Sunday, November 27, 2011

എന്റെ ഡയറിയിലെ ഒരു ദിനം.

ഇന്നലത്തോടെ കടവല്ലൂരിലെ ഈ വര്‍ഷത്തെ അന്യോന്യം സമാപിച്ചു.
ഇതുവരെ അന്യോന്യം കണ്ടിട്ടില്ല.
പ്രയോഗം,ജട,വാരമിരിക്കല്‍,കടന്നിരിക്കല്‍,എന്നിങ്ങനെ ഒക്കെ കേട്ടിട്ടേ ഉള്ളൂ.
ഒന്ന് കാണണം എന്ന് വല്യ മോഹായിരുന്നു.
നടന്നില്ല.

അത് കണ്ടില്ലെങ്കിലും കടവല്ലൂര്‍ ശ്രീ രാമസ്വാമി ക്ഷേത്രം കാണാന്‍ സാധിച്ചു.
എത്രയോ കാലമായിട്ടുണ്ടായിരുന്ന മോഹമായിരുന്നു!!!!!
ഇന്നത്‌ നടന്നു.
ഓരോന്നിനും ഓരോ സമയമുണ്ട് ദാസാന്നു പണ്ട് വിജയന്‍ പറഞ്ഞത് സത്യാണ്.
വലിയ നല്ല ഭംഗിയുള്ള അമ്പലം.
അധികം ഉപദേവന്മാര്‍ ഇല്ല.
തികച്ചും ശാന്തത.
അതല്ലെങ്കിലും ശ്രീ രാമന്റെ അമ്പലങ്ങളില്‍ ഒക്കെ നിശബ്ദത ഒരുപാടാണ്‌.
വലിയ പ്രതിഷ്ഠ.
ചെന്നപ്പോള്‍ ശീവേലി ആയിരുന്നു.
തിടമ്പ് നോക്കി തൊഴുതു.
നല്ല ഭംഗിയുള്ള ഒരു മുത്തശ്ശന്‍ ആയിരുന്നു ശാന്തിക്കാരന്‍.
നല്ല വെളുത്ത താടി.
എനിക്ക് നല്ല ഇഷ്ടാണ് അങ്ങനെ ഉള്ള മുത്തശ്ശന്മാരെ.
പന്നിയൂരിലെ പോലെ,നീലാകാശത്തിന്റെ ഭംഗി വ്യക്തമായും,വൃത്തിയായും കാണാം അവിടെ നിന്നാല്‍.

കാറില്‍ ഇരുന്നു ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ മനസിന്‌ ഒരു കുളിര്‍മ തോന്നി.
ഒരു ചാറ്റല്‍ മഴ,മഞ്ഞിന്റെ ഒരു നേര്‍ത്ത പുതപ്പു കൊണ്ട് പുതച്ച അധികം തിരക്കില്ലാത്ത നല്ല വഴി,ഒപ്പം സഞ്ചരിക്കുന്ന മേഘങ്ങള്‍ ഒക്കെ സന്തോഷമുണ്ടാക്കുന്ന കാഴ്ചകള്‍.
പണ്ടൊക്കെ എവിടെയെങ്കിലും പോവുമ്പോള്‍ (ആയിടക്കു മിക്കവാറും പാലക്കാട്ടെയ്ക്കായിരുന്നു യാത്രകള്‍)ഒപ്പം സഞ്ചരിക്കുന്ന മേഘങ്ങളേ നോക്കി സംസാരിക്കുമായിരുന്നു.
അതിനും കുഞ്ഞായിരുന്നപ്പോള്‍ അത്ഭുതമായിരുന്നു ആ കാഴ്ച.
സൂര്യനും ചന്ദ്രനും മേഘോം നക്ഷത്രങ്ങളും ഒക്കെ സഞ്ചരിക്കുമോ എന്ന സംശയം എന്നും ഉണ്ടായിരുന്നു ആ നാളുകളില്‍.
നീലാകാശത്തില്‍ വെളുത്ത മേഘങ്ങള്‍,
ചിലത് തിങ്ങി നിറഞ്ഞ്, മറ്റു ചിലത് അലസമായി പറക്കുന്ന അപ്പൂപ്പന്‍താടിക്കൂട്ടം പോലെ.
നിഷ്കളങ്കത നിറഞ്ഞ ഒരു സൌന്ദര്യം.
പോവുമ്പോഴും,വരുമ്പോഴും അത് വേണ്ടുവോളം ആസ്വദിച്ചു.

തൃശൂര്‍ക്കും,കൊടുങ്ങല്ലൂര്‍ക്കും ആയിരുന്നു യാത്ര.
ഇവിടത്തെ ഭാഷയില്‍ രണ്ടു കുറ്റൂശ്ശകള്‍ക്ക്(ഗൃഹപ്രവേശം) പോയതായിരുന്നു.
ഒന്ന് ചിറ്റേടെ,പിന്നൊന്ന് പേരശ്ശീടെ അപ്പറത്തെ ഇല്ലത്തെ.
രണ്ടും നല്ല വീടുകള്‍.
ആധുനിക രീതിയില്‍ ഉള്ളത്.
(പക്ഷെ എനിക്ക് ട്രഡീഷണല്‍ ആണ് ഇഷ്ടം.)

തൃശൂര്‍ ജില്ലയില്‍ കടന്നപ്പോള്‍ കുറെ വീടുകളുടെ മുന്നില്‍ ഇപ്പോഴും നിറയെ കണിക്കൊന്ന മരങ്ങള്‍ ഇലകളെ മറച്ച് പൂത്തു നിന്നിരിക്കുന്നത് കണ്ടു.
കണിക്കൊന്ന എനിക്കേറ്റവും ഇഷ്ടപ്പെട്ടവയില്‍ ഒന്നാണ്.

