Friday, May 15, 2015

മഴ-യാത്ര-ഓർമ്മ

നോക്കിയിരിക്കാൻ നിർബന്ധിക്ക്യാണ്‌ മഴ............
മഴ മണക്കുന്ന ഈ ദിവസങ്ങളോട് വല്ലാത്ത ഇഷ്ടം തോന്നുന്നു. ഇന്നലെ രാത്രി ഇടീം മിന്നലും കുറച്ചധികമുണ്ടായിരുന്നു. ലൈറ്റ് പോയപ്പൊ,ഫാൻ ന്റെ ഒച്ച നിന്നപ്പോ പിന്നെ ഉറക്കം വന്നതേയില്ല.മുറിയിൽ ഒരു കുഞ്ഞു വെളിച്ചമെങ്കിലും ഇല്ലാതെ കിടന്നുറങ്ങാൻ അച്ചു സമ്മതിക്കില്ല. അതിപ്പോ എനിക്കും ശീലമായി. അതുകൊണ്ടിന്നലെ ഏറെ വൈകിയാണ് ഉറങ്ങിയത്. ലൈറ്റ് പോയാൽ ആകെയൊരു നിശബ്ദതയാണ്.ആ നിശബ്ദത മനസ്സിൽ ഒരു ഭാരം വെച്ച് തരുന്നതായി തോന്നും ചിലപ്പഴൊക്കെ.

വർഷങ്ങൾക്കു മുൻപൊരു ഞാൻ ണ്ടായിരുന്നു.ആ എനിക്ക് ഇരുട്ടായിരുന്നു ഏറെയിഷ്ടം.മഴ കനക്കുന്ന രാത്രികളിൽ ജനാല തുറന്നിട്ട് അതിലൂടെ നേർത്ത തിളക്കമുള്ള മഴയെ നോക്കിക്കൊണ്ട് ഉറങ്ങാതെ കിടക്കുമായിരുന്നു ഞാൻ.ആ കാലങ്ങളിൽ രാത്രികൾ തീർന്നിരുന്നത് കണ്ണിൽ കുത്തുന്ന ഇരുട്ടും, റേഡിയോയിലെ നാടകങ്ങളും,കഥകളി പദങ്ങളും പിന്നെ മഴ ശബ്ദങ്ങളും കൊണ്ടായിരുന്നു. നനഞ്ഞ മണ്ണിന്റെ മണം വരുമ്പൊ, തവളകളും ചീവീടുകളും കരയണ കേക്കുമ്പൊ, പുരപ്പുറത്തു വീഴുന്ന മഴയൊച്ച കേക്കുമ്പൊ, ഇടിമിന്നലിൽ തെളിയുന്ന മരങ്ങളെ കാണുമ്പൊ,മഴത്തുള്ളി വീഴുമ്പൊ ഇലകളുണ്ടാക്കുന്ന കലപില കേൾക്കുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ഇതെല്ലാം ഞാൻ മാത്രേ ഇപ്പൊഴീ ലോകത്തിൽ അറിയണുള്ളൂ എന്ന്. ഞാൻ മാത്രമുള്ള ഒരിടം...... എനിക്ക് ചുറ്റും എന്റെ സങ്കടങ്ങൾ,പേടികൾ.........
അങ്ങനോർക്കുമ്പഴേക്കും സങ്കടം വരുമായിരുന്നു. എന്നിട്ടും ആ മഴക്കാല രാത്രികളിൽ എന്റെ ചിന്തകളിൽ എന്നും ആദ്യം കടന്നു വന്നിരുന്നത് ഇത് മാത്രമാണ്. പിന്നീടെപ്പഴോ എനിക്കിഷ്ടമായി തുടങ്ങി എന്റെയീ  ബടുക്കൂസ് ചിന്തയെ.കണ്ണീരു ചുവയുള്ള നാളുകളായിരുന്നു അവയെങ്കിലും എനിക്കിഷ്ടമായിരുന്നു ആ ദിനങ്ങളെ. 

ഉറക്കം വരണ വരെ ഒരിക്കലും നടക്കാൻ ഇടയില്ലാത്ത കാര്യങ്ങളെ വിഷ്വലൈസ് ചെയ്യുക എന്ന വട്ട് സ്വഭാവങ്ങളൊക്കെ അന്നും ഇന്നും എനിക്കുണ്ട്.ഒരിക്കലും മടുക്കാത്ത കൊറേ പ്രാന്ത് സ്വപ്നങ്ങളെ താലോലിച്ചു കിടക്കലും ഉണ്ട് .പക്ഷെ നോക്കും തോറും കൂടുന്ന ഇരുട്ടിന്റെ ഭംഗിയിൽ ആ പ്രാന്തുകളെ പലപ്പഴും മറന്നു പോവും. ഇരുട്ടിൽ ചുവന്ന നിറമുള്ള കുറെ കുത്തുകൾ ഉണ്ടെന്നെനിക്ക് തോന്നാറുണ്ട്. കണ്ണടച്ചാലും തുറന്നാലും അവയിങ്ങനെ നിറയാറുണ്ട്. എണ്ണാനൊന്നും പറ്റാത്തത്ര..............(എങ്കിലും ഞാനെണ്ണി നോക്കാറുണ്ട്). അതിലൂടെ ഇരുട്ടിനും ഒരു വെളിച്ചമുണ്ടെന്ന് തോന്നും. ഇതൊക്കെ എന്റെ മാത്രം തോന്നലുകളാണോ എന്നറിയില്ല. എനിക്കിഷ്ടമാണ് ഇരുട്ടിനെ............വെളിച്ചത്തോളം!!!!!!!

