Monday, February 25, 2013

മേഘങ്ങളും ഗുല്‍മോഹറും എന്‍റെ ഇഷ്ടങ്ങളും !!!!!

വാതില്‍ അടച്ചിരിക്ക്യായിരുന്നു . ബൈക്കിന്‍റെ ശബ്ദം കേട്ടപ്പോള്‍ ഓടി ചെന്നു.പോസ്റ്റ്‌മാന്‍ ആണ് അയാള്‍ടെ വണ്ടീടെ ശബ്ദം ഇപ്പൊ പരിചയാണ്.പതിവ് പോലെ ഈ തവണേം കേസരിയും,പോളിസി അടക്കാനുള്ള എല്‍ ഐ സീടെ നോട്ടിഫിക്കേഷന്‍ ലെറ്ററും.കൂടെ ഒന്നും കൂടി ഉണ്ടായിരുന്നു.അത് ഏടത്തീടെ ഏഴാച്ചേരിയിലുള്ള കസിന്‍റെ കുഞ്ഞിന്‍റെ ചോറൂണ്‍ ക്ഷണം.ഓരോ പ്രാവശ്യോം പോസ്റ്റ്‌മാന്‍ വരുമ്പോള്‍ ന്‍റെ ഉള്ളില്‍ ഒരു ലഡ്ഡു പൊട്ടും. അത് ആ ചങ്ങായീനെ കണ്ട സന്തോഷം അല്ല. അയാള്‍ടെ കയ്യില്‍ എനിക്ക് എന്തേലും കവര്‍ണ്ടാവ്വോന്നോര്‍ത്ത്. എവടെ ..................ഒന്നും ണ്ടാവില്ല്യാന്നറിയാം ........ ന്നാലും ഒരു മോഹം ....... ആരെങ്കിലും ഒരു കത്ത് അല്ലെങ്കില്‍ ഒരു കാര്‍ഡ്  അയച്ചിരുന്നെങ്കില്‍ എന്ന്.അത് വായിക്കാന്‍ ന്ത്‌ സുഖാണ്!!!!!ഇവിടെ എത്തിയേനു ശേഷം അത് കുറവാ.ഐ സി ഐ സി ഐ ടെ വല്ല കടലാസോ മറ്റോ വന്നാല്‍ ആയി.അതും ഇപ്പൊ നിന്നു.ഈ (കേടായ)മൊബൈലും,(ഹാക്ക് ചെയ്ത)ഫേസ് ബുക്കും ഒക്കെ കാരണം ഒരൊറ്റ ആളും ഒരെഴുത്തോ കാര്‍ഡോ ഒന്നും അയക്കണില്ല.

ഇപ്പൊ ഓര്‍ക്കുവാ പണ്ട് ന്‍റെ കല്യാണത്തിന് മുന്‍പ് എനിക്കെന്നും കിട്ടുമായിരുന്നു എഴുത്തോ കാര്‍ഡോ അങ്ങനെ എന്തെങ്കിലുമൊക്കെ.മിക്കവാറും ആഷേടെ,നാദൂന്റെ,ദീപ്തീടെ,ലക്ഷ്മി ചേച്ചീടെ ഒക്കെ ആയിരിക്കും.അല്ലെങ്കില്‍ പിന്നെ അയച്ച ഏതേലും അപേക്ഷേടെ അറിയിപ്പ് കാര്‍ഡ് ആവും.അവിടെ വരാറുള്ള പോസ്റ്റ്മാന്‍ ഒരു ആന്റണി മാപ്ല ആയിരുന്നു. ആ ചങ്ങായിക്കെന്തൊരു പൊക്കായിരുന്നുന്നോ !!!!!!!!!!!ഒട്ടും വണ്ണോംണ്ടായിരുന്നില്ല.ശരിക്കും ഒരു മുരിങ്ങക്കോല് പൊലെ. ഹീറോ സൈക്കിളില്‍ ആയിരുന്നു വരാറ്. 2 കൂട്ടബെല്‍ അടിക്കും..... ന്തായാലും പോസ്റ്റ്മാനെ കാണുമ്പോള്‍ അന്നും ലഡ്ഡു പൊട്ടുമായിരുന്നു. ആരോ എന്നെ ഓര്‍ത്ത്,എനിക്ക് വേണ്ടി സമയം കളഞ്ഞ്,എന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ചിന്ത.............. എന്തൊരു സന്തോഷായിരുന്നു!!!!

അന്നും ഇന്നും (ഒരുപക്ഷെ എന്നും)എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് എഴുത്ത് എഴുതുക എന്നത്.ഇന്‍ലണ്ട്നെക്കാളും എനിക്കിഷ്ടം കവറുകള്‍ തന്നെ ആയിരുന്നു. ഇന്‍ലണ്ടില്‍ കൊറച്ചു സ്ഥലല്ലേണ്ടാവൂ. എനിക്കാണേല്‍ കൊറേ എഴുതാന്‍ണ്ടാവും.വായിക്കണോരൊക്കെ പറയാറുണ്ട് ന്‍റെ എഴുത്ത് വായിക്കുമ്പോള്‍ ഞാന്‍ അടുത്തിരുന്ന് വര്‍ത്താനം പറയണ കൂട്ടാ തോന്ന്വാന്ന്(ഇപ്പൊ ന്‍റെ പോസ്റ്റുകളെ പറ്റിയും എല്ലാരും അതന്ന്യാ പറയണേ ). അതങ്ങനെയേ പാടൂന്ന് എനിക്ക് വല്യേ നിര്‍ബന്ധാണ്.അപ്പഴല്ലേവായിക്കാന്‍ രസംണ്ടാവൂ?????എഴുതിയ ആള്‍ടെ സ്നേഹം അറിയാനാവൂ!!!!!!എനിക്കങ്ങനെ ആണ്.ചെലപ്പോ ഒരു ദിവസം കൊണ്ടൊന്നും എഴുതി തീരില്ല അപ്പൊ ഡയറി എഴുതണ കൂട്ട് തീയതീം,സമയോം,ദിവസോം ഒക്കെ കുറിച്ചോണ്ടാ എഴുത്ത് അയക്കുക.അതിന്‍റെ മറുപടി വരണ വരെ ആകെ കൂടി ഒരു ശ്വാസം മുട്ടല്‍ ആണ്.ഞാന്‍ എഴുതിയെനെക്കാള്‍ നീളം കൂടണം മറുപടിയ്ക്ക് . ഇല്ലെങ്കില്‍ എനിക്ക് സങ്കടാവും .പോസ്റ്റ്‌ ഓഫീസില്‍ പോവുമ്പോള്‍ ഒക്കെ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് എനിക്ക് അവിടെ ഒരു ജോലി കിട്ടിയാല്‍ മതി എന്ന്.അതിനുള്ളില്‍ അങ്ങനെ ഭാരിച്ച ജോലിയൊന്നുംണ്ടാവില്ല എന്ന ഒരു വിചാരാണ് അന്നൊക്കെ.നല്ല ഭംഗിയുള്ള കടലാസ്സില്‍ കറുത്ത മഷി നിറച്ച ഹീറോ പെന്‍ കൊണ്ട് എഴുതാന്‍ ഏറെയിഷ്ടം .മഷീടെ,കടലാസിന്‍റെ ഒക്കെ മണം എന്തിഷ്ടായിരുന്നു!!!!!

