Tuesday, February 18, 2020

രാമേശ്വരത്തേക്ക് പോയി. ഒരുപാട് പോവാനും കാണാനും ആഗ്രഹിച്ച സ്ഥലാണ് അത്. പക്ഷെ പോയതോ അത്രമേൽ സങ്കടപ്പെട്ട ഒരു കാര്യത്തിനും. ഒട്ടും ആഗ്രഹിക്കാത്ത ഒരു സമയത്ത്. അല്ലെങ്കിലും കാലം എപ്പോഴും അങ്ങനെയാണ്. ഇഷ്ടപ്പെട്ടത് ആഗ്രഹിക്കണ സമയത്ത് അനുവദിക്കില്ല.
ഒരു കൊല്ലം തികയുന്ന ദിവസം..... അവൾക്കായി അത് ചെയ്യേണ്ട ദിവസം. (മരണം, ശ്രാദ്ധം എന്ന വാക്കുകളൊന്നും അവളെ ചേർത്ത് എനിക്കിനിയും പറയാൻ സാധിക്കുന്നില്ല)അടുത്താവും തോറും ആ ദിവസത്തേക്കായി ഞാനെന്നെ പാകപ്പെടുത്താൻ കുറച്ചു നാളായി ശ്രമിച്ചു കൊണ്ടിരിക്ക്യായിരുന്നു.

വണ്ടിയിലിരുന്ന് ഞാൻ ഓർത്തുകൊണ്ടേയിരുന്നു എന്റെ കുഞ്ഞിനെ. ആ യാത്ര അവൾക്കും ഇഷ്ടമാവുമായിരുന്നു. Ac ബസ് കൂടെ പ്രിയപ്പെട്ട എല്ലാവരും... അങ്ങനെയൊക്കെ. ആ അവസാന ദിവസം.... അവസാന മണിക്കൂർ..... ചിന്തകൾ,  ഓർമ്മകൾ അവടെ എത്തുമ്പോഴേക്കും എനിക്കാകെ ശ്വാസം മുട്ടാൻ തുടങ്ങും. തൊണ്ടക്ക് പുറത്തേക്ക് കരച്ചിലിന് വരാനാകാതെ മരണവെപ്രാളം പോലെ എന്തോ എന്നെ വരിഞ്ഞു മുറുക്കും.

കരയാൻ തോന്നുമ്പോ കരയണം ഇല്ലെങ്കിൽ അത് വല്ലാത്ത ബുദ്ധിമുട്ട് ആണ്. ഈയിടെ ആയി എനിക്കത് പറ്റാറില്ല പലപ്പോഴും. വണ്ടിയിലിരുന്ന് കുറേ വിഷമിച്ചോണ്ടിരുന്നു. പിന്നേ കുറേ കലപില കൂട്ടി. പിന്നേ പുറത്തേക്ക് നോക്കി. അപ്പോഴെല്ലാം ആൾക്കൂട്ടത്തിൽ തനിച്ചെന്നു തോന്നി. നിന്നെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. നീയും ഞാനും മാത്രമായുള്ള യാത്ര എന്നൊക്കെ സങ്കൽപ്പിച്ചു. നീയുണർന്നിരിക്കുമ്പോൾ ഞാൻ നിന്റെ തോളിലും ഞാനുണർന്നിരിക്കുമ്പോൾ നീയെന്റെ തോളിലും തല ചായ്ച്ചുറങ്ങുന്നതൊക്കെ സങ്കൽപ്പിച്ചു. അപ്പോഴും സമാധാനം കിട്ടിയില്ല എന്റെ മനസ്സിന്. നിന്നിലേക്കെത്തുമ്പോൾ ശാന്തമാവുന്ന സ്വസ്ഥമാവുന്ന എന്റെ മനസ്സ്.... ഈ യാത്രയിലെന്നെ തോൽപ്പിച്ചുകൊണ്ടേയിരുന്നു.

ഒരു കുഞ്ഞ് കുടത്തിലാക്കി കൂടെ കൂട്ടിയ എന്റച്ചൂനെ ഞാനെങ്ങനെ ആ കടലിൽ കൊണ്ടോയി കളയും എന്ന് ഞാനെന്നോടുതന്നെ ചോദിച്ചു കരഞ്ഞോണ്ടിരുന്നു. ഇടക്കെപ്പഴോക്കെയോ ഉറങ്ങുകയും ചെയ്തു. അവിടെയെത്തി പിറ്റേന്ന് കാലത്തെ അതിനായി കടൽക്കരയിലേക്ക് പോയി. ഒരുപാട് ആളുകൾ മുങ്ങുന്നു പലരും കർമ്മങ്ങൾ ചെയ്യുന്നു ഒക്കെ കണ്ട് മനസ്സ് തീർത്തും നിസ്സംഗമായി നിന്നു. അതെടുത്തു ഒഴുക്കിക്കളഞ്ഞപ്പോൾ ആ കൂടെ എന്റെ ജീവനും പോയെന്നു തോന്നി. അതെ ഞാൻ മരിച്ചിട്ടും ഒരു വർഷം ആയിരിക്കുന്നു. അതെനിക്കും കൂടിയുള്ള  ബലിയിടൽ ആണ് എന്ന് ഞാൻ എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.

കടൽ എനിക്കെത്ര കണ്ടാലും മതിയാവാത്ത ഒന്നായിരുന്നു എപ്പഴും. പക്ഷെ ഞാനൊന്നും കണ്ടില്ല ഉദയം കാണൂ സൂര്യൻ പൊങ്ങിവരുന്നത് നോക്കൂ എന്നൊക്കെ ചുറ്റും ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ കണ്ണിലേക്കൊന്നും തെളിഞ്ഞു വന്നില്ല. കൈ പിടിച്ചു കൊണ്ടോയി കടലിലൊന്നു മുങ്ങി. അത്രമേൽ ശൂന്യമായ മനസ്സോടെ ഇതിനുമുൻപൊരിക്കലും ഞാനുണ്ടായിട്ടില്ല.

