Sunday, December 20, 2015

കണ്ണീരിനും കല്കണ്ട മധുരാണ്.....

ചിലതങ്ങനെയാണ്!!!
എത്ര കണ്ടാലും മതിയാവാതെ...........ചില കാഴ്ചകൾ ........
എത്ര കേട്ടാലും മതിയാവാതെ ...............ചില ശബ്ദങ്ങൾ ........
എത്ര പറഞ്ഞാലും മതിയാവാതെ ............ചില ഓർമ്മകൾ......
എത്ര ചിന്തിച്ചാലും മതിയാവാതെ ..............ചില സ്വപ്‌നങ്ങൾ.....
എത്ര ഇഷ്ടപ്പെട്ടാലും മതിയാവാതെ ...............ചില ഇഷ്ടങ്ങൾ............
എത്ര കരഞ്ഞാലും മതിയാവാതെ ..................ചില മുറിവുകൾ.........
എത്ര സ്നേഹിച്ചാലും മതിയാവാതെ ..............നീ!!!!!!!!!!!!!


ഈ ചിത്രത്തെ കുറിച്ച് മുൻപൊരു പോസ്റ്റിൽ ഞാൻ എഴുതീരുന്നു. ന്നാലും പിന്നേം പിന്നേം നോക്കിയിരിക്കാനും, അതിനെ കുറിച്ച് സംസാരിക്കാനും ന്നെ നിർബന്ധിക്കുന്നൊരു ചിത്രമാണിത്.കാലത്തെ തിരിച്ചു പിടിക്കാൻ വേണ്ടി സൂക്ഷിച്ചു വെച്ച ചിലതുകളിൽ ഒന്ന്.ഏറ്റവും സ്നേഹത്തോടെ നോക്കാറുണ്ട്, തലോടാറുണ്ട്, വാക്കുകൾ മനപാഠമാക്കാൻ ശ്രമിക്കാറുണ്ട്. സ്നേഹത്തിന്റെ ഇത്തരം പങ്കുവെക്കലുകൾ തന്നെയാണ് അവ പിന്നീട് ഓർമ്മയാകുമ്പോൾ അത്രമേൽ ചന്തമുള്ളതാകുന്നത്.

എഴുത്തുകളും,കാർഡുകളും,അയക്കാനും വായിക്കാനും എനിക്കും   ഇഷ്ടമായിരുന്നു. ഉമ്മറത്തെ തൂണും ചാരി, വെയിലിൽ തെളിയുന്ന വിചാരങ്ങളിൽ മുങ്ങി,കാറ്റിനൊപ്പം വികൃതി കാണിക്കുന്ന തലമുടിയിഴകളിൽ കൈകളോടിച്ചു ചിലപ്പോൾ അറിയാതടഞ്ഞു പോകുന്ന മിഴികളോടെ അലസമിങ്ങനെയിരിക്കുമ്പോൾ കേൾക്കുന്ന സൈക്കിളിന്റെ ബെല്ലടി ശബ്ദം എന്നും തന്നിരുന്നത് ഒരു പകുതി ചിരി കഷ്ണമാണ്.

വായിക്കും തോറും നീളം കൂടിക്കൊണ്ടിരിക്കുന്ന പ്രിയമുള്ളൊരാളുടെ എഴുത്ത് പലപ്പോഴും ഞാൻ കൊതിച്ചിട്ടുണ്ട്. ഡിസംബർ എനിക്ക് കാത്തിരുപ്പിന്റെ കാലമായിരുന്നു. പോസ്റ്റ്‌മാനെ, അയാൾ കൊണ്ടുതരുന്ന നിറമുള്ള കവറുകളെ.ഡിസംബർ ആകുമ്പോഴേക്കും കാശ് കൂട്ടി വെക്കുമായിരുന്നു കാർഡുകൾ മേടിക്കാൻ,അതിനുള്ള സ്റ്റാമ്പ്‌ മേടിക്കാൻ.മേടിക്കുന്ന കാർഡുകളിൽ പകുതിയിലും എഴുതിയിരുന്ന മേൽവിലാസം എന്റെ തന്നെയായിരുന്നു. അത്രയും മനോഹരമായ ആശംസകൾ ഞാൻ എനിക്കായി നൽകിപ്പോന്നു. ദാ....ഇതിൽ കാണുന്ന ആ മഞ്ഞ നിറമുള്ള കാർഡ്,പിന്നെയാ സോറി കാർഡ് ഒക്കെ ഈ തരത്തിൽ ഞാൻ എനിക്കായി അയച്ചതാണ്.

ഡയറികൾ എന്റെ മറ്റൊരിഷ്ടമാണ്.കട്ടിയുള്ള പതുപതുത്ത കാപ്പിനിറമുള്ള അരികിൽ സ്വർണ്ണവരയുള്ള പുറം ചട്ടയുള്ള,ഒരു തീയതിക്കൊരു പേജ് ആയിട്ടുള്ള വല്ല്യേ ഡയറി വേണംന്നുള്ളത് ഇനീം സാധ്യാവാത്ത മോഹാണ്.എന്റെ ബടുക്കൂസ് വിചാരങ്ങളെ വാക്കുകളാക്കി കറുത്ത മഷിയുള്ള പേന കൊണ്ട് ഏറ്റവും ഭംഗിയുള്ള അക്ഷരങ്ങളായി കാലങ്ങൾക്കപ്പുറത്തേക്ക് വേണ്ടി സൂക്ഷിച്ചു വെക്കണം എന്നത് എല്ലാ ഡിസംബറിലും ഉണരുന്ന മോഹമാണ്.

കൂട്ടിവെച്ച മഞ്ചാടി മണികൾ,പളുങ്കുകൾ,ഈ ആശംസാ കാർഡുകൾ........... ഇതൊക്കെ കാണുമ്പോൾ ഇപ്പോഴെനിക്ക്‌ തോന്നുകയാണ് എനിക്കെന്നെ എന്തുമാത്രം ഇഷ്ടമായിരുന്നു എന്നെയെന്ന്. ജീവിതം വഴിമാറി ഒഴുകാൻ തുടങ്ങിയപ്പൊ നഷ്ടമാവാൻ തുടങ്ങിയത് എനിക്കെന്നെ സന്തോഷിപ്പിക്കാനുണ്ടായിരുന്ന ഇത്തരം ചില മാർഗങ്ങൾ ആണ്. നഷ്ടപ്പെടലുകൾ എന്നും കണ്ണീരാണ്. എങ്കിലും അവ ഓർമ്മകൾ ആയി മാറുമ്പോൾ ആ കണ്ണീരിനും കല്കണ്ട മധുരാണ്.
 


Tuesday, November 10, 2015

ചുമ്മാ.....ഒരു തട്ടിക്കൂട്ട് അത്രേള്ളു!!!!!

ത്ലാവർഷൊക്കെ കഴിഞ്ഞൂന്ന് തോന്നണു.രാവിലെ ഇപ്പൊ കൊറേ നേരത്തേക്ക് മഞ്ഞാണ്.മഞ്ഞു കാലം വന്നൂട്ടോന്നും പറഞ്ഞോണ്ട് അമ്പലമിറ്റത്തെ പാലമരങ്ങൾ ഒക്കേം പൂത്തു തുടങ്ങി.ഇന്നലെ നേരം വൈക്യോണ്ടും ഇന്ന് കോഴിക്കോട് പോകേണ്ടിയിരുന്നത്‌ കൊണ്ടും അമ്പലത്തിൽക്ക് രണ്ടു ദിവസായി പോവാൻ പറ്റീല്യ.പൂക്കൾ മുഴോനും വിരിഞ്ഞു കാണും.എനിക്കെന്തോരം ഇഷ്ടാന്നോ ഈ മണം.പാത്രം കഴുകാൻ വേണ്ടി വടുക്കോർത്ത് നിന്നപ്പോ മൂക്കിൽക്ക് വലിച്ചു കേറ്റി.അവടന്ന് പോരാനേ തോന്നീല്ല്യ.മഞ്ഞു കാലത്തിനെ കാത്തിരിക്കാൻ ന്നെ പ്രേരിപ്പിക്കണ പ്രധാന ഘടകം.നാളെ രാവിലെ അമ്പലത്തിൽക്ക് പോയി വരുമ്പോ ഒരു പിടി വാരിക്കൊണ്ട് വരണം. 

ഇന്ന് കോഴിക്കോട് പോണ വഴി ഇരുവശോം ഒരുപാട് പാലമരങ്ങൾ ഈ വിധത്തിൽ മനോഹരമായി നിന്നിരുന്നു.കാറിലിരുന്ന് എപ്പഴോ ഉറങ്ങിപ്പോയ ഞാൻ എണീറ്റപ്പോ കണ്ട കാഴ്ച്ച അതായിരുന്നു.ഗ്ലാസ്‌ താഴ്ത്താൻ അച്ചു സമ്മതിക്കാത്തോണ്ട് മണം മൂക്കിലോട്ട് കിട്ടീല്ലെങ്കിലും മനസ്സിൽ നിറഞ്ഞു. പാലമരങ്ങൾക്കിടയിൽ അവിടവിടെയായി പൂത്ത മുരിക്കു മരങ്ങളും പേരറിയാത്ത ഏതൊക്കെയോ മരങ്ങളെ കെട്ടിപ്പിടിച്ചോണ്ട്  നിക്കണ പൂത്ത പുല്ലാനി വള്ളികളും ഉണ്ടായിരുന്നു.പൂത്തൊ,പൂക്കളാൽ ചുറ്റപ്പെട്ടോ നിക്കണ മരങ്ങളെ കാണുമ്പോ തോന്നാറുണ്ട് യൌവനത്തിലെ സൌന്ദര്യം കൊണ്ട് ജ്വലിച്ചു നിക്കണ പെണ്‍കുട്ട്യോൾ ആണെന്ന്.എത്ര സന്തോഷത്തോടെയാന്നോ അവരുടെ നിൽപ്പ്.


പുല്ലാനി പൂക്കളെ കണ്ടപ്പോ ഞാനും ആ കാവ്യാ മാധവൻ ആയി."കാലി  മേയുന്ന പുല്ലാനി കാട്ടിൽ മുക്കാൽ ഇറക്കമുള്ള പാവാടേം നീണ്ട ബ്ളൌസും ഇട്ട കണ്ണിമാങ്ങ കടിച്ചോണ്ടു നടക്കണ ഒരു എട്ടാം ക്ലാസ്സ്‌കാരി.ആ പാട്ടും അത്രയധികം ഇഷ്ടമാണ്.പണ്ടൊക്കെ ഞാനത് നന്നായി പാടിയിരുന്നു എന്ന് അന്നു പലരും പറഞ്ഞിരുന്നു.അന്നൊക്കെ ഇറങ്ങുന്ന ഇറങ്ങുന്ന പാട്ടുകൾ കാണാണ്ട് പഠിക്കാൻ എന്തൊരു ഉത്സാഹായിരുന്നു.പവർ കട്ട് സമയത്ത് തന്നെയിരുന്നു പാടും. ചിലപ്പോ അന്താക്ഷരി കളിക്കും.ഞാൻ എപ്പഴും ജയിക്കുമായിരുന്നു.പാട്ടുകളുടെ എന്സൈക്ലോപീടിയ ആയിരുന്നു അന്നൊക്കെ ഞാൻ.അന്ന് പാട്ടെഴുതിയെടുത്തു കൂട്ടിയ ആ നോട്ടുബുക്കുകൾ ഒക്കെ ഇപ്പൊ വീണ്ടും കയ്യീ കിട്ടീരുന്നെങ്കിൽന്ന് ആലോചിച്ച് പിന്നീടെത്ര തവണ സങ്കടപ്പെട്ടിരിക്കുന്നു!!!!!!

ഇന്ന് കൊറേ നാളുകൾക്കു ശേഷം ഇവടൊരു മൈന വന്നു.എനിക്കത് വല്യേ സന്തോഷായി.പിന്നെ മിക്ക ദിവസോം സന്ധ്യ കഴിഞ്ഞാഒരു പ്രാപിടിയനെ കാണാറുണ്ട്.അതിന്റെ വല്യേ ചിറകുകൾ കാണുമ്പോ പേട്യാവും.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവടെ രണ്ടു കാക്കകൾ എന്നും വരും. ഇവടെവിടെയോ അവരൊരു കൂട് ണ്ടാക്കീണ്ടാവും.എന്നും രാവിലേം വൈന്നേരോം കൃത്യ സമയത്ത് വരും.മിക്ചർ ആണ് അവർക്കിഷ്ടം.എന്നും അത് കൊടുക്കും.ഈയിടെ അവർക്ക് കൊടുക്കാൻ വേണ്ടി മാത്രം അത് മേടിക്കും കടേന്ന്.അത് കഴിച്ചു പറന്നു പോവും.ഇവിടത്തെ മുത്തശ്ശനും,മുത്തശ്ശീം ആണെന്ന് പറയും എല്ലാരും.ഞാൻ ഓർത്തു.അങ്ങനെ വിചാരിച്ചിട്ടെങ്കിലും അതുങ്ങൾടെ വയറു നിറയ്ക്കണ പുണ്യം ഇവിടുള്ളോരെല്ലാം ചെയ്യുന്നുണ്ടല്ലോ,അത് കണ്ട് അച്ചൂനും കുഞ്ഞൂട്ടനും നാളെ അങ്ങനെ ചെയ്യുംലോ ന്ന്.അതൊരു സന്തോഷാണ്.

"കാടിനെ ചെന്ന് തൊടുമ്പോൾ" വായിച്ചേ പിന്നെ എന്റെ മനസ്സിൽ മരങ്ങളോടും മൃഗങ്ങളോടും പക്ഷികളോടും ഒക്കെ സ്നേഹം കൂടി.മനുഷ്യരേക്കാൾ നിഷ്കളങ്കരാണവർ, നല്ലവരും.ഒരിക്കൽ അച്ചൂനു മേടിച്ചു കൊടുക്കണം ആ പുസ്തകം.അതിൽ പറഞ്ഞ ഒരു കാര്യം പണ്ട് മുതലേ ഞാൻ ഓർക്കാറുണ്ട്. ഏതൊരു അമ്പലത്തിനേക്കാൾ,പള്ളിയേക്കാൾ വിശുദ്ധമാണ്‌ ഒരു കാടകം.സത്യമാണത്.കാടിനെ ഞാനും സ്വപ്നം കാണാറുണ്ട്.ഒരു കാടകം കാണാൻ എനിക്ക് മോഹവും ഉണ്ട്.പക്ഷെ അവിടേക്ക് കടന്നു ചെല്ലാൻ മാത്രം മനസ് അത്രമേൽ പവിത്രമായിരിക്കണം.എന്റെയുള്ളിലും എവിടെയൊക്കെയോ അല്പം കളങ്കമുണ്ട്.അതുകൊണ്ടെനിക്ക് പേടിയാണ്.
എന്നാലും ഞാൻ സ്വപ്നങ്ങളിൽ പോകും 
കാട്ടിലെ മഴ നനയാൻ,
മരങ്ങളിൽ നിറയുന്ന മിന്നാമിനുങ്ങുകളേം,
ആകാശത്ത് നിറയുന്ന നക്ഷത്രങ്ങളേം,
വെള്ളത്തിലെ അവരുടെ പ്രതിബിംബങ്ങൾക്കൊപ്പം കാണാൻ.....
മൃഗങ്ങളോടും,പക്ഷികളോടുമുള്ള മരങ്ങളുടെ സൗഹൃദം കാണാൻ.........
പച്ചയുടെ ഭംഗീം,മണോം ആസ്വദിക്കാൻ.......
കാറ്റ് കാടിന് വേണ്ടി മാത്രം ഉണ്ടാക്കുന്ന പാട്ട് കേക്കാൻ.........
അങ്ങനെയങ്ങനെ കാടിനെ അറിയാൻ.......

