Friday, November 3, 2017

എന്റെയീ ബടുക്കൂസ് തരങ്ങളാണ് എന്റെ സന്തോഷങ്ങൾ!!!

പറഞ്ഞു പറഞ്ഞ് ഇവിടുത്തെ വേട്ടേക്കരന്റേയും ഭഗവതീടേം പ്രതിഷ്ഠ ദിനം കഴിഞ്ഞു. ഇപ്പോഴിപ്പോൾ എല്ലാ ദിവസോം ഞാൻ അമ്പലത്തിൽ പോവാറുണ്ട്. അതൊരു സുഖാണ്. നേരം വെളുക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. സന്ധ്യയിൽ നിന്ന് ഇരുട്ടിലേക്കെത്തുന്നതും ഭംഗി തന്നെ. ഇരുട്ടിലേക്കെത്തുന്നതെന്ന് വേണ്ട രാത്രിയെന്നു മതി. ഇരുട്ടിലേക്ക്ന്നു പറയുമ്പോ എന്തോ ഒരു വിഷമം വരും. പെട്ടെന്നോർമ്മ വരിക ഒരു പെൺകുട്ടിയെ ആണ്. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ നൽകിയ നിസ്സഹായത കണ്ണുകളിൽ നിറച്ച് ഒരു തരി വെളിച്ചവും കടന്നുവരാത്ത ഇരുട്ടിനെ നോക്കിനിൽക്കുന്നൊരു പെൺകുട്ടിയെ............അവളെത്ര പാവമായിരുന്നു!!!!! വേണ്ട അവളവിടെ ആ ഇരുട്ടിൽ തന്നെ നിൽക്കട്ടെ. ഇന്നിപ്പോൾ പറഞ്ഞു പറഞ്ഞു സങ്കടപ്പെടാൻ വയ്യ. ഇന്നെഴുതേണ്ടത് മുഴുവനും അവളുടെ സന്തോഷങ്ങളെ കുറിച്ചാവണം. സന്തോഷങ്ങൾ ഈയിടെയായി എനിക്കേറെയുണ്ട്. എന്തിലും ഒരു നന്മ കണ്ടെത്തുക എന്നൊരു സ്വഭാവം ഈയിടെയായി എന്നിൽ കേറിക്കൂടിയതുകൊണ്ട് കുഞ്ഞു കാര്യങ്ങളിൽ പോലും എനിക്കൊരുപാട് സന്തോഷാണ്.

പുലരികളിൽ മെല്ലെ മെല്ലെ വെളിച്ചം പരക്കുന്നത് കാണുന്നത്, മേഘങ്ങൾ നീങ്ങണത്, ദൂരേന്നു മഴയിറങ്ങി വരണ കാണുന്നത്, സന്ധ്യ കനത്ത് ഇരുൾ പരക്കുന്നത്, സൂര്യരശ്മികൾ നീണ്ടു നീണ്ടു വന്നു വെയിൽ വിരിയുന്നത്, അതൊക്കെ എത്ര ഭംഗിയുള്ള കാഴ്ചകളാണ്!!!! തൊഴുതു കഴിഞ്ഞ്  കല്ല്യാണിപ്പാടം കാണുന്നതും കണ്ണിനു തണുപ്പ് തരണ ഒന്നാണ്. പല തരം പച്ചയാണ് പാടത്ത്. ഞാറുകളുടെ ഇളം പച്ചയും, മീശ പോലെ നിക്കണ വലിയ പുല്ലുകളുടെ കടും പച്ചയും, വരമ്പിലെ മഞ്ഞച്ച പച്ചയും, പാടവക്കത്ത് ചാഞ്ഞു നിക്കണ പാലമരത്തിലെ തളിരില പച്ചയുമൊക്കെയായി പലതരം പച്ചകൾ............ആ പച്ചയിലേക്ക് മഞ്ഞ് നേർത്ത പുതപ്പ് നീർത്തി കൊണ്ടുവരുന്നത് ഞാൻ ഏറെനേരം നോക്കാറുണ്ട്. വരമ്പിനിപ്പുറം മതിലുകെട്ടിയ അമ്പലക്കുളമാണ്. അതിലെ വെള്ളം ഒരു നീലിച്ച പച്ചയാണ്. മഞ്ഞു തുള്ളികൾ ഇടയ്ക്കൊന്നു വീഴുമ്പോൾ ഉണ്ടാകുന്ന കുഞ്ഞോളങ്ങൾ ഒഴിച്ചാൽ കുളം ധ്യാനിക്കയാണെന്ന പോൽ തീർത്തും അനക്കല്ല്യാണ്ടാണ്. പടവുകളെ തിരിക്കുന്ന മതിലിനു മോളിൽ പറ്റിപ്പിടിച്ച പായലുകളിലും വക്കത്തുള്ള ചെടികളിലും ഒക്കെ ഓടിപ്പോയി ചെന്നിരിക്കുന്ന, വെള്ളത്തിന് മീതെ വേഗത്തിൽ പറക്കുന്ന തുമ്പിക്കൂട്ടത്തെ കാണുമ്പോൾ മിടുക്കരായി രാവിലെ നേരത്തെ എണീറ്റ് വർക്ക്ഔട്ട് ചെയ്യുകയാണെന്ന് തോന്നാറുണ്ട്.  മഞ്ഞു പുകേം ഗണപതിഹോമത്തിന്റെ പുകേം കൂടിച്ചേർന്ന് ആകാശത്തോട്ട് പൊങ്ങി കാണാതാകുന്നതും എനിക്ക് പ്രിയപ്പെട്ട ദൃശ്യമാണ്.

