Sunday, December 23, 2012

മഴയും മഞ്ഞുമായി നമുക്കിങ്ങനെ ഒരുപാട് കാലം സ്നേഹിക്കാം!!!!!!!!!!!

കൂവ പൊടിയാക്കി വച്ചു .
കായക്കുല വെട്ടി പഴുപ്പിക്കാന്‍ വച്ചു .
കാവിത്തും,ചേനയും,ചേമ്പും,ഒക്കേം പറിച്ചു വച്ചു.
തിരുവാതിരയ്ക്കുള്ള സാധനങ്ങള്‍ ഒക്കേം ആയി എന്ന് പറയുന്ന കേട്ടു.
ഞാന്‍ ഓര്‍ത്തു ഇതൊക്കെ കഴിക്കാന്‍ വേണ്ടിയാണോ തിരുവാതിരയെ 
കാത്തിരിക്കുന്നെ ???????
എന്‍റെ  ഉത്തരം "ഞാന്‍ അതിനല്ല" എന്ന് മാത്രമായിരുന്നു.
അതെനിക്കൊരു സമര്‍പ്പണം ആണ്.
എന്‍റെ  സ്നേഹത്തിനു ഞാന്‍ നല്‍കുന്ന ബഹുമാനം.

ദിവസങ്ങള്‍ എത്ര വേഗാണ് കടന്നു പോകുന്നത്!!!!!!
വിഷൂം,ഓണോം ,കഴിഞ്ഞു ദാ  ക്രിസ്മസും,തിരുവാതിരേം ഒക്കെ ആയെക്കുന്നു.
അടുത്ത മാസം ഒടുവ് കല്യാണിക്കാവ് പൂരോം.
മണ്ഡല കാലം മുതല്‍ ചുറ്റുവിളക്കും തുടങ്ങും.
അച്ചൂന് ശംഖ്,ചെണ്ട,വെടി ഇത് മൂന്നും പേടിയാ.
അതോണ്ട്  ദീപാരാധന കണ്ട കാലം മറന്നു.

അച്ചൂന് ഇപ്പൊ പുതിയൊരു പണി തുടങ്ങിയിട്ടുണ്ട്.

ഉമ്മറത്തോ പിന്നിലത്തെ ഇറയത്തോ ഇരിക്കുവാണെങ്കില്‍ അപ്പൊ 
മിറ്റത്തെയ്ക്ക് കല്ലുകള്‍ ചുമ്മാ എറിയുക .

ഇത് കണ്ടിട്ട് അമ്മേം,ഏടത്തീം പറയും അവള്‍ കഴിഞ്ഞ ജന്മം ഹജ്ജിനു 
പോയപ്പോള്‍ മിനായില്‍ പിശാചിന് നേരെ കല്ലെറിയല്‍ കര്‍മം നടത്താന്‍ പറ്റി
 കാണില്ല എന്ന്.
ഇന്നലെ വൈകുന്നേരം അവള്‍ എന്നോട് പറയുവാ ഉമേ കുറച്ച് കല്ലെടുത്ത്‌ താ 
എനിക്ക് മിനായില്‍ കല്ലെറിയാനാ എന്ന്.

എനിക്ക് ചിരി വന്നു.
ഒപ്പം അതിശയോം.

ഈ പെണ്ണ് ഇതൊക്കെ ഓര്‍ത്തു വെയ്ക്കുന്നുണ്ടല്ലോ എന്ന് കണ്ടിട്ട്.

രാവിലെയാക്കി ഇപ്പൊ അമ്പലത്തില്‍ പോക്ക്.
നല്ല മഞ്ഞാണ് ആ സമയത്ത്.
രാത്രിയും അതെ കൂട്ടിനു നല്ല നിലാവുംണ്ട്.
ഈയിടെ ആയി ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയം കാണാറുണ്ട്.
(ചന്ദ്രനും ചന്ദ്രികേം!!!!) 
ഇന്നലെ നല്ലോംണ്ടായിരുന്നു.
ഇന്ന് അത്രേം ഇല്ല .
അത് മുന്‍പുംണ്ടായിരുന്നോന്നറിയില്ല ,ഞാനിപ്പഴാ ശ്രദ്ധിച്ചേ!!!!!
ഇപ്പൊ എന്നും രാത്രി കൊറേ നേരം മുറ്റത്ത്  നില്‍ക്കും ആകാശോം നോക്കിക്കൊണ്ട്.
അതൊരു സുഖാണ്.
ഒരുപാട് നക്ഷത്രങ്ങള്‍,നിലാവില്‍ കുളിച്ച തെങ്ങുകള്‍,കവുങ്ങുകള്‍,മൂവാണ്ടന്‍ മാവ്,വടക്കോറത്തെ പാടം ഒക്കേം കണ്ണിനു തണുപ്പ് നല്‍കുന്ന കാഴ്ചകള്‍.
വീടിന്‍റെ  പടിവരെ നടക്കാന്‍ തോന്നാറുണ്ട് ഈ രാത്രികളില്‍.
ഒറ്റയ്ക്ക്(അല്ലെങ്കില്‍ നിനക്കൊപ്പം മാത്രം!!!!) നടക്കാന്‍ നല്ല രസമാണ്.
ഓര്‍മ്മകളെല്ലാം ഒരുമിച്ച് ഇങ്ങനെ വന്നു നില്‍ക്കും മുന്നിലേക്ക്.
അവിടെ എന്‍റെ ഇല്ലത്തെ മുറ്റത്ത് അങ്ങനെ കൊറേ നടന്നിരുന്നു പണ്ട്.
എന്തായിരുന്നു  അന്നൊക്കെ ഞാന്‍ ഓര്‍ത്തോണ്ട്  നടന്നിരുന്നത് !!!!!
ഇപ്പൊ അതൊന്നും ഓര്‍മ്മയില്ല.
ഒക്കേം ഒരു കാലം.