കുറച്ചു ദിവസം മുൻപ് ഇവടെ ആദ്യായി നിശാഗന്ധി വിരിഞ്ഞു.ഞാൻ ആദ്യായിട്ടാ കാണുന്നെ.കൊറേ ഫോട്ടോ എടുത്തു.ഒന്നൊഴികെ പിന്നൊന്നും നന്നായില്ല്യ.ഇപ്പൊ പഴേപോലെ....ഭംഗിയുള്ള,എനിക്ക് പ്രിയപ്പെട്ട ഫോട്ടോകൾ എടുക്കാൻ സാധിക്കുന്നേയില്ല്യ.നല്ല കാഴ്ചകളെ കാണാനുള്ള കഴിവും അത് ഫ്രെയിമിലാക്കാനുള്ള ശ്രമവും മനസും ഒക്കെ നഷ്ടപ്പെട്ട പോലെ..............അത് പോലെയാണ് പോസ്റ്റുകളുടെ കാര്യവും.ഇപ്പോഴിപ്പോൾ ബ്ളോഗ് തുറന്നു വെച്ച് സങ്കടപ്പെട്ട് ഇരിക്കും.ഏറ്റവും ശൂന്യമായ മനസോടെ പഴേ പോസ്റ്റുകൾ നോക്കി നെടുവീർപ്പിടും.ചിലതൊക്കെ വായിക്കുമ്പൊ എനിക്കന്നെ അതിശയാവും ഞാൻ തന്നെയാണോ ഇതൊക്കെ പടച്ചു വിട്ടേ.....ന്നോർത്ത്.അത്രേം കേമായോണ്ടൊന്നും അല്ല.അന്നേരത്തെ മാനസികാവസ്ഥ കൃത്യമായി ഞാൻ എഴുതീലോന്നോർത്ത്.മരിക്കണേനു മുന്നേ ഏറ്റവും ഭംഗിയുള്ളൊരു ഫോട്ടോയെടുക്കണം.ഏറ്റവും ഭംഗിയുള്ളൊരു പോസ്റ്റ്‌ എഴുതണം.ഒരിക്കലൊരു നാളിൽ സാധ്യമാവുമായിരിക്കും അതും.

വരണ മൂന്നാം ഞായറാഴ്ച്ച ഗുരുവായൂർ ഏകാദശിയാണ്‌. പിന്നത്തെ തൃപ്രയാർ,അത് കഴിഞ്ഞ് വലിയ താമസല്ല്യാതെ തിരുവാതിര വരും.പിന്നെ കല്യാണിക്കാവ് താലപ്പൊലി. ദിവസങ്ങൾ എന്ത് വേഗാണ് പോണത്.ന്റെ തലമുടി ഇപ്പൊ കൊറേ നരച്ചു.ന്നാലും നിന്നെയോർക്കുമ്പോ............... എനിക്ക് പ്രായം പതിനേഴാ!!!!!!

പറഞ്ഞു വന്നപ്പോ ഞാൻ ദേ വീണ്ടും പതിവ് വാക്കുകളിലേക്ക് വന്നെത്തി.ഉമക്കെന്നും പറയാൻ പതിവ് കാര്യങ്ങളെ ഉള്ളൂ എന്ന് പലരും എന്നെ കളിയാക്കിയിട്ടുണ്ട്.എന്നും മഴേം നിലാവും, അവനും പൂക്കളും കിളികളും ഇതൊക്കെയല്ലാതെ നിനക്ക് മറ്റു വല്ലതും എഴുതിക്കൂടെ?ഇല്ലെങ്കിൽ എഴുതാതിരുന്നു കൂടെ എന്ന് ഞാനും മറ്റുള്ളവരും എന്നോട് പല തവണ ചോദിച്ചിട്ടുണ്ട്.

എന്റെ ദിവസങ്ങളിൽ ഒന്നും പുതുതായി സംഭവിക്കുന്നില്ല. എനിക്ക് ചുറ്റിനും അങ്ങനെ തന്നെ.ഈ പതിവ് കാഴ്ച്ചകൾ തന്നെയാണ് ഇപ്പോഴെന്റെ സന്തോഷം.എന്റെ സന്തോഷങ്ങളെ കുറിച്ചല്ലാതെ പിന്നെ ഞാൻ എന്തെഴുതാൻ????? 
എനിക്കിഷ്ടമുള്ളതിലെല്ലാം നീയുണ്ട്.നിന്റെ ഓർമ്മകൾ ഉണ്ട്.
നിന്റെ സ്നേഹമുണ്ട്.പിന്നെ ഞാൻ എങ്ങനെ എന്റെ ചിന്തകളിൽ നിന്നും,വാക്കുകളിൽ നിന്നും,സ്വപ്നങ്ങളിൽ നിന്നുമെല്ലാം നിന്നെ ഒഴിവാക്കും.എന്നെത്തന്നെ പൂർണ്ണമാക്കുന്ന നിന്നെ കുറിച്ച്,നിന്നോടുള്ള നിനക്കെന്നോടുള്ള സ്നേഹത്തെ കുറിച്ച് പറയാനാകാതെ എനിക്കൊരു വരിയും മുഴുവനാക്കാനാവില്ല.എന്നിട്ടും പറഞ്ഞതിലും എത്രയോ കൂടുതൽ പറയാതെ എന്റെ അക്ഷരങ്ങളിൽ നിറഞ്ഞു നിൽക്കുന്നുവെന്നോ!!!!!!

ഇന്നത്തെ ഫേസ് ബുക്ക്‌ പോസ്റ്റിൽ അബ്ബാസ്ക്ക പറഞ്ഞത് എന്റെ കാര്യത്തിലും ശരിയാണ്."എന്നെ വായിച്ചു കൊണ്ടിരിക്കുന്നവർക്ക് എന്നെ മടുത്തു കാണും.അത് അവരുടെ കുറ്റമല്ല. എഴുത്തിൽ പുതുമ കൊണ്ട് വരാൻ കഴിയാത്തത് എന്റെ മാത്രം കുറ്റമാണ്.ഞാൻ എവിടുന്നു പുതുമ കൊണ്ട് വരും. ഇതെന്റെ പ്രൊഫഷൻ അല്ലല്ലോ".എനിക്കറിയുന്നത് ചുറ്റുമുള്ള എനിക്കിഷ്ടമുള്ള കാഴ്ച്ചകളെ  കുറിച്ച് പറയാൻ, നിന്നോടുള്ള എന്റെ സ്നേഹത്തെ എത്രയെന്ന് വാക്കുകളിൽ നിറയ്ക്കാൻ മാത്രമാണ്.എന്റെ ലോകം അത്രമാത്രം ചെറുതാണ്.എന്റെ അറിവ് അത്രമാത്രം ശുഷ്കവും.എങ്കിലും എന്റെ ഹൃദയത്തിൽ നന്മയുണ്ട്,സ്നേഹമുണ്ട്.

Friday, September 11, 2015

ഇന്നെന്നെ കരയിപ്പിച്ചു ഈ ചിത്രങ്ങൾ

വഴിയുടെ തുടക്കം ദാ ഇവിടെ നിന്നാണ്.ഇരു വശവും വീട്‌കളില്ലായിരുന്നു.വലതുവശത്തൊരു വീട് കാണുന്നില്ലേ?അതിനിരുവശവും കാവുകളായിരുന്നു.അതിലൊരു കാവിൽ നിറയെ മഞ്ചാടി പെയ്യിക്കുന്നൊരു മരമുണ്ടായിരുന്നു.അതീന്നാണ് ന്റെ മഞ്ചാടിക്കൂട്ടം മുക്കാലും.അതിനും കുറച്ചു മുന്നിലേക്ക് വഴിയുടെ അടുത്തായി കരിമ്പച്ച മാങ്ങോണ്ട് ചമ്മന്തി അരച്ചാൽ അന്ന് വെച്ച ചോറ് മുഴോനും ഞാൻ കഴിക്കുംന്ന് എന്നും ന്നെക്കൊണ്ട് പറയിക്കാൻ മാത്രം എപ്പോഴും ആർത്തി നിറയ്ക്കുന്ന,നല്ലോം പഴുക്കുമ്പോ തൊലിക്ക് ചോപ്പ് നിറോം ഉള്ളിൽ നിറയെ പുഴൂം വരണ മാങ്ങ ണ്ടാവണ മാവ് നിന്നിരുന്നു.അത് കഴിഞ്ഞുള്ള വശങ്ങളിൽ നിറയെ ബുഷ്‌ ചെടി നിന്നിരുന്നു.കൃത്യമായി വെട്ടാതെ അവ കാട് പിടിച്ചു നിക്കുന്നത് ഇവടെ മാത്രമാണെന്ന് ഞാൻ വിചാരിച്ചിരുന്നു.ഒളിച്ചു കളിക്കുമ്പോൾ അതിനു പിന്നിൽ പോയിരിക്കുമായിരുന്നു.ഏതോ കാലത്ത് അത് നിറയെ നല്ല കുങ്കുമ നിറമുള്ള കടുകോളം വലുപ്പമുള്ള പൂക്കൾ കൊണ്ട് നിറയുമായിരുന്നു.ചില രാത്രികളിൽ വഴിക്ക് അതിന്റെ മണമായിരുന്നു.ബുഷ്‌ കഴിഞ്ഞാൽ പിന്നെ നിന്നിരുന്നത് മൈലാഞ്ചി മരങ്ങൾ.............മഴ ബാക്കി വെച്ചത് നനയാൻ വേണ്ടി ഞാനോടി ചെന്നിരുന്നത് ഈ മൈലാഞ്ചി മരത്തിനു ചോട്ടിലായിരുന്നു.അതിലെ കുഞ്ഞു കായ്മണികളിൽ വീഴുമോന്നു പേടിച്ചു പറ്റിപ്പിടിച്ചു നിക്കണ മഴത്തുള്ളികളെ കാണുമ്പോ ഞാൻ വാത്സല്യത്തോടെ നോക്കി ചിരിക്കുമായിരുന്നു.കുറുമ്പോടെ ന്റെ മുഖത്തേക്ക് വീഴിക്കുമായിരുന്നു.കൈ ചോപ്പിക്കാൻ തോന്നുമ്പോ ഓടിച്ചെന്നു ഒരു പിടി പറിച്ചോണ്ട് വരും.ഇലയും,പ്ലാവില ഞെട്ടും,തേയില മട്ടും ഒക്കെക്കൂടി അരച്ച് വരുമ്പോഴേക്കും ഉള്ളം കൈ രണ്ടും ചോന്നിരിക്കും.അന്നൊക്കെ പല ഡിസൈൻ വേണം ന്നായിരുന്നു മോഹം.പക്ഷെ ഇപ്പൊ കൈ നിറച്ചും പൊത്തണം.ന്നിട്ട് ചുരുട്ടി മടക്കി പിടിച്ചിരിക്കണം.അന്നേരം രാത്രി ചോറ് വായിൽ തരാൻ അച്ഛമ്മ വേണം.കൈ കഴുകാതെ അങ്ങനെ മടക്കിപ്പിടിച്ച് ഉറങ്ങണം.വെളുപ്പിനെ എണീറ്റ് പാതിയുമടർന്നു പോയ മൈലാഞ്ചി മുഴോണ്‍ കഴുകി വൃത്തിയാക്കി പച്ച വെളിച്ചെണ്ണ തേച്ച് സൂര്യനെ കാണിക്കണം.ന്നിട്ട് മൂക്ക് വിടർത്തി മണത്തു നോക്കണം.ഹോ..............ത്ര നിഷ്കളങ്കമായ മണം.......!!!!!!!!!  


വഴിയുടെ അവസാനം ദേ ഇവിടെയാണ്‌.ഈ പുളി മരം മുതൽ മുറ്റമാണ്.വേനലിൽ പൂത്ത് കായ്ക്കാൻ മറന്ന മഞ്ഞ പുളിപ്പൂവുകൾ ഇടവപ്പാതികളിൽ ഒലിച്ചെത്തി നിറം മാറി ഈ മുറ്റത്ത് അടിഞ്ഞു കൂടുമായിരുന്നു.അപ്പഴേക്കും മുറ്റം മുഴുവനും പുല്ലു നിറയും.അരികൊപ്പിച്ച് ഈ ചീഞ്ഞ പൂക്കളും അടിഞ്ഞു കൂടും.വഴിയവസാനിക്കുന്നയീ ഇടത്തേയറ്റത്ത് പണ്ട് നിറയെ കുടമുല്ല പൂക്കുമായിരുന്നു.അതിനപ്പുറത്ത് ഒരു പാരിജാതവും ഉണ്ട്.രാത്രിയാണ് ഈ കുടമുല്ല മുഴോനും വിരിയുക.അത് മുഴോനും പൊട്ടിച്ചോണ്ടു വന്ന് കോർത്ത് മാലയാക്കി ചിലപ്പോൾ തളത്തിലെ ഗുരുവായൂരപ്പന്റെ ഫോട്ടോലോ,അല്ലെങ്കിൽ എന്റെ തലയിലോ വെക്കുമായിരുന്നു.ഈ മുറ്റത്തൂടെ ഇവിടം മുതൽ ദാ അങ്ങേയറ്റം വരെ നടക്കാറുണ്ട് രാത്രികളിൽ ചിലപ്പോഴൊക്കെ.നിലാവുള്ള രാത്രികളിൽ,തേവര് പറയെടുക്കാൻ വരണ രാത്രികളിലും ആ നടത്തം മനോഹരമായ ഒരനുഭവമാവാറുണ്ട്.രാത്രി എന്റെ പ്രിയ സുഹൃത്താണ്.പകലിനെക്കാൾ എനിക്കിഷ്ടം,എന്റെ സ്വകാര്യങ്ങളുടെ പങ്കു പറ്റുന്നത്,എന്റെ കണ്ണീരുകളെ ഉമ്മ വെച്ചൊപ്പിയെടുക്കുന്നത്,എന്റെ പ്രണയത്തെ എന്നെക്കാൾ അറിയുന്നത് എല്ലാം രാത്രിയാണ്.അതുപോലെയാണ് ഈ മുറ്റത്തിനും രാത്രി എന്ന് തോന്നാറുണ്ട് ചിലപ്പോ.എല്ലാരും ഉറങ്ങിക്കഴിയുമ്പോ ഇവർ തമ്മിൽ സംസാരിക്കുന്നുണ്ടാകും. എന്നെപ്പോലെ........


ഇനിയുമുണ്ട് ഏറെ പറയാനായി........മഴയൊഴുകി വന്നിരുന്ന ഈ വഴിയെ കുറിച്ച്..........മിഴിയൊഴുകിയൊഴുകി മനസൊരു കണ്ണീർ പുഴയാക്കിയ പഴയ എന്നെ കാണാൻ തോന്നുമ്പോഴൊക്കെയും ഞാൻ നടക്കാറുണ്ട് ഈ വഴിയിലൂടെ.......തീർത്തും തനിച്ചായി..........!!!!


വഴിയവസാനിക്കുന്നത് ഇവിടെയാണ്‌.ഈ മുറ്റത്ത്.ഈ ഇറയത്ത്‌.ഈ തൂണുകൾ പറയും ഞാൻ പറഞ്ഞ സ്വകാര്യങ്ങളെ......ആ ജനാലക്കമ്പികൾ പറയും എന്റെ ഉള്ളിലെ സ്വപ്നങ്ങളെ,ആ അകത്തളങ്ങൾ പറയും ന്റെ കണ്ണീരിന്റെ ചൂട് അവയെ പൊള്ളിച്ചതെങ്ങനെയെന്ന്. ന്റെ നിഷ്കളങ്കതക്കെത്ര ചന്തമായിരുന്നുവെന്ന്!!!!!!!!!!!!!!ഈ ഇറയത്തിരുന്നു കണ്ട മഴഭംഗി ഇനിയെവിടെയും എനിക്ക് കാണാൻ കിട്ടുമെന്ന് തോന്നുന്നില്ല.ഇവിടെയിരുന്നു നെയ്തു കൂട്ടിയ നിറമുള്ള സ്വപ്നങ്ങളെ പിന്നീടൊരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല.

പക്ഷെ ഇവിടെ ജീവിച്ച ആ ഞാനേയല്ല ഇപ്പൊ ഈ ഞാൻ...........!!!!!ഒരിക്കൽ ഈ ചിത്രങ്ങളിലെ നിഷ്കളങ്കതയും,വിശുദ്ധിയും ഇതുപോലെ ഉണ്ടായിരുന്ന എന്റെയാ മനസ്സിനെ ഞാനിവിടെയെവിടെയോ മറന്നു വെച്ചിട്ടുണ്ട്. ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഇടയ്ക്ക് വെറുതെ തപ്പി നോക്കാൻ വേണ്ടി ഞാൻ സൂക്ഷിക്കുകയാണീ ചിത്രങ്ങളെ!!!!!!!!!!!