പഴേ നോട്ട് ബുക്കിന്റെ ചട്ടയില്‍ നിറള്ള കടലാസ്സ്‌(അരങ്ങൊക്കെ  കെട്ടാന്‍ എടുക്കണ തരം) പല ഷേയ്പ്പില്‍ വെട്ടി ഒട്ടിച്ച് അതില്‍ വേറെ നിറത്തിലുള്ള കടലാസ്സ്‌ ഒട്ടിച്ച് അതിന്‍റെ മോളില്‍ എഴുതുക,കടലാസ്സ്‌,പൂവ് പോലെ വെട്ടി ഒട്ടിച്ച് അതില്‍ എഴുതുക,അങ്ങനെ പല പരീക്ഷണങ്ങളും ഞാന്‍ എഴുത്തില്‍ ചെയ്യാറുണ്ട്.അതൊക്കെ ആയിരുന്നു അന്ന് കാലത്തെ എന്‍റെ സന്തോഷങ്ങള്‍ . ഇപ്പൊ തീര്‍ത്തും ഇല്ലാതായി.എങ്കിലും ഇപ്പഴും ഇടയ്ക്ക് തോന്നും അങ്ങനെയൊക്കെ .പക്ഷെ  ഇപ്പൊ ന്‍റെ എഴുത്ത് ആഗ്രഹിക്കണ ആരുംല്ല്യ,എനിക്കയക്കാനും :( . അന്നൊക്കെ എല്ലാ എഴുത്തുകളും സൂക്ഷിച്ചു വച്ചിരുന്നു . പക്ഷെ പിന്നെ എപ്പഴൊ............. ഒക്കെ എടുത്ത് കളയേണ്ടി വന്നു.മെയില്‍ അയക്കാന്‍ പഠിച്ചപ്പോ പിന്നെ അതായി മാര്‍ഗം .പക്ഷെ എഴുത്ത് അയക്കുന്നതിന്റെയോ ,വായിക്കുന്നതിന്റെയോ സുഖല്ല്യ മെയില്‍ന് .
കടലാസില്‍ ആണെങ്കില്‍ അക്ഷരങ്ങളിലൂടെ വിരലോടിക്കുമ്പോള്‍ ആ സ്നേഹം തൊട്ടറിയാന്‍ കഴിയുന്നു.എഴുത്ത് ശരിക്കുള്ള പൂവാണെങ്കില്‍ മെയില്‍ പ്ലാസ്റ്റിക് പൂ പോലെയാണ്. ......ന്നാലും അതയക്കുന്നവര്‍/അത്  വായിക്കുന്നവര്‍  ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ആയതുകൊണ്ടാവും മെയില്‍ വായിക്കുമ്പോള്‍ ,അക്ഷരങ്ങളിലൂടെ കണ്ണുകള്‍ ഓടിക്കുമ്പോള്‍ സ്നേഹത്തിന്‍റെ നിറവ് എവിടെയൊക്കെയോ കാണാറുണ്ട്. ഹൊ............ പറഞ്ഞു പറഞ്ഞു ഇപ്പൊ ഒരെഴുത്ത് അയക്കാന്‍ തോന്നുവാണ്.കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞോണ്ട് അവിടുത്തെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചോണ്ട് ഒരു വല്യേ നീളള്ള എഴുത്ത്.

********************************************************************************

മഴയ്ക്ക്‌ ശേഷം ആകാശത്തില്‍ മേഘങ്ങള്‍ ഒരുപാട് കൂടിയത് പോലെ തോന്നി.നല്ല തെളിഞ്ഞ നീലാകാശം,അതില്‍ നിറയെ പല നിറത്തിലുള്ള,  വലുപ്പത്തിലുള്ള, രൂപത്തിലുള്ള മേഘങ്ങള്‍. ഇളം കറുപ്പ് ,തൂവെള്ള അങ്ങനെ പല തരംനിറം . കോഴിക്കോട് നിന്ന് തൃശ്ശൂര്‍ക്ക് വരുമ്പോള്‍ ഞാന്‍ നോക്കിയതും, ചിന്തിച്ചതും ഒക്കെ ഈ മേഘങ്ങളെ കുറിച്ചാണ് . പണ്ട് സ്കൂളില്‍  പല  തരം മേഘങ്ങള്‍ ഉണ്ട് എന്ന് ജ്യോഗ്രഫി എടുത്തിരുന്ന സിസ്റ്റര്‍ ജെസ്മിന്‍  പഠിപ്പിച്ചത് ഓര്‍മ്മ വന്നു. ക്യുമുലസ്സ്,നിംബസ് എന്നീ രണ്ടു പേരുകളും ഇപ്പഴും നല്ല ഓര്‍മ്മയുണ്ട്.ഇതില്‍ ഏതാ  അത്,ഏതാവും ഇത്.എനിക്ക് മനസിലായില്ല.അല്ലെങ്കിലും അതൊക്കെ മനസിലാക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ ആരായേനെ............. !!!!!!!!!പണ്ടൊക്കെ ഒരു സയന്റിസ്റ്റ് ആവാന്‍ വല്യേ മോഹായിരുന്നു . നക്ഷത്രങ്ങളേം മേഘങ്ങളേം അന്നും ഇന്നും വല്യേ ഇഷ്ടം.(ദേ,എന്തോ..... ഇപ്പൊ പെട്ടെന്ന് സുജേടെ കഥ ഓര്‍മ്മ വന്നു .എനിക്കിഷ്ടായിരുന്നു അത് .)

വണ്ടിയില്‍ ഇരിക്കുമ്പോള്‍ മഴയില്ലെങ്കില്‍,ഇരു വശോം മരങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ നോക്കി ഇരിക്കാന്‍ ഇഷ്ടം ആകാശം ആണ്.മേഘങ്ങളെ നോക്കിയിരിക്കുമ്പോള്‍ സമയം പോണത് അറിയാറെ ഇല്ല.
അതിങ്ങനെ പതുക്കെ പതുക്കെ പോണത് കാണാന്‍ .....ന്ത്‌ ചന്താണ്!!!!!!!
ചിലതിനെ തൊട്ടു നോക്കാനും ചിലതിനെ കയ്യിലെടുക്കാനും ചിലതില്‍ മുഖമൊളിപ്പിക്കാനും ചിലതിനെ വാരി ചുറ്റാനും ഒക്കെ തോന്നി .
ഒരു മഴക്കുള്ള പ്രതീക്ഷ മനസ്സില്‍ നിറയ്ക്കാന്‍ വേണ്ടി അവിടവിടെ ഉണ്ടായിരുന്ന കാര്‍മേഘങ്ങള്‍...........................
അവ നീങ്ങി നീങ്ങി വെള്ള മേഘങ്ങളെ  പതുക്കെ വന്നു തൊട്ട് പിന്നെ അവയ്ക്ക് മേലെ കൂടെ അപ്പുറത്തേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ യശോധ അറിയാതെ ഉണ്ണിക്കണ്ണന്‍ വെണ്ണ എടുക്കണ ഒരു ചിത്രം   മനസ്സില്‍ തെളിഞ്ഞു .മേഘങ്ങളുടെ ഒരു കുഞ്ഞു കുറുമ്പ്. അല്ലാണ്ടെന്താ!!!!!

വഴികളില്‍ പലയിടത്തും ഗുല്‍മോഹര്‍ മരങ്ങള്‍ ഇല മുഴുവനും പൊഴിച്ച് അവിടവിടെ തളിര്‍ത്ത് നിന്നിരുന്നു.ഒരു  വസന്തമൊരുക്കി  വേനലിനെ സ്വീകരിക്കാന്‍ തീക്കനല്‍  പോലത്തെ പ്ലാശിന്‍ പൂക്കള്‍,
ലാളിത്യത്തോടെ നിഷ്കളങ്കമായി ചിരിക്കുന്ന കൊന്ന പൂവുകള്‍,
എവിടെയോ നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓര്‍മ്മിപ്പിക്കാന്‍ ഇലകള്‍ ഇല്ലാത്ത മരക്കൊമ്പുകളില്‍ പൂത്ത ഇളം റോസ് നിറമുള്ള ശീമക്കൊന്ന പൂവുകള്‍(മിക്കവാറും ഇലകള്‍ കാണില്ല കൊമ്പുകളില്‍ നിറയെ പൂക്കുലകളെ മാത്രേ കാണൂ.)
ഈ യാത്ര തീരാതിരുന്നെങ്കില്‍ എന്ന് മോഹിപ്പിക്കാന്‍ വേണ്ടി,
നിറഞ്ഞ പച്ചക്കിടയില്‍ പൂത്ത മദിരാശി പൂവുകള്‍ ഒക്കെ......
എന്‍റെ കാഴ്ചക്ക് നല്‍കിയ സൌന്ദര്യം  വാക്കുകള്‍ക്കും അപ്പുറത്താണ്.മനസ്സില്‍ നിറച്ച സന്തോഷം,സ്നേഹം ഒക്കെ എനിക്കൊരിക്കലും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല.വേനലിലെ ഈ വസന്തം ഇതിന്‍റെ ഈ നിറക്കാഴ്ച അതിന്‍റെ പാരമ്യത്തില്‍ എത്തണമെങ്കില്‍ തളിര്‍ത്ത് നില്‍ക്കുന്ന ഈ ഗുല്‍മോഹര്‍ മരങ്ങള്‍ മുഴുവനും ഇല കാണാത്ത വിധത്തില്‍ പൂക്കണം  എന്ന് ഞാനോര്‍ത്തു .നീലാകാശത്തിനു കീഴെ നിറഞ്ഞു പൂത്ത ഒരു ഗുല്‍മോഹര്‍ മരം ...... എന്ത് ഭംഗിയാണ് !!!!!!

