Sunday, October 28, 2012

എന്റെ തിരുവാതിര


മഞ്ഞു മൂടിയ രാവില്‍
തണുത്തു കുളിരണിഞ്ഞ കുളക്കടവിലേക്ക് കുരവയുമായി റാന്തലും പിടിച്ച് ഞാനും അവരുടെ കൂടെ പോയി.കയ്യില്‍ വാഴയിലയും ചന്ദനവും അഷ്ടമംഗല്യവും ദശപുഷ്പവും കരുതിയിരുന്നു.
ആദ്യത്തെ പടവിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ വെള്ളത്തിന്റെ തണുപ്പ് ശരീരത്തിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി.
മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.
ഉറക്കെ വിളിച്ചു പറയാന്‍ തോന്നി എനിക്കും ആര്‍ദ്രാവ്രതം ഉണ്ട്.
അവനു വേണ്ടി.......
ഇന്ന് തിരുവാതിരയാണ്. അവനു വേണ്ടി ഞാന്‍ എടുക്കുന്ന നാലാമത്തെ തിരുവാതിര.
നീന്താനറിയാത്തത് കാരണം കൈകളാല്‍ ശബ്ദമുണ്ടാക്കി തുടിച്ചു കുളിച്ചു.
അലക്കിയ തോര്‍ത്തെടുത്ത് തോര്‍ത്തി മുണ്ടും വേഷ്ടിയും ധരിച്ചു.
നിലാവ് നോക്കി കണ്ണെഴുതി.
ഇലക്കുറിയിട്ടു.
തലമുടിയില്‍ ദശപുഷ്പം ഒരു കുഞ്ഞു കെട്ടാക്കി വെച്ച്.പാതിരാപൂ പറിച്ചു വെച്ചതില്‍ നിന്നും എടുത്തു അതും വെച്ചു.
അതെ അപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും ഒരു ആത്തെമ്മാരായി മാറിയിരുന്നു.
ഊഞ്ഞാല്‍ കെട്ടിയിരുന്നു.അതില്‍ കേറിയിരുന്നു ആടി.കൂടെ ഉണ്ടായിരുന്ന ആരോ എന്നെ കളിയാക്കി.
ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല.
എന്റെ മനസ്സില്‍ മുഴുവനും അവനായിരുന്നു.
അവനു വേണ്ടിയെന്ന ചിന്ത എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു.
തലേന്ന് രാത്രി അവനു വേണ്ടി ഞാന്‍ ആദ്യമായി ചുവടു വെച്ചു.
അത് കാണാന്‍ ഇറയത്തിന്റെ അങ്ങേ അറ്റത്ത് അവന്‍ ഇരുന്നിരുന്നുവെന്നു എനിക്ക് തോന്നി.
101 3ഉം കൂട്ടി ചുവന്ന എന്റെ ചുണ്ടുകള്‍ കണ്ടപ്പോള്‍ എനിക്ക് തന്നെ തോന്നി അവന്റെ ചുംബനങ്ങളേറ്റിട്ടാണ് ഇത്ര ചുവന്നതെന്ന്.
ഓരോ തളിര്‍ വെറ്റിലയും നീ എന്റെ വായില്‍ വെച്ചു തരുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു.
പുലരും വരെ ഞാന്‍ ഉറങ്ങാതിരുന്നു.
ക്ഷീണം തോന്നിയില്ല.ഇന്ന് വൈകുന്നേരം വരെ ഞാന്‍ ഉറങ്ങാതിരിക്കും.വ്രതമെടുക്കും.
എനിക്കുറപ്പാണ് അതിനുള്ള പുണ്യം നിനക്ക് കിട്ടുമെന്ന്.
കാരണം ഞാന്‍ നോറ്റത് നിനക്ക് വേണ്ടിയാണ്.
നിന്നോടുള്ള എന്റെ സ്നേഹം (തിരിച്ചു നിനക്കെന്നോടുള്ളതും)
ഈ വ്രതം പോലെ പുണ്യം നിറഞ്ഞതാണ്‌.
നിഷ്കളങ്കമാണ്.
പരിശുദ്ധമാണ്.
എന്റെ വ്രതത്തിന്റെ പുണ്യം നീയനുഭവിക്കുന്നത് എനിക്ക് കാണണം.
അത് നിന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങളായും നന്മകളായും ഇതള്‍ വിരിയുന്നത് ഈശ്വരന്‍ എനിക്ക് കാണിച്ചു തരട്ടെ.


