Friday, December 23, 2016

പ്രണയവിസ്മയങ്ങൾ.....

പല നിറങ്ങളിലുള്ള പൂക്കളുടെ ചിത്രങ്ങൾ നിറഞ്ഞൊരു കുട മേടിക്കണം.
ഒരുനാൾ മുറ്റത്ത് അതിങ്ങനെ നീർത്തി വെച്ചിരിക്കണത്  കണ്ട പൂമ്പാറ്റകൾ
പൂക്കളെന്നു കരുതി അതിനടുത്തേക്ക് വരുമ്പോ
ഓടിച്ചെന്നു കുട മടക്കി എടുത്തു വെക്കണം.
നിനക്ക് വേണ്ടി ഞാൻ ഒരുക്കുന്ന candle light dinner ൽ
നിന്റെ മുന്നിൽ വെച്ച് ആ കുട നിവർത്തുമ്പോൾ
ചിത്രങ്ങൾ പൂക്കളായി മാറുകയും
അതിനുള്ളിൽ നിന്ന്  പല നിറമുള്ള പൂമ്പാറ്റകൾ പാറിപ്പറക്കുകയും
ചെയ്യുന്നത് കണ്ട്
സന്തോഷത്തോടെ,
അൽപ്പം അതിശയത്തോടെ
അതിലേറെ പ്രണയച്ചിരിയോടെ നിൽക്കുന്ന
നിന്റെ കാതിൽ പറയണം
"കണ്ടോ...........നിനക്ക് വേണ്ടി ഞാൻ കരുതി വെച്ച കുഞ്ഞു കുഞ്ഞു വിസ്മയങ്ങൾ" എന്ന്.

ഇനിയൊരുനാൾ നമ്മളിങ്ങനെ നടന്നു പോവുമ്പോൾ
ഇലകളെ ചുംബിച്ചു മതിയാവാത്ത മഞ്ഞുതുള്ളികളെ ഓരോന്നിനേയും
ചൂണ്ടുവിരൽ കൊണ്ട് ഞാനൊപ്പിയെടുത്ത്
നിന്റെ കൈ വെള്ളയിൽ വരിയായി ഒട്ടിച്ചു വെക്കുമ്പോൾ
അത് താനേ ഒരു മുത്തുമാലയാകുന്നത് നിനക്കായ് കരുതിയ മറ്റൊരു വിസ്മയമാകണം.

തീരത്തിരുന്നു മയിൽനിറമുള്ള കക്കകളും പിരിയൻ ശംഖുകളും പെറുക്കിയെടുക്കുന്നതിനിടയിൽ അങ്ങ് ദൂരെയുള്ള വഞ്ചി നോക്കി
അതിൽ കേറി തുഴഞ്ഞു പോയാൽ ഞാനും നീയും മാത്രമുള്ളൊരു ദ്വീപിലേക്കെത്തിയാലോ എന്ന് നീ ചോദിക്കുമ്പോൾ
തിരമാലകളെ ചിറകുകളാക്കി മാറ്റി ആ ചിറകുകളുള്ള രണ്ടു പക്ഷികളായി  നമുക്കീ ആകാശം മതിയെന്നും പറഞ്ഞുകൊണ്ട് നമ്മൾ പറന്നു പൊങ്ങുന്ന മായക്കാഴ്ചയും നിനക്കായ് ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

നീയിതെല്ലാം എവിടുന്നൊപ്പിച്ചു എന്ന് നീ ചോദിക്കുമ്പോൾ എന്റെയുത്തരം എന്തായിരിക്കുമെന്ന്  നിനക്കറിയൂലോ ലെ??????


Friday, November 11, 2016

പ്രണയത്തിനാൽ മാത്രമെരിഞ്ഞെരിഞ്ഞ്..................

പ്രിയമുള്ളവനേ .............
വാക്കുകളിൽ പൊതിഞ്ഞെടുത്ത എന്റെ സ്നേഹം നിനക്ക് നേരെ ഞാൻ വീണ്ടും നീട്ടുകയാണ്.
"നിന്റെ വാക്കുകളിൽ നിറയാതിരിക്കുമ്പോൾ എനിക്കെന്നെ നഷ്ടപ്പെടുന്ന പോലെ"
എന്ന് ഇനിയുമൊരിക്കൽ പോലും നീ പറയാതിരിക്കാനായി..........
നിനക്കായി എഴുതാൻ എന്റെ വിരലുകളിൽ ഒരിക്കൽ പോലും വാക്കുകൾ വറ്റി പോകില്ലെന്ന് ഇതിനാൽ ഞാൻ നിനക്ക് വാക്കു തരുന്നു.
എത്ര പറഞ്ഞാലും എഴുതിയാലും അനുഭവിച്ചാലും തീരാത്ത അത്ര അത്ര സ്നേഹം നീയെനിക്ക് നൽകുന്നിടത്തോളം കാലം ,
അല്ല ആ കാലങ്ങൾക്കപ്പുറവും ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും നിന്നോടുള്ള എന്റെ പ്രണയത്തെ കുറിച്ച് ................
നിന്റെ പ്രണയം എനിക്ക് നൽകുന്ന ഓരോ നിമിഷവും
ഓരോ പുതിയ,
ആ നിമിഷത്തിൽ മാത്രം വിരിഞ്ഞ പൂക്കളെ പോലെയാണ്.
തീർത്തും നവ്യം.
യാഥാർഥ്യങ്ങളുടെ കണ്ണീരിൻ ഉപ്പറിയുമ്പോഴും
നിന്റെ പ്രണയം നൽകുന്ന നന്മ
എന്റെ ഹൃദയത്തിൽ നിറയാറുണ്ട്.
അത് നൽകുന്ന കുഞ്ഞു ചിരികൾ എന്റെ കവിളിൽ നുണക്കുഴി തുടുപ്പ് നൽകാറുണ്ട്.

"നമ്മളൊരുമിച്ച് പോകുന്ന രാത്രി യാത്രകളിൽ നീ പറയുന്ന കഥകൾ കേട്ട് ഇലകളുറങ്ങുന്നത് നോക്കി നടക്കണം.
നിറഞ്ഞു പൂത്തൊരു കാട്ടുമരത്തിൽ കൂടു കൂട്ടി രണ്ടു കിളികളായി നിലാവ് നോക്കി കുറുകിക്കൊണ്ടിരിക്കണം.
കുയിൽ നാദം കേൾക്കുമ്പോൾ എവിടെ നിന്നാണെന്ന് കണ്ടുപിടിക്കാൻ വേണ്ടി ഒരുമിച്ചന്വേഷിച്ചലയണം.
കാർമേഘം കാണുമ്പോൾ താഴ്വരയിൽ മയിലുകൾ നൃത്തം വെക്കുന്നത് ഒളിച്ചു നിന്ന് കാണണം.
കാടിളക്കി കൊമ്പൻ വരുന്ന ശബ്ദം കേക്കുമ്പോൾ പേരറിയാത്തൊരു വലിയ മരത്തിനു പിന്നിൽ പേടിച്ച് ശ്വാസമടക്കിപ്പിടിച്ച് നിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കണം."
എന്നൊക്കെ ഞാൻ ആഗ്രഹിക്കുന്ന കുറെ പ്രാന്തൻ രാക്കനവുകളാണ്.

നിന്റെ പ്രണയം നൽകുന്ന മായാവിദ്യ കൊണ്ട്
ഞാൻ തൊട്ടാൽ മാത്രം ഉറക്കമുണരുന്ന ഇലകളേയും,
ഞാൻ തലോടിയാൽ മാത്രം വിടരുന്ന പൂക്കളേയും എനിക്ക് വളർത്തണം.
കിളികളുടെ ഭാഷ പഠിച്ച് ഒറ്റക്കിരിക്കുമ്പോൾ അവരോട് കലപില കൂട്ടണം.
കാറ്റിന്റെ പരദൂഷണവും, മഴേടെ പ്രാരാബ്ധം പറച്ചിലും,
വെയിലിന്റെ ദേഷ്യപ്പെടലുകളും കേട്ട്
നിന്നെ നോക്കി ചിരിച്ചുകൊണ്ട് വീട്ടുപണികൾ ചെയ്യുന്നതെത്ര രസമായിരിക്കുമല്ലേ !!!!
അങ്ങനെയുള്ള ഓരോ കുഞ്ഞു വലിയ കാര്യങ്ങളിലും നീയെന്നിൽ നിറഞ്ഞുനിറഞ്ഞ്................

എനിക്ക് ചുറ്റും മൗനം വല്ലാതെ കനക്കുമ്പോൾ
നിന്നെ കെട്ടിപ്പിടിച്ചെന്റെ ഹൃദയമിടിപ്പ്
നിന്റെ മിടിപ്പിനൊപ്പം ചേർത്തു വെക്കണം.
നിന്റെ ഹൃദയമിടിപ്പിന്റെയും, നിശ്വാസത്തിന്റേയും ശബ്ദത്തിൽ
എൻറെ നിശ്ശബ്ദത അലിഞ്ഞില്ലാതാവണം.