ഈ ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് മഴയത്തും,വെയിലത്തും അങ്ങനെ എല്ലാ കാലത്തും പൂത്തു കൂടെ?????
ആ ചോദ്യം മനസ്സില്‍ വന്നപ്പോള്‍ ഒരു മഴ മോഹം കൂടി മനസ്സില്‍ കൂട് കൂട്ടി .
ഒരു നിറമഴയില്‍ നിറഞ്ഞു പൂത്ത ഒരു ഗുല്‍മോഹര്‍ മരത്തിനു ചുവട്ടില്‍ ഇരിക്കണം .
ആ മരത്തിലൂടെ.............
അതിലെ ഇലകളിലൂടെ....................
അതിനിടയിലെ പൂക്കളിലൂടെ..............
പെയ്തിറങ്ങുന്ന മഴ നൂലുകളെ ഉള്ളം കയ്യില്‍ ഇക്കിളിയിടാന്‍,
ഉമ്മ വെക്കാന്‍ അനുവദിച്ചു കൊണ്ട്..................
മുഖമുയര്‍ത്തി നോക്കുമ്പോള്‍ മഴത്തുള്ളികള്‍ ചുംബിച്ച പൂക്കളുടെ ചുവപ്പിതളുകള്‍ കണ്ണുകളില്‍ വന്നു പതിക്കണം.
(മഴ നനയുമ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി നില്‍ക്കാറുണ്ട്.
വന്നു വീഴുന്ന തുള്ളികള്‍ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങുമ്പോള്‍ അവ കൂടെ കൂട്ടുന്നത് കാഴ്ചയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ ആണെന്ന് എനിക്ക് തോന്നാറുണ്ട്.)

വരാന്തയിലെ അഴികള്‍ക്കപ്പുറം ടെറസ്സിനു മുകളില്‍ കവറുകളില്‍ നില്‍ക്കുന്ന കോളി ഫ്ലവര്‍ വിരിഞ്ഞ ചെടികള്‍ നിലാവ് നോക്കി ചിരിക്കുന്നു.
ഇനിയും രൂപപ്പെടാത്ത പാവം കാബേജു തൈകളെ നോക്കി അവ സഹതപിക്കുകയും ചെയ്യുന്നുണ്ട് .ഞാന്‍ ആ കാബേജ് തൈകളെ സമാധാനിപ്പിച്ചു.സാരല്ല്യ ,അടുത്ത മഞ്ഞു കാലത്ത് നല്ലോം വെള്ളോം ഭക്ഷണോം തന്ന് നിങ്ങളെ ഒക്കെ വളര്‍ത്തി വലുതാക്കി ആരും പൊട്ടിച്ചു പോകുന്ന പരുവത്തില്‍ ആക്കി തരാംന്ന് പറഞ്ഞു കൊണ്ട് (ഈ പ്രാവശ്യം കൃഷി ഭവനീന്ന് വിത്ത് കിട്ടാന്‍ വൈകീന്നെ!!!! ).  :)

കുറച്ചു ദിവസായി ഒരു പുതിയ മോഹം മൂക്കുത്തി ഇടണം.എന്നെ കണ്ടാല്‍ ഒരു അമ്മ്യാരു കുട്ടീടെ കൂട്ടുണ്ട്ന്ന് അവള്‍ പറഞ്ഞെ പിന്നെ മൂക്കുത്തി മോഹം കലശലായി.കുത്തുമ്പോള്‍ വേദനിക്കില്ലേ എന്നോര്‍ക്കുമ്പോള്‍ വേണ്ടായ്ക്ക്യാണ്.

അവളെ കണ്ടു .
എത്രയോ കാലമായി മോഹിക്കുന്നു!!!!!
നീണ്ട ഇരുപതു വര്‍ഷങ്ങള്‍ ................
ഒരു വലിയ കാലയളവ്‌ തന്നെ.
പക്ഷെ സ്നേഹം എന്ന മനോഹരമായ അനുഭവത്തിന്‍റെ,അനുഭൂതിയുടെ മാന്ത്രികത ആ വലിയ കാലയളവിനെ എത്ര വേഗമാണ് ഒന്നുമല്ലാതാക്കി മാറ്റിയത് !!!!!!!
ആ കണ്ടുമുട്ടലില്‍ ഉരുകിയൊലിച്ചു പോയ കുറേ പരാതികള്‍ ................ പരിഭവങ്ങള്‍ ................ സങ്കടങ്ങള്‍ ......................... !!!!!!!
ചില ഓര്‍മ്മകള്‍ മനസിനെ വല്ലാതെ നോവിക്കുമ്പോള്‍ അവ കണ്ണുകളെ പൊള്ളിക്കുന്നു എന്ന് തോന്നാറുണ്ട് .
അപ്പോള്‍ ആഗ്രഹിക്കാറുണ്ട് ഇരു കൈകള്‍ കൊണ്ടും കണ്ണുകളെ തുറന്നു പിടിച്ച് ആരെങ്കിലും ഒന്ന് ഊതി തന്നെങ്കില്‍ എന്ന് .
വേദനകളില്‍ ലഹരി കണ്ടെത്തുമ്പോള്‍ ആഗ്രഹിക്കും ഈ പൊള്ളല്‍ ഇനിയുമിനിയുമെന്ന് .
ഉള്ളില്‍ കാലങ്ങളായി ഉറഞ്ഞു കൂടിയിരുന്ന ഒരു സങ്കടമുണ്ട്.
അതിങ്ങനെ മെല്ലെ മെല്ലെ ഒഴുകി പോകുന്നുണ്ട്.
ഞാന്‍ ഓര്‍ത്തേയില്ല കരയുന്നത് ഞാന്‍ മാത്രമല്ല എന്ന്.
തിരിച്ചറിയാന്‍ ഇനിയുമേറെ സമയമെടുക്കും .
എങ്കില്‍ പോലും ഇപ്പോഴും ബാക്കിയുണ്ട് ഒരു ചോദ്യം.
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ക്കിടയില്‍ അതും മറഞ്ഞു കൊള്ളട്ടെ.

കടന്നു പോകുന്ന ഈ ദിനങ്ങള്‍ ഏറെ മനോഹരമാണ് .
ഓരോ രാവിലും നിറയുന്ന സംഗീതം,
ഉറക്കത്തില്‍ നിറയുന്ന നിന്നെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍,
പകലുകളില്‍ നിറയുന്ന അച്ചുവിന്‍റെ കുസൃതികള്‍ ,
ഒറ്റക്കിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആരുടേയോ സ്നേഹം,
സൌഹൃദങ്ങളുടെ പച്ചപ്പ്‌,
ഹൃദയം സംസാരിക്കുന്ന നിമിഷങ്ങള്‍ ................
അങ്ങനെ എന്‍റെ ദിവസങ്ങളുടെ മനോഹാരിതക്ക് മാറ്റ് കൂട്ടാന്‍ ഒരുപാടൊരുപാട് ................... !!!!!!!


Wednesday, February 13, 2013

രൂപമില്ലാത്ത,ശബ്ദമില്ലാത്ത ഒരു സ്നേഹം.........


കണ്ണുകള്‍ അടയ്ക്കാന്‍ കാത്തിരിക്കുകയാണ് ഈ ഓര്‍മ്മകള്‍.
അവ നിറഞ്ഞ കാഴ്ചകള്‍.
അവ മിണ്ടിയ വാക്കുകള്‍.
ഉറങ്ങാതെ കിടക്കുമ്പോള്‍ ഞാന്‍ എന്‍റെ കാഴ്ചയും കേള്‍വിയും ഒക്കെ ഈ ഓര്‍മ്മകള്‍ക്ക്  കൊടുക്കും.
അവയെന്റെ കണ്ണുകളിലും കാതുകളിലും മഴ പെയ്യിക്കും.
ചിലപ്പോള്‍ ചിരിമഴ.
മറ്റു ചിലപ്പോള്‍ കണ്ണീര്‍...............
എന്ത് തന്നെ ആയാലും അതില്‍ എന്‍റെ മനസ് ആവോളം നനയും.
ഓര്‍മ്മകളില്‍ കരയാനും ചിരിക്കാനും എനിക്കിഷ്ടമാണ് .

