Saturday, June 1, 2013

ഓർമ്മ മണങ്ങളും ,കൊറേ.......ഇഷ്ടംസും !!!!!!! :)

ഇന്നലെ രാത്രി കറന്റ് പോയിട്ട്  കൊറേ നേരം കഴിഞ്ഞാ വന്നെ. മഴ , ണ്ടായിരുന്നോണ്ട്  കിടക്കാൻ സുഖായിരുന്നു. ഉറക്കം ന്തോ വന്നേയില്ല ഏറെ നേരത്തേക്ക് . ജനലുകൾ തുറന്നിട്ടിരുന്നു. മഴ പെയ്യണതും കേട്ട് (മഴ പാടിയ പാട്ട് കേട്ട് ) അങ്ങനെ കിടന്നു. ഈ കഴിഞ്ഞ പൌർണ്ണമിയ്ക്ക് നിലാവും, ചന്ദ്രനും,നക്ഷത്രങ്ങളും ഒന്നും വന്നേയില്ല . എനിക്ക് പെയ്യണംന്നും പറഞ്ഞ്  അവരെ ഓടിച്ചു വിട്ട് കാണും ഈ മഴ  . എന്നിട്ടോ............മഴേം പെയ്തില്ല ഒരു കുന്തോം പെയ്തില്ല.(സിനിമേല്  രേവതി പറയണ  കൂട്ട് വായിക്കണേ ! :) ) പക്ഷെ പിറ്റേ ദിവസം എല്ലാരും മഴ കാണാതെ വന്നൂട്ടോ .മേഘങ്ങൾക്കിടയിൽ നിന്ന് പാത്തും പതുങ്ങീം ചന്ദ്രൻ ഒന്നെത്തി നോക്കും,മറയും.പിന്നേം വരും , പോവും അങ്ങനെ......

ഈ മേഘങ്ങൾ  ഇങ്ങനെ നീങ്ങണ കാണാൻ ന്ത്‌ രസാ!!!!!ചെലപ്പോ ആകെ കാക്കിരി പൂക്കിരി  വരച്ചിട്ട് പോവും. ചെലപ്പോ ഇങ്ങനെ അടുക്കി അടുക്കി.....എങ്കിലും എന്നും കാണാം ഒരു മൂലേല്  കൊറേ പടിക്കെട്ടുകൾ പോലെ ......എവടയ്ക്കോ ള്ള  വഴ്യാന്ന് തോന്നും അത് കണ്ടാ!എനിക്ക് അത് കാണുമ്പോൾ  വല്ലാത്ത അസൂയ വരും , ആ വഴി  പോയി നോക്കാൻ വല്യേ പൂതീം കേറും . 

ഞാൻ ഇതുവരേം വിമാനത്തിൽ കേറീട്ട്ല്ല . അങ്ങനൊരു മോഹോം ഈ അടുത്ത കാലം വരേം തോന്നീട്ടുംല്ല്യ . ബ്ലോഗിങ്ങ് ന്റെ ആദ്യ കാലങ്ങളിൽ ഒക്കെ എന്നും ഒരുപാട് ബ്ലോഗുകൾ  നോക്കുമായിരുന്നു. ഇപ്പൊ ആ പരിപാടി ഒക്കെ ഇല്ല്യാണ്ടായി . സമീർ ന്റെ  ബ്ലോഗിലൂടെയാണ് ഒരുപാട് ഫോട്ടോ ബ്ലോഗുകൾ കാണാൻ ഇടയായത്. അങ്ങനെ എപ്പഴോ ഒരിക്കലാ കിച്ചു ആൻഡ്‌ ചിന്നു  ന്റെ നീലാംബരി എന്ന ബ്ലോഗിൽ  വിമാനത്തിലിരുന്നെടുത്ത  മേഘങ്ങൾടെ  ഒരു ഫോട്ടോ കണ്ടത്. അത് വരേം ഞാനീ ഭൂമീല് നിന്നല്ലേ മേഘം കണ്ടിട്ടോള്ളൂ !!!!അത് കണ്ടപ്പോ ശരിക്കും ഭയങ്കര വല്യേ അതിശയണ്ടായി . പിന്നെ നസീർക്കാടെ  ബ്ലോഗിൽ  കണ്ട ഫോട്ടോകൾ , കുറച്ച് ദിവസം മുൻപ്  ഫേസ് ബുക്കിൽ  സുജ തന്ന ഒരു ഫോട്ടോയും ഒക്കെ വിമാനത്തിൽ കേറാനുള്ള  ന്റെ മോഹത്തെ കലശലാക്കി  . ആ പടിക്കെട്ട് പോൽത്തെ  മേഘങ്ങൾടെ  ഒരു  ഫോട്ടോ എടുക്കണം. ഇന്നലെ രാവിലെ നനഞ്ഞ തുണി  ഉണങ്ങാൻ വിരിക്കുമ്പൊ  ഒരു വിമാനം പോണ  കണ്ടു. അത് പോണ വഴീൽ  നേർരേഖ  വരണത് .ഈ റോക്കറ്റ്  പോവുമ്പോ കാണണ പോലെ (ഈ റോക്കറ്റ് പോണത് ഞാൻ കണ്ടിട്ടില്ലാട്ടോ ). മേഘങ്ങൾടെ ഇടേൽ  അതിനെ  ഇടയ്ക്കിടെ കാണാണ്ടാവും . അപ്പൊ ഒരു സംശയം തോന്നി  "അപ്പൊ വിമാനത്തിൽ ഇരുന്നും കൊണ്ട് ഈ മേഘങ്ങളെ  തൊടാൻ പറ്റ്വോ???". സംശയങ്ങൾ  പിന്നേം കൊറേ കൂടി. പക്ഷെ കേട്ടാൽ  എല്ലാരും ന്നെ കളിയാക്കാൻ തുടങ്ങും. അതോണ്ട് ഇനി ഒന്നും ഞാൻ പറയൂല്ല.