കൂടെ ഞാന്‍ ഈശ്വരനോട് ഒന്നും കൂടി അപേക്ഷിക്കും.
ഇനിയും നിനക്ക് വേണ്ടി ഒത്തിരിയൊത്തിരി വ്രതമെടുത്ത് ആര്‍ദ്രയെ ദര്‍ശിക്കാന്‍ എനിക്ക് സാധിക്കണേയെന്ന്.

.................................................................................................................................

ഒരിക്കലൊരു തിരുവാതിര രാവില്‍ എഴുതിയ വാക്കുകള്‍.
ഇന്ന് ഒരു ചങ്ങായീനെ കാണിച്ചപ്പോ വീണ്ടും പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞു.
നല്ല കൂട്ടുകാര്‍ പറഞ്ഞാല്‍ അനുസരിക്കണ്ടേ!!!!
ഇല്ലെങ്കില്‍ അവര്‍ക്ക് വിഷമമായാലോ!!!!!!!!
പിന്നെ ഈ പോസ്റ്റ്‌ എന്‍റെ ഇഷ്ടം.
തിരുവാതിര അതിനേക്കാള്‍ ഇഷ്ടം.
പുറത്ത് നിലാവുണ്ട്.
കാറ്റുമുണ്ട്.
പ്രണയിക്കാന്‍ നീയും.
കുളിരേകാന്‍ നിന്‍റെ ഓര്‍മ്മകളും.
അപ്പൊ ഇതൊന്നൂടെ ഇടാന്‍ ഉറപ്പിച്ചു.

Monday, October 15, 2012

എനിക്ക് പ്രിയപ്പെട്ട കുറച്ച് ചിത്രങ്ങള്‍.

പേരിനിയും അറിഞ്ഞില്ല ഈ പൂവിന്‍റെ.
എനിക്കേറെ പ്രിയമാണിത്.
നാലു ദിവസം മുന്‍പൊരു സന്ധ്യയ്ക്കെടുത്ത ചിത്രം.
ഇല വിടാത്ത പൂവ്.
വീഴാതെ പിടിച്ചു നില്‍ക്കുന്നു.
                                                                                    കണ്ടോ പച്ചയുടെ പ്രതാപം നഷ്ടമായിട്ടും അവയിന്നും തല ഉയര്‍ത്തി തന്നെ.
 


പവിഴ മല്ലിയിലകളെ തൊടാന്‍ എത്തിയ ഒരു വിരുന്നുകാരന്‍..
സുന്ദരന്‍. ആണ്‌ട്ടോ.  

                                                                                              ഇത് നിനക്കാണ്.
മനസ്സില്‍ നന്മയുള്ള,
വാക്കുകളില്‍ സ്നേഹമുള്ള,
ഹൃദയത്തിനു വിശുദ്ധിയുള്ള നിനക്ക്................


സൌഹൃദങ്ങളുടെ,ശേഷിപ്പുകള്‍...................................
ഇതില്‍ ആദ്യമായി കിട്ടിയ പ്രണയത്തിന്‍റെ ഓര്‍മ്മയും ഉണ്ട്.
ചുണ്ടങ്ങയുടെ പൂവ്.
പുണ്യാഹ ചുണ്ടങ്ങ അല്ല.
ഇത് കൊണ്ടാട്ടം ഒക്കെ ഉണ്ടാക്കുന്ന കുഞ്ഞു കുഞ്ഞു ചുണ്ടങ്ങകള്‍ ഉണ്ട്.
അതിന്‍റെ പൂവാ!!!!!!!!!!!

കണ്ണിനു വിരുന്നായ മേഘങ്ങള്‍/,
നീലാകാശോം,വെള്ളി മേഘങ്ങളും...........
യാത്ര പോവുമ്പോള്‍ ഞാന്‍ ഇവരോടാണ് ഏറ്റോം അധികം മിണ്ടുന്നത്.
തിരുവില്വാമലയ്ക്കുള്ള യാത്രാ മദ്ധ്യേ.............

ഇത് കണ്ടപ്പോള്‍ എനിക്കെന്തോ വല്ലാതെ സങ്കടം വന്നൂട്ടോ!!!!!!!!ജീവിതത്തിന്‍റെ നിറം പച്ചയെന്നു വിശ്വസിക്കുന്നു ഇപ്പോള്‍.,
പച്ച നിറം ഇഷ്ടമുള്ള എന്‍റെ ചങ്ങാതിക്കും വേണ്ടി ഇത്................

