Wednesday, December 14, 2011

ഇന്നത്തെ ദിവസം ദേ ഇങ്ങനെയൊക്കെ ആയിരുന്നു..............

നീലാകാശത്തിനു കീഴെ പ്രഭാതത്തിന്റെ പൊന്‍ കിരണങ്ങളേറ്റ്,
വലിയ അരയാലിന്റെ മരത്തില്‍ തിങ്ങി നില്‍ക്കുന്ന ഇലകള്‍ കാറ്റില്‍ വിറച്ചു കൊണ്ടേയിരിക്കുന്നു.
നല്ല ഭംഗിയുള്ള കാഴ്ച.
അവിടവിടെയായി കാണുന്ന മാവുകള്‍ നിറയെ അടിമുടി പൂത്തു നില്‍ക്കുന്നു.
ദേശവിളക്കിനോടനുബന്ധിച്ചുള്ള അയ്യപ്പന്‍ വിളക്കിനായി മുറ്റം മുഴുവനും കുരുത്തോല പന്തല്‍ ഇട്ടിരിക്കുന്നു.
നടുക്ക് വാഴപ്പോള കൊണ്ട് ശബരിമലയിലെ പതിനെട്ടു പടികള്‍ ഉള്ള ശ്രീകോവില്‍.
അത് വാഴക്കുലകള്‍,ചെന്തെങ്ങിന്റെ നാളികേരങ്ങള്‍,എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
അതിന്റെ പിന്നില്‍ ഇരു വശങ്ങളിലുമായി വാവര് പള്ളി,മാളികപ്പുറത്തമ്മയുടെ അമ്പലം,മുന്നില്‍ രണ്ടു വശങ്ങളിലായി കരിമലയും,കറുപ്പ് സ്വാമിയുടെ അമ്പലവും.
(അങ്ങനെ ഉണ്ടാക്കാന്‍ എത്ര ബുദ്ധിമുട്ടി കാണും!!!!)
ഇന്ന് രാവിലത്തെ എന്റെ കാഴ്ചകള്‍ ഇതൊക്കെ ആയിരുന്നു.

ഇന്ന് ഒരു യാത്ര പോയി.
വൃശ്ചികത്തിന്റെ വിശുദ്ധിയില്‍ ഗുരുവായൂരപ്പനെ കാണാനാവുംന്നു കരുതിയിരുന്നില്ല.
പക്ഷെ നടന്നു.
അല്ലെങ്കിലും ആത്മാര്‍ഥമായി കാണണംന്നു പറഞ്ഞാല്‍ ഗുരുവായൂരപ്പന് കൊണ്ട് മുന്നില്‍ നിര്‍ത്തി തരാതിരിക്കാന്‍ പറ്റുമോ..................
ഇന്ന് അച്ചുവിന്റെ അച്ഛന്റെ കെട്ടുനിറ ആയിരുന്നു.
ഗുരുവായൂരിനടുത്തെ തിരുവെങ്കിടം അമ്പലത്തില്‍ വെച്ച്.
അവിടന്നാണ് കഴിഞ്ഞ മൂന്നു കൊല്ലവും പോയത്.
അയ്യപ്പന്‍ വിളക്ക് കഴിഞ്ഞു രാത്രിയില്‍ കെട്ടുനിറച്ച് പിറ്റേന്ന് അതിരാവിലെ പോവും.
ആ രാത്രി അയ്യപ്പന്‍ വിളക്ക് കണ്ടു അവിടെ കൂടും ഞങ്ങള്‍ എല്ലാവരും.
അതായിരുന്നു പതിവ്.
പക്ഷെ ഈ തവണ കെട്ടുനിറ രാവിലെ ആക്കി.
അതുകൊണ്ട് ഇന്നത്തെ വിളക്ക് കാണാന്‍ കഴിഞ്ഞില്ല.
പാലക്കൊമ്പ് എഴുന്നെള്ളിച്ചു കൊണ്ട് വരുന്നത് ഗുരുവായൂരമ്പലത്തില്‍ നിന്നാണ്.
ഒപ്പം രണ്ടോ മൂന്നോ ആനകള്‍ ഉണ്ടാവും.
ഈ തവണ നെടുനായകത്വം വഹിക്കുന്നത് ഗജവീരന്‍ പത്മനാഭന്‍(അച്ചുവിന്റെ പപ്പൂസ്) ആണ്.
ഇവിടെ ഒരു ഫോട്ടോ ഉണ്ട് പുള്ളീടെ.
അച്ചൂന് ഭക്ഷണം കൊടുക്കുന്നത് അത് കാണിച്ചിട്ടാണ്.
ഇത്രേം വല്യ പേര് വിളിക്കാനുള്ള വിഷമം കൊണ്ട് പപ്പൂസ് എന്നാ അവള് വിളിക്യാ.
അല്ല അത് പഠിപ്പിച്ചത് ഞാനാ.........................
പപ്പൂസ് ആകെ ക്ഷീണത്തില്‍ ആയിരുന്നു.
എന്തോ വയറിനു സുഖല്യായിരുന്നുവത്രേ.
അതുകൊണ്ട് വാഴപ്പിണ്ടി കൊടുക്കുന്നത് കണ്ടു.മറ്റേ ടീമുകള്‍ക്ക് പട്ടയും.
ഒരു വലിയ വട്ട ചെമ്പില്‍ നിറയെ നേദ്യച്ചോറും കൊടുക്കുന്നുണ്ടായിരുന്നു.