എന്റെ കണ്ണിൽ നിറയുന്ന പ്രണയം,
എന്റെ വാക്കിൽ നിറയുന്ന നീ,
എന്റെ നോക്കിൽ നിറയുന്ന പ്രണയാഴം,
എന്റെ സ്പര്ശത്തിന്റെ ചൂടിൽ നിറയുന്ന പ്രണയതീവ്രത
നീ അറിഞ്ഞുകൊണ്ടേയിരിക്കുന്നതാണെന്റെ സന്തോഷം.
നിന്നെ അറിയിച്ചുകൊണ്ടിരിക്കേണമെന്നാണെന്റെ സ്വപ്നം!!!!!

Friday, October 21, 2016

ഞാനെന്നോട് മിണ്ടിക്കൊണ്ടേയിരിക്കുന്നു.......

ഓർമ്മകളിലെ മുറിവുകളിൽ ഉള്ളം നീറുമ്പോൾ, ഭൂതവും ഭാവിയും ചിലപ്പോഴൊക്കെ ചില ചോദ്യങ്ങളെ കണ്മുന്നിൽ കൊണ്ട് നിർത്തി ഇതിനുത്തരം കണ്ടുപിടിക്കാൻ പറഞ്ഞു വെല്ലുവിളിക്കുമ്പോൾ ഉള്ളിന്റെയുള്ളിലെ എനിക്ക് മാത്രമായുള്ള ഞാൻ മാത്രമുള്ളൊരു  ദ്വീപിൽ ഞാൻ ചെന്ന് നിൽക്കാറുണ്ട്. അവിടെ എനിക്ക് നേരെ ഏറ്റവും സ്നേഹത്തോടെ നോക്കുന്ന മിഴികളുണ്ട്. എന്റെ എല്ലാ പേടികളേയും ഇല്ലാതാക്കുന്നൊരു ആലിംഗനമുണ്ട്. കൂടെ ഞാനുണ്ടെന്ന ധൈര്യപ്പെടുത്തലായിട്ടുള്ളൊരു തലോടലുണ്ട്. എന്നെ ചിരിപ്പിക്കാൻ വേണ്ടി മാത്രം മിണ്ടുന്ന,വാക്കുകളുണ്ട്. ഉള്ളിൽ സ്നേഹവും നന്മയും നിറയ്ക്കാനുള്ള ഉമ്മകൾ തരുന്ന ചുണ്ടുകളുണ്ട്. അതാണെന്റെ ദൈവം. എനിക്കവിടം മരതകദ്വീപാണ്‌. എന്റെ ദൈവവും ഞാനും മാത്രം താമസിക്കുന്ന.......... എന്റെ സ്വന്തം മരതകദ്വീപ്.


ഇലകൾ പൊഴിഞ്ഞ കുഞ്ഞു ചില്ലകൾ നിറയെ ഉള്ള മരങ്ങളിൽ മഞ്ഞു പൂക്കൾ വിടരുന്നത് പണ്ടെന്നോ കണ്ട, മറക്കാൻ കൂട്ടാക്കാതെ ഓർമ്മ പൊതിഞ്ഞെടുത്തൊരു സ്വപ്നമായിരുന്നു.മഞ്ഞിന്റെ നേർത്തൊരു മറയിട്ട ഡിസംബർ രാവുകളിലൊന്നിൽ സാന്റാ അപ്പൂപ്പനോടിക്കുന്ന വണ്ടിയിൽ കയറിയിരുന്ന് അപ്പൂപ്പൻ പറയുന്ന കഥകൾ കേട്ട് മഞ്ഞു പൂക്കൾ വിരിഞ്ഞ മരങ്ങൾക്കിടയിലൂടെ ഒരു സവാരിഗിരിഗിരി............ ഇടയ്ക്കെപ്പഴോ അപ്പൂപ്പൻ ഒരു മാന്ത്രികനായി  അപ്രത്യക്ഷമാവും.തീർത്തും അപരിചിതമായൊരു വഴിയിൽ,അതിലേറെ തനിച്ചായി,കണ്ണുകളിൽ പേടിയുടെ സങ്കടത്തിന്റെ രണ്ടു വലിയ മുത്തുകളെ വീഴാൻ പാകത്തിന് തയ്യാറാക്കി ഞാൻ നിൽക്കുമ്പോൾ,എന്നെ നോക്കി ചിരിക്കുന്ന മഞ്ഞു പൂക്കൾക്ക് ചന്തം കൂട്ടാൻ
ആകാശം മുഴുവനും പച്ചയും നീലയും ചുവപ്പും ഒക്കെയുള്ള നിറങ്ങളായ നിറങ്ങളെ മുഴുവൻ വാരിയൊഴിച്ചു നിറയ്ക്കുന്ന ഒപ്പം എന്നെ നോക്കി ചിരിക്കുകയും ചെയ്യുന്ന അപ്പൂപ്പനെ കണ്ട്, ആ കാഴ്ച കണ്ട് വിസ്മയിച്ചു നിൽക്കുന്ന ഒരു പത്തു വയസ്സുകാരി കുട്ടിയാവാൻ എനിക്കിപ്പഴും മോഹംണ്ട്. ജീവിതത്തിലിന്നേ വരെ വേറൊരു രാജ്യവും കാണണം എന്ന് തോന്നിയിട്ടേയില്ല.പക്ഷെ ഇപ്പൊ രണ്ടു മോഹങ്ങൾ കുറച്ചു നാളായിട്ടെന്റെ അസ്ഥിയ്ക്ക് പിടിച്ച്ണ്ട്.അതിലൊന്ന് മഞ്ഞു പൂക്കുന്ന,വിചാരിക്കാത്തൊരു നിമിഷത്തിൽ ആകാശത്തിൽ നിറയുന്ന ധ്രുവദീപ്തിയെ കാണാൻ സാധിക്കുന്ന ഒരു നാട്ടിൽ പോണംന്നാണ്.ഇനിയൊന്ന് .....................


ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ ഒരു വെളിച്ചമായി മാറാൻ ഭാഗ്യം വേണം. ജീവിതത്തെ അത്രയധികം സ്നേഹിച്ചാൽ മാത്രമേ ചുറ്റുമുള്ളതിനേയും സ്നേഹിക്കാനാവൂ. ചുറ്റുമുള്ളതിനേയും,ഉള്ളവരേയും സ്നേഹിക്കുമ്പഴേ ഉള്ളിൽ നന്മ നിറയൂ. ഉള്ളിൽ നന്മയുള്ളവർക്കേ സ്വയം വെളിച്ചമാകാനും മറ്റുള്ളവർക്ക് വെളിച്ചമേകാനും സാധിക്കൂ. നന്മയുടെ പുഞ്ചിരി.....അതെത്ര ചന്തമുള്ളതാണ്!!!!!എത്ര കളങ്കമറ്റതാണ്!!!!!!!എത്ര നിസ്വാര്ത്ഥമാണ്!!!!!ഓളങ്ങളിലൂടെ നീങ്ങുന്ന ഈ വെളിച്ചം പോലെ............!!!

ഒരു പ്രാർത്ഥന പോലെ ആരുടെയോ സ്നേഹം എന്റെയുള്ളിൽ വെളിച്ചമായി നിറയുമ്പോൾ എനിക്ക് തോന്നാറുണ്ട് മേഘങ്ങൾക്കിടയിലേക്ക് ആരോ ഒരു വിളക്ക് കൂട് എനിക്ക് വേണ്ടി തിരി തെളിയിച്ച് അയച്ചിട്ടുണ്ടെന്ന്.ആത്മവിശ്വാസക്കുറവിന്റേയും അപകർഷതാ ബോധത്തിന്റേയും ഇരുളിലേക്ക് മനസ്സ് ചെന്നെത്തുമ്പോൾ ഈ വിളക്ക് കൂടുകൾ എന്നെ നോക്കി ചിരിക്കാറുണ്ട്.

(കാഴ്ചകളിൽ മൂന്നെണ്ണം ഗൂഗ്‌ൾ വക,ആദ്യത്തെ ന്റെ സ്വന്തം കണ്ടുപിടിത്താ....!!!)

Tuesday, October 18, 2016

നിന്നോട് പിണങ്ങിയപ്പോൾ ഞാനെന്നോട് പറഞ്ഞത്

പൗർണ്ണമി നിലാവിന്റെ ബാക്കി ജനലിനപ്പുറം വീണു  കണ്ടപ്പോൾ നിന്റെ വാക്കുകളോർത്തു.
നിലാവിൽ നിന്നും വാരിയെടുത്തതാന്നും  പറഞ്ഞോണ്ട്,
ആദ്യമായി നീയെനിക്കയച്ച എഴുത്തിലെ വാക്കുകൾ ..........
എത്രയധികം സ്നേഹമായിരുന്നു അന്ന് നിനക്കെന്നോട്.......
എനിക്കെന്നോട് തന്നെ അസൂയ തോന്നിയിരുന്ന നാളുകൾ............!!!!!
ഇപ്പോൾ നിന്റെ മൗനം പൊതിഞ്ഞയീ കൂട്ടിനുള്ളിൽ
എന്റെ നിശ്ശബ്ദതയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുമ്പോൾ
എനിക്കാ പഴയ ദിവസങ്ങളെ തിരികെ കിട്ടുവാൻ  മോഹം.
കത്തുകളായും കവിതകളായും നിന്നിൽ നിറഞ്ഞുകൊണ്ടേയിരിക്കണം എനിക്കിപ്പഴും.
കാണുന്നത്,  കേൾക്കുന്നത്, എഴുതുന്നത്, മണക്കുന്നത്, തൊടുന്നത്
അങ്ങനെ എനിക്ക് ചുറ്റും നീയെങ്ങനെയാണിങ്ങനെ .......... ഇത്രമാത്രം ..............
എന്നിൽ നിറഞ്ഞു നിൽക്കുന്നതെന്ന് നീയെന്നോട് ചോദിച്ചു കൊണ്ടേയിരിക്കണം.