പണ്ടിത് പൊട്ടിച്ച് തല്ലു കൂടി കളിക്കാറുണ്ട്.
ഓര്‍മ്മയുണ്ടോ????
.......ന്നെ ഓര്‍മ്മിപ്പിച്ചത്ത് കീയക്കുട്ടിയാ!!!!!!!!!!

വീട്ടിലേക്കുള്ള വഴി.
സന്ധ്യക്ക്‌ ഈ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ ഏറെയിഷ്ടം.
ഒടുവില്‍ ആ ഗെയ്റ്റിനടുത്ത് പോയി നില്‍ക്കും ഞാന്‍.
നീ നടന്നു വരുന്നത് വെറുതെ സങ്കല്‍പ്പിക്കും.


മഴ വിടര്‍ത്തിയ പൂക്കള്‍ ടെറസ്സില്‍ വിരിഞ്ഞപ്പോള്‍.........................
ഈ മഴപ്പൂക്കളെ നോക്കി ജനാലക്കരികില്‍ ഞാന്‍ സ്വയം മറന്നു നില്‍ക്കാറുണ്ട്.
അറിയാമോ ഞാന്‍ വേര്‍ഡ്‌ പ്രസ്സില്‍ മഴപ്പൂവെന്ന പേരില്‍ ഒരു ബ്ലോഗ്‌ തുടങ്ങി.
പക്ഷെ പാതി വഴിയില്‍ ഇട്ടിട്ടു പോന്നു.
വീണപൂവെന്ന പേര് മാറ്റി മഴപ്പൂവെന്നാക്കട്ടെ??????
ഒരു മഴയില്‍ മുളച്ച് ഇനി ഒരുമഴയില്‍ തിരികെ മണ്ണിലേക്ക്......................
                                                                                        നിറയെ നാലുമണി പൂക്കള്‍ വിരിഞ്ഞ   മുറ്റം, നടുക്ക് ഒരു തുളസി തറ,അതില്‍ നിറയെ കൃഷ്ണ തുളസി 
അരികില്‍ നിറയെ തെച്ചി, നന്ത്യാര്‍വട്ടം,അതിനു നടുക്ക് ഒരു പവിഴ മല്ലി മരം,പിന്നെ ഒരു അശോകം,അതില്‍ പടര്‍ന്നൊരു മുല്ല വള്ളി,ഇതൊക്കെ എന്‍റെ വീടിന്‍റെ മുറ്റത്ത് ഉണ്ടാവേണ്ട എന്‍റെ ഇഷ്ടങ്ങള്‍.
വൈകുന്നേരങ്ങളില്‍ ഇവയെ നോക്കാനും,നനയ്ക്കാനും,ഇവക്കിടയിലൂടെ നടക്കാന്‍ എനിക്കൊപ്പം നീ.......................!!!!!!!!!!!
എന്‍റെ മോഹം,എന്‍റെ സ്വപ്നം.
       
 ആ മുറ്റത്ത് ഈ ശംഖുപുഷ്പോം വേണം.
അനുവിന് പ്രിയപ്പെട്ട ഈ ചിത്രം എനിക്കും ഇഷ്ടം.മഴ ബാക്കി വെച്ചിട്ട് പോയ ഇവയെ ഞാന്‍  സ്വന്തമാക്കി.
ഓരോ മഴ തുള്ളിയിലും നിന്‍റെ പേരെഴുതി,ആരും കാണാതിരിക്കാന്‍  മായ്ച്ചു.

എട്ടുകാലീടെ വല എനിക്കൊട്ടും ഇഷ്ടല്ല.
പക്ഷെ അതില്‍ മഴതുള്ളി പറ്റിയപ്പോള്‍ ഇഷ്ടായി.


