Saturday, December 31, 2011

നന്ദി നീ നല്‍കിയ പ്രണയത്തിന്............


കടന്നുപോകുന്ന നിമിഷങ്ങളിലൂടെ യാത്ര പറയുന്നത് ആയുസ്സിലെ ഒരു വര്‍ഷം ആണ്.
എപ്പോഴൊക്കെയോ ചിരിയും, മിക്കപ്പോഴും കണ്ണുനീരും തന്ന ഒരു വര്‍ഷം.
യാത്ര പറയുമ്പോള്‍ നോക്കി ചിരിക്കാനെ ആവുന്നുള്ളൂ.

ഈ ദിവസം ഏറെ സുന്ദരമായിരുന്നു.
ഇന്നലത്തെ സായാഹ്നവും.
അവന്റെ പ്രണയത്തിന്റെ നിറമുള്ള,
അവനിഷ്ടപ്പെട്ട സാരിയുടുത്ത് ഞാന്‍ പോയത് ഒരിക്കല്‍ അവന്റെ പാദങ്ങളുടെ മൃദുലത അറിഞ്ഞ ഒരു മണല്പരപ്പിലേക്കായിരുന്നു.
അതെ,ഇന്നലെ കിന്നാരം പറഞ്ഞത് മുഴുവനും നിളയോടായിരുന്നു.
അവളും എന്നെ പോലെ തന്നെ.
എത്ര സംസാരിച്ചാലും മതിയാവില്ല.
ഉള്ളില്‍ നിറയുന്ന കണ്ണുനീരിനും,വിലാപങ്ങള്‍ക്കുമപ്പുറം അവള്‍ ചിരിയുടെ മൂടുപടം അണിഞ്ഞിരുന്നു.
ഞാനും അങ്ങനെയല്ലേ???
അതെ.
നിളയ്ക്കൊരിക്കലും മിണ്ടാതിരിക്കാനാവില്ല.
അവളുടെ തീരങ്ങളില്‍ മൌനമാഗ്രഹിച്ചു ചെന്ന എന്നോട് അവള്‍ വാ തോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
ഞാനും അവളോട്‌ പറഞ്ഞു എന്റെ കണ്ണുനീരിന്റെ കാരണങ്ങളെ പറ്റി.............
എന്റെ പ്രണയത്തിന്റെ വികൃതികളെ പറ്റി.............

നിളയുടെ മണല്‍ പരപ്പില്‍ ചെന്നിരിക്കാന്‍,
വിരലുകള്‍ കൊണ്ട് അവളെ തലോടാന്‍,
അവളുടെ കുളിരുള്ള കൈത്തലങ്ങള്‍ കൊണ്ട് മുഖമൊന്നു പൊതിയാന്‍ മനസ് കൊതിച്ചു.
നടന്നില്ല.

ആകാശം മുഴുവനും ചാന്തു കുടഞ്ഞുകൊണ്ട് സൂര്യന്‍ യാത്ര തുടങ്ങുകയായിരുന്നു.
ചെമ്മാനവും,നിളയുടെ തീരവും,പിന്നെ ഒരു ചാറ്റല്‍ മഴയും.
അസ്തമയസൂര്യന്റെ ഭംഗി മഴത്തുള്ളികള്‍ വീണു നനഞ്ഞ മിഴികളോടെ,
മഞ്ഞു പെയ്യുന്ന മരങ്ങളുടെ ചുവട്ടില്‍,
മഞ്ഞിന്റെ കുളിരില്‍ മൂടിപ്പുതച്ചുറങ്ങാന്‍ കൊതിക്കുന്ന,
അതിനായി വട്ടം കൂട്ടുന്ന ഇലകളുടെ നിഴലില്‍ ഇരുന്ന്,
അതും നിളയുടെ ഒപ്പമിരുന്നുകൊണ്ട് ആ സായാഹ്നം ആസ്വദിക്കാന്‍ കഴിഞ്ഞത്.........
അതൊരു അനുഭൂതിയായിരുന്നു.
പ്രിയപ്പെട്ടവനെ.............
ഇനി നമ്മള്‍ കാണേണ്ടത് നിളയോരത്ത് വെച്ചാണ്.
അവിടെയിരുന്നു നമുക്ക് അസ്തമയ സൂര്യന്റെ ഭംഗി കാണണം.
ചുവന്ന ആകാശത്തില്‍ നമ്മുടെ പ്രണയത്തിന്റെ സ്വപ്നങ്ങളെ വാരി വിതറണം.
ചന്ദ്രനും നക്ഷത്രങ്ങളും നമ്മെ നോക്കി കുസൃതിയോടെ ചിരിക്കുന്നത് കാണണം.
മൌനത്തിലൂടെ പ്രണയം പങ്കു വെയ്ക്കണം.
ആ മണലില്‍ നമ്മുടെ പേരുകള്‍ ചേര്‍ത്തെഴുതണം.
ആ ഓളങ്ങളില്‍ നമ്മുടെ കൈത്തലങ്ങളെ ഒരുമിച്ചു ചേര്‍ത്ത് പിടിക്കണം.