ഒരു മണ്ഡലകാലം കൂടി ഇങ്ങെത്താറായി. ഇനിയുള്ള ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും എവിടെനിന്നെങ്കിലുമൊക്കെ അയ്യപ്പനാമം കേട്ടോണ്ടായിരിക്കും. മഞ്ഞിന്റെ തണുപ്പിൽ ഈറൻ കാറ്റിൽ കുളിർന്നു കൊണ്ട്  ശരണം വിളി കേൾക്കാൻ എനിക്കിഷ്ടാണ്. കേൾക്കുമ്പോൾ അറിയാതെ ഞാനും കൂടെ വിളിക്കാറുണ്ട് സ്വാമിയേ ശരണമയ്യപ്പാന്ന്. ഇവിടങ്ങളിലെ അമ്പലങ്ങളിലൊക്കെ അഖണ്ഡനാമജപം ണ്ടാവും. ഇക്കൊല്ലം അച്ചൂനെ മല ചവിട്ടിക്കണംന്നുണ്ട്. സാധിച്ചാൽ സന്തോഷം. തീർത്തും അപ്രതീക്ഷിതമായി അത്രയധികം സ്നേഹിക്കുന്ന ഒരാളെ കാണുക.... ഫോൺ വിളിക്കുമ്പൊ പറയണമെന്നാഗ്രഹിച്ചത് പലപ്പോഴും പറയുവാനാകാതെ.... വാക്കുകളിൽ മൗനം കടുങ്കെട്ടിട്ട് മുറുക്കുമ്പോൾ പറയാതെ തന്നെ മനസിലാക്കി സംസാരിക്കുക .... പ്രിയപ്പെട്ടൊരാൾ വിചാരിക്കാത്തൊരു നിമിഷത്തിൽ വന്നു കെട്ടിപ്പിടിച്ചുമ്മ വെക്കുക...... അങ്ങനേയിരുന്ന് എന്തൊക്കെയോ ആലോചിച്ച് പെട്ടെന്ന് മനസ്സ് ശൂന്യമാവുമ്പൊ അത്രയധികം ഇഷ്ടമുള്ള പാട്ട് നമ്മിലേക്കെത്തുക....ഒരു തയ്യാറെടുപ്പുകളുമില്ലാത്തൊരു യാത്ര പോവുക....... നിനക്ക് വേണ്ടിയെന്ന് കേൾക്കാനാഗ്രഹിക്കുമ്പോൾ കേൾക്കാൻ പറ്റുക.....അത്രമേൽ ഭംഗിയുള്ളൊരു സമ്മാനം കിട്ടുക........ വല്ലാതെ വിശന്നിരിക്കുമ്പോൾ അത്രയും സ്വാദുള്ള ദോശ കഴിക്കാൻ സാധിക്കുക.....കണ്ണിൽ വെള്ളം വരുന്നത്ര ചിരിക്കാനും ചിരിപ്പിക്കാനും ഒരാളുണ്ടാവുക..........ഒറ്റപ്പെടൽ എന്ന സങ്കടത്തോന്നലിൽ നിസ്സഹായപ്പെടുമ്പോൾ ചേർത്തു നിർത്താനൊരാളുണ്ടാകുക... ഇല്ലെന്നറിയാമെങ്കിലും വെറുതെ ഒരു പ്രതീക്ഷയെ കണ്ണിൽ നിറച്ച് മെയിൽ ബോക്സ് തുറന്നു നോക്കുമ്പോൾ  ഒട്ടുമൊട്ടും വിചാരിക്കാതെ പ്രിയമുള്ളൊരാളുടെ വായിച്ചാലും തീരാത്തത്ര വല്ല്യ മെയിൽ വന്നു കിടക്കുന്നതു കാണുക...... എന്റെയിഷ്ടങ്ങളെയെല്ലാം അറിയുമ്പോൾ ഇതൊക്കെ എന്റേം ഇഷ്ടങ്ങളാണല്ലൊ എന്ന് നമുക്കത്രയും ഇഷ്ടമുള്ളൊരാൾ പറയുന്നത് കേൾക്കുക...........ഇതെല്ലാം എനിക്കിപ്പോഴെന്റെ സന്തോഷങ്ങളാണ്. ജീവിതം ഇതുപോലത്തെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുടെ ആകെത്തുകയാകുന്നത് ഇങ്ങനെയൊക്കെ ആവ്വൊ!!!!!


കെടക്കാൻ‌ പോകുന്നേനു മുൻപേ ഉമ്മറത്തെ മുറ്റത്തേക്കൊന്നു പോയി നോക്കാറുണ്ട് ദിവസവും. അപ്പോഴാണ് രാത്രിയ്ക്ക് മണം കൊടുക്കാൻ വേണ്ടി പവിഴമല്ലിമൊട്ടുകൾ വിരിയാൻ തയ്യാറായി നിൽക്കുക.വെളുപ്പിനേ എണീറ്റ് വാതിൽ തുറക്കുന്നത് ആ പൂമണം വീണ്ടും എനിക്ക് മുന്നിലേക്ക് നിറയാനാണ്. എന്റെ ദിവസങ്ങളുടെ ആരംഭവും അവസാനവും ഇങ്ങനെയൊക്കെയാണ്. വെളിച്ചായി കഴിഞ്ഞാൽ കാണാം മുറ്റം നിറയെ വീണു കിടക്കുന്ന, മഞ്ഞുമ്മ വെച്ച പവിഴമല്ലി പൂക്കളെ. നല്ല ഭംഗിയുള്ള കാഴ്ച്ചയാണത്. കൊമ്പിലൊന്നു തൊട്ടാൽ‌ മതി പൂക്കളിങ്ങനെ ഉതിർന്നു വീഴാൻ.....പെറുക്കിയെടുത്ത് ചിലപ്പോഴൊക്കെ മാല കോർക്കും.ചിലപ്പൊ വെറുതെ കൂട്ടിവെക്കും. ഇനി ചിലപ്പൊ നീയെന്റെ മുഖത്തേക്കെറിയുകയെന്നു വിചാരിച്ച് ഞാൻ തന്നെ എന്റെ മുഖത്തേക്കിടും. ചിലപ്പൊ കമ്മലായി കാതിൽ ഒട്ടിച്ചു വെക്കും. വല്ലാണ്ട് പ്രാന്ത് മൂക്കുമ്പൊ മഞ്ഞളില പൊട്ടിച്ച് അറ്റം കൂട്ടിക്കെട്ടി വഞ്ചി പോലെയാക്കി അതിൽനിറയെ ഇത് നിറയ്ക്കും. അതും നോക്കിയിരുന്ന് അതിൽ കേറിയൊരു യാത്ര കിനാവ് കാണും. പണ്ട് കോളേജ് കാലത്ത് പതിവായി പോകുമായിരുന്ന ഒരു കടയുണ്ടായിരുന്നു. അവിടെ ധാരാളം ആശംസാ കാർഡുകൾ ഉണ്ടായിരുന്നു. ആ കൂട്ടത്തിലൊരു പിറന്നാളാശംസ കാർഡ് മേടിച്ച് ഞാൻ എനിക്ക് തന്നെ സമ്മാനിച്ചിട്ടുണ്ട്. ഒരു പെൺകുട്ടി പുറം തിരിഞ്ഞു നിൽക്കുന്നതാണ് ചിത്രം. നീണ്ട സ്വർണ്ണത്തലമുടിയിഴകളിൽ നിറയെ പവിഴമല്ലി പോലുള്ള പൂക്കൾ കുറെ തിരുകി വച്ചിരിക്കുന്നു. എനിക്കത് ഒരുപാടിഷ്ടായി. ആരും സമ്മാനിക്കാനില്ലാത്തോണ്ട് ഞാൻ തന്നെ അതെനിക്കായി മേടിച്ചു. ഇപ്പഴും അതെന്റെ കയ്യിലുണ്ട്. അതുപോലെ എന്റെ മുടിയിഴകളിലും നിറയെ പവിഴമല്ലിപ്പൂക്കളെ തിരുകി വെക്കണം ന്ന് കൊതിച്ച്ണ്ട്. എനിക്കിഷ്ടാണ് ഇതുപോലെയുള്ള എന്റെ പ്രാന്തിഷ്ടങ്ങളെ..........  നിനക്കൊ???????