ചിലരെ ഓര്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് എനിക്ക് വേണ്ടി മാത്രമാണ് ദൈവം അവരെ സൃഷ്ടിച്ചത് എന്ന് .
എനിക്ക് സ്നേഹിക്കാന്‍........എന്നെ സ്നേഹിക്കാന്‍....................
അത് പ്രണയത്തില്‍ മാത്രമല്ല അങ്ങനെ ഒരു തോന്നല്‍.
എന്‍റെ  ജീവിതത്തില്‍ അധികമൊന്നുമില്ല അത്തരം ആളുകള്‍ .
ഏറിയാല്‍ ഒരു കയ്യിലെ  വിരലുകളില്‍ എണ്ണി  തീര്‍ക്കാം അവരെ.
അതില്‍ ഒരാളാണ് ശ്രീച്ചി .
"നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു,നിന്‍റെ കൂടെയുണ്ട് എന്തിനും എപ്പോഴും എന്നും
എന്നൊക്കെ മറ്റാര് പറയുന്നതിനെക്കാളും ശ്രീച്ചി പറയുന്നതാണ് എനിക്ക് വിശ്വാസം.
ഒരുപക്ഷെ ആ സ്നേഹം,ആ വാക്കുകളിലെ സത്യം എല്ലാം അത്രമേല്‍ അനുഭവിച്ചത് കൊണ്ടാകാം..........

പകുതി ദൂരം എത്തിയപ്പോഴേക്കും ഉറങ്ങി ഞാന്‍.
ഈ ഓര്‍മ്മകള്‍ക്ക് ഒരു കൊഴപ്പംണ്ട്.
ആദ്യം നമ്മടെ ഒറക്കം കളഞ്ഞ് നമ്മളെ അവരുടെ ലോകത്തേക്ക് കൊണ്ടോകും.
അവിടെ എത്തിച്ചു കഴിഞ്ഞാല്‍ സ്വപ്നങ്ങളുടെ താരാട്ട് പാടി ഉറക്കും.
ഉറക്കത്തീന്ന് എണീറ്റാലോ സ്വപ്നോംല്ല്യ ,താരാട്ടും ഇല്ല്യ.
നമ്മളിങ്ങനെ ബ്ലിങ്ങസ്യാന്നാവും.

വെളുപ്പിനേയുള്ള യാത്രകള്‍ ഏറെ സുഖമാണ്,സുന്ദരമാണ്.
കോഴിക്കോട്ടേക്കുള്ള യാത്രകള്‍ എന്നും അങ്ങനെയാണ്.
ഇതും അങ്ങനെ ആയിരുന്നു.
ഒരു ദിവസം തുടങ്ങുന്നത് കാണാനാവും.
സൂര്യന്‍ ഉദിക്കുന്നതും വെളിച്ചം മെല്ലെ മെല്ലെ നിറയുന്നതും ഒക്കെ കാണാം.
നേര്‍ത്ത തണുപ്പേ മഞ്ഞിനുണ്ടായിരുന്നുള്ളൂ,വേനല്‍ ആവാറായല്ലോ എന്നപ്പോള്‍ ഓര്‍ത്തു.
കുംഭം,മീനം,മേടം ചൂട് ആവാന്‍ പോണേ ഉള്ളൂ.മൂന്നു നാല് ദിവസം മുന്‍പ് മഴക്കാറ് കണ്ടപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു മകരത്തില്‍ മഴ പെയ്താല്‍ മലയാള നാട് മുടിയും എന്നാ പറയുക.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം എന്നും.മുടിയാന്‍ ഇനിയെന്താ ഉള്ളെ?????മാണിക്യം........അതൊക്കെ വളരെ വിദൂരം!!!!എന്തായാലും മഴ പെയ്തില്ല.കുംഭത്തില്‍ തന്നെ പെയ്യട്ടെ ആ മഴ അല്ലെ??????

ഈയിടെ മുറ്റത്തെ നാല്മണി പൂവ് വിരിയുന്നത് നോക്കി നില്‍ക്കുക എന്ന ഒരു ഇഷ്ടം കൂടി പുതിയതായി കൂടിയിട്ടുണ്ട്.
വൈകുന്നേരം ആവുമ്പോഴേക്കും ഇങ്ങനെ വിടരാന്‍ തയ്യാറായി നില്‍ക്കും.
പിന്നെ,പതുക്കെ പതുക്കെ ഇങ്ങനെ വിടര്‍ന്നു വരും.
നല്ല രസമാണ് നോക്കി നില്‍ക്കാന്‍.മുല്ലപ്പൂ വിരിയണത് കണ്ടിട്ടുണ്ട്.
ഇപ്പൊ ഇതും.ഇന്നലെ വൈകുന്നേരം രണ്ടു കാക്കകള്‍ പിന്നിലത്തെ മുറ്റത്തേക്ക് വന്നു.കണ്ടപ്പോ ചോറിട്ടു കൊടുത്തു.ആരുടെയൊക്കെയോ ആത്മാക്കള്‍ ആണെന്നല്ലേ പറയുന്നത്.ജയേട്ടന്‍ പറഞ്ഞു അത് ഇവിടത്തെ മുത്തശ്ശനും മുത്തശ്ശീം ആണെന്ന്.മുത്തശ്ശി കാക്കയാവും വന്നു ചോറ് കൊത്തിക്കൊണ്ടുപോയി മുത്തശ്ശന് കൊടുത്തിരുന്നത്.ആ പുള്ളി അവിടെ ഒരു കൊമ്പില്‍ ഇരുന്നെ ഉള്ളൂ.അവരിങ്ങനെ കഴിക്കുന്നതും നോക്കിയിരിക്കാനും എനിക്ക് രസം തോന്നി.

പാലം എത്തിയപ്പോള്‍ ഓര്‍മ്മകള്‍ take diversion എന്ന് ഒരു മുഖം കാണിച്ചു കൊണ്ട് പറഞ്ഞു.ഒരിക്കല്‍ അടച്ചതാണ് ഓര്‍മ്മകളുടെ ആ വഴി.അതുകൊണ്ടുതന്നെ തുറന്നില്ല.
ഇഡ്ഡലി കഴിക്കാന്‍ പാകത്തില്‍ കൃത്യ സമയത്ത് തന്നെ ശ്രീച്ചീടെ അടുത്തെത്തി.കാണുമ്പോള്‍ ഒന്നും മിണ്ടാനില്ല ഫോണിലൂടെ ആണെങ്കിലോ പറഞ്ഞാലും തീരില്ല വിശേഷങ്ങള്‍.അങ്ങനെയാണ് ഞാനും ശ്രീച്ചീം.ഇത്തവണേം അതന്നെ പാട്.ഇരുട്ടായതിന് ശേഷമാണ് അവിടന്ന് തിരിച്ചത്.വരുന്ന വഴി ഏതോ ഒരു വല്യേ പള്ളിയില്‍ ന്തോ വിശേഷായിരുന്നു.അതുകൊണ്ട് റോഡ്‌ മുഴുവനും ബ്ലോക്ക് ആയിരുന്നു.ഓരോ പാലത്തിന്റെ മുകളില്‍ എത്തുമ്പോഴും ഞാന്‍ താഴെ പുഴയിലേക്ക് നോക്കും.പുഴയില്‍ തെളിയുന്ന പ്രതിബിംബങ്ങളെ കാണാന്‍ എനിക്കെന്നും ഇഷ്ടമാണ്.

ഇടയ്ക്കൊരു ദിവസം ഏതോ ഒരു ടി വി ചാനലില്‍ ഒരു പെണ്‍കുട്ടിയുമായി അഭിമുഖം കണ്ടു.ആ കുട്ടിയ്ക്ക് സിവില്‍ സര്‍വീസില്‍ റാങ്ക് കിട്ടിയതാണ്.
എത്ര അഭിമാനത്തോടെയാണ് അത് സംസാരിക്കുന്നുണ്ടായിരുന്നത്!!!
അല്ലെങ്കിലും കഠിന പ്രയത്നം കൊണ്ട് ജീവിതത്തില്‍ ലക്‌ഷ്യം സാധിച്ചവരുടെ കഥ കേള്‍ക്കാനും കാണാനും എനിക്കെന്നും ഇഷ്ടമാണ്.
അവരുടെ മുഖത്തെ സന്തോഷം,അഭിമാനം ഒക്കെ എന്നെ സ്വാധീനിക്കാറുണ്ട്.
അവരെ പോലെ ഒരിക്കല്‍ ഞാനും എന്നൊക്കെ സ്വപ്നം കാണാറുണ്ട്.
പക്ഷെ തൊട്ടടുത്ത നിമിഷം മുതല്‍ എന്‍റെ കോംപ്ലക്സ് വര്‍ക്കൌട്ട് ചെയ്യാന്‍ തുടങ്ങും.ഞാന്‍ എവിടേം എത്തിയില്ല,ജീവിതത്തില്‍ ലക്‌ഷ്യം കണ്ടെത്താന്‍ കഴിയാത്തവള്‍ ആയി.പരാജയപ്പെട്ടവള്‍ ആയി എന്നൊക്കെ എന്നെ ഞാന്‍ തന്നെ വിളിക്കാന്‍ തുടങ്ങും.