അപ്രതീക്ഷിതമായി മഴ പെയ്തു.
ഒരു ചാറ്റല്‍ മഴ.
ആ മഴ ഇന്നും പെയ്തു.
പാലപ്പൂക്കളിലേക്ക് മഴ വന്നു വീഴുന്നതും,അത് നാണിച്ചു ഇലകള്‍ക്കടിയിലേക്ക് മറയാന്‍ ശ്രമിക്കുന്നതും ഇന്ന് കണ്ടു.
ശക്തിയുള്ള കാറ്റില്‍ വിറയ്ക്കുന്ന അരയാലിന്‍ ഇലകള്‍ പേടിച്ച് നാമം ജപിക്കുന്നതും ഇന്ന് കണ്ടു.
രണ്ടു കുല പാലപ്പൂക്കള്‍ ഇന്ന് കിട്ടി.
ഒപ്പം വേറെ കുറെ പൂക്കളും.
എല്ലാം കൂട്ടിക്കെട്ടി ഭംഗിയുള്ള ഒരു പൂച്ചെണ്ട് ഉണ്ടാക്കി.
മഞ്ഞയും ചുവപ്പും വെള്ളയും ഒക്കെ കൂടിയുള്ള ഒരു കുഞ്ഞു പൂച്ചെണ്ട്.

ഇന്ന് രാവിലെ മലമക്കാവിലേക്ക് തൊഴാന്‍ പോയപ്പഴാണ് ഇതൊക്കെ സംഭവിച്ചത്.
മഞ്ഞും,മഴയും കൂടെയൊരു പുലരിയും............
ഇന്നത്തെ ദിവസം മനോഹരമാവാന്‍ ഇതില്‍ കൂടുതലെന്തു വേണം!!!!!!!!!!!!!!!
അവിടെ തറവാട്ടു മുറ്റത്ത്‌ നിന്ന ആ വലിയ ചെടി രുദ്രാക്ഷത്തിന്റെ ആയിരുന്നു.
ആദ്യമായാണ്‌ രുദ്രാക്ഷത്തിന്റെ ചെടിയും,പൂവും ഒക്കെ കാണുന്നെ.
വലിയ സന്തോഷം തോന്നി.
മുറ്റത്ത്‌ ചുവന്ന രാജമല്ലിയും,ചെമ്പരത്തിയും,ഡെക്കോമ പൂക്കളും ധാരാളം നിന്നിരുന്നു.
അത് കണ്ടപ്പോള്‍ പണ്ടുണ്ടാക്കിയ ബൊക്കെ ഓര്‍മ്മ വന്നു.
ഓടിച്ചെന്നു അവയെ പൊട്ടിച്ചു.
ഒരു ബൊക്കെ ആക്കി.
ഇറയത്ത്‌ അതും പിടിച്ചുകൊണ്ട് ഇരിക്കുന്ന കുറെ ഫോട്ടോ എടുത്തു.
ആ പൂക്കളും,പൂച്ചെണ്ടും ഒക്കെ നിനക്ക് വേണ്ടി ആയിരുന്നു.
എന്റെ പ്രണയം ആ പൂക്കളിലേക്ക്‌ സ്വയം നിറയുകയായിരുന്നു.
പാലപ്പൂക്കളുടെ മാദക ഗന്ധവും,വെള്ള മോസാണ്ടയുടെ നിഷ്കളങ്കതയും,രാജമല്ലിയുടെ കുറുമ്പും,ഡെക്കോമയുടെ സൗന്ദര്യവും എന്റെ പ്രണയം അണിഞ്ഞു.
നിന്നോടെനിക്കുള്ള പ്രണയം അത് വാക്കുകള്‍ക്കുമപ്പുറത്താവുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ്.

ഈ ദിനം വിട പറയുമ്പോള്‍,
അതിലൂടെ ഈ വര്‍ഷം പോയ്‌ മറയുമ്പോള്‍
എനിക്ക് പറയാനുള്ളത് ഇതാണ്.
"നന്ദി നീ നല്‍കിയ പ്രണയത്തിന്............
അതിലൂടെയാണ് എന്റെ അസ്ഥിത്വം ഞാന്‍ അറിഞ്ഞത്.
നന്ദി നീ നല്‍കിയ വേദനകള്‍ക്ക്................
അതിലൂടെയാണ് എന്റെ പ്രണയം വേരുകളൂന്നിയത്.
നന്ദി നിന്റെ മൌനത്തിന്..................
അതിലൂടെയാണ് നീയെന്നെ ഇത്രയേറെ പ്രണയിക്കുന്നുവെന്നു ഞാന്‍ അറിഞ്ഞത്."

(ഒരു മരണം ഓര്‍മ്മയില്‍ നിറയുന്നു.
ഒരു ജനുവരി ഒന്നാം തീയതിയില്‍ വളരെ പ്രിയപ്പെട്ട ഒരാള്‍,
ചീട്ടു കളിക്കാനും,കവടി കളിക്കാനും പഠിപ്പിച്ചു തന്ന എന്റെ അഫന്‍ എന്നെ വിട്ടു പോയി.
മരണം ഇത്ര എളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നാണെന്ന് ഞാന്‍ മനസിലാക്കിയത് അന്നാണ്.
അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഒന്നാം ഘട്ട ദുരിതങ്ങള്‍ സംഭവിക്കുമായിരുന്നില്ല.
ഓരോ ജനുവരിയും കടന്നു വരുന്നത് കണ്ണുനീരോടെയാണ്.
ഹൃദയത്തില്‍ ഒരു മുറിപ്പാട് വീഴ്ത്തിക്കൊണ്ടാണ്.)
എങ്കിലും എന്റെ ദുഃഖം എന്റേത് മാത്രമാക്കിക്കൊണ്ട്
ഈ വഴി വരുന്ന എല്ലാവര്‍ക്കും നേരുന്നു ഹൃദയം നിറഞ്ഞ നവ വര്‍ഷത്തിന്റെ ആശംസകള്‍..
മോഹങ്ങളും,സ്വപ്നങ്ങളും,പ്രതീക്ഷകളും സാഫല്യം നേടട്ടെ.
എവിടെ നിന്നൊക്കെയോ പടക്കം പൊട്ടുന്നതും ആര്‍പ്പു വിളിക്കുന്നതും ഒക്കെ ആയ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.