രണ്ടു ദിക്കിലും ഒരേ ആള്‍ടെ ദേഹണ്ഡം ആയിരുന്നു.
നല്ല അസ്സല് സദ്യ.
കാളനും,ഓലനും,മാങ്ങാക്കറിയും ഒക്കെ അസാധ്യ സ്വാദായിരുന്നു.
പായസം കുടിക്കാത്ത ആളാണ്‌ പൊതുവേ ഞാന്‍.
പക്ഷെ ഇന്നത്തെ പാലട രണ്ടു ഗ്ലാസ്‌ കുടിച്ചു.
(ഈ ജയേട്ടന്‍ ആള് ഒരു സംഭവം ആണുട്ടോ.
ഇതെങ്ങനെ ഇത്ര കൃത്യമായി?????
ജയേട്ടന്‍ എന്റെ വകയിലൊരു നാത്തൂന്റെ പ്രിയതമന്‍ ആണ്.)
ഇരിങ്ങാലക്കുടയില്‍ പുള്ളിക്കൊരു ഹോട്ടല്‍ ഉണ്ട്.
ആ വഴി പോവുമ്പോള്‍ അവിടെ കേറിക്കോളൂട്ടോ നല്ലൊരു ഊണ് തരാവും.
പേരറിയില്ല.


തിരിച്ചു വരുമ്പോള്‍ നിശബ്ദയായിരുന്നു.
ഒരിക്കല്‍ പറഞ്ഞത് പോലെ
അവനോടു സംസാരിച്ചു കൊണ്ടിരുന്നു എന്റെ മൌനം.
അവനോടു പറയാന്‍ കുറെ കാര്യങ്ങള്‍ ശ്യാമസന്ധ്യയോടു പറഞ്ഞു.
ഇളം ചുവപ്പ് നിറമുള്ള ആകാശത്തില്‍ എന്റെ കാഴ്ച്ചയുടെ അറ്റം കൊണ്ട് നിന്റെപേരും,നിന്നോടുള്ള ഇഷ്ടോം ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു.
അതിനു മുന്‍പേ പെയ്ത മഴയില്‍ നിന്നോടുള്ള മോഹങ്ങളേ നനയിച്ചു.
ഓരോ മഴത്തുള്ളികളും എന്റെ പ്രണയത്തില്‍ വീണലിഞ്ഞു കൊണ്ടിരുന്നു.
കാറ്റ് അത് മുഴുവനും നിന്നിലെക്കെത്തിക്കും.
നീ കാത്തിരിക്കൂ..................
എന്റെ ചുണ്ടില്‍ നിനക്കും എനിക്കും ഇഷ്ടമുള്ള "ചാന്തു കുടഞ്ഞൊരു" എന്ന പാട്ട് ഞാന്‍ പോലും അറിയാതെ എത്തി.

കുറച്ചു ദിവസമായി പത്രങ്ങളില്‍ നിന്നും,ടീവിയില്‍ നിന്നും ഒക്കെ മുല്ലപ്പെരിയാറിനെ കുറിച്ചു കേള്‍ക്കുന്ന നടുക്ക സത്യങ്ങള്‍ എന്നെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇന്നത്തെ യാത്ര ആ സങ്കടം എന്നെ അറിയിച്ചതെയില്ല.

മനസ്സില്‍ സന്തോഷം നിറച്ച,
ഒരു മോഹം സാധിച്ച,
നിന്റെ ചിന്തകള്‍ കൊണ്ട് എന്റെ പ്രണയത്തെ മനോഹരമാക്കിയ
ഈയൊരു ദിനം എനിക്കേറെ ഇഷ്ടമായി.

Thursday, November 17, 2011

നിന്നെ പ്രണയിക്കാന്‍ നിര്‍ബന്ധിക്കുന്നു വൃശ്ചിക കുളിരുള്ള,മഞ്ഞു പെയ്യുന്ന ഈ വെളുപ്പാന്‍ കാലങ്ങള്‍.............

അയ്യപ്പഭക്തന്മാരുടെ നാളുകള്‍ ആരംഭിച്ചു.
ശരണമന്ത്രങ്ങളാല്‍ മുഖരിതമാവുന്ന രാപകലുകള്‍.
വൃശ്ചികക്കുളിരില്‍ പ്രകൃതിക്ക് ചന്തം നല്‍കാന്‍ മഞ്ഞിനൊപ്പം അയ്യപ്പനാമങ്ങളും.
ഇന്ന് മുതല്‍ കല്യാണിക്കാവില്‍ ചുറ്റുവിളക്ക് തുടങ്ങും.
പൂരം കഴിയുന്നതുവരെ ഇനി തിരക്കിന്റെ നാളുകള്‍ ആണ്.