അന്നൊക്കെ ഞാന്‍ തനിച്ചായിരുന്നു.
ആ കാലത്തൊക്കെ ആഗ്രഹിച്ചിരുന്നു മിണ്ടാനും,കൂട്ട് കൂടാനും ,എന്‍റെ  മൌനം പോലും മനസിലാക്കാന്‍ കഴിയുന്നതും ആയ  ആരേലുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന്.
പക്ഷെ ഇന്ന് നേരെ തിരിച്ചാണ് ചിന്തിക്കുന്നത്.
അത് അഹങ്കാരം കൊണ്ടാണെന്ന് കരുതരുത്.
എന്തോ......അങ്ങനെ  തോന്നുന്നു.
അനു പറഞ്ഞപോലെ എല്ലാ കാലത്തും എല്ലാരും എപ്പോഴത്തെയും പോലെ ആയിരിക്കുക അസാധ്യം.
അപ്പൊ ചിന്തകളിലും മാറ്റങ്ങള്‍ വരും .
(പക്ഷെ ഒന്ന് പറയാം മാറ്റമില്ലാത്തത് ..........
അത് നിന്നോടുള്ള എന്‍റെ സ്നേഹം.
കാലങ്ങള്‍ക്കും അപ്പുറം നിലനില്‍ക്കുന്ന ഒന്ന്.)
ഇപ്പൊ ആരാലും അറിയപ്പെടാതെ ഒരു മൂലേല് വീണ പൂവായിരുന്നാല്‍ മതി.


ഈ വര്‍ഷം ............
ജീവിതത്തിലേക്ക്  നന്മയും,സ്നേഹവും നിറഞ്ഞ ഹൃദയമുള്ള  ഒരുപാട് നല്ല സൌഹൃദങ്ങളെ കൂട്ടി ചേര്‍ത്തു .
ഒപ്പം ഒരു വല്യ നിധിയും കിട്ടി. :)


എല്ലാരും ചോദിക്കുന്നു ബ്ലോഗില്‍ എന്താ പുതിയ പോസ്റ്റ്‌ കാണാത്തെ  എന്ന്.
സത്യം പറഞ്ഞാല്‍ ഞാന്‍ ഈയിടെ ആയി ബ്ലോഗിലേക്ക് വരാറേയില്ല .
ഇപ്പോഴല്ലേ  അറിഞ്ഞേ ഈ ബ്ലോഗ്‌ എന്ന് പറയുന്നത് ഒരു നിസാര കാര്യം അല്ലാന്ന്.
അങ്ങനെ തോന്നീത് എഴുതാനുള്ള ഒരു സ്ഥലല്ല എന്ന് .
ഓരോരുത്തര് എന്ത് ഗൌരവായിട്ടാന്നോ ബ്ലോഗിനെ കാണുന്നെ !!!
ബ്ലോഗിലെ പോസ്റ്റുകളെ എത്ര ഗൌരവമായാണ് വായിക്കുന്നത്,എഴുതുന്നത്.
ഞാനോ.........!!!!!!!!!!
ഒള്ള  പൊട്ടത്തരം മുഴോനും എഴുതി അതിന്‍റെ  വില കളയുന്നു.
അതോണ്ട്  ഈ പരിപാടി നിര്‍ത്തിയാലോ എന്ന് വീണ്ടും ആലോചിച്ചു.
തോന്നിയത് എഴുതാന്‍ സ്വന്തായി ഫേസ് ബുക്ക്‌ ഉണ്ടല്ലോ!!!!(അല്ലെ?)
എനിക്ക് ഒരു വല്യ എഴുത്തുകാരി ആവണം എന്ന മോഹോന്നും ഇല്ല.
മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്ന ഒന്നും തന്നെ എന്‍റെ  പോസ്റ്റില്‍ ഉണ്ടാവില്ല എന്നും അറിയാം.
അപ്പൊ പിന്നെ ഈ പണി നിര്‍ത്തുന്നതല്ലേ ബുദ്ധി?????
ഞാന്‍ എന്നോട് തന്നെ കുറച്ചു നാളായി ചോദിക്കാന്‍ തുടങ്ങുന്നു.