Wednesday, December 28, 2011

നീ അറിയാന്‍ മാത്രം.....


നീ കാറ്റില്‍ പറത്തിയ എന്നെ കുറിച്ചുള്ള നിന്റെ ഓര്‍മ്മകളെ
ഞാന്‍ വാരിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.
നീ അഗ്നിയില്‍ ദഹിപ്പിച്ച നിന്നോടുള്ള എന്റെ സ്നേഹത്തെ
ഞാന്‍ വെള്ളം തൂവി ചൂടാറ്റി സൂക്ഷിച്ചിട്ടുണ്ട്.
നീ നിന്റെ മനസ്സിലെ മേഘങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിന്റെ പ്രണയത്തെ
ഞാന്‍ ഒരു മഴയായ് പെയ്യിച്ച് എന്റെ മനസ്സെന്ന കടലില്‍ നിറച്ചു വെച്ചിട്ടുണ്ട്.
നീയിപ്പോള്‍ കരുതുന്നുണ്ടാകും....
ഞാന്‍ ഇതെല്ലാം സൂക്ഷിച്ചത് വെറുതെയെന്ന്.
എങ്കില്‍ നീയറിഞ്ഞോളൂ.
ഇതെല്ലാം നിനക്ക് വേണ്ടി തന്നെയാണെന്ന്.
ഒരിക്കല്‍ നീ നിന്റെ ഈ നഷ്ടങ്ങളെ ഓര്‍ത്ത് കണ്ണുനീരണിയുമ്പോള്‍
ഇതെല്ലാം കൊണ്ട് ഞാന്‍ നിന്റെ അടുത്തേക്ക് വരും.
നിന്റെ ഓരോ തുള്ളി കണ്ണുനീരും എന്റെ ചുണ്ടുകള്‍ കൊണ്ട് ഞാന്‍ ഒപ്പിയെടുക്കും.
നീ കളഞ്ഞതെല്ലാം നിന്റെ മുന്നിലേക്ക്‌ നീട്ടിക്കൊണ്ട് പകരം നിന്റെ കണ്ണുകളില്‍,ചിരിയുടെ സന്തോഷത്തിന്റെ പ്രകാശം ഞാന്‍ നിറയ്ക്കും.

നിനക്കറിയാമോ????
ഞാന്‍ സ്വാര്‍ത്ഥയാണ്.
എന്റെ സന്തോഷം നിന്റെ മുഖത്തുള്ള ചിരിയാണ്.നിന്റെ മനസ്സിലെ സന്തോഷവും,സമാധാനവും ആണ്.
എനിക്കെന്നും സന്തോഷവതിയായി ജീവിക്കണം.
എന്റെ മരണം വരെ.
പണ്ടെന്നോ പോസ്റ്റിയ ഒന്നാണ്.
ഇപ്പൊ അത് കണ്ടപ്പോ എന്തോ ഒരിഷ്ടം കൂടുതല്‍ തോന്നി.
അതുകൊണ്ട് വീണ്ടും പോസ്റ്റുന്നു.

Tuesday, December 20, 2011

എനിക്ക് പറയാതിരിക്കാനാവുന്നില്ല നിന്നോടുള്ള എന്റെ തീരാത്ത പ്രണയത്തെ കുറിച്ച്.......................

മഞ്ഞു വീഴുന്ന ഈ പാതിരാവില്‍ ഉറങ്ങാതിരിക്കുന്നത് നിന്റെ മൌനം എന്നോട് സംസാരിക്കുന്നത് കൊണ്ടാണ്.
നീ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കുന്നു.
ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ????????
ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

നിനക്കറിയാമോ നീയെനിക്ക് തന്നത് ഒരുപാടൊരുപാട് ഇഷ്ടങ്ങളാണ്.

ജീവിതത്തില്‍ ഒരു പുതിയ പ്രകാശം ഒരു കെടാവിളക്കു പോലെ................
ചുണ്ടിലെ ചിരി നീ ഓര്‍മ്മകളില്‍ നിറയുമ്പോള്‍ ചെന്താമരയായി വിടരുന്നു.
മൌനത്തിന്റെ സംഗീതത്തില്‍ നിന്റെ വാക്കുകള്‍ ചേരുമ്പോള്‍ ഞാന്‍ കേട്ടത് എനിക്ക് വേണ്ടി മാത്രമുണ്ടായ ഒരു പ്രണയഗാനമാണ്.
നിനക്ക് മാത്രം സൃഷ്ടിക്കാന്‍ പറ്റുന്ന ഒരു സംഗീതം.