തിങ്കളാഴ്ച തൃപ്രയാര്‍ ഏകാദശിയാണ്.
വെളുപ്പിന് നാല് മണി മുതല്‍ക്കേ കേട്ടു "സ്വാമിയെ" വിളി.
പണ്ട് മോനു മാലയിട്ട നാളുകള്‍ ഓര്‍മ്മയില്‍ വരുന്നു ഇപ്പോള്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി വെളുപ്പിനെ എണീറ്റ്‌ ജനല്‍ തുറന്നു പുറത്തേക്കു നോക്കി നില്‍ക്കല്‍ ഒരു ശീലമായിട്ടുണ്ട്.
മഞ്ഞില്‍ കുളിച്ച നേര്‍ത്ത വെളിച്ചത്തില്‍ ഇലകളേം,മരങ്ങളേം,ഒക്കെ കാണുമ്പോള്‍ ഒരു സുഖം മനസ്സിനും,ശരീരത്തിനും.
ജനലിനപ്പുറം എനിക്കിഷ്ടമുള്ള ചെമ്പക മരമുണ്ട്.
മന്ദാരവും,നന്ത്യാര്‍വട്ടവും ഉണ്ട്.
ഗന്ധരാജനും ഉണ്ട്.
ചെമ്പകത്തിന്റെ ഇലകള്‍ക്കും ആ മനോഹര മൃദുവായ സുഗന്ധമുണ്ട്.
എന്നെ മോഹിപ്പിക്കുന്ന മണം.
മന്ദാരത്തിന്റെ നിഷ്കളങ്കതയും,നന്ത്യാര്‍വട്ടത്തിന്റെ പരിശുദ്ധിയുള്ള മണവും,ഗന്ധരാജന്റെ പ്രണയം നിറഞ്ഞ നില്‍പ്പും ഒക്കെ കണ്ണിനു സൌന്ദര്യമുണ്ടാക്കുന്ന കാഴ്ചകള്‍ ആണ്.
ചില കാഴ്ചകള്‍ കണ്ണിനെ മനോഹരമാക്കുന്നു.ചിലത് വിരൂപവും.

അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതം കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഊര്‍ജമാണ് കിട്ടുന്നത്.
ഒരു ദിവസം മനോഹരമാവാനൊരു നല്ല പുലരി.
ഉദയത്തിനു മുന്‍പുള്ള,അസ്തമയത്തിനു ശേഷവും ഉള്ള ആകാശം എനിക്കൊരുപാടിഷ്ടാണ്.
ഓറഞ്ച് നിറമുള്ള രേഖകള്‍ നിറഞ്ഞ,നക്ഷത്രങ്ങളും,ചന്ദ്രനും ഉള്ള ആകാശം.

അപ്രതീക്ഷിതമായി നിന്നെ കണ്ടപ്പോള്‍,
എന്റെ വെളുപ്പാന്‍ കാലങ്ങള്‍ നിന്റെ സാന്നിധ്യം കൊണ്ട് എന്നെ കുളിരണിയിക്കാന്‍ തുടങ്ങി.
മഞ്ഞുതുള്ളികള്‍ കൊണ്ടലങ്കരിച്ച മരച്ചില്ലകള്‍ കാണുമ്പോള്‍,
വിടരാന്‍ ഒരുങ്ങി നില്‍ക്കുന്ന ചെമ്പരത്തി മൊട്ടുകള്‍ കാണുമ്പോള്‍,
നിന്നോടുള്ള എന്റെ സ്നേഹവും മറ്റൊരു പൂവായി മാറുന്നു.
പേരറിയാത്ത ഒരു കുഞ്ഞു പൂവ്.

മനസ്സില്‍ നിന്റെ മുഖം തെളിയാന്‍ തുടങ്ങുമ്പോള്‍ ചുണ്ടില്‍ ഒരു ചിരി ഓടിയെത്തും.
ആദ്യം നീ നല്‍കിയ നല്ല നിമിഷങ്ങളെ,വാക്കുകളെ ഒക്കെയാണ് താലോലിക്കുക.
നിന്നോടൊപ്പം നടന്ന വഴികള്‍,
നിന്നോട് പങ്കു വെച്ച സ്വകാര്യങ്ങള്‍,
നീ എഴുതിയ എഴുത്തുകള്‍,
ഒക്കെ ഘോഷയാത്ര പോലെ ഓര്‍മ്മയില്‍ വരും.
പ്രണയം അതിന്റെ പാരമ്യതയില്‍ ഉത്സവമാക്കിയ ദിനങ്ങള്‍............
എന്നില്‍ നീ സ്വാര്‍ത്ഥനാവുന്നത് എനിക്കേറെ ഇഷ്ടമായിരുന്നു.
അതിനായി നിന്നെ ചൊടിപ്പിക്കാന്‍ ഞാന്‍ എന്തൊക്കെയാണ് പറഞ്ഞിരുന്നത്.

ഒന്നും ഇനി തിരിച്ചു കിട്ടില്ലല്ലോ എന്ന ഓര്‍മ്മയില്‍ തുടങ്ങുന്നു കണ്ണീരിന്റെ കൈവഴി.
ചുണ്ടിലെ ചിരി കണ്ണിലൂടെ നീര്‍ച്ചാലുകള്‍ ആവുന്നത് പലപ്പോഴും അറിയാറെ ഇല്ല.
ഉപാധികള്‍ ഇല്ലാതെയുള്ള സ്നേഹം പിന്നീടെപ്പോഴാണ് എന്നെ കരയിക്കാന്‍ തുടങ്ങിയത്???????????
അറിയില്ല.
എന്തൊക്കെയോ കാരണങ്ങള്‍ നിരത്തി നീ തിരിഞ്ഞു നിന്നു.
ആരുടെയൊക്കെയോ പേരുകള്‍ നിരത്തി നീ എന്റെ പേര് മായ്ച്ചു.

നഷ്ടമായി എന്ന തിരിച്ചറിവ് കൂടുതല്‍ സ്നേഹിക്കാന്‍ മനസിനെ വാശി പിടിപ്പിച്ചു കൊണ്ടേയിരുന്നു.
ഓര്‍മ്മകളുടെ ആരംഭവും അവസാനവും ഇന്നെനിക്കു നീയാണ്.
സ്വപ്നങ്ങളുടെ സഞ്ചാരപഥം നിന്റെ നിഴലിനു ചുറ്റുമാണ്.
നിനക്ക് വേണ്ടി കരയാന്‍ എനിക്കെന്നും ഇഷ്ടമാണ്.
നിന്റെ ഓര്‍മ്മകളില്‍ നീറിനീറി ജീവിക്കുവാനും.