പണ്ടൊക്കെ ദിവസോം എഴുതി നറച്ചോണ്ട് ഇരുന്നതാ.
ഇപ്പൊ അത് നിന്നു.
പഴേ പോലെ തോന്നിയത് പോസ്റ്റാനുള്ള ധൈര്യം ഇല്ല്യ.
കാരണം ആരൊക്കെയോ  വായിക്കുന്നു എന്ന ചിന്ത തന്നെ.
എന്നെ സമാധാനിപ്പിക്കാന്‍,സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ എന്നറിയില്ല പോസ്റ്റുകള്‍ നന്നാവുന്നു എന്ന് ചിലരൊക്കെ പറയുകയും ചെയ്യുന്നു.
അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കെന്തോ വല്യേ നാണാണ്,ഒപ്പം പേടിയും.
ഒരു സ്വാതന്ത്ര്യം നഷ്ടപ്പെട്ട പോലെ.
അതുകൊണ്ട് ആരോടും അങ്ങോട്ട്‌ കേറി പറയാറെയില്ല ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്.
ഇപ്പൊ,ഇപ്പൊ ബ്ലോഗര്‍ ആണോന്നു ചോദിച്ചാലും ഞാന്‍ അല്ലെന്നെ പറയൂ.
പണ്ട് ഞാന്‍ icici ല്‍   ഇന്‍ഷൂറന്‍സ്  ഏജെന്റ്  ആയിരുന്നപ്പോഴും അങ്ങനെ ആയിരുന്നു.
ആരേലും ഇങ്ങട് ചോദിച്ചാല്‍ മാത്രേ പോളിസി കാര്യം പറയുമായിരുന്നുള്ളൂ.
അതോണ്ടെന്തായി ആരും പറയില്ല ഉമ കാരണം പോളിസി എടുത്ത് ഒരു വഴി ആയി എന്ന്.
അതൊരു വല്യേ സമാധാനാണ്.

ഇടയ്ക്ക് രണ്ടു മൂന്നു ദിവസം നല്ല മഴക്കാറ് ഉണ്ടായിരുന്നു.
അത് കണ്ടപ്പോ ഇവിടെ അമ്മേം ഏടത്തീം തുടങ്ങി മഴേടെ അമ്മെ ചീത്ത പറയാന്‍.
മാവ് പൂത്തതൊക്കെ പോവാന്‍ വേണ്ടിയാവും എന്നും പറഞ്ഞ് അമ്മേം ഏടത്തിയും ആ കാറിനെ ഓടിച്ചു വിട്ടു.
അത് പോയോട്ത്ത്ന്ന്  ഒക്കേം ഇതന്നെ കേട്ട് കാണും,പാവം.
ഇനി ആ മഴക്കാറ് ഒന്ന് വരണേല്‍ എത്ര കാലം കാത്തിരിക്കണാവോ !!!!!!!!!!!
അതിനെന്നും കുറ്റാ ....വന്നാലും വന്നില്ലെങ്കിലും!!!!!!!

അമ്പലത്തിലെ കുളത്തില്‍ ഈയിടെ ആണ് ഇറങ്ങിയത് .
അച്ചു കരഞ്ഞപ്പോള്‍ ഒരു ദിവസം 
അപ്പഴാണ് ഒരു വല്യേ  മത്സ്യത്തെ കണ്ടത്.
അതിന്‍റെ  പേര് കണ്ണന്‍ന്നാത്രേ!!!!!!
ഞാന്‍ ആദ്യായ കണ്ണന്‍ന്നൊക്കെ ഒരു മത്സ്യത്തിന് പേര് കേള്‍ക്കുന്നേ !!!
(ഇപ്പൊ ദേ  ബ്ലോഗര്‍ കണ്ണനെ ഓര്‍ത്തു. :) )
ന്നാ ഇത് കഴിക്കുന്നോരെ സമ്മതിക്കണംട്ടോ.
അതിന്‍റെ  ആ മണോം സഹിച്ച് കഴിക്കുന്നേല്.
അടുത്തൂടെ പോവാനെ വയ്യ.
അപ്പൊ എങ്ങനെ കഴിക്കാന്‍ സാധിക്കുന്നു!!!!!
ഇനി പോവുമ്പോ ഒരു മീനൂട്ട് വഴിപാട് നടത്തണം.
കുറെ കാലായി .