22തീർത്ഥങ്ങളും നെറുകയിൽ വീണുവെങ്കിലും തലക്കുള്ളിൽ സങ്കടമിങ്ങനെ തിളച്ചു മറിയുന്ന പോലെ അനുഭവപ്പെട്ടു. കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമ ഓർമ്മ വന്നു. അന്നേരം സങ്കടം ഒന്നൂടെ കൂടി. അത്രയധികം എന്നെ കരയിപ്പിച്ച ഒരു സിനിമയാണ് അത്. ധനുഷ്‌കോടി പോയി. വെയിലത്ത്‌ ഒരുപാട് ദൂരം നടന്നോണ്ട്... ഒടുക്കം  രണ്ട് കടലും ചേരണതും നോക്കി നിന്നു. തിരകളിലൂടെ വന്നു തൊട്ട കക്കകളെ ഒന്നിനേം കുനിഞ്ഞെടുക്കാൻ ഞാൻ തുനിഞ്ഞില്ല. അതെല്ലാം എനിക്കത്ര ഇഷ്ടമുള്ള കടലിഷ്ടങ്ങൾ ആയിരുന്നു. ആ ഇഷ്ടങ്ങളും എനിക്ക് നഷ്ടായി.

കണ്ണീരല്പമെങ്കിലും തോർന്നത് നിന്നെ കുറിച്ച് ഓർക്കുമ്പോൾ മാത്രമായിരുന്നു. നിന്റെ ചിരി ഓർക്കുമ്പോൾ മാത്രം ചിരിക്കാനാവുന്ന ഒരുവളായിരിക്കുന്നു നിന്റെയീ ഞാൻ. അതുകൊണ്ട് നീയെപ്പോഴും ചിരിച്ചോണ്ടിരിക്കണമെന്ന് ഞാനിതാ ഒരിക്കൽക്കൂടി നിന്നോട് പറയുന്നു.

തിരിച്ചന്നു രാത്രി അവിടന്ന് പോന്നു. വരുന്ന  വഴി പാച്ചു വലിയ കരച്ചിലായിരുന്നു. അന്നവളുടെ അവസാന നിമിഷങ്ങളിൽ അവൻ കരഞ്ഞ പോലെ ആ രാത്രി വീണ്ടും..... എത്രയൊക്കെ സമാധാനിപ്പിക്കാൻ നോക്കിയിട്ടും അവൻ കരഞ്ഞുകൊണ്ടേയിരുന്നു. എന്നെ ഇവിടെ ഇട്ടിട്ട് എല്ലാരും പോവാണോ ന്ന് അവന്റെ കരച്ചിലിൽ കൂടി അവൾ ചോദിക്കുന്ന പോലെ...... പിറ്റേന്ന് രാവിലെ മധുരമീനാക്ഷിയെ കണ്ടു. ഒരു ഫോട്ടോ മേടിച്ചു. അതൊരു വല്യ ആഗ്രഹായിരുന്നു അതും സാധിച്ചു.

പാച്ചുതല മൊട്ടയാക്കി മുരുകന്റെ മുന്നിൽ വച്ച്. പാതിരാത്രി തിരിച്ചെത്തി. അങ്ങനെ ഒരു യാത്ര. കരഞ്ഞും ചിരിക്കാൻ ശ്രമിച്ചും പ്രണയത്തെ പിന്നെയും പിന്നേയും ചേർത്ത് പിടിച്ചോണ്ടൊരു യാത്ര. എപ്പഴൊക്കെയോ ആഗ്രഹിച്ചു ആ കരച്ചില് മുഴുവൻ തുടച്ചുതരാൻ ഒരു ഹൃദയമിടിപ്പിനപ്പുറം നീയുണ്ടായിരുന്നെങ്കിലെന്ന്. നിനക്കൊപ്പം ഇനിയൊരിക്കൽ പോണം ധനുഷ്കോടിയിൽ രണ്ടുകടലുകൾ ഒന്നാവണ പോലെ നമ്മളും..........


3 comments:

  1. അച്ചു പോയിട്ടും ആ ഓർമ്മകളിൽ
    നോവുന്ന പ്രണയനാഥന്റെ വീർപ്പുമുട്ടലുകൾ
    നന്നായി ചിത്രീകരിച്ചിരിക്കുന്നു ...

    ReplyDelete
  2. ഉമേയ് എന്റെ കരച്ചിലുകൾ ഒന്നും ഇടക്ക് ഉടക്കി നിൽക്കാറില്ല.അതോണ്ട് ഒന്നു കരഞ്ഞു തോർന്നാൽ ഞാൻ ശമിക്കാറുണ്ട്.കരയാനും കൂടി പറ്റിയില്ലെങ്കിൽ കല്ലിട്ടടച്ചപോലെയാവും നെഞ്ച്... തൂമഞ്ഞു പോലുള്ള ഈ പ്രണയമാണ് ഉമയുടെ ഏറ്റവും വലിയ കൂട്ട്. എപ്പഴും കൂടെയുണ്ടാവട്ടെ.

    ReplyDelete
  3. വർഷങ്ങൾക്ക് മുമ്പ് ഈ അവസ്ഥയിലൂടെ കടന്നു പോയവരാണ് ഞാനും സഹധർമ്മിണിയും... പറയാൻ എളുപ്പമാണ്... എങ്കിലും പറയട്ടെ... കാലം മുറിവുകൾക്ക് സ്വാന്തനനമേകട്ടെ...

    ReplyDelete