Wednesday, August 29, 2012

നിന്‍റെ ഞാന്‍ !!!!!!!!!!

ആകാശവും കടലും ഒരുമിച്ച് ചേര്‍ന്ന പോലെ.............
ആ കാഴ്ച ഏറെ സുന്ദരമായിരുന്നു.
ആകാശം,കടല്‍,മഴ അങ്ങനെ എത്രയെത്ര ഇഷ്ടങ്ങള്‍ ആണ് ഒരിക്കലും തീരാത്ത മോഹങ്ങള്‍ ആയിട്ട്.
നിന്‍റെ പ്രണയം പോലെ...............
ഇവയെല്ലാം എന്നെ നിന്നിലേക്കല്ലേ എത്തിക്കുന്നത്!!!!
കടല്‍ക്കരയിലൂടെ കാറില്‍ ഒരു യാത്ര.
മുന്നില്‍ മഴ പെയ്യണം.
അതൊരു സ്വപ്നമാണ്.
മഴ പെയ്യുമ്പോള്‍ കടല് കാണുക എന്നത്.
ഒരു വലിയ,ഇനിയും നടക്കാത്ത ഒരു സ്വപ്നം.
എന്‍റെ ഇടതു കൈ നിന്‍റെ വലം കൈക്കുള്ളില്‍ ആകണം ഞാനാ കാഴ്ച കാണുമ്പോള്‍..

പുഴക്കരികില്‍ ആറ്റുവഞ്ചികള്‍ നിറയെ പൂത്തിട്ടുണ്ട്.
അവിടവിടെ ആയി ഉള്ള കുഞ്ഞു കുഞ്ഞു കുളവാഴ പൂക്കളുടെ കൂട്ടം.
അങ്ങ് ദൂരെ ഒരു തുരുത്തുണ്ട്.
നമുക്കങ്ങോട്ടെക്ക് പോകാം???
നീ ചോദിച്ചു.
അവിടെ എന്താണ് ഉണ്ടാവുക???
എന്‍റെ സംശയം.
അതൊരു ചെറിയ കാട് പോലെ.
എങ്ങും നിശബ്ദത.
നേര്‍ത്ത ഇരുട്ട്.
ഇരുട്ടിന്റെ നിശബ്ദത,അതിന്റെ സംഗീതം അതെത്ര രസമാണെന്നോ!!!!!
നമുക്കങ്ങു പോകാം.
ആ ഇരുളില്‍ നമ്മെ തേടി ഒരു പറ്റം മിന്നാമിനുങ്ങുകള്‍ വന്നാലോ!!!!!
ആ നിശബ്ദതയുടെ സംഗീതം മൂളാന്‍ കുയിലുകള്‍ വന്നാലോ!!!!!!

പുഴ വക്കില്‍ പട്ടം പറത്തി കളിക്കുന്ന കുട്ടികള്‍...
എന്‍റെ മനസും അങ്ങനെ ആയിരുന്നു.
കെട്ട് വിട്ട പട്ടം പോലെ......
നീയെന്ന ആകാശം എന്‍റെ മനസെന്ന പട്ടത്തെ നിന്നിലേക്ക്‌ ചേര്‍ത്ത് കൊണ്ടേയിരുന്നു.
നിന്നിലേക്ക്‌ അടുക്കുന്ന തിരക്കില്‍ എന്നില്‍ നിന്നും പൊട്ടിപ്പോയ കെട്ടുപാടുകളെ ഞാന്‍ അറിഞ്ഞില്ല.
നിന്‍റെ പ്രണയം അത്രമേല്‍ മനോഹരം.

ഓണനിലാവുദിച്ച ഇന്നലത്തെ രാത്രി .....................
നിന്നെ മറന്നു,നിന്നോടുള്ള പ്രണയം അസ്തമിച്ചു എന്നൊക്കെ ആയിരുന്നു നിന്നെ മറന്ന ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത്.
ഇരുളില്‍,നേര്‍ത്ത നിലാ വെളിച്ചത്തില്‍ മുറ്റത്തെ വെളുത്ത പൂക്കള്‍ ഒക്കെ വിരിഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ മനസിലെ ഒരു മുറിയില്‍ ,
നിനക്കായി മാത്രമുള്ള ആ മുറിയില്‍ നീ അക്ഷമനായി നില്‍ക്കുകയായിരുന്നു.
എന്നിലേക്കെത്താന്‍ നീ ശ്രമിച്ചപ്പോള്‍ ഒക്കെ ഞാന്‍ തടഞ്ഞു.
പക്ഷെ ഇപ്പോള്‍..................................

പ്രിയപ്പെട്ടവനെ........
ഹൃദയം നിറയെ പ്രണയവുമായി നിന്‍റെ ഞാന്‍ ഇവിടെയുണ്ട്.
ഓരോ നിമിഷവും നിന്നെ സ്നേഹിച്ചു കൊണ്ട്............
നിനക്കായി കാത്തിരുന്നു കൊണ്ട്................
നിന്‍റെ മാത്രമായി ഞാന്‍!!!!!!!!!!!!!!!

മൊബൈലില്‍ നിന്‍റെ പേര് തെളിയാതിരുന്നപ്പോള്‍ പതിവ് പോലെ എനിക്ക് സങ്കടം വന്നില്ല.
"ഒരു കോളിനപ്പുറമല്ല,ഒരു ശ്വാസത്തിനപ്പുറത്താണ് ഞാന്‍ നിന്‍റെ അരികില്‍ "
എന്ന് നീയെന്‍റെ കാതില്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും എന്‍റെ കേള്‍വിയില്‍ സൂക്ഷിച്ചിരിക്കുന്നു.