നാളെ വീണ്ടും കോഴിക്കോട്ടേക്ക് ..............
വെട്ടം വീഴും മുന്‍പേ പോവും.
വെയിലുദിക്കുന്നേനു മുന്നേ തിരിച്ചെത്തും .
എങ്കിലും എനിക്കിഷ്ടമാണ് ആ യാത്ര.
അടിക്കടിയുള്ള കോഴിക്കോട് യാത്രകള്‍  എന്നെ കോഴിക്കോടിന്‍റെ പ്രണയിനിയാക്കി.
അതിന്‍റെ  കൂടെ കരീമിക്കാനേം ഫൈസീനെം അവരുടെ ഉസ്താദ്‌ ഹോട്ടലും കണ്ടപ്പോ കോഴിക്കോടിനോട് കട്ട പ്രേമായി.
ഈയിടെ ഫേസ് ബുക്കില്‍ ജിത്തു ഇട്ട കോഴിക്കോട് ബീച്ചിന്‍റെ ഒരു ഫോട്ടോ കണ്ടപ്പോ പിന്നേം ഒട്ടി.

അതേയ് ഇതിനിടേല് നിന്നോട് പറയാനുള്ള കാര്യം പറയാന്‍ മറന്നു .
അടുത്ത അവധിക്കാലം ആഘോഷിക്കാന്‍ നീ ഒരു മഞ്ഞു കാലത്തില്‍ വന്നാല്‍ മതീട്ടോ.
അന്ന് നമുക്ക് പോണം.
മഞ്ഞു മൂടിയ കാട്ടു വഴികള്‍ കാണാന്‍................
മഞ്ഞിറങ്ങിയ പച്ച നിറഞ്ഞ താഴ്വര കാണാന്‍..............
മഞ്ഞില്‍ കുളിഞ്ഞ പുഴയില്‍ മുങ്ങാന്‍..............
മഞ്ഞുടുത്ത പൂക്കള്‍ക്ക് നടുവില്‍ രണ്ടു തുമ്പികളായി പറന്നുയരാന്‍..........
മഞ്ഞു നീങ്ങുന്ന കാഴ്ച കാണാന്‍ പാട വരമ്പില്‍ പോയിരിക്കാന്‍ ...............
ഈ മഞ്ഞു കാലത്ത് തോന്നിയ കുറെ മഞ്ഞുമോഹങ്ങള്‍.

പക്ഷെ ഞാന്‍ മഴയാണെന്നല്ലേ നീ പറയുന്നത്????????
എനിക്ക് നീയാണ് മഴ.
എന്നില്‍ നിറഞ്ഞു  പെയ്യുന്ന സ്നേഹമഴ.
ഒരു പൂവാകാന്‍ ചിലപ്പോള്‍ ഒക്കെ ഞാന്‍ മോഹിക്കും.
നീ തൊടുമ്പോള്‍ മാത്രം വിരിയുന്ന,
നീ ഉമ്മ വെക്കുമ്പോള്‍ മാത്രം സുഗന്ധം പരത്തുന്ന  ഒരു പൂവ്.
ഒരിക്കല്‍ പറഞ്ഞത് പോലെ
നിനക്ക് നിവേദിക്കാന്‍ വേണ്ടി മാത്രമുണ്ടായ  ഒരു കുഞ്ഞു പൂവ്.

പണ്ടൊക്കെ ക്രിസ്മസ് ആയാല്‍,ന്യൂയര്‍ ആയാല്‍ എത്ര ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ആയിരുന്നു വാങ്ങുമായിരുന്നെ !!!!!
കാര്‍ഡ്‌ ഷോപ്പില്‍ കേറിയാല്‍ ശക്തന്‍ മാര്‍ക്കെറ്റിലെ പച്ചക്കറി കടകളുടെ മുന്നിലെത്തി അന്തം വിട്ടു നില്‍ക്കാറുള്ള പോലെ ആയിരുന്നു നിന്നിരുന്നത് .
നല്ല ഫ്രഷ്‌ ചീരയെ(എന്ടോസള്‍ഫാന്‍ അടിച്ചതാണെങ്കിലും)കാണുന്ന സന്തോഷായിരുന്നു  ഓരോ കാര്‍ഡും  എടുത്തു നോക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്നത്
കൂട്ടത്തില്‍ ഏറ്റവും സുന്ദരമായ വാക്കുകള്‍ ചേര്‍ത്ത കാര്‍ഡ്‌ തപ്പിയെടുക്കും പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍.
ഒരുപാട് ആര്‍ഭാടമുള്ള കാര്‍ഡുകള്‍ എനിക്കിഷ്ടമേ ആയിരുന്നില്ല.
ഞാന്‍ വാങ്ങിയിരുന്ന കാര്‍ഡുകള്‍ ഏറ്റവും ലളിതമായിരുന്നു.
എന്‍റെ  കാര്‍ഡ്‌ സെലെക്ഷന്‍ നല്ലതാന്നു എല്ലാവരും പറഞ്ഞിരുന്നു.
(അല്ലേലും നീ പറഞ്ഞപോലെ എന്‍റെ  ഏതു  സെലെക്ഷനാ മോശം!!!!
ഒക്കേം ഒന്നാം തരം  അല്ലെ????
അതിന്‍റെ  ഏറ്റവും നല്ല ഉദാഹരണമല്ലേ നീ!!!!!!!!!!!)
ഇപ്പൊ ഒരു കാര്‍ഡ്‌ കണ്ടിട്ടും വാങ്ങിയിട്ടും അയച്ചിട്ടും എന്‍റെ പേരില്‍ വന്നിട്ടും ഒക്കെ എത്ര കാലായി!!!!!!!!!!!!!
ഈ ക്രിസ്മസ് കണ്ടപ്പോള്‍ ഒരു മോഹം ഒരു കാര്‍ഡ്‌ വാങ്ങാന്‍.
നിനക്കയക്കാന്‍.
അതിനുള്ളില്‍ നിന്നോടുള്ള സ്നേഹം എഴുതി അറിയിക്കാം.
ഹൃദയം നിറഞ്ഞ ആശംസകളും.