Saturday, October 6, 2012

അമ്മക്കൊതിവീണ്ടും മഴയൊഴിഞ്ഞ ദിവസങ്ങള്‍ ............
ശാന്തമായ പുലരികളും,പകലുകളും രാവുകളും.
മഞ്ഞു മൂടിയ ഇടവഴിയിലൂടെ എന്നും രാവിലെ ഒരു യാത്ര.
ചന്ദനവും,കുങ്കുമവും,മഞ്ഞളും മണക്കുന്ന അമ്പല പരിസരം.
ഇലച്ചീന്തില്‍ അവയ്ക്കൊപ്പം കിട്ടുന്ന നന്ത്യാര്‍വട്ടവും തുളസിയും താമരയിതളും ഒക്കെ മനസ്സില്‍ സമാധാനം നല്‍കാന്‍ ശ്രമിക്കാറുണ്ട്.
തൊടിയിലെ പൂക്കളില്‍ വന്നിരിക്കുന്ന പച്ചയും,ചുവപ്പും,കറുപ്പും ഉടലുകളുള്ള തുമ്പികള്‍,ഇലകള്‍ക്കും പൂവോളം മണമുള്ള ചെമ്പക മരം, 
അതിന്‍റെ ചില്ലയില്‍ വന്നിരിക്കുന്ന ഓലേഞ്ഞാലികള്‍,വണ്ണാത്തിക്കിളികള്‍,കരിയിലക്കിളികള്‍ എന്നിവയുടെ ഒച്ചേം വിളീം,
അധികം പൊക്കമില്ലാത്ത ചുവന്ന ചെറിയ അടക്കകള്‍ ഉണ്ടാകുന്ന കവുങ്ങിന്‍ ഓലകളില്‍ വന്നിരിക്കുന്ന അടക്കാക്കുരുവികള്‍,മുളംതത്തകള്‍,
അങ്ങനെ ഒക്കെ സങ്കടങ്ങളെ മറക്കാന്‍ സഹായിക്കുന്നവയാണ്.
ആരും കാണാതെ വര്‍ത്തമാനം പറയാറുണ്ട് ഇവയോടൊക്കെ,ഇവക്കു പുറമേ ആകാശത്തിനോടും,ചിലപ്പോഴൊക്കെ നക്ഷത്രങ്ങളോടും അങ്ങനെ എനിക്ക് ചുറ്റുമുള്ള എല്ലാത്തിനോടും.
എന്നിട്ടും പറഞ്ഞു തീരാതെ വരുമ്പോള്‍ എന്‍റെ വീണപൂവേ ഈ നിന്നോടും.

കല്യാണി സുന്ദരിയാവുന്നു ദിവസം കഴിയും തോറും.
തെച്ചിപ്പൂക്കള്‍ പ്രഭാ മണ്ഡലത്തിന്റെ  കുഞ്ഞു ദ്വാരങ്ങളില്‍ ഒട്ടിച്ചു വെച്ച് ശിരസ്സില്‍ കുഞ്ഞു റോസാപ്പൂക്കള്‍ വച്ച കല്യാണി തനി നാടന്‍ സുന്ദരി.
ഒരുപോലെ കത്തുന്ന നെയ്ത്തിരികള്‍ ആ തേജസ്സു കൂട്ടുന്നു.
ലത ചേച്ചീടെ വീടിന്റെ മതിലിനു മുകളില്‍ തല പൊക്കി നോക്കുന്ന പോലെ പല നിറങ്ങളില്‍ ഉള്ള കാശി തുമ്പകള്‍ ഉണ്ട്.
ചുവപ്പ്,വെള്ള,ഇളം വയലറ്റ്,കടും വയലറ്റ്,കടും റോസ് അങ്ങനെ പല നിറങ്ങള്‍.
നല്ല ഭംഗിയാണ് ഒരുമിച്ച് നില്‍ക്കുന്നത്.
നിറയെ കുഞ്ഞു പൂമ്പാറ്റകള്‍ ഉണ്ടാവും ചുറ്റും.
മഞ്ഞു പുതച്ച പാടവും,അക്കരെ ഒരു പഴയ കൂട്ടോള്ള ഓടിട്ട വീടും അവിടെയുണ്ട്.
വീടിന്‍റെ മുകളിലെ മുറിയില്‍ ഒരു മരയഴിയിട്ട ജനാലയും.
അതിലൂടെ പാടം കാണാന്‍ ഏറെ രസാവും.
രാപകലുകളേം ,സൂര്യചന്ദ്രന്മാരേം,ആകാശോം,അമ്പലോം അങ്ങനെ ഒക്കെ..............