വേണ്ട, ഇങ്ങനെയൊന്നും നിന്നിൽ എനിക്ക് നിലനിൽക്കേണ്ട.
ഇനിയെന്റെ നിശ്ശബ്ദതയാണ് നിന്നിൽ അലിയേണ്ടത്.
ഈ മൗനമാണ് ഇപ്പോഴെന്റെ സ്നേഹത്തിന്റെ ഭാഷ.

                                    ***********************************************

നമുക്കിടയിൽ ഒരു കടൽ രൂപപ്പെടുന്നുണ്ട്.
നിസ്സഹായതയുടെ തിരമാലകൾ അതിലാർത്തലച്ചു നിലവിളിക്കുന്നുണ്ട്.
അത് നമ്മുടെ പ്രണയം വീണലിഞ്ഞ മണൽത്തരികളെ മായ്ച്ചു കൊണ്ടിരിക്കുന്നുണ്ട്.
അതെന്റെ സ്വപ്നങ്ങളിൽ നിന്ന് നിന്നെയും, നിന്റേതായതിനെയൊക്കെത്തിനെയും മാറ്റി നിർത്തുന്നുണ്ട്.
ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നു പോലും ഒരു കടൽദൂരം അകലെയെന്ന് ഭാവിക്കുന്ന,
പറയാനേറെയുണ്ടായിട്ടും ഒരു വാക്കു പോലും മിണ്ടാനിഷ്ടപ്പെടാതെ,
എന്തേയിത്ര സങ്കടമെന്ന് ചോദിച്ചവർക്ക് മുന്നിലൊന്നു പെയ്തു തോരാനാകാതെ,
മൗനത്തിന്റെ കല്ലുകൂട്ടിലിരിക്കുന്ന എന്നെ.....
എനിക്കിഷ്ടാവുന്നേയില്ല.


Wednesday, September 28, 2016

നിശ്ശബ്ദത,സ്വപ്നങ്ങൾ,ഇഷ്ടങ്ങൾ


ഒരു നക്ഷത്രം വന്നു വീണ പോലെ..........വെളുത്ത പൂക്കൾക്ക് വിശുദ്ധിയുടെ നിറവ് മറ്റുള്ളവയെക്കാൾ കൂടുതലാണെന്ന് എനിക്ക് പലപ്പഴും തോന്നീണ്ട്. നിന്നോടുള്ള സ്നേഹം മൗനത്തിന്റെ ഭാഷ സംസാരിക്കാൻ തുടങ്ങുമ്പോൾ എനിക്ക് തോന്നാറുണ്ട് നമ്മുടെ സ്നേഹത്തിനീ വെളുപ്പിന്റെ വെണ്മയും, കടലിന്റെ ആഴവും, ഇരുളിന്റെ കനവും, അങ്ങനെയെന്തൊക്കെയോ ആണെന്ന്.


സന്ധ്യകളെ എനിക്കിഷ്ടമാവാൻ കാരണം ദാ ഈ നിശബ്ദതയാണ്. തീർത്തും ശാന്തം! സ്വച്‌ഛം! നിശ്ശബ്ദം!


മഴ നനഞ്ഞ ഗുൽമോഹർ പൂക്കൾ നെറുകയിലൂർന്നു വീണ് മുടിയിഴയിൽ കൊരുന്നു കിടക്കണം.
വിരലുകൾ അലസമായി  മുടിയിഴകളിലോടിച്ചു കൊണ്ട്,
ഏതോ പകൽ കിനാവിൽ മുഴുകി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ
വിരലിലാ പൂവിതളിന്റെ നനഞ്ഞ തണുപ്പ്
അപ്പോൾ ചുണ്ടിലൊരു ചിരി നിറയ്ക്കും.

ഏകാന്തത മനോഹരമായൊരു അനുഭവമാണ്. ഈ ലോകത്തിൽ ഞാൻ തന്നെ എന്നൊരു വിചാരം.......ഒറ്റക്ക് സംസാരിക്കുക ചിരിക്കുക കരയുക തന്നെത്തന്നെ പ്രണയിക്കുക തന്നോടുതന്നെ കലഹിക്കുക അതൊക്കെ വളരെ രസകരമാണ്. ഞാൻ  ആഘോഷിക്കാറുണ്ട് അത്തരം നിമിഷങ്ങളെ.നിശബ്ദതയിൽ നിറങ്ങളുടെ സംസാരം കേട്ടിട്ടുണ്ടോ അതിനീ ചില്ലുജനാലകൾ വേണമെന്നില്ല. ചുറ്റിനും മിണ്ടാതിരുന്നു നോക്കിയാൽ കേൾക്കാൻ പറ്റും. പച്ച ഇലകളിലൂടെ നീല ആകാശത്തിലൂടെ കറുപ്പ് ഇരുളിലൂടെ മിണ്ടുന്നത് . കാലങ്ങളായി കനച്ചു നിൽക്കുന്ന ഏതോ ഒരു കൊട്ടാരത്തിലെ നിറനിറവാർന്ന ഈ മുറിയിലെ മൗനത്തിനെന്തു മാത്രം കഥകളാകും പറയാനുണ്ടാവുക.കേൾക്കാൻ ഒരിക്കൽ പോകണം നീലയുടെയും പച്ചയുടെയും ചുവപ്പിന്റെയും ഭാഷയെല്ലാം ഒന്നായിരിക്കുമല്ലേ???????
എന്റെ സ്വപ്നങ്ങൾ സംതൃപ്തമാവുന്നത് ഈ മഹാമൗനത്തിന്റെ ഇടത്തിലാണത്രെ. നോക്കിയിരിക്കുംതോറും എന്നെ അവിടേക്ക് പിടിച്ചു വലിച്ചു കൊണ്ടോവാണ് ഈ ചിത്രം.സൂര്യനെ തൊടണോ,അല്ലെങ്കിലാ പൊക്കത്ത് പോയി നിക്കണോ, അതോ താഴെ ആ മരങ്ങൾക്കിടയിലൂടെ ഓടിപ്പോയി ഒളിച്ചിരിക്കണോ, ആ മഞ്ഞു വാരി എന്റെ തന്നെ തലേൽക്കിട്ടു ഞാൻ എനിക്കൊപ്പം കളിക്കണോ അങ്ങനെ ഒരുപാട് കാര്യങ്ങൾ വേണോ ന്നു ചോദിക്കുന്നു സ്വപ്നങ്ങളുടെ ഹെഡ്‌മാഷ്.

അറിയാമോ ആരോടും പറയാൻ കൂട്ടാക്കാതെ ഞാനൊരു സ്വപ്നം കൊണ്ട് നടക്ക്ണ്ട് . ഏറ്റവും സ്വകാര്യായി............(അവസാന രണ്ടു ചിത്രങ്ങൾ ഗൂഗിൾ ന്നാ!!!!!)

Wednesday, September 21, 2016

രണ്ടു പ്രണയവർത്തമാനങ്ങൾ

സന്ധ്യാനേരത്ത് പെരുമഴേത്ത് നനഞ്ഞൊട്ടി കാറിനുള്ളിൽ കേറിയിരുന്ന് പ്രിയപ്പെട്ടൊരാൾക്കൊപ്പം
മുന്നിലെ ചില്ലിലൂടെ പെയ്യുന്ന മഴേനെ നോക്കീം,
ഒലിച്ചിറങ്ങുന്ന മഴനൂൽച്ചാലിൽ നമ്മുടെ പേരുകൾ ചേർത്തെഴുതി വെക്കാൻ ശ്രമിച്ചും ഇരിക്കുന്നതിനിടയിൽ
ഒരു പൊതിയിൽ നിന്നും ചൂട് കപ്പലണ്ടി കഴിക്കണത് ഒരു സുഖാണ്.
അല്ലെ??????

മഴ മുഴോനും നനഞ്ഞോണ്ട് 
കുതിർന്ന മണലിൽ ഇരുന്നു
കടലിൽ പെയ്തിറങ്ങുന്ന മഴനൂലുകളെ
എണ്ണിക്കൊണ്ടിരിക്കണതും ഒരു രസാണ്.

മഴ വഴിയിലൂടെ നടക്കാൻ നിന്റെ കൂട്ട് നിർബന്ധാണ്.
കാടിനു നടുവിലൂടെയാണാ വഴിയെങ്കിൽ നീയെന്റെ പ്രാന്തുകൾ കണ്ട് ചിരിച്ച് ചാവും.
ആദ്യം പൂമ്പാറ്റയെ പോൽ നനഞ്ഞു നിൽക്കുന്ന പൂക്കളെ,ഇലകളെ ഒക്കെ ഉമ്മ വെക്കും.
പിന്നൊരു പക്ഷിയെ പോൽ പാറിപ്പറക്കും.
കുയിലിനെ പോൽ കൂവും.
മാനിനെ പോൽ ഓടിച്ചാടി നടക്കും.
ഒടുവിൽ നിനക്കരികിലേക്ക്..........
നനഞ്ഞൊട്ടി.........
നിന്നോട് ചേർന്നിരിക്കാൻ.......

