൻ തുടങ്ങും.ഒക്കേം ഓരോ പ്രാന്ത്!!!അതൊന്നും ഇപ്പഴും പോയില്ലല്ലോന്നു ഓർത്തു ചെലപ്പോ വിഷമിക്കും ചിലപ്പോ സന്തോഷിക്കും.

അന്ന് എന്റെ ഇല്ലത്തേക്ക് പോയപ്പോൾ ഒരു രാവിൽ നിന്നോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കണ്ട കാഴ്ച്ച  ഞാൻ പറഞ്ഞിരുന്നില്ലേ മാവിൽ ഒരു കൊമ്പിന് ചുറ്റും നിറയെ മിന്നാമിനുങ്ങുകൾ നൃത്തം വെക്കണ കണ്ടൂന്ന്. 
ഇത്രയധികം മിന്നാമിനുങ്ങുകളെ ഒരുമിച്ച് ഞാൻ ഇതിനു മുൻപ് കണ്ടിട്ടേയില്ല . 
ഇപ്പൊ ഇരുട്ട്ന്ന് പറയുമ്പോ എനിക്കെന്തോ ആ കാഴ്ച്ചയും അതപ്പോൾ തന്നെ നിന്നോട് പറയാൻ കഴിഞ്ഞതിലുള്ള സന്തോഷവും ആണ് ഓർമ്മ  വരിക.വരക്കാൻ അറിയുമായിരുന്നെങ്കിൽ ഞാൻ ആ കാഴ്ച്ച വരച്ചേനെ,നിന്റെ സ്നേഹത്തിന്റെ അടയാളമായി സൂക്ഷിച്ചേനെ!!!!
ഇതുപോലെ ഭംഗിയുള്ള ചിലത് കാണുമ്പോൾ തോന്നാറുണ്ട് വരക്കാൻ കഴിയാത്തേന്റെ സങ്കടം. 

ചിലത് വരച്ച് ............. 
മറ്റു ചിലത് വാക്കുകളിൽ  നിറച്ച് .................... 
ഇനി ചിലത് ഫോട്ടോയിലാക്കി.............. 
എന്നെന്നേക്കുമായി സൂക്ഷിക്കണം . 
     
നല്ല മഴ,കണ്ണിൽ  കുത്തണ ഇരുട്ട്,കറന്റ്‌ പോവലും,ആയ ഒരു രാത്രി .എന്റെ പഴയ ഒരു ഇഷ്ടം . തുറന്നിട്ട ജനാലയിലൂടെ ഇടിമിന്നലിനെ നോക്കി വെറുതെ ഇങ്ങനെ ഓരോന്നോർത്ത് കിടക്കാൻ എനിക്കിഷ്ടമായിരുന്നു.(പക്ഷെ ഇപ്പൊ അത്തരം രാത്രികളെ വേണമെന്നേയില്ല .അച്ചുവിന്റെ കരച്ചിൽ ഓർക്കുമ്പോൾ ഒന്നും വേണ്ട ).ആ ഇരുട്ടിൽ തെളിയണ  വെളിച്ചമായി ഒരു സ്നേഹം,ഒരു മുഖം മനസില്ങ്ങനെ മെല്ലെ മെല്ലെ വന്നു നിറയും.

ഒരിക്കൽ ഒരു വനിതേല് വായിച്ചു . ബാംഗ്ലൂർ ലെ ഒരു ഹോട്ടൽ നെ പറ്റി . ഡാർക്ക്‌ എന്നാണ് അതിന്റെ പേര് . വെളിച്ചം മടുത്തവർക്കും,ഇരുളിനെ സ്നേഹിക്കുന്നവർക്കും സ്വാഗതം എന്നായിരുന്നു അതിന്റെ പരസ്യ വാചകം . അവിടെ ചെന്നാൽ അവർ ചോദിക്കും ത്രെ ഇരുട്ടിൽ  കഴിക്കണോ വെളിച്ചത്തിൽ  കഴിക്കണോ എന്ന് . ഇരുട്ടിൽ  എന്ന് പറഞ്ഞാൽ  ആവര് ഒരു ഇടനാഴി കാണിച്ചു തരും . അതിലൂടെ പൊയ്ക്കൊള്ളാൻ പറയും . ഒരു സ്ത്രീ വന്നു കൂട്ടി കൊണ്ടോകും .ആ സ്ത്രീയെ നമ്മൾ കാണില്ല .അവരുടെ കൈത്തലത്തിന്റെ തണുപ്പ് ഇരുളിനോടുള്ള ഭയത്തിന് ഒരു വലിയ ആശ്വാസമാണ്. 

