Sunday, December 23, 2012

മഴയും മഞ്ഞുമായി നമുക്കിങ്ങനെ ഒരുപാട് കാലം സ്നേഹിക്കാം!!!!!!!!!!!

കൂവ പൊടിയാക്കി വച്ചു .
കായക്കുല വെട്ടി പഴുപ്പിക്കാന്‍ വച്ചു .
കാവിത്തും,ചേനയും,ചേമ്പും,ഒക്കേം പറിച്ചു വച്ചു.
തിരുവാതിരയ്ക്കുള്ള സാധനങ്ങള്‍ ഒക്കേം ആയി എന്ന് പറയുന്ന കേട്ടു.
ഞാന്‍ ഓര്‍ത്തു ഇതൊക്കെ കഴിക്കാന്‍ വേണ്ടിയാണോ തിരുവാതിരയെ 
കാത്തിരിക്കുന്നെ ???????
എന്‍റെ  ഉത്തരം "ഞാന്‍ അതിനല്ല" എന്ന് മാത്രമായിരുന്നു.
അതെനിക്കൊരു സമര്‍പ്പണം ആണ്.
എന്‍റെ  സ്നേഹത്തിനു ഞാന്‍ നല്‍കുന്ന ബഹുമാനം.

ദിവസങ്ങള്‍ എത്ര വേഗാണ് കടന്നു പോകുന്നത്!!!!!!
വിഷൂം,ഓണോം ,കഴിഞ്ഞു ദാ  ക്രിസ്മസും,തിരുവാതിരേം ഒക്കെ ആയെക്കുന്നു.
അടുത്ത മാസം ഒടുവ് കല്യാണിക്കാവ് പൂരോം.
മണ്ഡല കാലം മുതല്‍ ചുറ്റുവിളക്കും തുടങ്ങും.
അച്ചൂന് ശംഖ്,ചെണ്ട,വെടി ഇത് മൂന്നും പേടിയാ.
അതോണ്ട്  ദീപാരാധന കണ്ട കാലം മറന്നു.

അച്ചൂന് ഇപ്പൊ പുതിയൊരു പണി തുടങ്ങിയിട്ടുണ്ട്.

ഉമ്മറത്തോ പിന്നിലത്തെ ഇറയത്തോ ഇരിക്കുവാണെങ്കില്‍ അപ്പൊ 
മിറ്റത്തെയ്ക്ക് കല്ലുകള്‍ ചുമ്മാ എറിയുക .

ഇത് കണ്ടിട്ട് അമ്മേം,ഏടത്തീം പറയും അവള്‍ കഴിഞ്ഞ ജന്മം ഹജ്ജിനു 
പോയപ്പോള്‍ മിനായില്‍ പിശാചിന് നേരെ കല്ലെറിയല്‍ കര്‍മം നടത്താന്‍ പറ്റി
 കാണില്ല എന്ന്.
ഇന്നലെ വൈകുന്നേരം അവള്‍ എന്നോട് പറയുവാ ഉമേ കുറച്ച് കല്ലെടുത്ത്‌ താ 
എനിക്ക് മിനായില്‍ കല്ലെറിയാനാ എന്ന്.

എനിക്ക് ചിരി വന്നു.
ഒപ്പം അതിശയോം.

ഈ പെണ്ണ് ഇതൊക്കെ ഓര്‍ത്തു വെയ്ക്കുന്നുണ്ടല്ലോ എന്ന് കണ്ടിട്ട്.