 മഴ പെയ്തപ്പൊ ആകാശത്തേക്ക് നോക്കിയിരുന്നു ഞാൻ.അപ്പൊ തോന്നി പൊയ്പ്പോയ ഇഷ്ടങ്ങളൊക്കെ, ഓർമ്മകളൊക്കെ ആ മഴ നൂലുകളെ പിടിച്ച് എന്നിലേക്കിറങ്ങി വരികയാണെന്ന്. ഓട്ടിൻ തുമ്പുകളിൽ നിന്നുതിർന്നു വീണ മഴമണിമുത്തുകൾ മുറ്റത്തുണ്ടാക്കിയ ചാലുകളിലേക്ക് ഒഴുക്കി വിട്ട കുഞ്ഞു കടലാസ് വഞ്ചികളെ പോലെ മെല്ലെ മെല്ലെ അവയെന്നിലേക്ക് വന്നപ്പോ സന്തോഷത്തോടെ തന്നെ ഞാനവയെ സ്വീകരിച്ചു.സംസാരിച്ചു.പരസ്പരം കെട്ടിപ്പിടിച്ചുമ്മ വെച്ചു.വീണ്ടുമൊരിക്കൽ കൂടി ആ മഴച്ചാലിൽ വെള്ളം തെറ്റിച്ചു കളിക്കാനും,അങ്ങ് പൊക്കത്തിൽ വച്ചേ ആ മഴനൂലുകളെ പിടിച്ചു കെട്ടാനും എനിക്ക് തോന്നി.മഴയിൽ പറക്കുന്ന പക്ഷിയാവാൻ,നനഞ്ഞു കൂമ്പിയൊരിലയാവാൻ അങ്ങനെ മോഹങ്ങളുടെ ലിസ്റ്റ് നിമിഷനേരം കൊണ്ട് നീളാൻ തുടങ്ങി.മഴ നനഞ്ഞ വൈശാഖാണ് ഈ തവണ.തീരുമ്പൊ കൊട്ടിയൂരുത്സവോം തീരും.കൊട്ടിയൂര് പോണംന്നുള്ളത് ശ്ശി കാലായിട്ടുള്ള മോഹാണ്.കാടിന് നടുവിൽ എന്നതുകൊണ്ട്മാത്രം.ചില മോഹങ്ങളുണ്ട്.അത് സാധിക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കും.നടക്കാതിരിക്കുമ്പോൾ സങ്കടം തോന്നും. ചിലത് ചുമ്മാ മോഹിച്ചോണ്ടിരിക്കാൻ മാത്രമാണിഷ്ടം. അവയൊരിക്കലും സാധ്യമാവരുത്. അതിലാണ് അതിന്റൊരു ത്രില്ല്. അതിന്റെം ഒരു വലിയ ലിസ്റ്റ്ണ്ട്.

മിനിഞ്ഞാന്ന് വീട്ടിലേക്ക് പോയപ്പോ മഴ ചാറിയിരുന്നു.തിരക്കില്ലായിരുന്നു  ബസ്സിൽ.മഴച്ചാറൽ മുഖത്തേക്ക് വീഴാൻ വേണ്ടി ഗ്ലാസ്‌ നീക്കി വെച്ചു.ഓരോ തുള്ളിയും വന്ന് പതിച്ചപ്പോൾ അറിയാതെ തന്നെ ചിരിച്ചോണ്ടിരുന്നു.ആരും എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു.എനിക്കൊപ്പം നനയുന്ന വീടുകൾ, മരങ്ങൾ , വഴികൾ ഒക്കെ കണ്ടപ്പോ സന്തോഷം തോന്നി. ഓരോ വീടുകളെ കുറിച്ചും ചിന്തിച്ചു കൊണ്ടിരിക്കുക എന്നത് യാത്രയിൽ നല്ലൊരു നേരമ്പോക്കാണ്. ആ വീടിനു പറയാനുള്ള കഥകളെന്തൊക്കെയാവും, ആ വീടിന്റെ മണം എന്താവും, അവിടെയുള്ളവർ ഇപ്പോഴെന്ത്‌ ചെയ്യുകയാവുംന്നൊക്കെ ഓർത്തു നോക്കാറുണ്ട് ഞാൻ.വലിയ മുറ്റമുള്ള പഴേ വീടുകളെ കാണുമ്പൊ എനിക്കെന്റെ ഇല്ലത്തേക്ക് പോവാൻ തോന്നും.നിറയെ മരങ്ങൾക്കിടയിലുള്ള വീട് കാണുമ്പൊ എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നും.മുറ്റത്തൊരു വലിയ പൂന്തോട്ടമുള്ള വീട് കാണുമ്പൊ കൊറേ പൂമ്പാറ്റകളെ പറത്തി വിടാൻ തോന്നും.മഴവഴികളെ കാണുമ്പൊ നിന്നെ മിസ്സ്‌ ചെയ്യാറുണ്ട്.ഒരു കുടക്കീഴിൽ നിനക്കൊപ്പം ചേർന്ന് നടന്ന് കൊറച്ച് മഴ നനയണം എന്നത് എന്റെ പ്രണയമോഹമാണ്.പ്രണയത്തിൽ മോഹങ്ങളെല്ലാം നടന്നാലും ഇല്ലെങ്കിലും എവർഗ്രീൻ ആണ്.