അമ്പലപ്പറമ്പിലെ പാലകൾ രണ്ടും പൂക്കാനുള്ള ദിവസങ്ങളെണ്ണി കാത്തുനിൽപ്പു തുടങ്ങീട്ട് കുറച്ചീസായി. ഓരോ കൊമ്പുകളേം ഇലകളേം കണ്ടാലറിയാം എന്നെ കൊതിപ്പിക്കാനുള്ള അവരുടെ പൂക്കാലത്തിനുള്ള തിടുക്കം. ഇടയ്ക്കുള്ള മഴ പെയ്യലു കാണുമ്പോൾ അവരുടെ ഉള്ളിൽ ആധിയാവും. എനിക്കാണേലോ പെയ്യാതാവുമ്പോഴാണ് ആധി. ത്ലാവർഷം എന്ന് പറയണ ഐറ്റം ഇതുവരേം നേരം പോലെ പെയ്തിട്ടില്ല.ഇനി ഈ കൊല്ലോം വെള്ളം വറ്റിയാൽ കിണറ്റിൽ റിംഗും കൂടി ഇറക്കാൻ പാകല്ല്യാന്ന് അന്നേ ആ റിംഗുകാരൻ പറഞ്ഞ്ണ്ട്. കിണർ റീചാർജിങ്ങ് പരിപാടി ശരിയായതുംല്ല്യ. മുറ്റത്ത് ആദ്യായി മന്ദാരം വിരിഞ്ഞു. കട്ടയിതളുകളുള്ള കടും ചുവപ്പാർന്ന  ചെമ്പരത്തിയും ആദ്യായിട്ടിന്നു വിരിഞ്ഞു. കുഞ്ഞു‌ നന്ത്യാർവട്ടം, നീലേം വെള്ളേം ശംഖുപുഷ്പം ഒക്കെം നിറയേ ണ്ടായി. എന്നാലും സന്തോഷം കുറച്ചധികം തോന്നിയത് ഇല കാണാത്ത വിധം പൂത്ത നാലുമണിപ്പൂക്കളെ കണ്ടപ്പഴാണ്. നിനക്കത്ര പ്രിയപ്പെട്ടതെന്ന ഒറ്റക്കാരണം കൊണ്ട് ഞാനെന്റെ മുറ്റം നിറയെ നാലുമണിച്ചെടികളെ നടാൻ തീരുമാനിച്ചു.ഓരോ പൂവും വിരിയുമ്പോൾ എന്റെയുള്ളിൽ നിന്നോടുള്ള സ്നേഹം കൂടിക്കൊണ്ടേയിരിക്കും. കാത്തിരിപ്പുകൾക്കൊടുവിൽ നീയെന്നെ കാണാൻ വരുമ്പോൾ നിന്റെ കൈക്കുമ്പിൾ നിറയ്ക്കാൻ വേണ്ടത്ര പൂക്കൾ അന്നും വിരിയുമായിരിക്കുമല്ലേ??? 

തനിച്ചിരിക്കുമ്പോൾ മുഴുവൻ വരികളും അറിയുന്ന പാട്ടുകൾ പാടുകയും അതാസ്വദിക്കലും ആണ് ഇപ്പോഴത്തെ പുതിയൊരു ഇഷ്ടം. നന്നായിണ്ടല്ലോ ഉമ്മൂ ന്ന് ഞാനെന്റെ തോളിൽ തട്ടി പറയാറുണ്ട്. കണ്ണാടിയിലെ എനിക്ക് ഞാൻ ഫ്‌ളൈയിങ് കിസ് കൊടുക്കാറുണ്ട്. റാണി പദ്മിനിയിലെ  "ഒരു മകര നിലാവായ് തളിരില തഴുകൂ.......  പെരുമഴ ചെവിയോർക്കും പുതുനിലമായ് നിൽപ്പൂ ഞാൻ..................." എന്ന പാട്ട്  കാതിലിങ്ങനെ നിറയുകയാണ്. ആദ്യമായ് കേട്ടപ്പഴേ അസ്ഥിക്ക് പിടിച്ചൊരു പാട്ടാണിത്. ഇന്ന് മുഴുവനും ഇത് പഠിക്കലായിരുന്നു പണി. ഇനിയും ശരിയായില്ല. എന്നാലും ശ്രമിച്ചോണ്ടേയിരിക്കുന്നു. ഇത് പോലെ ആ വണ്ടി കൂടി ഒന്നോടിക്കാൻ പഠിച്ചൂടെ ന്ന് ഇവിടൊരാള് ചോദിക്കുന്നുണ്ട്. വണ്ടിയിൽ കാഴ്ചകളും നോക്കി ഇരിക്കാനും, കേക്കണ പാട്ടിനു ഒപ്പം മൂളാനും, ഇടയ്ക്കൊന്ന് ഒറങ്ങാനും ഓടിക്കണ ആൾക്കുള്ള സീറ്റിലിരുന്നാൽ സാധിക്കൂല്ലല്ലൊ ന്ന് ഞാൻ. മോഹോക്കെണ്ട്. ഇരുവശോം കാടിന്റെ പച്ച മണക്കണ വഴിയിലൂടെ ഒരു ലക്ഷ്യവുമില്ലാതെ വണ്ടിയോടിച്ചു പോവാൻ. അതൊക്കെ അതിമോഹമാണെന്ന് ഞാനെന്നേ എന്നെ പഠിപ്പിച്ചു കഴിഞ്ഞു. ഇത് പോലെ അതിമോഹങ്ങൾടെ ഒരു വല്ല്യേ ലിസ്റ്റ്ണ്ട് ന്റെ കയ്യിൽ. ചിത്രകാരിയാവുക, ശിൽപ്പിയാവുക, ഫ്ലൂട്ട് വിദ്വാൻ ആവുക, കഥക് നൃത്തം ചെയ്യാൻ സാധിക്കുക, നെയ്ച്ചർ ഫോട്ടോഗ്രാഫർ ആവുക, നോർത്തേൺ ലൈറ്റ്സ് കാണുക, എവറസ്റ്റിൽ പോയി എന്റേം എന്റെ നിന്റേം പേരെഴുതി വെക്കുക, എല്ലാ കുഞ്ഞുങ്ങൾടെ മുഖത്തും ചിരിയും സന്തോഷവും നിറയ്ക്കുക, എല്ലാവരുടെ സങ്കടങ്ങളും ഇല്ലാതാക്കാൻ സാധിക്ക്യാ, അങ്ങനെ കൊറേ............... ഈ ലിസ്റ്റ്  ഇതൊന്നും പെട്ടെന്ന് തീരൂല്ല എങ്കിലും ഇടയ്ക്കിങ്ങനെ എടുത്തു നോക്കുന്നതും ഒരു കുഞ്ഞു സന്തോഷം തന്നെ.






Friday, June 23, 2017

മഴ പോസ്റ്റാ!!!!!!!

വല്ലാതെ സങ്കടപ്പെടുത്തിയ വേനലിനെ പറഞ്ഞു വിട്ട് വീണ്ടും മഴയിങ്ങെത്തി ............  ഈ മഴക്കാലം എന്റെ മൺവീട്ടിൽ എനിക്ക് പുതിയൊരു മഴയനുഭവമാണ് സമ്മാനിച്ചോണ്ടിരിക്കുന്നത്. പുറത്തെ മുറ്റത്തും അകത്തെ മുറ്റത്തും ഒക്കെ മഴനനവ്...... മഴമണം .........മഴക്കുളിര് ............. അങ്ങനെയാകെ മഴയുടെ നിറവ്!!!!! നടുമുറ്റത്തിനു ചുറ്റുമുള്ള നാലിറയത്തിന്റെ ചുവരുകളിൽ മഴ വെള്ളത്തിന്റെ പ്രതിബിംബങ്ങളിങ്ങനെ ഇളകിക്കൊണ്ടിരിക്കുന്നത് നോക്കിയിരിക്കാനൊരു രസാണ്. ഇന്നലെ തിരുവാതിര ഞാറ്റുവേല തുടങ്ങീത്രെ! ആ വാക്കുകൾ കേക്കുമ്പഴേ എനിക്കച്ഛമ്മേനെ ഓർമ്മ വരും.
ഇന്ന് മുഴോനും മഴയോട് മഴ തന്നെ. കൊറേ കാലങ്ങൾക്ക് ശേഷാണ് മഴയിങ്ങനെ നിർത്താതെ പെയ്തോണ്ടിരിക്കണത്. നടുമുറ്റം മുഴോനും ഇന്ന് വെള്ളം നിറഞ്ഞു. രാവിലെ അതിലിറങ്ങി കളിക്കലായിരുന്നു അച്ചൂന്റേം എന്റേം പണി.