രാവിലെയാക്കി ഇപ്പൊ അമ്പലത്തില്‍ പോക്ക്.
നല്ല മഞ്ഞാണ് ആ സമയത്ത്.
രാത്രിയും അതെ കൂട്ടിനു നല്ല നിലാവുംണ്ട്.
ഈയിടെ ആയി ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയം കാണാറുണ്ട്.
(ചന്ദ്രനും ചന്ദ്രികേം!!!!) 
ഇന്നലെ നല്ലോംണ്ടായിരുന്നു.
ഇന്ന് അത്രേം ഇല്ല .
അത് മുന്‍പുംണ്ടായിരുന്നോന്നറിയില്ല ,ഞാനിപ്പഴാ ശ്രദ്ധിച്ചേ!!!!!
ഇപ്പൊ എന്നും രാത്രി കൊറേ നേരം മുറ്റത്ത്  നില്‍ക്കും ആകാശോം നോക്കിക്കൊണ്ട്.
അതൊരു സുഖാണ്.
ഒരുപാട് നക്ഷത്രങ്ങള്‍,നിലാവില്‍ കുളിച്ച തെങ്ങുകള്‍,കവുങ്ങുകള്‍,മൂവാണ്ടന്‍ മാവ്,വടക്കോറത്തെ പാടം ഒക്കേം കണ്ണിനു തണുപ്പ് നല്‍കുന്ന കാഴ്ചകള്‍.
വീടിന്‍റെ  പടിവരെ നടക്കാന്‍ തോന്നാറുണ്ട് ഈ രാത്രികളില്‍.
ഒറ്റയ്ക്ക്(അല്ലെങ്കില്‍ നിനക്കൊപ്പം മാത്രം!!!!) നടക്കാന്‍ നല്ല രസമാണ്.
ഓര്‍മ്മകളെല്ലാം ഒരുമിച്ച് ഇങ്ങനെ വന്നു നില്‍ക്കും മുന്നിലേക്ക്.
അവിടെ എന്‍റെ ഇല്ലത്തെ മുറ്റത്ത് അങ്ങനെ കൊറേ നടന്നിരുന്നു പണ്ട്.
എന്തായിരുന്നു  അന്നൊക്കെ ഞാന്‍ ഓര്‍ത്തോണ്ട്  നടന്നിരുന്നത് !!!!!
ഇപ്പൊ അതൊന്നും ഓര്‍മ്മയില്ല.
ഒക്കേം ഒരു കാലം.

അന്നൊക്കെ ഞാന്‍ തനിച്ചായിരുന്നു.
ആ കാലത്തൊക്കെ ആഗ്രഹിച്ചിരുന്നു മിണ്ടാനും,കൂട്ട് കൂടാനും ,എന്‍റെ  മൌനം പോലും മനസിലാക്കാന്‍ കഴിയുന്നതും ആയ  ആരേലുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന്.
പക്ഷെ ഇന്ന് നേരെ തിരിച്ചാണ് ചിന്തിക്കുന്നത്.
അത് അഹങ്കാരം കൊണ്ടാണെന്ന് കരുതരുത്.
എന്തോ......അങ്ങനെ  തോന്നുന്നു.
അനു പറഞ്ഞപോലെ എല്ലാ കാലത്തും എല്ലാരും എപ്പോഴത്തെയും പോലെ ആയിരിക്കുക അസാധ്യം.
അപ്പൊ ചിന്തകളിലും മാറ്റങ്ങള്‍ വരും .
(പക്ഷെ ഒന്ന് പറയാം മാറ്റമില്ലാത്തത് ..........
അത് നിന്നോടുള്ള എന്‍റെ സ്നേഹം.
കാലങ്ങള്‍ക്കും അപ്പുറം നിലനില്‍ക്കുന്ന ഒന്ന്.)
ഇപ്പൊ ആരാലും അറിയപ്പെടാതെ ഒരു മൂലേല് വീണ പൂവായിരുന്നാല്‍ മതി.


ഈ വര്‍ഷം ............
ജീവിതത്തിലേക്ക്  നന്മയും,സ്നേഹവും നിറഞ്ഞ ഹൃദയമുള്ള  ഒരുപാട് നല്ല സൌഹൃദങ്ങളെ കൂട്ടി ചേര്‍ത്തു .
ഒപ്പം ഒരു വല്യ നിധിയും കിട്ടി. :)


