Saturday, October 22, 2011

പുളിയുള്ള,ഒപ്പം മധുരവുമുള്ള കുറെ ഓര്‍മ്മകള്‍.....................

വൈദ്യരുടെ അടുത്ത് നിന്ന് തിരിച്ചു വരുമ്പോള്‍
റോഡിന്‍റെ വലതു വശത്തെ ഒരു വീട്ടിലെ മുറ്റത്തുള്ള മാവിന്റെ ഒരു വലിയ കൊമ്പ് മതിലിനു പുറത്തേക്കു നില്‍ക്കുന്നത് കണ്ടു.
നിറയെ തളിര്‍ത്ത ഒരു മൂവാണ്ടന്‍ മാവ്.
ആ കാഴ്ച എനിക്കൊരുപാട് സന്തോഷം നല്‍കി.
മനസ്സ് പുളിയുള്ള,ഒപ്പം മധുരവുമുള്ള കുറെ ഓര്‍മ്മകള്‍ രുചിയ്ക്കാന്‍ തുടങ്ങി.
അവിടെ എന്റെ ഇല്ലത്ത്,പേരറിയുന്നതും അറിയാത്തതും ആയ ഒരുപാട് മാവുകള്‍ ഉണ്ട്.
മൂവാണ്ടന്‍,ചന്ത്രക്കാറന്‍.മയില്പീലിയന്‍,പ്രിയൂര്,അങ്ങനെ കുറെ....................
ചിലതിനു തെങ്ങോളം പൊക്കമുണ്ട്.
ചിലതിനു താഴെ തന്നെ ഒരുപാട് പടര്‍ന്നു നില്‍ക്കുന്ന ചില്ലകളും.
അതുകൊണ്ട് മുറ്റത്ത്‌ മാത്രമേ വെയില്‍ ഉള്ളൂ.
പറമ്പില്‍ മുഴുവനും മാവുകള്‍ നല്‍കുന്ന തണലാണ്‌.
ഓരോ മാവിന്‍ ചോട്ടിലും ഞാന്‍ ചെന്നിരിക്കാരുണ്ട്.
പഠിയ്ക്കാനും,
കളിയ്ക്കാനും,
മഴ പെയ്യുമ്പോള്‍ ഇലകളിലെ,ചെറിയ കൊമ്പുകളിലെ മഴത്തുള്ളികള്‍ മേലേക്ക് വീഴ്ത്താനും,
വലുതായപ്പോള്‍ സ്വപ്നം കാണാനും,
പിന്നീടെപ്പോഴോക്കെയോ കാറ്റിലൂടെ,നീലാകാശത്തിലെ മേഘങ്ങളിലൂടെ അവനോടുള്ള പ്രണയം അവനിലെക്കെത്തിക്കാനും വേണ്ടി..................
മാവ് പൂത്തു തുടങ്ങിയാല്‍ പിന്നെ മാങ്ങ പൊട്ടിച്ചു തിന്നാനും,താഴെ വീഴുന്നത് നോക്കിയിരിക്കാനും മാവിന്‍ ചോട്ടില്‍ ഇരിക്കും.
എത്ര സമയം വേണമെങ്കിലും............
കണ്ണിമാങ്ങ ഉപ്പും ഒരു തരി മുളകുപൊടിയും കൂട്ടി തിരുമ്പി ഊണ് കഴിക്കാന്‍ എന്ത് രസമാണ്!!!!!!!!!!!!!!!!!!!
അതിനേറ്റവും നല്ലത് മൂവാണ്ടന്റെ നല്ല ഉരുണ്ട ഇളം പച്ച നിറമുള്ള കണ്ണിമാങ്ങകള്‍ ആണ്.
കുറച്ചൂടെ വലുതായാല്‍ ,പിന്നെ അല്പം ചെനച്ചു കഴിഞ്ഞതും ആയ മാങ്ങകളില്‍
ഉപ്പും,മുളകുപൊടിയും ചെറിയ ഉള്ളിയും അല്പം വെളിച്ചെണ്ണയും കൂട്ടി തിരുമ്പിയത് തേച്ച് കഴിക്കാന്‍ സ്വാദാണ്.
എത്രയാണെന്നോ അങ്ങനെ കഴിച്ചിരിക്കുന്നത്.