നിന്‍റെ നെഞ്ചോട്‌ ചേര്‍ന്ന് നീ നല്‍കിയ ആ മൃദു ചുംബനം നെറുകയില്‍ ഏറ്റു വാങ്ങിയപ്പോള്‍ പ്രിയപ്പെട്ടവനെ ഒരിക്കല്‍ കൂടി ഞാന്‍ അറിയുകയായിരുന്നു;
"ഞാന്‍ നിന്‍റെ വാരിയെല്ലില്‍ നിന്നും ഉണ്ടായവള്‍ ".

കാലങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയാലും നിന്നോടെനിക്ക് സംസാരിക്കാനാവും.
അവസാനം കണ്ടപ്പോള്‍ നിര്‍ത്തിയിടത്ത്ന്നു മുതല്‍..
പരാതികളും,പരിഭവങ്ങളും ഇല്ലാതെ..........
കാരണം
"ഞാന്‍ നിന്‍റെ വാരിയെല്ലില്‍ നിന്നും ഉണ്ടായവള്‍"" " .

നിന്നെ മാത്രമേ പ്രതീക്ഷകള്‍ ഇല്ലാതെ സ്നേഹിക്കാന്‍ എനിക്ക് പറ്റൂ.
നിന്നോട് മാത്രമേ എന്‍റെ കുറുമ്പ്കളെ സമ്മതിക്കാന്‍ പറ്റൂ.

നിന്നിലുള്ള മോഹങ്ങള്‍ വീണുടഞ്ഞപ്പോഴും ,
സ്വപ്‌നങ്ങള്‍ എവിടെയൊക്കെയോ തട്ടി തകര്‍ന്നു വീണപ്പോഴും നിന്നിലേക്ക്‌ വീണ്ടും വീണ്ടും ചേര്‍ന്നത് ...............
പല വട്ടം എന്നില്‍ നിന്നും തിരിഞ്ഞു നടന്നിട്ടും,
എനിക്ക് നേരെ മനസിന്‍റെ വാതില്‍ കൊട്ടിയടച്ചിട്ടും നീ വീണ്ടും എന്നിലേക്ക്‌ തന്നെ തിരിച്ചെത്തിയത് .....................
അതെ,ഇതിനൊക്കെ കാരണം
"ഞാന്‍ നിന്‍റെ വാരിയെല്ലില്‍ നിന്നും ഉണ്ടായവള്‍"" " .

പ്രിയപ്പെട്ടവനെ............
നിനക്കെന്‍റെ ഓണാശംസകള്‍..
(ഇന്നൊരു പോസ്റ്റ്‌ ഇടാന്‍ എനിക്ക് പ്രിയപ്പെട്ടവള്‍ പറഞ്ഞിരുന്നു.
അവള്‍ക്കു വേണ്ടി ഒരു പോസ്റ്റ്‌ എന്ന് കരുതി തുടങ്ങി.
മനസ്സില്‍ ഒളിപ്പിച്ച പ്രണയം മറ നീക്കി പുറത്തു വന്നപ്പോള്‍ അത് അവളുടെ സൗഹൃദം പോല്‍ പ്രിയപ്പെട്ട അവന്‍റെ പ്രണയത്തിനു വേണ്ടി ആയി.

എങ്കിലും പറയട്ടെ ,
കൂട്ടുകാരീ..............
ഹൃദയം നിറഞ്ഞ സ്നേഹവുമായി,
സൌഹൃദവുമായി,
കൈ കുടന്ന നിറയെ നിനക്ക് പ്രിയപ്പെട്ട പവിഴമല്ലി പൂക്കളുമായി,
പവിഴമല്ലിയുടെ പരിശുദ്ധിയുള്ള നിന്‍റെ നന്മ നിറഞ്ഞ മനസിന്‌,സ്നേഹത്തിനു,സൌഹൃദത്തിനു ഒക്കെയുള്ള എന്‍റെ ഒരു കുഞ്ഞു ഓണ സമ്മാനം.
ഇഷ്ടമായോ???????


.


Wednesday, August 22, 2012

ഈ പെരുന്നാള്‍ ദിനം എന്തു രസായിരുന്നൂന്നോ!!!!!!

ചിങ്ങം പിറന്നു.
അത്തം കഴിഞ്ഞു.

വീണ്ടും ഒരു ഓണക്കാലം കൂടി..............

ഒരു വസന്തകാലം കൂടി മുന്നിലേക്കെത്തി .

ഞാറു നട്ട പാടങ്ങള്‍,അതില്‍ കൂട്ടം കൂടാന്‍ ഒരു പറ്റം കുളക്കോഴികള്‍,

ഒറ്റയ്ക്ക് നടക്കുന്ന ഒരു അമ്പലപ്രാവ്,

മേലെ മുകളിലേക്ക് പറന്നുയരുന്ന ചാര നിറമുള്ള കൊറ്റികള്‍,

തുമ്പ പൂത്ത തൊടി,വേലിയില്‍ വിരിഞ്ഞ വയലറ്റ് പൂവുകള്‍.,

കവുങ്ങിന്‍ തോപ്പിലെ ഇരുളില്‍ കുഞ്ഞു വെളിച്ചം പോലെ മണ്ണിനോട് ചേര്‍ന്ന് മുക്കുറ്റി പൂക്കള്‍ ഒക്കെ മനസ്സില്‍ സ്നേഹവും,നന്മയും നിറയ്ക്കുന്നു.


ഈ പെരുന്നാള്‍ ദിനം എനിക്കേറെ ഇഷ്ടമായി.

ഒരിക്കലും മറക്കാനാവാത്ത ഒന്നായി.

ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ നിര്‍ബന്ധിച്ച ഒരു ദിവസം.