വെയിലിനു കനം വെച്ച കണ്ടപ്പോള്‍ ഇനി ഇപ്പൊ മഴ തീര്‍ന്നു എന്നാ കരുതിയിരുന്നേ.
അപ്പഴാ നാലഞ്ചു ദിവസം മുന്‍പ് ഫേസ് ബുക്കില്‍ കത്തി വെച്ച് കൊണ്ടിരുന്നപ്പോള്‍ രാത്രി മഴ പെയ്തെ!!!!
ജനാല തുറന്നു മഴയെ നോക്കി അന്തം വിട്ടു നിന്നപ്പോ കിട്ടിയ സന്തോഷം അത് നിന്‍റെ വാക്കുകളെ വായിക്കുമ്പോള്‍,നിന്‍റെ നമ്പര്‍ മൊബൈലില്‍ തെളിയുമ്പോള്‍ ഒക്കെ കിട്ടാറുള്ള സന്തോഷം പോലെ തന്നെ ആയിരുന്നു.
അന്ന് നല്ല ഇടിമിന്നലും ഉണ്ടായിരുന്നു.
പിറ്റേന്നും മുഴുവനും മഴ തന്നെ മഴ.
ആരും കാണാതെ മഴ നനയാന്‍ ഒരു രസം തന്നെയാണ്.
മനസ് ഒരിക്കല്‍ കളഞ്ഞുപോയ നിഷ്കളങ്കത തിരികെ കിട്ടിയ സന്തോഷത്തില്‍ നനഞ്ഞു കുതിരും.
മഴ നനഞ്ഞു അവളോട്‌ മിണ്ടിക്കൊണ്ടിരുന്നു.
അവള്‍ അങ്ങ് ദൂരെയാണ്.
അവിടെ ചൂടാത്രേ!!!!!!
ഞാന്‍ മഴ നനയുന്നു എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കു അസൂയ വന്നു.
(അവള്‍ എന്‍റെ സ്വന്തം അമ്മു.
എന്‍റെ അനിയത്തി.)

ഈയലുകളെ ഇഷ്ടമല്ലെങ്കിലും,പിറ്റേന്ന് സന്ധ്യയില്‍ അവ മണ്ണില്‍ നിന്നും പൊന്തിയില്ലെങ്കില്‍ എനിക്ക് വിഷമമാണ്.
മഴ പെയ്തിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ അവ വരേണ്ടത് തന്നെ.
തോട്ടം മുഴുവനും പുല്ലു നിറഞ്ഞിരിക്കുകയാണ്.
മുട്ടൊപ്പം എത്തി.
നാളികേരം വീണാല്‍ പോലും കാണില്ല.
അത്രേം ഉണ്ട്.
തൊഴിലുറപ്പ് പദ്ധതി പ്രകാരം പുല്ലു കളയാന്‍ വരുമെന്ന് പറഞ്ഞതിനാല്‍ വേറെ പണിക്കാരെ നിര്‍ത്തിയില്ല ഇനിയും.
അവരെ ആണെങ്കില്‍ കാണുന്നും ഇല്ല.
മുക്കുറ്റി നിറയെ ഉണ്ട് തോട്ടം മുഴുവനും ഇപ്പോഴും.
എന്ത് ഭംഗിയാണെന്നോ കാണാന്‍ !!!!!!!!!!!!!!!!!!!!!