രാവിലെ ആയതിനാല്‍ അത്ര തിരക്കുണ്ടായിരുന്നില്ല.
ഉള്ളില്‍ കേറി ആദ്യം കെട്ടു നിറച്ചു.
ഏടത്തീടെ അഫന്‍ ആണ് നിറച്ചു കൊടുത്തത്.
പുള്ളി അവിടെ ഓള്‍ ഇന്‍ ഓള്‍ ആണ്.
അത് കഴിഞ്ഞപ്പോഴേക്കും പന്തീരടി പൂജ ആയിരുന്നു.
തിരുവെങ്കിടത്തമ്മയെ കാണണം,എന്താ ഭംഗി!!!!!!!!!!!!!!
നല്ല ജിമുക്കിയും,പാലയ്ക്കയും,ഒക്കെ ഇട്ട്,പിന്നില്‍ മയില്‍പച്ച പട്ടു വിരിച്ച് ചുവന്ന പട്ടു ഉടുത്തു നില്‍ക്കുന്നു.
അവിടെ എന്നും പൂമൂടല്‍ ഉണ്ട്.
അച്ചു കണ്ടപ്പോ കല്യാണി കല്യാണി എന്ന് ഉറക്കെ പറഞ്ഞു.
ഏത് അമ്പലത്തില്‍ പോയാലും ചന്ദനം വേണംന്ന് പറഞ്ഞു വാശി പിടിക്കും.
കല്യാണിക്കാവില്‍ ശ്രീ കോവിലിനുള്ളിലേക്ക് നോക്കി മുത്തശ്ശാ ചന്ദനംന്നു ഉറക്കെ പറയും.
തിരുവെങ്കിടത്തെ ഭഗവതീടെ അവിടുത്തെ ശാന്തിക്കാരനെ എടത്തി അറിയും.
കണ്ടപ്പോള്‍ അദ്ദേഹം പ്രസാദം തന്നു.

അത് കഴിഞ്ഞു അവിടന്ന് ഗുരുവായൂര്‍ക്ക് പോയി.
ക്യൂവില്‍ നിന്നു ഏറെ നേരം.
ഉച്ച പൂജയ്ക്ക് നട അടച്ചിരിക്കുകയായിരുന്നു.
(അച്ചു വല്യ വാശി ആയിരുന്നു.രാവിലെ കഴിച്ച ഇഡ്ഡലി അവള്‍ക്കു പണി കൊടുത്തിരുന്നു.ഇടയ്ക്കൊന്നും കഴിച്ചതും ഇല്ല.വിശപ്പും,ചൂടും കൊണ്ട് ആകെ തളര്‍ന്നിരുന്നു.അവിടെ കൊടുക്കുന്ന സംഭാരത്തിനാണേല്‍ അസ്സല് എരിവും.അവള്‍ക്കു ദേഷ്യം വന്നില്ലെങ്കിലെ അതിശയള്ളൂ.)
തുറന്നപ്പോഴേക്കും തിരക്കും ശ്ശി ആയി.
എത്ര തിരക്കായിരുന്നെങ്കിലും നല്ലോണം കണ്ടു.തൊഴുതു.ചിരിച്ചു.വര്‍ത്താനം പറഞ്ഞു.
ഓടക്കുഴലൊക്കെ പിടിച്ച് തലയില്‍ മയില്‍പീലിയൊക്കെ കുത്തിവെച്ച കുഞ്ഞു പൂ മാലയൊക്കെ വെച്ച ബാലഗോപാലന്‍ ആയിരുന്നു ഇന്നത്തെ രൂപം.
(നാഭി വശത്താണത്രെ ചന്ദനം വിവിധ രൂപത്തില്‍ ചാര്‍ത്തുന്നത്).
കണ്ണുകള്‍ നിറയാതിരിക്കുന്നതെങ്ങനെ????????????
സന്തോഷം മനസ്സില്‍ നിറഞ്ഞു.
ചെന്താമരകള്‍ വിടര്‍ന്നു.
ഓരോ ദലങ്ങളും അടര്‍ത്തിയെടുത്തു ആ പാദങ്ങളില്‍ അര്‍പ്പിച്ചു.
ആവശ്യങ്ങള്‍ ഒന്നും പറഞ്ഞില്ല.
ആ ചേതോഹര രൂപം അതെന്നെ അതിനനുവദിച്ചില്ല.
അല്ലെങ്കിലും എന്ത് ചോദിക്കാനാ...............!!!!!!!!!!!!!!!
അച്ചു വളരെ ഹാപ്പി ആയിരുന്നു.
അമ്മെ ഗുവാപ്പന്‍,ഗുവ്വാപ്പന്‍,ഉണ്ണിക്കണ്ണന്‍ എന്ന് ഉറക്കെ പറഞ്ഞു കൊണ്ടേയിരുന്നു.