ഇരു വശത്തും ഗുൽമോഹർ നിറഞ്ഞു പൂത്ത കാഴ്ച കണ്ടു.ഒരു സ്റ്റോപ്പിൽ നിർത്തിയപ്പോ ചെമ്പകപ്പൂ മണം വന്നു. എനിക്കപ്പൊ സങ്കടോം. ഇവിടെ മുറ്റത്തെ ആ മരം ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ ഈ പെയ്യുന്ന മഴകൾക്കെല്ലാം ചെമ്പകമണം ആയേനെ !!!!പിന്നെയെവിടെയോ ബസ്സ്‌ നിർത്തിയപ്പോ കുടമുല്ല പൂവിന്റെ മണവും വന്നു. പണ്ട് ന്റെ ഇല്ലത്ത്ണ്ടായിരുന്നു നിറയെ.രാത്രികളിൽ ടോർച്ചും പിടിച്ച് എത്ര നടന്നേക്കുന്നു അത് പൊട്ടിക്കാനായിട്ട്!!!!

ബസ്സിൽ പാട്ടുപെട്ടി പാടിക്കൊണ്ടേയിരുന്നു.ഞാൻ കേട്ടുകൊണ്ടും.എങ്കിലും എന്റെ ചുണ്ടിൽ നിറഞ്ഞിരുന്നത് aawaargi എന്ന വാക്കായിരുന്നു. ഞാൻ മൂളിക്കൊണ്ടിരുന്നതും അത് മാത്രമായിരുന്നു.yeh  dil yeh paagal dil mera kyon bujh gaya  aawaargi ................ അസ്ഥിയിൽ പിടിച്ചു പോയി എനിക്കത്.സൈറത്ത പറഞ്ഞത് ശരിയാണ്.ഓരോ പാട്ടുകളിലും ഓരോ ഓർമ്മകളുണ്ട്.ഓർമ്മകൾ ഇത്തിൾക്കണ്ണികൾ പോലെയാണ്. പടർന്നു കേറാൻ ഒരിടം കിട്ടിയാൽ  വിട്ടു പോവാതെ  ഇളം തണലിന്റെ സുഖം തന്ന് എപ്പോഴും കൂടെയുണ്ടാകും. ഈ ഗസലിലും എനിക്കൊരു ഓർമ്മയുണ്ട്.ആരോടും പങ്കുവെക്കാൻ ഇഷ്ടപ്പെടാത്ത പ്രിയതരമായൊരു ഓർമ്മ.Monday, April 13, 2015

ഈ മഴ തന്ന പോസ്റ്റാ!!!!!!!!!!!!

12-04-2015
9.30 Pm
Sunday

എത്ര രസമാണെന്നോ ഈ രാത്രി!!!! ഇതാസ്വദിക്കാൻ ഇപ്പൊ നീയെന്റെ കൂടെ ഇല്ല്യാലോ എന്നതൊഴികെയുള്ള ബാക്കി സങ്കടം മുഴോനും ദേ ഈ മഴ എന്നിൽ നിന്നും കൊണ്ടോണൂട്ടൊ. നീയും ഈ രാത്രിയെ ആസ്വദിക്കുന്നില്ലെ നിന്റെ യാത്രയിലൂടെ.......??? രാത്രിയാത്രകൾ രാത്രിമഴയെ പോലെ തന്നെ മനോഹരം!!!എങ്കിലും കൂടുതൽ സുന്ദരമാവുന്നത് ആസ്വദിക്കാൻ പ്രിയപ്പെട്ടയാൾ കൂടെയുണ്ടാവുമ്പോഴാണ്.

അറിയാമോ ഞാനിന്നീ മഴ ഏറെ നനഞ്ഞു. എന്നിട്ടും മതിയാവുന്നില്ല. ഇന്നെന്തൊരു തണുപ്പായിരുന്നു മഴയ്ക്ക്!! തുള്ളിക്കൊരു കുടമെന്ന പോൽ..... മഴ നനയണ രാത്രിയെ, മരങ്ങളെ, വീടിനെ, ഇലകളെ  കാണാൻ എന്ത് ചന്തമാണെന്നോ!!! അത് കണ്ട്ട്ടാ നനയാനുള്ള എന്റെ കൊതി കൂടിയേ!!! ആരും കാണാതെ നനഞ്ഞു കുതിർന്നു. മുഖമുയർത്തി പിടിച്ചപ്പോൾ മഴയിങ്ങനെ തുരുതുരാ ഉമ്മ വെച്ചു. കണ്ണുകൾ തുറക്കാനാവാതെ, ശ്വാസം വിടാനാവാതെ നീയുമ്മ വെക്കണ പോലെ തന്നെ. അതുകൊണ്ടാവണം നിന്റെ ചുണ്ടുകളുടെ കുഞ്ഞു ചൂടും ഇടക്കൊക്കെ അനുഭവപ്പെട്ടു. എന്റെ മഴക്കുറുമ്പ് നോക്കി നിക്കണ നിന്നെ കണ്ടപ്പൊ എനിക്ക് നാണായി. ദാ.........ഇപ്പൊ ന്റെ ശരീരത്തിന് മഴത്തണുപ്പ്. ന്റെ മുടിയിഴകൾക്ക് മഴ തന്ന ഈറൻ മണം. അതിനെ ഞാൻ മഴ മണംന്നാ വിളിക്ക്യാ.