നോക്കിയിരിക്കും തോറും ന്നെ സങ്കടപ്പെടുത്തുന്നു ഇന്നീ ചിത്രങ്ങൾ.എങ്കിലും നോട്ടം മാറ്റാനാവാതെ ഞാൻ.............എന്തൊക്കെയോ നഷ്ടപ്പെട്ടു.അതൊക്കെയും അത്രയധികം വിലപ്പെട്ടതായിരുന്നു.

Saturday, August 8, 2015

ഞാൻ എന്നോടന്നെ പറയണതാ....നിങ്ങളാരും കേക്കാൻ വരണ്ട.

ചിലപ്പോൾ അങ്ങനെയാണ്........
വിചാരിക്കാത്തൊരു നിമിഷത്തിൽ ഒരു വലിയ നിശബ്ദതയിലേക്ക് വീഴപ്പെടുന്ന പോലെ.......
ആഗ്രഹിക്കാത്തൊരു മൌനം വന്നു പൊതിയുന്ന പോലെ..........
ആ നിമിഷങ്ങളിൽ മനസിന്‌ വല്ലാത്തൊരു ഭാരമാണ്.
കണ്ണുകൾക്ക് വേദനയും,വിചാരങ്ങൾക്ക് വിറയലും ഉണ്ടെന്നു തോന്നും.
ഉള്ളൊന്നു കരഞ്ഞൊഴിഞ്ഞാൽ അതിൽ നിന്നും എണീക്കാമെന്നു കരുതി കരയാൻ ശ്രമിക്കുമ്പോൾ കരയാനാകാതെ........
എന്തെങ്കിലും ബടുക്കൂസ്ത്തരങ്ങളെഴുതി, ചിന്തകളേം വാക്കുകളേം വഴി തിരിച്ചു വിടാമെന്ന് കരുതിയാൽ, ഒരക്ഷരം പോലും വിരലുകളിൽ വരാൻ കൂട്ടാക്കാതെ.........
കുറേ നിമിഷങ്ങൾ, ചിലപ്പോൾ ദിവസങ്ങൾ..........
അന്നേരം എനിക്കെന്തിനും മരുന്നായ നിന്റെ ഓർമ്മകൾ പോലും നോവായി മാറും. അസ്വസ്ഥമാക്കുന്ന ഈ ഏകാന്തത ശരിക്കും പ്രാന്ത് പിടിപ്പിക്കും. പിന്നെങ്ങനെയോ  അതങ്ങു പോകും.എങ്ങോ മറന്നു വെച്ച എന്നെ, എന്റെയിഷ്ടങ്ങളെ  എനിക്ക് തിരിച്ചു കിട്ടും.
ഇതൊക്കെ മനസിന്റെ ഒരു നോർമൽ പ്രൊസെസ്സ് ആവുംലെ????
ഇന്നിപ്പോൾ അങ്ങനെയാണ്.
പുറത്തൊരു മഴ പെയ്തൊഴിഞ്ഞു.
എന്റെയുള്ളിലൊരു കണ്ണീർമഴ പെയ്യാൻ തുളുമ്പി നിൽക്കുന്നുണ്ട്.
അതൊന്നു പെയ്തൊഴിയാതെ എനിക്കുറങ്ങാനാവില്ല.

മഴ തോർന്നതും നോക്കി നിന്ന എന്റെ കണ്ണുകൾ, ജനാലയിൽ പിടിച്ച വിരലുകളിലേക്ക് നോട്ടമെത്തിച്ചപ്പോൾ എനിക്ക് സങ്കടം വന്നു, എന്റെ വിരലുകളുടെ ഭംഗിയില്ലായ്മ കണ്ടിട്ട്.
ഞാനോർത്തു...
നിന്റെ പേരെഴുതിയ മോതിരമിടാൻ എനിക്കെന്ത് മോഹമാണ്...
പക്ഷെ നഖം കടിച്ചു വൃത്തികേടാക്കിയ എന്റെ വിരലുകൾക്ക് മോതിരം അശേഷം ചേരില്ലെന്ന തോന്നലിൽ ഞാനാ മോഹമുപേക്ഷിച്ചുവല്ലോയെന്ന്.
അല്ലെങ്കിലും വെട്ടിയൊതുക്കി വൃത്തിയാക്കിയ നഖമില്ലാത്ത വിരലുകൾക്കെന്തു ഭംഗിയാണുള്ളത്!!!
എന്ന് മുതലാണീ ദുഃശ്ശീലം എന്നിൽ ചേർന്നത്!!!!!
തീരെ കുഞ്ഞു കുട്ടികൾ വിരലു കുടിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്. എനിക്കും ണ്ടായിരുന്നൂത്രെ ആ സ്വഭാവം. പിന്നീടത് മാറി നഖം കടി ആയിത്തീർന്നതാവും. മൂന്നുമൂന്നര വയസ്സ് പ്രായമുള്ളപ്പോഴത്തെ ഒരു ഫോട്ടോണ്ട് പഴയൊരു ആൽബത്തിൽ. അതിലും ഞാൻ നഖം കടിച്ചോണ്ടന്നെ. :(  എല്ലാവരും കളിയാക്കിയും, വഴക്ക് പറഞ്ഞും, തല്ലീം ഒക്കെ ഇല്ലാതാക്കാൻ നോക്കിയിട്ടും മാറിയില്ല എന്റെയീ സ്വഭാവം. ഞാനും ഏറെ ശ്രമിച്ചു. ദാ ഇന്നുവരേക്കും മാറിയില്ല. ഒരിക്കലെപ്പഴോ അറിഞ്ഞു നഖം കടിക്കുന്ന സ്വഭാവം ഇൻസെക്ക്യൂരിറ്റി ഫീലിന്റെ ലക്ഷണമാണെന്ന്. എന്റെ കാര്യത്തിൽ അത് സത്യമായിരുന്നു. എനിക്കെപ്പഴും അങ്ങനെ ഒരു വിചാരമുണ്ട്. ചുറ്റിനും അത്രയധികം പ്രിയപ്പെട്ടവരുണ്ടെങ്കിലും തനിച്ചെന്ന തോന്നൽ, എന്ത് ചെയ്താലും അതിലെന്തെങ്കിലും പിഴവ് പറ്റുമെന്ന പേടി, മറ്റുള്ളവർ എത്രയൊക്കെ ഇഷ്ടം കാണിച്ചാലും ത്രേള്ളൂ, ഇത്രേള്ളൂ എന്ന പരാതി, നടക്കുമ്പോൾ വേണമെന്ന് വെച്ചാൽ പോലും തല ഉയർത്തിപ്പിടിച്ചു നടക്കാൻ സാധിക്കാത്ത എന്റെ അപകർഷതാ ബോധം ഇതൊക്കെ നഖം കടിക്കൽ കൂടാതെ ഈ ഇൻസെക്ക്യൂരിറ്റി ഫീൽ തന്നതാണ്.

കുട്ടികളിൽ ഒരിക്കലും അപകർഷതാ ബോധം, ഇൻസെക്ക്യൂരിറ്റി ഫീൽ ഒക്കെ ഉണ്ടാവാതെ നോക്കേണ്ടത് അമ്മേടേം അച്ഛന്റേം ഉത്തരവാദിത്തമാണ്. കാരണം അവർ വലുതാവും തോറും അതും വലുതായിക്കൊണ്ടിരിക്കും. ഉള്ളിലുള്ള ആത്മവിശ്വാസത്തെ ഒരിക്കലും കാണാൻ സാധിക്കാതെ, എപ്പോഴും തോറ്റുപോയവൾ എന്ന വിചാരം മാത്രം നിറയ്ക്കും. സ്വന്തം കഴിവും പരിശ്രമവും കൊണ്ട് ജീവിതത്തിൽ എവിടേയും എത്താൻ സാധിച്ചില്ല, ആഗ്രഹിച്ചതൊന്നും നേടാനായില്ല, എന്നതൊക്കെ എത്ര വലിയ സങ്കടങ്ങൾ ആണെന്നോ!!!!

ചിലപ്പോ തോന്നും ഭൂമിയിലേക്ക് ഞാൻ വന്നപ്പോൾ എന്റെ വിധി ഇങ്ങനെയൊന്നുമായിരുന്നില്ല ദൈവം നിശ്ചയിച്ചിരുന്നതെന്ന്. അത് മറ്റെന്തൊക്കെയൊ ആയിരുന്നു. പക്ഷെ ആരൊക്കെയോ ചേർന്ന് അതിങ്ങനെയൊക്കെ ആക്കിമാറ്റി. ചിന്തകൾ അത്രയൊക്കെ എത്തുമ്പോഴേക്കും ഞാൻ നിരാശയുടെ കാണാകയങ്ങളിലേക്ക് ചെന്ന് പതിക്കും. കരയാൻ തുടങ്ങും. കരഞ്ഞു കരഞ്ഞൊടുവിൽ കണ്ണ് വേദനിച്ച് തുറക്കാൻ പറ്റാതെയിരിക്കുമ്പോ , വീഴാൻ മടിച്ചൊരു നീർത്തുള്ളി ഒരു കുഞ്ഞു വെളിച്ചം പോലെ കണ്‍കോണിൽ മിന്നി നിൽക്കും.എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിക്കും.
 "നിന്റെ ജീവിതം എങ്ങനെയൊക്കെ ആയാലെന്താ..........
നിന്നോടൊപ്പം നിനക്ക് കൂട്ടിന് നിന്റെ ധൈര്യമായി, വിശ്വാസമായി, പ്രതീക്ഷയായി, ആശ്വാസമായി, സ്നേഹമായി ഞാനുണ്ടല്ലോ!
അതുപോരെ ??????" 
ആ ചോദ്യം അതാണെന്റെ ദൈവം.
ആ ശബ്ദമാണ് എനിക്ക് ദൈവത്തിന്റെ ശബ്ദം. 
ദൈവം എന്നേയും ഏറെ സ്നേഹിക്കുന്നുവെന്ന് ഞാൻ  മനസിലാക്കുന്നത് ഇങ്ങനെയൊക്കെയാണ്.
ഇത്തരം ബടുക്കൂസ് തോന്നലുകളിലൂടെ..............
സ്നേഹം മാത്രം നിറച്ചുള്ള ചില നോട്ടങ്ങളിലൂടെ.........
ചില ചിരികളിലൂടെ...............
എല്ലാറ്റിനുമുപരി നിന്നിലൂടെ..............
അപ്പോൾ ഞാൻ എന്നോട് പറയും.
ഇത് തന്നെയാണ് ദൈവം നിനക്കായ്  വെച്ചിരുന്ന ജീവിതം.
നോക്ക് നിന്റെയീ ജീവിതം എത്ര മനോഹരമാണെന്ന്.
ഓരോ നിമിഷവും അതത്ര തന്നെ ഭംഗിയായി നീയാസ്വദിക്കണം.
കാരണം നിന്റെ ജീവിതം........
അതടയാളപ്പെടുത്തി വെക്കേണ്ടത് നീ മാത്രമാണ്!!!!!!!

Wednesday, July 22, 2015

എങ്ങനേണ്ട് ന്റെ ഒരു ദിവസം??????

പതിവ് പോലെ നാളെയും വെളുപ്പിനെ ഞാനുണരും.
അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ട് കൊണ്ട് ചുമ്മാ കിടക്കും.
അച്ചൂനെ കെട്ടിപ്പിടിച്ചൊരുമ്മ വെക്കും.
എണീറ്റ് ജനലിൽ കൂടി മഴേം മഞ്ഞും ന്നെ നോക്കി ചിരിക്കണ കാണും.
കട്ടൻ കാപ്പീടെ ആവി മണം ആസ്വദിച്ച് അടുപ്പിനടുത്ത് പോയി ചൂട് കായും.
ഈറൻ മണക്കണ മുടിത്തുമ്പ്‌ കെട്ടി അമ്പലത്തിലേക്ക് പോവും.
കല്യാണിയോട് പരദൂഷണോം പ്രണയരഹസ്യോം പറഞ്ഞ്,,,,,
അടുത്ത വീടുകളിൽ നിന്നും വന്ന,
ഉള്ളി വഴറ്റണതും,ദോശ വേവണതും,ചട്ട്ണിക്ക് വറുത്തിടണതുമായ മണങ്ങളുണ്ടാക്കിയ
കൊതിയും കൊണ്ട് തിരിച്ചു വരും.
മുറ്റത്തെ ചട്ടികളിൽ വിരിയാനൊരുങ്ങി നിക്കണ റോസ പൂമൊട്ടുകളുടെ സന്തോഷം കാണും.
അഴുവിന്മേൽ അമ്മയിലകൾ ആലസ്യം വിട്ട് തലേന്നുരാത്രി മഴ പറഞ്ഞ വർത്താനങ്ങൾ പറഞ്ഞു തരുന്നത് കേക്കാൻ കാതോർക്കും.
കുഞ്ഞു മഴത്തുള്ളികളുടെ കനം പോലും താങ്ങാൻ വയ്യാത്ത തളിരിലകളുടെ ഉത്സാഹം കാണും.
തണുത്തു വിറച്ചു, കെട്ടിപ്പിടിച്ചു നിക്കണ ആര്യവേപ്പിനേം പവിഴമല്ലിച്ചെടിയേം നോക്കി ഞാനും നീയുമെന്നു ചിന്തിച്ച് ചിരിക്കും.
മഴ മേഘങ്ങൾ മറച്ച നിലാ വെളിച്ചത്തിന്റെ സങ്കടത്തിനെ പറ്റി പറയാൻ തിരക്ക് കൂട്ടുന്ന തെങ്ങോലകളെ കാണും.
കറിവേപ്പിൻ കൊമ്പിൽ വന്നിരിക്കുന്ന കരിയിലക്കിളിയെ നോക്കി നല്ല പ്രഭാതമെന്നാശംസിക്കും.
തുണി നനക്കുന്നതിനിടയിൽ സോപ്പ് പതപ്പിച്ച് പൊള്ളയുണ്ടാക്കി കളിക്കും.
അച്ചൂന്റെ ഓട്ടോ മാമനോട് താമര വിരിയിക്കുന്ന കഥകളെ ചോദിക്കും.
ഉച്ച വെളിച്ചത്തിൽ ഫേസ് ബുക്കിൽ സമയം കളയും,
ഗസലുകളിൽ സ്വയം മറന്നെങ്ങടൊക്കെയോ മനസ്സ് അലഞ്ഞു കൊണ്ടിരിക്കും.
ഒരു മണി വാർത്തക്കൊപ്പം വെച്ച കറികളുടെ സ്വാദ് പങ്കു വെക്കും.
വിറകു പുരയിൽ പോയി എട്ടുകാലി കാണല്ലേ ന്നും പറഞ്ഞോണ്ട് വിറകെടുത്തോണ്ടോടി വരും.
കറണ്ട് കമ്പിയിലിരുന്നു കത്തി വെക്കുന്ന വണ്ണാത്തിയേം ഓലേഞ്ഞാലിയേം ഓടിച്ചു വിടും.
ഒറ്റ ശ്രീകോവിലിലെ ഒരു തിരി വെളിച്ചത്തിലിരുന്നു ബോറടിക്കുന്ന വേട്ടെയ്ക്കരനേം ഭഗവതിയേം നോക്കി സഹതപിക്കും.
പപ്പടം തല്ലിച്ചുട്ടും,ഉള്ളീം മുളകും തിരുമ്പിയും അത്താഴം വിളമ്പും.
നിലത്തു വിരിച്ച കോസടിയിൽ കിടക്കണ അച്ചൂനെ നീലക്കാർമുകിൽ വർണ്ണൻ പാടി താളം പിടിച്ചുറക്കിയുറങ്ങും.
അങ്ങനെ "നാളെ"യും തീരും.
ഇതിനിടയിൽ എപ്പോഴൊക്കെയാണ് നീയെന്നോട്‌ മിണ്ടാൻ വന്നത്???
എന്നെ ഉമ്മ വെച്ചത്??????
കെട്ടിപ്പിടിച്ചത്???????







(ഒറ്റ വരി സ്റ്റാറ്റസ് ഇടാൻ വേണ്ടി ഫേസ് ബുക്ക് തുറന്നപ്പൊ എവിടുന്നോ വന്നു തലേൽ കേറിയ ഐഡിയ  അതാണീ പോസ്റ്റ്‌).