അവിടം മുതൽ കനത്ത ഇരുട്ടാണ്‌. അവർ കയ്യിൽ  പിടിച്ചു പറയും പേടിക്കേണ്ട ഈ ഇരുളിലും ഒരു കാഴ്ചയുണ്ട്,സൌന്ദര്യമുണ്ട്,അതറിയാൻ തുടങ്ങിയാൽ നിങ്ങളും ഈ ഇരുളിനെ സ്നേഹിക്കാൻ തുടങ്ങും എന്ന് . കസേരയിൽ കൊണ്ടിരുത്തും .ഭക്ഷണം വരുമ്പോൾ ഫോർക്കും  നൈഫും കയ്യിൽ പിടിപ്പിച്ചു തരും. പ്ലേറ്റ് ൽ ക്ലോക്ക് വൈസ് രീതിയിൽ എല്ലാം വെച്ചിട്ടുണ്ടെന്ന് പറയും .കേൾക്കാൻ വളരെ സോഫ്റ്റ്‌ മ്യൂസിക്കും .

വല്ലാത്ത നിശബ്ദതയാണ് അവിടെ . അത് ശരിയാണ് ഈ ഇരുട്ടിന്റെ നിശബ്ദത അത് വല്ലാത്ത ഒരു വേദനയാണ് . രാത്രി കിടക്കുമ്പോൾ ഒക്കെ കറന്റ്‌ പോയാൽ ആ നിശബ്ദത അറിയാൻ തുടങ്ങിയാൽ ഞാൻ പലപ്പോഴും കരയാറുണ്ട് . അതെഴുതിയ ലേഖിക പറയുന്നുണ്ട് പേടിയാവും ഭക്ഷണം കഴിക്കാൻ . ആകെ നിശബ്ദത അതിൽ ഈ സംഗീതം മാത്രം നിറയുമ്പോൾ അതാസ്വദിക്കാൻ ഒന്നും തോന്നില്ല . തൊട്ടടുത്ത് ആരെങ്കിലും ണ്ടോ, ഇവർ  തരുന്ന ഭക്ഷണം നല്ലതാണോ ,വല്ല പ്രാണീം പാറ്റേം വീണിരിക്ക്വോന്നൊക്കെ ചിന്തിച്ച് എങ്ങനേങ്കിലും അവിടന്ന് പോയാ മതീന്ന് തോന്നും .

ഈ വലിയ ലോകത്തിൽ  തനിച്ചായ പോലെ ................. ഒരു ദ്വീപിൽ ഒറ്റപ്പെട്ട പോലെ .....................

കഴിച്ചു കഴിഞ്ഞപ്പോൾ കൈ കഴുകാൻ വീണ്ടും ഒരു ഇടനാഴിയിലേക്ക് . മുന്നോട്ട് പൊയ്ക്കോളൂ ന്നും പറഞ്ഞ് ആ സ്ത്രീ  തനിച്ചാക്കി പോയപ്പോൾ അവർ ഓർത്തു വെളിച്ചത്തിൽ നടക്കുമ്പോൾ തന്നെ നൂറു കൂട്ടം ശ്രദ്ധകൾ ആണ് . മുന്നിൽ  തടസം ന്തേലുoണ്ടാവ്വോ,എവിടേലും തട്ടി തടഞ്ഞു വീഴൂവൊന്നൊക്കെ ഉള്ള ആധികൾ . പക്ഷെ ഇപ്പോൾ ഒന്നും ഇല്ല മനസ്സിൽ ഭയം മാത്രമല്ലാതെ . പിന്നെ പിന്നെ ആ ഭയവും മാറി മനസ്സാകെ ശൂന്യമായി മാറി . 