തിരിച്ച് വരുമ്പോള്‍  മനസ് ഏറെ ശാന്തമായിരുന്നു.
പുല്ലാങ്കുഴലില്‍ വിരിഞ്ഞ രാത്രിയുടെ സംഗീതം കേട്ട്,
പുതു മഴയുടെ മോഹിപ്പിക്കുന്ന താളത്തില്‍ ലയിച്ച്,
തിരമാലകളുടെ മാസ്മരിക ശബ്ദത്തില്‍ മുഴുകി,
മനസ്സില്‍ ഇനിയും ഒരുപാട് ബാക്കിയുള്ള പ്രണയത്തെ,
പെയ്തു തോരാന്‍ കൊതിക്കുന്ന മഴ മേഘങ്ങളാക്കി മാറ്റുന്ന ഗസലുകള്‍ കേട്ട്,
കണ്ണുകള്‍ അടച്ച് സീറ്റിലേക്ക് ചാരിയിരുന്നു.
എനിക്ക് തോന്നി,അല്ല ,,,,,,,ഞാന്‍ അറിഞ്ഞു.....
അങ്ങ് ദൂരെ ......എവിടെയോ മഴ പെയ്യുന്നുണ്ട്.
എനിക്ക് പ്രിയപ്പെട്ട ആരോ അത് നനയുന്നും ഉണ്ട്,ആ കൂടെ ഞാനും ......!!!!!
ഞങ്ങള്‍ ഒരുമിച്ച് മഴ കാണുകയാണ്.
തിരമാലകളില്‍ ഒളിക്കുന്ന മഴ നൂലുകളെ രാത്രി വെളിച്ചത്തില്‍ കണ്ടെത്താന്‍ നോക്കുകയാണ്.
മഴ മണക്കുന്ന ആ വിരലുകള്‍ കൊണ്ട് എന്‍റെ നെറുകയില്‍ വാത്സല്യത്തോടെ തലോടുന്നു.
മഴ മൂളിയ താരാട്ട് കൂടി കേട്ടപ്പോള്‍ ഒരു മാത്ര ഞാന്‍ ഉറങ്ങി പോയോ???

"മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ....................."
ഉണ്ണി മേനോന്‍റെ ശബ്ദമാണ് എന്നെ ആ ഉറക്കത്തില്‍ നിന്നും എണീപ്പിച്ചത്.(എത്ര കേട്ടാലും മതി വരാത്ത ഒന്ന്.)
ഗ്ലാസ് താഴ്ത്തി പതുക്കെ കൈ പുറത്തേക്ക് നീട്ടി നോക്കി ഒരു മഴത്തുള്ളിയെ തൊടാന്‍ വേണ്ടി.
ഇല്ല മഴ പെയ്തില്ലായിരുന്നു .എനിക്ക് തോന്നിയതാണ്.
പക്ഷെ ആ തോന്നല്‍,......എന്‍റെ മനസ്സിനെ വളരെയധികം ശാന്തമാക്കിയിരുന്നു.

മഴ നനയുമ്പോള്‍ ഒക്കെ എനിക്ക് തോന്നാറുണ്ട് 
"ആരുടേയോ സ്നേഹമാണ് എനിക്ക് മീതെ പെയ്യുന്ന ഈ മഴ" എന്ന്.
എന്‍റെ സങ്കടങ്ങളെ ഇഷ്ടമില്ലാത്ത ആരോ ഒരാള്‍..............
രൂപമില്ലാത്ത,ശബ്ദമില്ലാത്ത ഒരു  സ്നേഹം.........
അയാളോടെനിക്ക് സഹോദര്യമോ,സൗഹൃദമോ,പ്രണയമോ അങ്ങനെ ഒന്നും അല്ല.
നിര്‍വചിക്കാനാവാത്ത ഒരു സ്നേഹം.

ഒറ്റപ്പെടലെന്ന വേദനയ്ക്ക് മഴ നല്‍കുന്ന ആശ്വാസം,
അതിനോളം വലുതായി മറ്റൊന്നില്‍ നിന്നും,ആരില്‍ നിന്നും എനിക്ക് കിട്ടിയിട്ടില്ല.
പെയ്തു തുടങ്ങുമ്പോള്‍ ഞാന്‍ സന്തോഷിക്കും.
പിന്നെ കരയും.
ഒടുവില്‍ തീരുമ്പോഴേക്കും മനസ് തീര്‍ത്തും ഭാരമില്ലാതാകും.
അതുകൊണ്ട് തന്നെ നീ എനിക്കീമഴ പോലെ.............!!!!!!!!

തനിച്ചിരിക്കുമ്പോള്‍,തനിച്ചിരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഒക്കെ ഞാനെന്‍റെ കണ്ണീരിനെ തേടി ചെല്ലാറുണ്ട്.
അതിന്‍റെ മേച്ചില്‍ പുറങ്ങളില്‍  അങ്ങനെ നടക്കാന്‍ വളര രസമാണ്.
ഹൃദയം തകര്‍ന്നു കരഞ്ഞിരുന്ന നിമിഷങ്ങളെ,മതി മറന്നു സന്തോഷിച്ച നിമിഷങ്ങളെക്കാളും എനിക്കിഷ്ടമാണ്.
അതാണ്‌ എന്നേയും എന്‍റെ ജീവിതത്തെയും ബാലന്‍സ് ചെയ്തു കൊണ്ട് പോകുന്നത്.
മറ്റുള്ളവര്‍ പറയുന്ന പോലെ എന്നെ ഒരു "പാവം " ആക്കുന്നത്.
എന്നില്‍ അഹങ്കാരത്തിന്‍റെ ഒരു കുഞ്ഞു തരി പോലും ഇല്ലാതാക്കുന്നത്.
എന്‍റെ മനസ്സില്‍ നിഷ്കളങ്കത നിറയ്ക്കുന്നത്.
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കടന്നു വന്ന വഴികളിലൂടെ ഇടയ്ക്കിടെ മനസുകൊണ്ടൊരു യാത്ര നടത്തുന്നത് നല്ലതാണ്.
ഞാന്‍ എന്നോട് തന്നെ പറയുന്ന ഒരു കാര്യം.

സ്നേഹം അതിന്‍റെ ഏറ്റവും മനോഹരമായ ഭാഷയില്‍ പങ്കു വെച്ച,
എനിക്കൊരുപാട് പ്രിയപ്പെട്ടവര്‍..........
ചിലപ്പോഴൊക്കെ അവരില്‍ നിന്നെല്ലാം തിരിഞ്ഞു നടക്കാന്‍  എനിക്ക് തോന്നിയിട്ടുണ്ട്.
അതിനായി ശ്രമിച്ചിട്ടുണ്ട്.
(അത് അഹങ്കാരം കൊണ്ടല്ല.ഇത്രയേറെ സ്നേഹിക്കപ്പെടാന്‍ ഞാന്‍ യോഗ്യയാണോ എന്ന എന്‍റെ സംശയം കൊണ്ട്.)
എങ്കിലും ഒരിക്കല്‍ പോലും സാധ്യമായിട്ടില്ല.
ഒരു പക്ഷെ അതിനെ തന്നെയാണ് സ്നേഹത്തിന്‍റെ ശക്തി എന്ന് പറയുന്നത്.