വെയിലും മഴയും ഒരുമിച്ച് വന്നു.

എനിക്ക് ചുറ്റിനും,എന്‍റെ ഉള്ളിലും.


പെരുന്നാള്‍ ദിനം,ഞാന്‍ എന്‍റെ ഇല്ലത്തേക്ക് പോയി.

തനിയെ,ബസ്സില്‍..

അച്ചു വന്നേനു ശേഷം ബസ്സില്‍ പോവുന്നത് അപൂര്‍വ്വം ആണ്.

അവളുടെ സ്വഭാവത്തിന് ബസ്സില്‍ കേറിയാല്‍ എനിക്ക് പണിയാവും എന്നൊരു പേടി.

പിന്നെ വേദേം വന്നൂലോ.

യാത്രകളെ കുറിച്ച് എഴുതാന്‍ മോഹിച്ചത് മനോഹരമായി യാത്രാനുഭവങ്ങള്‍ ഉള്ള ഒരു ബ്ലോഗ്‌ കണ്ടതിനു ശേഷം ആണ്.

ന്‍റെ യാത്രകള്‍ എന്‍റെ ഇല്ലം,അല്ലെങ്കില്‍ അടുത്ത് പുറത്തുള്ള വല്ല അമ്പലം എന്നിങ്ങനെ ഒക്കെയേ ഉള്ളുവെങ്കിലും എനിക്കിപ്പോ അതെഴുതാന്‍ ഇഷ്ടാണ്.

ഒരു രസം.

കാണുന്ന കുഞ്ഞു കുഞ്ഞു കാഴ്ചകള്‍ ഒക്കെ കുറേക്കാലം കഴിഞ്ഞാല്‍ ഓര്‍മ്മിക്കാന്‍ എന്നെ സഹായിക്കുമെങ്കില്‍ ഞാന്‍ അതെഴുതുക തന്നെ വേണം.


ബസ്സില്‍ കേറിയാല്‍ പണ്ടൊക്കെ സൈഡ് സീറ്റിലെ ഇരിക്കുമായിരുന്നുള്ളൂ.

സ്വപ്നം കാണാന്‍ വേണ്ടിയുള്ള സൌകര്യത്തിന്.

പിന്നെ ഉറങ്ങാനും.

പക്ഷെ ബസ് യാത്ര അപൂര്‍വമായി തുടങ്ങിയപ്പോള്‍ ആ ഇഷ്ടം മാറി.

ലോങ്ങ്‌ സീറ്റില്‍ മുന്നിലെ ഗ്ലാസിനെ തൊടാന്‍ പാകത്തില്‍ ഇരിക്കുന്നതായി ഇഷ്ടം.

മുന്നിലെ കാഴ്ചകള്‍ എല്ലാരെക്കാളും മുന്‍പേ ഞാന്‍ കണ്ടു എന്ന് വെറുതെ അവകാശപ്പെടാന്‍ വേണ്ടി.


ഈ യാത്രയില്‍ ബസ്സില്‍ ഞാന്‍ അങ്ങനെ ആണ് ഇരുന്നത്.

ഡ്രൈവറും,ക്ലീനറും,ഒക്കെ ന്നെ നോക്കി.

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ സിനിമ വെച്ചിട്ടുണ്ട്.

അത് കാണാന്‍ വേണ്ടിയെങ്കിലും ഈ കുട്ടി എന്തിനാ ഒഴിഞ്ഞു കിടക്കുന്ന സൈഡ് സീറ്റുകളില്‍ ഒന്നില്‍ പോലും ഇരിക്കാത്തെ എന്നോര്‍ത്ത് കാണും അവര്‍..

അതിനേക്കാള്‍ എത്രയോ നല്ലതാണ് ആചില്ലില്‍ കൂടെയുള്ള നോക്കല്‍ എന്ന് അവര്‍ക്കറിയില്ലല്ലോ.

നീലാകാശം,വെള്ള മേഘങ്ങള്‍ ഇരു വശവും ഉള്ള മരങ്ങള്‍ ചെടികള്‍,വീടുകള്‍ എതിരെ വരുന്ന വണ്ടികള്‍ ഭംഗിയുള്ള ഡ്രെസ്സുകള്‍ ആളുകള്‍ അങ്ങനെ കാഴ്ചകള്‍ ഏറെ............

(പാസേഞ്ചേര്‍ സിനിമ ഓര്‍മ്മ വന്നു.

എന്താ പെട്ടെന്ന് അത് ഓര്‍മ്മ വന്നെ എന്നറിയില്ല.

എനിക്കിഷ്ടായ സിനിമ ആണ് അത്.)


എല്ലാം ആദ്യായി കാണുന്ന കൌതുകമായിരുന്നു എന്‍റെ കണ്ണിലും,മനസിലും,നോക്കിലും.

ഡ്രൈവര്‍ അത് കണ്ടിട്ട് ചിരിച്ചു.

ന്നാലും എനിക്ക് ന്‍റെ ആ കൌതുകം മറയ്ക്കാന്‍ തോന്നിയില്ല.

ഞാന്‍ ഒരു കുഞ്ഞു കുട്ടിയെ പോലെ.......


അച്ചൂന് വെടി പേടിയാണ്.

അതോണ്ട് അവിടെ ചെന്നാല്‍ അമ്പലത്തിലേക്ക് പോവാറെ ഇല്ല.

വെടി വഴിപാട് പ്രധാനം ആയോണ്ട് എപ്പഴും പൊട്ടിക്കൊണ്ടിരിക്കും.

മുന്നില്‍ പുഴ ആയതിനാല്‍ വല്യ ശബ്ദോം ആണ്.

അതോണ്ട് അച്ചു ഉള്ളപ്പോ പോവാറില്ല.