മഞ്ഞു മൂടിയ രാവുകളും,പുലരികളും നിന്നെ സ്വപ്നം കാണാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മുതല്‍ ഞാന്‍ അവയെ ഇഷ്ടപ്പെടാന്‍ തുടങ്ങി.
ഒരു ചാറ്റല്‍ മഴയില്‍ നീയെന്റെ വഴിയിലേക്ക് വന്നപ്പോള്‍ നമ്മളൊരുമിച്ചു ആ മഴ നനഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ മഴയെ പ്രണയിക്കാന്‍ തുടങ്ങി.
നിനക്ക് വേണ്ടി വ്രതമെടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ തിരുവാതിരയെ സ്നേഹിച്ചു തുടങ്ങിയത്.
ചുവടു വെയ്ക്കാന്‍ മോഹിച്ചത് അത് കാണാന്‍ നീയുണ്ടാവുമല്ലോ എന്ന് ഓര്‍ത്തിട്ടാണ്.
തിരമാലകളില്‍ പൊങ്ങി താഴുന്ന വഞ്ചികളെ നോക്കി,അസ്തമയ സൂര്യന്റെ അരുണാഭയില്‍ മതി മറന്നിരിക്കാന്‍ എന്നെ പോലെ നീയും ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ കടലിനേം ഉദയാസ്തമയങ്ങളേം ഇഷ്ടപ്പെടാന്‍ തുടങ്ങിയത്.
നിന്നില്‍ നിന്നും ഞാന്‍ തിരിഞ്ഞു നടക്കുന്നു എന്ന് നീ പറഞ്ഞപ്പോള്‍,
എന്നെ തേടി വന്ന ഏകാന്തതയെ ഞാന്‍ ഇഷ്ടപ്പെട്ടത്, ഇനിയെന്റെ യാത്രയ്ക്കുള്ള ദൂരം കുറവാണെന്നും, നമ്മളൊരുമിച്ചു നടന്ന വഴി അതിനേക്കാള്‍ ഒരുപാട് കൂടുതല്‍ ആയിരുന്നുവെന്നും ഞാന്‍ മനസിലാക്കിയത് കൊണ്ടാണ്.
ഇനിയുള്ള യാത്രയില്‍ എനിക്ക് കൂട്ടായി നിന്റെ മൌനത്തില്‍ പൊതിഞ്ഞ പ്രണയമുണ്ടല്ലോ..................

കേള്‍ക്കാന്‍ നീ ഇഷ്ടപ്പെടുന്നുവോ എന്നെനിക്കറിയില്ല.
പക്ഷെ എനിക്ക് പറയാതിരിക്കാനാവുന്നില്ല നിന്നോടുള്ള എന്റെ തീരാത്ത പ്രണയത്തെ കുറിച്ച്.
ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും.
ആത്മാവുപേക്ഷിക്കുന്ന ശരീരം അഗ്നിയിലമരുന്നിടത്തോളം കാലം.

നിന്റെ സ്നേഹം അതെനിക്ക് നഷ്ടപ്പെട്ടപ്പോള്‍.................
അതിലൂടെ പോയത് എന്നിലെ സ്വാര്‍ഥത ആയിരുന്നു.

നീ നല്‍കിയ നഷ്ടത്തിലൂടെ,
സ്വയം നഷ്ടപ്പെട്ട് ജീവിക്കുന്നതിലൂടെ,
എനിക്ക് നഷ്ടമാവുന്ന ഒന്നിലും
എനിക്ക് നഷ്ടബോധം തോന്നുന്നില്ല.
നിന്നില്‍ പോലും.......................

ദൈവം അവന്റെ ഉള്ളം കയ്യില്‍ നമ്മെ ഒരു നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് വെച്ചിരിക്കുന്നു.
നിനക്ക് വേണ്ടി,നിന്നെ പ്രണയിക്കാന്‍ വേണ്ടി മാത്രം അവന്‍ എന്നെ നിന്റെ വാരിയെല്ലില്‍ നിന്നും സൃഷ്ടിച്ചു.
ഈ വിശ്വാസം എന്നെ എന്നോ.............നിന്റെതാക്കി.
നിന്നെ എന്നോ................. എന്റേതാക്കി.

വെളുപ്പാന്‍ കാലത്ത് ഉണര്‍ന്നു തണുത്ത വെള്ള നെറുകയില്‍ വീഴ്ത്തുമ്പോള്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍
പലപ്പോഴും അത് നിനക്ക് വേണ്ടി ആവാറുണ്ട്.
ഞാന്‍ പോലും അറിയാതെ പലപ്പോഴും നിന്റെ പേര് പറഞ്ഞുകൊണ്ടെയിരിക്കുന്നു.
മെയില്‍ ബോക്സിലെ ഡ്രാഫ്ടുകളില്‍ കിടക്കുന്ന മുഴുമിപ്പിക്കാത്ത എഴുത്തുകള്‍ പലപ്പോഴും ഞാന്‍ അറിയാതെ എന്റെ വിരലുകള്‍ നിനക്ക് വേണ്ടി എഴുതിയതാണ്.
നീയെന്റെ മനസിന്റെ ബോധാബോധങ്ങളില്‍ വേരുകള്‍ ആഴ്ത്തിയിരിക്കുന്നു.
നഷ്ടപ്പെടുത്താന്‍ നീ നല്‍കിയ പ്രണയമെങ്കിലും ഉണ്ടല്ലോ എന്ന് ചിലപ്പോള്‍ ഒരു നെടുവീര്‍പ്പോടെ ഓര്‍ക്കാറുണ്ട്.
അതും ഒരു ഭാഗ്യമായി കാണാറുണ്ട് പലപ്പോഴും.
(നിന്നോടുള്ള അന്തം വിട്ട പ്രേമാണ് ഇന്ന് ഈ പൈങ്കിളി ഡയലോഗ്സ് എന്നെക്കൊണ്ട് എഴുതിച്ചത്.)

