Sunday, October 30, 2011

നീ അറിയാതെ,നിന്നെ അറിയിക്കാതെ............

മൌനത്തിന്റെ മറ നീക്കി ഇടയ്ക്കൊക്കെ എന്നെ തേടിയെത്തുന്നു നിന്റെ പ്രണയം.
നീ അറിയാതെ,നിന്നെ അറിയിക്കാതെ............
ചിലപ്പോള്‍ മേഘങ്ങള്‍ പൊഴിയ്ക്കുന്ന തൂവലായി..............
മറ്റു ചിലപ്പോള്‍ നേര്‍ത്ത കുളിര്‍ത്ത കാറ്റായി.............

ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ എവിടെ നിന്നോ നിന്റെ ശ്വാസത്തിന്റെ താളം കേള്‍ക്കും.
ചുറ്റും നോക്കുമ്പോള്‍,കാണാതാവുമ്പോള്‍ മനസിലാകുന്നു അതെന്റെ ഹൃദയമിടിപ്പിന്റെ ഒപ്പം കേള്‍ക്കുന്നതാണെന്ന്.

എന്റെ സീമന്തരേഖയില്‍ ഇന്നും നീ തൊട്ട കുങ്കുമം മായാതെ നില്‍ക്കുന്നു.
എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകളുടെ ചൂടും നനവും ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്.

മുത്തശ്ശി തന്ന കാല്‍പെട്ടിയില്‍ നീ തന്ന മഞ്ചാടിമണികള്‍ ഞാന്‍ കളയാതെ വെച്ചിട്ടുണ്ട്.
നീ തന്ന ഇണപ്രാവുകളുടെ സ്ഫടിക രൂപവും അതിലുണ്ട്.
നിന്റെ വിരല്‍തുമ്പില്‍ നിന്നും നീ എനിക്കായി പൊഴിച്ച അക്ഷരക്കൂട്ടുകളെ ഞാന്‍ ഒരു വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു ഭദ്രമാക്കിയിട്ടുണ്ട്.
എന്റെ അലമാരയില്‍ ഏറ്റവുമടിയിലെ തട്ടില്‍ നീ തന്ന ആകാശനിറമുള്ള മന്ത്രകോടി ഒരു നിധിപോലെ ഇരിപ്പുണ്ട്.
എന്റെ ആമാടപ്പെട്ടിയില്‍ നീ നല്‍കിയ ചെറുതാലിക്കൂട്ടവും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.

ആരും കാണാതെ,നീപോലുമറിയാതെ നിന്റെ പ്രണയം എന്നെ തേടിയെത്തിയത് ഇന്നും അതെന്റെ കയ്യില്‍ സുരക്ഷിതമാണോ എന്നറിയാനാണോ??????????????
നിന്റെ പ്രണയം ഞാന്‍ വലിച്ചെറിഞ്ഞോ എന്നറിയാനാണോ????????????

നിനക്ക് വേണ്ടാത്ത............
എനിക്ക് എന്നെന്നേക്കുമായി വേണ്ട,
നീ വലിച്ചെറിഞ്ഞ................
ഞാന്‍ കണ്ടെടുത്ത,
നീ തിരസ്കരിച്ച.............
ഞാന്‍ സ്വീകരിച്ച,
നിനക്കെന്നോടുള്ള..............
അതിലൂടെ എനിക്കെന്നോടു തന്നെയുള്ള,
നിന്റെ പ്രണയം..............
എന്റെ ജീവന്റെ അവസാനത്തെ കണമാണ്.

എന്റെ പ്രണയമേ....................
നീയെന്റെ നേരാണ്.
എന്റെ മനസിന്റെ നന്മയാണ്.

Saturday, October 22, 2011

പുളിയുള്ള,ഒപ്പം മധുരവുമുള്ള കുറെ ഓര്‍മ്മകള്‍.....................