പക്ഷെ ഈ തവണ പോയി.

ഞാന്‍ തന്നെ.

അതിനായി സ്റ്റോപ്പില്‍ നിന്നും അമ്പലം വരെ നടന്നു.

പണ്ട് കോളേജില്‍ പോയിരുന്നത് ഓര്‍ത്തു.

എത്രയെത്ര ഓര്‍മ്മകള്‍ ആണ്!!!!!!!!!!!

പച്ചക്കറി കട കണ്ടപ്പോ അവിടെ ന്‍റെ പ്രിയപ്പെട്ട ചൊമന്ന ചീര കണ്ടപ്പോള്‍ കയ്യില്‍ വല്യ സാമ്പാര്‍ കിറ്റും പിടിച്ച് ബസ് കേറാന്‍ നിന്നിരുന്ന ന്നെ ഓര്‍ത്തു.

എനിക്ക് സ്വര്‍ണക്കടെക്കാളും,തുണിക്കടെക്കാളും ഇഷ്ടാണ് പച്ചക്കറി കടേല് പോവാന്‍..

അതെന്‍റെ സ്ഥിരം കട ആയിരുന്നു.

കോളേജ് കണ്ടപ്പോള്‍ പഴയ ആ കാലം ഓര്‍ത്തു.

ഷെയ്ന,ഷാഹു,ദീപ,രെശ്മി,ദീപു,ഹരീഷ് അങ്ങനെ അങ്ങനെ..............

മലയാളം മാഷ്‌ടെ "ആശാന്‍റെ സീത"ക്ലാസ് ഓര്‍മ്മ വന്നു.

ജൂലിയസ് സീസര്‍, പിഗ്മാലിയന്‍ ഷെയ്ക്ക്സ്പിയര്‍ ന്‍റെ സോണറ്റ് ഒക്കെ എന്‍റെ കാതുകളില്‍ വീണ്ടും നിറഞ്ഞു.

കുഞ്ഞു കുഞ്ഞു സ്റ്റഡുകള്‍ കിട്ടുമായിരുന്ന ചേച്ചീടെ കട,ഓര്‍മ്മ വന്നു.

പിന്നെയും പറഞ്ഞാലും തീരാത്ത ഒരുപാട് ഓര്‍മ്മകള്‍.................


അമ്പലത്തിനുള്ളിലും കുറെ മാറ്റങ്ങള്‍ വന്നു.

നാലമ്പല തിരക്കിന്‍റെ ഭാഗമായുള്ള സൌകര്യങ്ങള്‍ ഒക്കെ ഞാന്‍ അതിശയത്തോടെ നോക്കി.
ശ്രീരാമനും,ഹനുമാനും,കൃഷ്ണനും,ശാസ്താവും,പിന്നെ ഗണപതിയും.
എല്ലാരോടും വിശേഷങ്ങള്‍ ചോദിച്ചു.
മീനൂട്ടൊന്നും നടത്തിയില്ല.
(അല്ലെങ്കിലും പുഴയിലെ മീനുകള്‍ക്ക് ബോര്‍ അടിച്ചു കഴിഞ്ഞു.
എന്നെ കാണുമ്പോള്‍ ഒരു വെറൈറ്റി ഫുഡ്‌ കൊണ്ട് വന്നു കൂടേന്ന് അവ ചോദിച്ചാലോ!!!!!!!!!!!!)
വെടി വഴിപാടും കഴിച്ചില്ല.
പ്രധാനം ആണ് രണ്ടും എന്നറിഞ്ഞിട്ടും എന്തോ ചെയ്തില്ല.
തോന്നിയില്ല.
നമ്പ്യാരുടെ പീടികേലെ മസാല ദോശ വല്ലാതെ കൊതിപ്പിച്ചു.
തന്നെ അല്ലെ ഉള്ളൂ എന്നോര്‍ത്തപ്പോ ആ മോഹം മനസിലടക്കി.
അവിടന്ന് വീണ്ടും ഇല്ലത്തേക്ക് നടന്നു.
ബസ്സില്‍ കേറിയില്ല.

പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ പണ്ടത്തെ പോലെ വീണ്ടും താഴേക്കു നോക്കാന്‍ പേടി തോന്നി.
മനസ്സില്‍ തെളിയും ഞാന്‍ കാലു തെറ്റി വീഴുന്ന ചിത്രം.
അപ്പൊ വല്ലാതെ പേടിയാവും.
കണ്ണുകള്‍ ഇറുക്കിയടയ്ക്കും.
ഒരു പൊട്ടത്തരം പറയട്ടെ???
എന്‍റെ മരണം ഓര്‍ത്ത് ഞാന്‍ തന്നെ കരയാറുണ്ട്.
(ദൈവമേ തീയിലും വെള്ളത്തിലും പെട്ട് എനിക്ക് മരിക്കണ്ട കേട്ടോ.
രണ്ടും എനിക്ക് പേടിയാ.)
പുഴയില്‍ ഇപ്പൊ നല്ല ഒഴുക്കും ഉണ്ട്.
പാലത്തിനു മുകളില്‍ എത്തുമ്പോള്‍ മിക്കവാറും ഒരു കാറ്റ് വീശാറുണ്ട്.
ഈ യാത്രയിലും അതുണ്ടായി.
എനിക്ക് വളരെ സന്തോഷം തോന്നി.
പുതിയ കടകളും വീടുകളും ഒക്കെ വന്നു.
എനിക്കെല്ലാം അതിശയായിരുന്നു.