അബ്ബാസ്ക്ക ന്നെ എപ്പഴും കളിയാക്കും മഴ പെയ്താ ഉമ അപ്പൊ ബ്ലോഗാൻ പോവുംന്നും പറഞ്ഞ്. അതൊക്കെ പണ്ടായിരുന്നു. എന്നും പോസ്റ്റ്‌ ഇടുമായിരുന്ന നാളുകളിൽ. അതൊക്കെ ന്ത്‌ പൊട്ട പോസ്റ്റുകൾ ആയിരുന്നു!!(അല്ലാ,അതിപ്പഴും അങ്ങനൊക്കെ തന്നെ). ഇപ്പൊ മഴ പെയ്യുമ്പൊ നിയ്ക്ക് അത് കണ്ടോണ്ടിരിക്കാനെ തോന്നാറുള്ളൂ. ചിലപ്പോഴൊക്കെ ആരും കാണാണ്ട് നനയാനും. അപ്പൊ വെള്ളം തെറ്റിച്ചും തെറിപ്പിച്ചും കളിക്കാൻ ,ഒച്ച വെക്കാൻ ഒക്കെ തോന്നും.

മഴ നനയുമ്പൊ എല്ലാ സങ്കടോം മാറും.
മനസിന്റെ ഭാരമെല്ലാം കുറഞ്ഞു കുറഞ്ഞു നനഞ്ഞു പറക്കണ ഇല പോലെയാവും...........
അല്ലെങ്കിൽ നനഞ്ഞു കുതിർന്ന ഒരു പൂവ് പോലെ............
 പക്ഷെ ...........ചില മഴ കാണുമ്പോ ഉള്ളിലുള്ള സങ്കടം കൂടും.
നനഞ്ഞു കൂമ്പിയ അപ്പൂപ്പൻത്താടി പോലെയാവും അപ്പോഴെന്റെ മനസ്സ്.
മഴ ബാക്കി വെച്ചു പോയതിനെ മരം പെയ്യിക്കണ പോലെ ചില കരച്ചിലുകൾ തോരാതങ്ങനെയുണ്ടാവും ഏറെ നേരത്തേക്ക്.............

ഇങ്ങനെയൊക്കെയാണെങ്കിലും മഴ എനിക്ക് സ്നേഹമാണ്.
മഴയെനിക്ക് ഏറ്റവും ഭംഗിയുള്ള ചിരിയെ തരാറുണ്ട്.
കണ്ണുകളിൽ കുസൃതി നിറക്കാറുണ്ട്.
മഴ പോലെ തെളിഞ്ഞ,കളങ്കമില്ലാത്ത സ്നേഹത്തിന്റെ ഉറവ തരാറുണ്ട്.
അതിങ്ങനെ രണ്ടു കൈവഴികളായി ഒഴുകും.
ഒന്ന് നിന്നിലേക്ക്‌
ഇനിയൊന്ന് ഈ പ്രകൃതിയോട്,ഇതിലുള്ള എല്ലാത്തിനോടും,എല്ലാവരോടും.
നിന്നിലേക്കുള്ള മഴവഴി എത്ര വേഗമാണെന്നോ സ്നേഹപ്പുഴയാവുന്നത്!!!!

ഹോ.........എനിക്കിപ്പൊ ഈ രാത്രിയിൽ തന്നെ എന്റെ ഇല്ലത്തേക്ക് പോണം. ഈ മഴ അങ്ങടും വരണം. ആ കുളപ്പടവിൽ നിനക്കൊപ്പം ചെന്നിരിക്കണം. അരികിലുള്ള പച്ചയിൽ തട്ടിത്തടഞ്ഞ് കുളത്തിലേക്ക് ചെന്നു വീഴുന്ന മഴ നൂലുകളെ നോക്കിയിരിക്കണം. കൂട്ടം തെറ്റിയൊരു മിന്നാമിനുങ്ങ് അതിലൊരു മഴനൂലിൽ പിടിച്ചു മിന്നി നിക്കണ കാണുമ്പൊ അതിനെ പിടിച്ചുതാന്നും പറഞ്ഞ് നിന്നെ കുളത്തിൽക്ക് തള്ളിയിടണം. ആ മിന്നാമിനുങ്ങിനെ പിടിച്ചോണ്ട് വന്ന് അതിന് ഉള്ളം കയ്യിൽ വെച്ച് ചൂട് കൊടുക്കണ നിന്നെ ഉറുമ്പടക്കം കെട്ടിപ്പിടിക്കണം. മുഖത്ത് നിറച്ചുമ്മ വെക്കണം. നിന്നോട് ചേർന്ന് നിൽക്കുമ്പോൾ എനിക്കീ ലോകത്തോട് ഒന്നൂടെ സ്നേഹം തോന്നും.