മഴേടെ തണുപ്പറിയണെങ്കിൽ നിന്റെ ഒരുമ്മ കിട്ടിയേ മതിയാകൂ......!!!!!!                 #######################################################


അറിഞ്ഞ്വോ ഞാൻ പോവാണ്.
എങ്ങട്?????
കൈലാസവും മാനസസരോവറും ഒക്കെ കാണാൻ.
എന്ന്?????
ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞിട്ട്.
ശരിക്കും????
അതേന്നെ,,ശരിക്കും.

ഉം.......പിന്നെ തിരിച്ചു വരില്ല്യ.
ഒരു മഞ്ഞുകണമായി ഞാനും ആ പർവ്വതച്ചോട്ടിൽ ചേർന്നു കിടക്കും.
എന്നെ തിരഞ്ഞവിടെയെത്തുന്ന നിന്നെയും കാത്ത് ആരാലും സ്പർശിക്കപ്പെടാത്തൊരു മഞ്ഞു കണമായി ഞാനാ പർവ്വതച്ചോട്ടിലുണ്ടാകും.

അതോണ്ട് പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ ഈ പത്തു കൊല്ലം കൊണ്ട് പത്ത് ജന്മത്തേക്കുള്ള പ്രണയം എനിക്ക് തന്നോളണം.

ഒന്നു പോ ബടുക്കൂസെ!!!!!!
പോയ് കെടന്നുറങ്ങ്.
ഉറക്കത്തിൽ എന്നെ സ്വപ്നം കാണണേന്നും വിചാരിച്ചോണ്ട് കെടക്കൂ.

വേണ്ട സ്വപ്നത്തിൽ നീ വേണ്ട പകരം പൂക്കളും പൂമ്പാറ്റകളും കാടും മഴേം ഇലകളും ഒക്കെ മതി.
എന്നിട്ടിങ്ങനെ എല്ലാ രാത്രികളിലും തലേന്നു കണ്ട സ്വപ്നത്തെ കുറിച്ചിതു പോലെ നിന്നോട് മിണ്ടിക്കൊണ്ട് ......
അങ്ങനെ നിന്നെ പുതച്ചോണ്ട് ഉറങ്ങണം....
നിന്നോടെനിക്ക് എത്ര എത്ര എത്ര എത്ര......
ഇഷ്ടാന്നൊ!!!!!!!
അന്തം വിട്ട പ്രേമാ!!!! Sunday, September 11, 2016

പ്രിയപ്പെട്ട നിനക്ക്....

കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിലൊക്കെയും മനസ്സാകെ അസ്വസ്ഥമാണ്. 
നിനക്കിതെന്തു പറ്റിയെന്ന ചോദ്യത്തിന് മുന്നിൽ പലപ്പോഴും ഉത്തരമില്ലാതെ.................
വാക്കുകളിൽ പറഞ്ഞൊതുക്കാനാവാത്ത സങ്കടങ്ങളെന്ന് എനിക്ക് തോന്നുന്ന എന്തൊക്കെയോ ചില വിചാരങ്ങൾ എന്നെ നീറ്റിക്കൊണ്ടേയിരിക്കുന്നു.
നിന്നെ പോലും അകറ്റി നിർത്തുന്ന, 
നിന്റെ വാക്കുകൾക്കു പോലും സാന്ത്വനിപ്പിക്കാനാവാത്ത  
എന്റെയാ സങ്കടങ്ങളെ ഞാനെന്തിനാണ് ഇങ്ങനെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നതെന്ന് എനിക്ക് തന്നെ നിശ്ചയല്ല്യ. 
കരയാനായി കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുന്ന എന്റെ മനസ്സ്..........

നിന്നിൽ നിന്നും അകന്നു മാറിയിരിക്കുമ്പോൾ 
നിന്നോട് മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴൊക്കെയും എനിക്ക് തോന്നാറുണ്ട് ഞാൻ  മരിച്ചുപോയെന്ന്.
കണ്ണുകൾക്ക് കാഴ്ച തിരിച്ചറിയാതെ 
കാതുകൾക്ക് ശബ്ദങ്ങളെയറിയാതെ 
വാക്കുകളിൽ മൗനം കടുംകെട്ടിട്ട് തൊണ്ടയിൽ കുരുക്കി നിർത്തി 
കഴിച്ചു കൂട്ടിയ ദിവസങ്ങൾ....................

ഒട്ടും പ്രതീക്ഷിക്കാതെയൊരു നേരത്ത്  
നിറമുള്ളൊരു കടലാസ്സിൽ, 
തിളങ്ങുന്ന അക്ഷരത്തിൽ എനിക്കായിട്ടെന്നെഴുതിയ ഒരു സമ്മാനപ്പൊതി ഓരോ  ജന്മദിനത്തിലും ഞാൻ സ്വപ്നം കാണുന്ന ഒന്നാണ്.
അതെന്നും അങ്ങനെ തന്നെയേ നിലനിൽക്കൂ അല്ലെ..............!!

റോഡ് മുഴുവനും തിരക്കായിരുന്നു. നാളെ പെരുന്നാളും മറ്റന്നാൾ ഓണവും ആഘോഷിക്കാനുള്ള തിക്കും തിരക്കും. അച്ഛനുള്ള ഗുളിക മേടിച്ച് ഞാൻ വരുന്ന വഴി ഒരാളെന്നെ ലോട്ടറി എടുക്കാൻ നിർബന്ധിച്ചു. ലോട്ടറി എനിക്കെന്നും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ വേണ്ടെന്നും പറഞ്ഞുകൊണ്ട് ഞാനോടി വണ്ടിയിൽ കയറിയിരുന്നു. കുട്ടികൾക്ക് ന്നു പറഞ്ഞു കൊണ്ട് അയാൾ പിന്നാലെ വരുന്നുണ്ടായിരുന്നു. വണ്ടിയിൽ വന്നു കേറിയിരുന്നപ്പോഴാണ് ഞാനാ കുട്ട്യോളെ കുറിച്ചോർത്തത്. സങ്കടായി. ഞാൻ വേഗം ഇറങ്ങി ആ വഴി പോയി അയാൾ മറ്റു രണ്ടാളുകളോട് വേണോന്നും ചോദിച്ച് നിക്കണുണ്ടായിരുന്നു. എന്നെ കണ്ടപ്പോ ചിരിച്ചു. എനിക്കൊരെണ്ണം വേണമെന്ന് പറഞ്ഞപ്പോ തന്നു. ബാക്കി തരാനില്ലെന്നു പറഞ്ഞു. വണ്ടീടെ അടുത്തേക്ക് വരാണെങ്കി ചില്ലറ തരാമെന്നു പറഞ്ഞപ്പോ അയാൾ സമ്മതിച്ചു. കാലിനു വയ്യാത്ത അയാളെ നടത്തിക്കുന്നതിൽ എനിക്കൊരു വിഷമമുണ്ടായിരുന്നു. കാലിനെന്തേ പറ്റിയതെന്ന് ചോദിച്ചപ്പോ  വീണതാണെന്നും മറ്റുമുള്ള കാര്യങ്ങൾ അയാൾ പറഞ്ഞു ഇന്നാദ്യമായിട്ടാണ് ഞാൻ ലോട്ടറി വയ്ക്കാൻ ഇറങ്ങീത് ഒന്നും വിറ്റില്ല മൂവായിരം രൂപക്ക് വിറ്റാലേ എനിക്കുള്ളത് കിട്ടൂ എന്നിട്ടേ കുട്ട്യോൾക്ക് ഉടുപ്പ് മേടിക്കാൻ പറ്റൂന്നൊക്കെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. അയാളൊരു ചെറുപ്പക്കാരനായിരുന്നു. മുഖം വ്യക്തമാകാത്ത രണ്ടു ചിരികളും കരച്ചിലും ഒക്കെ ആ നിമിഷങ്ങളിൽ എന്നെയും കരയിച്ചു. കയ്യിലുണ്ടായിരുന്ന പൈസ അയാൾക്ക് കൊടുത്തിട്ട് നല്ലതേ നിങ്ങൾക്ക് വരൂന്നും പറഞ്ഞുകൊണ്ട് ഞാനവിടെ നിന്നും ഓടി. അത് ഒരുടുപ്പിനു പോലും തികയുമൊന്നെനിക്കറിയില്ല എന്റെ കയ്യിൽ കൂടുതലുണ്ടായിരുന്നുംല്ല്യ. അയാളും കരയാൻ തുടങ്ങുന്നുണ്ടായിരുന്നു.
ഇതിനു മുൻപും ഒരുപാട് അപരിചിതർ എന്നെ ഇത് പോലെ കരയിച്ചിട്ടുണ്ട്. അവർക്കു നേരെ നിസ്സഹായതയോടെ പലപ്പോഴും മുഖം തിരിച്ചിട്ടുണ്ട്. ആവുന്ന പോലെ ചിലപ്പോഴൊക്കെ ആശ്വസിപ്പിച്ചിട്ടും ഉണ്ട്. എങ്കിലും ഇന്നെന്തോ വല്ലാതെ സങ്കടം വരുന്നു. 