മഴേം ഇരുട്ടും നല്ല കോമ്പിനേഷൻ ആണ് . ഇരുട്ടിന്റെ നിശബ്ദത മഴേടെ പാട്ടിന്  ഒരു പ്രത്യേക ഫീൽ  നൽകും . വേളിയ്ക്ക്  മുൻപ്  അവിടെ എന്റെ ഇല്ലത്ത് മഴക്കാല രാത്രികളിൽ  ഈ ഒരു ഫീൽ  അനുഭവിക്കാൻ വേണ്ടി ഞാൻ ഉറങ്ങാതെ  കാതോർത്ത്  കിടന്നിട്ടുണ്ട് . അവിടെ ഉണ്ണണ മുറി  അപ്പടി ചോരും . പുറത്താണോ  ഉള്ളിലാണോ മഴാന്ന് തോന്നിപ്പോവും. ആ ചോർച്ച  ഈ തവണ ണ്ടാവില്ല . മോളി അച്ചോൾ  അവിടത്തെ പട്ടികേം കഴുക്കോലും  ഒക്കേം അഴിച്ച് ആദ്യേ ശരിയാക്കിച്ചു. പുതിയ ഓടും വെച്ചു. ഇപ്പൊ തോന്നാ അത് വേണ്ടായിരുന്നു എന്ന് . ഇരുന്നൂറിൽ അധികം വർഷം പഴക്കള്ള  ഒരു കളപ്പുരയ്ക്ക്  ഒരു ചോർച്ചേങ്കിലും  വേണ്ടേ ലെ?ഞങ്ങൾടെ  താവഴി  തൃശൂര്ന്ന്  ഇങ്ങട്ടേക്ക് താമസം മാറ്റ്യപ്പോ  കളപ്പുര താമസയോഗ്യമാക്കി മാറ്റി. ഓരോ കാലത്തും കൂട്ടി കൂട്ടി  എടുത്തു. ഇപ്പൊ കളപ്പുരേൽ  ഒരു വല്യേ ഇറയം ,തളം , കിഴക്കേ അകം,പടിഞ്ഞാറകം ,പൊറത്തെ മുറി,നടുവിലകം ,പിന്നെ 2 ഇടനാഴി ,അടുക്കള ഉണ്ണണ  മുറി  ഒക്കെണ്ട് . ഈ പേരുകളോടുള്ള  ഇഷ്ടം കൊണ്ട് മാത്രാണ് ട്ടോ  ഇത് മുഴോനും എഴുതീത്.