ഇതിനിടയില്‍ അച്ചൂന്റെ പിറന്നാള്‍ കഴിഞ്ഞു കേട്ടോ.
ചെറുതായി ഒരു ആഘോഷം.
അവള്‍ടെ പിറന്നാളിന് പോകാന്‍ പറ്റിയിരുന്നില്ല ഗുരുവായൂര്‍ക്ക്.
അതുകൊണ്ട് ജന്മ ദിനത്തിന്‍റെ അന്ന് പോയി.
ഗാന്ധി ജയന്തീടെ അവധി ആയിരുന്നതിനാല്‍ നല്ല തിരക്കായിരുന്നു.
എന്നാലും കണ്ണനെ കണ്ടു.
ഓടക്കുഴലും പിടിച്ച മുട്ട് കുത്തി കിടക്കുന്ന രൂപത്തില്‍ ആയിരുന്നു കളഭം ചാര്‍ത്തിയിരുന്നത്.
മമ്മിയൂരും,പാര്‍ത്ഥസാരഥിയിലും,പെരുന്തട്ടയിലും കൂടി പോയി.
കാറിലെ ചില്ലില്‍ കൂടി ആകാശം നോക്കിയിരിക്കാന്‍ നല്ല രസമാണ്.
ഗ്ലാസിലെ കൂളിങ്ങില്‍ കൂടി സൂര്യനെ കാണുമ്പോള്‍ ആ വെണ്മ യ്ക്ക് ഒരു തിളക്കം കൂടിയുണ്ട്.
വൈരത്തിന്റെ പോലെ.
കാറില്‍ ഇരിക്കുമ്പോള്‍,ആകാശം കണ്ടപ്പോള്‍ തോന്നി "എന്തൊരു വല്യേ നീലാകാശം " ആണെന്ന്.
നിറയെ വെള്ള മേഘങ്ങള്‍.,ശരിക്കും ഒരു പെയിന്റിംഗ് പോലെ.
മേഘങ്ങള്‍ കുഞ്ഞു കുഞ്ഞു പഞ്ഞിക്കെട്ടുകള്‍ പോലെ നിരന്നിരിക്കുകയായിരുന്നു.
ഓരോ മേഘത്തിലും ഞാന്‍ എനിക്ക് പ്രിയപ്പെട്ടവരുടെ മുഖത്തെ സങ്കല്‍പ്പിച്ചു.
അവരുടെ ചിരി കണ്ടു.
ഈ തവണ ഈ കാഴ്ചകള്‍ എല്ലാം എന്നില്‍ പ്രണയമെന്ന ചിന്തയേക്കാള്‍ കൂടുതല്‍ സൌഹൃദങ്ങളെ ആണ് ഓര്‍മ്മിപ്പിച്ചത്.
(എങ്കിലും പ്രിയപ്പെട്ടവനെ................നീ കൂടെ തന്നെ ഉണ്ടായിരുന്നു.
നീയില്ലാതെ........).


ഇന്ന് കുഞ്ഞൂട്ടന്റെ പിറന്നാള്‍ ആയിരുന്നു.
വയസ്സ് തികയുന്ന പിറന്നാള്‍.
സദ്യയൊക്കെ ഉണ്ടാക്കി.
പാലട പ്രഥമന്‍ ആയിരുന്നു പായസം.
ഇവിടെ മേടം മുതല്‍ ധനു വരെ എല്ലാ മാസോം ആരുടെയെങ്കിലും ഒക്കെ പിറന്നാള്‍ ഉണ്ടാകും.

അച്ചു വാശി ആയ കാരണം സത്യം പറഞ്ഞാല്‍ ഇപ്പൊ ബ്ലോഗ്‌ ലോകത്തേക്ക് വരാറേയില്ല.
ഫേസ് ബുക്ക്‌ മാത്രേ നോക്കാന്‍ പറ്റൂ.
അതിനെ സമ്മതിക്കൂ !!!
എന്നിട്ടും ഒരിക്കല്‍ മന്‍സൂര്‍ ഒരു അഭിപ്രായത്തില്‍ പറഞ്ഞപോലെ എന്‍റെ ഹൈ വോള്‍ട്ടേജ് പ്രണയം  ഒരു പോസ്റ്റ്‌ രൂപത്തില്‍ പുറത്തേക്കു വന്നു.

മഴയും മഞ്ഞും,ഈ പ്രകൃതിയും എല്ലാം എന്നില്‍ നിന്നെ നിറയ്ക്കുന്നുണ്ട്.
നിന്‍റെ പ്രണയത്തെ അറിയിക്കുന്നുണ്ട്.
എന്നിട്ടും ഇടക്കെങ്കിലും മനസ് കണ്ണുകളിലൂടെ ഒരു മഴ പൊഴിക്കുന്നു.
ആ കണ്ണീരിറങ്ങി എന്‍റെ മനസിലെ നീ നല്‍കിയ ആ പ്രണയവര്‍ണങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

നിന്‍റെ പ്രണയത്തിനു പോലും മായ്ക്കാനാവാത്ത എന്‍റെയുള്ളിലെ ആ മുറിവ്............അതെന്തിന്റെയാണ്???????
നിന്‍റെ പ്രണയം നല്‍കിയ കടലിനു നടുവില്‍ ഞാന്‍ ഒരു ദ്വീപു പോലെ.......
ഇഷ്ടമായിരുന്നു എനിക്കത്.
എങ്കിലും ഇടക്കെപ്പോഴോ എന്‍റെ ഒറ്റപ്പെടല്‍ എന്നെ വേദനിപ്പിക്കുന്നു.
കൂട്ടിനു നിന്‍റെ പ്രണയം,ഒരു കൂട്ടം സൗഹൃദം,ഒക്കെ ഉണ്ടെങ്കിലും......