എന്‍റെ  വഴിയിലെ സന്ദര്‍ശകരെ ...........
എല്ലാവര്‍ക്കും  എന്‍റെ  ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ക്രിസ്മസ്, നവവത്സര ആശംസകള്‍ !!!!!!


അവിടെ തലസ്ഥാനത്ത് ഇപ്പോഴും ഉറക്കമില്ലാതെ ഒരുപാട് പേര്‍ ഒരു നന്മയ്ക്കായി.............
നന്മ വറ്റാത്ത മനസുകള്‍ ഏറെയുണ്ട് ഈ ലോകത്തില്‍.
അവര്‍ക്കൊപ്പം ഞാനും എന്‍റെ പ്രാര്‍ത്ഥനയും..............

Thursday, November 29, 2012

കാലം തെറ്റി പെയ്ത ഒരു മഴ.നനയാന്‍ കൊതിച്ചപ്പോള്‍ പെയ്ത മഴകളൊക്കെ

സൌഹൃദങ്ങളുടെതായിരുന്നു.

എന്നില്‍ എന്നും നിറഞ്ഞു പെയ്തിരുന്നത് പ്രണയത്തിന്റെയും.

കണ്ണീരൊളിപ്പിക്കാന്‍ വേണ്ടി കാത്തിരുന്നപ്പോള്‍ ,എന്നെ പോലും

അറിയിക്കാതെ അവയെ ഒളിപ്പിച്ച മഴയ്ക്ക്‌ അമ്മേടെ മണായിരുന്നു.

അങ്ങനെ എന്‍റെ മഴയ്ക്ക്‌ അവകാശികള്‍ ഏറെ.


നിറങ്ങള്‍ നഷ്ടപ്പെട്ട ഒരു കാന്‍വാസ് പോലെ ആയിരുന്നു ജീവിതം.

സ്വപ്നങ്ങളില്‍ കണ്ടിരുന്നത് ഒരു തുരുത്തില്‍ ഒറ്റയ്ക്കായി പോയ ,

മറ്റൊരു ദ്വീപായി മാറിയ എന്നെയും.

പച്ച നഷ്ടപ്പെട്ട കാടിന്‍റെ,

കത്തിയമര്‍ന്ന പച്ച മരങ്ങളുടെ,ഇലകളുടെ മണത്തെ ആയിരുന്നു ഞാനെന്നും

ശ്വസിച്ചിരുന്നത്.

കണ്ണുകള്‍ അടച്ച് ഞാന്‍ എന്നെ തന്നെ നോക്കുമ്പോള്‍ കണ്ടിരുന്നത് ഒരു മഴ

പോലും തൊടാത്ത,വരണ്ടു വിണ്ടു കീറിയ ഭൂമിയെ ആയിരുന്നു.

എനിക്ക് കിട്ടിയതെല്ലാം സ്നേഹത്തിന്‍റെ പടുവിത്തുകള്‍ ആയിരുന്നു.

എങ്കിലും എന്‍റെ കണ്ണീരെന്ന വെള്ളം തേവി ഞാന്‍ അവയെ മുളപ്പിച്ചു .

എന്‍റെ കിനാവുകളുടെ പാടം പൂക്കാന്‍ ഈ പടുമുളകള്‍ മതിയെന്ന് ഞാന്‍

വെറുതെ വിശ്വസിച്ചു.

ഇടനെഞ്ചിലെന്നും കേട്ടിരുന്ന ഒരു അരിപ്രാവിന്റെ കുറുകല്‍

പിന്നീടെപ്പോഴോ കേള്‍ക്കാതായി.

അറിയാന്‍ ഏറെ വൈകി  ചിറകറ്റു വീണെന്ന്.