ഈ  ഓണദിവസങ്ങളിൽ മുഴുവനും അവരെന്റെ മനസിലുണ്ടാകും. അവർക്കുള്ള പ്രാർത്ഥനകളും. ഇത്രയും ദിവസവും എന്റെയുള്ളിൽ നിറഞ്ഞിരുന്ന സങ്കടങ്ങൾ കണ്ണീരായി പുറത്തേക്ക് വന്നത് ഇന്ന് അവർക്കു വേണ്ടിയുള്ള പ്രാർത്ഥനയായിട്ടാണ്. ഇന്നെന്റെ കണ്ണീരിന് നന്മയുടെ തിളക്കമുണ്ട്. മധുരമുണ്ട്. എന്നിലെ നന്മ ഞാനറിയുമ്പോ എനിക്കെന്നോടിഷ്ടം തോന്നുന്നുണ്ട് . അപ്പൊ നീയെന്നെ നോക്കി ചിരിക്കുന്നതെനിക്ക് കാണാനാകുന്നുണ്ട് അതെന്റെ  ചുണ്ടിൽ  ചിരി വരുത്തുന്നുണ്ട്. കുട്ടികളുടെ ചിരി കൊണ്ടേ ഈ ലോകം സുന്ദരമാവുന്നുള്ളൂന്ന് ഇപ്പൊ എനിക്ക് നിന്നോട് പറയാനും തോന്നുന്നുണ്ട് .

 

Monday, August 1, 2016

ഒരു നിമിഷം കൊണ്ട് ഒരുപാട് കാലമായിട്ടെന്ന പോലെ അസ്വസ്ഥമായിത്തീർന്നു മനസ്സ്.
ആശ്വസിപ്പിക്കലുകൾ കൊണ്ടോ ,തലോടൽ കൊണ്ടോ ശമിക്കുന്നേയില്ല അത്.
പറഞ്ഞോ, എഴുതിയോ പങ്കു വെക്കാനാകുന്നില്ല.
തല്ലിപ്പറഞ്ഞിട്ടും, നുള്ളി നോവിച്ചിട്ടും കരയാൻ കൂട്ടാക്കുന്നില്ല മനസ്സ്.
അതിങ്ങനെ ഹൃദയത്തെ വരിഞ്ഞു മുറുക്കുകയാണ്‌.
അങ്ങനെയൊന്നും എളുപ്പത്തിൽ വിട്ടുപോവാൻ കൂട്ടാക്കാത്ത ചില സങ്കടങ്ങളുണ്ട്.
എപ്പോഴെങ്കിലുമൊന്ന് പരിധികൾ ലംഘിച്ച്  സന്തോഷിച്ചാൽ, ചിരിച്ചാൽ
അപ്പോഴേക്കും മുന്നിലേക്കോടിയെത്തും ആ സത്യങ്ങൾ.
എത്രയൊക്കെ കണ്ണടച്ചു നിന്നാലും അവയുടെ പരിഹാസ ചിരിയും,
നിസ്സഹായതയോടുള്ള കളിയാക്കലും ഞാൻ വ്യക്തമായി തന്നെ അറിയാറുണ്ട്.
അന്നേരം തോന്നുന്ന പരാജയ ബോധം , ഭീരുത്വം അതാണ് ജീവിതത്തിൽ എങ്ങുമെങ്ങും എത്താതെയാക്കിയത്.
ദുഃഖങ്ങൾ പതിവുകൾ ആയപ്പോൾ ചിരിക്കാനെന്ന പോലെ കരയാനും ഇഷ്ടപ്പെടാനും , ശീലിക്കാനും  തുടങ്ങി.
കൂട്ടി വെച്ച മഞ്ചാടിമണികൾ നിന്നോടുള്ള പ്രണയമാണെന്നതിനൊപ്പം
ചിലപ്പോഴൊക്കെ  എന്റെ  സങ്കടങ്ങളുടെ എണ്ണൽ സംഖ്യകളുമായിരുന്നു.

ഇപ്പൊ...............എനിക്കൊന്നു കരയണം.
കരഞ്ഞു കരഞ്ഞോടുവിലെപ്പഴോ ഉറങ്ങണം.
Saturday, July 2, 2016

കറുപ്പിൽ പച്ച ചിറകുള്ളൊരു പൂമ്പാറ്റ.
ഉൾക്കാട്ടിലെവിടെയോ,
എന്നെന്നും പൂക്കുന്ന
പേരറിയാ പൂക്കളുടെ തേൻ നുകർന്നും,
ആ പൂമണം ചിറകിൽ നിറച്ചും
പാറി പറന്നു ദിവസങ്ങൾ കഴിച്ചു കൂട്ടുന്നൊരു പാവം പൂമ്പാറ്റ.
അവളെ നോക്കി മരങ്ങളും ചെടികളും വള്ളികളും ഇലകളുമൊക്കെ സന്തോഷിക്കുന്നു.
അവളുടെ നിഷ്കളങ്കതയെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നു.
മഞ്ഞുകാലത്ത് മഞ്ഞുതുള്ളി കൊണ്ട് പൊട്ട് തൊട്ടും,
മഴനാളുകളിൽ മഴനൂലു തുന്നിച്ചേർത്ത ഉടുപ്പിട്ടും
വെയിലിൽ നിറം മിനുക്കിയും അവൾ ഒരുങ്ങുന്നു.
വീശിയടിച്ചൊരു കാറ്റിന്റെ ശക്തിയിൽ
കാടുകാണാൻ വന്ന നിന്റെ മടിയിലേക്ക് അവൾ വന്നു വീണു.
സ്നേഹത്തോടെ നീ തൊട്ടപ്പോൾ,
ഉള്ളം കയ്യിലെടുത്ത് അവളുടെ ചിറകിൽ ഉമ്മ വെക്കാൻ നീ ശ്രമിച്ചപ്പോൾ
അവൾ പറന്നു മാറി.
കാടിന്റെ ഭംഗിയിൽ സ്വയം മറന്ന നിന്റെ കൈത്തണ്ടയിൽ
നീയറിയാതെ വന്നുമ്മ വെച്ച്,
അവളുടെ മണമുള്ള ആ നിറം
നിന്റെ വിരൽത്തുമ്പിൽ അല്പം ബാക്കി വെച്ച് അവൾ പോയി.
എത്ര തിരഞ്ഞാലും നിനക്കു കണ്ടു പിടിക്കാൻ സാധിക്കാത്ത അത്ര ഉൾക്കാട്ടിലേക്ക്.
പിന്നീടെപ്പോഴോ അറിയുന്ന ആ പൂമണം നിന്നിൽ അവളോടുള്ള സ്നേഹം നിറയ്ക്കുമായിരിക്കും അല്ലെ????Monday, April 4, 2016

നി(എ)ന്നെ ഞാൻ അടയാളപ്പെടുത്തിയത് ഇങ്ങനെയൊക്കെയാണ്!!!!!!!!!!

അറ്റം കൂട്ടിക്കെട്ടിയുണ്ടാക്കിയ ഇലവഞ്ചി നിറയെ പവിഴമല്ലിപ്പൂക്കൾ . നിനക്കറിയാമോ എന്റെ സ്വപ്നത്തിലെ യാത്രകളിൽ നമ്മൾ പലപ്പോഴും ഇതിലിരുന്നാണ് പോവാറ്.രണ്ടു കുഞ്ഞു മിന്നാമിനുങ്ങുകളായി..........
അല്ലെങ്കിൽ രണ്ട് അപ്പൂപ്പൻതാടികളായി..........
ആദ്യമായി കണ്ടതാണീ നിശാഗന്ധിയെ.അത്രമേൽ മൃദുവാണതിന്റെ മണമെന്നറിഞ്ഞപ്പോൾ നിന്റെയോർമ്മകളിലേക്ക് അതിനേയും ചേർത്തുവെച്ചു.
എന്നെ നീ ഈ ഭൂമിയിൽ അടയാളപ്പെടുത്തി വെച്ചത് ദാ ഇങ്ങനെയാണ്................
കറുപ്പിലെ വെളുപ്പിന്റെ ഈ തെളിച്ചമായി!!!!!!!
തിളക്കമായി!!!!!!!!

തുഷാരഗിരിയെന്ന പേരു തന്നെ എന്നെ എപ്പോഴും മോഹിപ്പിച്ചിരുന്നു. ആ യാത്രയോർമ്മകൾ എന്നെന്നേക്കും പ്രിയപ്പെട്ടതാക്കാൻ കൂടെ കൊണ്ടു പോന്ന ഒരു കാഴ്ചയാണീ പേരറിയാ പൂ!!!
ജലകണങ്ങളുടെ കുസൃതികൾ ഏറ്റു വാങ്ങിക്കൊണ്ട് പാറമേൽ പറ്റിപ്പിടിച്ചു നിൽക്കുന്ന ഈ ഇളം വയലറ്റ് പൂവ് പോലെ തന്നെയാണ് ഞാനും. നിന്റെ പ്രണയപ്പെയ്യലുകളിൽ നനഞ്ഞു കുതിർന്ന് പലപ്പോഴും..............
അടർത്തി മാറ്റാൻ ശ്രമിച്ചാലും, നിന്നിലേക്ക്‌ മാത്രമായി............. നിന്നോടൊട്ടി
പറ്റിപ്പിടിച്ച് പടർന്നു കയറുന്ന ഞാൻ.............. മറ്റൊരു വയലറ്റ് പൂവായി................!!!!!!!