വാഷ്‌ റൂമിൽ  വെളിച്ചമുണ്ട്.അവിടെ എത്തി മുന്നിലെ വലിയ കണ്ണാടിയിൽ സ്വന്തം മുഖം അവർ കണ്ടപ്പോൾ ,കണ്ണുകളെ കണ്ടപ്പോൾ അവർക്ക്  തോന്നിയത് ഒന്നുറക്കെ കരയാനാണ്ത്രെ!!!!പുറത്തിറങ്ങിയപ്പോൾ തന്നെ സഹായിച്ച ആ സ്ത്രീയെ കണ്ടപ്പോൾ കൈകൾ  കൂപ്പി അവർ പൊട്ടിക്കരഞ്ഞു എന്നും എഴുതീരുന്നു . ആ സ്ത്രീക്ക് കണ്ണ് കാണില്ലായിരുന്നു .ഭക്ഷണം സെർവ് ചെയ്തിരുന്ന ആളും അന്ധനായിരുന്നു . അവർ ഇവരെ നോക്കി ചിരിച്ചപ്പോൾ    
അതിനേക്കാൾ മനോഹരമായി മറ്റൊരു ചിരിയും കണ്ടിട്ടേയില്ല എന്ന് തോന്നി . വെളിച്ചമെന്നത് പാപങ്ങളുടെ ലോകമാണെന്നും ഇരുളിന്റെ നന്മ അനുഭവിച്ചറിയേണ്ടത് മാത്രമാണെന്നും അവർ പറയുന്നു .

ഇത് വായിച്ചതിനു ശേഷം എന്റെ വലിയ മോഹമാണ് അവിടെ പോകണം എന്നത് .ആ ഒരു അവസ്ഥ,ഇരുളിന്റെ നന്മ ഒക്കെ അനുഭവിച്ച് തന്നെ അറിയണം എന്നത് .ഞാൻ പേടിച്ച്  പേടിച്ച് ഒരു വഴിക്കാവും. അതോണ്ട് ന്തായാലും നീയും കൂടെ വേണം .നീയിണ്ടെങ്കിൽ പിന്നേം ഒരു ധൈര്യംണ്ട്.

ജീവിതത്തിൽ  ഇരുട്ടും വെളിച്ചവും മാറി മാറി വരും.ഓരോ ഇരുട്ടിലും എത്തിപ്പെടുമ്പോൾ തോന്നാറുണ്ട് ആദ്യം ഭയവും പിന്നെ നിസ്സഹായതയും ഒടുവിൽ ശൂന്യതയും . ഒരു മിന്നാമിനുങ്ങിനോളമെങ്കിലും വെളിച്ചംകിട്ടിയിരുന്നെങ്കിൽ എന്ന് അപ്പോഴൊക്കേം ആഗ്രഹിച്ചിട്ട്ണ്ട്. വെളിച്ചമായി പലരും കടന്നു വന്നിട്ടുണ്ട്. അത്തരം നിമിഷങ്ങളിൽ ഒക്കേം തോന്നിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ പറയണ പോലെ ഇരുട്ടിൽ  നിന്ന് വെളിച്ചത്തിൽക്ക് വരുമ്പോ പെണ്ണിന് മാത്രല്ല ജീവിതത്തിനും മൊഞ്ച് കൂടി വരികയാണെന്ന്. ജീവിതത്തിനോട് തീരാത്ത പ്രണയമാണ് എന്നും. 

നീ നൽകിയ ഇരുട്ടിലേക്ക് വെളിച്ചവുമായി എനിക്ക് ചുറ്റും ഒരുപാട് പേരുടെ സ്നേഹമുണ്ട്.ആ വെളിച്ചത്തിന്റെ നിറവിൽ നീയില്ലാത്ത ഈ ജീവിതത്തോട്  ഇന്നെനിക്ക്  ഇഷ്ടം തോന്നുന്നു. എങ്കിലും ഈ ഇരുളിനെ ഞാൻ ഏറെ സ്നേഹിക്കുന്നു . ഒരു പക്ഷെ അത് നീ സമ്മാനിച്ചത്‌ കൊണ്ടാകാം . 

നീ തരുന്നതെന്തും എനിക്ക് നിന്നോളം പ്രിയമാണ്. 

ഇപ്പൊ തോന്നുന്നു ഇത്രയൊന്നും നീയെന്നെയും ഞാൻ നിന്നെയും സ്നേഹിക്കേണ്ടിയിരുന്നില്ല !!!!!