അപ്പോഴൊക്കെ ഞാന്‍ തിരയുകയായിരുന്നു .
 ഞാന്‍ ആരെയോ തേടുകയായിരുന്നു.
ആരുടെയോ സ്നേഹം വല്ലാതെ കൊതിക്കുകയായിരുന്നു.
ആരെയാണ്,ആരുടെയാണ് എന്ന് ഏറെ അന്വേഷിക്കേണ്ടി വന്നില്ല.
തിരിച്ചറിഞ്ഞിരുന്നു.
"എനിക്കിപ്പോള്‍ അമ്മക്കൊതിയാണ്."
അമ്മയെ ആണ്,അമ്മേടെ സ്നേഹത്തെ ആണ് എനിക്കപ്പോള്‍ വേണ്ടിയിരുന്നത്.
എന്നോ എനിക്ക് നഷ്ടമായ...............

തിരിച്ചറിവ് ഉണ്ടായ കാലത്താണ് എനിക്കത് നഷ്ടമായത്.
ആ കാലത്തില്‍ ആദ്യം അറിയേണ്ടിയിരുന്നതും അതാണ്‌..
നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് സ്നേഹിച്ചിരുന്നു എന്ന് മനസിലാവുന്നത്.
അതിനു മുന്‍പ് വരെ അമ്മ എന്നും ഒരു പേടി ആയിരുന്നു.
പക്ഷെ ഇനിയൊരിക്കലും കൂടെ അമ്മയില്ലെന്നു മനസിലായപ്പോള്‍ അവള്‍ ഏറെ സ്നേഹിച്ചു .
കാണാന്‍ കൊതിച്ചു.
ആ സ്നേഹം ഇന്നും അവള്‍ക്കുള്ളില്‍ ഉണ്ട്.
അവളിന്നും കാത്തിരിക്കുന്നുണ്ട്,പുറമേക്ക് എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും.

ഓര്‍ക്കുകയാണ് ............
അമ്മ കൂടെയുണ്ടായിരുന്നെങ്കില്‍ ജീവിതം ഇന്ന് ഇങ്ങനെ ആവുമായിരുന്നോ???????????
സ്നേഹിക്കാന്‍ ഇത്രയേറെ പേരുണ്ടായിട്ടും തോന്നുന്ന ഈ ഒറ്റപ്പെടല്‍, അതില്ലാതാവുമായിരുന്നു.
ജീവിതത്തില്‍ ഒന്നുമൊന്നും ആയില്ലെന്ന് ഓര്‍മിപ്പിക്കുന്ന ഈ അപകര്‍ഷതാബോധവും ഇല്ലാതാവുമായിരുന്നു.
എനിക്ക് നേരെ നോക്കുന്ന മുഖങ്ങളിലെ നന്മ തിന്മകളെ,ആത്മാര്‍ഥതയെ ഒക്കെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുമായിരുന്നു.
അമ്മയെ നഷ്ടപ്പെടുത്തിയതിലൂടെ വിധി നല്‍കിയ നഷ്ടം  എന്‍റെ ഉള്ളിലെ മറ്റൊരു എന്നെ ആയിരുന്നു.

ഒരിക്കല്‍ പറഞ്ഞിരുന്നു ചിലര്‍ ജീവിതത്തില്‍ സംഭവിക്കുന്ന തോല്‍വികളെ ഉള്‍ക്കൊണ്ട് അവയില്‍ നിന്നും കര കേറി കരുത്തരാകുന്നു.
മറ്റു ചിലര്‍ ആ തോല്‍വികളെ നേരിടാനാവാതെ തളര്‍ന്നു പോകുന്നു.
ഇതില്‍ അവള്‍ ????????????

അമ്മയെ നഷ്ടപ്പെടുത്തിയ വിധിയോട്,ദൈവങ്ങളോട്  അവള്‍ക്കു ദേഷ്യമില്ല.
പരിഭവമില്ല.
പരാതിയും ഇല്ല.
സങ്കടം മാത്രം.
ഉള്ളു നിറയുന്ന കണ്ണീര്‍ ഇടക്കെങ്കിലും പുറത്തേക്കൊഴുക്കിയേ പറ്റൂ.
അല്ലെങ്കില്‍ ഉള്ളിലിരുന്നു വിങ്ങി വിങ്ങി ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കും.