പേരറിയാത്തൊരു സങ്കടം വന്നെന്തിനൊ സങ്കടപ്പെടുത്താൻ തുടങ്ങി.കാരണങ്ങളെ കണ്ടെത്താൻ വേണ്ടി മനസ് ശ്രമം തുടങ്ങിയപ്പോൾ ഇരുട്ടിലൂടെ കണ്ണീരിനു വരാൻ എളുപ്പ വഴി ഉണ്ടെങ്കിലോ എന്നോർത്ത്
ജനല് തുറന്നിട്ടു.  കവിളിനെ ഉമ്മ വെക്കാൻ മടിച്ചോണ്ട്  ഒരു ഉപ്പുതുള്ളി കൃഷ്ണമണിയിൽ അള്ളിപ്പിടിച്ചിരിക്കുമ്പോഴാണ് ഒരു നക്ഷത്രമെന്നെ നോക്കി ചിരിച്ചത്.ഞാനും അറിയാതെ ചിരിച്ചു പോയ്‌.അങ്ങനെ എന്റെ കണ്ണീർത്തുള്ളി ചിരിച്ചോണ്ട് കവിൾത്തുമ്പിലുമ്മ വെച്ചു മറഞ്ഞു പോയി. ജനലിനുള്ളിൽ ഒതുങ്ങിയ ആ കുഞ്ഞാകാശത്തിൽ ആ നക്ഷത്രം തനിച്ചാണെന്ന് ഞാൻ പിന്നെയാണ് കണ്ടത്.
ഒരു പക്ഷെ ഞാൻ സങ്കടത്തിലാണെന്ന് കണ്ട് ന്റെ കാവൽ മാലാഖ അതിനെ എന്റെ കണ്മുന്നിലേക്ക് ഓടിച്ചു വിട്ടതാവാം. പെട്ടെന്നെനിക്ക് ചാർലിയെ ഓർമ്മ വന്നു.ജീവിക്കുന്നെങ്കിൽ ചാർലിയെ പോലെ ജീവിക്കണം. ഓർക്കുന്നവരെല്ലാം അയാളെ കുറിച്ച് അത്രമേൽ സ്നേഹത്തോടെ, ആവേശത്തോടെ, മിസ്സ്‌ ചെയ്യുന്ന സങ്കടത്തോടെ ........... വാതോരാതെ സംസാരിക്കുന്നത് കേട്ടപ്പോ അതൊരു കഥാപാത്രമാണെങ്കിൽ പോലും അയാളോടെനിക്ക് അസൂയ തോന്നി . തനിക്കു ചുറ്റും എപ്പോഴും ഇളം വെയിൽ ചൂടും മഴക്കുളിർ തണുപ്പും നിറയ്ക്കുന്ന ചില ആളുകളുണ്ട്. ആ പോസിറ്റിവിറ്റി മറ്റുള്ളവരിലേക്കും  പകർന്നു കൊടുക്കുന്ന അത്തരം ജിന്നുകളോട് എനിക്കെന്നും ആരാധനയാണ്. അത്തരം ഒരു ജിന്ന് സ്വന്തായിട്ടെനിക്കും ണ്ട്.(സംശയിക്കേണ്ട ന്റെ ജിന്നന്ന്യാ നീ!!!!).
യാത്രയിൽ നീ തനിച്ചല്ലായിരുന്നു. നിനക്കരികിൽ ഞാനും.......
എന്നോട് പിണങ്ങിയ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ നീ കാണാതെ നിനക്കൊപ്പം വന്നതാണ്. അടുത്ത് വന്നിരുന്നപ്പൊ നീ നോക്കാത്തോണ്ടല്ലെ ഞാൻ കൈത്തണ്ടേൽ നുള്ളീത്?
ന്റെ കൈ തട്ടി മാറ്റിയ ദേഷ്യത്തിനല്ലെ ഞാൻ ചെവീൽ കടിച്ചത്???എന്നിട്ടൊടുക്കം എല്ലാം കോംപ്രമൈസ് ആക്കാനായി ഞാൻ ആരും കാണാതെ ഉമ്മേം തന്നില്ലെ????
എന്നിട്ടും തീർന്നില്ലെ നിന്റെ പിണക്കം????മുഖം വീർപ്പിച്ചോണ്ടിരിക്കണ നിന്റെ മടീൽ ബാഗും വെച്ച് അതിനു മീതെ മുഖം വെച്ച് കിടക്കുമ്പൊ,,,,,,
കാറിന്റെ ചില്ലിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളിൽ വെളിച്ചമേൽക്കുമ്പോൾ, അവ മിന്നാമിനുങ്ങുകളായി പറന്നു പോകുന്ന പോലെയെന്ന് തമ്മിൽ തമ്മിൽ പറയുന്ന കവിളത്തെ കാക്കാപ്പുള്ള്യോളെ കണ്ടപ്പോ.......... തല്ലൂടാണ്ട് പ്രേമിക്കണ അവരെ കണ്ടപ്പോ ......എനിക്കസൂയ തോന്നി.കിന്നരിച്ചും ഉമ്മ വെച്ചും തഴുകി തലോടീം എന്റെ കവിളിലെ രണ്ട് കാക്കപ്പുള്ളികൾ പ്രണയം ആസ്വദിക്കുകയാണ്.........!!!!!!ആഘോഷിക്കുകയാണ്.........!!!!!!ദൂരെയെവിടെയോ മറഞ്ഞിരുന്ന്
നീ നീട്ടിയെറിയുന്ന ഉമ്മകളോരോന്നും
പെറുക്കിയെടുത്ത് ഞാനെന്റെ മുഖത്ത് ഒട്ടിച്ചു വെക്കുന്നുണ്ട്.നിന്നോട് പറഞ്ഞോട്ടെ..............
അത്രമേൽ സ്നേഹത്തോടെ നീയെന്നെ നോക്കുന്നിടത്തോളം കാലം എന്റെ സൌന്ദര്യം കൂടിക്കൊണ്ടേയിരിക്കും!!!!!!!!


അങ്ങനേയും ഉണ്ടായിരുന്നു ഒരു കാലം....... അന്ന് മുഖത്തെപ്പോഴും വിഷാദമായിരുന്നു.
കണ്ണുകളിൽ സങ്കടം പെയ്യാനായി എല്ലായ്പോഴും ഒരുങ്ങി നിന്നിരുന്നു.
നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ എപ്പോഴും പറ്റിപ്പിടിച്ചിരുന്നു.
കേട്ടിരുന്ന പരിഹാസങ്ങൾക്കും ദേഷ്യപ്പെടലുകൾക്കും സഹതാപവാക്കുകൾക്കും എതിരായി ഒന്നും പറയാനാവാതെ....... പ്രതികരിക്കാനാവാതെ...... തീർത്തും നിസ്സഹായയായി .....!!!!!!തല കുനിച്ചു നടക്കാൻ നിർബന്ധിക്കപ്പെട്ട,,,സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അറിയാതായിപ്പോയ,,,ജീവിതത്തോട് വാശി തോന്നി വീഴ്ച്ചകളിൽ നിന്നും എണീറ്റ് നടക്കാൻ നിശ്ശല്ല്യാണ്ടായി പോയിരുന്ന ഒരു കാലം..........കാലം ഇന്നിലേക്കെത്തിയപ്പോൾ തോന്നിയിരുന്നു ആ അവൾ ഇന്നില്ല എന്ന്.ഇല്ല അവളിപ്പോഴും ഉണ്ട്.അത്രമേൽ പാവമായി........അത്രമേൽ സങ്കടത്തോടെ........!!!!!!!!!!