"ഫിർ സാവൻ രുത് കി പവൻ ചലി തും യാദ് ആയെ..............
ഫിർ പത്തോം കി പാസേബ് ബജി തും യാദ് ആയെ.................
എന്ന് പാടുന്നത് കേട്ടുകൊണ്ട് 
ഉറക്കം വരുന്നത് വരെ ഞാനീ മഴയെ നോക്കിയിരിക്കട്ടെ!!!
കണ്ണുകളിൽ നിന്നെ നിറയ്ക്കാനുള്ള സ്വപ്‌നങ്ങൾ കുസൃതിയോടെ 
ഞാനുറങ്ങുന്നതും കാത്ത് നിൽക്കുകയാണെന്ന് എനിക്കറിയാം.
എങ്കിലും.............

Thursday, April 9, 2015

കിളി-പ്രാന്ത്...അല്ലാണ്ട്പ്പൊ ന്താ ഇതിനെ പറയാ!!!!!!

അങ്ങനേയിരിക്കെ ഒരു വൈകുന്നേരം എനിക്കൊരു വിരുന്നുകാരൻ വന്നു. ഞങ്ങളിങ്ങനെ കൊറേ നേരം തമ്മിൽ തമ്മിൽ നോക്കിയിരുന്നു. വിശേഷങ്ങൾ പറയുന്നതിനിടയിൽ എന്റെ കണ്ണ് വെട്ടിച്ച് അവൻ ഓടിയൊളിക്കും. ഞാൻ പിന്നാലെ പോയി കണ്ടു പിടിക്കും. അതിനിടയിൽ അവൻ നിന്നെ കുറിച്ചും ചോദിച്ചു.നിന്നോട് അവന് കുശുമ്പാ!!!നിന്നോടല്ലെ എനിക്കീ ലോകത്തിൽ ഏറ്റോം ഇഷ്ടം :) അതിന്.ന്റൊപ്പം നിന്നോണ്ടൊരു ഫോട്ടോ എടുക്ക്വോന്നു ചോയ്ച്ചപ്പോ അവനു വല്ല്യേ ജാഡ.ഞാനെടുക്കണ ഫോട്ടോയിൽ അവന്റെ ചന്തം മുഴോനും ണ്ടാവില്ലാത്രേ! :( കട്ടീസു പറഞ്ഞ് ഞാൻ തിരിച്ചു നടന്നു.അപ്പൊ വേഗം വന്നെന്റെ മുന്നില് നിന്നിരുന്ന മാങ്കൊമ്പിൽ ഇരുന്ന് ന്നോട് ചോയ്ക്ക്യാ ,,,,
"നിന്ക്കെന്തിനാപ്പൊ ന്റെ ഫോട്ടോ,
അവനെ സൂക്ഷിക്കണ അതേ പോലെ,
നിന്റെ കണ്ണുകൾക്കുള്ളിലും ഹൃദയത്തിലും നിനക്കെന്നേം സൂക്ഷിച്ചു കൂടേ"ന്ന് ...........
ഞാനൊന്നും മിണ്ടീല്ല്യ.

അന്നും പതിവു പോലെ ഇവൻ എന്നേം നോക്കി കാപ്പിത്തൈയ്യിലെ കുഞ്ഞ്യേ കൊമ്പിൽ ഇരിപ്പുണ്ടായിരുന്നു. പക്ഷെ കണ്ണുകളിൽ ഒരു സങ്കടം ണ്ടായിരുന്നു. വിരുന്നുകാരനെ കണ്ടപ്പൊ ചങ്ങാതിയെ മറന്ന്വോന്ന ചോദ്യം ആ മുഖത്ത് കൃത്യമായും ണ്ടായിരുന്നു. പിന്നിലെ ഏതേലും വാഴക്കൈയിലോ അല്ലെങ്കിൽ കറിവേപ്പിന്റെ ഏതെങ്കിലും കൊമ്പിലോ എന്നും വന്നിരിക്കണ അവൻ.............
എന്നോ,ഞാൻ പോലുമറിയാതെ എന്റെ ചങ്ങാതിയായി.ഞങ്ങൾ തമ്മിൽ സ്നേഹപ്രകടനങ്ങൾ കുറവാണ്. സംസാരവും.എങ്കിലും എന്റെ മൌനം വായിക്കാൻ അവനെളുപ്പം സാധിക്കുന്നു.എന്നോടുള്ള സ്വാർത്ഥത,എന്റെ സങ്കടം കാണുമ്പോഴുള്ള അവന്റെ ഉത്കണ്ഠ അതൊക്കെ എനിക്കും മനസിലാകുന്നു.