പറഞ്ഞു വന്നത് മഴേനേം ,ഇരുട്ടിനേം പറ്റി . ഏറേത്ത്  ഇരുന്നാൽ മഴ കാണാൻ രസാണ് . ഓടുകളിൽ നിന്നും മഴ ഒലിച്ചു  വീഴണ  കണ്ടാൽ  മഴക്കോലുകൾ കൊണ്ടൊരു അഴിയിട്ടേക്കാണ് ഏറേത്ത് ന്ന്  തോന്നും. അത്ര കൃത്യായിട്ടാണ് . പണ്ടൊക്കെ (ബടുക്കൂസ് ആയിരുന്ന കാലത്ത് -ഇപ്പഴും അതന്നെ ന്ന് ആരും പറയണ്ട.)ഇത് വടിയാന്നു കരുതി  പിടിക്കാൻ ശ്രമിച്ച്ണ്ട് .ഈ മഴേടെ ചെല നേരത്തെ ഇരമ്പല് കേട്ടാ തോന്നും എങ്ങാണ്ട്ന്നോ  ഓടിക്കിതച്ച് , തിമിർത്ത്  പെയ്യാൻ വേണ്ടി  വരാണ് ന്ന് . ചുമ്മാ ചാറുന്നെ  ഉള്ളൂന്നെ !!! അത് കണ്ടാ തോന്നും എങ്ങന്യാ പെയ്യണ്ടേന്ന് മറന്നു പോയെന്ന് . മരങ്ങൾ  പെയ്യണ  കണ്ടാലോ  ഒരു പെരുമഴ ഇപ്പൊ കഴിഞ്ഞേ ഉള്ളൂന്ന് തോന്നും  . ഇലകൾ പെയ്യിക്കണ  മഴ നനയാറുണ്ട് ഞാൻ. അവിടെ  ഇല്ലത്തേക്കുള്ള  വഴിയിൽ  പണ്ട് വലിയ മൈലാഞ്ചി മരങ്ങൾ ണ്ടായിരുന്നു. മഴ പെയ്തു കഴിഞ്ഞാ ഓടും അതിന്റെ ചോട്ടിലേക്ക് . മുഖം ഉയർത്തി പിടിച്ച്  മരം കുലുക്കും. ഇലകളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ  അങ്ങനെ ഞാൻ " ഇലകൾ പെയ്യിച്ച മഴ"യാക്കും  . ഇലകളോട്  എനിക്ക് ഒരു കാലത്ത് വല്യേ പ്രാന്തിഷ്ടം ആയിരുന്നു. ഇലകളെ ഈർക്കിൽ കൊണ്ട് കൂട്ടിക്കുത്തി  തൊപ്പിയുണ്ടാക്കുമായിരുന്നു . എല്ലാ ചെടികൾടേം  തളിരിലകൾ .....അത് കണ്ടാൽ ഞാൻ  അതിനെ പതുക്കെ തലോടും. അച്ചൂന്റെ  മുഖത്ത്  തലോടണ  കൂട്ട് !!!!!

മഴ തരണ ഉമ്മയ്ക്ക്  പലപ്പോഴും പല  സുഖാണ് . എനിക്ക്  മിക്കവാറും അമ്മ തരണ ഉമ്മേടെ  സ്നേഹാന്നാ തോന്നാ .പക്ഷെ  ചിലപ്പോ ഒക്കെ അത് നീ തരണ ഉമ്മേടെ  കൂട്ടന്ന്യാ !!!!

മഴ തൊടങ്ങിയാൽ  അവിടെ എന്റെ ഇല്ലത്ത് മുറ്റത്തേക്ക്  പുളീടെ ചീഞ്ഞ കറുത്ത ഇലേം അതിൽ , ഇളം മഞ്ഞേം,ചന്ദന നെറോം കലർന്ന പൂവും (ഈ തെങ്ങിൻ പൂക്കുലേലെ  പൂവ് പോലെ തോന്നും പുളീടെ പൂവുകണ്ടാൽ . )ഒക്കേം ഒലിച്ച്  വന്ന് ആകെ ഭംഗി കൊറവാക്കും മിറ്റം . മഴ നനഞ്ഞ പുളി  മരം കാണാൻ നല്ല ചന്താണ് . ആകെ തളിർത്ത് , നനഞ്ഞു നനഞ്ഞ് കൊമ്പുകളും തടീം ഒക്കെ കറുത്ത നിറോം ആയിട്ടങ്ങനെ. ...ഇതിനിടേല്  പറയ്ക്ക് വെച്ച നെല്ല്  അവിടവിടെ ആയി  വീണു പോയതൊക്കെ മിറ്റത്ത് കിടന്ന് മഴേത്ത് മൊളച്ച് കുഞ്ഞ്യേ ഞാറായി  നിക്കും മിറ്റത്ത് . അങ്ങനെ ആകെ കൂടി  നല്ല ഭംഗ്യാവും മിറ്റം . കുഞ്ഞായിരുന്നപ്പോ ഈ ഞാറ്  ഒക്കേം പറിച്ച് അതിനടീലെ  നെൽ വിത്തിനെ  എടുക്കും. വെർതെ  ഒരു രസം . മുത്തങ്ങേം ണ്ടാവും . അതും പറിക്കും . എനിക്കീ  നനഞ്ഞ മണ്ണ് പറ്റിപ്പിടിച്ച വേരുകളുടെ മണം  നല്ല ഇഷ്ടാണ് . ഇപ്പൊക്കെ എവട്യാ മിറ്റം !!!!ഒരിച്ചിരി പോന്നത്ണ്ടെങ്കിലോ  അപ്പൊ അതില് സിമന്റ്  തേക്കും . പക്ഷെ അവടെ ന്റെ ഇല്ലത്ത് ഇപ്പഴും അങ്ങനെ തന്നെണ്ട് ആ വല്യ മിറ്റം .