ദൈവം നിന്നെ ണ്ടാക്കീത് ന്റെ എല്ലീന്നാ...... ന്ന് പണ്ടൊരിക്കൽ ഒരാള് ന്നോട് പറഞ്ഞ്ണ്ട്.
അതുകൊണ്ട് തന്നെ "എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ " ന്ന് പാടി കേട്ടപ്പൊ എനിക്കാദ്യം ആ ഓർമ്മേം അത് നൽകിയ ചിരിയുമാണ് ഉണ്ടായത്.പിന്നീട് കേട്ട് കേട്ട് അതെന്നെ കരയിക്കാൻ തുടങ്ങി.എന്റെയുള്ളിലും ഒരു സ്നേഹപ്പുഴ ഒഴുകാൻ തുടങ്ങി.ഏതൊക്കെ കരയിൽ ചെന്ന് തൊട്ടാലും നിന്നിലേക്ക് ഒഴുകിയെത്തി നിന്നോട് ചേർന്നലിയുന്ന ഒരു പുഴ...!!!!നിന്റെ കണ്ണുകളിലെ എന്നെ കാണാൻ ഇനിയെത്ര നാൾ കാത്തിരിക്കണം ഞാൻ????
നിന്റെ വാക്കുകളിൽ നിറയുന്ന എന്നെയിനി എന്നാണെനിക്ക് വായിക്കാനാവുക??????
വിരൽ തുമ്പിൽ പോലും തുളുമ്പുന്ന നിന്റെ സ്നേഹത്തിന്റെ ചൂട് എന്നാണെന്നിൽ പകരാനായി വരുന്നത്???????
അതെ,വിരഹവുമെന്തൊരു മധുരം........!!!!!
നേരിൽ കണ്ടിട്ടേയില്ല..... മണത്തിട്ടേയില്ല..... ഞാനീ നീർമാതള പൂക്കളെ.എന്നാലും എനിക്കത്രമേൽ പ്രിയങ്കരം.നേരിൽ കാണാത്ത ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി അയച്ചു തന്നതാണ് ഈ ചിത്രം. ഏറെ പ്രിയപ്പെട്ട ചിലരുണ്ട്.എപ്പോഴും കളിയാക്കും, തല്ലൂടും, വഴക്ക് പറയും ന്നാലും അത്രേം ഇഷ്ടം,അത്രേം സ്നേഹം!!!!!ഏറെ പ്രിയപ്പെട്ട ഇനിയും ചിലരുണ്ട്.എന്നും കാണാറില്ലാത്ത, മിണ്ടാറില്ലാത്ത, ഒരിക്കലും കണ്ടിട്ടില്ലാത്ത, മിണ്ടിയിട്ടില്ലാത്ത ചിലര്.പ്രത്യേകിച്ച്  കാരണങ്ങൾ ഒന്നും തന്നെയില്ലാതെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവർ!!!!ഈ സൌഹൃദങ്ങളെയെല്ലാം തന്നെ ചേർത്ത് വെക്കുകയാണ് ഞാനീ ചിത്രത്തിൽ. 
നാളുകൾക്കു ശേഷം ഏകാന്തത എന്നെ തേടിയെത്തിയിരിക്കുന്നു.
നിന്റെ മൗനം കൊണ്ടൊരു കൂടുണ്ടാക്കി ഞങ്ങളിപ്പോൾ അതിനകത്ത് കെട്ടിപ്പിടിച്ചിരിപ്പാണ്.
നിന്നെയും കാത്ത്......!!!!!!Saturday, February 6, 2016

ഞാൻ......നീയെന്ന സ്വപ്നത്തിലാണെന്നാണ് ..............!!!!!!

നടുമുറ്റത്ത് വീണെത്തിയ മഴവെള്ളം
ഒഴുകാൻ മടിച്ചെന്ന പോൽ മണ്ണിനെ കെട്ടിപ്പിടിച്ചു കിടക്കണ നോക്കി ചിരിച്ചു കൊണ്ടിരിക്കുകായിരുന്ന എനിക്ക് മുന്നിലേക്ക്,
കൂവയിലയുടെ അറ്റം കെട്ടിയുണ്ടാക്കിയ ഒരു ഇലവഞ്ചി  നിറയെ
പവിഴമല്ലിപ്പൂക്കൾ നിറച്ച് എനിക്ക് നേരെ ഒഴുക്കി വിട്ടിരുന്നു
മഴ തോർന്നൊരു രാവിൽ നീ..............!!!!!!!
രണ്ടു മിന്നാമിനുങ്ങുകളായി ഈ പച്ചത്തോണിയിൽ പൂക്കൾക്കിടയിലിരുന്നുകൊണ്ട് നമുക്ക് സ്വപ്നങ്ങളുടെ താഴ്വരയിലേക്ക് പോകാം..............എന്ന നിന്റെ ചോദ്യം എന്നെ നിമിഷനേരം കൊണ്ട്  അവിടേക്കെത്തിച്ചു.

ഞാനിതുവരേയ്ക്കും കണ്ണാന്തളീം,കൊടുവേലീം,കൈതപ്പൂവും കണ്ടിട്ടേയില്ലെന്ന് സങ്കടം പറയുമ്പോ
നീയെന്നെ പറഞ്ഞു കൊതിപ്പിക്കാറില്ലേ  പാടവക്കത്ത് കൈതപ്പൂക്കാടുണ്ട്, തോടിനപ്പുറം കണ്ണാന്തളിയും കൊടുവേലിയും നിറഞ്ഞൊരു തൊടിയുണ്ടെന്നൊക്കെ.............
വെള്ളമിറ്റി വീണോണ്ടിരിക്കുന്ന, നീണ്ട തണ്ടോട് കൂടിയ വെള്ളയും ചുവപ്പും ആമ്പൽ പൂക്കൾ നിറച്ചൊരു പൂവട്ടി ഒരു കയ്യിലും മറു കൈ നിന്റെ കൈത്തണ്ടയിൽ പിടിച്ചും ഒരിക്കലെനിക്ക് നടന്നു പോകണം ആ തൊടി കാണാൻ.......

മഞ്ഞ മാങ്ങാനാറി പൂവിനോടുള്ള കറുമ്പൻ പൂമ്പാറ്റേടെ പ്രണയം ചൂണ്ടിക്കാണിച്ച് 
കണ്ണിൽ കുസൃതി നിറച്ചു നീയെന്നെ നോക്കി ചിരിച്ചപ്പോൾ.......
എന്റെ ചുണ്ടുകൾ നിന്റെ ചുംബനം ഏറ്റു വാങ്ങാൻ കൊതി പൂണ്ടു നിന്നു.

നിനക്കൊപ്പമല്ലാതൊരു യാത്ര പോവാനുണ്ടെന്നു പറഞ്ഞപ്പോൾ നീ പറഞ്ഞിരുന്നു
"ഞാനില്ലാത്ത യാത്രകളൊന്നും നിന്റെ ജീവിതത്തിലുണ്ടാകില്ല പെണ്ണേയെന്ന്.
കാറ്റായി വന്നുമ്മ വെച്ചും, കാഴ്ചകളായി വന്നു കണ്ണിൽ നിറഞ്ഞും നീയെന്റെ ഓരോ യാത്രയിലും ഒപ്പമുണ്ടായിരിക്കുമെന്ന് " .

അങ്ങനെയൊരു  രാത്രി യാത്രയിലാണ് ഒരിക്കൽ നീ പറഞ്ഞ,
പ്രിയപ്പെട്ടവനെ കാത്തിരിക്കുന്ന,
രാത്രിയിലുറങ്ങാത്ത ചില കുറുമ്പിപ്പൂക്കളേയും അവരുടെ പ്രണയത്തേയും കണ്ടത്.
നിലാവിൽ പ്രണയലേഖനമെഴുതിയും രാക്കാറ്റിൽ അത് പറത്തി വിട്ടും,
ഇരുട്ടിനേയും, നക്ഷത്രങ്ങളേയും സാക്ഷി നിർത്തി അവർ പ്രണയിച്ചു കൊണ്ടേയിരുന്നു.
പിറ്റേ പകലിൽ വിരിഞ്ഞു നിക്കുമ്പോൾ
ചിലപ്പോഴൊക്കെയും അവരുടെ ഇതളുകളിൽ
ഒരു വിഷാദം പടർന്നിട്ടുണ്ടെന്നു
പിന്നീടെനിക്ക് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.

പ്രണയം ആത്യന്തികമായും വേദന മാത്രമാണ്.
ആ വേദനയിലാണ് അതിന്റെ ഭംഗിയും, ആഴവും, മനോഹാരിതയും ഒക്കെ............
അല്ലെ??????

അമ്പലമുറ്റത്തെ പാലമരത്തിലെ ഏറ്റവും മുകളിലെ കൊമ്പിലൊരു മൈനക്കൂട് നീ കാണിച്ചു തന്നപ്പോൾ,
പാല പൂക്കുന്ന രാവുകളിലാ കൂട്ടിൽ കൊക്കും ചിറകും ചേർത്ത് വെച്ചിരിക്കുന്ന
മൈനപ്പെണ്ണും ചെക്കനുമാണ്  ഈ ലോകത്തിലേറ്റവും അധികം ഭാഗ്യം ചെയ്തവരെന്ന്
അല്പം നഷ്ടബോധത്തോടെ നീ പറഞ്ഞപ്പോൾ
ഞാനും ആഗ്രഹിച്ചിട്ടുണ്ട്  ഒരു രാവിലേക്കെങ്കിലും നമുക്കും ആ കൂട്ടിൽ അങ്ങനെ കഴിയാൻ സാധിച്ചെങ്കിലെന്ന്.


നീ നൽകിയ നിമിഷങ്ങളെല്ലാം
ഏറ്റവും മനോഹരങ്ങളായ.............
ആരും കാണാനും,അനുഭവിക്കാനും,സ്വന്തമാക്കാനും
ആഗ്രഹിക്കുന്ന സ്വപ്നങ്ങളായി............
എന്നിൽ ശേഷിക്കുന്നിടത്തോളം കാലം..........
ഞാനെന്നെ നിർവചിക്കുന്നത് ............

"ഞാൻ.......... നീയെന്ന സ്വപ്നത്തിന്റെ
രാവും,പകലും വിടർന്നു നിൽക്കുന്ന.....
ഒരിക്കലും വാടാത്തൊരു പേരറിയാ പൂവെന്നാണ്.

ഞാൻ......നീയെന്ന സ്വപ്നത്തിലാണെന്നാണ്" ..............!!!!!!


Friday, January 1, 2016

പ്രിയപ്പെട്ട നിനക്ക്..........