ചേലൂരെ അമ്പലത്തിനു മുന്നിലെ പാടത്തില്‍ ആമ്പല്‍ പൂത്തിരുന്നു.
ചെറിയ വെള്ള ആമ്പല്‍.,പിന്നെ പേരറിയാത്ത ഒരു ജല സസ്യത്തിലെ കുഞ്ഞു കുഞ്ഞു മഞ്ഞ പൂക്കളും.
നന്നേ ചെറുത്‌.,ഒപ്പം കുളവാഴ പൂക്കളും.
സത്യന്‍ എമ്പ്രാന്തിരീടെ ഭാര്യക്ക് കാന്‍സര്‍ ആണത്രേ.
പണ്ടത്തെ ക്ലബ്,ലൈബ്രറി,ഒക്കെ പുതിയ രൂപത്തില്‍.
അവിടന്ന് പുസ്തകം എടുക്കാന്‍ പൈസ കൊടുക്കണ്ട.
കാരണം ഇല്ലത്ത് നിന്നാണ് കൊറേ പുസ്തകങ്ങള്‍ അവിടേക്ക് കൊടുത്തിരിക്കുന്നെ.
അവിടന്ന് ഞാന്‍ അവസാനായി എടുത്ത പുസ്തകം അബ്ദുല്‍ കലാമിന്റെ ആത്മകഥ ആണ്.
എനിക്കിഷ്ടാണ് അദ്ദേഹത്തെ.
അറിവ് വളരെ പരിമിതമാണെങ്കില്‍ കൂടിയും ചില വ്യക്തികളെ എനിക്കൊരുപടിഷ്ടാണ്.
സ്വാമി വിവേകാനന്ദന്‍,ശ്രീരാമകൃഷ്ണ പരമഹംസര്‍,രമണ മഹര്‍ഷി,പോണ്ടിച്ചേരിയില്‍ ഉണ്ടായിരുന്ന മദര്‍,അങ്ങനെ അങ്ങനെ ആ ലിസ്റ്റ് വളരെ വലുതാണ്‌..

മുറ്റം മുഴോനും മോളി അച്ചോള്‍ പയറും,ചീരേം,മുളകും,മറ്റും നട്ടിട്ടുണ്ട്.
പുളി മരം മുഴുവനും പുളിങ്ങ(ഇവിടത്തെ ഭാഷ)ഉണ്ടായിട്ടുണ്ട്.
അധികം പാകമാകാത്ത പുളിങ്ങ.
പണ്ട് ഉപ്പു കൂട്ടി തിന്നോണ്ട് നടന്ന നാളുകള്‍ ഓര്‍ത്തു.
ആ പച്ച നിറത്തിന് പ്രത്യേക ഭംഗിയാണ്,മണോം അതെ എനിക്കിഷ്ടായിരുന്നു.
രാധ വല്യമ്മേടെ വീട് പണി മൊത്തം കഴിഞ്ഞു.
ഇപ്പൊ കാണാന്‍ നല്ല ഭംഗിയായി.
അവിടെ ഒന്നും ഓണം എത്തിയില്ലായിരുന്നു.

തിരിച്ച് വരുമ്പോള്‍ റോഡില്‍ മുഴുവനും തിരക്കായിരുന്നു.
പെരുന്നാള്‍ സദ്യ കഴിഞ്ഞു വിരുന്നു പോവാനുള്ള തിരക്ക്.
ബസ്സിലും അതെ.
എല്ലാരും പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ട്,മുഖം മുഴുവനും ചിരിയും സന്തോഷവും മാത്രമായി .................
കാണാനേ എന്ത് ചന്താണ്!!!!!
അങ്ങനെ ഒരു ലോകമായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിക്കുന്നു.
എല്ലാവര്‍ക്കും ചിരിയും,സന്തോഷവും,സമാധാനവും,നന്മയും ഒക്കെ മാത്രമുള്ള ഒരു ലോകം.
എങ്കില്‍...................................എങ്കില്‍ എന്ത് രസമായിരുന്നേനെ!!!!!!

ഇറങ്ങാന്‍ നേരം ഡ്രൈവറിനെ കണ്ടപ്പോള്‍ ആണ് മനസിലായത് ഞാന്‍ പോയതും വന്നതും ഒരു ബസ്സില്‍ ആയിരുന്നു എന്ന്.
കണ്ടക്ടര്‍ പൈസ വാങ്ങി സ്ഥലം ഇങ്ങോട്ട് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു ഇയാള്‍ക്കെങ്ങനെ എനിക്കിറങ്ങേണ്ട സ്ഥലം അറിയാം എന്ന്.
അപ്പഴും കത്തിയില്ല പോയതില്‍ തന്നെയാണ് വന്നതെന്ന്.

അച്ചു ഇവിടെ എന്നെ കാത്തിരിപ്പുണ്ടായിരുന്നു.
"എത്ര നേരായി ഉമേ അച്ചു വിളിക്കണൂ "
എന്ന് പത്തു പ്രാവശ്യമെങ്കിലും എന്നോട് പറഞ്ഞു പാവം.

Monday, August 13, 2012

വെറുതെ കൊറേ..........അതും ഇതും ഒക്കെ കൂടിട്ടൊരു ഒരു പോസ്റ്റ്‌...

കര്‍ക്കിടകം തുടങ്ങിയതില്‍ പിന്നെ എന്നും രാവിലെ കല്യാണിയെ കാണാന്‍ പോവും.
സത്യം പറഞ്ഞാല്‍ ഭക്തി കൂടീട്ടൊന്നും അല്ല.
മനോഹരമായ പുലരികളെ കാണാന്‍ വേണ്ടി മാത്രം...................
വെങ്കിടേശ്വര സുപ്രഭാതം കേട്ട്,എണീക്കുമ്പോള്‍ ഒരു സുഖമാണ്.
ഉറക്കം വളരെ.........കുറ
വാണ് ഈയിടെ.