Wednesday, December 14, 2011

ഇന്നത്തെ ദിവസം ദേ ഇങ്ങനെയൊക്കെ ആയിരുന്നു..............

നീലാകാശത്തിനു കീഴെ പ്രഭാതത്തിന്റെ പൊന്‍ കിരണങ്ങളേറ്റ്,
വലിയ അരയാലിന്റെ മരത്തില്‍ തിങ്ങി നില്‍ക്കുന്ന ഇലകള്‍ കാറ്റില്‍ വിറച്ചു കൊണ്ടേയിരിക്കുന്നു.
നല്ല ഭംഗിയുള്ള കാഴ്ച.
അവിടവിടെയായി കാണുന്ന മാവുകള്‍ നിറയെ അടിമുടി പൂത്തു നില്‍ക്കുന്നു.
ദേശവിളക്കിനോടനുബന്ധിച്ചുള്ള അയ്യപ്പന്‍ വിളക്കിനായി മുറ്റം മുഴുവനും കുരുത്തോല പന്തല്‍ ഇട്ടിരിക്കുന്നു.
നടുക്ക് വാഴപ്പോള കൊണ്ട് ശബരിമലയിലെ പതിനെട്ടു പടികള്‍ ഉള്ള ശ്രീകോവില്‍.
അത് വാഴക്കുലകള്‍,ചെന്തെങ്ങിന്റെ നാളികേരങ്ങള്‍,എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
അതിന്റെ പിന്നില്‍ ഇരു വശങ്ങളിലുമായി വാവര് പള്ളി,മാളികപ്പുറത്തമ്മയുടെ അമ്പലം,മുന്നില്‍ രണ്ടു വശങ്ങളിലായി കരിമലയും,കറുപ്പ് സ്വാമിയുടെ അമ്പലവും.
(അങ്ങനെ ഉണ്ടാക്കാന്‍ എത്ര ബുദ്ധിമുട്ടി കാണും!!!!)
ഇന്ന് രാവിലത്തെ എന്റെ കാഴ്ചകള്‍ ഇതൊക്കെ ആയിരുന്നു.

ഇന്ന് ഒരു യാത്ര പോയി.
വൃശ്ചികത്തിന്റെ വിശുദ്ധിയില്‍ ഗുരുവായൂരപ്പനെ കാണാനാവുംന്നു കരുതിയിരുന്നില്ല.
പക്ഷെ നടന്നു.
അല്ലെങ്കിലും ആത്മാര്‍ഥമായി കാണണംന്നു പറഞ്ഞാല്‍ ഗുരുവായൂരപ്പന് കൊണ്ട് മുന്നില്‍ നിര്‍ത്തി തരാതിരിക്കാന്‍ പറ്റുമോ..................
ഇന്ന് അച്ചുവിന്റെ അച്ഛന്റെ കെട്ടുനിറ ആയിരുന്നു.
ഗുരുവായൂരിനടുത്തെ തിരുവെങ്കിടം അമ്പലത്തില്‍ വെച്ച്.
അവിടന്നാണ് കഴിഞ്ഞ മൂന്നു കൊല്ലവും പോയത്.
അയ്യപ്പന്‍ വിളക്ക് കഴിഞ്ഞു രാത്രിയില്‍ കെട്ടുനിറച്ച് പിറ്റേന്ന് അതിരാവിലെ പോവും.
ആ രാത്രി അയ്യപ്പന്‍ വിളക്ക് കണ്ടു അവിടെ കൂടും ഞങ്ങള്‍ എല്ലാവരും.
അതായിരുന്നു പതിവ്.
പക്ഷെ ഈ തവണ കെട്ടുനിറ രാവിലെ ആക്കി.
അതുകൊണ്ട് ഇന്നത്തെ വിളക്ക് കാണാന്‍ കഴിഞ്ഞില്ല.
പാലക്കൊമ്പ് എഴുന്നെള്ളിച്ചു കൊണ്ട് വരുന്നത് ഗുരുവായൂരമ്പലത്തില്‍ നിന്നാണ്.
ഒപ്പം രണ്ടോ മൂന്നോ ആനകള്‍ ഉണ്ടാവും.
ഈ തവണ നെടുനായകത്വം വഹിക്കുന്നത് ഗജവീരന്‍ പത്മനാഭന്‍(അച്ചുവിന്റെ പപ്പൂസ്) ആണ്.
ഇവിടെ ഒരു ഫോട്ടോ ഉണ്ട് പുള്ളീടെ.
അച്ചൂന് ഭക്ഷണം കൊടുക്കുന്നത് അത് കാണിച്ചിട്ടാണ്.
ഇത്രേം വല്യ പേര് വിളിക്കാനുള്ള വിഷമം കൊണ്ട് പപ്പൂസ് എന്നാ അവള് വിളിക്യാ.
അല്ല അത് പഠിപ്പിച്ചത് ഞാനാ.........................
പപ്പൂസ് ആകെ ക്ഷീണത്തില്‍ ആയിരുന്നു.
എന്തോ വയറിനു സുഖല്യായിരുന്നുവത്രേ.
അതുകൊണ്ട് വാഴപ്പിണ്ടി കൊടുക്കുന്നത് കണ്ടു.മറ്റേ ടീമുകള്‍ക്ക് പട്ടയും.
ഒരു വലിയ വട്ട ചെമ്പില്‍ നിറയെ നേദ്യച്ചോറും കൊടുക്കുന്നുണ്ടായിരുന്നു.