വൈദ്യരുടെ അടുത്ത് നിന്ന് തിരിച്ചു വരുമ്പോള്‍
റോഡിന്‍റെ വലതു വശത്തെ ഒരു വീട്ടിലെ മുറ്റത്തുള്ള മാവിന്റെ ഒരു വലിയ കൊമ്പ് മതിലിനു പുറത്തേക്കു നില്‍ക്കുന്നത് കണ്ടു.
നിറയെ തളിര്‍ത്ത ഒരു മൂവാണ്ടന്‍ മാവ്.
ആ കാഴ്ച എനിക്കൊരുപാട് സന്തോഷം നല്‍കി.
മനസ്സ് പുളിയുള്ള,ഒപ്പം മധുരവുമുള്ള കുറെ ഓര്‍മ്മകള്‍ രുചിയ്ക്കാന്‍ തുടങ്ങി.
അവിടെ എന്റെ ഇല്ലത്ത്,പേരറിയുന്നതും അറിയാത്തതും ആയ ഒരുപാട് മാവുകള്‍ ഉണ്ട്.
മൂവാണ്ടന്‍,ചന്ത്രക്കാറന്‍.മയില്പീലിയന്‍,പ്രിയൂര്,അങ്ങനെ കുറെ....................
ചിലതിനു തെങ്ങോളം പൊക്കമുണ്ട്.
ചിലതിനു താഴെ തന്നെ ഒരുപാട് പടര്‍ന്നു നില്‍ക്കുന്ന ചില്ലകളും.
അതുകൊണ്ട് മുറ്റത്ത്‌ മാത്രമേ വെയില്‍ ഉള്ളൂ.
പറമ്പില്‍ മുഴുവനും മാവുകള്‍ നല്‍കുന്ന തണലാണ്‌.
ഓരോ മാവിന്‍ ചോട്ടിലും ഞാന്‍ ചെന്നിരിക്കാരുണ്ട്.
പഠിയ്ക്കാനും,
കളിയ്ക്കാനും,
മഴ പെയ്യുമ്പോള്‍ ഇലകളിലെ,ചെറിയ കൊമ്പുകളിലെ മഴത്തുള്ളികള്‍ മേലേക്ക് വീഴ്ത്താനും,
വലുതായപ്പോള്‍ സ്വപ്നം കാണാനും,
പിന്നീടെപ്പോഴോക്കെയോ കാറ്റിലൂടെ,നീലാകാശത്തിലെ മേഘങ്ങളിലൂടെ അവനോടുള്ള പ്രണയം അവനിലെക്കെത്തിക്കാനും വേണ്ടി..................
മാവ് പൂത്തു തുടങ്ങിയാല്‍ പിന്നെ മാങ്ങ പൊട്ടിച്ചു തിന്നാനും,താഴെ വീഴുന്നത് നോക്കിയിരിക്കാനും മാവിന്‍ ചോട്ടില്‍ ഇരിക്കും.
എത്ര സമയം വേണമെങ്കിലും............
കണ്ണിമാങ്ങ ഉപ്പും ഒരു തരി മുളകുപൊടിയും കൂട്ടി തിരുമ്പി ഊണ് കഴിക്കാന്‍ എന്ത് രസമാണ്!!!!!!!!!!!!!!!!!!!
അതിനേറ്റവും നല്ലത് മൂവാണ്ടന്റെ നല്ല ഉരുണ്ട ഇളം പച്ച നിറമുള്ള കണ്ണിമാങ്ങകള്‍ ആണ്.
കുറച്ചൂടെ വലുതായാല്‍ ,പിന്നെ അല്പം ചെനച്ചു കഴിഞ്ഞതും ആയ മാങ്ങകളില്‍
ഉപ്പും,മുളകുപൊടിയും ചെറിയ ഉള്ളിയും അല്പം വെളിച്ചെണ്ണയും കൂട്ടി തിരുമ്പിയത് തേച്ച് കഴിക്കാന്‍ സ്വാദാണ്.
എത്രയാണെന്നോ അങ്ങനെ കഴിച്ചിരിക്കുന്നത്.
വെക്കേഷന് എല്ലാരും വരുമ്പോള്‍ ഇതാണ് പണി.
ഇപ്പോള്‍ ആ ഓര്‍മ്മകള്‍ വല്ലാതെ ആര്‍ത്തി പിടിപ്പിക്കുമ്പോള്‍ ഇവിടെയും പ്രയോഗിക്കാറുണ്ട്.
അച്ചൂന്റെ അച്ഛന് വല്യ ഇഷ്ടാണ്.
നല്ലോണം പഴുത്ത മൂവാണ്ടന്‍ എനിക്കിഷ്ടല്ല.
അത് നന്നല്ല.
മാമ്പഴം നല്ലത് നമ്മടെ ചന്ത്രക്കാരന്‍ തന്നെ.
അതിങ്ങനെ പിഴിഞ്ഞ് അതില്‍ നാലഞ്ച് ചുട്ട ചുവന്നമുളക് തിരുമ്പിയിട്ട് കൂട്ടാന്‍ നല്ല രസമാണ്.
തേങ്ങ ചുട്ടരച്ച ചമ്മന്തിയും,ചുട്ട പപ്പടവും,പിന്നെയീ മാമ്പഴം പിഴിഞ്ഞതും.
നാലും വെച്ച സദ്യയേക്കാള്‍ കേമാണ്.
ചെനച്ച മയില്പീലിയന്‍ മാങ്ങ കൊണ്ട് മുളകൂഷ്യം വെച്ചാലും സ്വാദാണ്.
അച്ഛമ്മയ്ക്ക് വല്യ ഇഷ്ടായിരുന്നു മാങ്ങ മൊളോഷ്യം.
പച്ച മയില്പീലിയന്‍ ചമ്മന്തിക്കും ബെസ്റ്റ് ആണ്.
മാങ്ങ ചമ്മന്തിയും,കാച്ചിയ പപ്പടവും കൂട്ടി ചോറുണ്ണാന്‍ ഞാന്‍ മിടുമിടുക്കിയാണ്.
മോളി അച്ചോള്‍ ഉണ്ടാക്കുന്ന കടും മുളകും കറിവേപ്പിലയും വറുത്തിട്ട,പച്ച കായവും ഇട്ട മാങ്ങാക്കറിയും എന്റെ പ്രിയപ്പെട്ടത് തന്നെ.
ചന്ത്രക്കാരന്റെ കണ്ണിമാങ്ങ കടുമാങ്ങ ഉണ്ടാക്കാന്‍ ബെസ്റ്റ് ആണ്.
പണ്ട് അവിടെ അടുത്തുള്ള കൃഷ്ണന്‍ എമ്പ്രാന്തിരി അവിടന്ന് തിരുവനന്തപുരത്തെക്കോ മറ്റോ ഒരു കല്യാണ സദ്യക്ക് പുളിശ്ശേരി ഉണ്ടാക്കാന്‍ കുറെ ചന്ത്രക്കാരനെ കൊണ്ട് പോയിട്ടുണ്ട്.
(ആ കൊല്ലം ഒരു വേനല്‍ മഴയില്‍ മാവിന്റെ ഒരു കൊമ്പ് ഒടിഞ്ഞു വീണു മാങ്ങയുടെ കാണാം കാരണം.)
ഇവിടെ അച്ഛന്‍ നല്ല അസ്സലായി കടുമാങ്ങ ഉണ്ടാക്കും.
അതുണ്ടെങ്കില്‍ പിന്നെ ഇഡലിയ്ക്കും,ദോശയ്ക്കും,ഉപ്പുമാവിനും ഒക്കെ അത് മതി.
മോരൊഴിയ്ക്കാതെ വെള്ളരിയ്ക്കയും മാമ്പഴവും കൂടി കാളന്‍ വെച്ചാല്‍ പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് വേറെ കൂട്ടാന്‍ വേണമെന്നേയില്ല.
ഫ്രിഡ്ജില്‍ വെച്ച തണുത്ത മാമ്പഴ കൂട്ടാന്‍ പിറ്റേ ദിവസത്തേക്കും സ്വാദാണ്.
ചുരുക്കി പറഞ്ഞാല്‍ മാങ്ങാകാലമായാല്‍ വണ്ണം കൂടും.
അച്ചൂന് വല്യ ഇഷ്ടാണ് മാങ്ങ.
ഇവിടെ അധികം മാവ് ഇല്ല.