Thursday, July 2, 2015

നീ നിറയുന്ന നിമിഷങ്ങൾ ....

ഈ ഇലകളും പച്ചയും എന്നിൽ നിന്നെ നിറയ്ക്കുന്നു. ഇലനിഴലുകളുടെ തണലിൽ, തണുപ്പിൽ നിനക്കൊപ്പമിരുന്ന് എനിക്കെന്റെ ബാല്യ കൌമാരങ്ങളെ ഓർമ്മിക്കണം. നിനക്കായി പാട്ടുകൾ പാടിത്തരണം. നിന്റെ കളിയാക്കലുകൾ കേട്ട് പരിഭവിക്കണം. വള്ളികൾക്കും, വല്ലികൾക്കും ഇടയിലൂടെ നിലാവ് നോക്കി, നീലാകാശം നോക്കി, മഴ നോക്കി കുറേ ദിനങ്ങൾ ജീവിച്ചു തീർക്കണം. ന്റമ്മോ...............നിന്നോടെനിക്കെന്തൊരു പ്രേമാണ്!!!!!!(ഹ ഹ...... ചുമ്മാ!!!)


കാറ്റിലാടുന്ന നെല്ലോലത്തൂമ്പുകൾ, മഴ നനഞ്ഞു നിൽക്കുന്ന നെൽപൂവുകൾ, വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങൾ ആരുടേയും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകൾ ആണ്. എനിക്കിതൊക്കെ കണ്ണിലേം മനസിലേം കളങ്കങ്ങൾ ഇല്ലാതാക്കുന്ന കാഴ്ചകൾ ആണ്. തൂമ്പിലകളുടെ അരികു തട്ടുമ്പോൾ മുള്ള് കുത്തണ പോലൊരു കുഞ്ഞു നോവുണ്ട്.അതൊരു സുഖാണ്. ഈ ഫോട്ടോ എനിക്കിത്രയേറെ റീഫ്രെഷിംഗ് നൽകുന്ന ഒന്നാവുമെന്നു ഞാൻ ഇതെടുക്കുമ്പോ വിചാരിച്ചതേയില്ല . ഈ മഴമുത്തുകളുടെ കുളിരെപ്പോഴും അനുഭവിക്കാനാവുമെന്നും. മനസ്സിൽ പ്രണയം നിറയുമ്പോൾ നിന്നോടൊപ്പമുള്ള  ഒരു മഴനിമിഷം ഇതിനിടയിലൂടെ ഇരുന്നും,നടന്നും ഒക്കെ ആവണം എന്നതൊരു പൈങ്കിളി മോഹാണ്.


എന്നെന്നെക്കുമെന്നു പറഞ്ഞ സൌഹൃദ വാഗ്ദാനങ്ങളും, കാലത്തെ തോൽപ്പിക്കുമെന്ന പ്രണയ പ്രാർത്ഥനകളും, വിരഹത്തിന്റെ ആഴമളന്ന കടലോളം സ്നേഹം നിറച്ച വാക്കുമ്മകളും, ഈ കട്ടിക്കടലാസുകളിൽ ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത എന്റെ പ്രണയമേ എന്നൊരു വരി അതിൽ പലതിലും ഉണ്ടായിരുന്നത് മാഞ്ഞു പോയോ എന്തോ!!!!ഇനിയൊരിക്കൽ നിന്നെ കാണുമ്പോൾ ഞാനതെല്ലാം നിനക്കായി തരാം. "എന്നിലെ എന്നെ നിന്നിലൂടെ കാണിച്ചു തന്ന......നിന്നിലൂടെ നിന്നെയും, ഈ ലോകത്തേയും, എന്നെ തന്നെയും സ്നേഹിക്കാൻ പഠിപ്പിച്ച നിനക്കായ്‌......." എന്നൊരു വരിയുമെഴുതി.



ആരും പോകാത്ത കാട്ടുവഴികളിലൂടെ തീർത്തും തനിച്ചായി നടക്കാനാണ് നിനക്കിഷ്ടം. നിന്റെ തുടർച്ചയാവാനാണ് എനിക്കിഷ്ടം.നീ നടന്നു പോയ വഴിയിലൂടെ നടക്കാൻ.......നീ കണ്ട കാഴ്ചകളുടെ ബാക്കി കാണാൻ .........നീ നനഞ്ഞ മഴയുടെ ബാക്കി നനയാൻ ........നീ കേട്ട പാട്ടിന്റെ ബാക്കി കേൾക്കാൻ ........ നിനക്കറിയാമോ കാടും, കാട്ടരുവിയും, ഇരുളും, മഴയും, നിശബ്ദതയും ഒക്കെ എന്നോട് സംസാരിക്കും നീയവരോട് പങ്കു വെച്ചതിനെ കുറിച്ച്. അവരെന്നെ കുറിച്ച് അസൂയയോടെ ചോദിക്കും നീയെങ്ങനെ അവനിത്രയേറെ പ്രിയപ്പെട്ടവളായി ??? അവന്റെ പ്രിയ സംഗീതമായി??? അവന്റെ പ്രിയ ഗസലായി?????????

ഈ ചിത്രം കാണുമ്പോഴോക്കേം ആ നിമിഷങ്ങളിൽ ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയിലാവും ഞാൻ. അത് പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് നിശ്ശല്ല്യ. സ്നേഹവും, സന്തോഷവും, കൌതുകവും ഒക്കെ കൂടി നിറഞ്ഞു കവിഞ്ഞിങ്ങനെ..........കാട്ടിലെ മഴ നനയണംന്ന ആ മോഹോം അങ്ങനെ സാധിച്ചു. തിരിച്ചു വരുമ്പോൾ എന്റെ കണ്ണുകൾ  നിറഞ്ഞിരുന്നു. സ്നേഹത്തിന്റെം,സന്തോഷത്തിന്റെം  ഒക്കെ അങ്ങേയറ്റം എന്ന് പറയുന്നത് കണ്ണീരന്നെയാണ്. 


ഭംഗിയുള്ള മച്ചിങ്ങകളും ഓമനത്തം നിറഞ്ഞ ഈ അടയ്ക്കാ കുട്ട്യോളേം പെറുക്കി സൂക്ഷിച്ച് എടുത്തു വെച്ചിരുന്ന ദിവസങ്ങൾ അന്നെനിക്കുണ്ടായിരുന്നു. അതിന്റെ മണോം, ഇഷ്ടം കൂടിക്കൂടി ചെറുതായി കടിക്കുമ്പോ ഉള്ള ഒരു കറ രുചീം ഒക്കെ എനിക്കിഷ്ടായിരുന്നു. ഇടയ്ക്ക് ഓരോ ഉമ്മേം വെക്കുമായിരുന്നു. കൊറേ അടയ്ക്കാ കുട്ട്യോളെ കോർത്തൊരു മാലയാക്കി പഴേ ആ കാലത്തിന്റെ ഓർമ്മയ്ക്ക് സൂക്ഷിച്ചു വെക്കായിരുന്നു എന്ന് ഈ ചിത്രം കാണുമ്പോ കാണുമ്പോ എനിക്ക് നഷ്ടബോധത്തോടെ തോന്നാണ്.




Sunday, June 28, 2015

പൂമ്പാറ്റ മോഹം

ഇന്നലെ വെളുപ്പിന് അമ്പലത്തിലേക്ക് വേണ്ടി ഇറങ്ങിയപ്പോഴാണ് നേരെ മുന്നിലെ മാവിൻ കൊമ്പുകൾക്കിടയിലൂടെ നിലാവിനെ കണ്ടത്.
പെട്ടെന്നെന്തോ...............ഒരു മോഹമുദിച്ചു .
ഒരു പൂമ്പാറ്റെ കാണണംന്ന്.
ചിറകിനറ്റം തിളക്കമുള്ള മഞ്ഞ നിറത്തിലുള്ള ഒരു പൂമ്പാറ്റ.
പിന്നെ തോന്നി ഒന്ന് പോര കൊറേ വേണംന്ന്.
ഒക്കെത്തിനേം ഒരു ചില്ല് കുപ്പീല് എട്ത്ത് വെക്കണം.
ആരെങ്കിലും കണ്ടാലും ജീവിനില്ലാത്തതാന്നു വിചാരിക്കണം.
രാത്രി എല്ലാരും ഉറങ്ങിക്കഴിയുമ്പോൾ ഞാനാ കുപ്പി തുറക്കും.
അപ്പൊ എനിക്ക് ചുറ്റും നിറച്ചും തിളങ്ങുന്ന മഞ്ഞ പൂമ്പാറ്റകൾ പാറി പറക്കും.
എന്നോടൊത്തിരി സംസാരിക്കും.
കാട്ടിൽ കണ്ട വനദേവതയുടെ ഭംഗിയെ കുറിച്ച് പറഞ്ഞു മോഹിപ്പിക്കും.
ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത,
മണത്തിട്ടില്ലാത്ത കാട്ടുപൂവിന്റെ തേനിന്റെ സ്വാദ് പറഞ്ഞു കൊതിപ്പിക്കും.
നിലാവ് നിറഞ്ഞൊരു രാവിൽ,
കാട്ടിലെ പാറയിടുക്കിലെ വള്ളിപ്പുല്ലിൽ വിശ്രമിക്കാനിരുന്നപ്പോൾ കേട്ട,
കാറ്റിന്റെ താരാട്ടു മൂളലിൽ
നിറഞ്ഞ വാത്സല്യത്തിന്റെ അമ്മമണം
കാതിനരികിൽ വന്നു മൂളിയും,
കവിളിൽ ഉമ്മ വെച്ചും പകർന്നു തരും.
ഒടുക്കം ഞാൻ അവർക്കൊപ്പം കാട്ടിൽ ചെന്ന് വനദേവതയെ കണ്ട് ന്നേം പൂമ്പാറ്റയാക്കാൻ പറയും.
ഹോ............എന്നിട്ട് വേണം എനിക്ക് ഒരു പ്രാരാബ്ധോം,ടെൻഷനും ഇല്ലാതെ
വെയിലും മഴേം മഞ്ഞും നിലാവും അമാവാസീം
ഒക്കേം കണ്ട് കാട്ടിലിങ്ങനെ കൊറേക്കാലം സുഖായി ജീവിക്കാൻ.


Wednesday, June 24, 2015

എന്നോട് മിണ്ടുന്ന ചിത്രങ്ങൾ ...........

കരയാൻ മറന്ന കരച്ചിലുകൾ
കാർമേഘമായി ഉരുണ്ടുകൂടി
ഉള്ളിന്റെയുള്ളിൽ അവിടവിടെയായി
ഇരുട്ട് പുതച്ചു ഇപ്പോഴും നിൽപ്പുണ്ട്.
നിന്റെ സ്നേഹം നൽകിയ വെളിച്ചം,
നിന്നെ സ്നേഹിച്ചതിലൂടെ കൈവന്ന വിശുദ്ധി
ആ കണ്ണീരിനെ ചിരിയാക്കുന്നതും
ഇരുട്ടിനെ വെളിച്ചമാക്കുന്നതും
ഞാൻ അറിയുന്നില്ലെന്നതാണ് സത്യം!!!!!








(വരികളും ചിത്രവും തമ്മിൽ യാതൊരു വിധ ബന്ധവുമില്ലെന്ന് ഇതിനാൽ ബോധ്യപ്പെടുത്തുന്നു )




നിഴലുകളെ എങ്ങനെ വേണമെങ്കിലും  വ്യാഖ്യാനിക്കാം. കാണുന്നവന്റെ മനോവിചാരമനുസരിച്ച് നിഴലുകൾ പല കഥകളും പറഞ്ഞു തരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  എനിക്കെന്റെ നിഴലിനെ വലിയ ഇഷ്ടമാണ്. ഒറ്റയ്ക്ക് നടക്കുമ്പോൾ ഞാനെന്റെ നിഴല് നോക്കി ചിരിക്ക്യേം, സംസാരിക്ക്യേം, ചിലപ്പഴൊക്കെ കരയേം ചെയ്യാറുണ്ട്. ഈ നിഴൽ ചിത്രം എടുത്ത് നോക്ക്യപ്പോ തോന്നി വേണ്ടീരുന്നില്ലാന്ന്. കരയിക്കാൻ മാത്രമായുള്ള കഥകൾ പറയുന്നു ഇതെന്നോട്. എന്തോ......... എന്നെയിത് അസ്വസ്ഥമാക്കുന്നു. സങ്കടപ്പെടുത്തുന്നു.




എനിക്കെത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണീ നീലാകാശോം വെള്ള മേഘങ്ങളും. ഒരു പക്ഷിയായോ, അപ്പൂപ്പൻതാടിയായോ മാറണം, എന്നിട്ടീ   മേഘങ്ങൾക്കുള്ളിൽ ഒളിച്ചു കളിക്കണം,ഒടുക്കം ആർക്കും കണ്ടുപിടിക്കാനാവാത്ത വിധം സ്വയമൊരു മേഘമാവണം. എന്നിട്ടൊരു രാവിൽ ആരും കാണാതെ പെയ്തു തോരണം. ഇതൊക്കെ എന്റെ അതിമനോഹരമെന്നു ഞാൻ വിശ്വസിക്കുന്ന ചില ബടുക്കൂസ് സ്വപ്നങ്ങളാണ്.




നോക്കൂ ഈ ചിത്രത്തിലേക്ക്.......എത്ര ഫ്രെഷ് ആണ്!!!!എത്ര പ്യുവർ ആണ്!!!!ഒരു രാത്രി മഴ കൊടുത്തിട്ട് പോയതാണ്.ഇതിലേക്ക് നോക്കുമ്പോഴൊക്കെ മനസിലെ കളങ്കങ്ങളും, സങ്കടങ്ങളും ഒക്കെ ഈ പച്ച-വെള്ള തുള്ളി ഒപ്പിയെടുത്ത് അപ്രത്യക്ഷമാക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഒരു പക്ഷെ കാണുന്നവർക്കെല്ലാം ഈ ഫ്രെഷ്നെസ്സും പ്യൂരിറ്റീം നൽകാൻ വേണ്ടിയാവണം ഇതിങ്ങനെ നിൽക്കുന്നെ.                                                                                                                                                                                            



ഇന്ന് വട്ടെന്നു തോന്നുന്ന, നൊസ്റ്റിയെന്ന് പറഞ്ഞു സൂക്ഷിക്കുന്ന ഒരുപിടി ഇഷ്ടങ്ങൾ കൊണ്ട് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
അതിലൊന്നായിരുന്നു ഇതും. അന്ന് കോളാമ്പീം ചെമ്പരത്തീം ഇടകലർത്തി ഈർക്കിലിൽ കോർത്ത് പൂക്കാവടി ന്നും പറഞ്ഞ് കൊണ്ട് നടക്കും. ഈ മഞ്ഞ നിറോം,ഇതിന്റെ നറുമണോം അന്നും ഇന്നും ഇഷ്ടാണ്. നൊസ്റ്റി ലിസ്റ്റിൽ പ്രധാനപ്പെട്ടതും. ആ കാലത്തെ തിരിച്ചു പിടിക്കാൻ വേണ്ടി ചിലത് വാക്കുകളായും, ചിലത് ചിത്രങ്ങളായും സൂക്ഷിച്ചിട്ടുണ്ട്.
അതിലൊന്നാണിത്. ഇതിലൊന്നും ഫോട്ടോഗ്രാഫീടെ ഭംഗി കാണാൻ കഴിയില്ല.
ഒരു പക്ഷെ സൂക്ഷിച്ചു നോക്കിയാൽ കാണാം, എപ്പോഴൊക്കെയോ ആരുമില്ലെന്ന പേടിയിൽ കഴിഞ്ഞ, ഏതൊക്കെയോ ചില നിമിഷങ്ങളിൽ
എന്തിനൊക്കെയോ വേണ്ടി കരയുമായിരുന്ന, എന്താണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാനാവാതെ പോയ, എവിടേയും അപകർഷതാബോധം കൊണ്ട് തല കുനിച്ചു നിന്നിരുന്ന ഒരു പെണ്‍കുട്ടീടെ മനസ്സ് ................. അവളുടെ നിഷ്കളങ്കത ............................. അവളുടെ കുഞ്ഞു കുഞ്ഞിഷ്ടങ്ങളെ ..........................!!!!!





നീ അടയാളപ്പെടുത്തി വെച്ച ഞാൻ ദേ................ !!!


