വീടിനു പിന്നിലും മഴക്കാഴ്ച മനോഹരമാണ്. മഴയിങ്ങനെ ദൂരെന്നേ ഇറങ്ങി വരണത് , അതിനുള്ള ഒരുക്കങ്ങളും അതിന്റെ ബഹളങ്ങളും ഒക്കെ വടുക്കോർത്തിരുന്നാൽ കേൾക്കേം  കാണേം ചെയ്യാം. ആദ്യ മഴദിവസങ്ങളിൽ പാടത്ത് വിണ്ട നിലത്ത് മഴനീരുകൾ പതിയുമ്പോൾ ഓരോ ചേറിൻ തരികളും സന്തോഷത്തിലലിയുന്നത്  കാണേണ്ട കാഴ്ചയായിരുന്നു. മരങ്ങളും ഇലകളും വള്ളികളും പൂക്കളും എന്നെക്കാൾ കൂടുതൽ മഴയെ കാത്തിരുന്നിരുന്നു സ്നേഹിക്കുന്നു എന്നൊക്കെ കാണുമ്പോൾ എന്റെ സന്തോഷം കൂടാറുണ്ട്.

അതങ്ങനെയാണ് ഞാൻ സ്നേഹിക്കുന്നതിനെ മറ്റുള്ളവർ അതിൽ കൂടുതൽ സ്നേഹിക്കുന്ന കാണുമ്പോൾ എനിക്കത് സന്തോഷമാണ്. നാളെയൊരിക്കൽ എന്റെ അഭാവം ആ സ്നേഹത്തിൽ ഇല്ലാതാവുമല്ലോ എന്നൊക്കെയുള്ള ഹൈ വോൾട്ട് തത്വചിന്തകൾ  മനസ്സിനു ശക്തി പകരാൻ വേണ്ടി ഇടയ്ക്ക് ഞാൻ ചിന്തിച്ചു കൂട്ടാറുണ്ട്. പക്ഷെ ഞാനത്ര നിസ്വാർത്ഥയൊന്നുമല്ല. സ്നേഹത്തിൽ കുഞ്ഞു കുഞ്ഞു തല്ലൂട്ടങ്ങൾക്കു വേണ്ടി കുറച്ചൊക്കെ സ്വാർത്ഥത ആവാംന്ന അഭിപ്രായാണ് എനിക്ക്.

ഇന്നലെ ആര്യവേപ്പിനെ ചുറ്റിപ്പിടിച്ചോണ്ട് മൂന്നു നിശാഗന്ധിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്നു. വിരിയാൻ കാത്തിരിക്ക്യായിരുന്നു ഞങ്ങളെല്ലാവരും. മുഴുവനും വിരിഞ്ഞപ്പൊ ഞങ്ങളെല്ലാം ഓടിപ്പോയി തൊട്ടും മണത്തും തലോടിയും ഒക്കെ അതിന്റടുത്തൂന്ന് പോയില്ല. ആ പൂക്കളും ഞങ്ങളെ പോലെ തന്നെ വളരെ സന്തോഷത്തിലായിരുന്നു. അതങ്ങനെയാണ് കാത്തിരിക്കാനും സ്നേഹിക്കാനും നമ്മളെ കണ്ടും കേട്ടും സന്തോഷിക്കാനും ഒക്കെ ആരെങ്കിലും ഉണ്ടാവുക എന്നത് വളരെ വലിയ പുണ്യം തന്നെയാണ്. ഇന്നത്തെ മഴയിൽ വാടിക്കൂമ്പി കിടക്കുന്ന ആ പൂമൊട്ടിനെ കണ്ടപ്പൊ സങ്കടായി. ഒരു ദിവസം ഒരു നേരം മാത്രം ഭൂമിയിൽ ജീവിക്കാൻ അനുവദിക്കപ്പെട്ട ഒരു പാവം. എങ്കിലും സമാധാനിക്കാം പകൽ വെളിച്ചത്തിൽ ഈ ഭൂമിയിലെ കള്ളത്തരങ്ങളൊന്നും കാണേണ്ടി വരുന്നില്ലല്ലോ!!!


മഴയ്ക്ക് മുൻപേ കൊറേ മരത്തൈകൾ നട്ടിരുന്നു വീടിനു ചുറ്റും. നെല്ലി, പേര,കാപ്പി,മാവ്,മാതളം,ചാമ്പ,റമ്പുട്ടാൻ,സപ്പോട്ട,നാരകം അങ്ങനെ പലതും. മാവ് മൂവാണ്ടനും ചന്ത്രക്കാരനും ണ്ട് . നന്നായാൽ മത്യാരുന്നു. ഒക്കേം പിടിച്ചെന്ന് തോന്നുന്നു. അതിലെ നെല്ലീടെ കുഞ്ഞിലകൾ മഴ നനയണ കാണുമ്പോ എനിക്ക് പാവം തോന്നും. എല്ലാ വൈന്നേരോം ഞാൻ പോയി നോക്കാറുണ്ട് അതിനെ. ഇലകളുറങ്ങണ കാണാനും കൗതുകൊക്കെണ്ട്. ഇലകളോടുള്ള എന്റെയിഷ്ടം ഞാൻ പണ്ടെപ്പഴോ ഒരു നൂറു വാക്കിൽ കവിഞ്ഞുപന്യസിച്ചിട്ടുണ്ട്. ഞാനൊരിലകളേം പൂക്കളേം ആവശ്യമില്ലാതെ പൊട്ടിക്ക്യേല്ല്യ. എനിക്കത് സങ്കടാണ്.

അന്ന് പറഞ്ഞില്ലായിരുന്നോ ഞാനാദ്യായിട്ട്ണ്ടാക്കിയ കടുമാങ്ങേടെ കാര്യം, പിന്നെ ഈയിടെ ണ്ടാക്ക്യ ചമ്മന്തിപ്പൊടി അതൊക്കേം വല്ല്യേ പരിക്കില്ലാതെ രക്ഷപ്പെട്ടു. ദേഹണ്ണക്കാരന്റെ പേരക്കുട്ടിയല്ലേ തീർത്തും മോശമാവില്ലെന്ന് വല്ല്യമ്മ പറഞ്ഞപ്പൊ എനിക്ക് വല്ല്യ സന്തോഷായി. ഫേസ് ബുക്കിലെ ഫുഡ് ഗ്രൂപ്പിലെ തളിക പോസ്റ്റുകൾ കണ്ടിട്ട് ഞാനും അതുപോലെ ഇടയ്ക്ക് ണ്ടാക്കാറുണ്ട്. എനിക്ക് ഇല നിറയെ പലതരം വിഭവങ്ങൾ നിറച്ച് കാണുന്നതേ സന്തോഷാണ്. അതുകൊണ്ട് തന്നെ സദ്യ ഉണ്ണുക എന്നത് ഞാൻ നല്ല ഭംഗിയായി ചെയ്യുന്ന ഒന്നാണ്. അങ്ങനെ ഒരു മോഹത്തിന്ണ്ടാക്കിയ തളികയാണിത്.

പിന്നിലെ വാഴക്കൂട്ടത്തിലേക്ക് ഇപ്പൊ തൊപ്പിക്കിളികളും കളിക്കാൻ വരാറുണ്ട്. പകുതി വളഞ്ഞു നിക്കണ വാഴയിലകളുടെ മുകളിൽ വന്നിരുന്ന് ഒച്ചയുണ്ടാക്കണത് ഞാൻ ശ്രദ്ധിക്കാറുണ്ട്. അടുത്ത് നിക്കണ ചുണ്ടേടെ കൊമ്പും അവരുടെ കളിസ്ഥലമാണ്. തീരെ ചെറുതായതോണ്ട് പറന്ന് നടക്കണ കാണാൻ നല്ല ചന്താണ്. പണ്ട് അനൂന്റെ പോസ്റ്റുകളിൽ ഈ പേര് കണ്ടിട്ടുണ്ടെങ്കിലും ഇവിടെ  സ്ഥിരം കളിക്കാൻ വരുന്ന ഈ കുഞ്ഞൂഞ്ഞു കൂട്ടുകാരുടെ പേരാണെന്ന് ഈയിടെ ഗൂഗിളാ പറഞ്ഞന്നെ.