കാരണമേതുമില്ലാതെ നിന്നില്‍ നിന്നും ഞാന്‍ പോവുകയാണ്.
പൊയ്ക്കോട്ടെ????????
എത്രയൊക്കെ ചേര്‍ന്നാലും നമുക്കിടയില്‍ എന്തിന്റെയോ ഒരു കുറവുണ്ട്.
 "പിന്നെ" എന്ന ഒരു അപൂര്‍ണ്ണത നിറഞ്ഞ ഒരു വാക്കേ പലപ്പോഴും എനിക്ക് നിന്നോട് മിണ്ടാനുള്ളൂ.
സംസാരിക്കാന്‍ വാക്കുകള്‍ വിസമ്മതം കാണിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ 
ഞാന്‍ ഭയപ്പെടുകയായിരുന്നു  എനിക്കും നിനക്കും ഇടയിലെ നമ്മളെ നമുക്ക് നഷടമാവുകയാണോ എന്ന്.
ഇന്ന് ഞാന്‍ വേദനയോടെ തിരിച്ചറിയുന്നു അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്.
എന്‍റെ മുഖം ,എന്‍റെയീ  വാക്കുകള്‍ ഇതെല്ലാം എന്‍റെ മനസാണ്.
നീ പലപ്പോഴും പറഞ്ഞിട്ടുള്ള വാക്കുകള്‍.
അതുകൊണ്ട് തന്നെ നിനക്ക് മുന്നില്‍ അഭിനയിക്കാനോ,കള്ളം പറയാനോ എനിക്കൊരിക്കലും കഴിയില്ല.

തിരിച്ചു വരുന്ന വഴി അവിടെ എന്‍റെ സ്വപ്ന ഭൂമിയിലേക്കും ഞാന്‍ പോയി.
ന്‍റെ ഇല്ലം........ഒട്ടും വിചാരിക്കാതെ അവിടെ ചെന്നപ്പോള്‍ എനിക്ക് ശരിക്കും സന്തോഷായി.മുത്തശ്ശി ഉണ്ടാക്കിയ മത്തങ്ങ(തേങ്ങ വറുത്തിടാത്ത) എരിശ്ശേരിയും പാവയ്ക്ക മെഴുക്കുപുരട്ടീം കഴിക്കാന്‍ പറ്റിയപ്പോ ആ നിമിഷങ്ങളില്‍ എനിക്കീ ലോകത്തിനോട് മുഴുവനും ഇഷ്ടം തോന്നി.
ഇവിടെ എത്തുന്നതുവരെ പിന്നെ ഉറങ്ങിയില്ല.
ശ്രീച്ചിയെ കണ്ട,
സമാധാനം അല്‍പ്പമെങ്കിലും നല്‍കിയ വാര്‍ത്ത കേട്ട,
വിചാരിക്കാതെ ഇല്ലത്തേക്ക് പോയ,
മുത്തശ്ശി ണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പറ്റിയ ഈ ദിവസം ................. എല്ലാത്തിനുമുപരി നിന്നോടുള്ള സ്നേഹം നിറഞ്ഞൊഴുകിയ,നീ എന്നില്‍ നിറഞ്ഞ ,കുറെ നിമിഷങ്ങള്‍ നല്‍കിയ ഈ ദിവസം ......................
ഈ ദിവസവും എനിക്ക് പ്രിയപ്പെട്ടതായി!!!!!!


Saturday, February 2, 2013

"മിട്ടായി ഓര്‍മ്മകള്‍"

                        അന്ന് മലമക്കാവ് പോയി തിരിച്ചു വരുമ്പോള്‍ തേന്‍ നിലാവ് വാങ്ങിച്ചു. ആ പഴയ മിട്ടായി.പഞ്ചസാര പാവില്‍ മുക്കി വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന ഓറഞ്ച് നിറമുള്ള മിട്ടായി.എനിക്കൊരുപാടിഷ്ടമാണ്.
പക്ഷെ ഇപ്പോഴത്തെ തേന്‍ നിലാവിന് പഴേ സ്വാദില്ല.മുറുക്കം കൂടി.ഉണങ്ങിയ പോലെ ആയി.എല്‍ പി സ്കൂളില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള പെട്ടിക്കടയില്‍ നിന്ന് മറ്റു കുട്ടികള്‍ പോയി വാങ്ങിക്കൊണ്ടു വരും.ഒരു പങ്ക് എനിക്കും. അവിടന്ന്  വേറേം മിട്ടായികള്‍ കഴിച്ചിട്ടുണ്ട്.പല നിറത്തില്‍ ചോക്ക് പോലെ ഉള്ള ഒരു തരം ,പിന്നെ കവറില്‍  പൊതിഞ്ഞ ഒരു കറുത്ത തരം അങ്ങനെ പലതും....ഇതിന്‍റെ പേരുകള്‍ ഒന്നും ഇപ്പോള്‍ ഓര്‍മ്മയില്ല.അന്നതൊക്കെ എന്തിഷ്ടായിരുന്നു!!!!!!പിന്നേം ണ്ടായിരുന്നു ഇഷ്ടപ്പെട്ട മിട്ടായികള്‍.ജീരക മിട്ടായി,പാരീസിന്‍റെ ഒരു ഓറഞ്ച് നിറമുള്ള സ്വാദുള്ള ഉണ്ട മിട്ടായി. അതിന്റെ കടലാസ് കൊണ്ട് പാവക്കുട്ടിയെ ഉണ്ടാക്കിയാല്‍ നല്ല ഭംഗിയാണ്. പോപ്പിന്‍സ്‌,കോഫീ ബൈറ്റ് അങ്ങനെ കൊറേ.........തറവാട്ടില്ലത്തെ മുത്തശ്ശനഫനു ആ ഓറഞ്ച് മിട്ടായി വല്യേ ഇഷ്ടായിരുന്നു.മരിക്കണടത്തോളം വരേം അത് കഴിച്ചിരുന്നു.അതീ പിന്നെ അത് വാങ്ങല്‍ നിര്‍ത്തി.ഇപ്പൊ ഒക്കെ ഇണ്ടോ ആവോ........ഇണ്ടെങ്കില്‍ തന്നേം ഒറിജിനല്‍ ആവില്ല.

                    അന്നത്തെ കളികളും എത്രയായിരുന്നു!!!!ഇപ്പൊ അതൊന്നും ഇല്ലന്നെ !!!!കളം വരച്ച് ഞൊണ്ടി കളിക്കലും,സൂചി എറിഞ്ഞു അത് തപ്പി എടുക്കലുംപുള്ളി കുത്തി കളിക്കലും,ഈര്‍ക്കില്‍ കൊണ്ട് കോല്‍ കളിക്കലും,രാജാവും,റാണീം എഴുതി കളിക്കലും,ചീട്ട് കളിക്കലും,കവടി കളിക്കലും,പല്ലാങ്കുഴി കളിക്കലും,കണ്ണ് കെട്ടി കളിക്കലും,ഒളിച്ചു കളിക്കലും,കുളം കുളം-കര കളിക്കലും,തൂപ്പിട്ട് കളിക്കലും,അങ്ങനെ ഒരു നൂറു കൂട്ടം കളികള്‍.മുറ്റത്ത് രാക്കൂന്റെ കൂട്ടുകാര്‍ ഒക്കെ കൂടി ക്രിക്കറ്റ് കളിക്കാന്‍ വരും.ഷട്ടിലും കളിക്കും.അതൊക്കെ നോക്കിയിരിക്കുന്ന കളികള്‍ ആണ്.അവരൊക്കെ കൂടി മാങ്ങ എറിഞ്ഞു വീഴ്ത്തും.അതിനുള്ള ഉപ്പും മുളകും,ഉള്ളീം തിരുമ്പല്‍ ന്‍റെ വകയാണ്.വല്യോരും കൂടും കഴിക്കാന്‍.ഒക്കെ ന്ത്‌ രസായിരുന്നു!!!!!!
                  
                  "ദയ"എന്ന കഥ വായിക്കാന്‍ വേണ്ടിയാണ് ബാലഭൂമി സ്ഥിരായി വാങ്ങി തുടങ്ങിയത്.പിന്നീട് അത് സിനിമ ആയപ്പോള്‍,അതും മഞ്ജു വാര്യര്‍ അഭിനയിച്ചപ്പോള്‍ ആ സിനിമയും ആ കഥയും എനിക്കേറെ പ്രിയപ്പെട്ടതായി. ഇപ്പഴും ടീവിയില്‍ വരുമ്പോള്‍ ഒക്കെ ഞാന്‍ കാണാന്‍ ശ്രമിക്കുന്ന ഒരു സിനിമയാണ് അത്.അച്ചൂന്  ബാലരമ വല്യേ പ്രാന്താണ്. വെള്ളിയാഴ്ച്ച അത് വന്നാല്‍ പിന്നെ അടുത്ത വെള്ളിയില്‍ പുതീത് കിട്ടണ വരെ കയ്യീന്ന് താഴെ വെക്കില്ല.അതോണ്ട് വെള്ളിയാഴ്ച അവള്‍ ഉണരുന്നേനു മുന്നേ എല്ലാരും എണീക്കും.അല്ലെങ്കില്‍ പിന്നെ ആരേം വായിക്കാന്‍ സമ്മതിക്കില്ല.എനിക്കും നല്ല ഇഷ്ടാണ്.അതൊക്കെ.കപീഷിന്റെ വാല് നീട്ടലും,വൈദ്യരുടെ ശക്തി മരുന്നും,ഡിങ്കന്റെ കൌശലവും,ശിക്കാരി ശംഭൂന്റെ പേടീം ഒക്കെ ന്ത് രസാണ്!!!!എത്ര വായിച്ചാലും മതിയാവില്ല.ഇപ്പഴത്തെ ബാലരമയില്‍ ജമ്പനും തുമ്പനും ,സൂത്രനും ഷേരുവും,തുരുമ്പന്‍സ്  ഡയറിയും ഒക്കെ നല്ലതാണ്.ഈ രാജൂം രാധേം ഒരു കാലത്തും വലുതാവില്ലേ!!!!!!ന്ന് ഞാന്‍ എപ്പഴും ഓര്‍ക്കാറുണ്ട്.ഇപ്പൊ ബാലഭൂമീല് പ്രിയ എ സ് എഴുതുന്നുംണ്ട്. എനിക്കിഷ്ടാണ് അതും.