എല്ലാരും ചോദിക്കുന്നു ബ്ലോഗില്‍ എന്താ പുതിയ പോസ്റ്റ്‌ കാണാത്തെ  എന്ന്.
സത്യം പറഞ്ഞാല്‍ ഞാന്‍ ഈയിടെ ആയി ബ്ലോഗിലേക്ക് വരാറേയില്ല .
ഇപ്പോഴല്ലേ  അറിഞ്ഞേ ഈ ബ്ലോഗ്‌ എന്ന് പറയുന്നത് ഒരു നിസാര കാര്യം അല്ലാന്ന്.
അങ്ങനെ തോന്നീത് എഴുതാനുള്ള ഒരു സ്ഥലല്ല എന്ന് .
ഓരോരുത്തര് എന്ത് ഗൌരവായിട്ടാന്നോ ബ്ലോഗിനെ കാണുന്നെ !!!
ബ്ലോഗിലെ പോസ്റ്റുകളെ എത്ര ഗൌരവമായാണ് വായിക്കുന്നത്,എഴുതുന്നത്.
ഞാനോ.........!!!!!!!!!!
ഒള്ള  പൊട്ടത്തരം മുഴോനും എഴുതി അതിന്‍റെ  വില കളയുന്നു.
അതോണ്ട്  ഈ പരിപാടി നിര്‍ത്തിയാലോ എന്ന് വീണ്ടും ആലോചിച്ചു.
തോന്നിയത് എഴുതാന്‍ സ്വന്തായി ഫേസ് ബുക്ക്‌ ഉണ്ടല്ലോ!!!!(അല്ലെ?)
എനിക്ക് ഒരു വല്യ എഴുത്തുകാരി ആവണം എന്ന മോഹോന്നും ഇല്ല.
മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്ന ഒന്നും തന്നെ എന്‍റെ  പോസ്റ്റില്‍ ഉണ്ടാവില്ല എന്നും അറിയാം.
അപ്പൊ പിന്നെ ഈ പണി നിര്‍ത്തുന്നതല്ലേ ബുദ്ധി?????
ഞാന്‍ എന്നോട് തന്നെ കുറച്ചു നാളായി ചോദിക്കാന്‍ തുടങ്ങുന്നു.

പണ്ടൊക്കെ ദിവസോം എഴുതി നറച്ചോണ്ട് ഇരുന്നതാ.
ഇപ്പൊ അത് നിന്നു.
പഴേ പോലെ തോന്നിയത് പോസ്റ്റാനുള്ള ധൈര്യം ഇല്ല്യ.
കാരണം ആരൊക്കെയോ  വായിക്കുന്നു എന്ന ചിന്ത തന്നെ.
എന്നെ സമാധാനിപ്പിക്കാന്‍,സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നറിയില്ല പോസ്റ്റുകള്‍ നന്നാവുന്നു എന്ന് ചിലരൊക്കെ പറയുകയും ചെയ്യുന്നു.
അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കെന്തോ വല്യേ നാണാണ്,ഒപ്പം പേടിയും.
ഒരു സ്വാതന്ത്ര്യം നഷ്ടപ്പെട്ട പോലെ.
അതുകൊണ്ട് ആരോടും അങ്ങോട്ട്‌ കേറി പറയാറെയില്ല ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്.
ഇപ്പൊ,ഇപ്പൊ ബ്ലോഗര്‍ ആണോന്നു ചോദിച്ചാലും ഞാന്‍ അല്ലെന്നെ പറയൂ.
പണ്ട് ഞാന്‍ icici ല്‍   ഇന്‍ഷൂറന്‍സ്  ഏജെന്റ്  ആയിരുന്നപ്പോഴും അങ്ങനെ ആയിരുന്നു.
ആരേലും ഇങ്ങട് ചോദിച്ചാല്‍ മാത്രേ പോളിസി കാര്യം പറയുമായിരുന്നുള്ളൂ.
അതോണ്ടെന്തായി ആരും പറയില്ല ഉമ കാരണം പോളിസി എടുത്ത് ഒരു വഴി ആയി എന്ന്.
അതൊരു വല്യേ സമാധാനാണ്.

ഇടയ്ക്ക് രണ്ടു മൂന്നു ദിവസം നല്ല മഴക്കാറ് ഉണ്ടായിരുന്നു.
അത് കണ്ടപ്പോ ഇവിടെ അമ്മേം ഏടത്തീം തുടങ്ങി മഴേടെ അമ്മെ ചീത്ത പറയാന്‍.
മാവ് പൂത്തതൊക്കെ പോവാന്‍ വേണ്ടിയാവും എന്നും പറഞ്ഞ് അമ്മേം ഏടത്തിയും ആ കാറിനെ ഓടിച്ചു വിട്ടു.
അത് പോയോട്ത്ത്ന്ന്  ഒക്കേം ഇതന്നെ കേട്ട് കാണും,പാവം.
ഇനി ആ മഴക്കാറ് ഒന്ന് വരണേല്‍ എത്ര കാലം കാത്തിരിക്കണാവോ !!!!!!!!!!!
അതിനെന്നും കുറ്റാ ....വന്നാലും വന്നില്ലെങ്കിലും!!!!!!!