അത് വേറെ ഒരു ലോകമാണ്.
ഒന്ന് കാണാന്‍ എവിടെ നിന്നൊക്കെയാണ് ആളുകള്‍ വരുന്നത്............
എത്ര നേരമാണ് കാത്തു നില്‍ക്കുന്നത്.................
ഒടുവില്‍ ഒരു നോക്ക് കാണുമ്പോള്‍ ആ നേരെ കണ്ണുകള്‍ അടച്ച് ഭക്തിയോടെ നില്‍ക്കുന്നത് കാണുമ്പോള്‍ പോലും മനസ് നിറയുന്നു.
ഇതാണ് സത്യം,ബാക്കിയൊക്കെ മായ എന്ന് മനസിലാവുന്നു.
ഇന്ന് ക്യൂവില്‍ നിന്നപ്പോള്‍ എന്റെ മനസ്സില്‍ ഭൂതവും,ഭാവിയും,വര്‍ത്തമാനവും ഒന്നും ഇല്ലായിരുന്നു.
ആ ഒരു സത്യം മാത്രം.
ആ രൂപം മാത്രം മാത്രം.
ചുണ്ടില്‍ തങ്ങി നിന്നതും ആ നാമങ്ങള്‍ മാത്രം.
അച്ചുവും കുറെ ജപിച്ചു.

ഏടത്തിക്ക് പരിചയമുള്ള ആള്‍ ചീട്ടാക്കിയതിനേക്കാള്‍ കൂടുതല്‍ വെണ്ണയും,പഞ്ചാരയും,പഴവും തന്നു.
പായസ്സവും വാങ്ങി.
കട്ടിയാഹാരം കൊടുക്കാന്‍ തുടങ്ങിയത് മുതല്‍ അച്ചുവിന് പ്രിയമാണ് കദളിപ്പഴം.
എന്നും അച്ഛന്‍ നേദിച്ച് കൊണ്ട് വരും ഒരെണ്ണം.
ഇന്ന് അവിടന്ന് കുറെ കിട്ടി.
അത് കഴിച്ചപ്പോള്‍ അവള്‍ക്കു സമാധാനമായി.

തിരിച്ചു വന്നു തിരുവെങ്കിടതപ്പന്റെ പ്രസാദൂട്ട് കഴിച്ചു.
അവിടന്നും പഞ്ചാരപ്പായസം കഴിച്ചു.
നാല് മണി ആയപ്പോഴേക്കും തിരിച്ചെത്തി.
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു നല്ല ദിവസം.
കുറെ നല്ല നിമിഷങ്ങള്‍.....................