നിറയെ പൂത്തു നില്‍ക്കുന്ന മാവുകള്‍ എത്ര മനോഹരമായ കാഴ്ചയാണ്!!!!!!!!!!!!!
നോക്കി നിന്ന് പോവും.
അവിടെ മീനമാസത്തില്‍ ശ്രീരാമന്‍ നാട് കാണാന്‍ വരുമ്പോള്‍ എന്റെ ഇല്ലത്തേക്കും വരും.
ഒരു ചെറിയ പന്തലില്‍ രണ്ടു ബെഞ്ചുകള്‍ ഇട്ടു പത്തോ പന്ത്രണ്ടോ പറകള്‍ നിരത്തി വെയ്ക്കും.
താഴെ കോരുവട്ടകളില്‍ നെല്ലും,അരിയും,മലരും വെയ്ക്കും.
വരുമ്പോള്‍ നിറയ്ക്കാനായി.
പന്തലിലെ കുരുത്തോലകള്‍ അലങ്കരിച്ചിരുന്നത് താഴെ വീണു കിടക്കുന്ന പൂക്കുലകളും,തളിര്‍ മാവിലകളും,ചുവന്ന ചെമ്പരത്തികളും കൊണ്ടാണ്.
നല്ല ഭംഗിയാണ് കാണാന്‍.
ഇരുവശത്തും നാല് തൂക്കു വിളക്കുകള്‍ അഞ്ചു തിരിയിട്ട് കത്തിച്ചിരിക്കും.
താഴെ വലിയ നിലവിളക്കുകളും.
പടിക്കല്‍ എത്തുമ്പോള്‍ കത്തിന പൊട്ടിക്കും.
കുറെ ഇങ്ങു പോരണം ഇല്ലത്തേക്ക്.
അപ്പൊ പൊട്ടിച്ചാലേ എത്തിതുടങ്ങിയെന്നു അറിയൂ.
ലക്ഷണമൊത്ത ആനയ്ക്ക് മുകളില്‍ ശ്രീരാമന്റെ തിടമ്പ്.
കൂടെ ഒരുപാട് ആളുകള്‍ ഉണ്ടാവും.
വാളേന്തിയ അംഗരക്ഷകര്‍,വലിയ തീവെട്ടി,പഞ്ചവാദ്യം,അങ്ങനെ കുറെ കാഴ്ചകള്‍.
മുറ്റത്ത്‌ ആനയ്ക്ക് കൊടുക്കാന്‍ വലിയ രണ്ടു മൂന്നു പട്ടകള്‍ ഇടും.
അരിയും,പൂവും,ഇട്ടു കാരണവര്‍ സ്വീകരിക്കും.
തെങ്ങിന്‍-കവുങ്ങിന്‍ പൂക്കുലകള്‍ വെച്ച പറയില്‍ അരിയും നെല്ലും മലരും നിറയ്ക്കും.
അത് ഓരോരുത്തരുടെയും വഴിപാടുകള്‍ ആണ്.
എന്റെ വക ഓരോന്നും ഉണ്ട്.
കൊടുത്ത പെണ്‍കുട്ടികള്‍ ഒക്കെ വരും.
പൂണൂലിട്ട ആണുങ്ങള്‍ ആണ് പറ നിറയ്ക്കുക.
പന്തലിനുള്ളിലെ മുറ്റം ചാണകം കൊണ്ട് മെഴുകി അരിമാവ് കൊണ്ട് അണിയും.
ആനയ്ക്ക് വല്യ കൊട്ടത്തേങ്ങ കൊടുക്കും.
മുപ്പതില്‍ അധികം പറ ഉണ്ടാകും അത് മുഴുവനും നിരത്തി നിറയ്ക്കാന്‍ പറ്റാത്തതിനാല്‍ ചെരിച്ചു ചെരിച്ചു നിറയ്ക്കും.
കലപ്പുരയുടെ ഇറയത്തെ നടുക്കുള്ള തൂണിനടുത്ത് ഒരു വല്യ കാലം നിറയെ ചൂടുള്ള ജീരക വെള്ളം നിറച്ചു വെയ്ക്കും.
തിരിച്ചു പോകുമ്പോഴേക്കും അത് കാലിയായിരിക്കും.
പണ്ടൊക്കെ വെള്ളത്തിന്റെ കൂടെ കാരോലപ്പം കൂടി കൊടുത്തിരുന്നുവത്രേ.
പിന്നീടെപ്പോഴോ അത് നിര്‍ത്തി.
അവിടെ അടുത്തുള്ള ചേലൂര്‍ മനയില്‍ എത്തി അവിടെ ഇറക്കി വെച്ചുള്ള പൂജയും,ചെല്ലുന്നവര്‍ക്കെല്ലാം സദ്യയും ഒക്കെ ഉണ്ടായിരുന്നു.
അത് കഴിഞ്ഞാണ് ഇങ്ങോട്ട് വരുന്നേ.
അതുകൊണ്ട് മിക്കവാറും രാത്രി പന്ത്രണ്ട്,ഒന്ന്,ഒന്നര ഒക്കെ ആവും വരാന്‍.
അത്രയും നേരം ഉറങ്ങാതെ ഇരിക്കും.
എല്ലാരും കൂടി കത്തി വെച്ച് ഇരിക്കും.
മിക്കവാറും ആ ദിവസം നിലാവ് ഉണ്ടാകും,ചിലപ്പോള്‍ ഒരു ഒരു മഴയും.
നിലാവുള്ള രാത്രി പടിയുടെ ഈ തല തൊട്ട് ആ തല വരെ നടക്കും.
ചിലപ്പോള്‍ ഒറ്റയ്ക്ക്,മറ്റു ചിലപ്പോള്‍ ആരെങ്കിലുമായി സംസാരിച്ചു കൊണ്ട്.
വേളി കഴിഞ്ഞ പിന്നത്തെ പറയ്ക്കെ പോയോള്ളൂ.
പിന്നെ നാല് കൊല്ലത്തെ പറ കൂടിയില്ല.
ഓരോ കൊല്ലോം ഓരോ തടസ്സം.
ഇനി വരണ മാര്‍ച്ചില്‍ പോവണം.
പറയ്ക്ക് കൂടണം.
ആ പടിക്കല്‍ കൂടി നടക്കണം
നിന്നെ കുറിച്ച് ഓര്‍ത്തുകൊണ്ട്................
നിന്നോട് മൌനമായി സംസാരിച്ചു കൊണ്ട്..............