പണ്ട് അവടെ തേക്കിന്റെ ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ണ്ടായിരുന്നു . കറന്റ് പോയാൽ  അപ്പൊ അതിൽ പോയി തട്ടും ,അപ്പൊ വരികയും ചെയ്യും. ഒടുക്കം അത് വീഴാറായപ്പോ  മാറ്റി സിമന്റ് കാൽ ആക്കി. അവടെ എത്തുമ്പോൾ , പാടത്തും പറമ്പിലും ഒക്കെ നടക്കുമ്പോൾ ഇപ്പഴും ഞാൻ അറിയാതെ പാടാറുണ്ട്   "വെണ്ണിലാ ചന്ദനക്കിണ്ണം " ന്ന പാട്ട് .ഒരു കാലത്ത് ന്റെ ഏറ്റോം പ്രിയായിരുന്നു അത്. മഴയും , വെയിലും,ഇരുട്ടും,വെളിച്ചോം ഒക്കെ അവടന്നെ ആയിരുന്നു രസം . അല്ലെങ്കിലും അതൊക്കെ എല്ലാർക്കും  അങ്ങനെ തന്നെ. അല്ലെ  ? സ്വന്തം വീടിന്റെ സുഖം,നന്മ,ഒക്കെ ആർക്കാ  പറഞ്ഞാലും , അനുഭവിച്ചാലും മത്യാവാ !!!!!

ഇന്നലെ രാത്രി  മഴയ്ക്ക് മണം  കൊടുക്കാൻ ചെമ്പകം നെറച്ചും പൂത്തു . നല്ല ഒന്നാം ക്ലാസ് പ്രണയിനി യായ എനിക്ക് (ആ അഭിപ്രായം ന്റെ മാത്രം !നീയും സമ്മതിക്കില്ലേ  ഞാൻ  അങ്ങനെയാന്ന് ???)സാധാരണ ഇത്തരം അനുഭവങ്ങൾ  വരുമ്പോൾ പ്രണയം തലയ്ക്കു പിടിച്ച് ഒരു വഴിക്കാകും.പക്ഷെ ന്തോ ഇന്നലെ  ഒന്നും തോന്നീല്ല.  :( . പകരം , മനസ്സിൽ  ഒരു  ഗന്ധരാജന്റെ  പൂവ്  കാണണംന്നാ  തോന്ന്യേ !!! അതിന്റെ മണം എനിക്ക് ചുറ്റും നിറയുന്ന പോലെ തോന്നി. എനിക്കേറ്റോം  ഇഷ്ടള്ള  പൂവ് ,മണം ഒക്കെയാണ് അത്. അതിനോളം ന്നെ മോഹിപ്പിച്ച മറ്റൊരു ഗന്ധം (നിന്റെ സ്നേഹത്തിന്റെയൊഴികെ )വേറെയില്ല. മുറ്റം നിറയെ  ഒരു വശം ഗന്ധരാജനും  മറുവശം  മണമുള്ള നന്ത്യാർവട്ടോം ഇടയിൽ  നാലുമണി പൂവും (മൻസൂർ  പറയുന്നത് സത്യാ . ഈ നാല് മണി പൂവിന്  ഒരു നാട്ടിൻപുറത്ത്കാരി  പെണ്ണിന്റെ ഭാവാ!!!!!ഒരു നാണം കുണുങ്ങി പെണ്ണ് ....ന്നെ പോലേന്ന് വേണേൽ ഞാൻ കൂട്ടി പറയാം  :P  ).
കമ്മൽ പൂവും,വേലിയരികിൽ  പവിഴമല്ലീം,അശോകോം,ഇലഞ്ഞീം പാരിജാതോം,ചെമ്പകോം ഒക്കെ വേണംന്നുള്ളത്  ന്റെ വല്യേ മോഹാണ് . ഏറ്റോം  ഇഷ്ടള്ള  പൂക്കൾടെ  പേര് പറയാൻ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കും ഞാൻ പറയാ . എങ്കിലും ഏറെ പ്രിയം ഗന്ധരാജനോട്  തന്നെ.