പിടഞ്ഞു മരിച്ചെന്ന് .

പാടാന്‍ കൊതിച്ചപ്പോഴോന്നും ശബ്ദം പുറത്തേക്കു വന്നതേയില്ല.

മനസ്സില്‍ ഒരു വീണയുണ്ടായിരുന്നു .

സ്നേഹ രാഗങ്ങളെ മാത്രം ശ്രുതി ചേര്‍ക്കുന്ന ഒരു വീണ.

പിന്നീടെപ്പോഴോ അതും നഷ്ടമായി.


എന്നില്‍ നിറഞ്ഞിരുന്ന നിരാശയുടെ കാണാകയങ്ങളില്‍  പെട്ടുഴറിയ എന്‍റെ

മനസ്സില്‍,

അപകര്‍ഷതയുടെ വലിയ ചുഴികളില്‍ പെട്ട് പോയ എന്നിലെ എന്നില്‍ ഒരു

മഴ പെയ്തു.

കാലം തെറ്റി പെയ്ത ഒരു മഴ.

എന്‍റെ  ജീവിതത്തെ തന്ന,

എന്നില്‍ ഇനിയും വറ്റാത്ത നന്മയും,സ്നേഹവും ഉണ്ടെന്നെന്നെ അറിയിച്ച

ഒരു മഴ.

അതെ,ഇന്ന് എന്നില്‍ പെയ്യുന്ന ഓരോ മഴയ്ക്കും അവകാശികള്‍ ഉണ്ട്.


ഓരോ മഴയിലും ഞാന്‍ അറിയുന്നുണ്ട് നിന്‍റെ പ്രണയത്തിന്‍റെ പാരമ്യതയെ .


ഒരിക്കല്‍ നിഷേധിക്കപ്പെട്ട മാതൃത്വത്തെ .


സൌഹൃദങ്ങളുടെ നിഷ്കളങ്കതയെ.Thursday, November 8, 2012

വീണ്ടും കൊറേ ചിത്രങ്ങളും അതിലെ എന്‍റെ ഇഷ്ടങ്ങളും!!!!

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലാപ്പി പണി പറ്റിച്ചു.
ഫോര്‍മാറ്റ്‌ ചെയ്യേണ്ടി വന്നപ്പോള്‍ എടുത്തു കൂട്ടിയ ഫോട്ടോ മുഴോനും പോയി കിട്ടി.ഇഷ്ടപ്പെട്ടതൊക്കെ ഫേസ് ബുക്കില്‍ ഉണ്ടല്ലോ എന്ന  സമാധാനത്തില്‍ ആണ് ഇപ്പോള്‍.
ഇപ്പൊ കുറച്ചു ദിവസം ഫേസ് ബുക്കിനോട് പെണക്കാ!!!!അതോണ്ട് ഈ ഇഷ്ടള്ള ഫോട്ടോ ഒന്നും അവിടെ കൊണ്ടോയി സൂക്ഷിക്കാന്‍ പറ്റില്ല.(ചെലതൊക്കെ അവിടെ ഉള്ളതാണ്,അത് വേറെ കാര്യം)
അപ്പൊ പിന്നെ ഇതില്‍ ആവട്ടെ എന്ന് കരുതി.
ഈ പൂവിനെ ഇവിടെ ഒക്കെ പഞ്ചാര പൂവെന്നാ വിളിക്ക്യാ.
പഞ്ചാരെടെ മണം  ആണ് ഇതിന് .വഴിയരികില്‍ ഒക്കെ കൂട്ടം കൂട്ടമായി നില്‍ക്കുന്നു ഇവിടെ.                               

                 കല്യാണിക്കാവിലെ അമ്പല പറമ്പില്‍ മൂന്നു വല്യേ പാലമരങ്ങള്‍ ഉണ്ട്.അവിടവിടെ ആയി പൂത്തിട്ടും ഉണ്ട്.ഞാന്‍ ദേ  കഴിഞ്ഞ കൊല്ലോ മറ്റോ ആണ് ഈ പാലപ്പൂവിനെ ഇത്രേം അടുത്ത കണ്ടതും,തൊട്ടതും,മണത്തു നോക്കിയതും ഒക്കെ.ചുമ്മാ അല്ലാട്ടോ യക്ഷീം ഗന്ധര്‍വനും ഒക്കെ വരുന്നേ.
അസാധ്യ ഗന്ധാണ്.ആരേം മോഹിപ്പിക്കുന്ന മണം .ഉത്സവങ്ങളുടെയും,പൂരങ്ങളുടെയും,ഒക്കെ കാലമാകുമ്പോഴേക്കും മുഴോനും പൂക്കും.മഞ്ഞു പെയ്യുന്ന നിലാവുള്ള രാത്രിയില്‍ പാലപ്പൂക്കളുടെ ഗന്ധവും,പ്രണയാര്‍ദ്രമായ ഒരു പാട്ടും,ആസ്വദിച്ച് നിനക്കെഴുത്തുകള്‍ അയക്കാന്‍ എനിക്കേറെയിഷ്ടം.എന്‍റെ അക്ഷരങ്ങളില്‍ പാലപ്പൂവിന്‍റെ മണം നിറയുന്നു എന്ന് നീ പറയുന്നത് കേള്‍ക്കാന്‍ അതിലേറെ ഇഷ്ടം.                                                                                                            