എന്തെങ്കിലും ഒരു കാഴ്ച മതി ഓര്‍മ്മകള്‍ ഫാസ്റ്റ് പസ്സെഞ്ചേര്‍ പോലെ ഇങ്ങേത്താന്‍.............

Tuesday, October 18, 2011

ഓര്‍മ്മകള്‍ എന്നെ നിന്നിലെക്കെത്തിച്ചു!!!!!!

മഹേഷേട്ടന്‍ ചോദിച്ചു കോടമഞ്ഞ്‌ കണ്ടിട്ടുണ്ടോയെന്ന്.
അപ്പൊ ഓര്‍മ്മയില്‍ വന്നു ഹൃദയത്തില്‍ സൂക്ഷിച്ച ആ ദിനം.
എന്റെ മൂന്നാമത്തെ മൂകാംബിക യാത്ര.
അവിടന്നാണ് കോടമഞ്ഞ്‌ ഞാന്‍ ആദ്യായി കണ്ടത്.
അതും കുടചാദ്രിയുടെ മുകളില്‍ വെച്ച്.
മഞ്ഞും,മഴയും ഒക്കെ കൂടി ആ യാത്രയുടെ മനോഹാരിത വാക്കുകള്‍ക്കും അപ്പുറമായിരുന്നു.
പിന്നെ കോടമഞ്ഞ്‌ കണ്ടത് വയനാടിന്റെ കുളിരിലാണ്.
ഇത് രണ്ടും ഞാന്‍ വീണ്ടും വീണ്ടും കാണാന്‍,അനുഭവിക്കാന്‍ ഒക്കെ ഇഷ്ടപ്പെടുന്ന രണ്ടു സൌന്ദര്യങ്ങള്‍ ആണ്.
മൂകാംബികയിലെ കുങ്കുമം,സൌപര്‍ണികയിലെ ആത്മാവിനെ കുളിരണിയിക്കുന്ന തണുപ്പ്,കുടചാദ്രിയുടെ നിശബ്ദതയും,ശാന്തതയും,ഒക്കെ എനിക്ക്,ഞാന്‍ എന്നെന്നും സൂക്ഷിക്കുന്ന അനുഭൂതികള്‍ ആണ്.
ചിത്രമൂലയിലെക്കുള്ള യാത്ര,എന്റെ ജീവിതത്തിലെ ആദ്യത്തേം അവസാനത്തേം സാഹസികത നിറഞ്ഞ ഒന്നാണ്.
പ്രപഞ്ചം എന്നാ സത്യം എത്ര വലിയ വിസ്മയമാണ്,മനുഷ്യന്‍ എത്ര നിസ്സാരനാണ്‌ എന്നൊക്കെ ഞാന്‍ മനസിലാക്കിയത് അതിലൂടെയാണ്.
അംബാവനം എന്ന ആ കാട്ടില്‍ ഒരു അമ്മയുടെ ചൂട് ഞാന്‍ അറിഞ്ഞു.
എനിക്കനുഭവപ്പെട്ടു.
അതെ മൂകാംബിക ദേവി എനിക്കെന്റെ പെറ്റമ്മ തന്നെ.
അമ്മ എന്ന വാക്ക് മനസ്സില്‍ നിറയുമ്പോള്‍ കണ്ണുകളില്‍ തെളിയുന്ന രൂപം ചിത്രങ്ങളില്‍ കണ്ടിട്ടുള്ള ആ മുഖം ആണ്.
എന്റെ അമ്മ.
ആ സ്വാതന്ത്ര്യത്തോടെ മാത്രമേ ഞാന്‍ ആ മുന്നില്‍ പോയിട്ടുള്ളൂ.
ആ മുഖത്ത് നോക്കി സംസാരിച്ചിട്ടുള്ളൂ.
{ദാവണിയുടുത്ത,തിളങ്ങുന്ന മൂക്കുത്തിയിട്ട കന്യാകുമാരി എനിക്കെന്നും എന്റെ കൂട്ടുകാരിയാണ്.}
രണ്ടു തവണ ഞാന്‍ കുടചാദ്രി കേറിയിട്ടുണ്ട്.
കുന്നുകളും,മലകളും,മനസ്സില്‍ മോഹമാവാന്‍ തുടങ്ങിയത് അതിനു ശേഷമായിരുന്നു.
അതെ,അതുപോലൊരു മോഹാണ് രായിരനെല്ലൂര്‍ മല കയറണം എന്നത്.
ഈ തവണയും നടന്നില്ല.
തുലാം പിറക്കുന്ന ദിവസം മാത്രമേ അത് പതിവുള്ളൂ.
കാത്തിരിക്കാം അടുത്ത തുലാം ഒന്നിനായി.

ഇഷ്ടപ്പെട്ടതിന് വേണ്ടിയുള്ള കാത്തിരിപ്പ്‌...........അതൊരു സുഖമാണ്.
കിട്ടില്ലെന്നറിയുമ്പോള്‍ ഉണ്ടാകുന്ന വേദന...........അതും ഒരു സുഖമാണ്.
നിന്നില്‍ നിന്നും ഞാന്‍ അനുഭവിക്കുന്നത് അതാണ്‌.