ഇന്നലെ വീണ്ടും നിന്നെ ഞാന്‍ സ്വപ്നം കണ്ടു.
എത്ര സുന്ദരമായിരുന്നു ആ സ്വപ്നം.
നമ്മള്‍ രണ്ടു പേരും സര്‍പ്പക്കാവിന്റെ അപ്പുറത്തുള്ള ആ പറമ്പില്‍ നില്‍ക്കുന്നു.
എവിടെ നിന്നോ ഒരു ആണ്‍മയില്‍ പറന്നു വന്നു.
ഭാരം താങ്ങാനാവാതെ ഒരു കെട്ട് പീലി അവിടെ പൊഴിച്ചു.
ഞാന്‍ തിരിഞ്ഞു നിന്നു മഞ്ചാടി മണികള്‍ പെറുക്കുകയായിരുന്നു.
നീ ആ മയില്‍പീലികള്‍ കൊണ്ടൊരു കിരീടം ഉണ്ടാക്കി എന്റെ ശിരസ്സില്‍ വെച്ചു തന്നു.
ഒന്നില്‍ നമ്മുടെ പേരുകള്‍ ചേര്‍ത്തെഴുതി വെച്ചു.
പിന്നിലെ മുളങ്കൂട്ടത്തില്‍ പനന്തത്തകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.
കാറ്റിലാടുന്ന അരയാലിലകള്‍ക്കിടയില്‍ അടയ്ക്കാക്കുരുവികള്‍ ഒളിച്ചു കളിക്കുന്നു.
പൂമ്പാറ്റകളും,മിന്നാമിനുങ്ങുകളും കൂട്ടത്തോടെ നമുക്ക് ചുറ്റും..................
ഇത്ര മനോഹരമായ ഒരു സ്വപ്നം ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല.


Thursday, November 10, 2011

മൌനം പൊതിഞ്ഞ കൂട്ടില്‍ ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്.....................

മൌനം പൊതിഞ്ഞ കൂട്ടില്‍ ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്.
ഒരിക്കല്‍ ഒറ്റയ്ക്കാക്കില്ലെന്നു പറഞ്ഞ നീ ഒന്നും മിണ്ടാതെ പോയി.
നീയൊപ്പമുണ്ടായിരുന്ന നാളുകളില്‍ നിശബ്ദതതയുടെ ആ കൂടെന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

ഓര്‍ക്കുന്നോ ആ ദിനങ്ങള്‍???????????
എത്ര മനോഹരമായിരുന്നു ഇലകള്‍ കൊണ്ടുണ്ടാക്കിയ ആ കൂട്!!!!!!!!!!!!
നിന്റെ സ്നേഹത്തിന്റെ മൃദുലതയാണ് ആ ഇലകള്‍ക്കെന്നു ഞാന്‍ നിന്നോട് പറഞ്ഞു.
നിന്റെ സ്നേഹത്തിന്റെ സൌന്ദര്യമാണ്,സുഗന്ധമാണ് ഈ കൂടലങ്കരിച്ച പൂക്കള്‍ക്കെന്നു നീയെന്നോടും പറഞ്ഞു.
എത്ര ഒരുക്കിയാലും നമുക്ക് മതിയാവുമായിരുന്നില്ല ആ കൂടിനെ.അല്ലെ?
എന്നും ഈ ഇലകള്‍ പോലെ വാടാത്തതാവണം നമ്മുടെ പ്രണയം എന്ന് നീ പറഞ്ഞു.
എന്നും ഈ പൂക്കള്‍ പോലെ സുന്ദരമാവണം,സുഗന്ധമുള്ളതാവണം നമ്മുടെ സ്നേഹമെന്ന് ഞാനും പറഞ്ഞു.

ആ കൂട്ടില്‍ നമ്മുടെ ചിരിയുടെ അലയൊലികള്‍ പ്രതിധ്വനിച്ചു.
നമ്മുടെ കണ്ണീരിന്റെ തുള്ളികള്‍ അതിനെ ആര്‍ദ്രമാക്കി.
നീലാകാശം നോക്കി ആ കൂട്ടില്‍ ഇരിയ്ക്കുമ്പോള്‍,
നമ്മുടെ മൌനം,പങ്കു വെച്ച പ്രണയം ഒരു കടലോളം ആയിരുന്നു.
കണ്ണുകള്‍ കഥ പറയുമ്പോള്‍ മനസ്സുകള്‍ ഒരുമിച്ചു പലപ്പോഴും യാത്രയിലായിരിക്കും.
സ്നേഹമെന്ന ചിറകിലേറി സ്വപ്നമെന്ന വീഥിയിലൂടെ
മോഹങ്ങളുടെയും,പ്രതീക്ഷകളുടെയും,
നമുക്ക് വേണ്ടി മാത്രം ദൈവം ഒരുക്കിയ കാഴ്ചകള്‍ കാണാനുള്ള ആ യാത്രകള്‍ എത്ര മനോഹരമായിരുന്നു!!!!!!!!
അതെല്ലാം നമ്മള്‍ എത്ര ആസ്വദിച്ചിരുന്നുവല്ലേ?????????