ഓല വലിച്ചു കൂട്ടുമ്പോഴും,മടല് വെട്ടിക്കീറി ഇടുമ്പോഴുമോക്കെയുള്ള എന്റെ തനിച്ചാവലുകളിലാണ് ഇവന്റെ സൗഹൃദം എന്നിലേക്കെത്തിയത്.തനിച്ചുള്ള ആ നിമിഷങ്ങളിൽ ഞാനാദ്യമൊക്കെ നിന്നോടെന്ന പോൽ സംസാരിക്കുമായിരുന്നു. പിന്നീടെപ്പഴോ ന്റെ വർത്താനം കേക്കാനായി അവൻ വന്നു.അപ്പൊ പിന്നെ നിന്നോട് പറഞ്ഞേക്കണം എന്നും പറഞ്ഞു അവനോടായി എന്റെ പറച്ചിൽ. എനിക്കടുത്തുള്ള ശീമക്കൊന്നയുടെ കൊമ്പിൽ, കാപ്പിത്തൈയിൽ, കടപ്ലാവിൻ കൊമ്പിൽ അങ്ങനെ ഏതെങ്കിലുമൊരു മരക്കൊമ്പിൽ അവൻ വന്നിരിക്കും.ഞാൻ നോക്കുമ്പോൾ എന്നെ നോക്കും.അവന്റെ മുന്നിൽ വെച്ച് ഞാൻ മറ്റാരോടും മിണ്ടാൻ പാടില്ല.മറ്റാരേം നോക്കാനും പാടില്ല.അത്രമേൽ സ്വാർത്ഥൻ.ന്റെ മുഖമൊന്ന് വാടിയാൽ അതിനൊപ്പം അവനും സങ്കടാവും.നിന്നോടിത് പറഞ്ഞപ്പോൾ നീ പറഞ്ഞു അവനു നിന്നോട് പ്രണയമാണെന്ന്.നീ പറഞ്ഞപ്പൊ എനിക്കും തോന്നി, അവന്റെ കണ്ണിൽ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുന്ന പ്രണയമുണ്ടെന്ന്.

പക്ഷെ...........നിനക്കറിയാലോ വിരുന്നുകാരനോടും കൂട്ടുകാരനോടും എനിക്കുള്ളത് തെളിഞ്ഞ സൌഹൃദമാണെന്ന്.എന്റെ പ്രണയം നിന്നോട് മാത്രമാണെന്ന്....!!!!!!!!!!!

നിന്നിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നതിലൂടെ
മറന്നു വെച്ചിരിക്കുകയായിരുന്നു എന്നെ ഞാനെവിടെയോ..............
നഷ്ടപ്പെട്ടതായിരുന്നു എനിക്കെന്നെ തന്നെ.............
തെന്നി മാറിയും തട്ടിത്തിരിഞ്ഞും ചിതറിത്തെറിച്ചും
വന്നു വീണത് ഒടുക്കം നിന്നിലേക്ക്‌ തന്നെ.
പതിവ് പോലൊരു ചുംബനം കൊണ്ട് നീയെത്ര വേഗം എന്നെ നിന്നോട് ചേർത്തു!!!!!!!!!!!!


***********************************************************************


പറയാൻ മറന്നു.പണി അറിയാവുന്നവർ എടുത്ത ചിത്രങ്ങൾ ആണെന്ന് കാണുമ്പോൾ മനസിലാകുന്നുണ്ടല്ലോ അല്ലെ?എനിക്ക് കിട്ടീത് ഗൂഗിൾ ന്നാണ്.പിന്നെ......ഈ പക്ഷിപ്പടം പിടിക്കണോരെ സമ്മതിക്കണംട്ടോ.ഇജ്ജാതി ഫോട്ടോ കിട്ടണെങ്കിൽ ക്ഷമ ശ്ശി അധികം വേണം.ഇത് കണ്ടതോടെ ന്റെ ആ മോഹം അവസാനിച്ചു.


Saturday, March 14, 2015

ന്റെ ചന്ദ്രക്കാരൻ മാമ്പഴം............

അവടെ ന്റെ ഇല്ലത്ത് ചന്ദ്രക്കാരൻ മാമ്പഴം കണ്ടമാനം വീണു തുടങ്ങി, എവിടുന്നൊക്ക്യോ ആളുകൾ മാമ്പഴം പെറുക്കാൻ വരണുണ്ട്,അതോണ്ട് ഞങ്ങൾ വെളുപ്പാൻ കാലത്തേ ടോർച്ചും കൊണ്ട് പോവും മാവിന്റെ ചോട്ടിൽക്ക്,അപ്പൊ കൊറേ നല്ല,കൊത്താത്ത മാമ്പഴം കിട്ടും,കൊറച്ച് മാങ്ങ ഞാൻ ബിന്ദു അച്ചോൾടെ അടുത്ത് ഏൽപ്പിക്കാം,നീ പോയി മേടിച്ചാ മതി  എന്നൊക്കെയായിരുന്നു കഴിഞ്ഞ ദിവസം മോളി അച്ചോൾ ഫോണ്‍ ചെയ്തപ്പൊ പറഞ്ഞ മാമ്പഴ വിശേഷങ്ങൾ.അപ്പൊ തൊട്ട് മനസിനെ മധുരിപ്പിച്ചോണ്ടിരിക്ക്യാ പഴയ കൊറേ മാമ്പഴോർമ്മകൾ.വേനൽച്ചൂടിനോട് ഇഷ്ടം തോന്നാൻ അന്നൊക്കെ ഒരേയൊരു കാരണം ഈ മാമ്പഴക്കാലാണ്. ഒരിക്കൽ കഴിച്ചാൽ മതി.നാവിലാസ്വാദ് എന്നെന്നേക്കുമായി പറ്റിച്ചേരും. അതാണ്‌ ചന്ദ്രക്കാരൻ മാമ്പഴം.എല്ലാർക്കും ഒരുപോലെ പ്രിയപ്പെട്ട(നിന്നെ പോലെ) അതിന്റെ മധുരം മറ്റൊന്നിനോടും സാമ്യപ്പെടുത്താൻ സാധിക്കില്ല.(നിന്റെ പ്രണയം പോലെ......).