ഇന്ന് തോട്ടത്തില്‍ നാളികേരം ഇടാന്‍ വന്നപ്പോള്‍ ഞാനും പോയി തോട്ടത്തിലേക്ക്.
കൊതുമ്പും മടലും പെറുക്കി കൂട്ടാന്‍.
അപ്പൊ പാടത്തിന്റെ അരികിനോട് ചേര്‍ന്ന് ഒരു തൊട്ടാവാടി കൂട്ടം കണ്ടു.
മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ച തൊട്ടാവാടിയുടെ ഇലയില്‍ തൊടാനുള്ള ആഗ്രഹത്തോടെ,
ഇളം റോസ് നിറമുള്ള ആ കുഞ്ഞു പൂവിന്റെ മൃദുലതയെ സ്പര്‍ശിയ്ക്കാനുള്ള കൊതിയോടെ,
ഞാന്‍ പോയി തൊട്ടു.
ഇലകള്‍ അടയുന്ന ഭംഗി നോക്കി നിന്നപ്പോള്‍ ആ തിരക്കില്‍ വിരലില്‍ അതിന്റെ കുഞ്ഞു മുള്ളുകള്‍ മുറിവുണ്ടാക്കിയത്‌ അറിഞ്ഞില്ല.
കുറെ കഴിഞ്ഞു കൈ കഴുകുമ്പോള്‍ ആണ് ആ നീറ്റല്‍ അറിഞ്ഞത്.
ആ വേദന എന്നെ നിന്നിലെക്കെത്തിച്ചു.
നിന്നെ സ്നേഹിക്കുന്നതിനിടയില്‍,
ഒരു കൃഷ്ണതുളസിയിതള്‍ പോലെ എന്റെ ഹൃദയം നിനക്ക് മുന്നില്‍ സമര്‍പ്പിയ്ക്കുമ്പോള്‍,
നിന്റെ കണ്ണുകള്‍ എനിക്ക് നേരെ അടച്ചു പിടിച്ചത് ഞാന്‍ കണ്ടതേയില്ല.
എന്റെ പ്രണയം നിനക്ക് പകര്‍ന്നു തരുന്നതിനിടയ്ക്ക്
നീ നല്‍കിയ വേദനകളുടെ മുറിവുകള്‍ ഉണങ്ങാതെ അവശേഷിച്ചത് ഞാന്‍ കണ്ടില്ല.
ചോര വാര്‍ന്നു പോയതും,ഞാന്‍ അറിഞ്ഞില്ല.
ഒരിക്കല്‍ നീയെനിക്ക് തന്ന സ്നേഹം എന്നെ ഒന്നുമറിയിച്ചില്ല.
നിന്റെ പ്രണയം എനിക്കൊരു വേദനസംഹാരി കൂടി ആണെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു.

Thursday, October 13, 2011

മഴയുടെ സ്നേഹം എനിക്ക് തന്നത് നഷ്ടപ്പെട്ട എന്നിലെ എന്നെ ആയിരുന്നു..........