ദൈവങ്ങളോടും വിധിയോടും ഒക്കെ എനിക്ക് നന്ദിയുണ്ട്.
നഷ്ടപ്പെട്ടതിനു പകരം മറ്റൊന്നും ഇല്ലെങ്കിലും 
ജീവിതത്തില്‍ മറ്റു പലതും നല്‍കി.
കണ്ണീര്‍ ഇപ്പോള്‍ എനിക്ക് അമ്മയുടെ ഓര്‍മ്മയും,നീ നല്‍കുന്ന  വിരഹവും,അച്ചുവെന്ന സത്യവും ആണ്.
ഈ നീര്‍മുത്തുകള്‍ നിറഞ്ഞ ഒരു കുഞ്ഞു കടലുണ്ട് എന്‍റെ മനസ്സില്‍.,
അതില്‍ നിറയെ സ്നേഹവും.Wednesday, October 3, 2012

പ്രണയ സ്വപ്നങ്ങളുടെ തീരത്തേക്ക്.................


പുഴയില്‍ ,ഒരു ചെറിയ വഞ്ചി,
തുഴയുമായി നീ ഒരറ്റത്തും,
നിന്നെയും നോക്കി,കൈകള്‍ കൊണ്ട് വെള്ളത്തെ തലോടി മറ്റേ അറ്റത്ത് ഞാനും.................
സ്വപ്നം കണ്ടുകൊണ്ട് മൌനത്തിലൂടെ പ്രണയം പങ്കു വെച്ച് കൊണ്ടൊരു യാത്ര ...........
തോണിയടുക്കുന്ന മണലില്‍ ആകാശം നോക്കി,ചുറ്റുമുള്ള പച്ചയെ നോക്കി,പാതി നനഞ്ഞ് നമ്മള്‍ അങ്ങനെ കിടക്കും .............
നിന്‍റെ കൈത്തണ്ടയില്‍ ചേര്‍ത്ത് വെച്ച എന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് നീയെന്‍റെ കവിളില്‍ താളമിടും.
നീലാകാശം, ശാന്തമായി ഒഴുകുന്ന പുഴ,ചുറ്റും മരങ്ങള്‍,മരങ്ങളില്‍ പടര്‍ന്ന പേരറിയാ വള്ളി ചെടികള്‍,അവിടവിടെയായി   പൂത്ത കാട്ടുപൂക്കള്‍ അവക്കിടയിലൂടെ വീഴുന്ന വെയില്‍ നാളങ്ങള്‍,അവിടെ ഞാനും നീയും നമ്മുടെ പ്രണയവും.
മാനമിരുണ്ടത് നാം അറിഞ്ഞതേയില്ല.
മഴ പൊഴിഞ്ഞതും.
കണ്ണുകളില്‍ വന്നു പതിച്ച മഴ തുള്ളികള്‍  കണ്ണുകളെ തുറക്കാന്‍ സമ്മതിച്ചതെയില്ല .
മഴ കനക്കുമ്പോള്‍ ആകെ ഇരുളാവും.
മുഴുവനും നനഞ്ഞ നമ്മള്‍ പനയോല  കെട്ടി മറച്ച മുളയിട്ട കുടിലില്‍ പോയിരിക്കും.
കൈകള്‍ കൊണ്ട് പരസ്പരം ചൂട് കൊടുത്ത് ആ തണുപ്പിലങ്ങനെ.............
ഇരുളില്‍  മഴ ബാക്കി വെച്ച് പോയ  മഴത്തുള്ളികള്‍ പനയോല തുമ്പുകളില്‍ തിളങ്ങി നില്‍ക്കുന്നതും നോക്കി നമ്മളിരിക്കുമ്പോള്‍
എവിടെ നിന്നോ എത്തുന്ന  മിന്നാമിനുങ്ങുകള്‍ നല്‍കുന്ന  ഇത്തിരിവെട്ടത്തില്‍ മഴ കുളിരുള്ള ആ  രാവില്‍ ഏതോ ഒരു രാക്കിളിയുടെ പാട്ട് കേട്ട് നിലാവ് കാത്ത് നമ്മളിരിക്കും.

പാട്ട് പാടാന്‍ നീ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ഏത് പാട്ടാണ് പാടെണ്ടതെന്നുകൂടി നീ പറയണം.