ഓരോ പൂമണങ്ങളും ഓരോരോ ഓർമ്മകളുടേതാണ് . ചെമ്പകപ്പൂവിന്റെ മണം സ്കൂൾ ഓർമ്മകൾ ആണ്. കൂട്ടുകാരികൾ തരാറുണ്ടായിരുന്ന  ചുവന്ന ചെമ്പക പൂക്കൾ . വെള്ള ചെമ്പകത്തിന്റെ മൃദുവായ മണായിരുന്നു എനിക്കിഷ്ടം . എങ്കിലും അവര് തരുമ്പോൾ വാങ്ങും . ബോക്സിൽ എടുത്തു വെക്കും.വീട്ടില് എത്തിയാൽ അലമാരയ്ക്കുള്ളിൽ  എടുത്ത് വെക്കും. വീട്ടില് ഉണ്ടായിരുന്ന വെള്ള ചെമ്പകം  മുഴോനും കൊണ്ടോയി  സ്കൂളിൽ പോവുമ്പോ പള്ളീൽ വെക്കും. അന്നൊക്കെ ബസുകളിൽ മുഴോനും വല്യേ വല്യേ ചെമ്പക മാലകൾണ്ടാവും. അങ്ങനെ ബസിലും നിറയെ ചെമ്പക മണം . 

നന്ത്യാർവട്ട  പൂക്കൾടെ മണം  എനിക്ക് രവി അഫന്റെ ഓർമ്മയാണ് . ചീട്ടു കളിക്കാൻ പഠിപ്പിച്ച  ക്രിക്കറ്റ്  പ്രാന്തനായിരുന്ന രവി അഫൻ . ഇന്നിവിടെ ഇരുന്നു ഈ പോസ്റ്റ്‌ ഇടാൻ മാത്രം ഞാൻ ആയെങ്കിൽ  അതിനൊരു കാരണം പുള്ളീടെ വാക്കുകൾ  മാത്രം. പാരിജാതത്തിന്റെ മണം ഏറെ പ്രിയപ്പെട്ട "ഞാൻ ഗന്ധർവൻ"  എന്ന സിനിമ മാത്രം.മുല്ലപ്പൂവിന്റെ മണം  ന്റെ വല്യേ വെക്കേഷൻ കാലങ്ങളുടെ ഓർമ്മകൾ ആണ് തരുന്നത്. ആ സമയത്താണ് അവിടെ മുല്ല പൂക്കാറുള്ളത് . കഷ്ടി നാല് ദിവസേണ്ടാവൂ അത്. പക്ഷെ ആ നാല് ദിവസം കിട്ടണ മുല്ല മൊട്ടുകൾക്ക്  കണക്കില്ല . പൊട്ടിക്കാനും തലേൽ വെക്കാനും ഞാൻ മാത്രം. മാല കെട്ടാൻ അത്ര നിശണ്ടായിരുന്നില്ല . ന്നാലും ഒപ്പിച്ചു പിന്നെ. ഇത് മുഴോനും വെക്കാനാച്ചാലോ എനിക്ക് തലമുടീം കൊറവായിരുന്നു . ന്നാലും ഞാൻ വെക്കും.അശോകം അടുത്തുള്ള ചേലൂർ മനേ  ഓർമ്മിപ്പിക്കും . ഇലഞ്ഞി പൂക്കൾ  പിന്നിലെ പാടത്ത്ന്ന് പണ്ടൊരിക്കൽ പെറുക്കി കൂട്ടി മാലയാക്കി ഏതോ ദൈവത്തിന്റെ ഫോട്ടോൽ  ഇട്ടത ഒര്മ്മിപ്പിക്കും. കനകാംബരോം,റോസാപ്പൂവും ,കോയമ്പത്തൂർ മുല്ലേം ഒക്കെ ന്റെ അമ്മാത്തിനെ  ഓർമ്മിപ്പിക്കും . പാലപ്പൂക്കൾക്ക്  ന്റെ ബ്ലോഗിങ്ങ് ന്റെ ആദ്യ കാല പോസ്റ്റുകളുടെ ഓർമ്മ്യാ . പുല്ലാനി പൂക്കൾ കോഴിക്കോട് യാത്രകളുടെ ഓർമ്മകളാണ്  തരുന്നത്. 
പനികൂർക്കയിലയ്ക്ക് , അരിഷ്ടത്തിന് ,രാസ്നാദി പൊടിക്ക് ഒക്കെ  ന്റെ കണ്ണീരിന്റെ ഓർമ്മമണാ !!!! :( 