നിനക്കറിയാമൊ ഞാൻ കുറെ മഴയിഷ്ടങ്ങളെ‌ സൂക്ഷിച്ചു വെച്ചിട്ടുണ്ട് . അടുത്ത മഴക്കാലത്ത് അതെല്ലാം എനിക്ക് സാധിക്ക്യേം ചെയ്യും.
അതോണ്ട് കാത്തിരിക്ക്യാണ് ഞാനാ മഴക്കാലത്തിനായ്............

Friday, May 15, 2015

മഴ-യാത്ര-ഓർമ്മ

നോക്കിയിരിക്കാൻ നിർബന്ധിക്ക്യാണ്‌ മഴ............
മഴ മണക്കുന്ന ഈ ദിവസങ്ങളോട് വല്ലാത്ത ഇഷ്ടം തോന്നുന്നു. ഇന്നലെ രാത്രി ഇടീം മിന്നലും കുറച്ചധികമുണ്ടായിരുന്നു. ലൈറ്റ് പോയപ്പൊ,ഫാൻ ന്റെ ഒച്ച നിന്നപ്പോ പിന്നെ ഉറക്കം വന്നതേയില്ല.മുറിയിൽ ഒരു കുഞ്ഞു വെളിച്ചമെങ്കിലും ഇല്ലാതെ കിടന്നുറങ്ങാൻ അച്ചു സമ്മതിക്കില്ല. അതിപ്പോ എനിക്കും ശീലമായി. അതുകൊണ്ടിന്നലെ ഏറെ വൈകിയാണ് ഉറങ്ങിയത്. ലൈറ്റ് പോയാൽ ആകെയൊരു നിശബ്ദതയാണ്.ആ നിശബ്ദത മനസ്സിൽ ഒരു ഭാരം വെച്ച് തരുന്നതായി തോന്നും ചിലപ്പഴൊക്കെ.

വർഷങ്ങൾക്കു മുൻപൊരു ഞാൻ ണ്ടായിരുന്നു.ആ എനിക്ക് ഇരുട്ടായിരുന്നു ഏറെയിഷ്ടം.മഴ കനക്കുന്ന രാത്രികളിൽ ജനാല തുറന്നിട്ട് അതിലൂടെ നേർത്ത തിളക്കമുള്ള മഴയെ നോക്കിക്കൊണ്ട് ഉറങ്ങാതെ കിടക്കുമായിരുന്നു ഞാൻ.ആ കാലങ്ങളിൽ രാത്രികൾ തീർന്നിരുന്നത് കണ്ണിൽ കുത്തുന്ന ഇരുട്ടും, റേഡിയോയിലെ നാടകങ്ങളും,കഥകളി പദങ്ങളും പിന്നെ മഴ ശബ്ദങ്ങളും കൊണ്ടായിരുന്നു. നനഞ്ഞ മണ്ണിന്റെ മണം വരുമ്പൊ, തവളകളും ചീവീടുകളും കരയണ കേക്കുമ്പൊ, പുരപ്പുറത്തു വീഴുന്ന മഴയൊച്ച കേക്കുമ്പൊ, ഇടിമിന്നലിൽ തെളിയുന്ന മരങ്ങളെ കാണുമ്പൊ,മഴത്തുള്ളി വീഴുമ്പൊ ഇലകളുണ്ടാക്കുന്ന കലപില കേൾക്കുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ഇതെല്ലാം ഞാൻ മാത്രേ ഇപ്പൊഴീ ലോകത്തിൽ അറിയണുള്ളൂ എന്ന്. ഞാൻ മാത്രമുള്ള ഒരിടം...... എനിക്ക് ചുറ്റും എന്റെ സങ്കടങ്ങൾ,പേടികൾ.........
അങ്ങനോർക്കുമ്പഴേക്കും സങ്കടം വരുമായിരുന്നു. എന്നിട്ടും ആ മഴക്കാല രാത്രികളിൽ എന്റെ ചിന്തകളിൽ എന്നും ആദ്യം കടന്നു വന്നിരുന്നത് ഇത് മാത്രമാണ്. പിന്നീടെപ്പഴോ എനിക്കിഷ്ടമായി തുടങ്ങി എന്റെയീ  ബടുക്കൂസ് ചിന്തയെ.കണ്ണീരു ചുവയുള്ള നാളുകളായിരുന്നു അവയെങ്കിലും എനിക്കിഷ്ടമായിരുന്നു ആ ദിനങ്ങളെ. 

ഉറക്കം വരണ വരെ ഒരിക്കലും നടക്കാൻ ഇടയില്ലാത്ത കാര്യങ്ങളെ വിഷ്വലൈസ് ചെയ്യുക എന്ന വട്ട് സ്വഭാവങ്ങളൊക്കെ അന്നും ഇന്നും എനിക്കുണ്ട്.ഒരിക്കലും മടുക്കാത്ത കൊറേ പ്രാന്ത് സ്വപ്നങ്ങളെ താലോലിച്ചു കിടക്കലും ഉണ്ട് .പക്ഷെ നോക്കും തോറും കൂടുന്ന ഇരുട്ടിന്റെ ഭംഗിയിൽ ആ പ്രാന്തുകളെ പലപ്പഴും മറന്നു പോവും. ഇരുട്ടിൽ ചുവന്ന നിറമുള്ള കുറെ കുത്തുകൾ ഉണ്ടെന്നെനിക്ക് തോന്നാറുണ്ട്. കണ്ണടച്ചാലും തുറന്നാലും അവയിങ്ങനെ നിറയാറുണ്ട്. എണ്ണാനൊന്നും പറ്റാത്തത്ര..............(എങ്കിലും ഞാനെണ്ണി നോക്കാറുണ്ട്). അതിലൂടെ ഇരുട്ടിനും ഒരു വെളിച്ചമുണ്ടെന്ന് തോന്നും. ഇതൊക്കെ എന്റെ മാത്രം തോന്നലുകളാണോ എന്നറിയില്ല. എനിക്കിഷ്ടമാണ് ഇരുട്ടിനെ............വെളിച്ചത്തോളം!!!!!!!

 മഴ പെയ്തപ്പൊ ആകാശത്തേക്ക് നോക്കിയിരുന്നു ഞാൻ.അപ്പൊ തോന്നി പൊയ്പ്പോയ ഇഷ്ടങ്ങളൊക്കെ, ഓർമ്മകളൊക്കെ ആ മഴ നൂലുകളെ പിടിച്ച് എന്നിലേക്കിറങ്ങി വരികയാണെന്ന്. ഓട്ടിൻ തുമ്പുകളിൽ നിന്നുതിർന്നു വീണ മഴമണിമുത്തുകൾ മുറ്റത്തുണ്ടാക്കിയ ചാലുകളിലേക്ക് ഒഴുക്കി വിട്ട കുഞ്ഞു കടലാസ് വഞ്ചികളെ പോലെ മെല്ലെ മെല്ലെ അവയെന്നിലേക്ക് വന്നപ്പോ സന്തോഷത്തോടെ തന്നെ ഞാനവയെ സ്വീകരിച്ചു.സംസാരിച്ചു.പരസ്പരം കെട്ടിപ്പിടിച്ചുമ്മ വെച്ചു.വീണ്ടുമൊരിക്കൽ കൂടി ആ മഴച്ചാലിൽ വെള്ളം തെറ്റിച്ചു കളിക്കാനും,അങ്ങ് പൊക്കത്തിൽ വച്ചേ ആ മഴനൂലുകളെ പിടിച്ചു കെട്ടാനും എനിക്ക് തോന്നി.മഴയിൽ പറക്കുന്ന പക്ഷിയാവാൻ,നനഞ്ഞു കൂമ്പിയൊരിലയാവാൻ അങ്ങനെ മോഹങ്ങളുടെ ലിസ്റ്റ് നിമിഷനേരം കൊണ്ട് നീളാൻ തുടങ്ങി.മഴ നനഞ്ഞ വൈശാഖാണ് ഈ തവണ.തീരുമ്പൊ കൊട്ടിയൂരുത്സവോം തീരും.കൊട്ടിയൂര് പോണംന്നുള്ളത് ശ്ശി കാലായിട്ടുള്ള മോഹാണ്.കാടിന് നടുവിൽ എന്നതുകൊണ്ട്മാത്രം.ചില മോഹങ്ങളുണ്ട്.അത് സാധിക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കും.നടക്കാതിരിക്കുമ്പോൾ സങ്കടം തോന്നും. ചിലത് ചുമ്മാ മോഹിച്ചോണ്ടിരിക്കാൻ മാത്രമാണിഷ്ടം. അവയൊരിക്കലും സാധ്യമാവരുത്. അതിലാണ് അതിന്റൊരു ത്രില്ല്. അതിന്റെം ഒരു വലിയ ലിസ്റ്റ്ണ്ട്.

മിനിഞ്ഞാന്ന് വീട്ടിലേക്ക് പോയപ്പോ മഴ ചാറിയിരുന്നു.തിരക്കില്ലായിരുന്നു  ബസ്സിൽ.മഴച്ചാറൽ മുഖത്തേക്ക് വീഴാൻ വേണ്ടി ഗ്ലാസ്‌ നീക്കി വെച്ചു.ഓരോ തുള്ളിയും വന്ന് പതിച്ചപ്പോൾ അറിയാതെ തന്നെ ചിരിച്ചോണ്ടിരുന്നു.ആരും എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു.എനിക്കൊപ്പം നനയുന്ന വീടുകൾ, മരങ്ങൾ , വഴികൾ ഒക്കെ കണ്ടപ്പോ സന്തോഷം തോന്നി. ഓരോ വീടുകളെ കുറിച്ചും ചിന്തിച്ചു കൊണ്ടിരിക്കുക എന്നത് യാത്രയിൽ നല്ലൊരു നേരമ്പോക്കാണ്. ആ വീടിനു പറയാനുള്ള കഥകളെന്തൊക്കെയാവും, ആ വീടിന്റെ മണം എന്താവും, അവിടെയുള്ളവർ ഇപ്പോഴെന്ത്‌ ചെയ്യുകയാവുംന്നൊക്കെ ഓർത്തു നോക്കാറുണ്ട് ഞാൻ.വലിയ മുറ്റമുള്ള പഴേ വീടുകളെ കാണുമ്പൊ എനിക്കെന്റെ ഇല്ലത്തേക്ക് പോവാൻ തോന്നും.നിറയെ മരങ്ങൾക്കിടയിലുള്ള വീട് കാണുമ്പൊ എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നും.മുറ്റത്തൊരു വലിയ പൂന്തോട്ടമുള്ള വീട് കാണുമ്പൊ കൊറേ പൂമ്പാറ്റകളെ പറത്തി വിടാൻ തോന്നും.മഴവഴികളെ കാണുമ്പൊ നിന്നെ മിസ്സ്‌ ചെയ്യാറുണ്ട്.ഒരു കുടക്കീഴിൽ നിനക്കൊപ്പം ചേർന്ന് നടന്ന് കൊറച്ച് മഴ നനയണം എന്നത് എന്റെ പ്രണയമോഹമാണ്.പ്രണയത്തിൽ മോഹങ്ങളെല്ലാം നടന്നാലും ഇല്ലെങ്കിലും എവർഗ്രീൻ ആണ്.

ഇരു വശത്തും ഗുൽമോഹർ നിറഞ്ഞു പൂത്ത കാഴ്ച കണ്ടു.ഒരു സ്റ്റോപ്പിൽ നിർത്തിയപ്പോ ചെമ്പകപ്പൂ മണം വന്നു. എനിക്കപ്പൊ സങ്കടോം. ഇവിടെ മുറ്റത്തെ ആ മരം ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ ഈ പെയ്യുന്ന മഴകൾക്കെല്ലാം ചെമ്പകമണം ആയേനെ !!!!പിന്നെയെവിടെയോ ബസ്സ്‌ നിർത്തിയപ്പോ കുടമുല്ല പൂവിന്റെ മണവും വന്നു. പണ്ട് ന്റെ ഇല്ലത്ത്ണ്ടായിരുന്നു നിറയെ.രാത്രികളിൽ ടോർച്ചും പിടിച്ച് എത്ര നടന്നേക്കുന്നു അത് പൊട്ടിക്കാനായിട്ട്!!!!

ബസ്സിൽ പാട്ടുപെട്ടി പാടിക്കൊണ്ടേയിരുന്നു.ഞാൻ കേട്ടുകൊണ്ടും.എങ്കിലും എന്റെ ചുണ്ടിൽ നിറഞ്ഞിരുന്നത് aawaargi എന്ന വാക്കായിരുന്നു. ഞാൻ മൂളിക്കൊണ്ടിരുന്നതും അത് മാത്രമായിരുന്നു.yeh  dil yeh paagal dil mera kyon bujh gaya  aawaargi ................ അസ്ഥിയിൽ പിടിച്ചു പോയി എനിക്കത്.സൈറത്ത പറഞ്ഞത് ശരിയാണ്.ഓരോ പാട്ടുകളിലും ഓരോ ഓർമ്മകളുണ്ട്.ഓർമ്മകൾ ഇത്തിൾക്കണ്ണികൾ പോലെയാണ്. പടർന്നു കേറാൻ ഒരിടം കിട്ടിയാൽ  വിട്ടു പോവാതെ  ഇളം തണലിന്റെ സുഖം തന്ന് എപ്പോഴും കൂടെയുണ്ടാകും. ഈ ഗസലിലും എനിക്കൊരു ഓർമ്മയുണ്ട്.ആരോടും പങ്കുവെക്കാൻ ഇഷ്ടപ്പെടാത്ത പ്രിയതരമായൊരു ഓർമ്മ.



Monday, April 13, 2015

ഈ മഴ തന്ന പോസ്റ്റാ!!!!!!!!!!!!

12-04-2015
9.30 Pm
Sunday

എത്ര രസമാണെന്നോ ഈ രാത്രി!!!! ഇതാസ്വദിക്കാൻ ഇപ്പൊ നീയെന്റെ കൂടെ ഇല്ല്യാലോ എന്നതൊഴികെയുള്ള ബാക്കി സങ്കടം മുഴോനും ദേ ഈ മഴ എന്നിൽ നിന്നും കൊണ്ടോണൂട്ടൊ. നീയും ഈ രാത്രിയെ ആസ്വദിക്കുന്നില്ലെ നിന്റെ യാത്രയിലൂടെ.......??? രാത്രിയാത്രകൾ രാത്രിമഴയെ പോലെ തന്നെ മനോഹരം!!!എങ്കിലും കൂടുതൽ സുന്ദരമാവുന്നത് ആസ്വദിക്കാൻ പ്രിയപ്പെട്ടയാൾ കൂടെയുണ്ടാവുമ്പോഴാണ്.

അറിയാമോ ഞാനിന്നീ മഴ ഏറെ നനഞ്ഞു. എന്നിട്ടും മതിയാവുന്നില്ല. ഇന്നെന്തൊരു തണുപ്പായിരുന്നു മഴയ്ക്ക്!! തുള്ളിക്കൊരു കുടമെന്ന പോൽ..... മഴ നനയണ രാത്രിയെ, മരങ്ങളെ, വീടിനെ, ഇലകളെ  കാണാൻ എന്ത് ചന്തമാണെന്നോ!!! അത് കണ്ട്ട്ടാ നനയാനുള്ള എന്റെ കൊതി കൂടിയേ!!! ആരും കാണാതെ നനഞ്ഞു കുതിർന്നു. മുഖമുയർത്തി പിടിച്ചപ്പോൾ മഴയിങ്ങനെ തുരുതുരാ ഉമ്മ വെച്ചു. കണ്ണുകൾ തുറക്കാനാവാതെ, ശ്വാസം വിടാനാവാതെ നീയുമ്മ വെക്കണ പോലെ തന്നെ. അതുകൊണ്ടാവണം നിന്റെ ചുണ്ടുകളുടെ കുഞ്ഞു ചൂടും ഇടക്കൊക്കെ അനുഭവപ്പെട്ടു. എന്റെ മഴക്കുറുമ്പ് നോക്കി നിക്കണ നിന്നെ കണ്ടപ്പൊ എനിക്ക് നാണായി. ദാ.........ഇപ്പൊ ന്റെ ശരീരത്തിന് മഴത്തണുപ്പ്. ന്റെ മുടിയിഴകൾക്ക് മഴ തന്ന ഈറൻ മണം. അതിനെ ഞാൻ മഴ മണംന്നാ വിളിക്ക്യാ.