കാലം എത്ര വേഗമാണ് ഗതി മാറി നീങ്ങുന്നത്‌!!!
മരണം വരെ ഒരുമിച്ചെന്നു പറഞ്ഞിരുന്ന നീ പകുതിയില്‍ എത്തിയപ്പോഴേ എന്നില്‍ നിന്നും തിരിച്ചു നടന്നു.
ഒരിക്കല്‍ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാന്‍ ശ്രമിച്ച നീ
ഇറങ്ങി പോകൂ എന്ന് പറഞ്ഞു.
നിന്റെ സ്വപ്നങ്ങളിലാണ് എന്റെ ജീവിതം എന്ന് പറഞ്ഞ നീ
നിന്റെ ചിന്ത എന്നെ അസ്വസ്ഥനാക്കുന്നു എന്ന് പറഞ്ഞു.

കാലത്തിന്റെ ഗതി മാറ്റം എന്തെ എന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്ല???????????????
നിനക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി,നീ നല്‍കിയ നല്ല നിമിഷങ്ങളെന്ന ഭ്രമണ പഥത്തിലൂടെ ഞാനിന്നും സഞ്ചരിക്കുന്നു.
എന്റെ യാത്ര ഇനിയങ്ങോട്ടും അതിലൂടെ തന്നെ ആയിരിക്കും.

നാമുണ്ടാക്കിയ കൂടിന്റെ ഇലകള്‍ കരിയിലകളായെങ്കിലും പൂക്കള്‍ വാടി വീണെങ്കിലും,
ഞാനിപ്പോഴും ആ കൂട്ടില്‍ തന്നെ ഉണ്ട്.
നിന്നെയും കാത്ത്............

അടുത്ത മഴയില്‍ മരം തളിര്‍ക്കുമ്പോള്‍ വീണ്ടും ഞാനാ കൂടൊരുക്കും.
പൂക്കള്‍ വിടരുമ്പോള്‍ അവ പൊട്ടിച്ച് ആ കൂടലങ്കരിക്കും.
ആ കൂട്ടിലിരുന്ന്,
നമുക്കൊന്നിച്ച് ഇനിയും നീലാകാശം കാണണം.
ദേശാടനക്കിളികള്‍ കൂട്ടത്തോടെ പറന്നുയരുന്നത് കാണണം.
മഴയും മഞ്ഞും വെയിലും കൊള്ളണം.
രാത്രിമഴ നനയുമ്പോള്‍ രാപ്പാടികള്‍ ആവണം.
നക്ഷത്രങ്ങളെ എണ്ണണം.
നിലാവ് പെയ്യുമ്പോള്‍ പ്രണയാര്‍ദ്രമായി കണ്ണുകള്‍ കൊണ്ട് കഥ പറയണം.
ഒടുവിലെപ്പോഴോ പ്രണയം നമ്മെ ഉന്മാദികളാക്കുമ്പോള്‍........
നമുക്കൊരുമിച്ചു പിരിയാന്‍ വയ്യാത്ത പക്ഷികളെ പോല്‍ പറന്നുയരണം.
എങ്ങോട്ടെന്നില്ലാതെ................

Wednesday, November 9, 2011

ഏകാദശിയുടെ ഓര്‍മ്മകള്‍.............


