Saturday, February 6, 2016

ഞാൻ......നീയെന്ന സ്വപ്നത്തിലാണെന്നാണ് ..............!!!!!!

നടുമുറ്റത്ത് വീണെത്തിയ മഴവെള്ളം
ഒഴുകാൻ മടിച്ചെന്ന പോൽ മണ്ണിനെ കെട്ടിപ്പിടിച്ചു കിടക്കണ നോക്കി ചിരിച്ചു കൊണ്ടിരിക്കുകായിരുന്ന എനിക്ക് മുന്നിലേക്ക്,
കൂവയിലയുടെ അറ്റം കെട്ടിയുണ്ടാക്കിയ ഒരു ഇലവഞ്ചി  നിറയെ
പവിഴമല്ലിപ്പൂക്കൾ നിറച്ച് എനിക്ക് നേരെ ഒഴുക്കി വിട്ടിരുന്നു
മഴ തോർന്നൊരു രാവിൽ നീ..............!!!!!!!
രണ്ടു മിന്നാമിനുങ്ങുകളായി ഈ പച്ചത്തോണിയിൽ പൂക്കൾക്കിടയിലിരുന്നുകൊണ്ട് നമുക്ക് സ്വപ്നങ്ങളുടെ താഴ്വരയിലേക്ക് പോകാം..............എന്ന നിന്റെ ചോദ്യം എന്നെ നിമിഷനേരം കൊണ്ട്  അവിടേക്കെത്തിച്ചു.

ഞാനിതുവരേയ്ക്കും കണ്ണാന്തളീം,കൊടുവേലീം,കൈതപ്പൂവും കണ്ടിട്ടേയില്ലെന്ന് സങ്കടം പറയുമ്പോ
നീയെന്നെ പറഞ്ഞു കൊതിപ്പിക്കാറില്ലേ  പാടവക്കത്ത് കൈതപ്പൂക്കാടുണ്ട്, തോടിനപ്പുറം കണ്ണാന്തളിയും കൊടുവേലിയും നിറഞ്ഞൊരു തൊടിയുണ്ടെന്നൊക്കെ.............
വെള്ളമിറ്റി വീണോണ്ടിരിക്കുന്ന, നീണ്ട തണ്ടോട് കൂടിയ വെള്ളയും ചുവപ്പും ആമ്പൽ പൂക്കൾ നിറച്ചൊരു പൂവട്ടി ഒരു കയ്യിലും മറു കൈ നിന്റെ കൈത്തണ്ടയിൽ പിടിച്ചും ഒരിക്കലെനിക്ക് നടന്നു പോകണം ആ തൊടി കാണാൻ.......

മഞ്ഞ മാങ്ങാനാറി പൂവിനോടുള്ള കറുമ്പൻ പൂമ്പാറ്റേടെ പ്രണയം ചൂണ്ടിക്കാണിച്ച് 
കണ്ണിൽ കുസൃതി നിറച്ചു നീയെന്നെ നോക്കി ചിരിച്ചപ്പോൾ.......
എന്റെ ചുണ്ടുകൾ നിന്റെ ചുംബനം ഏറ്റു വാങ്ങാൻ കൊതി പൂണ്ടു നിന്നു.

നിനക്കൊപ്പമല്ലാതൊരു യാത്ര പോവാനുണ്ടെന്നു പറഞ്ഞപ്പോൾ നീ പറഞ്ഞിരുന്നു
"ഞാനില്ലാത്ത യാത്രകളൊന്നും നിന്റെ ജീവിതത്തിലുണ്ടാകില്ല പെണ്ണേയെന്ന്.
കാറ്റായി വന്നുമ്മ വെച്ചും, കാഴ്ചകളായി വന്നു കണ്ണിൽ നിറഞ്ഞും നീയെന്റെ ഓരോ യാത്രയിലും ഒപ്പമുണ്ടായിരിക്കുമെന്ന് " .

അങ്ങനെയൊരു  രാത്രി യാത്രയിലാണ് ഒരിക്കൽ നീ പറഞ്ഞ,
പ്രിയപ്പെട്ടവനെ കാത്തിരിക്കുന്ന,
രാത്രിയിലുറങ്ങാത്ത ചില കുറുമ്പിപ്പൂക്കളേയും അവരുടെ പ്രണയത്തേയും കണ്ടത്.
നിലാവിൽ പ്രണയലേഖനമെഴുതിയും രാക്കാറ്റിൽ അത് പറത്തി വിട്ടും,
ഇരുട്ടിനേയും, നക്ഷത്രങ്ങളേയും സാക്ഷി നിർത്തി അവർ പ്രണയിച്ചു കൊണ്ടേയിരുന്നു.
പിറ്റേ പകലിൽ വിരിഞ്ഞു നിക്കുമ്പോൾ
ചിലപ്പോഴൊക്കെയും അവരുടെ ഇതളുകളിൽ
ഒരു വിഷാദം പടർന്നിട്ടുണ്ടെന്നു
പിന്നീടെനിക്ക് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.

പ്രണയം ആത്യന്തികമായും വേദന മാത്രമാണ്.
ആ വേദനയിലാണ് അതിന്റെ ഭംഗിയും, ആഴവും, മനോഹാരിതയും ഒക്കെ............
അല്ലെ??????

അമ്പലമുറ്റത്തെ പാലമരത്തിലെ ഏറ്റവും മുകളിലെ കൊമ്പിലൊരു മൈനക്കൂട് നീ കാണിച്ചു തന്നപ്പോൾ,
പാല പൂക്കുന്ന രാവുകളിലാ കൂട്ടിൽ കൊക്കും ചിറകും ചേർത്ത് വെച്ചിരിക്കുന്ന
മൈനപ്പെണ്ണും ചെക്കനുമാണ്  ഈ ലോകത്തിലേറ്റവും അധികം ഭാഗ്യം ചെയ്തവരെന്ന്
അല്പം നഷ്ടബോധത്തോടെ നീ പറഞ്ഞപ്പോൾ
ഞാനും ആഗ്രഹിച്ചിട്ടുണ്ട്  ഒരു രാവിലേക്കെങ്കിലും നമുക്കും ആ കൂട്ടിൽ അങ്ങനെ കഴിയാൻ സാധിച്ചെങ്കിലെന്ന്.


നീ നൽകിയ നിമിഷങ്ങളെല്ലാം
ഏറ്റവും മനോഹരങ്ങളായ.............
ആരും കാണാനും,അനുഭവിക്കാനും,സ്വന്തമാക്കാനും
ആഗ്രഹിക്കുന്ന സ്വപ്നങ്ങളായി............
എന്നിൽ ശേഷിക്കുന്നിടത്തോളം കാലം..........
ഞാനെന്നെ നിർവചിക്കുന്നത് ............

"ഞാൻ.......... നീയെന്ന സ്വപ്നത്തിന്റെ
രാവും,പകലും വിടർന്നു നിൽക്കുന്ന.....
ഒരിക്കലും വാടാത്തൊരു പേരറിയാ പൂവെന്നാണ്.

ഞാൻ......നീയെന്ന സ്വപ്നത്തിലാണെന്നാണ്" ..............!!!!!!