Tuesday, December 20, 2011

എനിക്ക് പറയാതിരിക്കാനാവുന്നില്ല നിന്നോടുള്ള എന്റെ തീരാത്ത പ്രണയത്തെ കുറിച്ച്.......................

മഞ്ഞു വീഴുന്ന ഈ പാതിരാവില്‍ ഉറങ്ങാതിരിക്കുന്നത് നിന്റെ മൌനം എന്നോട് സംസാരിക്കുന്നത് കൊണ്ടാണ്.
നീ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കുന്നു.
ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ????????
ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

നിനക്കറിയാമോ നീയെനിക്ക് തന്നത് ഒരുപാടൊരുപാട് ഇഷ്ടങ്ങളാണ്.

ജീവിതത്തില്‍ ഒരു പുതിയ പ്രകാശം ഒരു കെടാവിളക്കു പോലെ................
ചുണ്ടിലെ ചിരി നീ ഓര്‍മ്മകളില്‍ നിറയുമ്പോള്‍ ചെന്താമരയായി വിടരുന്നു.
മൌനത്തിന്റെ സംഗീതത്തില്‍ നിന്റെ വാക്കുകള്‍ ചേരുമ്പോള്‍ ഞാന്‍ കേട്ടത് എനിക്ക് വേണ്ടി മാത്രമുണ്ടായ ഒരു പ്രണയഗാനമാണ്.
നിനക്ക് മാത്രം സൃഷ്ടിക്കാന്‍ പറ്റുന്ന ഒരു സംഗീതം.

മഞ്ഞു മൂടിയ രാവുകളും,പുലരികളും നിന്നെ സ്വപ്നം കാണാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മുതല്‍ ഞാന്‍ അവയെ ഇഷ്ടപ്പെടാന്‍ തുടങ്ങി.
ഒരു ചാറ്റല്‍ മഴയില്‍ നീയെന്റെ വഴിയിലേക്ക് വന്നപ്പോള്‍ നമ്മളൊരുമിച്ചു ആ മഴ നനഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ മഴയെ പ്രണയിക്കാന്‍ തുടങ്ങി.
നിനക്ക് വേണ്ടി വ്രതമെടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ തിരുവാതിരയെ സ്നേഹിച്ചു തുടങ്ങിയത്.
ചുവടു വെയ്ക്കാന്‍ മോഹിച്ചത് അത് കാണാന്‍ നീയുണ്ടാവുമല്ലോ എന്ന് ഓര്‍ത്തിട്ടാണ്.
തിരമാലകളില്‍ പൊങ്ങി താഴുന്ന വഞ്ചികളെ നോക്കി,അസ്തമയ സൂര്യന്റെ അരുണാഭയില്‍ മതി മറന്നിരിക്കാന്‍ എന്നെ പോലെ നീയും ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ കടലിനേം ഉദയാസ്തമയങ്ങളേം ഇഷ്ടപ്പെടാന്‍ തുടങ്ങിയത്.
നിന്നില്‍ നിന്നും ഞാന്‍ തിരിഞ്ഞു നടക്കുന്നു എന്ന് നീ പറഞ്ഞപ്പോള്‍,
എന്നെ തേടി വന്ന ഏകാന്തതയെ ഞാന്‍ ഇഷ്ടപ്പെട്ടത്, ഇനിയെന്റെ യാത്രയ്ക്കുള്ള ദൂരം കുറവാണെന്നും, നമ്മളൊരുമിച്ചു നടന്ന വഴി അതിനേക്കാള്‍ ഒരുപാട് കൂടുതല്‍ ആയിരുന്നുവെന്നും ഞാന്‍ മനസിലാക്കിയത് കൊണ്ടാണ്.
ഇനിയുള്ള യാത്രയില്‍ എനിക്ക് കൂട്ടായി നിന്റെ മൌനത്തില്‍ പൊതിഞ്ഞ പ്രണയമുണ്ടല്ലോ..................

കേള്‍ക്കാന്‍ നീ ഇഷ്ടപ്പെടുന്നുവോ എന്നെനിക്കറിയില്ല.
പക്ഷെ എനിക്ക് പറയാതിരിക്കാനാവുന്നില്ല നിന്നോടുള്ള എന്റെ തീരാത്ത പ്രണയത്തെ കുറിച്ച്.
ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും.
ആത്മാവുപേക്ഷിക്കുന്ന ശരീരം അഗ്നിയിലമരുന്നിടത്തോളം കാലം.