ഇന്ന് രാവിലെ തന്നെ രണ്ടു മഞ്ഞക്കിളികളെ കണ്ടു.
പച്ചക്കിടയില്‍ മഞ്ഞ നിറം നല്ല
ഭംഗിയാണ്.
പണ്ടെനിക്കൊരു പട്ടു പാവാട ഉണ്ടായിരുന്നു മഞ്ഞയും കറുപ്പ് കൂടിയ ചോപ്പും നിറമുള്ളത്.
ലിസ ചേച്ചീടെ വേളിക്കു വാങ്ങിയത്.
പണ്ടൊക്കെ മഞ്ഞ നിറമായിരുന്നു ഇഷ്ടം.
പിന്നെ കുറെ കാലം കറുപ്പായി.

പിന്നെ വെള്ളയായി.
ഇപ്പോള്‍ നീല നിറമാണ് ഇഷ്ടം.

പവിഴമല്ലി പൂക്കള്‍ പൊഴിഞ്ഞത് പെറുക്കിയെടുത്ത് കൊണ്ട് പോകും.
അമ്മേം കൂടെ ഉണ്ടാവും അമ്പലത്തിലേക്ക്.

പക്ഷെ താഴെ കൊറേ വീണു കിടപ്പുണ്ടാ
ഈ പവിഴമല്ലി ചെടിയില്‍ പൂക്കളെ കാണുകയെ ഇല്ല.
വും.
അതെനിക്ക് അതിശയാണ്.
മുറ്റത്തെ ആര്യ വേപ്പ് മരത്തില്‍ ഇലകള്‍ ഒന്നും ഇല്ല.
പക്ഷെ അതില്‍ ചുറ്റി ഒരു ബ്ലീഡിംഗ് ഹാ
ര്‍ട്ടിന്റെ വള്ളി ഉണ്ടായിരുന്നു.
ഇപ്പൊ അതില്‍ നിറയെ പൂവാണ്.
വെള്ള നിറത്തിനുള്ളില്‍ മെറൂണ്‍ പൂവെന്തു ഭംഗിയാണെന്നോ!!!!

ഗെയ്റ്റിനടുത്ത് ഇളം വയലറ്റ് നിറത്തിലുള്ള അരിപ്പൂക്കള്‍ കണ്ടമാനം ഉണ്ട്.
അരിയോളം വലുപ്പമുള്ള പൂക്കള്‍...
വല്യ നിഷ്കളങ്കതയാണ് ആ പൂവിന്.
മഴ ബാക്കി വെച്ച നീര്‍കണങ്ങള്‍ എല്ലാ ഇലതുമ്പുകളിലും തിളങ്ങി നില്‍ക്കുന്നത് കാണാന്‍ നല്ല ചന്താണ്.

എല്ലാവരും ഓരോ വൈര മൂക്കുത്തി ഇട്ട പോലെ.
വഴിയില്‍ ഒരു ബദാം (മരമായില്ല) ചെടി നില്‍പ്പുണ്ട്.
അതില്‍ നിറയെ പൂക്കളും.
അതിനു ചുറ്റും മഞ്ഞയും,കറുപ്പും നിറങ്ങളുള്ള തുമ്പികളെ കാണാം.
മഞ്ഞയും,കറുപ്പും,അവയുടെ ഉടലിന്‍റെ ചുവന്ന നിറവും അവരെ സുന്ദരികള്‍ ആക്കുന്നു.
ഒരു പത്തന്‍പതെണ്ണം എങ്കിലും ഉണ്ടാവും ദിവസോം.
അവയുടെ പരിഭ്രമം കാണാന്‍ നിന്നാല്‍ നേരം പോ
ണത് അറിയില്ല.
(കോഴിക്കോട് പോവുമ്പോള്‍ ഏതോ ഒരു സ്റ്റോപ്പില്‍ ഉണ്ട് ഒരു ബദാം മരം.
നിറയെ ഒരു പിങ്ക് കലര്‍ന്ന ചുവന്ന നിറമുള്ള ഇലകള്‍ നില്‍ക്കുന്നത് നല്ല ഭംഗിയാണ്കാണാന്‍ .)
അതിനടുത്തു തന്നെയാണ് നിറയെ പൂമുള്ളിന്റെ ചെടി നില്‍ക്കു
ന്നതും.
ഞാന്‍ പോണ സമയത്ത് അവ ഉറക്കമാണ്.
ഇലകള്‍ കണ്ണടച്ചുള്ള നില്‍പ്പ് അവയെക്കാള്‍ സുഖമായി ഉറങ്ങുന്ന മറ്റാരും ഇല്ല തന്നെ എന്ന് തോന്നിക്കും.
അതിനിടയില്‍ തന്നെ തൊട്ടാവാടി പൂന്തോട്ടവും ഉണ്ട്.
ഇലകള്‍ അടഞ്ഞും പൂക്കള്‍ വിടര്‍ന്നും നില്‍ക്കുന്നു.

പൂക്കള്‍ ഇലകളോട് "അമ്മ ഇങ്ങനെ ഉറങ്ങിക്കൊണ്ട് നിന്നോ ഞങ്ങള്‍ ദേ മിടുക്കരായി നില്‍ക്കുന്നത് കണ്ടോ."എന്ന് ചോദിക്കുന്ന പോലെ.
ഇടതു വശത്ത് നിറയെ പഞ്ചാര പൂക്കള്‍ ഉണ്ട്.
മറ്റൊരു പേര് പെരു എന്നാണ്.
ശരിക്കും ആ പൂവിന് പഞ്ചാരയുടെ മണമാണ്.
ഇലകള്‍ കാണുമ്പോള്‍ അവിടെ എന്‍റെ ഇല്ലത്തെ പ്ലാ
ശ്ശിന്‍(( ( അല്ലെങ്കില്‍ ചമത കൂട്ടം ഓര്‍മ്മ വന്നു.
ആ കൂട്ടോണ്ട് കണ്ടാല്‍..
വേളിക്കും,ഉപനയനത്തിനും ഒക്കെ ചമത ഏറെ ആവശ്യമാണ്.
പ്ലാശിന്‍ പൂവ് ഞാന്‍ കണ്ടിട്ടില്ല.