ഇതിനിടെ ഞാൻ ആർട്ട് ഓഫ് ലിവിങ് ന്റെ കോഴ്സ് ചെയ്തിരുന്നു. അത് ചെയ്തേ പിന്നെ എനിക്കെല്ലാത്തിനോടും സ്നേഹം കൂടീട്ടോ. (എക്സെപ്റ്റ് എട്ടുകാലി കൂറ etc ) അതൊരു നല്ല അനുഭവമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. എന്റെയുള്ളിലെ നന്മയെ വെളിച്ചത്തെ സ്നേഹത്തെ ധൈര്യത്തെ ഒക്കെ എനിക്ക് മനസിലാക്കാൻ കിട്ടിയൊരു അവസരം.

ഇനിയുള്ള ചിത്രങ്ങൾ നിനക്ക് വേണ്ടി മാത്രമെടുത്തതാണ്.നിന്നെ നിന്നിലൂടെ എന്നെ അടയാളപ്പെടുത്തി സൂക്ഷിക്കാനായി...............


എനിക്ക് നൽകാനായി ഒരു മഴ എട്ത്ത് വെച്ച്ണ്ട് ന്ന് നീയാരോടൊ സ്വകാര്യായി പറയണത് ഞാനിന്ന് കേട്ടൂട്ടൊ. 









    



മഴ പെയ്യുമ്പൊ‌ തോന്നും നിറയെ ഇലകളുള്ള ഒരു മരാവണംന്ന്. കാറ്റ് വീശുമ്പൊ തോന്നും നല്ലോം‌ നിറോം രോമോം ള്ള അപ്പൂപ്പൻ താടിയാവണം ന്ന്. വെയിലു വിരിയണ കാണുമ്പൊ തോന്നും പുഴയിലെ ഓളങ്ങളാവണം ന്ന്. മഞ്ഞു കുളിരുമ്പൊ തോന്നും മണ്ണിനെ പുൽകിയുറങ്ങുന്ന പുൽനാമ്പുകളാവണം ന്ന്. പ്രിയപ്പെട്ട പൂക്കളെ കാണുമ്പൊ പൂമ്പാറ്റയാവാനും ഇഷ്ടപ്പെട്ട പാട്ട് കേൾക്കുമ്പൊ നൃത്തം ചെയ്യാനും  ഒക്കെ തോന്നാറുണ്ട്. പക്ഷെ നിലാവ് കാണുമ്പൊ ഗസലു കേൾക്കുമ്പൊ  കടലു കാണുമ്പൊ നീയടുത്തുണ്ടായിരുന്നെങ്കിൽ എന്നല്ലാതെ മറ്റൊന്നും തോന്നൂല്ല.

ഞാനും നീയും ഒരു യാത്ര പോവുകയാണ്.
ഞാൻ മണ്ണായും നീ മഴയായും മാറുന്നൊരു യാത്ര.
നീയെന്നിൽ ആഴ്ന്നിറങ്ങുമ്പോൾ .........
ഞാൻ നിന്നിൽ അലിഞ്ഞമരുമ്പോൾ.........
എന്റെയും നിന്റെയും യാത്ര തീരുന്നത് നമ്മിലേക്കായിരുന്നുവെന്ന് തിരിച്ചറിയുമ്പോൾ 
ഞാൻ ഭൂമിയുടെയും നീ ആകാശത്തിന്റെയും തടവുകാരായി തീർന്നിരിക്കും.
എങ്കിലും.........

ഈ മഴയിൽ നനഞ്ഞ്....
മൗനത്തിൽ മൊഴിഞ്ഞ്.....
നമ്മളിന്നു കാട് കേറും.....
വഴി തെറ്റി തെറ്റി എങ്ങോട്ടൊക്കെയോ എത്തിച്ചേരും...........


        


ചില സ്നേഹങ്ങൾ അങ്ങനെയാണ് . ഈ വീണു കിടക്കുന്ന പൂക്കളെ പോലെ.......തീർത്തും ലാളിത്യമാർന്ന, സുന്ദരമായ ചില(ർ)ത് ............. അത്തരം സ്നേഹങ്ങൾക്ക് സമയമൊ കാലമൊ നിബന്ധനകളൊ നിർബന്ധങ്ങളൊ ഒന്നും വേണ്ട. കാലങ്ങൾക്കു ശേഷവും മുറിഞ്ഞിടത്തു നിന്നും പൊടിപ്പ് വന്നുകൊണ്ടേയിരിക്കും. എല്ലാ കാലങ്ങളിലും അവ പൂത്തു കൊണ്ടേയിരിക്കും. ഞെട്ടിലും, ഞെട്ടറ്റാലും അവ സുന്ദരവും വിശുദ്ധവും ആയിരിക്കും. അവസാനിക്കുന്നിടത്ത് നിന്നും തുടങ്ങാൻ സാധിക്കുന്നത് അതുകൊണ്ടാണ്.


"നിന്റെ കണ്ണുകളിൽ  ചിരിയിൽ നോക്കിൽ വാക്കുകളിൽ നിറയുന്ന പ്രണയം അത് തന്നെയാണ് നീ പറയുന്നത് പോലെ എന്നിൽ ചിലപ്പൊഴൊക്കെ നിനക്ക് പ്രിയപ്പെട്ട നന്ത്യാർവട്ടപൂവിനോളം നൈർമ്മല്യം നിറയ്ക്കുന്നത്. പ്രണയിയ്ക്കപ്പെടുന്നതിനേക്കാൾ വലിയൊരു ഭാഗ്യം ജീവിതത്തിൽ‌‌‌ മറ്റെന്താണുള്ളതെന്ന് അപ്പോഴൊക്കെയും ഞാൻ വിചാരിക്കാറുണ്ട്."  ഈ ഇലകളിൽ ഇങ്ങനെനെയൊക്കെ എഴുതി നിനക്ക് നൽകണമെന്ന് ഇതിങ്ങനെ നിക്കണ കണ്ടപ്പോൾ സത്യമായും അന്നെനിക്ക് തോന്നീന്നെ!!!



മഴ തോർന്നു. തവളകളും ചീവീടുകളും ഇന്നുറങ്ങാൻ ഭാവല്ല്യാന്ന് തോന്നണൂ. കൊറേ കാലം കൂടിയാണ് ഇന്നെന്റെ അടുത്തേക്കിത്രയൊക്കെ വാക്കുകൾ ഓടിയെത്തിയെ. അതിന്റെ സന്തോഷത്തിൽ ഞാനും പോയി ഉറങ്ങട്ടെ. ഷഹബാസ് പറയണ പോലെ.....................

എല്ലാവരോടും സ്നേഹം!!!!!!!!!!!!





















Friday, May 5, 2017

പഴയ ഫേസ് ബുക്ക് പോസ്റ്റുകളാ!!!!