 ഈ രണ്ടു ചെമ്പരത്തി പൂക്കളെ കണ്ടപ്പോള്‍ എന്‍റെ  മനസ്സില്‍ ആദ്യം വന്ന ചിന്ത വാക്കുകള്‍ ഇതാണ്.
"ഇന്ന് ഞാന്‍ നാളെ നീ!!!"
പിന്നെ ആശാന്‍റെ വീണപൂവിലെ മുന്‍പെങ്ങോ കാണാതെ പഠിച്ച ചില വരികളും.

ഓട മരത്തിന്‍റെ കൊമ്പോ മറ്റോ ചതച്ച് ഉണ്ടാക്കുന്നതാണ് ഇത്.
പൂവെന്നു പറയാന്‍ പറ്റില്ല.
കൊട്ടിയൂര്‍ അമ്പലത്തിലെ പ്രധാന വഴിപാടാണ്.
അവിടെ നിന്നും മാത്രമേ ഇത് കിട്ടൂ.
വേറെ എങ്ങും ഇല്ല .
വെള്ളി രോമം പോലെ...........
വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യം ആണത്രേ!!!!
ഇനി അപ്പൊ അതില്ലാതെ ഐശ്വര്യം കൊറയണ്ട.
(ജയേട്ടന് അമ്പലത്തിന്റെ അടുത്തുള്ള  ആരോ കൊടുത്തതാണ്.
തിരുമേനീടെ ഇല്ലത്ത് ഐശ്വര്യം ഉണ്ടായിക്കോട്ടെ എന്ന് കരുതിയ ആരോ.)                                                                                                       


മണ്ണിനെ പ്രണയിക്കുന്ന ഒരു തൊട്ടാവാടി പൂവ്.
എന്തൊരു നിഷ്കളങ്കതയാണല്ലേ  ഈ തൊട്ടാവാടി പൂവുകള്‍ക്ക്?????????
എനിക്കൊരുപാടിഷ്ടമുള്ള ഒരു പൂവാ ഇത്.
ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പരിശോകത്തിന്റെ പൂവ്.
പണ്ട് ഈ പൂവിലെ ദേ ആ താഴെ കാണുന്ന മെറൂണ്‍ ഭാഗത്ത് നിന്ന് വട്ടത്തില്‍ വെട്ടിയെടുത്ത് പൊട്ടാണെന്നും പറഞ്ഞ് നെറ്റിയില്‍ ഒട്ടിച്ചു വെച്ച് നടക്കുമായിരുന്നു.
(യാത്രകളില്‍ , ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നു മടിയില്‍ ഉറങ്ങുന്ന അച്ചൂനേം പിടിച്ച് ഒരു കൈ കൊണ്ട് വളരെ കഷ്ടപെട്ടാണ് ചില ഫോട്ടോ ഒക്കെ എടുക്കുന്നേ !!!!
അങ്ങനെയുള്ള ഒരു ഫോട്ടോയാ ഇതും.)

ഓരോ മഴയും ബാക്കി വെച്ച് പോകുന്നത് ഒരുപാടാണ്‌ .
നാളെ മറ്റൊരു മഴയിലൂടെ "പെയ്തൊഴിയാനുള്ള   ഓര്‍മ്മകള്‍" "  എന്ന പുനര്‍ ജന്മത്തിനായി 
ഇന്ന് പെയ്തു നിറയ്ക്കുന്ന ഒരുപാട്..............