രാവിലെ ആയതിനാല്‍ അത്ര തിരക്കുണ്ടായിരുന്നില്ല.
ഉള്ളില്‍ കേറി ആദ്യം കെട്ടു നിറച്ചു.
ഏടത്തീടെ അഫന്‍ ആണ് നിറച്ചു കൊടുത്തത്.
പുള്ളി അവിടെ ഓള്‍ ഇന്‍ ഓള്‍ ആണ്.
അത് കഴിഞ്ഞപ്പോഴേക്കും പന്തീരടി പൂജ ആയിരുന്നു.
തിരുവെങ്കിടത്തമ്മയെ കാണണം,എന്താ ഭംഗി!!!!!!!!!!!!!!
നല്ല ജിമുക്കിയും,പാലയ്ക്കയും,ഒക്കെ ഇട്ട്,പിന്നില്‍ മയില്‍പച്ച പട്ടു വിരിച്ച് ചുവന്ന പട്ടു ഉടുത്തു നില്‍ക്കുന്നു.
അവിടെ എന്നും പൂമൂടല്‍ ഉണ്ട്.
അച്ചു കണ്ടപ്പോ കല്യാണി കല്യാണി എന്ന് ഉറക്കെ പറഞ്ഞു.
ഏത് അമ്പലത്തില്‍ പോയാലും ചന്ദനം വേണംന്ന് പറഞ്ഞു വാശി പിടിക്കും.
കല്യാണിക്കാവില്‍ ശ്രീ കോവിലിനുള്ളിലേക്ക് നോക്കി മുത്തശ്ശാ ചന്ദനംന്നു ഉറക്കെ പറയും.
തിരുവെങ്കിടത്തെ ഭഗവതീടെ അവിടുത്തെ ശാന്തിക്കാരനെ എടത്തി അറിയും.
കണ്ടപ്പോള്‍ അദ്ദേഹം പ്രസാദം തന്നു.

അത് കഴിഞ്ഞു അവിടന്ന് ഗുരുവായൂര്‍ക്ക് പോയി.
ക്യൂവില്‍ നിന്നു ഏറെ നേരം.
ഉച്ച പൂജയ്ക്ക് നട അടച്ചിരിക്കുകയായിരുന്നു.
(അച്ചു വല്യ വാശി ആയിരുന്നു.രാവിലെ കഴിച്ച ഇഡ്ഡലി അവള്‍ക്കു പണി കൊടുത്തിരുന്നു.ഇടയ്ക്കൊന്നും കഴിച്ചതും ഇല്ല.വിശപ്പും,ചൂടും കൊണ്ട് ആകെ തളര്‍ന്നിരുന്നു.അവിടെ കൊടുക്കുന്ന സംഭാരത്തിനാണേല്‍ അസ്സല് എരിവും.അവള്‍ക്കു ദേഷ്യം വന്നില്ലെങ്കിലെ അതിശയള്ളൂ.)
തുറന്നപ്പോഴേക്കും തിരക്കും ശ്ശി ആയി.
എത്ര തിരക്കായിരുന്നെങ്കിലും നല്ലോണം കണ്ടു.തൊഴുതു.ചിരിച്ചു.വര്‍ത്താനം പറഞ്ഞു.
ഓടക്കുഴലൊക്കെ പിടിച്ച് തലയില്‍ മയില്‍പീലിയൊക്കെ കുത്തിവെച്ച കുഞ്ഞു പൂ മാലയൊക്കെ വെച്ച ബാലഗോപാലന്‍ ആയിരുന്നു ഇന്നത്തെ രൂപം.
(നാഭി വശത്താണത്രെ ചന്ദനം വിവിധ രൂപത്തില്‍ ചാര്‍ത്തുന്നത്).
കണ്ണുകള്‍ നിറയാതിരിക്കുന്നതെങ്ങനെ????????????
സന്തോഷം മനസ്സില്‍ നിറഞ്ഞു.
ചെന്താമരകള്‍ വിടര്‍ന്നു.
ഓരോ ദലങ്ങളും അടര്‍ത്തിയെടുത്തു ആ പാദങ്ങളില്‍ അര്‍പ്പിച്ചു.
ആവശ്യങ്ങള്‍ ഒന്നും പറഞ്ഞില്ല.
ആ ചേതോഹര രൂപം അതെന്നെ അതിനനുവദിച്ചില്ല.
അല്ലെങ്കിലും എന്ത് ചോദിക്കാനാ...............!!!!!!!!!!!!!!!
അച്ചു വളരെ ഹാപ്പി ആയിരുന്നു.
അമ്മെ ഗുവാപ്പന്‍,ഗുവ്വാപ്പന്‍,ഉണ്ണിക്കണ്ണന്‍ എന്ന് ഉറക്കെ പറഞ്ഞു കൊണ്ടേയിരുന്നു.