വെക്കേഷന് എല്ലാരും വരുമ്പോള്‍ ഇതാണ് പണി.
ഇപ്പോള്‍ ആ ഓര്‍മ്മകള്‍ വല്ലാതെ ആര്‍ത്തി പിടിപ്പിക്കുമ്പോള്‍ ഇവിടെയും പ്രയോഗിക്കാറുണ്ട്.
അച്ചൂന്റെ അച്ഛന് വല്യ ഇഷ്ടാണ്.
നല്ലോണം പഴുത്ത മൂവാണ്ടന്‍ എനിക്കിഷ്ടല്ല.
അത് നന്നല്ല.
മാമ്പഴം നല്ലത് നമ്മടെ ചന്ത്രക്കാരന്‍ തന്നെ.
അതിങ്ങനെ പിഴിഞ്ഞ് അതില്‍ നാലഞ്ച് ചുട്ട ചുവന്നമുളക് തിരുമ്പിയിട്ട് കൂട്ടാന്‍ നല്ല രസമാണ്.
തേങ്ങ ചുട്ടരച്ച ചമ്മന്തിയും,ചുട്ട പപ്പടവും,പിന്നെയീ മാമ്പഴം പിഴിഞ്ഞതും.
നാലും വെച്ച സദ്യയേക്കാള്‍ കേമാണ്.
ചെനച്ച മയില്പീലിയന്‍ മാങ്ങ കൊണ്ട് മുളകൂഷ്യം വെച്ചാലും സ്വാദാണ്.
അച്ഛമ്മയ്ക്ക് വല്യ ഇഷ്ടായിരുന്നു മാങ്ങ മൊളോഷ്യം.
പച്ച മയില്പീലിയന്‍ ചമ്മന്തിക്കും ബെസ്റ്റ് ആണ്.
മാങ്ങ ചമ്മന്തിയും,കാച്ചിയ പപ്പടവും കൂട്ടി ചോറുണ്ണാന്‍ ഞാന്‍ മിടുമിടുക്കിയാണ്.
മോളി അച്ചോള്‍ ഉണ്ടാക്കുന്ന കടും മുളകും കറിവേപ്പിലയും വറുത്തിട്ട,പച്ച കായവും ഇട്ട മാങ്ങാക്കറിയും എന്റെ പ്രിയപ്പെട്ടത് തന്നെ.
ചന്ത്രക്കാരന്റെ കണ്ണിമാങ്ങ കടുമാങ്ങ ഉണ്ടാക്കാന്‍ ബെസ്റ്റ് ആണ്.
പണ്ട് അവിടെ അടുത്തുള്ള കൃഷ്ണന്‍ എമ്പ്രാന്തിരി അവിടന്ന് തിരുവനന്തപുരത്തെക്കോ മറ്റോ ഒരു കല്യാണ സദ്യക്ക് പുളിശ്ശേരി ഉണ്ടാക്കാന്‍ കുറെ ചന്ത്രക്കാരനെ കൊണ്ട് പോയിട്ടുണ്ട്.
(ആ കൊല്ലം ഒരു വേനല്‍ മഴയില്‍ മാവിന്റെ ഒരു കൊമ്പ് ഒടിഞ്ഞു വീണു മാങ്ങയുടെ കാണാം കാരണം.)
ഇവിടെ അച്ഛന്‍ നല്ല അസ്സലായി കടുമാങ്ങ ഉണ്ടാക്കും.
അതുണ്ടെങ്കില്‍ പിന്നെ ഇഡലിയ്ക്കും,ദോശയ്ക്കും,ഉപ്പുമാവിനും ഒക്കെ അത് മതി.
മോരൊഴിയ്ക്കാതെ വെള്ളരിയ്ക്കയും മാമ്പഴവും കൂടി കാളന്‍ വെച്ചാല്‍ പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് വേറെ കൂട്ടാന്‍ വേണമെന്നേയില്ല.
ഫ്രിഡ്ജില്‍ വെച്ച തണുത്ത മാമ്പഴ കൂട്ടാന്‍ പിറ്റേ ദിവസത്തേക്കും സ്വാദാണ്.
ചുരുക്കി പറഞ്ഞാല്‍ മാങ്ങാകാലമായാല്‍ വണ്ണം കൂടും.
അച്ചൂന് വല്യ ഇഷ്ടാണ് മാങ്ങ.
ഇവിടെ അധികം മാവ് ഇല്ല.