തുലാവര്‍ഷ മേഘങ്ങള്‍ പോയി വൃശ്ചികകാറ്റു വീശി തുടങ്ങി.
കാറ്റിന്റെ മൂളലും,കുളിരും ഉള്ള പ്രഭാതങ്ങള്‍.................
ഇന്നത്തെ പ്രഭാതം എത്ര മനോഹരം!!!!!!!!!!!!!
അതിന്റെ മനോഹാരിത കൂട്ടാന്‍ കറുത്ത വസ്ത്രം ധരിച്ച സ്വാമിമാരുടെ വ്രതത്തിന്റെ പുണ്യവും,പരിശുദ്ധിയും,ശരണം വിളികളുടെ ശബ്ദവും.
ഇനിയുള്ള ദിവസങ്ങളില്‍ പ്രകൃതിയില്‍ അയ്യപ്പ സാന്നിധ്യമാവും കൂടുതലും ഉണ്ടാകുക.
പതിനേഴാം തീയതി ആണ് വൃശ്ചികം പിറക്കുന്നത്‌.
കര്‍ക്കിടകം പോലെ എനിക്ക് പ്രിയപ്പെട്ട മാസം.
വൃശ്ചികത്തിലാണ് ഏകാദശി.
കാറ്റ് വീശി തുടങ്ങുമ്പോള്‍ ആണ് ഏകാദശി ആയെന്നു തോന്നുന്നത്.
അതെ വീണ്ടുമൊരു ഏകാദശി കൂടി...................
അമ്പലത്തില്‍ നിറമാലയും,ചുറ്റുവിളക്കും,തുടങ്ങിയിരിക്കും.
ദീപാരാധനയ്ക്ക് ശേഷം കലാപരിപാടികളും തുടങ്ങും.
പണ്ടൊക്കെ നാട്ടിലുള്ള കുട്ടികളുടെയും,മറ്റുമായിരുന്നു നൃത്തങ്ങള്‍.
(ഇപ്പൊ പ്രശസ്ത വ്യക്തികളുടെ പാട്ടും നൃത്തവും ഒക്കെ ആണ് ഉണ്ടാവാറുള്ളത്.)
അത് രണ്ടു ദിവസം മാത്രം.
പിന്നെ നാല് ദിവസം കഥകളി ആയിരിക്കും.
പല ട്രൂപ്പുകളുടെ.
അതിനിടയില്‍ ബാലെ,ഓട്ടന്‍ തുള്ളല്‍,അങ്ങനെ എന്തെങ്കിലും ഉണ്ടാകും.
പിന്നെ മൂന്നു ദിവസങ്ങള്‍ കച്ചേരികള്‍ ആയിരിക്കും.
ദശമിയുടെ അന്ന് പഞ്ചരത്ന കീര്‍ത്തനാലാപനം.
മുത്തശ്ശിയുടെ കൂടെ രാത്രി കഥകളി കാണാന്‍ പോയിരുന്ന ദിവസങ്ങള്‍.
പഞ്ചാരമണലില്‍ തണുത്ത മണ്ണ് വാരിക്കൊണ്ട് കളി നോക്കിയിരിക്കും.
കൃഷ്ണനെയും,അര്‍ജുനനെയും,രാമനെയും,സീതയേയും,ഒക്കെഅതിശയത്തോടെ,നോക്കിയിരുന്ന രാവുകള്‍.
ചിലപ്പോള്‍ പുലരുവോളം................
വെളുപ്പിനെ ഇങ്ങു പോരും.
മഞ്ഞു പെയ്യുന്ന വെളുപ്പാന്‍ കാലങ്ങളില്‍ അമ്പലവും,മുന്നിലെ പുഴയുംഅതിമനോഹരമായ കാഴ്ചകള്‍ ആയിരുന്നു.
സ്റ്റേജിന്റെ പിന്നില്‍ പോയി ഓരോ വേഷങ്ങളും ഇടുന്നത് കൌതുകത്തോടെനോക്കിയിരിക്കാറുണ്ട്.
ഏറ്റവും ഭംഗി കൃഷ്ണനെ കാണാന്‍ ആയിരുന്നു.
ഓമനത്തവും,പ്രണയവും,കുറുമ്പും ഒക്കെ ചേര്‍ന്ന ഭംഗിയാണ്.
നീണ്ട നഖങ്ങള്‍,നിറയെ ലെയര്‍ ഉള്ള മണിമാല,(അതിന്റെ പേരൊന്നുംഇന്നും അറിയില്ല.)കവിളിലെ ആ വെളുത്ത സംഭവം ഒക്കെ എന്നെ ഒരുപാട്അതിശയിപ്പിക്കാരുണ്ട്.
ചില കാഴ്ചകള്‍ അങ്ങനെയാണ് നമ്മള്‍ നോക്കിനിന്നു പോവും.
തീവണ്ടി,ആന,കഥകളി വേഷങ്ങള്‍,സുന്ദരികളായ സ്ത്രീകള്‍....അങ്ങനെഅങ്ങനെ...............
ആ കാലമൊക്കെ എന്ത് രസമായിരുന്നുവെന്നു നഷ്ടബോധത്തോടെ ഇപ്പോള്‍ഓര്‍ക്കുന്നു.
ചുവന്ന ആകാശം,ശരണം വിളികള്‍ നിറഞ്ഞു നില്‍ക്കുന്നഅന്തരീക്ഷം,അതൊക്കെ ആ ദിവസങ്ങളെ കൂടുതല്‍ മനോഹരമാക്കിയിരുന്നു.
അന്നൊന്നും ദീപാരാധന അത്ര വല്യ കാര്യമായിട്ടല്ല,മറിച്ച് ഇഷ്ടമേഅല്ലായിരുന്നു.
നട തുറക്കാന്‍ കാത്തു നില്‍ക്കുക,അത് കഴിഞ്ഞാലുള്ള തിക്കും,തിരക്കുംഅതൊക്കെ മടുപ്പായിരുന്നു.
പക്ഷെ ഇന്ന് അറിയുന്നു ദീപാരാധന എത്ര മനോഹരമാണെന്ന്.
നിലവിളക്കുകളിലെ നെയ്ത്തിരി നാളങ്ങള്‍ ശാന്തമായി,അങ്ങോട്ടുമിങ്ങോട്ടുംആടാതെ കത്തുന്നത് കാണുമ്പോള്‍................
ആ പ്രഭയില്‍ ഈശ്വരചൈതന്യം കൂടി ചേരുമ്പോള്‍...................
ആ കാഴ്ച എങ്ങനെ മടുപ്പുളവാക്കും!!!!!!!!!!!!!!
ഒരിക്കലുമില്ല.
ഞാന്‍ കണ്ടിട്ടുള്ള ദീപാരാധനകളില്‍ ഏറ്റവും മനോഹരം,അക്ഷരാര്‍ത്ഥത്തില്‍ദീപാരാധന ഇവിടെ കല്യാണിക്കാവിലെയാണ്.
അത്ര മനോഹരമായി ഞാന്‍ പിന്നെങ്ങും കണ്ടിട്ടില്ല.
ഈ വര്‍ഷത്തെ പൂരത്തിന്റെ ദീപാരാധനയാണ് ദേ ആ മുകളിലെ പടത്തില്‍ ഉള്ളത്.
എത്ര നേരത്തെ കഷ്ടപ്പാടാണെന്നോ ഇതിനു പിന്നില്‍!!!!!!!!!!!!
എങ്കിലും അവസാനം ആ കാഴ്ചക്ക് മുന്നില്‍ ആ ബുദ്ദിമുട്ടുകള്‍ എത്ര നിസ്സാരം!!!!!!