അബ്ബാസ്ക്ക ന്നെ എപ്പഴും കളിയാക്കും മഴ പെയ്താ ഉമ അപ്പൊ ബ്ലോഗാൻ പോവുംന്നും പറഞ്ഞ്. അതൊക്കെ പണ്ടായിരുന്നു. എന്നും പോസ്റ്റ്‌ ഇടുമായിരുന്ന നാളുകളിൽ. അതൊക്കെ ന്ത്‌ പൊട്ട പോസ്റ്റുകൾ ആയിരുന്നു!!(അല്ലാ,അതിപ്പഴും അങ്ങനൊക്കെ തന്നെ). ഇപ്പൊ മഴ പെയ്യുമ്പൊ നിയ്ക്ക് അത് കണ്ടോണ്ടിരിക്കാനെ തോന്നാറുള്ളൂ. ചിലപ്പോഴൊക്കെ ആരും കാണാണ്ട് നനയാനും. അപ്പൊ വെള്ളം തെറ്റിച്ചും തെറിപ്പിച്ചും കളിക്കാൻ ,ഒച്ച വെക്കാൻ ഒക്കെ തോന്നും.

മഴ നനയുമ്പൊ എല്ലാ സങ്കടോം മാറും.
മനസിന്റെ ഭാരമെല്ലാം കുറഞ്ഞു കുറഞ്ഞു നനഞ്ഞു പറക്കണ ഇല പോലെയാവും...........
അല്ലെങ്കിൽ നനഞ്ഞു കുതിർന്ന ഒരു പൂവ് പോലെ............
 പക്ഷെ ...........ചില മഴ കാണുമ്പോ ഉള്ളിലുള്ള സങ്കടം കൂടും.
നനഞ്ഞു കൂമ്പിയ അപ്പൂപ്പൻത്താടി പോലെയാവും അപ്പോഴെന്റെ മനസ്സ്.
മഴ ബാക്കി വെച്ചു പോയതിനെ മരം പെയ്യിക്കണ പോലെ ചില കരച്ചിലുകൾ തോരാതങ്ങനെയുണ്ടാവും ഏറെ നേരത്തേക്ക്.............

ഇങ്ങനെയൊക്കെയാണെങ്കിലും മഴ എനിക്ക് സ്നേഹമാണ്.
മഴയെനിക്ക് ഏറ്റവും ഭംഗിയുള്ള ചിരിയെ തരാറുണ്ട്.
കണ്ണുകളിൽ കുസൃതി നിറക്കാറുണ്ട്.
മഴ പോലെ തെളിഞ്ഞ,കളങ്കമില്ലാത്ത സ്നേഹത്തിന്റെ ഉറവ തരാറുണ്ട്.
അതിങ്ങനെ രണ്ടു കൈവഴികളായി ഒഴുകും.
ഒന്ന് നിന്നിലേക്ക്‌
ഇനിയൊന്ന് ഈ പ്രകൃതിയോട്,ഇതിലുള്ള എല്ലാത്തിനോടും,എല്ലാവരോടും.
നിന്നിലേക്കുള്ള മഴവഴി എത്ര വേഗമാണെന്നോ സ്നേഹപ്പുഴയാവുന്നത്!!!!

ഹോ.........എനിക്കിപ്പൊ ഈ രാത്രിയിൽ തന്നെ എന്റെ ഇല്ലത്തേക്ക് പോണം. ഈ മഴ അങ്ങടും വരണം. ആ കുളപ്പടവിൽ നിനക്കൊപ്പം ചെന്നിരിക്കണം. അരികിലുള്ള പച്ചയിൽ തട്ടിത്തടഞ്ഞ് കുളത്തിലേക്ക് ചെന്നു വീഴുന്ന മഴ നൂലുകളെ നോക്കിയിരിക്കണം. കൂട്ടം തെറ്റിയൊരു മിന്നാമിനുങ്ങ് അതിലൊരു മഴനൂലിൽ പിടിച്ചു മിന്നി നിക്കണ കാണുമ്പൊ അതിനെ പിടിച്ചുതാന്നും പറഞ്ഞ് നിന്നെ കുളത്തിൽക്ക് തള്ളിയിടണം. ആ മിന്നാമിനുങ്ങിനെ പിടിച്ചോണ്ട് വന്ന് അതിന് ഉള്ളം കയ്യിൽ വെച്ച് ചൂട് കൊടുക്കണ നിന്നെ ഉറുമ്പടക്കം കെട്ടിപ്പിടിക്കണം. മുഖത്ത് നിറച്ചുമ്മ വെക്കണം. നിന്നോട് ചേർന്ന് നിൽക്കുമ്പോൾ എനിക്കീ ലോകത്തോട് ഒന്നൂടെ സ്നേഹം തോന്നും.

"ഫിർ സാവൻ രുത് കി പവൻ ചലി തും യാദ് ആയെ..............
ഫിർ പത്തോം കി പാസേബ് ബജി തും യാദ് ആയെ.................
എന്ന് പാടുന്നത് കേട്ടുകൊണ്ട് 
ഉറക്കം വരുന്നത് വരെ ഞാനീ മഴയെ നോക്കിയിരിക്കട്ടെ!!!
കണ്ണുകളിൽ നിന്നെ നിറയ്ക്കാനുള്ള സ്വപ്‌നങ്ങൾ കുസൃതിയോടെ 
ഞാനുറങ്ങുന്നതും കാത്ത് നിൽക്കുകയാണെന്ന് എനിക്കറിയാം.
എങ്കിലും.............





Thursday, April 9, 2015

കിളി-പ്രാന്ത്...അല്ലാണ്ട്പ്പൊ ന്താ ഇതിനെ പറയാ!!!!!!

അങ്ങനേയിരിക്കെ ഒരു വൈകുന്നേരം എനിക്കൊരു വിരുന്നുകാരൻ വന്നു. ഞങ്ങളിങ്ങനെ കൊറേ നേരം തമ്മിൽ തമ്മിൽ നോക്കിയിരുന്നു. വിശേഷങ്ങൾ പറയുന്നതിനിടയിൽ എന്റെ കണ്ണ് വെട്ടിച്ച് അവൻ ഓടിയൊളിക്കും. ഞാൻ പിന്നാലെ പോയി കണ്ടു പിടിക്കും. അതിനിടയിൽ അവൻ നിന്നെ കുറിച്ചും ചോദിച്ചു.നിന്നോട് അവന് കുശുമ്പാ!!!നിന്നോടല്ലെ എനിക്കീ ലോകത്തിൽ ഏറ്റോം ഇഷ്ടം :) അതിന്.ന്റൊപ്പം നിന്നോണ്ടൊരു ഫോട്ടോ എടുക്ക്വോന്നു ചോയ്ച്ചപ്പോ അവനു വല്ല്യേ ജാഡ.ഞാനെടുക്കണ ഫോട്ടോയിൽ അവന്റെ ചന്തം മുഴോനും ണ്ടാവില്ലാത്രേ! :( കട്ടീസു പറഞ്ഞ് ഞാൻ തിരിച്ചു നടന്നു.അപ്പൊ വേഗം വന്നെന്റെ മുന്നില് നിന്നിരുന്ന മാങ്കൊമ്പിൽ ഇരുന്ന് ന്നോട് ചോയ്ക്ക്യാ ,,,,
"നിന്ക്കെന്തിനാപ്പൊ ന്റെ ഫോട്ടോ,
അവനെ സൂക്ഷിക്കണ അതേ പോലെ,
നിന്റെ കണ്ണുകൾക്കുള്ളിലും ഹൃദയത്തിലും നിനക്കെന്നേം സൂക്ഷിച്ചു കൂടേ"ന്ന് ...........
ഞാനൊന്നും മിണ്ടീല്ല്യ.

അന്നും പതിവു പോലെ ഇവൻ എന്നേം നോക്കി കാപ്പിത്തൈയ്യിലെ കുഞ്ഞ്യേ കൊമ്പിൽ ഇരിപ്പുണ്ടായിരുന്നു. പക്ഷെ കണ്ണുകളിൽ ഒരു സങ്കടം ണ്ടായിരുന്നു. വിരുന്നുകാരനെ കണ്ടപ്പൊ ചങ്ങാതിയെ മറന്ന്വോന്ന ചോദ്യം ആ മുഖത്ത് കൃത്യമായും ണ്ടായിരുന്നു. പിന്നിലെ ഏതേലും വാഴക്കൈയിലോ അല്ലെങ്കിൽ കറിവേപ്പിന്റെ ഏതെങ്കിലും കൊമ്പിലോ എന്നും വന്നിരിക്കണ അവൻ.............
എന്നോ,ഞാൻ പോലുമറിയാതെ എന്റെ ചങ്ങാതിയായി.ഞങ്ങൾ തമ്മിൽ സ്നേഹപ്രകടനങ്ങൾ കുറവാണ്. സംസാരവും.എങ്കിലും എന്റെ മൌനം വായിക്കാൻ അവനെളുപ്പം സാധിക്കുന്നു.എന്നോടുള്ള സ്വാർത്ഥത,എന്റെ സങ്കടം കാണുമ്പോഴുള്ള അവന്റെ ഉത്കണ്ഠ അതൊക്കെ എനിക്കും മനസിലാകുന്നു.

ഓല വലിച്ചു കൂട്ടുമ്പോഴും,മടല് വെട്ടിക്കീറി ഇടുമ്പോഴുമോക്കെയുള്ള എന്റെ തനിച്ചാവലുകളിലാണ് ഇവന്റെ സൗഹൃദം എന്നിലേക്കെത്തിയത്.തനിച്ചുള്ള ആ നിമിഷങ്ങളിൽ ഞാനാദ്യമൊക്കെ നിന്നോടെന്ന പോൽ സംസാരിക്കുമായിരുന്നു. പിന്നീടെപ്പഴോ ന്റെ വർത്താനം കേക്കാനായി അവൻ വന്നു.അപ്പൊ പിന്നെ നിന്നോട് പറഞ്ഞേക്കണം എന്നും പറഞ്ഞു അവനോടായി എന്റെ പറച്ചിൽ. എനിക്കടുത്തുള്ള ശീമക്കൊന്നയുടെ കൊമ്പിൽ, കാപ്പിത്തൈയിൽ, കടപ്ലാവിൻ കൊമ്പിൽ അങ്ങനെ ഏതെങ്കിലുമൊരു മരക്കൊമ്പിൽ അവൻ വന്നിരിക്കും.ഞാൻ നോക്കുമ്പോൾ എന്നെ നോക്കും.അവന്റെ മുന്നിൽ വെച്ച് ഞാൻ മറ്റാരോടും മിണ്ടാൻ പാടില്ല.മറ്റാരേം നോക്കാനും പാടില്ല.അത്രമേൽ സ്വാർത്ഥൻ.ന്റെ മുഖമൊന്ന് വാടിയാൽ അതിനൊപ്പം അവനും സങ്കടാവും.നിന്നോടിത് പറഞ്ഞപ്പോൾ നീ പറഞ്ഞു അവനു നിന്നോട് പ്രണയമാണെന്ന്.നീ പറഞ്ഞപ്പൊ എനിക്കും തോന്നി, അവന്റെ കണ്ണിൽ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുന്ന പ്രണയമുണ്ടെന്ന്.

പക്ഷെ...........നിനക്കറിയാലോ വിരുന്നുകാരനോടും കൂട്ടുകാരനോടും എനിക്കുള്ളത് തെളിഞ്ഞ സൌഹൃദമാണെന്ന്.എന്റെ പ്രണയം നിന്നോട് മാത്രമാണെന്ന്....!!!!!!!!!!!

നിന്നിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നതിലൂടെ
മറന്നു വെച്ചിരിക്കുകയായിരുന്നു എന്നെ ഞാനെവിടെയോ..............
നഷ്ടപ്പെട്ടതായിരുന്നു എനിക്കെന്നെ തന്നെ.............
തെന്നി മാറിയും തട്ടിത്തിരിഞ്ഞും ചിതറിത്തെറിച്ചും
വന്നു വീണത് ഒടുക്കം നിന്നിലേക്ക്‌ തന്നെ.
പതിവ് പോലൊരു ചുംബനം കൊണ്ട് നീയെത്ര വേഗം എന്നെ നിന്നോട് ചേർത്തു!!!!!!!!!!!!






***********************************************************************


പറയാൻ മറന്നു.പണി അറിയാവുന്നവർ എടുത്ത ചിത്രങ്ങൾ ആണെന്ന് കാണുമ്പോൾ മനസിലാകുന്നുണ്ടല്ലോ അല്ലെ?എനിക്ക് കിട്ടീത് ഗൂഗിൾ ന്നാണ്.പിന്നെ......ഈ പക്ഷിപ്പടം പിടിക്കണോരെ സമ്മതിക്കണംട്ടോ.ഇജ്ജാതി ഫോട്ടോ കിട്ടണെങ്കിൽ ക്ഷമ ശ്ശി അധികം വേണം.ഇത് കണ്ടതോടെ ന്റെ ആ മോഹം അവസാനിച്ചു.


Saturday, March 14, 2015

ന്റെ ചന്ദ്രക്കാരൻ മാമ്പഴം............

അവടെ ന്റെ ഇല്ലത്ത് ചന്ദ്രക്കാരൻ മാമ്പഴം കണ്ടമാനം വീണു തുടങ്ങി, എവിടുന്നൊക്ക്യോ ആളുകൾ മാമ്പഴം പെറുക്കാൻ വരണുണ്ട്,അതോണ്ട് ഞങ്ങൾ വെളുപ്പാൻ കാലത്തേ ടോർച്ചും കൊണ്ട് പോവും മാവിന്റെ ചോട്ടിൽക്ക്,അപ്പൊ കൊറേ നല്ല,കൊത്താത്ത മാമ്പഴം കിട്ടും,കൊറച്ച് മാങ്ങ ഞാൻ ബിന്ദു അച്ചോൾടെ അടുത്ത് ഏൽപ്പിക്കാം,നീ പോയി മേടിച്ചാ മതി  എന്നൊക്കെയായിരുന്നു കഴിഞ്ഞ ദിവസം മോളി അച്ചോൾ ഫോണ്‍ ചെയ്തപ്പൊ പറഞ്ഞ മാമ്പഴ വിശേഷങ്ങൾ.അപ്പൊ തൊട്ട് മനസിനെ മധുരിപ്പിച്ചോണ്ടിരിക്ക്യാ പഴയ കൊറേ മാമ്പഴോർമ്മകൾ.വേനൽച്ചൂടിനോട് ഇഷ്ടം തോന്നാൻ അന്നൊക്കെ ഒരേയൊരു കാരണം ഈ മാമ്പഴക്കാലാണ്. ഒരിക്കൽ കഴിച്ചാൽ മതി.നാവിലാസ്വാദ് എന്നെന്നേക്കുമായി പറ്റിച്ചേരും. അതാണ്‌ ചന്ദ്രക്കാരൻ മാമ്പഴം.എല്ലാർക്കും ഒരുപോലെ പ്രിയപ്പെട്ട(നിന്നെ പോലെ) അതിന്റെ മധുരം മറ്റൊന്നിനോടും സാമ്യപ്പെടുത്താൻ സാധിക്കില്ല.(നിന്റെ പ്രണയം പോലെ......).

വല്ല്യേ മാവാണ്.നല്ല പൊക്കത്തിൽ,ഒരുപാട് കൊമ്പും ചില്ലേം ഒക്കെ ആയി.മാങ്ങ മൊത്തം ഏറ്റോം മോളിലാവുംണ്ടാവാ.നമുക്ക് കേറി പൊട്ടിക്കാനൊന്നും പറ്റാത്തത്ര പൊക്കത്തിൽ.കൊതിയോടെ നോക്കി നിക്കാംന്നെ ഉള്ളൂ.മാവ് തീരുമാനിക്കും നമ്മള് തിന്നണോ വേണ്ടയോന്ന്. ചിലപ്പോ പോയി നോക്കുമ്പൊ കാക്കേം, അണ്ണാറക്കണ്ണനും കൊത്തീത് കിടക്കണ കാണാം.നിരാശപ്പെട്ട് തിരിച്ചു നടക്കുമ്പഴേക്കും വീഴും ഒരു മാമ്പഴം.കുട്ട്യോളെ സങ്കടപ്പെടുത്താൻ ഇഷ്ടല്ല്യാത്ത ഒരു മാവാ അത്.അതോണ്ടല്ലേ ത്രേം തണലും തണുപ്പും മധുരോം ഒക്കെ തരണേ ന്ന് അന്നൊക്കെ ഞാൻ വിചാരിക്കാറുണ്ട്. മാമ്പഴം വീഴാൻ തുടങ്ങ്യാൽ എല്ലാരും മാവിന്റെ ചുറ്റിനും ആവും. അവിടിരുന്നാണ് പിന്നെ വർത്താനോം,കളീം,ചിരീം ഒക്കെ.മാമ്പഴം തിന്നോടുള്ള ഒളിച്ചു കളീം,ചീട്ടു കളീം,ക്രിക്കറ്റ് കാണലും ഒക്കെ ഒരു രസന്നെ ആയിരുന്നു.