അത് വേറെ ഒരു ലോകമാണ്.
ഒന്ന് കാണാന്‍ എവിടെ നിന്നൊക്കെയാണ് ആളുകള്‍ വരുന്നത്............
എത്ര നേരമാണ് കാത്തു നില്‍ക്കുന്നത്.................
ഒടുവില്‍ ഒരു നോക്ക് കാണുമ്പോള്‍ ആ നേരെ കണ്ണുകള്‍ അടച്ച് ഭക്തിയോടെ നില്‍ക്കുന്നത് കാണുമ്പോള്‍ പോലും മനസ് നിറയുന്നു.
ഇതാണ് സത്യം,ബാക്കിയൊക്കെ മായ എന്ന് മനസിലാവുന്നു.
ഇന്ന് ക്യൂവില്‍ നിന്നപ്പോള്‍ എന്റെ മനസ്സില്‍ ഭൂതവും,ഭാവിയും,വര്‍ത്തമാനവും ഒന്നും ഇല്ലായിരുന്നു.
ആ ഒരു സത്യം മാത്രം.
ആ രൂപം മാത്രം മാത്രം.
ചുണ്ടില്‍ തങ്ങി നിന്നതും ആ നാമങ്ങള്‍ മാത്രം.
അച്ചുവും കുറെ ജപിച്ചു.

ഏടത്തിക്ക് പരിചയമുള്ള ആള്‍ ചീട്ടാക്കിയതിനേക്കാള്‍ കൂടുതല്‍ വെണ്ണയും,പഞ്ചാരയും,പഴവും തന്നു.
പായസ്സവും വാങ്ങി.
കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങിയത് മുതല്‍ അച്ചുവിന് പ്രിയമാണ് കദളിപ്പഴം.
എന്നും അച്ഛന്‍ നേദിച്ച് കൊണ്ട് വരും ഒരെണ്ണം.
ഇന്ന് അവിടന്ന് കുറെ കിട്ടി.
അത് കഴിച്ചപ്പോള്‍ അവള്‍ക്കു സമാധാനമായി.

തിരിച്ചു വന്നു തിരുവെങ്കിടതപ്പന്റെ പ്രസാദൂട്ട് കഴിച്ചു.
അവിടന്നും പഞ്ചാരപ്പായസം കഴിച്ചു.
നാല് മണി ആയപ്പോഴേക്കും തിരിച്ചെത്തി.
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു നല്ല ദിവസം.
കുറെ നല്ല നിമിഷങ്ങള്‍.....................

ഇന്ന് വെളുപ്പിന്,
നിറയെ,ഇല കാണാത്ത വിധത്തില്‍ പൂത്തു നില്‍ക്കുന്ന ഇലഞ്ഞി മരം സ്വപ്നം കണ്ടു.
അതിന്റെ താഴെ വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ പറുക്കുന്നതും,
കോര്‍ത്ത്‌ മാലയാക്കുന്നതും,
അത് കണ്ടപ്പോള്‍ മുതല്‍ ഇലഞ്ഞിപ്പൂക്കളെ കാണാനും.കോര്‍ത്ത്‌ മാലയാക്കാനും ഒരു മോഹം.
എന്റെ ഇല്ലത്ത് പിന്നിലെ പാടത്തിന്റെ വക്കത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു.
പക്ഷെ അതില്‍ പൂക്കളെ കണ്ടിട്ടില്ല.
ആദ്യായി ഇലഞ്ഞി പൂക്കളെ കണ്ടത് നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ്.
ആദ്യായി ഞാവല്‍പ്പഴം തിന്നതും അന്നാണ്.
ഞാവല്‍പ്പഴത്തിന്റെ നിറം നാവില്‍ വരുന്നത് എന്തിഷ്ടാണെന്നോ അന്നും ഇന്നും.
കുറ്റിപ്പുറം കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലത്ത് കുട്ടികള്‍ കാട്ടില്‍ നിന്നും ഞാവല്‍പ്പഴം പറിച്ചോണ്ട് വന്നു കവറിലാക്കി വില്‍ക്കുന്നുണ്ട്.
തിന്നാനുള്ള മോഹം വല്ലാണ്ട് പെരുത്തപ്പോള്‍ അവിടെ വരെ പോയി വാങ്ങിയിട്ടുണ്ട്.
പറഞ്ഞു വന്നപ്പോള്‍ വീണ്ടും കൊതി മൂക്കുന്നു.
ഞാവല്‍പ്പഴം തിന്നാന്‍....................
ഇലഞ്ഞിപ്പൂമാല തലയില്‍ ചൂടാന്‍,ബാക്കി കുറച്ച് സെറ്റ് മുണ്ടുകള്‍ക്കിടയില്‍ വെയ്ക്കാനും.
അമ്പലത്തിലെ മൂന്നു പാലമരങ്ങളും നിറയെ പൂത്തിരുന്നു.
ഇപ്പൊ അത് മുഴുവനും കൊഴിഞ്ഞു പോയി.
ഹോ...........
എന്ത് മണമായിരുന്നു!!!!!!!!!!!!!!
എനിക്ക് നല്ല ഇഷ്ടാണ്.
(കഴിഞ്ഞ ആഴ്ച ഒരു ദിവസം അതിന്റെ ഒരു ചെറിയ കുല പൂവ് എനിക്ക് കിട്ടി.
ഞാന്‍ അതിവിടെ കൊണ്ട് വെച്ചു.
പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് മുറി മുഴുവനും ആ മണം നിറഞ്ഞു നിന്നിരുന്നു.)
ഈ യക്ഷിയും,ഗന്ധര്‍വനും ഒക്കെ വന്നില്ലെങ്കിലെ അതിശയള്ളൂ.............
അമ്മാതിരി മണമാണ്.
Friday, December 2, 2011

അന്ന് നീയെന്നെ എന്ത് ചെയ്തു????????????