പറഞ്ഞു വന്നത് ഏകാദശിയെ പറ്റിയാണ്.
അതിന്റെ ഓര്‍മ്മകളെ കുറിച്ചാണ്.
ഇന്നലെ നല്ല നിലാവുണ്ടായിരുന്നു.
ജനലിനടുത്തു നിന്ന് ചന്ദ്രനെ നോക്കി.
പക്ഷെ കണ്ടില്ല.
നിലാവ് കാണുമ്പോള്‍ ഞാന്‍ പോലും അറിയാതെ എന്റെ ചുണ്ടില്‍ ഒരു ചിരി വരും.
പണ്ട് നിലാവുള്ള രാത്രികളില്‍ മുറ്റത്തുകൂടെ നടക്കാന്‍ ഏറെ ഇഷ്ടമായിരുന്നു.
തന്നെ സംസാരിച്ചു കൊണ്ട്,ചിരിച്ചു കൊണ്ട്.............
ശരിക്കും ഒരു വട്ട്.
സുഖമുള്ള ഒരു വട്ട്.

നിലാവുള്ള രാത്രികള്‍ ഏകാദശിയുടെ മനോഹാരിത കൂട്ടിയിരുന്നു.
ഒരിക്കല്‍ അങ്ങനെ ഒരു ദിവസം ശോഭനയുടെ നൃത്തം കാണാന്‍ ഞാന്‍ പോയിരുന്നു.
അന്ന് ഒരിക്കല്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്ന ആളും വന്നിരുന്നു.
ശോഭനയെ കാണുന്നതിനു പകരം അവനെ നോക്കി നിന്നു ബാക്കി സമയം മുഴുവനും.
സുബ്രമണ്യപുരത്തിലെ "കണ്‍കള്‍ ഇരണ്ടാല്‍" എന്ന പാട്ടിലെ അവസാന സീന്‍ എനിക്കൊരുപാടിഷ്ടാണ്.
നായകന്‍ തന്റെ അടുത്തെക്കെന്നു കരുതി പരിഭ്രമിച്ചു നില്‍ക്കുന്ന നായിക.
അങ്ങനെ ഞാനും ഒരുപാട് നിന്നിട്ടുണ്ട്.
അന്നും അങ്ങനെ നിന്നിരുന്നു.
അവനെ കണ്ട ദിവസങ്ങള്‍,അന്നത്തെ വേഷം,സമയം,സ്ഥലം അവന്‍ സംസാരിച്ച വാക്കുകള്‍ ഒക്കെ ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്ന നാളുകള്‍.
അപ്രതീക്ഷിതമായി കാണുമ്പോള്‍ ഉണ്ടായിരുന്ന സന്തോഷം,അതിശയം ഒക്കെ ഒരു രസമായിരുന്നു.
അവന്റെ നോട്ടത്തിനു മുന്നില്‍ ഒരിക്കല്‍ പോലും മുഖമുയര്‍ത്തിയിട്ടെയില്ല.
പ്രേമം അതിന്റെ പൈങ്കിളി പ്രായം ആഘോഷിച്ച നാളുകള്‍.................
ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
(ഈ മാസം പതിനേഴിന് അവന്റെ ജന്മദിനം.
പരിചയപ്പെട്ട നാള്‍ മുതല്‍ പിറന്നാള്‍ ആശംസിക്കാരുണ്ട്.
ഈ തവണയും വേണം.)
നീണ്ട പതിമൂന്നു വര്‍ഷത്തെ പരിചയം.
തല്ലു കൂടാതെ,പരാതിയില്ലാതെ ഇതുവരെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സൗഹൃദം.
അതെ ഇന്നത് സൌഹൃദമാണ്.
തെളിഞ്ഞ വെള്ളം പോലെയുള്ള സൗഹൃദം.
പ്രണയത്തിന്റെ നിറമൊക്കെ എന്നെ അതില്‍ നിന്നും ഇളകിപ്പോയി.
(ഇപ്പോള്‍ പ്രണയം മുഴുവനും നിന്നോടാണ്.)

പുഴയില്‍ ദശമി വിളക്കിന്റെ പ്രതിബിംബം കാണുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ നിറദീപങ്ങളും തെളിഞ്ഞു കത്തുമായിരുന്നു.
ഏകാദശിയ്ക്ക്
തിരക്ക് കാരണം അമ്പലത്തിന്റെ ഉള്ളില്‍ പോവാറില്ല.
പുറത്തു നിന്നു തൊഴും.
ഏകാദശി വ്രതം എടുത്താല്‍ സ്വര്‍ഗത്തില്‍ പോവുംന്നൊക്കെ കുഞ്ഞു കുട്ടി ആയിരുന്നപ്പോള്‍ ഓരോരുത്തരും പറഞ്ഞു തന്നിരുന്നു.
അന്ന് നരകം പേടി ആയിരുന്നു.(ഇന്നും അതെ.)
അതുകൊണ്ട് ഒരിക്കല്‍ എടുക്കുമായിരുന്നു.
ഗുരുവായൂര്‍ ഏകാദശി,തൃപ്രയാര്‍ ഏകാദശി,നെല്ലുവായ് ഏകാദശി.
പിന്നെ തിരുവാതിര,ശിവരാത്രി ഒരിക്കല്‍,ഷഷ്ടി വ്രതങ്ങള്‍.തിങ്ങള്‍,വ്യാഴം,ശനി ഒരിക്കലുകള്‍ അങ്ങനെ എത്ര എത്ര നോന്‍പുകള്‍................
കഴിഞ്ഞ അഞ്ചു കൊല്ലമായി ഏകാദശിക്ക് പോയിട്ട്.
ഈ ഏകാദശിയ്ക്ക് അമ്മൂന്റെം,അമ്മിണീടേം,ദീപ്തീടേം ഡാന്‍സ് ഉണ്ട്.


എല്ലാവര്‍ക്കും വൃശ്ചിക മാസത്തിന്റെ പരിശുദ്ധിയും നന്മയും ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പ്രാര്‍ഥിക്കുന്നു.