ഇന്ന് വെളുപ്പിന്,
നിറയെ,ഇല കാണാത്ത വിധത്തില്‍ പൂത്തു നില്‍ക്കുന്ന ഇലഞ്ഞി മരം സ്വപ്നം കണ്ടു.
അതിന്റെ താഴെ വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ പറുക്കുന്നതും,
കോര്‍ത്ത്‌ മാലയാക്കുന്നതും,
അത് കണ്ടപ്പോള്‍ മുതല്‍ ഇലഞ്ഞിപ്പൂക്കളെ കാണാനും.കോര്‍ത്ത്‌ മാലയാക്കാനും ഒരു മോഹം.
എന്റെ ഇല്ലത്ത് പിന്നിലെ പാടത്തിന്റെ വക്കത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു.
പക്ഷെ അതില്‍ പൂക്കളെ കണ്ടിട്ടില്ല.
ആദ്യായി ഇലഞ്ഞി പൂക്കളെ കണ്ടത് നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ്.
ആദ്യായി ഞാവല്‍പ്പഴം തിന്നതും അന്നാണ്.
ഞാവല്‍പ്പഴത്തിന്റെ നിറം നാവില്‍ വരുന്നത് എന്തിഷ്ടാണെന്നോ അന്നും ഇന്നും.
കുറ്റിപ്പുറം കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലത്ത് കുട്ടികള്‍ കാട്ടില്‍ നിന്നും ഞാവല്‍പ്പഴം പറിച്ചോണ്ട് വന്നു കവറിലാക്കി വില്‍ക്കുന്നുണ്ട്.
തിന്നാനുള്ള മോഹം വല്ലാണ്ട് പെരുത്തപ്പോള്‍ അവിടെ വരെ പോയി വാങ്ങിയിട്ടുണ്ട്.
പറഞ്ഞു വന്നപ്പോള്‍ വീണ്ടും കൊതി മൂക്കുന്നു.
ഞാവല്‍പ്പഴം തിന്നാന്‍....................
ഇലഞ്ഞിപ്പൂമാല തലയില്‍ ചൂടാന്‍,ബാക്കി കുറച്ച് സെറ്റ് മുണ്ടുകള്‍ക്കിടയില്‍ വെയ്ക്കാനും.
അമ്പലത്തിലെ മൂന്നു പാലമരങ്ങളും നിറയെ പൂത്തിരുന്നു.
ഇപ്പൊ അത് മുഴുവനും കൊഴിഞ്ഞു പോയി.
ഹോ...........
എന്ത് മണമായിരുന്നു!!!!!!!!!!!!!!
എനിക്ക് നല്ല ഇഷ്ടാണ്.
(കഴിഞ്ഞ ആഴ്ച ഒരു ദിവസം അതിന്റെ ഒരു ചെറിയ കുല പൂവ് എനിക്ക് കിട്ടി.
ഞാന്‍ അതിവിടെ കൊണ്ട് വെച്ചു.
പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് മുറി മുഴുവനും ആ മണം നിറഞ്ഞു നിന്നിരുന്നു.)
ഈ യക്ഷിയും,ഗന്ധര്‍വനും ഒക്കെ വന്നില്ലെങ്കിലെ അതിശയള്ളൂ.............
അമ്മാതിരി മണമാണ്.




1 comment:

  1. ഉമ,
    ഇന്ന് ഞായറാഴ്ച, തിരക്കുകള്‍ അധികം ഇല്ലാത്ത ദിവസം. ഓരോ ബ്ലോഗ്ഗുകളില്‍ സന്ദര്‍ശനം നടത്തി ഇവിടെ എത്തി. വായിക്കാന്‍ ഇടയ്ക്കു വിട്ടുപോയ പോസ്റ്റുകള്‍ വായിച്ചു. ഒരു കാര്യത്തില്‍ അത്ഭുതം തോന്നീ.. ഉമയുടെ തന്നെ പഴയ പോസ്റ്റുകളിലും നല്ല സ്വപ്‌നങ്ങള്‍ കണ്ടതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. മനോഹരങ്ങളായ സ്വപ്‌നങ്ങള്‍!! പൂക്കളും കിളികളും, അമ്പലവും ഒക്കെ ആയി. അസൂയ ഉണ്ട് കേട്ടോ , കാരണം ഞാന്‍ കാണുന്നത് പലപ്പോഴും പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ ആകും..അപൂര്‍വ്വമായി കാണാന്‍ ഇഷ്ടമുള്ളത് വരുമെങ്കിലും പിന്നീടു ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത വിധതിലാകും!!

    സുഖമല്ലേ അച്ചുവിനും ഉമയ്ക്കും? നല്ല ഒരു ദിവസം ആശംസിക്കുന്നു.

    സ്നേഹത്തോടെ മനു..

    ReplyDelete