അന്ന് നീയെന്നെ എന്ത് ചെയ്തു????????????
നിന്റെ മനസിലുണ്ടായിരുന്ന എന്റെ ഓര്‍മ്മകളെ?
അന്ന് ഞാന്‍ മരിച്ചില്ലേ?
നീയെന്നെ എന്തിനു മരണത്തിനു കൊടുത്തു?
എന്റെ മരണം നിനക്കത്രമേല്‍ അനിവാര്യമായിരുന്നുവോ?
മരണം എനിക്കിഷ്ടമായിരുന്നു.
നിന്റെ കൈകളുടെ ചൂടില്‍ എന്റെ മുഖത്തെ വെച്ച്,
നിന്റെ ചുണ്ടുകളുടെ നനവില്‍ എന്റെ ചുണ്ടുകളെ ഒളിപ്പിച്ച്,
നിന്റെ നെഞ്ചിനോട് പറ്റിച്ചേര്‍ന്നുള്ള മരണം എന്റെ സ്വപ്നമായിരുന്നു.
നീ അടുത്തുള്ളപ്പോള്‍ എന്റെ ഹൃദയത്തിന്റെ ചലനം നില്‍ക്കുന്നത് ഞാന്‍ അറിയുകയേ ഇല്ല.
കാരണം അവ നിന്റെ ഹൃദയമിടിപ്പില്‍ എന്നെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!!!
ഒരു നിദ്രയിലേക്ക് നിറമുള്ള സ്വപ്നങ്ങളുടെ ലോകത്തേക്ക് ഞാന്‍ നിന്റെ കയ്യും പിടിച്ചു കൊണ്ട് യാത്രയാകും.
അതായിരുന്നു മരണമെന്ന എന്റെ സ്വപ്നം.
മാളവിക അജയനോട്‌ പറഞ്ഞത് പോലെ,
ആര് വിളിച്ചാലും ഉണരാതെ.............
നീ വിളിച്ചാലും ഉണരാതെ..........................
നീ വിളിച്ചിട്ടും ഉണര്‍ന്നില്ലെങ്കില്‍,അതാണ്‌ എന്റെ മരണം.

എന്റെ മരണത്തെ,
എന്റെ ഓര്‍മ്മകളുടെ ശവത്തെ നീ എന്ത് ചെയ്തു?
അഗ്നിക്ക് കൊടുത്തോ?
വായു കേറാത്ത പെട്ടിയിലാക്കിയോ?
നിനക്കറിയാമോ തീയെനിക്ക് പേടിയാണ്.
ഇരുളും വായുവുമില്ലാത്ത ഒരിടം,അതും എനിക്ക് പേടിയാണ്.
നിനക്കോര്‍മയുണ്ടോ ഒരിക്കല്‍ ഞാന്‍ പറഞ്ഞത്?
"എന്നെ ദഹിപ്പിക്കുന്ന അഗ്നി നിന്റെ പ്രണയമാണെങ്കില്‍ ഞാന്‍ അതിനെ പുണരുക തന്നെ ചെയ്യുമെന്ന്."
നിന്റെ മനസ്സില്‍ ഞാന്‍ മരിച്ചുവെന്നു നീ എന്നോട് പറഞ്ഞപ്പോള്‍
തീയിനോടുള്ള എന്റെ ഭയം മാറി.
വെളിച്ചവും,വായുവുമായി നീയെനിക്ക് മാറിയപ്പോള്‍ ആ ഒരിടത്തെയും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.
നീ ഒരുക്കിയ ചിതയില്‍ ഞാന്‍ ശാന്തമായി ഉറങ്ങി.
ചുണ്ടില്‍ ചിരിയോടെ,
അടഞ്ഞ കണ്ണുകളില്‍ നിന്നോടുള്ള പ്രണയത്തെ ഞാന്‍ സൂക്ഷിച്ചു വെച്ചു.

നിനക്കറിയാമോ നിന്റെ മനസ്സില്‍ മരിച്ച എന്റെ ആണ്ടു ബലിയാണ് ഇന്ന്.
നീ നല്‍കിയ നിന്റെ പ്രണയത്തിന്റെ ഇടനാഴികളിലെവിടെയോ ജീവനുള്ള എന്നെ ഞാന്‍ കണ്ടു.
എനിക്ക് മനസിലായി,
നിന്റെ മനസ്സില്‍ ഞാന്‍ മരിച്ചുവെന്നു നീ നിന്നെ തന്നെ വെറുതെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഞാന്‍ മരിച്ചില്ല.
എന്റെ സാന്നിധ്യം അറിയുമ്പോള്‍ നീയെന്നെ വീണ്ടും വീണ്ടും ഇല്ലാതാക്കാന്‍ നോക്കുന്നു.
എന്നിട്ടും ഞാന്‍ മരിച്ചില്ല.
നീ പേടിക്കുന്നു.
നീ താഴിട്ടു പൂട്ടിയ നിലവറയില്‍ നിന്നും നിന്റെ പ്രണയം വീണ്ടും എന്നെ തേടിയെത്തിയാല്‍,
നീ എന്നിലേക്കെത്തിയാല്‍........................