ഇരുണ്ട നിലാവിൽ മഞ്ഞുതുള്ളികളെ ചിതറിച്ചു കൊണ്ടൊരു കാറ്റ് വീശുന്നുണ്ട് പുറത്ത്.
ജനവാതിലിൽ വന്നൊന്നു മുട്ടിയിരുന്നു.
തുറന്നു നോക്കിയപ്പോൾ മൂക്കിൻ തുമ്പത്തേക്കും വന്നു പതിച്ചു ഒരു കുഞ്ഞു മഞ്ഞുതുള്ളി.
എനിക്കത് നിന്റെ ഉമ്മയാണെന്നു തോന്നി.
രണ്ടു തോളിലും പിടിച്ചു കൊണ്ട് നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് നീ തരാറില്ലേ "മൂക്കുംമേലുമ്മ" ന്നും പറഞ്ഞോണ്ട്....... 
ഈ മഞ്ഞുമ്മേം അതേ പോലെ തന്നെ.
നീയെന്തു ചെയ്യുകയാണവിടെ?????
ആഘോഷങ്ങളുടെ ശബ്ദവും വർണ്ണങ്ങളും ഒറ്റക്കിരുന്ന് അനുഭവിക്കുകയാണോ???
അതോ എനിക്ക് കിട്ടിയ പോലത്തെ മഞ്ഞുമ്മകൾ നിനക്കും കിട്ടാൻ കാത്തിരിക്കുകയോ???

ചുറ്റിനും ശബ്ദങ്ങൾ ഉണ്ടെങ്കിൽ നിശബ്ദയാവാനാണ് എനിക്കിഷ്ടം.
രാവിലെ അമ്പലത്തിൽ പോവുമ്പോ നിശബ്ദമാണ് ഞാനും വഴിയും ഇലകളും മരങ്ങളും വീടുകളും ഒക്കെ.
മഞ്ഞ് മാത്രം ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. 
അതും കേട്ട് അവ ഉമ്മ വെച്ച ഇലച്ചുണ്ടുകളിലെ ആലസ്യമാർന്ന ഉറക്കച്ചിരി കണ്ടുകൊണ്ടാണ് ഞാനെന്നും നടന്നു പോവാറ്.
തീർത്തും തനിച്ചുള്ള ആ നടത്തം എനിക്ക് എന്തിഷ്ടമാണെന്നോ.........
മനസ്സിൽ നീയിങ്ങനെ നിറയും........ 
ഒപ്പം നടന്നും,സ്വകാര്യം പറഞ്ഞും,കൈ പിടിച്ചും!!!
അന്നേരം നിന്റെ മണമുള്ളൊരു ഒരു കാറ്റ് വന്നെന്നേം കെട്ടിപ്പിടിക്കും.
ഇലകളിൽ വെച്ച ചുംബനം എന്റെ ചുണ്ടിലും വെച്ചിട്ട് മഞ്ഞുത്തുള്ളികൾ എങ്ങോട്ടേക്കോ ഒളിക്കും.

എത്ര കണ്ടാലും മതിയാവാതെ............
എത്രയൊക്കെ മിണ്ടിയാലും അത്രയും,അതിലധികവും ഇനിയും മിണ്ടാനുണ്ടെന്ന തോന്നൽ..........
നിന്നെ എത്രയെത്രയെത്രയാണ് ഞാൻ പ്രണയിക്കുന്നത്!!!!!!!!!!!!
ഉള്ളം കയ്യിൽ നീ വെച്ച് തന്ന ഉമ്മകളെ ഞാനെന്റെ മഞ്ചാടിക്കുപ്പീലാക്കി സൂക്ഷിച്ചിട്ടുണ്ട്.
നമ്മടെ ഉമ്മകളെ കൂട്ടി മുട്ടിക്കാൻ തോന്നുമ്പോൾ ഇപ്പൊ ഞാൻ അവയെടുത്തെന്റെ ചുണ്ടോട് ചേർക്കും.

ഉറങ്ങാൻ വേണ്ടി ഞാനിപ്പോൾ നേരത്തേ കിടക്കും.
നിന്നെ കുറിച്ച് ഞാൻ കണ്ടു കൂട്ടുന്ന പകൽ കിനാവുകളേക്കാൾ സുന്ദരമായ സ്വപ്‌നങ്ങൾ എന്റെ ഉറക്കങ്ങളിലേക്ക് ഇപ്പോൾ കടന്നു വരാറുണ്ട്.
അന്ന് പറഞ്ഞൊരു സ്വപ്നം നിനക്കോർമ്മയുണ്ടോ???
തീർത്തും അപരിചിതമായൊരു കാട്ടിൽ ഞാനെങ്ങനെയോ എത്തിപ്പെടുന്നത്. 
ദൂരെയെവിടുന്നോ നീയെന്റെ പേരുറക്കെ വിളിക്കുന്നുണ്ട്......
പക്ഷെ നിന്നിലേക്കെത്താൻ സാധിക്കാതെ ഞാൻ കരയുന്നത്.......
ഒടുക്കം ഇരുൾ പരക്കാൻ തുടങ്ങുമ്പോൾ ദിക്കും ദിശയുമറിയാതെ മുന്നിൽ കാണുന്ന വഴിയിലൂടെ ഞാൻ ഓടുന്നു.
പിന്നാലെ ആരുടെയൊക്കെയോ പാദസ്പർശം കേക്കുമ്പോൾ പേടിക്കുന്ന ഞാൻ ചിറകുകളില്ലാതെ എങ്ങനെയോ ഉയർന്നു പറക്കുന്നു.
മലകളും, അരുവികളും,താഴ്വരകളും ഒക്കെ ഞാൻ പറക്കലിൽ കടന്നു പോകുന്നുണ്ട്. 
പേരറിയാത്ത മരങ്ങളുടെ ഏറ്റവും ഉയരത്തിലുള്ള കൊമ്പിൽ ഒളിച്ചിരിക്കുന്നുണ്ട്.
ഒടുവിലെപ്പഴോ നിന്റെ അരികിലേക്ക് കരഞ്ഞു കൊണ്ട് തളർന്നു വീഴുന്നു ഞാൻ.

എന്നോ ഒരിക്കൽ കണ്ട സ്വപ്നാണ്.
പക്ഷെ ഇതൊന്ന് മാത്രം അശ്ശേഷം മറന്നിട്ടില്ല. 
ഓർമ്മയിൽ ഏറ്റവും വ്യക്തമായി..........
ഒരേ സമയം എന്നെ എക്സൈറ്റട് ആക്കുന്ന,സങ്കടപ്പെടുത്തുന്ന ഒന്ന്.
ചിറകുകളില്ലാതെ എങ്ങനെയാണ് പറക്കുന്നത്????? 
സ്നേഹം അങ്ങനെയാണ്.
ചിറകുകൾ ഇല്ലാതെയും പറക്കാൻ സാധിപ്പിക്കും.
അതിനായി ഒരാകാശം തരും.
എന്റെ ആകാശം നീയാണ്.
എന്റെ കടലും നീ തന്നെ.
ചിറകുകൾ ഇല്ലാതെ കൈകൾ കോർത്ത്‌ പിടിച്ച് നമ്മുടേത്‌ മാത്രമായൊരു ലോകത്തിൽ നമുക്കേറെ ദൂരം പറക്കണം.
താഴേക്കൊരു കടലിൽ ഒരുമിച്ചു വീഴണം.
പിന്നെ രണ്ടു മത്സ്യങ്ങൾ ആയി നീന്തി തുടിച്ചു ജീവിക്കണം.
ഒടുക്കം കരയിലേക്ക് ഒരുമിച്ചു പിടഞ്ഞു വീണു മരിക്ക്യേം വേണം.

അല്ലാ......ന്തിനാപ്പോ ത്രേം ബടുക്കൂസ്തരം ലെ??????നമുക്ക് ജീവിച്ചാ മതി.ദേ ഇത് പോലെ.............കൊറേക്കാലം.

തിരുവാതിര നോറ്റു.
അതിന്റെ കൃത്യമായി.
മൂന്നും കൂട്ടി,പാതിരാപ്പൂ വെച്ചു , ഉറക്കൊഴിച്ചു,ചുവടു വെച്ചു, നിനക്കായി മാത്രം............
അടുത്ത തവണ ഉറങ്ങാതെ ഉമ്മറത്തെ തൂണിൽ ചാരി ഇരുന്ന് കണ്ടോളണം ന്റെ തിരുവാതിരക്കളി.
ഒപ്പമിരുന്ന് മൂന്നും കൂട്ടി ഏറെ നേരം സംസാരിക്കണം.
നിന്റെ നെഞ്ചിൽ ചാരിയിരിക്കുമ്പൊ നിന്റെ ഹൃദയത്തിനോടെനിക്ക് പറയണം ഇതിനുള്ളിലെ എല്ലാ സങ്കടങ്ങളും എന്റെയീ കണ്ണുകളിലേക്ക് പകർത്തി പകരമവിടെ നിറയെ സന്തോഷം നിറയ്ക്കാൻ.
നിന്റെ കണ്ണുകളിൽ അമർത്തി ഉമ്മ വെക്കണം.
ഒരിക്കലും തീരാത്തൊരുമ്മ നിന്റെ ചുണ്ടുകളിലേക്ക് ഒളിപ്പിച്ചുകൊണ്ടു നിന്നോട് പറയാതെ പറയണം 
മറ്റെന്തിനെക്കാളുമധികം  
മറ്റാരെക്കാളുമധികം 
നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന്!!!!!!!!!!!!!!!