വല്ല്യേ മാവാണ്.നല്ല പൊക്കത്തിൽ,ഒരുപാട് കൊമ്പും ചില്ലേം ഒക്കെ ആയി.മാങ്ങ മൊത്തം ഏറ്റോം മോളിലാവുംണ്ടാവാ.നമുക്ക് കേറി പൊട്ടിക്കാനൊന്നും പറ്റാത്തത്ര പൊക്കത്തിൽ.കൊതിയോടെ നോക്കി നിക്കാംന്നെ ഉള്ളൂ.മാവ് തീരുമാനിക്കും നമ്മള് തിന്നണോ വേണ്ടയോന്ന്. ചിലപ്പോ പോയി നോക്കുമ്പൊ കാക്കേം, അണ്ണാറക്കണ്ണനും കൊത്തീത് കിടക്കണ കാണാം.നിരാശപ്പെട്ട് തിരിച്ചു നടക്കുമ്പഴേക്കും വീഴും ഒരു മാമ്പഴം.കുട്ട്യോളെ സങ്കടപ്പെടുത്താൻ ഇഷ്ടല്ല്യാത്ത ഒരു മാവാ അത്.അതോണ്ടല്ലേ ത്രേം തണലും തണുപ്പും മധുരോം ഒക്കെ തരണേ ന്ന് അന്നൊക്കെ ഞാൻ വിചാരിക്കാറുണ്ട്. മാമ്പഴം വീഴാൻ തുടങ്ങ്യാൽ എല്ലാരും മാവിന്റെ ചുറ്റിനും ആവും. അവിടിരുന്നാണ് പിന്നെ വർത്താനോം,കളീം,ചിരീം ഒക്കെ.മാമ്പഴം തിന്നോടുള്ള ഒളിച്ചു കളീം,ചീട്ടു കളീം,ക്രിക്കറ്റ് കാണലും ഒക്കെ ഒരു രസന്നെ ആയിരുന്നു.

അന്നൊക്കെ വേനൽ മഴ കൃത്യായിട്ട് വരുമായിരുന്നു.മഴക്കാറ് ഉരുണ്ടു കൂടണ കാണുമ്പഴേ ഓരോരുത്തരായി മാവിൻ ചോട്ടിൽക്ക് എത്താൻ തുടങ്ങും. അങ്ങനേയിരിക്കുമ്പൊ ഒരു കൊല്ലം പറയ്ക്ക് തലേന്ന് രാത്രി ഗംഭീര ഇടീം,മഴേം ഒക്കെണ്ടായി.കറണ്ടും പോയി.ഒരു വല്യേ കൊമ്പ് വീഴണ ശബ്ദം കേട്ട് ഞങ്ങളെല്ലാരും പോയി നോക്കി.പെറുക്ക്യാലും തീരാത്തത്ര മാമ്പഴം...... പാതിരാത്രി എല്ലാരും കൂടി അത് മുഴോൻ പെറുക്കി കൂട്ടി.പിന്നൊരാഴ്ചക്ക് മാമ്പഴക്കൂട്ടാൻ,പച്ചടി,മാമ്പഴം പിഴിഞ്ഞ് മുളക് ചുട്ട് തിരുമ്പീത് അങ്ങനെ മൊത്തം മാമ്പഴമയം. വീടിനുള്ളിലും,പുറത്തും, ഉടുപ്പുകൾക്കും, ശരീരത്തിനും, എന്തിനധികം ആ ദിവസങ്ങൾക്ക് തന്നെയും  മാമ്പഴ മണായിരുന്നു.ഇപ്പൊ മനസിലാക്കുന്നു അന്നെന്റെ സന്തോഷങ്ങൾക്കും അതേ മണം തന്നെയായിരുന്നുവെന്ന്.ഇപ്പൊഴാ ഓർമ്മകൾക്കും........
അതേ മണം ..........അതേ മധുരം............!!!