നിറയെ പൂത്തു നില്‍ക്കുന്ന മാവുകള്‍ എത്ര മനോഹരമായ കാഴ്ചയാണ്!!!!!!!!!!!!!
നോക്കി നിന്ന് പോവും.
അവിടെ മീനമാസത്തില്‍ ശ്രീരാമന്‍ നാട് കാണാന്‍ വരുമ്പോള്‍ എന്റെ ഇല്ലത്തേക്കും വരും.
ഒരു ചെറിയ പന്തലില്‍ രണ്ടു ബെഞ്ചുകള്‍ ഇട്ടു പത്തോ പന്ത്രണ്ടോ പറകള്‍ നിരത്തി വെയ്ക്കും.
താഴെ കോരുവട്ടകളില്‍ നെല്ലും,അരിയും,മലരും വെയ്ക്കും.
വരുമ്പോള്‍ നിറയ്ക്കാനായി.
പന്തലിലെ കുരുത്തോലകള്‍ അലങ്കരിച്ചിരുന്നത് താഴെ വീണു കിടക്കുന്ന പൂക്കുലകളും,തളിര്‍ മാവിലകളും,ചുവന്ന ചെമ്പരത്തികളും കൊണ്ടാണ്.
നല്ല ഭംഗിയാണ് കാണാന്‍.
ഇരുവശത്തും നാല് തൂക്കു വിളക്കുകള്‍ അഞ്ചു തിരിയിട്ട് കത്തിച്ചിരിക്കും.
താഴെ വലിയ നിലവിളക്കുകളും.
പടിക്കല്‍ എത്തുമ്പോള്‍ കത്തിന പൊട്ടിക്കും.
കുറെ ഇങ്ങു പോരണം ഇല്ലത്തേക്ക്.
അപ്പൊ പൊട്ടിച്ചാലേ എത്തിതുടങ്ങിയെന്നു അറിയൂ.
ലക്ഷണമൊത്ത ആനയ്ക്ക് മുകളില്‍ ശ്രീരാമന്റെ തിടമ്പ്.
കൂടെ ഒരുപാട് ആളുകള്‍ ഉണ്ടാവും.
വാളേന്തിയ അംഗരക്ഷകര്‍,വലിയ തീവെട്ടി,പഞ്ചവാദ്യം,അങ്ങനെ കുറെ കാഴ്ചകള്‍.
മുറ്റത്ത്‌ ആനയ്ക്ക് കൊടുക്കാന്‍ വലിയ രണ്ടു മൂന്നു പട്ടകള്‍ ഇടും.
അരിയും,പൂവും,ഇട്ടു കാരണവര്‍ സ്വീകരിക്കും.
തെങ്ങിന്‍-കവുങ്ങിന്‍ പൂക്കുലകള്‍ വെച്ച പറയില്‍ അരിയും നെല്ലും മലരും നിറയ്ക്കും.
അത് ഓരോരുത്തരുടെയും വഴിപാടുകള്‍ ആണ്.
എന്റെ വക ഓരോന്നും ഉണ്ട്.
കൊടുത്ത പെണ്‍കുട്ടികള്‍ ഒക്കെ വരും.
പൂണൂലിട്ട ആണുങ്ങള്‍ ആണ് പറ നിറയ്ക്കുക.
പന്തലിനുള്ളിലെ മുറ്റം ചാണകം കൊണ്ട് മെഴുകി അരിമാവ് കൊണ്ട് അണിയും.
ആനയ്ക്ക് വല്യ കൊട്ടത്തേങ്ങ കൊടുക്കും.
മുപ്പതില്‍ അധികം പറ ഉണ്ടാകും അത് മുഴുവനും നിരത്തി നിറയ്ക്കാന്‍ പറ്റാത്തതിനാല്‍ ചെരിച്ചു ചെരിച്ചു നിറയ്ക്കും.