തുലാവര്‍ഷം തുടങ്ങിയെന്നു അമ്മ പറയുന്നത് കേട്ടപ്പോള്‍ ആണ് ഞാന്‍ ചിന്തിച്ചത് അപ്പൊ ഇടവപ്പാതി പോയതെപ്പോഴെന്ന്.
ഞാന്‍ അറിഞ്ഞതേയില്ല.
മഴ പോയതും,വെയില്‍ വന്നതും.................
ഇപ്പോള്‍ ഓര്‍ക്കുന്നു ഇടക്കെപ്പോഴോ ഞാന്‍ കണ്ടിരുന്നു നീലാകാശത്തെ.
കഴിഞ്ഞുപോയ ദിനങ്ങളെ വീണ്ടും ഓര്‍മ്മ വരുന്നു.
കുറെ നല്ലതല്ലാത്ത ദിവസങ്ങള്‍.
ഇരുളും വെളിച്ചവും മാറി മാറി വരുന്ന ജീവിതത്തില്‍ കഴിഞ്ഞ നാളുകളില്‍ മുഴുവനും ഞാന്‍ ഇരുട്ടിലായിരുന്നു.
മനസ്സിന്റെ സമനില നഷ്ടപ്പെട്ടോ എന്ന് ഭയന്ന കുറെ ദിവസങ്ങള്‍.
അവ്യക്തമായ ഏതോ ഒരു തടവറ.
അവിടെ ഞാന്‍ ഒറ്റക്കായിരുന്നു.
വിചാരണയും ചെയ്ത പാപങ്ങളുടെ ശിക്ഷയും നടപ്പാക്കപ്പെട്ട ദിനങ്ങള്‍.
ആദ്യ നിമിഷങ്ങളിലെ കരഞ്ഞുള്ളൂ.
പിന്നെ കരയാനും തോന്നിയില്ല.
ഒരു മരവിപ്പായിരുന്നു.
മനസാക്ഷിയുടെ വാദപ്രതിവാദങ്ങളില്‍ ഞാന്‍ നിശബ്ദയായിരുന്നു.
ആരോപണങ്ങളില്‍ സത്യമുണ്ടോ?
എന്നോട് ചോദിച്ചു.
ഞാന്‍ മിണ്ടിയില്ല.
മിണ്ടാന്‍ തോന്നിയില്ല.
എന്റെ മൌനം കണ്ടപ്പോള്‍ പറഞ്ഞു എനിക്ക് ഭ്രാന്താണെന്ന്.
ആണെന്ന് മറ്റുള്ളവരും പറഞ്ഞു.
കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു.
ആരും കാണാതെ ഞാന്‍ ഒരുപാട് ചിരിച്ചു.
പിന്നീടെപ്പോഴോ ചുണ്ടിലെ ചിരി,
കണ്ണിലൂടെ,
സ്ഫടികം പോലെ തിളങ്ങുന്ന കുഞ്ഞു കുഞ്ഞു മുത്തുകളായി പൊഴിയാന്‍ തുടങ്ങി.
അപ്പൊ എനിക്കും തോന്നി അതെ എനിക്ക് ഭ്രാന്തു തന്നെ.
എന്റെ ചെയ്തികള്‍ ഭ്രാന്തിയുടെത് തന്നെ.
എന്റെ ചിന്തകളോ.................
അതും അങ്ങനെ തന്നെ.
എന്റെ ഭ്രാന്ത് എന്നെ മൌനത്തിന്റെ ലോകത്തിലേക്ക്‌ കൊണ്ട് പോയി.
നിശബ്ദതയുടെ മനോഹരമല്ലാത്ത സൌന്ദര്യം എന്നെ വല്ലാതെ മോഹിപ്പിച്ചു.
ഏകാന്തതയുടെ ക്രൌര്യം കലര്‍ന്ന തടവറയ്ക്കുള്ളില്‍ ഞാന്‍ സുരക്ഷിതത്വം കണ്ടെത്തി.
ഈ ലോകം എനിക്ക് ചുറ്റും കറങ്ങുന്നു എന്ന് മാത്രം വിശ്വസിച്ചു.
അതൊരു രസമായിരുന്നു.
മനസ്സ് ശൂന്യമായി,
ഭൂതവും,വര്‍ത്തമാനവും,ഭാവിയും ഒന്നും ഓര്‍മ്മകളില്‍ ഇല്ലാതെ,
ആരെയും കുറിച്ച് ചിന്തിക്കാതെ,
ആരെയും സ്നേഹിക്കാതെ,