                   എല്‍ പി സ്കൂളിന്‍റെ പിന്നിലെ വീട്ടിലെ അതിരില്‍ മുളങ്കൂട്ടം ഉണ്ട്. അതിനിടയില്‍ ഒരു കുഞ്ഞു ഇലവംഗം ഉണ്ടായിരുന്നു.അതിന്‍റെ ഇലയ്ക്ക് എന്തൊരു മണം ആയിരുന്നു!!!!!ദാ.....ഇപ്പോഴും മൂക്കില്‍ നിറയുന്നു. കൊടമ്പുളിയുടെ തളിരില പൊട്ടിച്ചു തിന്നുമായിരുന്നു.തെച്ചിപ്പഴം,കാരപ്പഴം അങ്ങനെ കുഞ്ഞു കുഞ്ഞു കായ്കള്‍ ഒക്കേം പ്രാന്തായിരുന്നു.കോണ്‍വെന്റില്‍ എത്തിയപ്പോള്‍ പല നിറമുള്ള ചോക്കുകള്‍,ഹീറോ പേനകള്‍,ഇരുന്നൂറു പേജ് ന്‍റെ വരയുള്ള പുസ്തകങ്ങള്‍ ഒക്കേം ആയി  കൊതികള്‍.ഇപ്പഴും  കടേല്‍ കേറുമ്പോള്‍ നോട്ട് ബുക്ക്‌ ഇരിക്കുന്ന കണ്ടാല്‍  എന്‍റെ മനസ്സ് അത് വാങ്ങാന്‍ ബഹളം വെക്കാറുണ്ട്. ബ്രില്‍ ന്‍റെ കറുത്ത മഷിക്കുപ്പി കാണുമ്പോഴും. 

                 ഒരു കാലത്തൊക്കെ ഗിഫ്റ്റ് എന്ന് പറയുമ്പോള്‍ മിക്കവരും പേന  ആണ് സമ്മാനമായി കൊടുക്കുക.ആദ്യമായി കിട്ടിയ പ്രണയലേഖനത്തോടൊപ്പം കാര്‍ഡും,യൂണിബോള്‍ ന്‍റെ പേനയും കിട്ടിയിരുന്നു.എന്‍റെ കൂട്ടുകാരന്‍ എനിക്ക് ആദ്യായി തന്നതും ഒരു പേന തന്നെ.മോണ്ട്ട് ബ്ലാങ്ക് ന്‍റെ ആണെന്നാണ്‌ ഓര്‍മ്മ.ഞാന്‍ ടീച്ചറായപ്പോ സമ്മാനം കൊടുത്തിരുന്നതും പേന തന്നെ.പേന ആര്‍ക്കും എന്തിനും എപ്പഴും കൊടുക്കാവുന്ന ഒരു നല്ല സമ്മാനമാണ് അല്ലെ????????

                  സ്കൂളില്‍ ഞാന്‍ ഒരു പാവം ആയിരുന്നു.(ആ ഇമേജ് മാറിയിട്ട് ശ്ശി കാലായില്ല.)ടീച്ചര്‍മാര്‍ക്കൊന്നും എന്‍റെ ഈ പാവത്തരം കാരണം എന്നെ അറിയുകയേ ഇല്ല.പഠിക്കാനും ഒരു ആവറേജ് മാത്രം.പിന്നെ ബിന്ദു അച്ചോള്‍ ടീച്ചറായി എത്തിയപ്പോള്‍ ആണ് എന്നെ മറ്റു ടീച്ചര്‍മാരും,സിസ്റ്റര്‍മാരും ഒക്കെ അറിയാന്‍ തുടങ്ങിയത്.ഒരിക്കല്‍ ഒരു ഓണ പരീക്ഷകാലത്ത് എന്‍റെ വലത്തേ കൈ ഒടിഞ്ഞിരുന്നു.കോണ്‍വെന്റ് സ്കൂളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ക്യാറ്റീസവും മറ്റു കുട്ടികള്‍ സന്മാര്‍ഗവും,(ഇംഗ്ലീഷ് വാക്ക് മോറല്‍ സയന്‍സ്)
പഠിക്കണമായിരുന്നു.അതാവും ആദ്യത്തെ പരീക്ഷ.അന്ന് ആ പരീക്ഷ എനിക്കെഴുതാന്‍ സാധിച്ചില്ല.അതെഴുതിയില്ലെങ്കില്‍ ഫുള്‍ പാസ് ആവില്ല.അസ്സെംബ്ലി യില്‍ നിന്ന് സ്റ്റെയ്ജില്‌ കയറി ബാഡ്ജ് വാങ്ങാന്‍ പറ്റില്ല.അതോണ്ട് അതെഴുതിയെ പറ്റൂ.ക്ലാസ്സ്‌ സിസ്റ്റര്‍ പറഞ്ഞു ഉമ പരീക്ഷ എഴുതണം അതിന് ഒരു വഴീണ്ട് ഉത്തരം  പറഞ്ഞാല്‍ മതി ഞാന്‍ എഴുതിക്കോളാംന്ന്.ആകെ അബദ്ധായീന്ന് പറഞ്ഞാല്‍ മതീലോ. കഷ്ടകാലത്തിനു പറയുന്ന ഉത്തരം തെറ്റായതൊക്കെ സിസ്റ്റര്‍ എഴുതേണ്ടി വരില്ലേന്നായിരുന്നു ന്‍റെ വിചാരം.ചിലപ്പോ സിസ്റ്റര്‍ക്ക് ഓര്‍മ്മെല്യാണ്ട് എല്ലാത്തിനും ശരിയുത്തരം എഴുതിയാലോ ന്നും ഞാന്‍ വെറുതെ മോഹിച്ചു. പക്ഷെ ഞാന്‍ പറഞ്ഞതന്നെയ് എഴുതിയൊള്ളൂ .അതിനു അന്ന്  നാല്‍പ്പത്തി മൂന്നു മാര്‍ക്ക് കിട്ടി എനിക്ക്. ഇപ്പഴും അത് നല്ല ഓര്‍മ്മയാണ്.


                 കോണ്‍വെന്റില്‍  വല്യേ സ്റ്റ്രിക്റ്റ് ആണ്.എന്നും യൂണിഫോം നിര്‍ബന്ധം.ഹെഡ്മിസ്‌ട്രെസ്സ് ന്‍റെ ഫീസ്റ്റ്ന് മാത്രേ കളര്‍ ഡ്രസ്സ്‌ പാടുള്ളൂ.നല്ല ഭംഗിയുള്ള ഉടുപ്പുകള്‍ ഒന്നും ഇല്ലാതിരുന്നതിനാലാവും എനിക്കെന്നും യൂണിഫോം മതീന്നായിരുന്നു.ഓരോ ദിവസോം ഓരോ പ്രാര്‍ത്ഥന ആണ് പാടുക.പത്താം ക്ലാസില്‍ എത്തുമ്പോള്‍ ഒന്നൂടെ കര്‍ശനാവും.പഠനവും പ്രാര്‍ത്ഥനയും മാത്രം.യു പി കുട്ട്യോള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതണ കുട്ട്യോള്‍ടെ പേരെഴുതി കൊടുക്കും.ഓരോ കുട്ടിക്കും ഓരോ പേര്.ആ കുട്ടി ആ കുട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കണം.ഞാന്‍ എഴില്‍ ആയിരുന്നപ്പോ എനിക്ക് കിട്ടീത് ദീപ ചേച്ചിയെ ആയിരുന്നു.ഞാന്‍ പത്തില്‍ ആയിരുന്നപ്പോ ന്നെ കിട്ടീത് ആര്‍ക്കാണാവോ!!!!!അത് നേരാം വണ്ണം പ്രാര്‍ഥിച്ചില്ലന്നാ തോന്നണേ!!!!നിയ്ക്ക് ഫസ്റ്റ് ക്ലാസ്സ്‌ മാര്‍ക്കേ കിട്ടിയുള്ളൂ!!!! :(