കലപ്പുരയുടെ ഇറയത്തെ നടുക്കുള്ള തൂണിനടുത്ത് ഒരു വല്യ കാലം നിറയെ ചൂടുള്ള ജീരക വെള്ളം നിറച്ചു വെയ്ക്കും.
തിരിച്ചു പോകുമ്പോഴേക്കും അത് കാലിയായിരിക്കും.
പണ്ടൊക്കെ വെള്ളത്തിന്റെ കൂടെ കാരോലപ്പം കൂടി കൊടുത്തിരുന്നുവത്രേ.
പിന്നീടെപ്പോഴോ അത് നിര്‍ത്തി.
അവിടെ അടുത്തുള്ള ചേലൂര്‍ മനയില്‍ എത്തി അവിടെ ഇറക്കി വെച്ചുള്ള പൂജയും,ചെല്ലുന്നവര്‍ക്കെല്ലാം സദ്യയും ഒക്കെ ഉണ്ടായിരുന്നു.
അത് കഴിഞ്ഞാണ് ഇങ്ങോട്ട് വരുന്നേ.
അതുകൊണ്ട് മിക്കവാറും രാത്രി പന്ത്രണ്ട്,ഒന്ന്,ഒന്നര ഒക്കെ ആവും വരാന്‍.
അത്രയും നേരം ഉറങ്ങാതെ ഇരിക്കും.
എല്ലാരും കൂടി കത്തി വെച്ച് ഇരിക്കും.
മിക്കവാറും ആ ദിവസം നിലാവ് ഉണ്ടാകും,ചിലപ്പോള്‍ ഒരു ഒരു മഴയും.
നിലാവുള്ള രാത്രി പടിയുടെ ഈ തല തൊട്ട് ആ തല വരെ നടക്കും.
ചിലപ്പോള്‍ ഒറ്റയ്ക്ക്,മറ്റു ചിലപ്പോള്‍ ആരെങ്കിലുമായി സംസാരിച്ചു കൊണ്ട്.
വേളി കഴിഞ്ഞ പിന്നത്തെ പറയ്ക്കെ പോയോള്ളൂ.
പിന്നെ നാല് കൊല്ലത്തെ പറ കൂടിയില്ല.
ഓരോ കൊല്ലോം ഓരോ തടസ്സം.
ഇനി വരണ മാര്‍ച്ചില്‍ പോവണം.
പറയ്ക്ക് കൂടണം.
ആ പടിക്കല്‍ കൂടി നടക്കണം
നിന്നെ കുറിച്ച് ഓര്‍ത്തുകൊണ്ട്................
നിന്നോട് മൌനമായി സംസാരിച്ചു കൊണ്ട്..............

എന്തെങ്കിലും ഒരു കാഴ്ച മതി ഓര്‍മ്മകള്‍ ഫാസ്റ്റ് പസ്സെഞ്ചേര്‍ പോലെ ഇങ്ങേത്താന്‍.............

2 comments:

  1. ഇത്തവണ മാമ്പഴ രുചിയുണ്ട് പോസ്റ്റിനു.
    ഒരു പതിവ് നൊമ്പര ചായ്‌വ് ഇല്ലാത്തത് കൊണ്ടാവും. :-)
    ഇഷ്ടായി

    ReplyDelete
  2. ഓര്‍മ്മകള്‍ ഫാസ്റ്റ് പസ്സെഞ്ചേര്‍ പോലെ

    ReplyDelete