ചുറ്റും സംഭവിക്കുന്നതൊന്നും അറിയാതെ,
സ്വപ്‌നങ്ങള്‍ ഇല്ലാതെ,
വികാരങ്ങള്‍ ഇല്ലാത്ത ഒരു ലോകം.
കണ്ണുകളില്‍ കാഴ്ച നഷ്ടപ്പെട്ടു.
കാതുകളില്‍ കേള്‍വിയും.
ഞാന്‍ ആസ്വദിച്ചു ആവോളം.
കണ്ണടച്ചപ്പോള്‍ ഉറങ്ങാന്‍ തോന്നി.
കഴിഞ്ഞില്ല.
ഉറക്കമില്ലാത്ത രാത്രികള്‍.
ആ മായാലോകത്ത് നിന്ന് ഞാന്‍ തിരിച്ചു വരാന്‍ ആരും ആഗ്രഹിച്ചില്ല.
ഞാനും.............
പക്ഷെ പിന്നീടെപ്പോഴോ ഒരു നിമിഷം ബോധാബോധങ്ങളുടെ മത്സരത്തിനിടയില്‍ ക്ഷീണിച്ചിരുന്നപ്പോള്‍ ഞാന്‍ പോലും അറിയാതെ ആരോ എന്നെ എടുത്തുയര്‍ത്തി.
കണ്ണുകള്‍ തുറന്നപ്പോള്‍ ഞാന്‍ ഇവിടെ ആയിരുന്നു.
ഞാന്‍ ഇഷ്ടപ്പെടുന്ന കാഴ്ചകളുടെ ലോകത്ത്.
നീലാകാശവും,പച്ച നിറഞ്ഞ മുറ്റവും,നിറയെ പൂത്ത പൂന്തോട്ടവും,പാറി പറക്കുന്ന ചിത്രശലഭങ്ങളും ഉള്ള എന്റെ സ്വപ്നങ്ങളുടെ തിരുമുറ്റത്ത്.
ആരാണെന്നെ അവിടെ നിന്നും കൊണ്ട് പോന്നത്?
അറിഞ്ഞില്ല.
കണ്ണ് നിറയെ ആ കാഴ്ചകള്‍ കണ്ടു.
ഉറങ്ങാന്‍ തോന്നി.
എവിടെ നിന്നോ ഒരു താരാട്ട് കേട്ടു.
മഴ പെയ്യുന്നതായും.
അതെ,അത് മഴ പാടിയ താരാട്ടായിരുന്നു.
എനിക്ക് വേണ്ടി..................
ഞാന്‍ ഉറങ്ങാനായി....................
എനിക്ക് വേണ്ടത് ഒരു മനോഹര നിദ്രയാണെന്ന് മഴ മാത്രം അറിഞ്ഞു.
പൂക്കളും,കിളികളും,മരങ്ങളും,പാടവും,
മഞ്ഞും,മഴയും,വെയിലും,കാറ്റും ഉള്ള ലോകത്താണ് ഞാന്‍ ജീവിക്കേണ്ടതെന്ന് മഴ പറഞ്ഞു.
എനിക്ക് കൊള്ളാന്‍ ഇനിയും ഒരുപാട് ഇടവപ്പാതിയുണ്ടത്രേ!!!!!!!!!!!!!!
എനിക്ക് പേടിക്കാന്‍ ഇനിയും ഒരുപാട് തുലാവര്‍ഷ മിന്നലുകള്‍ ഉണ്ടെന്നും മഴ പറഞ്ഞു.
സ്വപ്നം കാണാന്‍ ഒരു നീലാകാശം,
ചിരിക്കാന്‍ നക്ഷത്രങ്ങളും എന്നെ കാത്തിരിക്കുന്നുവെന്ന് പറഞ്ഞു.
കിന്നാരം പറയാന്‍,കൂട്ട് കൂടാന്‍,സ്വകാര്യം പങ്കു വെക്കാന്‍,എനിക്ക് വേണ്ടി വിരിയാന്‍
എന്റെ പ്രിയപ്പെട്ട പൂക്കള്‍ കാത്തിരിക്കുന്നുവെന്നും മഴ പറഞ്ഞു.
പൂമ്പാറ്റകള്‍ എന്റെ തോട്ടത്തിലേക്ക് വിരുന്നുവരാന്‍ തിടുക്കം കൂട്ടുന്നു.
അങ്ങനെ എനിക്ക് വേണ്ടി എല്ലാം................എല്ലാവരും.......................