ഇപ്പൊ ഗൂഗിള്‍ കാണിച്ചു ചുവന്ന പൂവാണെന്ന്.
നവഗ്രഹങ്ങളില്‍ ചന്ദ്രന്‍റെ വൃക്ഷമാണെന്നും പറഞ്ഞു തന്നു.
ഇതില്‍ കാണുന്നതാണ് പഞ്ചാര പൂവ്.

അമ്പലമുറ്റത്തെ കറുക പുല്ലുകളില്‍ കാലമര്‍ത്തുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് വിഷമം തോന്നാറുണ്ട്.
അവയുടെ മൃദുലതയില്‍ എന്‍റെ പാദങ്ങളുടെ പരുപരുപ്പ് നോവിക്കുന്നോ എന്നോര്‍ത്ത്.......
പക്ഷെ ഇന്നും ഇന്നലേം കറുകയെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് അവളെയാണ്.
അവളുടെ വാക്കുകളെ.


പുലരിയിലെ കല്യാണി പാടം തീര്‍ത്തും ശാന്തമാണ്.
ഒരു അനക്കം പോലും ഇല്ലാതെ.
മേഘങ്ങള്‍ മെല്ലെ സഞ്ചരിക്കുന്ന ആകാശം.
മഞ്ഞിന്‍റെ ഒരു ആവരണം എങ്ങും.
കുറച്ചു മുകളിലായി ഒരു പുകമഞ്ഞുണ്ട ഉണ്ടാവാറുണ്ട്.
അത് കാണുമ്പോള്‍ എനിക്ക് ശരിക്കും കൌതുകാണ്.
ആകാശത്തിന് കീഴെ ചാരനിറമുള്ള കൊറ്റികള്‍ വരിവരിയായി പറന്നു പോവുന്നത് കാണാം.
അവയെങ്ങനെ ഇത്ര കൃത്യമായി വരിയായി പോവുന്നു?????
എന്നും ചോദിക്കുന്ന ഒരു ചോദ്യം.


തിടപ്പിള്ളിയില്‍ നിന്നും ഗണപതി ഹോമത്തിന്റെ പുക ഉയര്‍ന്നു മഞ്ഞിന്‍റെ കൂടെ കൂടി മേഘങ്ങളിലേക്ക് പോകുന്നതും നോക്കി നില്‍ക്കാന്‍ എനിക്കിഷ്ടമാണ്.
തിരുനാവായ അടുത്തായതിനാല്‍ ഈ ഭാഗങ്ങളില്‍ കാക്കകള്‍ കുറവാണ്.
ഒക്കെ അവിടെയാണ്.
അതുകൊണ്ട് ഇന്ന് പതിവില്ലാതെ കാക്കകളുടെ കരച്ചില്‍ കേട്ടപ്പോള്‍ അതും പ്രത്യേകം ശ്രദ്ധിച്ചു.

മഴ കൊടുത്തു പോയ ബാക്കി, പെയ്യിക്കുന്ന മരങ്ങള്‍..........................
മഞ്ഞുതുള്ളി ഉമ്മ വെച്ച കുഞ്ഞു പുല്‍നാമ്പുകള്‍ ................
ഇലകളില്‍ ഇറ്റു വീഴാന്‍ കാത്തു നില്‍ക്കുന്ന മഴ തുള്ളികള്‍..................................
ഒക്കെ ഏറെ മനോഹരമായ പുലര്‍ കാഴ്ചകള്‍ തന്നെ.
ചന്ദനവും,തുളസിയും,ചേര്‍ത്ത തീര്‍ത്ഥം വെള്ളി കെട്ടിയ വെളുത്ത ശംഖില്‍ നിന്നും തൂവാന്‍ തരുമ്പോള്‍ മനസ്സ് ശാന്തമാണെന്ന് വെറുതെ കുറച്ചു നേരത്തേക്കെങ്കിലും തോന്നും.
മരങ്ങളില്‍ ഏറ്റവും ഭംഗിയായി പെയ്യുന്നത് നെല്ലിമരം ആണെന്ന് തോന്നാറുണ്ട്.
നെല്ലിയിലെ കുഞ്ഞു ഇലകളിലൂടെ എത്ര ഭംഗിയായാണ് മഴ പൊഴിയുന്നത്!!!!!!!!!!!!!!!!!
നെല്ലി മരംന്നു പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് വയനാട്ടിലെ മുത്തങ്ങ വനമേഖലയിലെ നെല്ലി മരങ്ങളെ ആണ്.
പിന്നെ വീണ്ടും എന്‍റെ ഇല്ലത്തെ നെല്ലി മരവും.
പോവണം എനിക്കെന്‍റെ ഇല്ലത്തേക്ക് .....


ഇന്നലേം ഇന്നും മഴ കുറഞ്ഞു .
മഴ പെയ്യുന്നുണ്ടെങ്കില്‍ പോലും വെള്ളം കുറവാണ് ത്രെ.
കറന്റ് ബില്‍ കൂടി.
പവര്‍ കട്ട് വന്നു.
ഇങ്ങനെ പോയാല്‍ വരള്‍ച്ച ആവുമെന്ന് പറയുന്നു.
എന്ത് ചെയ്യും!!!!
അതിനെന്തെങ്കിലും പരിഹാരം കണ്ടെത്തേണ്ടതിനു പകരം ഇവിടെ ഹര്‍ത്താല്‍ നടത്താനും,വെട്ടാനും,കുത്താനും അത് വാര്‍ത്തയാക്കാനും ഒക്കെ ആണ് എല്ലാര്‍ക്കും താല്പര്യം.