അമ്പലത്തിലെ കുളത്തില്‍ ഈയിടെ ആണ് ഇറങ്ങിയത് .
അച്ചു കരഞ്ഞപ്പോള്‍ ഒരു ദിവസം 
അപ്പഴാണ് ഒരു വല്യേ  മത്സ്യത്തെ കണ്ടത്.
അതിന്‍റെ  പേര് കണ്ണന്‍ന്നാത്രേ!!!!!!
ഞാന്‍ ആദ്യായ കണ്ണന്‍ന്നൊക്കെ ഒരു മത്സ്യത്തിന് പേര് കേള്‍ക്കുന്നേ !!!
(ഇപ്പൊ ദേ  ബ്ലോഗര്‍ കണ്ണനെ ഓര്‍ത്തു. :) )
ന്നാ ഇത് കഴിക്കുന്നോരെ സമ്മതിക്കണംട്ടോ.
അതിന്‍റെ  ആ മണോം സഹിച്ച് കഴിക്കുന്നേല്.
അടുത്തൂടെ പോവാനെ വയ്യ.
അപ്പൊ എങ്ങനെ കഴിക്കാന്‍ സാധിക്കുന്നു!!!!!
ഇനി പോവുമ്പോ ഒരു മീനൂട്ട് വഴിപാട് നടത്തണം.
കുറെ കാലായി .

നാളെ വീണ്ടും കോഴിക്കോട്ടേക്ക് ..............
വെട്ടം വീഴും മുന്‍പേ പോവും.
വെയിലുദിക്കുന്നേനു മുന്നേ തിരിച്ചെത്തും .
എങ്കിലും എനിക്കിഷ്ടമാണ് ആ യാത്ര.
അടിക്കടിയുള്ള കോഴിക്കോട് യാത്രകള്‍  എന്നെ കോഴിക്കോടിന്‍റെ പ്രണയിനിയാക്കി.
അതിന്‍റെ  കൂടെ കരീമിക്കാനേം ഫൈസീനെം അവരുടെ ഉസ്താദ്‌ ഹോട്ടലും കണ്ടപ്പോ കോഴിക്കോടിനോട് കട്ട പ്രേമായി.
ഈയിടെ ഫേസ് ബുക്കില്‍ ജിത്തു ഇട്ട കോഴിക്കോട് ബീച്ചിന്‍റെ ഒരു ഫോട്ടോ കണ്ടപ്പോ പിന്നേം ഒട്ടി.

അതേയ് ഇതിനിടേല് നിന്നോട് പറയാനുള്ള കാര്യം പറയാന്‍ മറന്നു .
അടുത്ത അവധിക്കാലം ആഘോഷിക്കാന്‍ നീ ഒരു മഞ്ഞു കാലത്തില്‍ വന്നാല്‍ മതീട്ടോ.
അന്ന് നമുക്ക് പോണം.
മഞ്ഞു മൂടിയ കാട്ടു വഴികള്‍ കാണാന്‍................
മഞ്ഞിറങ്ങിയ പച്ച നിറഞ്ഞ താഴ്വര കാണാന്‍..............
മഞ്ഞില്‍ കുളിഞ്ഞ പുഴയില്‍ മുങ്ങാന്‍..............
മഞ്ഞുടുത്ത പൂക്കള്‍ക്ക് നടുവില്‍ രണ്ടു തുമ്പികളായി പറന്നുയരാന്‍..........
മഞ്ഞു നീങ്ങുന്ന കാഴ്ച കാണാന്‍ പാട വരമ്പില്‍ പോയിരിക്കാന്‍ ...............
ഈ മഞ്ഞു കാലത്ത് തോന്നിയ കുറെ മഞ്ഞുമോഹങ്ങള്‍.