ചെനച്ച മൂവാണ്ടൻ  മാങ്ങേടെ മണം,അതിന്  ഒരുപാട് ഒത്തുചേരലുകളുടെ ഓർമ്മകൾ ആണ്. അന്നൊക്കെ രാക്കൂം കൂട്ടുകാരും  വന്ന്  മാങ്ങ മുഴോനും എറിഞ്ഞു വീഴ്ത്തും. അത് നുറുക്കി അതിൽ ഉപ്പും മുളക് പൊടീം ഉള്ളീം കൂട്ടി തിരുമ്പി ഇളക്കി സെർവ്  ചെയ്യേണ്ട പണി ന്റെ ആയിരുന്നു. ന്ത്‌ വല്യേ മാങ്ങോളായിരുന്നൂന്നോ!!!(ഇപ്പഴും മാങ്ങാ കാലത്ത് ഇല്ലത്തേക്ക് പോവുമ്പോൾ   ഈ തീറ്റ മൊടക്കാറില്ല  :P . ഇവടെ ആർക്കും  ഇഷ്ടല്ല ഇമ്മാതിരിയൊന്നും  :( )കൽച്ചട്ടീൽ  വെക്കണ കുറുകിയ സാമ്പാറിന് അമ്മാത്തെ മുത്തശ്ശന്റെ  ഓർമ്മേടെ  മണാ !!!!പുളീം മുളകും തിരുമ്പുമ്പോൾ ഇപ്പഴും ആദ്യം അച്ഛമ്മേടെ  മണാ ആദ്യം മൂക്കിൽക്ക്  വരാ.അലക്കി കൊണ്ടന്ന മുണ്ടുകൾ മുത്തശ്ശി ഉടുക്കാൻ തരുമ്പോഴും അച്ഛമ്മേ  മിസ്സ്‌ ചെയ്യും .

ഇനിയുമുണ്ട്  പറയാൻ ഒരുപാട് ഓർമ്മ മണങ്ങൾ !!!ചിലതിനെ വാക്കുകൾക്കുള്ളിൽ കുരുക്കിയിടാൻ പാടാണ് .അതിങ്ങനെ മനസ്സിൽ  തുള്ളി തുളുമ്പി  ഒരു തോരാമഴയായി  നിലനിൽക്കും .

ഇടമുറിഞ്ഞിടമുറിഞ്ഞൊരു  ഇടവപ്പാതി.............
എന്നിട്ടും തിരുവാതിര ഞാറ്റുവേലയിലെ  തിരിമുറിയാ  പെയ്യൽ  പോലെ നീയും , നിന്റെ പ്രണയവും !!!!!
എന്നിൽ പെയ്യുന്ന ഒരു നോവു മഴ !!!!
നിന്റെ ഓർമ്മകൾ ബാക്കി വെക്കുന്നതിനെ എല്ലാം ഞാനിപ്പോൾ ഉപേക്ഷിക്കാൻ  ശ്രമിക്കയാണ് .........
അസാധ്യം എന്നറിഞ്ഞിട്ടും ഒരു ശ്രമം .
ഒരു പാഴ്ശ്രമം !!!

എങ്ങോട്ടോ പോവാനൊരുങ്ങുന്ന  ഒരു  തീവണ്ടീടെ  ശബ്ദം കേക്കണൂ . 
പുറത്ത്  ദേ  മഴ തുടങ്ങി!!!!!!!!! 
ഇന്ദു  പറഞ്ഞ പോലെ ഇപ്പൊ ബസിൽ  അറ്റത്തെ സീറ്റിൽ ഇരുന്നോണ്ട് ഒരു യാത്ര പോണം.  
മഞ്ഞും മഴേം കണ്ടോണ്ട്  ഒരു യാത്ര!!!!!!