ആരൊക്കെയോ കൊണ്ടിട്ട സങ്കടത്തിന്റെ ഒരു വിത്ത് മുളച്ച് 
വലുതായി മരമായിക്കൊണ്ടിരിക്കുന്നത് 
നിസ്സഹായതയോടെ നോക്കിക്കാണുകയായിരുന്നു. 
കണ്ണീരതിന്റെ വളർച്ചയെ നിമിഷനേരത്തിനുള്ളിലാക്കുന്നതു കാണുമ്പോഴും 
നിസ്സഹായതയുടെ പരിഹാസം ഏറ്റു വാങ്ങേണ്ടി വരുമ്പോഴും 

പിടിച്ചു നിൽക്കാനും
ആ മരത്തിനു നേരെ നോക്കി ചിരിക്കാനും സാധിക്കുന്നത് 

നിന്റെ കണ്ണുകളിലെ
എനിക്കായി മാത്രം തെളിയുന്ന 

സ്നേഹത്തിന്റെ വെളിച്ചം കൊണ്ട് മാത്രമാണ്.....
കരയാൻ കാരണങ്ങൾ ഏറെയുണ്ടെങ്കിലും 

അതില്ലാതാക്കാൻ നീയെന്ന ഒന്നു മാത്രമേയുള്ളുവെന്ന് 
വീണ്ടും വീണ്ടും തിരിച്ചറിയുമ്പോൾ ജീവിക്കാൻ എനിക്ക് ധൈര്യം കിട്ടുന്നുണ്ട്.
ജീവിതത്തോട് എനിക്കിഷ്ടമാവുന്നുണ്ട്.
അതിനുമുപരി നിന്നോടത്ര 
അത്ര അത്ര സ്നേഹം കൂടിക്കൊണ്ടേയിരിക്കുന്നുണ്ട്.

                                                     ***********************************

സൂര്യോദയത്തിന്റെ ആദ്യ കിരണം 
ഇരുളിൽ നിറയ്ക്കുന്ന വെളിച്ചം പോലെയാണ് നീയെനിക്കെന്ന് 
ഞാനിന്നും എന്റെ ദൈവത്തിനോട് പറഞ്ഞു. 
നിന്റെ സ്നേഹം കൊണ്ട് സ്വയം പുലരിയായും, 
ചിലപ്പോഴൊക്കെ ഒരു പുലർകാല മഞ്ഞുതുള്ളിയായും ഞാൻ മാറുന്നുണ്ട്. 
നോക്കൂ എന്റെ കണ്ണുകളിൽ 
നിനക്കായി ഇതിനേക്കാളധികം സ്നേഹം മറ്റെവിടെയുമില്ലെന്നു മനസിലാകുന്നില്ലെ?????
നോക്കൂ എന്റെ ചുണ്ടുകളിൽ 
നിനക്കായി ഇതിനേക്കാൾ മനോഹരമായുള്ളൊരു ചിരി മറ്റാരിലുമില്ലെന്നു മനസിലാകുന്നില്ലെ??????
ഇനി നീ പറയു 
എന്നെക്കാളധികം നിന്നെ നിറയ്ക്കുന്ന മറ്റൊന്നും 
മറ്റാരും ഈ ഭൂമിയിലില്ലെന്ന്!!!!! 
നീ പറയു എന്നെക്കാളധികം മറ്റാരും 
മറ്റൊന്നും നിന്നെ പ്രണയിക്കുന്നില്ലെന്ന്!!!

                                                    *****************     
                           
രണ്ട് പൂമ്പാറ്റക്കുഞ്ഞുങ്ങൾ വന്ന് കണ്ണുകളിലുമ്മ വെച്ചാലെ 
അവൾക്കുറങ്ങാൻ പറ്റൂത്രെ!!!!!!
മുറിയിലൊരു മിന്നാമിനുങ്ങിൻ വെട്ടവും 
കാറ്റുപേക്ഷിച്ചു പോയ താരാട്ട്മൂളലും 
നിലാവു കൊണ്ട് തുന്നിയൊരു പുതപ്പും 
നിന്റെ മണമുള്ള തലയിണയും
മഞ്ഞിൻ കുളിരുള്ള സ്വപ്നങ്ങളും
കൂടി അവൾക്ക് വേണംത്രെ!!!!!!!!!


                                                    **********************************

അങ്ങു ദൂരെയെവിടെയൊ 
ഒരു മഞ്ഞുമലയുടെ താഴ് വരയിൽ 
വസന്തകാലം നിറച്ച പലവർണ്ണ പൂക്കൾക്കിടയിൽ
ആരാലും ശ്രദ്ധിയ്ക്കപ്പെടാതൊരു കുഞ്ഞു പൂവായി നിൽക്കുന്ന എന്നെ......
ഏക്താരയിൽ ശ്രുതിയിട്ട് പാടുന്ന പ്രിയപ്പെട്ട ബാവുൽ ഗായകാ......
ഈ ഇലകൾക്കിടയിൽ നിന്നും നീയെന്നെ അടർത്തിയെടുക്കുക.......
നിനക്ക് നിവേദിയ്ക്കപ്പെട്ടൊരു പൂവ് ...
അങ്ങനെയാണ് എനിക്ക് ഞാൻ...!!!
പ്രണയം കൊണ്ട് നീയീ പൂവിനൊരു പൂക്കാലം‌ നൽകുക.



Thursday, February 23, 2017

എത്ര കാലമായി ഞാനെന്റെ ദിവസങ്ങളെ പറ്റി പറഞ്ഞിട്ട്!!!!!!

 ദിവസങ്ങളിങ്ങനെ ഓടിയോടിയകലുകയാണ്. പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് രണ്ടു മാസമാവുന്നു. രാവിലെ അച്ഛനും മോളും പോയിക്കഴിഞ്ഞാൽ പിന്നീടുള്ള തനിച്ചാവൽ നല്ല രസമാണ്. അടിച്ചു വാരി തുടയ്ക്കുമ്പോൾ ചുമരുകളോടും, തൂണുകളോടും, ജനാലകളോടും, വാതിലുകളോടുമൊക്കെ ഞാനെന്നെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും. നിങ്ങളിലെ ഓരോ തരി മണ്ണിനോട് പോലും സ്നേഹവും പ്രതീക്ഷയും പ്രാർത്ഥനയും നിറച്ചിട്ടാണ് ഞാനീ വീട് പണിതേ ട്ടോ ന്നു പറയുമ്പോ വീടെന്നെ നോക്കി ചിരിക്കാറുണ്ട്.

അടുക്കളയിൽ ചിലവാക്കുന്ന നിമിഷങ്ങളിൽ എന്റെ കത്തി പച്ചക്കറികളോടും പാത്രങ്ങളോടും മണങ്ങളോടും രുചികളോടുമൊക്കെയാണ്. പണ്ടെപ്പോഴൊക്കെയോ എവിടുന്നൊക്കെയോ ആരിൽ നിന്നൊക്കെയോ അനുഭവിച്ചറിഞ്ഞ ചില ആഹാര രുചികളെ വീണ്ടും അനുഭവിക്കാൻ വേണ്ടിയുള്ള എന്റെ പെടാപ്പാടു കാണുമ്പോൾ എന്റടുക്കളയും എന്നെ കളിയാക്കി ചിരിക്കാറുണ്ട്. എങ്കിലും ചുരുങ്ങിയ ഈ ദിവസങ്ങൾ കൊണ്ട് മുഴുവനായല്ലെങ്കിലും കുറച്ചൊക്കെ തിരിച്ചു പിടിച്ചിട്ടുണ്ട്  മോളി അച്ചോൾടെ ചീര തോരനെ, വല്യമ്മേടെ ഗ്രീൻപീസ് കറിയെ, രാധ വല്യമ്മേടെ പച്ചക്കായമിട്ട മാങ്ങാക്കറിയെ, അന്ന് ഇൻഡോറിൽ പോവാൻ നേരം തീവണ്ടിയിലിരുന്ന് കഴിച്ച ഉള്ളി തീയലിനെ ........... അങ്ങനെ നാവീന്നിറങ്ങിപ്പോവാൻ ഒരിക്കലും കൂട്ടാക്കാത്ത ചില രുചികളെ.