ഇന്ന് വീണ്ടും മഴ പെയ്തു.
ആ മഴ എന്നെ വീണ്ടും പഴയ എന്നെ ആക്കി.
ഇപ്പോള്‍ ഞാന്‍,ആ പഴയ ഞാന്‍ ആണ്.
മഴയുടെ മകള്‍.
പൂക്കളുടെ കൂട്ടുകാരി.
സ്വപ്നങ്ങളില്‍ കൂട് കൂട്ടുന്നവള്‍.
നീ പറഞ്ഞ പോലെ നിന്റെ വാരിയെല്ലില്‍ നിന്നും രൂപം കൊണ്ട നിന്റെ പ്രണയിനി.

Saturday, October 8, 2011

മഞ്ഞുകാലം കൊണ്ടുപോയത്.............

ഒരിയ്ക്കല്‍..............
മഞ്ഞു പെയ്യുന്ന സൂര്യോദയം എനിക്ക് പ്രിയപ്പെട്ട കാഴ്ച്ചയായിരുന്നു.
മഞ്ഞു പെയ്യുന്ന നിലാവുള്ള രാത്രികള്‍ എനിക്ക് അത്ഭുതമായിരുന്നു.
മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന മരങ്ങള്‍ എന്നെ ചിരിപ്പിച്ചിരുന്നു.
മഞ്ഞിന്‍ കണങ്ങള്‍ ഇറ്റു നിന്നിരുന്ന തളിരിലകള്‍ എന്നെ കുളിരണിയിച്ചിരുന്നു.
മഞ്ഞു മലകളെ കാണാനും,ആലിപ്പഴങ്ങള്‍ പെറുക്കുവാനും ഞാന്‍ ഒരുപാട് മോഹിച്ചിരുന്നു.
പക്ഷെ ഇന്ന്.........................
മഞ്ഞുകാലം എനിക്ക് അന്യമാണ്.
മഞ്ഞിന്റെ തണുപ്പ് കുളിരിനു പകരം തരുന്നത് മരവിപ്പാണ്.
മഞ്ഞു മറയ്ക്കുന്ന കാഴ്ചകള്‍ എനിക്കിപ്പോള്‍ അവ്യക്തമാണ്.
മഞ്ഞുതുള്ളികള്‍ നല്‍കുന്ന സ്വപ്‌നങ്ങള്‍ എന്നില്‍ നിന്നും പോയ്മറഞ്ഞിരിക്കുന്നു.
എങ്കിലും...........
എവിടെയോ,
ഉള്ളിന്റെ ഉള്ളില്‍,
ഞാന്‍ മഞ്ഞുകാലത്തെ സ്നേഹിക്കുന്നു.
ആ കുളിരിലൂടെ നിന്നെയും!!!!!!!!!!!!!