പക്ഷെ ഞാന്‍ മഴയാണെന്നല്ലേ നീ പറയുന്നത്????????
എനിക്ക് നീയാണ് മഴ.
എന്നില്‍ നിറഞ്ഞു  പെയ്യുന്ന സ്നേഹമഴ.
ഒരു പൂവാകാന്‍ ചിലപ്പോള്‍ ഒക്കെ ഞാന്‍ മോഹിക്കും.
നീ തൊടുമ്പോള്‍ മാത്രം വിരിയുന്ന,
നീ ഉമ്മ വെക്കുമ്പോള്‍ മാത്രം സുഗന്ധം പരത്തുന്ന  ഒരു പൂവ്.
ഒരിക്കല്‍ പറഞ്ഞത് പോലെ
നിനക്ക് നിവേദിക്കാന്‍ വേണ്ടി മാത്രമുണ്ടായ  ഒരു കുഞ്ഞു പൂവ്.

പണ്ടൊക്കെ ക്രിസ്മസ് ആയാല്‍,ന്യൂയര്‍ ആയാല്‍ എത്ര ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ആയിരുന്നു വാങ്ങുമായിരുന്നെ !!!!!
കാര്‍ഡ്‌ ഷോപ്പില്‍ കേറിയാല്‍ ശക്തന്‍ മാര്‍ക്കെറ്റിലെ പച്ചക്കറി കടകളുടെ മുന്നിലെത്തി അന്തം വിട്ടു നില്‍ക്കാറുള്ള പോലെ ആയിരുന്നു നിന്നിരുന്നത് .
നല്ല ഫ്രഷ്‌ ചീരയെ(എന്ടോസള്‍ഫാന്‍ അടിച്ചതാണെങ്കിലും)കാണുന്ന സന്തോഷായിരുന്നു  ഓരോ കാര്‍ഡും  എടുത്തു നോക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്നത്
കൂട്ടത്തില്‍ ഏറ്റവും സുന്ദരമായ വാക്കുകള്‍ ചേര്‍ത്ത കാര്‍ഡ്‌ തപ്പിയെടുക്കും പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍.
ഒരുപാട് ആര്‍ഭാടമുള്ള കാര്‍ഡുകള്‍ എനിക്കിഷ്ടമേ ആയിരുന്നില്ല.
ഞാന്‍ വാങ്ങിയിരുന്ന കാര്‍ഡുകള്‍ ഏറ്റവും ലളിതമായിരുന്നു.
എന്‍റെ  കാര്‍ഡ്‌ സെലെക്ഷന്‍ നല്ലതാന്നു എല്ലാവരും പറഞ്ഞിരുന്നു.
(അല്ലേലും നീ പറഞ്ഞപോലെ എന്‍റെ  ഏതു  സെലെക്ഷനാ മോശം!!!!
ഒക്കേം ഒന്നാം തരം  അല്ലെ????
അതിന്‍റെ  ഏറ്റവും നല്ല ഉദാഹരണമല്ലേ നീ!!!!!!!!!!!)
ഇപ്പൊ ഒരു കാര്‍ഡ്‌ കണ്ടിട്ടും വാങ്ങിയിട്ടും അയച്ചിട്ടും എന്‍റെ പേരില്‍ വന്നിട്ടും ഒക്കെ എത്ര കാലായി!!!!!!!!!!!!!
ഈ ക്രിസ്മസ് കണ്ടപ്പോള്‍ ഒരു മോഹം ഒരു കാര്‍ഡ്‌ വാങ്ങാന്‍.
നിനക്കയക്കാന്‍.
അതിനുള്ളില്‍ നിന്നോടുള്ള സ്നേഹം എഴുതി അറിയിക്കാം.
ഹൃദയം നിറഞ്ഞ ആശംസകളും.

എന്‍റെ  വഴിയിലെ സന്ദര്‍ശകരെ ...........
എല്ലാവര്‍ക്കും  എന്‍റെ  ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ക്രിസ്മസ്, നവവത്സര ആശംസകള്‍ !!!!!!


അവിടെ തലസ്ഥാനത്ത് ഇപ്പോഴും ഉറക്കമില്ലാതെ ഒരുപാട് പേര്‍ ഒരു നന്മയ്ക്കായി.............
നന്മ വറ്റാത്ത മനസുകള്‍ ഏറെയുണ്ട് ഈ ലോകത്തില്‍.
അവര്‍ക്കൊപ്പം ഞാനും എന്‍റെ പ്രാര്‍ത്ഥനയും..............