അന്നൊക്കെ വേനൽ മഴ കൃത്യായിട്ട് വരുമായിരുന്നു.മഴക്കാറ് ഉരുണ്ടു കൂടണ കാണുമ്പഴേ ഓരോരുത്തരായി മാവിൻ ചോട്ടിൽക്ക് എത്താൻ തുടങ്ങും. അങ്ങനേയിരിക്കുമ്പൊ ഒരു കൊല്ലം പറയ്ക്ക് തലേന്ന് രാത്രി ഗംഭീര ഇടീം,മഴേം ഒക്കെണ്ടായി.കറണ്ടും പോയി.ഒരു വല്യേ കൊമ്പ് വീഴണ ശബ്ദം കേട്ട് ഞങ്ങളെല്ലാരും പോയി നോക്കി.പെറുക്ക്യാലും തീരാത്തത്ര മാമ്പഴം...... പാതിരാത്രി എല്ലാരും കൂടി അത് മുഴോൻ പെറുക്കി കൂട്ടി.പിന്നൊരാഴ്ചക്ക് മാമ്പഴക്കൂട്ടാൻ,പച്ചടി,മാമ്പഴം പിഴിഞ്ഞ് മുളക് ചുട്ട് തിരുമ്പീത് അങ്ങനെ മൊത്തം മാമ്പഴമയം. വീടിനുള്ളിലും,പുറത്തും, ഉടുപ്പുകൾക്കും, ശരീരത്തിനും, എന്തിനധികം ആ ദിവസങ്ങൾക്ക് തന്നെയും  മാമ്പഴ മണായിരുന്നു.ഇപ്പൊ മനസിലാക്കുന്നു അന്നെന്റെ സന്തോഷങ്ങൾക്കും അതേ മണം തന്നെയായിരുന്നുവെന്ന്.ഇപ്പൊഴാ ഓർമ്മകൾക്കും........
അതേ മണം ..........അതേ മധുരം............!!!

അന്നൊക്കെ എല്ലാ കൊല്ലോം നിറച്ചുംണ്ടാവുമായിരുന്നു .പക്ഷെ ഇപ്പൊ ഒന്നരാടൻ ആയി.താഴെ വീഴുമ്പഴെ മാവ് പൂത്തിരുന്നു എന്നറിയൂ.പണ്ടത്തത്ര വീഴാറില്ല ഇപ്പൊ.സ്വാദും ഒരു പൊടിക്ക് കുറഞ്ഞു.എന്നാലും എല്ലാ കൊല്ലോം ഒരു കുലയെങ്കിലും മാമ്പഴംണ്ടാവും.മാവുകളുടെ രാജാവാണ് എനിക്ക് ചന്ദ്രക്കാരൻ.അത്ര പ്രൗഢിയോടെയാണ് അതിന്റെ നിൽപ്പ്.അങ്ങട് പോവുമ്പോഴൊക്കെ ഞാൻ നോക്കി നിക്കാറുണ്ട് ആ രാജാവ് മാവിനെ.അടുത്ത് പോയി സ്നേഹത്തോടെ, ബഹുമാനത്തോടെ, നന്ദിയോടെ തലോടാറുണ്ട് ഞാൻ.ഒരുപാട് മാമ്പഴം കഴിച്ചിട്ടുണ്ട്.പക്ഷെ ഇപ്പൊ എന്തോ കഴിക്കാൻ ഒരു കൊതിയൊന്നും തോന്നാറില്ല. നാവിലും, മനസിലും ആ അനുഭവം ഇപ്പഴും ബാക്കി നിൽക്കുന്നത് കൊണ്ടാകാം.നിന്നെ കാണാൻ മനസ് വല്ലാതെ തുടിക്കുമ്പോ കണ്ണുകളടച്ച് പിടിക്കാറുണ്ട് ഞാൻ.ആ ഇരുളിലേക്ക് വെളിച്ചം നൽകിക്കൊണ്ട്,എന്നോടുള്ള സ്നേഹത്തിന്റെ നിറവിനെ കാണിക്കുന്ന നിന്റെ ചിരിച്ച മുഖം ഞാൻ മതിയാവോളം കാണാറുമുണ്ട്.ഈ മാമ്പഴ രുചീം മണോം എന്നിലെക്കേത്തുന്നത് ഇപ്പൊ അതുപോലെ തന്നെയാണ്. അല്ലെങ്കിലും ചില ഇഷ്ടങ്ങളെ ആസ്വദിക്കാൻ "കണ്ണടച്ച് ഇരുട്ടാക്കുന്നത്" നല്ലതാണ്.അല്ലെ????

അതേയ് ചോയ്ക്കാൻ മറന്നു നീ കഴിച്ചില്ല്യാലോ ഈ ചന്ദ്രക്കാരൻ മാമ്പഴം??ഇതിന്റെ സ്വാദിൽ അല്ഫോൻസേടെ സ്വാദൊക്കെ പിന്നിലായി പോവുംട്ടോ.ഇനിയൊരു മാമ്പഴക്കാലത്ത് നമുക്കൊരുമിച്ച് പോണം അങ്ങട്. ന്നിട്ട് മാമ്പഴം വീഴാൻ വേണ്ടി കാത്തിരിക്കണം.വീണതൊക്കെ ന്റെ വേഷ്ടീൽക്ക് പെറുക്കി കൂട്ടിയെടുത്ത് മാവിൻ ചോട്ടിലിരുന്ന് പങ്കു വെച്ച് തിന്നാം.അപ്പൊ നമ്മടെ സ്നേഹത്തിനും ഈ  മാമ്പഴ മണാവും.എന്നെന്നും മധുരിപ്പിച്ചോണ്ടിരിക്കണ ചന്ദ്രക്കാരൻ മാമ്പഴത്തിന്റെ  മണം.



Wednesday, March 4, 2015

പേരില്ലാ പോസ്റ്റ്‌

മുളങ്കൂട്ടത്തിലിങ്ങനെ ചുറ്റിപ്പിണഞ്ഞു നിക്കണ
നിറഞ്ഞു പൂത്ത പുല്ലാനി വള്ളികൾ.............
ശീമക്കൊന്നയുടെ ഇലകളില്ലാത്ത കൊമ്പുകളിൽ അവിടവിടെ ആയി ഇളം റോസ് നിറമുള്ള പൂങ്കുലകൾ..............
തീക്കനൽ ചീളുകളെന്ന  പോലെ വീണു കിടക്കുന്ന പ്ലാശ്ശിൻ പൂവുകൾ.................
തോട്ടത്തിനരികിൽ നിന്നും നോക്കിയാൽ കാണാം ചുവന്ന കൊടിക്കൂറയെന്ന പോൽ പൂത്ത മുരിക്കു മരങ്ങൾ...........
"നീയെന്റെ കണിക്കൊന്നപ്പൂവാണ് "എന്ന അവന്റെ വാക്കുകളെ ഓർമ്മിപ്പിക്കാൻ വേണ്ടി പൂത്തു നിൽക്കുന്ന കൊന്നമരങ്ങൾ...................
പൂച്ചെണ്ടുകൾ ഉണ്ടാക്കാൻ ഇഷ്ടമായിരുന്ന,
ഒരു പഴയ പാവാടക്കാരിയുടെ പ്രിയപ്പെട്ട മഞ്ഞ രാജമല്ലി പൂക്കൾ............
വേനലവധിക്കാലം ആഘോഷിക്കാനെന്ന പോൽ,
എല്ലാ കൊല്ലവും കൃത്യമായെത്തുന്ന...........
എന്നെ കാണാൻ വേണ്ടി മാത്രമെന്ന് ഞാൻ വിശ്വസിക്കുന്ന..............
എത്ര കണ്ടാലും മതി വരാത്ത എന്റെ നാകമോഹൻ പക്ഷി..........
അമ്പലപ്പറമ്പിലെ ഏതോ പാലമരത്തിൽ കൂടു കൂട്ടി താമസം തുടങ്ങിയ മൈനക്കൂട്ടുകാരുടെ അതിരാവിലേയുള്ള സ്നേഹക്കലപിലകൾ............

ഈ ദിവസങ്ങളിലെ എന്റെ കാഴ്ച്ചകൾ!!!



Friday, February 13, 2015

പിന്നേം ചിത്രങ്ങൾ ,കൊറച്ച് ഓർമ്മകൾ ...

ഞാനീ വീണപൂവിനെ പലപ്പഴും പല പേരിലാ വിളിക്ക്യാ!ചില ഓർമ്മകളെ ചേർക്കുമ്പോൾ ഓർമ്മപ്പുസ്തകംന്ന് വിളിക്കും.പ്രിയപ്പെട്ട ചിത്രങ്ങളെ അടയാളപ്പെടുത്തുമ്പോൾ ചിത്രച്ചെപ്പാവും.ഇഷ്ടങ്ങളെ പറയുമ്പോൾ ഇഷ്ടക്കൂടാവും.സ്വപ്നങ്ങളെ എഴുതുമ്പോൾ സ്വപ്നപ്പെട്ടിയാവും.സങ്കടങ്ങളെ പങ്കു വെക്കുമ്പോ ആശ്വാസതീരമാവും. നിന്നോടുള്ള പ്രണയം പറയുമ്പോൾ പ്രണയ താളുകളാവും.അങ്ങനെ പല പേരായി വിളിക്കുംന്നു വെച്ചാലും പ്രത്യക്ഷത്തിൽ കാണാവുന്ന എന്റെ മനസ്സ് അതാണീ വീണപൂവ്‌.

ഫോട്ടോ എടുക്കൽ എനിക്കൊരുപാടിഷ്ടമാണ്.അതിന്റെ ടെക്നിക്കൽ സൈഡ് ഒന്നും നിശല്ല്യ.ചില കാഴ്ച്ചകൾ കാണുമ്പോൾ അത് പിന്നേം പിന്നേം കാണണം ന്നു തോന്നാറുണ്ട്.അതിനു വേണ്ടി മാത്രാണ് ഞാൻ ഫോട്ടോ എടുക്കണത്. അതുകൊണ്ട് തന്നെ ഞാനെടുത്ത ഈ ചിത്രങ്ങളെല്ലാം എനിക്കൊരുപാട് പ്രിയപ്പെട്ടതാണ്.ഓരോന്നിലും എനിക്ക് മാത്രം കാണാവുന്ന, കേൾക്കാവുന്ന, അനുഭവപ്പെടുന്ന ചില കാണാ കാഴ്ചകൾ ണ്ട് .അതോണ്ട് എനിക്ക് തോന്നണത്രന്നെ ഭംഗി മറ്റുള്ളവർക്ക് ഈ ചിത്രങ്ങളിൽ തോന്നുന്നുണ്ടാവില്ല്യ.എന്നാലും എനിക്കിഷ്ടാണ് എനിക്ക് പ്രിയമായ ഈ കാഴ്ച്ചകൾ എല്ലാവരേം കാണിക്കാൻ.(ഇതിനു മുൻപും ഇട്ടിട്ടുള്ള എല്ലാ പടംസും ഇതിൽ പെടും.)




തിരുവാതിര നിലാവാണ്‌.ഈ മേഘങ്ങള് കുറേ ശ്രമിച്ചതാ നിലാവിനെ മറയ്ക്കാൻ.പക്ഷെ ആ മേഘങ്ങളെ പോലും ചന്തള്ളതാക്കി ഈ നിലാവ്.ഒന്ന് നോക്ക്യോക്കൂ....... എന്തൊരു ഭംഗ്യാലെ?????വാരിയെടുത്ത് ഉമ്മ വെക്കാൻ തോന്നാണ്......നിലാവ് പോലെ ചിരിക്കണ ചെലോരുണ്ട് .കാണുന്നവരുടെ ഹൃദയത്തിലേക്ക് നന്മയുടെ, സ്നേഹത്തിന്റെ വെളിച്ചം  വിതറുന്നവർ......... വാരിയണച്ചു പിടിക്കാൻ തോന്നും അവരേയും. അവരോടെനിക്ക് ആരാധനയാണ്.അതേയ്........നിന്നോടൊന്ന് ചോയ്ക്കട്ടെ??"നിന്റെ  ചിരിക്കുമുണ്ട് പെണ്ണേ,,,ഒരു കുഞ്ഞു നിലാചന്തം" ന്ന് തമാശക്കെങ്കിലും  നിനക്കൊന്നു  പറഞ്ഞു കൂടെ???
                                                                                                              
എന്റെ കേമപ്പെട്ട ബുദ്ധിയിൽ നിന്നുണ്ടായതാണ് ഈ ചിത്രം.സ്കൂൾ വിട്ടു വന്ന അച്ചൂന്റെ തലമുടി ചീകാൻ വേണ്ടി വടുക്കോറത്ത് ചെന്നിരുന്നപ്പൊ ഈ പന്ത് കെടപ്പുണ്ടായിരുന്നു.തൊട്ടടുത്ത് പിള്ളേര് പൊട്ടിച്ചിട്ട കൂണും. കണ്ടപ്പൊ ചുമ്മാ ഇങ്ങനെ വെച്ച് നോക്കി.ന്നിട്ട് ഫോട്ടോയും എടുത്തു. അപ്പോഴതാ നല്ല സുന്ദരൻ ചിത്രം. ആരേം ബുദ്ധിമുട്ടി ക്കാത്ത,കണ്ടാൽ ഇഷ്ടം തോന്നണ,എല്ലാരേം ചിരിപ്പിക്കണ ഒരു കുറുമ്പൻ പാവയെ  പോലെ തോന്നുന്നില്ലെ??? "നന്മയുള്ള ഒരു കുഞ്ഞു ചിത്രം" ഞാനിതിനെ അങ്ങനെയാണ് പറയാ.

മഞ്ഞുതുള്ളികൾ കൊണ്ടുണ്ടാക്കിയ വെള്ളപ്പുതപ്പ്.അവടവിടെ ഒക്കെ കീറിപ്പോയെങ്കിലും ആ ദ്വാരങ്ങളിൽ കൂടി തല പുറത്തേക്കിട്ടു സൂര്യൻ വരണുണ്ടോന്നും നോക്കി നിക്കാൻ നല്ല രസം ന്ന് ഈ ഇലകൾ അന്നെന്നോട് പറഞ്ഞിരുന്നു.ഇത് പോലെ വെള്ള പുതപ്പോണ്ട് പുതച്ചു നിന്ന് സൂര്യൻ വരണുണ്ടോന്നു നോക്കാൻ.ഒരു ഇലയാവണം ന്നു അന്നും ഞാൻ കൊറേ കൊതിച്ചു.


ഒരു കാരണോംല്ല്യാതെ കരയണംന്ന് തോന്നും ചെലപ്പോഴൊക്കെ.പെയ്യാൻ കൂട്ടാക്കാതെ കണ്ണീരിങ്ങനെ ഉരുണ്ട് കൂടി മനസ്സ് അസ്വസ്ഥമാവുമ്പോൾ പെയ്തു തോരാൻ വേണ്ടി മനസ്സിന്റെ ആഴങ്ങളിൽ ഒളിപ്പിച്ച നോവോർമ്മകളുടെ കനലുകൾ തേടി ഞാനിറങ്ങിപ്പോവാറുണ്ട്.ഒരു സങ്കടക്കാറ്റ് തട്ടിയാൽ മതി അവ വീണ്ടും ആളിപ്പടരും.പിന്നെയും കത്തും.പുകഞ്ഞു കൊണ്ടേയിരിക്കും. ഒടുക്കം ഒരു പിടി ചാരമാവും.ഒരു കനൽ തരി ആ ചാരത്തിനിടയിൽ കാണും,(ഈ ചിത്രത്തിലെ പോലെ)  വീണ്ടുമൊരു കണ്ണീർ മഴ പെയ്യിക്കാൻ.......