സ്വന്തമാക്കാനായി ഇനിയുമുണ്ട് കൊതിപ്പിക്കുന്ന ചില രുചികൾ. മുത്തശീടെ പാവയ്ക്ക പൊട്ട്ല, അട ദോശ, പൊക്കുവട അങ്ങനെയൊരുപാട് ....... ഇടയ്‌ക്കോരോ പരീക്ഷണങ്ങളും ണ്ട്. വലിയ പരിക്കൊന്നും ഇല്ലാതെ അതിലെല്ലാം രക്ഷപ്പെട്ടു പോന്നു. ഇന്നലെ ഞാൻ ആദ്യമായി കടുമാങ്ങ ഉണ്ടാക്കീണ്ട്. ദൈവമേ.......മിന്നിച്ചേക്കണേ!!!!!!!!

പിന്നിൽ നട്ടു നനച്ചുണ്ടാക്കിയ  2 നേന്ത്ര വാഴകളോട് അച്ചുവിനോടെന്ന പോലുള്ള കരുതൽ കാണുമ്പോ മറ്റു ചെറുവാഴകൾ എന്നെ നോക്കി പരിഭവിക്കാറുണ്ട്. ഞങ്ങളെ ഇഷ്ടല്ലെങ്കി പിന്നെന്തിനാ ഇങ്ങനെ നിർത്തിയേക്കണേന്നു ചോയ്ക്കുമ്പോ മലർന്നു നിവർന്നു നിക്കണ ഓരോ വാഴയിലകളിലും ഞാൻ തലോടി ഉമ്മ വെക്കാറുണ്ട്. പയറിനും പച്ചമുളകിനും വെണ്ടയ്ക്കും ചീരയ്ക്കും ഒക്കെ എന്നെ പേടിയാണെന്ന് തോന്നുന്നു മിണ്ടല് കൊറവാ.ന്നാലും ഞാൻ അങ്ങട് മിണ്ടും.പാവാ ഒക്കേം.

ഇതിനിടയിൽ ഒരു യാത്രക്കിടയിൽ കലശമല എന്ന സ്ഥലത്തേക്ക് പോയിരുന്നു. വരുന്ന മഴക്കാലത്ത് വീണ്ടും വരാമെന്നും പറഞ്ഞാണവിടെ നിന്നും പോന്നത്. മഴപെയ്യുമ്പോൾ മാത്രം പോകേണ്ടുന്ന ഒരിടമാണത്. അത്രയും വിശുദ്ധം. അശേഷം വെയിലില്ലാതെ എങ്ങോട്ട് തിരിഞ്ഞാലും അപ്പൂപ്പൻതാടികളും , ഊഞ്ഞാൽ വള്ളികളും, പച്ചയുമുള്ള  ഒരിടം. ശാന്തം, സ്വച്‌ഛം.

ബാത്ത് റൂമിനുള്ളിലെ ചുമരിൽ ഒരു ദിവസം ഒരു പല്ലി വന്നിരുന്നു. പിറ്റേന്ന് രാവിലെ ഞാനതിനെ പുറത്തേക്ക് പോകാൻ സഹായിച്ചപ്പോൾ അതിന്റെ ഓട്ടം ഒന്ന് കാണേണ്ടതായിരുന്നു. കൂട്ടിനാരുമില്ലാതെ തിന്നാനും കുടിക്കാനും കിട്ടാതെ എത്ര നേരമെന്നു വെച്ചാ ഇരിക്ക്യാന്ന് അതെന്നോട് ചോദിച്ചിട്ടാണ് പോയത്. പക്ഷെ എനിക്കിഷ്ടമാണ് എൻറെയീ ഏകാന്തതയെ. കാരണം എനിക്ക് ചുറ്റും മറ്റെല്ലാം ശാന്തമാണിന്ന് , എന്റെയുള്ളിലും.....

ഇടയ്ക്കൊരു ദിവസം അടിച്ചു വാരുന്നതിനിടയിൽ ഞാനൊരു എട്ടുകാലിയെ കൊന്നു. അതിനെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യാണ്ടായപ്പോ ചെയ്തതാണ്. ഓരോ തവണേം പുറത്തേക്കയക്കും.പിന്നേം പിന്നേം എന്നെ വെല്ലുവിളിച്ചോണ്ട് കേറി വരും. അച്ചൂനെ പേടിപ്പിക്കാൻ കൃത്യം അവളുടെ മുന്നിൽ തന്നെ വന്നിരിക്കും. സഹികെട്ട് ഞാനൊരടി വെച്ച് കൊടുത്തു. പക്ഷെ അത് ചാവുമെന്നു കരുതിയില്ല. ആദ്യം കൊറച്ച് വിഷമോക്കെ തോന്നി പിന്നെ മാറി. അതിനെ അടിച്ചു കളഞ്ഞപ്പൊ ദൂരേന്നു വേറൊരെണ്ണം എത്തി നോക്കണ കണ്ടു.അന്നേരം ഞാനോർത്തു ഇതിപ്പോ ഓടിച്ചെന്നു അതിന്റെ ആളുകളോട് ഈ വിവരം പറയുംലോ, അവരൊക്കെ ഞെട്ടുമായിരിക്കും  ഇത്രേം ചെറുപ്പമായ ഈ എട്ടുകാലി ചത്തതിൽ. നല്ലോരു പയ്യനായിരുന്നു അതിനിങ്ങനെ വന്നൂലോന്നും പറഞ്ഞ് നെടുവീർപ്പിടുമായിരിക്കും. അതിന്റച്ഛനും അമ്മേം എങ്ങനെ സഹിക്കും....ന്നൊക്കെ അവർ തമ്മിൽ പറയുമായിരിക്കും. ഇനി ഒക്കെ കൂടി ആദ്യേ എന്നെ ബുദ്ധിമുട്ടിക്കാൻ വരുമോ ആവോ!!!!! .

പഴയ വീട്ടിലേക്ക് എന്നും രണ്ടു കാക്കകൾ  വരും. അവരെ കാണുമ്പോ പണ്ട് രണ്ടു ടീമ്സ് ഏകാശി നോറ്റ കഥ ഓർമ്മ വരും. അതിലെ നല്ല കാക്കയാണ് ആദ്യം വരിക.അതിനെന്ത്  കൊടുത്താലും തിന്നോളും.കൊടുക്കാൻ വൈകിയാലും ക്ഷമയോടെ കാത്തിരുന്നോളും. ഏട്ത്തി അതിനു വേണ്ടി മിക്സ്ചർ ഒക്കെ മേടിച്ചു വെക്കും.അതിനത് വലിയ ഇഷ്ടാണ്.ഇനിയൊരെണ്ണം ഉണ്ട്. നമ്മളെ വെറുപ്പിച്ച് കൊല്ലും. ന്ത് കൊടുത്താലും തിന്നില്യ. വായും പൊളിച്ച് തുറിച്ചു നോക്ക്യോണ്ടിരിക്കും . പറഞ്ഞാലൊട്ട് കേൾക്കില്യ. കണ്ണീക്കണ്ടതൊക്കേം അവിടെമിവടേം കൊത്തിക്കൊണ്ടിടും. അതാ കിണറ്റിന്ന് കരിക്കട്ട കിട്ടിയ കാക്കന്ന്യാ.