ഈ മഴഎന്താ ഇങ്ങനെ?????
എന്നെ പോലെ കൊറേ ആളോള് നിന്നെ പ്രാന്ത് പോലെ പ്രണയിക്കുന്നത് എന്താ
ന്‍റെ മഴേ നീ കാണാത്തെ?
നിനക്കൊന്നു പെയ്തു കൂടെ,ആരേം ബുദ്ധിമുട്ടിക്കാതെ????????
മേഘ സ്ഫോടനം എന്നൊക്കെ പറഞ്ഞോണ്ട് പെയ്യണ്ട.
പാവം എത്ര പേരെയാ കഷ്ടത്തിലാക്കുന്നെ????
അങ്ങ് വടക്ക് ഗംഗേം യമുനേം ഒക്കെ നിറഞ്ഞു കവിഞ്ഞൊഴുകുന്നു.
ഇവിടെ ഈ നിള ഇപ്പോഴും മണല്‍ വാരി വാരി ഇല്ലാതായി കൊണ്ടിരിക്കുന്നു.
നിളയുടെ ചിത്രം കണ്ടാല്‍ കഷ്ടം തോന്നും ട്ടോ.
നേരില്‍ കണ്ടാലും.

ഹോ.... ആ ഉരുള്‍ പൊട്ടലിന്റെ വാര്‍ത്തേം ,ചിത്രങ്ങളും ഒക്കെ കണ്ടപ്പോള്‍ സങ്കടായീട്ടോ.
രാവിലെ പണിക്കു പോവുമ്പോള്‍ ഒരു കൊഴപ്പോം ഇല്ല.
തിരിച്ചു വന്നപ്പോള്‍ ഒന്നും ഇല്ല.
അവനോന്റെ ആള്‍ക്കാരും,വീടും അങ്ങനെ ഒന്നും.
മനസ് മരവിച്ചു പോകാന്‍ ഇതിനപ്പുറം എന്താ വേണ്ടേ വേറെ........!!!!!!!!!!
ഒരു കാറ്റില്‍,ഒരു മഴയില്‍,ഒരു സുനാമിയില്‍ തീരാവുന്നതെയുള്ളൂ നമ്മളൊക്കെ എന്ന് എന്നിട്ടും ആരും ഓര്‍ക്കുന്നില്ലല്ലോ (ഈ ഞാനും)!!!!!!

ഓണം ആവാറായി.
പെരുന്നാളും.
തുണിക്കടകളിലെ തിരക്ക് കണ്ടാല്‍ ആളുകള്‍ ആദ്യമായി
തുണി വാങ്ങുന്ന പോലെ ആണ്.
ഒരു പുതിയ കട തുറന്നാല്‍ അത് തുറക്കാന്‍ കാത്തിരുന്ന പോലെ ആണ് അവിടത്തെ തിരക്ക്.
അന്ന് തിരുവില്വാമലക്ക് പോയപ്പോള്‍ അവിടന്ന് ഓണക്കോടി ഒക്കെ എടുത്തിരുന്നു.
ഇന്നലെ പോയി പിള്ളേര്‍ക്കുള്ളതും വാങ്ങി.
അങ്ങനെ എന്‍റെ മുറ്റത്തും ഓണം വന്നു.
കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചാണകം മെഴുകി മുറ്റത്ത് ഒരു മുക്കുറ്റി തലയെങ്കിലും വെക്കണം.
ഇവിടെ അതുകൊണ്ട് അന്ന് തൊട്ടേ ഓണം വന്നു.
ഇന്നലെ ജയേട്ടന്‍ പലവ്യഞ്ജനങ്ങള്‍ (ഓണം പ്രമാണിച്ച് വില കൂടുന്ന ഐറ്റംസ് ഒക്കെ )ഒക്കെ വാങ്ങി.
പഴത്തിനും മറ്റും നല്ല വിലയാവും ഇക്കുറി.
അറുപതിനോടടുത്ത് ഉണ്ടാവുമായിരിക്കും.
ഇവിടെ മൂന്നു കുല ഏല്‍പ്പിച്ചു.
ഒന്ന് വറുക്കാനും,രണ്ടെണ്ണം പഴുപ്പിക്കാനും.
ഇവിടെ വെച്ച കന്നുകള്‍ ഒന്നും പിടിച്ചില്യാന്നെ.
ഓണത്തിന്റെ അന്നാണ് അച്ചുന്റെ നന്ദഫന്റെ വിവാഹ വാര്‍ഷികം.
തലേന്ന് ജയേട്ടന്റെം.

പിന്നേം ഉണ്ട് ഓണനാളുകളില്‍ എന്‍റെ മാത്രമായ ഒരു കുഞ്ഞു വിശേഷം.
അത് പറയില്യ.
ആരെങ്കിലും വന്നു പറയുമൊന്നു നോക്കട്ടെ.
ആരും പറഞ്ഞില്യന്നുണ്ടെങ്കില്‍ ഞാന്‍ പറയാട്ടോ.

അപ്പൊ ശരി എന്‍റെ വഴിയിലെ യാത്രക്കാരെ ..............
എല്ലാവര്‍ക്കും എന്‍റെ,
ചെറിയ പെരുന്നാളിന്റെ വലിയ ആശംസകള്‍.!!!!!!!!!!!