                  പിന്നെയാണ് സംഭവ ബഹുലമായ വി എച്ച് എസ് ഇ കാലം വന്നെ.അത് വല്യേ തമാശയാണ്.ബസ് കേറി പഠിക്കാന്‍ പോയത്, ആങ്കുട്ട്യോളും ഒപ്പം പഠിക്കാന്‍ വന്നത് ഒക്കെ അപ്പഴാണ്.നാല് വരെ ന്നു പറഞ്ഞാല്‍ ചെറിയ കുട്ട്യോള്‍ അല്ലെ!!!!!!!പതിനൊന്നില്‍  ആണേല്‍ വല്യേ കുട്ട്യോളും ആയി.അന്നൊക്കെ ന്തൊരു പേടി ആയിരുന്നൂന്നോ!!!!!!പിന്നത്തെ കൊല്ലം ആണ് അവരോടൊക്കെ മിണ്ടാന്‍ തുടങ്ങിയത്.ആ രണ്ടു കൊല്ലോം ന്റെ കൂട്ടുകാരി ആശ ആയിരുന്നു.അവള്‍ടെ വലത്തേ കയ്യില്‍ തൂങ്ങിയാണ് ഞാന്‍ എപ്പഴും നടക്കുക.എന്തിനും ഏതിനും ആശ വേണം.പ്ലസ് ടൂ കഴിഞ്ഞ് നേഴ്സറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് നു പോയി.അതാണ്‌ ന്‍റെ ഇന്നത്തെ സ്വഭാവത്തിലേക്ക് എന്നെ എത്തിച്ചേ!!!!ആ കണ്ട കാലം മുഴോനും മിണ്ടാതിരുന്ന,പാവമായി ഇരുന്ന ഞാന്‍ പിന്നെ നോണ്‍ സ്റ്റോപ്പ്‌ കത്തിയായി. അത്യാവശ്യം സ്മാര്‍ട്ട്‌ ആയി(ന്നാലും അപ്പഴും ഇപ്പഴും എപ്പഴും ന്റെ ഈ ബടുക്കൂസ്തരം മാറിയില്ല. :( പിന്നെ അന്നും ഇന്നും (എന്നും?)ഞാന്‍ പാവംന്ന്  തന്നെയാണ് എല്ലാരും പറയുന്നേ!!!!!).പിന്നെ ഡിഗ്രീ ആയപ്പഴേക്കും ഞാന്‍ നല്ല മിടുക്കി കുട്ടി ആയീട്ടോ(ഛെ  ഈ മിടുക്കി എന്ന  പരിപാടി അന്നുണ്ടായിരുന്നെകില്‍ പങ്കെടുത്ത് സമ്മാനം മേടിക്കായിരുന്നു!!!!എനിക്കതിലെ ജഡ്ജ്സ് നെ നല്ല ഇഷ്ടാണ്).


                ഇതിനിടേല്‍  കൈ ഒടിഞ്ഞ കഥ പറഞ്ഞില്യാലോ!!!!!!അത് ഏഴാം ക്ലാസില്‍ പഠിക്കണ സമയത്താണ്.അവിടെ ന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു തെങ്ങ് എങ്ങനെയോ വീണു.അതിന്‍റെ തലയൊക്കെ (ഓലേം, തേങ്ങേം, പൂക്കുലേം, അങ്ങനെ ഒക്കേം)വെട്ടി മാറ്റി വെറുതെ തടി മാത്രാക്കി അവിടെ ഇട്ടിരുന്നു. ഞങ്ങള്‍ പിള്ളേരെല്ലാം കൂടി അതിന്‍റെ ആ അറ്റത്ത് ഇരുന്നിങ്ങനെ ആടും. പൊങ്ങീം താഴ്ന്നും ഇങ്ങനെ നല്ല രസാണ്. അങ്ങനെ ആടിക്കൊണ്ടിരുന്നപ്പോ എല്ലാരും പെട്ടെന്ന് അതീന്നു ഇറങ്ങി.ഞാന്‍ ബോധല്യാണ്ട് പാട്ടും പാടി അങ്ങനെ ഇരിക്യായിരുന്നു.എല്ലാരും ഇറങ്ങിയ ശക്തീല് ഞാനാ വീണു.കൈ കുത്തിയങ്ങട്  വീണു.അടുത്തുള്ള ഓമന വന്നിട്ട് കൈ വേദന മാറാന്‍ ഉഴിഞ്ഞു തന്നു.കൊറച്ചു കഴിഞ്ഞപ്പോ കൈ നീര് വെച്ച് വീര്‍ത്തു.പിന്നെയാ ആശുപത്രീല്‍ പോയി പ്ലാസ്റ്റര്‍ ഇട്ടേ.ഇപ്പഴും ന്‍റെ വലത്തേ കൈ വല്ലാതെ തിരിക്കാന്‍ പറ്റാറില്ല .അപ്പഴൊക്കേം ഞാന്‍ ഈ കഥ ഓര്‍ക്കും. ഇത് പോലെ നെറ്റിയിലും ഉണ്ട് ഒരു മുറിവിന്‍റെ ശേഷിപ്പ്.അത് ഒന്നര വയസ് പ്രായള്ള കാലത്ത്ണ്ടായതാത്രേ !!!!അന്ന് കളപ്പുരേടെ ഇറയത്ത്‌ നെല്ല് പരത്തിയിട്ടിരുന്നു.അതിലൂടെ നടന്ന്‍ വഴുക്കി വീണ് തൂണിന്റെ മൂലയില്‍ തട്ടി.കൊറേ സ്റ്റിച്ച് ഒക്കേം ഇട്ടു.അതോണ്ടൊരു ഉപകാരം ആയത് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ അടയാളം ചോദിച്ചതിനു ഇത് കാണിക്കാന്‍ പറ്റി എന്നതാണ്.

                ചില മുറിവുകള്‍ ശേഷിപ്പിക്കുന്ന അടയാളങ്ങള്‍ പിന്നീട് നമുക്കേറെ പ്രിയപ്പെട്ടതാവുന്നു.ആ മുറിവുകളും,അത് നല്‍കുന്ന ഓര്‍മ്മകളും ഒക്കെ ഒരിക്കലും വിട്ടു പോകില്ല.അത് ഇത്തരം കുഞ്ഞു കുഞ്ഞു പാടുകള്‍ ആയാലും,സ്നേഹിക്കുന്നവര്‍ നല്‍കുന്ന-തൊടുമ്പോഴൊക്കെയും ചോര വാര്‍ന്നൊലിക്കുന്ന ഓര്‍മ്മകള്‍ ആയാലും അങ്ങനെ തന്നെ.അത്തരം
ഒരുപാട് അടയാളങ്ങളാല്‍ സമ്പന്നമാണ് എന്‍റെ ജീവിതം.

ഓരോ കണ്ണീര്‍ തുള്ളിയിലും ഒരുപാട്  നോവുകള്‍...............
ഓരോ നോവിലും  ഒരുപാട്  ഓര്‍മ്മകള്‍............
ഓരോ ഓര്‍മ്മയിലും ഒരുപാട് സ്നേഹങ്ങള്‍ .................
ഓരോ സ്നേഹത്തിലും "നഷ്ടപ്പെട്ടവള്‍" എന്ന ഞാന്‍!!!!!!!!!!


                  "നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താതെ നേടിയതിനെ കുറിച്ച് ചിന്തിക്കൂ."എന്നും എല്ലാവരും എന്നോട് പറഞ്ഞിട്ടുള്ള ഒന്നാണിത്. ശരിയാണ് .നേടിയത് ഒത്തിരിയാണ്‌.എങ്കിലും.............ഓരോ മുറിവും എനിക്ക് പ്രിയപ്പെട്ടതാണ്.
എന്തെന്നാല്‍ അതില്‍ ഞാന്‍ എന്‍റെ സ്നേഹം നിറച്ചിരിക്കുന്നു.