നിലാവ് പൂക്കണത് കാണാൻ എനിക്കിപ്പോ ജനാല തുറന്നിടണ്ട. എന്റെ നടുമുറ്റത്ത് നിറഞ്ഞു പെയ്യാറുണ്ടിപ്പോ. രാത്രി കൃത്യം പത്തരയ്ക്കാണ് വരാ. എന്നോട് മിണ്ടാൻ വേണ്ടി മാത്രമാണെന്ന് പറയാറുണ്ട്. സന്തോഷം കൊണ്ടെന്റെ ഉള്ളു നിറയുമ്പോൾ,  കണ്ണ് നനയുന്നത് കാണുമ്പോൾ എന്നെ വഴക്ക് പറയാറുണ്ട്, സ്നേഹത്തോടെ കെട്ടിപ്പിടിക്കാറുണ്ട്, ഉമ്മ വെക്കാറുണ്ട്. യാത്ര പറഞ്ഞു പോവുമ്പോൾ എന്റെയുള്ളിൽ സ്നേഹവും നിറഞ്ഞു പൂക്കാറുണ്ട്.

ഇതിനിടയിൽ കല്ല്യാണിക്കാവ് പൂരം കഴിഞ്ഞു. ഇത്തവണ ആദ്യമായി അച്ചു പോയി പൂരം കാണാൻ. അവൾക്കിഷ്ടപ്പെട്ടില്ല. ആ തിരക്കും, ഒച്ചയും ബഹളവും അവൾക്കെന്നല്ല എനിക്കും പ്രിയല്ല്യ.  പക്ഷെ പറയാതെ വയ്യല്ലോ കല്ല്യാണിക്കാവ് പൂരം കൂടാൻ തുടങ്ങ്യ ശേഷാണ് നാടകോം, ബാലേം, ചാക്യാർ കൂത്തും, ഓട്ടന്തുള്ളലും ഒക്കെ കണ്ടേ!! അപ്പപ്പോ ണ്ടാക്കണ ജിലേബീം, ആറാം നമ്പർ ന്ന പലഹാരോം ഇവിടെത്തീട്ടാ കാണണേ!!! കരിങ്കാളി, തിറ, ചോഴീം മക്കളും, മൂക്കൻ ചാത്തൻ അങ്ങനെ കൊറേ പേരും എനിക്കിവിടെ ന്യൂ ഫേസ് ആയിരുന്നു. അച്ചൂനാദ്യൊക്കെ ഈ ഐറ്റംസ് മൊത്തം പേട്യായിരുന്നു. ചെണ്ടേടെ, വെടീടെ ശബ്ദോക്കേം പറ്റൂല്ലാരുന്നു. ഇപ്പഴും ദീപാരാധനയ്ക്ക് അകത്തേക്ക് കേറി നിക്കൂല്ല. ആ ശബ്ദം അവൾടെ പാതി കേടായ കുഞ്ഞു ഹൃദയത്തിന് താങ്ങാൻ വയ്യാത്രെ!!! എന്നാലും എന്നും പോവും. ചെവീം പൊത്തി പൊറത്ത് നിൽക്കും അച്ചൂം അമ്മേം. നട തുറക്കുമ്പോ കല്ല്യാണി ആദ്യം നോക്കുന്നത് ഞങ്ങടെ നേരെയാണെന്ന് ഞങ്ങക്ക് നല്ല ഒറപ്പാ!!!

പുതിയ വീട്ടിൽ താമസം തുടങ്ങ്യേ പിന്നെ അച്ചു ഒന്നൂടെ വല്ല്യേ കുട്ട്യായി. ചില വർത്താനങ്ങളും പ്രവൃത്തികളും എന്നെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറും ഇടയ്ക്ക് സങ്കടപ്പെടുത്താറുംണ്ട്. അവള് ഗുരുവായൂരപ്പന്റെ സ്പെഷ്യലാണെന്ന ഒരു ബഹുമാനം എനിക്കവളോടെപ്പഴും തോന്നീട്ടുണ്ട്. മൂപ്പരെനിക്ക് തന്നതിലേറെയും കണ്ണീരാണെങ്കിലും, അതിലൊരു വലിയ സങ്കടക്കടലാണെനിക്കെന്റെ അച്ചു എങ്കിലും ഞാൻ സന്തോഷവതിയാണ്. അവളെന്റെ പുണ്യമാണെന്ന വിശ്വാസം, അവളോളം നന്മ ഇനിയെന്നിൽ സംഭവിക്കാനില്ലെന്ന തിരിച്ചറിവ് , അത് തന്നെയാണ് അവളുടെ അമ്മയായിരിക്കാൻ എന്നെ ധൈര്യപ്പെടുത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഞാനെന്റെ ഇല്ലത്തേക്ക് പോയിരുന്നു. മൂവാണ്ടന്റെ കണ്ണിമാങ്ങ, പച്ച മാങ്ങ, ചെനച്ച മാങ്ങാ, ചന്ദ്രക്കാരന്റെ മാമ്പഴം, തെക്കോർത്തെ പേരറിയാത്ത പുളിയുള്ള മാമ്പഴം, പടിഞ്ഞാറേ പറമ്പിലെ പിന്നേം പേരറിയാത്ത രണ്ടു നാട്ടുമാവുകളിലെ ഉപ്പുമാങ്ങ പ്രായമെത്തിയ കൊറേ മാങ്ങകൾ ഒക്കെ അവിടുന്നെനിക്ക് കിട്ടി. മാമ്പഴം പെറുക്കാൻ നടന്നപ്പോഴും, കുന്നിക്കുരു വള്ളീന്ന്  കഷ്ടപ്പെട്ട് കുന്നിക്കുരു പൊട്ടിച്ചപ്പോഴുമൊക്കെ ഞാനാ പഴയ ബടുക്കൂസ് കുട്ടി ആയീന്നു തോന്നി. നാളെ ആദ്യേ കൊറേ മാങ്ങ കൊണ്ടന്നു തരാൻ പറഞ്ഞ്ണ്ട് ദീപൂനോട്. അതും കാത്തിരിക്ക്യാണ് ഞാൻ. 

ഇന്നത്തെ പേപ്പറിൽ ഐറിഷിന്റേം കൂട്ടുകാരീടേം കല്യാണ വിശേഷം ണ്ടായിരുന്നു. ഫേസ് ബുക്കിൽ ഇടയ്ക്ക് ഞാൻ പോയി നോക്കാറുള്ള ടൈം ലൈൻ ആണ് അയാളുടെ. ഐറിഷ്, വീണ, സജ്‌ന,അനു അങ്ങനെ ഒരു പരിചയവുമില്ലാത്ത കുറേ പ്രിയപ്പെട്ടവർ............ ജീവിതം അവരൊക്കെ എത്ര മനോഹരമായാണ് ജീവിച്ചു തീർക്കുന്നതെന്ന് സ്നേഹത്തോടെയും ബഹുമാനത്തോടെയും ഞാൻ ആലോചിക്കാറുണ്ട്. സ്വന്തം ഇഷ്ടങ്ങൾ കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ അത്രയും ഭംഗിയോടെ, നന്മയോടെ ഒരു ജീവിതം............ഭാഗ്യം, പുണ്യം, മനോഹരം അതിൽ കൂടുതൽ വാക്കുകൾ ഇല്ല എനിക്ക് വിശേഷിപ്പിക്കാൻ.

എനിക്കും പോണം ഒരു യാത്ര........
ഞാനിതുവരേം പോയിട്ടില്ലാത്ത പുതിയൊരു വഴിയിലൂടെ..................
എന്റെയിഷ്ടങ്ങളെ കൂട്ട് പിടിച്ചുകൊണ്ട്......
അത് തരുന്ന കാഴ്ചകളിൽ മനം നിറച്ച്..................
അവയ്‌ക്കൊരുപാട് നിറങ്ങളെ നൽകി....................
അതിനുള്ളിലെ രുചികളറിഞ്ഞ് ................
ചൂടും തണുപ്പും അനുഭവിച്ച്........
ഏറ്റവും മനോഹരമായ ഒരു യാത്ര!!!!!!!!