ഈയൊരു ചിത്രം......ഇതിനോട് ചേർത്ത് പറയാൻ ഒരുപാട് ഓർമ്മകൾണ്ട് എനിക്ക്.അതിങ്ങനെ ഈ ഓർമ്മ പുസ്തകത്തിലെ ഒരു പേജിൽ എഴുതി സൂക്ഷിക്കണംന്ന് കൊറേ കാലായി ഞാൻ വിചാരിക്കണൂ.ന്റെ ജാതകത്തിൽ  പറഞ്ഞ്ണ്ട് ത്രെ നിയ്ക്ക് സംഗീതം വല്ല്യേ താത്പര്യാണ്ന്ന്.ആരേലും പഠിപ്പിച്ചിരുന്നെങ്കിൽ ചെലപ്പോ ഞാൻ ഒരു പാട്ടുകാരിയൊക്കെ ആയി തീർന്നേനേന്നു സാരം.അത് സത്യാണ്ന്ന് ന്റെ കാസറ്റ് വാങ്ങലും പാട്ടുകൾ എഴുതി സൂക്ഷിക്കലും കണ്ട എല്ലാരും പറയുമായിരുന്നു.

എന്നോ കൂടെ കൂട്യൊരു പ്രാന്താ പാട്ടെഴുതിയെടുക്കൽ .റേഡിയോന്നായിരുന്നു കേൾക്കൽ.ആ ദിവസങ്ങളിൽ മിക്കവാറും റോജയിലെ പുതു വെള്ളൈ മഴൈ ന്ന പാട്ടിന്റെ മലയാളം വേർഷൻ "ഒരു മന്ദസ്മിതം എന്നെ തഴുകുന്നുവോ ...........നിന്റെ തിങ്കൾ മുഖം കണ്ണിൽ തെളിയുന്നുവോ......." എന്ന പാട്ട് റേഡിയോയിൽണ്ടാകുമായിരുന്നു.കേട്ട് കേട്ട് എനിക്കത് വല്ല്യേ ഇഷ്ടായി.അപ്പൊ തോന്നി അതിങ്ങനെ കാണാതെ പഠിക്കണം ന്ന്.അതിനു വേണ്ടിയാണ് എഴുതിയെടുത്തെ.കെമിസ്ട്രി നോട്ടു ബുക്കിന്റെ ബാക്ക് സൈഡിൽ .പിന്നെ വെണ്ണിലാ ചന്ദനക്കിണ്ണം കേട്ടപ്പൊ അതും പഠിക്കാൻ തോന്നി.അപ്പൊ അതും എഴുതിയെടുത്തു.പിന്നെ പിന്നെ റേഡിയോ ഓണ്‍ ചെയ്യുമ്പഴേ ഞാൻ നോട്ടുബുക്കും എടുത്ത് അതിന്റെ മുന്നിലിരിപ്പാവും .അതൊരു സ്വഭാവായി. അങ്ങനെ എന്റെ കെമിസ്ട്രി നോട്ട്ബുക്ക് ആദ്യത്തെ പാട്ട് ബുക്ക് ആയി. മലയാളോം ഹിന്ദീം സിനിമാ പാട്ടുകൾ ആയിരുന്നു അധികോം.തമിഴ് എനിക്ക് എഴുതാൻ അറിയാത്തോണ്ട് അതില്ലായിരുന്നു. ആദ്യൊക്കെ പഴേ ബുക്കുകളുടെ ബാക്ക് സൈഡിൽ ആയിരുന്നത് പിന്നെ പിന്നെ 200പേജിന്റെ വരയിട്ട ബുക്കുകളിൽ ആയി.അങ്ങനെ ത്ര ബുക്കായിരുന്നൂന്നോ ന്റേൽ!!!!! 20എണ്ണം.പാട്ടെഴുതിയെടുക്കണേന് എല്ലാരും ചീത്ത പറയുമായിരുന്നു. അപ്പൊ ഞാൻ പാട്ട് പുസ്തകം മേടിക്കും.അതിലെല്ലാ പാട്ടുംണ്ടാവുംലോ (അന്നേ എനിക്ക് വല്ല്യേ ബുദ്ധിയായിരുന്നു.)!!!!

കൊറേക്കാലം ഞാൻ സൂക്ഷിച്ചിരുന്നു ആ ബുക്കുകൾ.പിന്നൊരിക്കലെന്നോ ഒരു സങ്കടക്കാലം മറക്കാൻ വേണ്ടി കത്തിച്ച പലതിന്റേം കൂടെ അതും ചാരമായി.എന്റെ പാട്ടിഷ്ടം കണ്ടിട്ട് ബിന്ദു അച്ചോൾ ഇൻഡോറിൽ നിന്ന് വന്നപ്പോ ഒരു ടേപ്പ് റെക്കോർഡ് കൊണ്ടന്നു തന്നിരുന്നു.അതിനു ശേഷം കാസറ്റുകൾ വാങ്ങാൻ തുടങ്ങി.കൊറേ കാസറ്റ് മേടിച്ച്ണ്ട് ഞാൻ.അന്നത്തെ സ്വപ്നം a r rahman ന്റെ പാട്ടുകളുടെ മൊത്തം കളക്ഷനും വേണം എന്നതായിരുന്നു.ഇപ്പഴും ആ കാസറ്റുകൾ അവടെ എവടയോണ്ട്. ഓരോ തവണേം പോവുമ്പോ വിചാരിക്കും അതൊക്കെ എടുത്തോണ്ട് വന്നാലോ....ന്ന്.

ഇങ്ങനെ കൊറേ പ്രാന്തിഷ്ടങ്ങൾണ്ടായിരുന്നു ആ നാളുകളിൽ.എല്ലാം സൂക്ഷിച്ചും വെച്ചിരുന്നു.ഒരു പെട്ടി നിറയെ വളപ്പൊട്ടുകൾ,ഒരു കവറിൽ സൂക്ഷിച്ചിരുന്ന കക്കകൾ, മഞ്ചാടിക്കുരൂസ്,കുന്നിക്കുരു,കിറ്റ്‌കാറ്റ് ന്റെ കവർ,കൊറേ പേപ്പർ കട്ടിംഗ്സ്,ആശംസാ കാർഡുകൾ അങ്ങനെ കൊറേ............. മഞ്ചാടീം ഗ്രീറ്റിങ്ങ് കാർഡ്സും ഒഴികെ ബാക്കി ഒക്കേം പോയി. ഇതെല്ലാം വളരെ കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ്.എന്നാലും എനിക്കിതോക്കേം വലുതാണ്‌.അറിഞ്ഞോ അറിയാതെയോ ന്റെ കുറ്റം കൊണ്ട് നഷ്ടായി എന്നത് തന്നെയാണ് ഇതെല്ലാം എനിക്കിത്ര  വലിയ കാര്യങ്ങളാവുന്നത്.

ഓർക്കുമ്പോഴൊക്കെയും കണ്ണ് നിറയ്ക്കുന്ന വലുതും ചെറുതുമായ നഷ്ടങ്ങൾ ഒരുപാടുണ്ട് ന്റെ ജീവിതത്തിൽ.ന്നാലും എനിക്കിഷ്ടാണ് എന്റെയീ ജീവിതത്തിനെ.ഇത്രേം ബടുക്കൂസ് തരമുള്ള എന്റെയീ മനസിനെ.




















Wednesday, February 4, 2015

നീയും നിലാവും...............

സമയം പന്ത്രണ്ടു മണി ആയി.
ഈ നിശബ്ദതക്കെന്തു ഭംഗിയാണ്!!!!
മനസ്സില്‍ പ്രണയം പുറത്തെ നിലാവ് പോലെ......................
ജനലിലൂടെ നോക്കുമ്പോള്‍ കാണാം സന്തോഷത്തോടെ ഉദിച്ചു നില്‍ക്കുന്ന ചന്ദ്രനെ.
അതിനടുത്ത് എന്നെ നോക്കി നില്‍ക്കുന്നോ എന്ന് തോന്നിക്കുന്ന നക്ഷത്രത്തെ.
അങ്ങ് ദൂരെയുള്ള വീട്ടില്‍ ഇനിയും വിളക്കണഞ്ഞിട്ടില്ല.
ആ മുറ്റത്തെ മാവിന്‍ കൊമ്പുകളെ അതിലാടുന്ന ഇലകളെ ഇവിടെയിരുന്നു വ്യക്തമായി കാണാം.

എത്ര നേരമായി സ്വയം മറന്നുള്ള എന്റെയീ ഇരിപ്പ് തുടങ്ങിയിട്ട്!!!!!!
നിന്നെയും ഓർത്തു കൊണ്ട് ............
നിലാവിനെ നോക്കിക്കൊണ്ട്................
പ്രണയാർദ്രമായ ഗസലുകൾ കേട്ട് കൊണ്ട്............
എന്തൊരു നിഷ്കളങ്കമാണീ നിലാവ്!!!!!

നിലാവ് കാണുമ്പോൾ നിന്നെ ഓർക്കും.
നിന്നെ ഓർക്കുമ്പോൾ ഉള്ളിൽ സ്നേഹം നിറയും.
നോക്കിയിരിക്കും തോറും സ്നേഹം മാത്രം ഉള്ളിലേക്ക് നിറയ്ക്കാൻ,
ഏറ്റവും മനോഹരമായൊരു പുഞ്ചിരി ചുണ്ടിൽ വിടർത്താൻ 
എങ്ങനെ സാധിക്കുന്നു ..........???
നിനക്കും.............. പിന്നെയീ നിലാവിനും????

മെല്ലെ വീശുന്ന കാറ്റിന്റെ തലോടൽ നിന്റെയെന്നു തോന്നി.
നീട്ടിപ്പിടിച്ച ഉള്ളം കയ്യിലേക്കൊരു മഞ്ഞുതുള്ളി ഉമ്മ വെച്ചപ്പോൾ 
അത് നീയാണെന്ന്  തോന്നി.
"നീയും നിലാവും കാറ്റിൽ സുഗന്ധവു"മെന്നു ഷഹബാസ് പാടുമ്പോൾ, 
ഇതെന്റെ പ്രണയം പൂത്ത രാവാണെന്ന്  
ഈ നിലാവിന്റെ കാതിൽ സ്വകാര്യം പറയാൻ ഞാനാഗ്രഹിച്ചു.

ഒരു കടൽ തീരത്ത് നിനക്കൊപ്പമിരുന്നു നിലാവ് പെയ്യണ കാണുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.
പഴയ ഏകാദശി ഉത്സവ ദിനങ്ങൾ ഇന്നെനിക്ക് തിരിച്ചു കിട്ടുകയാണെങ്കിൽ .....
അതിലൊരു നിലാവുള്ള രാവിൽ നിന്നെയും കൂട്ടി നളദമയന്തിപ്രണയം കഥകളി കാണാൻ പോയേനെ ഞാൻ.
തോട്ടത്തിനപ്പുറത്തുള്ള പാടത്ത് നിലാവ് കൊണ്ട് മോഹിച്ച് നില്‍ക്കാന്‍ കൊതിച്ചു.
വരമ്പില്‍ വെറുതെ ഇരിക്കാനും.
ഇപ്പോള്‍ ഒരു മോഹം.......
ചോദിക്കട്ടെ നിന്നോട്???
പോരുന്നോ എന്‍റെ അടുത്തേക്ക്?????
ഇവിടെ ഈ ഏകാന്തതയില്‍ ഈ മനോഹര നിശബ്ദതയില്‍ എനിക്കൊപ്പം കൂട്ടായി.............

നേരിയ പുകമഞ്ഞില്‍ ചിത്രം വരക്കാന്‍...............
ഇളം കാറ്റില്‍ ആടാന്‍ മടിച്ചു നില്‍ക്കുന്ന,ഉറങ്ങാന്‍ തുടങ്ങുന്ന കുഞ്ഞു ചെടികളിലെ ഇലകളെ തലോടാന്‍..................
നീ വര്വോ ??????
വന്നാല്‍...............
നമുക്കിവിടെ പുലരുവോളം ഇരിക്കാം.
നമ്മുടെ മൌനം ശ്രുതിയിട്ട പ്രണയ ഗാനം ആസ്വദിക്കാം.
മടിയിൽ തല വെച്ച് നീ കിടക്കുമ്പോൾ ഇടതിങ്ങിയ തലമുടിയിഴകളിലൂടെ എന്‍റെ വിരലുകള്‍ അലസമായി ചലിപ്പിക്കാം.
ആ സുഖത്തില്‍ നിന്‍റെ കണ്ണുകള്‍ അടയാന്‍ തുടങ്ങുമ്പോള്‍ പതിയെ ഒരു താരാട്ട് മൂളാം.
നീ ഉറങ്ങുമ്പോള്‍ ഉണരും വരെ നിന്നെ നോക്കിയിരിക്കാം.
അങ്ങനെ കുറേ ബടുക്കൂസ് നിലാവുസ്വപ്‌നങ്ങൾ.........................

ഉത്സവക്കാലങ്ങൾ ഓർമ്മയിൽ ശേഷിക്കാൻ നിലാവ് വേണമെന്ന് എന്റെയാ പഴയ ദിവസങ്ങളെ ഓർക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്.ഇന്ന് കല്യാണിക്കാവ് താലപ്പൊലിയാണ്.ഒരു കൊല്ലം എത്ര വേഗമാണ് പോയത്. കഴിഞ്ഞ കൊല്ലം പൂരവിശേഷം ന്നും പറഞ്ഞോണ്ട് ഞാനൊരു പോസ്റ്റ്‌ ഇട്ടിരുന്നു.പതിവ് പോലെ ഈ തവണേം ഞാനും അച്ചൂം കാലത്ത് പോയി തൊഴുതേ ഉള്ളൂ.പൂരം കണ്ടില്ല. ഉച്ചക്ക് എഴുന്നള്ളിപ്പിന് വന്നപ്പോൾ നല്ല വെയിലായിരുന്നു.ആ വെയിലത്ത് ആന നിക്കണ കണ്ടപ്പോ എനിക്ക് സങ്കടായി.അതിന്റെ കാലു പോള്ളുംലോ,എത്ര നേരം സഹിക്കണം അതീ ചൂട് എന്നൊക്കെ ഓർത്തപ്പൊ ന്റെ ഉത്സാഹോക്കെ പോയി.എനിക്കിഷ്ടല്ല നമ്മുടെ സ്വാർത്ഥതക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്നത്.അതിങ്ങനെ നിൽക്കുന്നത് കണ്ടപ്പോ ഞാനോർത്തത് അതിന്റെ സ്ഥാനത്ത് നമ്മളെ അങ്ങനെ നിർത്ത്യാൽ നമുക്കിഷ്ടാവ്വോന്നാണ്. ഇത്തവണ ഞാൻ പ്രാർത്ഥിച്ചത് ആ ആനക്ക് വേണ്ടി മാത്രമാണ്.

ഈ പൂരക്കാലത്ത്‌ അമ്പലപ്പറമ്പിൽ ഒറ്റ പാലയും പൂത്തില്ല.അതും എനിക്ക് സങ്കടായ കാര്യാണ്.പാലപ്പൂ മണക്കുന്ന രാത്രികളിൽ നിലാവിന് ചന്തം കൂടും.എന്റെ പ്രണയത്തിനും.പറഞ്ഞു പറഞ്ഞു വീണ്ടും നിന്നിലേക്കെത്തി. അതെന്നും അങ്ങനെയാണ്.എന്റെ വാക്കുകളുടെ, വിചാരങ്ങളുടെ, സ്നേഹത്തിന്റെ വഴികളവസാനിക്കുന്നിടം നീയാണ്.

നിന്നോട് ചോദിക്കട്ടെ.
മഞ്ഞു പെയ്യണൂ ............
നിലാവ് ചിരിക്കണൂ ..........
ഇതൊന്നും കാണാൻ നിക്കാതെ നീയൊറങ്ങ്യോ???????????
അതോ,നീയും എന്നെ പോലെ നമ്മളെ കണ്ടു കൊണ്ടിരിക്ക്യാണോ ?????