നിന്റെ സ്നേഹം അതെനിക്ക് നഷ്ടപ്പെട്ടപ്പോള്‍.................
അതിലൂടെ പോയത് എന്നിലെ സ്വാര്‍ഥത ആയിരുന്നു.

നീ നല്‍കിയ നഷ്ടത്തിലൂടെ,
സ്വയം നഷ്ടപ്പെട്ട് ജീവിക്കുന്നതിലൂടെ,
എനിക്ക് നഷ്ടമാവുന്ന ഒന്നിലും
എനിക്ക് നഷ്ടബോധം തോന്നുന്നില്ല.
നിന്നില്‍ പോലും.......................

ദൈവം അവന്റെ ഉള്ളം കയ്യില്‍ നമ്മെ ഒരു നൂലില്‍ ചേര്‍ത്ത് ബന്ധിച്ച് വെച്ചിരിക്കുന്നു.
നിനക്ക് വേണ്ടി,നിന്നെ പ്രണയിക്കാന്‍ വേണ്ടി മാത്രം അവന്‍ എന്നെ നിന്റെ വാരിയെല്ലില്‍ നിന്നും സൃഷ്ടിച്ചു.
ഈ വിശ്വാസം എന്നെ എന്നോ.............നിന്റെതാക്കി.
നിന്നെ എന്നോ................. എന്റേതാക്കി.

വെളുപ്പാന്‍ കാലത്ത് ഉണര്‍ന്നു തണുത്ത വെള്ള നെറുകയില്‍ വീഴ്ത്തുമ്പോള്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍
പലപ്പോഴും അത് നിനക്ക് വേണ്ടി ആവാറുണ്ട്.
ഞാന്‍ പോലും അറിയാതെ പലപ്പോഴും നിന്റെ പേര് പറഞ്ഞുകൊണ്ടെയിരിക്കുന്നു.
മെയില്‍ ബോക്സിലെ ഡ്രാഫ്ടുകളില്‍ കിടക്കുന്ന മുഴുമിപ്പിക്കാത്ത എഴുത്തുകള്‍ പലപ്പോഴും ഞാന്‍ അറിയാതെ എന്റെ വിരലുകള്‍ നിനക്ക് വേണ്ടി എഴുതിയതാണ്.
നീയെന്റെ മനസിന്റെ ബോധാബോധങ്ങളില്‍ വേരുകള്‍ ആഴ്ത്തിയിരിക്കുന്നു.
നഷ്ടപ്പെടുത്താന്‍ നീ നല്‍കിയ പ്രണയമെങ്കിലും ഉണ്ടല്ലോ എന്ന് ചിലപ്പോള്‍ ഒരു നെടുവീര്‍പ്പോടെ ഓര്‍ക്കാറുണ്ട്.
അതും ഒരു ഭാഗ്യമായി കാണാറുണ്ട് പലപ്പോഴും.
(നിന്നോടുള്ള അന്തം വിട്ട പ്രേമാണ് ഇന്ന് ഈ പൈങ്കിളി ഡയലോഗ്സ് എന്നെക്കൊണ്ട് എഴുതിച്ചത്.)

3 comments:

  1. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!വായന അടയാളപ്പെടുത്തുന്നു. വരികളിൽ പുഴപോലെ പ്രണയം ഒഴുകുകയാണല്ലോ!

    ReplyDelete
  2. ഇത്ര മനോഹരമായി പ്രണയിക്കാന്‍ നിനക്കേ കഴിയൂ ഉമാ...എനിക്ക് അസൂയതോന്നുന്നു, നിന്റെ പ്രണയത്തോട്..!! :-) ,

    മനു.

    ReplyDelete
  3. വെളുപ്പാന്‍ കാലത്ത് ഉണര്‍ന്നു തണുത്ത വെള്ള നെറുകയില്‍ വീഴ്ത്തുമ്പോള്‍ വിറയ്ക്കുന്ന ചുണ്ടുകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ ...........valare nannaayitund

    ReplyDelete