അന്നൊക്കെ എല്ലാ കൊല്ലോം നിറച്ചുംണ്ടാവുമായിരുന്നു .പക്ഷെ ഇപ്പൊ ഒന്നരാടൻ ആയി.താഴെ വീഴുമ്പഴെ മാവ് പൂത്തിരുന്നു എന്നറിയൂ.പണ്ടത്തത്ര വീഴാറില്ല ഇപ്പൊ.സ്വാദും ഒരു പൊടിക്ക് കുറഞ്ഞു.എന്നാലും എല്ലാ കൊല്ലോം ഒരു കുലയെങ്കിലും മാമ്പഴംണ്ടാവും.മാവുകളുടെ രാജാവാണ് എനിക്ക് ചന്ദ്രക്കാരൻ.അത്ര പ്രൗഢിയോടെയാണ് അതിന്റെ നിൽപ്പ്.അങ്ങട് പോവുമ്പോഴൊക്കെ ഞാൻ നോക്കി നിക്കാറുണ്ട് ആ രാജാവ് മാവിനെ.അടുത്ത് പോയി സ്നേഹത്തോടെ, ബഹുമാനത്തോടെ, നന്ദിയോടെ തലോടാറുണ്ട് ഞാൻ.ഒരുപാട് മാമ്പഴം കഴിച്ചിട്ടുണ്ട്.പക്ഷെ ഇപ്പൊ എന്തോ കഴിക്കാൻ ഒരു കൊതിയൊന്നും തോന്നാറില്ല. നാവിലും, മനസിലും ആ അനുഭവം ഇപ്പഴും ബാക്കി നിൽക്കുന്നത് കൊണ്ടാകാം.നിന്നെ കാണാൻ മനസ് വല്ലാതെ തുടിക്കുമ്പോ കണ്ണുകളടച്ച് പിടിക്കാറുണ്ട് ഞാൻ.ആ ഇരുളിലേക്ക് വെളിച്ചം നൽകിക്കൊണ്ട്,എന്നോടുള്ള സ്നേഹത്തിന്റെ നിറവിനെ കാണിക്കുന്ന നിന്റെ ചിരിച്ച മുഖം ഞാൻ മതിയാവോളം കാണാറുമുണ്ട്.ഈ മാമ്പഴ രുചീം മണോം എന്നിലെക്കേത്തുന്നത് ഇപ്പൊ അതുപോലെ തന്നെയാണ്. അല്ലെങ്കിലും ചില ഇഷ്ടങ്ങളെ ആസ്വദിക്കാൻ "കണ്ണടച്ച് ഇരുട്ടാക്കുന്നത്" നല്ലതാണ്.അല്ലെ????

അതേയ് ചോയ്ക്കാൻ മറന്നു നീ കഴിച്ചില്ല്യാലോ ഈ ചന്ദ്രക്കാരൻ മാമ്പഴം??ഇതിന്റെ സ്വാദിൽ അല്ഫോൻസേടെ സ്വാദൊക്കെ പിന്നിലായി പോവുംട്ടോ.ഇനിയൊരു മാമ്പഴക്കാലത്ത് നമുക്കൊരുമിച്ച് പോണം അങ്ങട്. ന്നിട്ട് മാമ്പഴം വീഴാൻ വേണ്ടി കാത്തിരിക്കണം.വീണതൊക്കെ ന്റെ വേഷ്ടീൽക്ക് പെറുക്കി കൂട്ടിയെടുത്ത് മാവിൻ ചോട്ടിലിരുന്ന് പങ്കു വെച്ച് തിന്നാം.അപ്പൊ നമ്മടെ സ്നേഹത്തിനും ഈ  മാമ്പഴ മണാവും.എന്നെന്നും മധുരിപ്പിച്ചോണ്ടിരിക്കണ ചന്ദ്രക്കാരൻ മാമ്പഴത്തിന്റെ  മണം.Wednesday, March 4, 2015

പേരില്ലാ പോസ്റ്റ്‌ 1

മുളങ്കൂട്ടത്തിലിങ്ങനെ ചുറ്റിപ്പിണഞ്ഞു നിക്കണ
നിറഞ്ഞു പൂത്ത പുല്ലാനി വള്ളികൾ.............
ശീമക്കൊന്നയുടെ ഇലകളില്ലാത്ത കൊമ്പുകളിൽ അവിടവിടെ ആയി ഇളം റോസ് നിറമുള്ള പൂങ്കുലകൾ..............
തീക്കനൽ ചീളുകളെന്ന  പോലെ വീണു കിടക്കുന്ന പ്ലാശ്ശിൻ പൂവുകൾ.................
തോട്ടത്തിനരികിൽ നിന്നും നോക്കിയാൽ കാണാം ചുവന്ന കൊടിക്കൂറയെന്ന പോൽ പൂത്ത മുരിക്കു മരങ്ങൾ...........
"നീയെന്റെ കണിക്കൊന്നപ്പൂവാണ് "എന്ന അവന്റെ വാക്കുകളെ ഓർമ്മിപ്പിക്കാൻ വേണ്ടി പൂത്തു നിൽക്കുന്ന കൊന്നമരങ്ങൾ...................
പൂച്ചെണ്ടുകൾ ഉണ്ടാക്കാൻ ഇഷ്ടമായിരുന്ന,
ഒരു പഴയ പാവാടക്കാരിയുടെ പ്രിയപ്പെട്ട മഞ്ഞ രാജമല്ലി പൂക്കൾ............
വേനലവധിക്കാലം ആഘോഷിക്കാനെന്ന പോൽ,
എല്ലാ കൊല്ലവും കൃത്യമായെത്തുന്ന...........
എന്നെ കാണാൻ വേണ്ടി മാത്രമെന്ന് ഞാൻ വിശ്വസിക്കുന്ന..............
എത്ര കണ്ടാലും മതി വരാത്ത എന്റെ നാകമോഹൻ പക്ഷി..........
അമ്പലപ്പറമ്പിലെ ഏതോ പാലമരത്തിൽ കൂടു കൂട്ടി താമസം തുടങ്ങിയ മൈനക്കൂട്ടുകാരുടെ അതിരാവിലേയുള്ള സ്നേഹക്കലപിലകൾ............

ഈ ദിവസങ്ങളിലെ എന്റെ കാഴ്ച്ചകൾ!!!