Wednesday, November 2, 2011

തുലാമഴയുടെ ഓര്‍മ്മയ്ക്കായി ഞാന്‍ കൂട്ടി വെച്ചത്.............

ഈ തുലാമഴയുടെ ഓര്‍മ്മയ്ക്കായി എനിക്ക് മുന്നില്‍ പെയ്ത ചില മഴ കാഴ്ചകള്‍............................
ഒരു പകല്‍ പെയ്ത തുലാമഴ.
നേര്‍ത്ത സൂര്യപ്രകാശം ഭംഗി കൂട്ടിയ ഒരു കുഞ്ഞു വല്യ മഴ.


 വെളുത്ത ചെമ്പരത്തികള്‍ നിറയെ വിരിഞ്ഞിരുന്നു.
.
ഒരു കുഞ്ഞു നാലുമണിപ്പൂവും.
നാലുമണിപ്പൂവ് എന്നെ,മനസ്സില്‍ നന്മയും സ്നേഹവും ഉള്ള ഒരു ചെറുവാടിക്കാരനെ ഓര്‍മ്മിപ്പിച്ചു!)

 നാലുമണിപ്പൂവ്കളേം,നന്ത്യാര്‍വട്ടപ്പൂവ്കളേം ഇഷ്ടപ്പെടുന്ന,ആ ഇഷ്ടത്തെ കുറിച്ചെഴുതിയ കൂട്ടുകാരന്‍.
(മാഷേ...........ആ പോസ്റ്റ്‌ അതിമനോഹരമായിരുന്നു കേട്ടോ!!!!!)ദാ ഈ നന്ത്യാര്‍വട്ടപ്പൂവും,ഈ കുഞ്ഞു നാലുമണിപ്പൂവും ആ പോസ്റ്റിനുള്ള സമര്‍പ്പണം ആണ്.


 പിന്നെ ഈ കമ്മല്‍പൂക്കള്‍ അത്ര ഭംഗിയുള്ള പോസ്റ്റ്‌ എഴുതിയ കൂട്ടുകാരനും.


 ഈ മഴയത്ത് കുന്നന്‍ വാഴയുടെ കുടപ്പനിലെ തേന്‍ കുടിയ്ക്കാന്‍ ഒരു വവ്വാല്‍ വന്നു.
(ആ ഫോട്ടോ അത്ര വ്യക്തമല്ല.അതുകൊണ്ട് ഇവിടെയില്ല.)
എനിക്ക് വവ്വാലിനെ പേടിയാ.
അന്ന് ചന്ദനക്കാവില്‍ പോയപ്പോ പേരാലിലും,പിന്നെ പേരറിയാ മരങ്ങളിലും ആയി കുറെ വവ്വാലുകള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടു.
സത്യം പറയാലോ ഒരൊറ്റ തവണയെ നോക്കിയൊള്ളൂ.
പിന്നെ പേടിച്ചിട്ട് അവിടന്ന് ഓടിപ്പോയി.
 ഇത് ആ അമ്പലത്തിന്റെ മുന്നിലെ പാലമരം ആണ്.
അതിന്റെ നില്പ് കണ്ടപ്പോള്‍ ഇവിടെ കാണിച്ചുവെന്നെയുള്ളൂ.
ഇവിടെ കല്യാണിക്കാവിന്റെ മുറ്റത്ത് കുറെ പാല മരങ്ങള്‍ ഉണ്ട്.
പക്ഷെ ഞാന്‍ ഈ പാലപ്പൂവ് നല്ലോണം അടുത്ത് കണ്ടിട്ടില്ല.
ഇപ്പൊ നിറയെ പൂത്തിട്ടുണ്ട്.
പക്ഷെ മഴ കാരണം പോവാന്‍ പറ്റുന്നില്ല.
പറ്റിയാല്‍ നാളെ പോണം.
അപ്പൊ താഴെ വീണു കിടക്കുന്നത് എടുത്തു നോക്കണം.
ഹോ.........."ഞാന്‍ ഗന്ധര്‍വന്‍" സിനിമ ഓര്‍മ്മ വരുന്നു.
എന്നെ ഏറെ മോഹിപ്പിച്ച സിനിമ.
എനിക്ക് ചുറ്റും മിന്നാമിനുങ്ങുകളെ കൊണ്ട് നിറയ്ക്കാന്‍ എന്റെ ഗന്ധര്‍വനും അതിലെ പോലെ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിക്കാറുണ്ട്.

 തുലാമഴ ആയാലും ഇടവപ്പാതി ആയാലും എന്റെ പഴയ മഴക്കാഴ്ചകളെ എങ്ങനെ മറക്കാനാവും!!!!!!!!!!!!!!
അവിടെ എന്റെ ഇല്ലത്തെ വല്യ മുറ്റത്തു പെയ്യുന്ന മഴ,അതിനെ കുറിച്ച് ഓര്‍മ്മ വരുന്നു.
എന്നെ ഏറെ മോഹിപ്പിക്കുന്നു.
ദേ ആ ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞപ്പോള്‍ ഇന്നാളു വന്നു പോയ ഇടവപ്പാതിയുടെ ഈ ചിത്രങ്ങളെ ഇവിടെ കാണിക്കാന്‍ നിര്‍ബന്ധിച്ചു.
ഒരു പഴയ പോസ്റ്റില്‍ (http://a-dream-lover.blogspot.com/2011/06/blog-post_05.html)അവിടത്തെ വേനലിനെ കാണാം.
പിന്നെ വേനലിലെ ഒരു ചാറ്റല്‍ മഴയേയും.
ഇത് ഇടവപ്പാതി കൊടുത്തിട്ട് പോയതാണ്.