നീ ആകാശം.
ഞാന്‍ ഭൂമി.
എനിക്കും നിനക്കും ഇടയിലെ ദൂരം ഒരു കടലോളമായിരുന്നു.
എന്നേ ആ കടല്‍ നമുക്കിടയിലെ ദൂരം ഇല്ലാതാക്കിയേ????
അറിയില്ല.
ഇന്ന്............ ഞാനും,നീയും അല്ല നമ്മള്‍ ആണ്.
ദാ ഇത് പോലെ .....
നമ്മെ ഒരുമിച്ച് ചേര്‍ത്ത ഈ കടല്‍ ................
ഇത്.... നമ്മുടെ പ്രണയമാണ്.
അതെ നീ ആകാശം.
ഞാന്‍ ഭൂമി.
നമ്മുടെ പ്രണയം ഈ കടല്‍..                                                                                                     
                                                                                                       മനസ്സ് ചിലപ്പോള്‍ ഇങ്ങനെയാണ് .
അലയടിച്ചുയരുന്ന ഓര്‍മ്മകള്‍,
അതിലെവിടെയോ ഒരു കുന്നു നോവുകള്‍,
ചില ഇഷ്ടങ്ങളെ നഷ്ടപ്പെടുത്തുന്ന നേരുകള്‍,
നിസ്സഹായതയുടെ നിര്‍വികാരത.........
അങ്ങനെ എന്തൊക്കെയോ....           
എനിക്കെത്ര കണ്ടാലും മതിയാവാത്ത ഒരു കാഴ്ച .
നീലാകാശം .
എന്‍റെ എന്തിനൊക്കെയോ ഉള്ള സങ്കടങ്ങള്‍ ചിലപ്പോഴൊക്കെ ഓടി പോവാറുണ്ട് നീലാകാശത്തെ കാണുമ്പോള്‍. .
പ്രതീക്ഷയുടെ പ്രതീകം .
ജീവിക്കാനുള്ള മോഹമാണ് എനിക്ക് പച്ച .
അതെ ജീവിതത്തിന്റെ നിറം പച്ച തന്നെയാണ്.
ഈ നീലാകാശം നിന്‍റെ പ്രണയമാണ് 
ഞാനെന്ന ഈ പച്ച നിന്നിലേക്ക്‌ .............

നീലയും വെള്ളയും പച്ചയും കൂടി ഭംഗിയാക്കിയ എന്‍റെ  കാഴ്ച.
ഒരു വൈകുന്നേരത്തിലെ ആകാശം.
മേഘങ്ങള്‍ അങ്ങ് ദൂരെ എങ്ങോട്റെക്കോ ഉള്ള വഴി പോലെ നിറയെ പടിക്കെട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട് 
നിന്നോട് ചോദിക്കട്ടെ നമുക്ക് പോകാം ആ പടികള്‍ കയറി കയറി അങ്ങോട്ടേക്ക്................
അവിടെ മേഘങ്ങളുടെ കൊട്ടാരമുണ്ട് .
അവിടെ ഇരുന്നാല്‍ ഇങ്ങു ഭൂമിയിലെ പ്രണയിനികളെ കാണാം.
അവരുടെ പ്രണയത്തില്‍ പനിനീരായി നമുക്ക് ,നമ്മുടെ പ്രണയത്തിന്‍റെ മഴ പൊഴിക്കാം.
ഈ ലോകം മുഴുവനും സ്നേഹം മാത്രം.
എല്ലാ മുഖങ്ങളിലും ചിരിയും സന്തോഷവും നന്മയും മാത്രം.
എന്‍റെ  ഒരു വലിയ ആഗ്രഹം .

മഴ പെയ്യണേനു  മുന്‍പുള്ള ഈ ഒരു അവസ്ഥ എനിക്കേറെ ഇഷ്ടം .
എന്‍റെ മനസ് പല കാര്യങ്ങളിലും ഇങ്ങനെയാണ്.
അപ്പൊ പിന്നെ പ്രണയത്തില്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ !!!!!
പെയ്തു തോരല്‍ എന്ന നിര്‍വൃതിയ്ക്കായുള്ള കാത്തിരിപ്പ് ...!!!!അതിനേക്കാള്‍ മനോഹരമായ ഒരു കാത്തിരിപ്പ് വേറെയില്ല.


"മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍."".
ഒരിക്കല്‍ വളരെ സങ്കടത്തോടെ "മരണമെത്തുന്ന  നേരത്ത് " എന്ന  കവിത ചൊല്ലിയപ്പോള്‍ മനസ്സില്‍ നന്മ മാത്രമുള്ള ഒരു സുഹൃത്ത് പറഞ്ഞു എന്തിനാണ് ഇത്രയേറെ സങ്കടത്തോടെ അതിനെക്കാള്‍ സങ്കടപ്പെടുത്തുന്ന ആ വരികള്‍ പാടുന്നെ..........
അതിനേക്കാള്‍ നല്ലതല്ലേ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പാട്ട് പാടുന്നെ എന്ന്.
ശരിയാണ്.
ഈ പാട്ടിലെ ആദ്യത്തെ രണ്ടു വരികള്‍ കേള്‍ക്കുമ്പോള്‍ മഴ നല്‍കുന്ന കുളിരും പ്രതീക്ഷയും പിന്നെ ജീവിക്കാന്‍ മോഹിപ്പിക്കുന്ന പച്ച നിറവും മനസ്സില്‍ നിറയ്ക്കും.
പ്രിയ സുഹൃത്തേ...........നിന്‍റെ  വാക്കുകള്‍ക്കു നന്ദി.
ഈ ചിത്രം നിനക്കായ്..........
                                                                                                       നിന്നില്‍ വിരിഞ്ഞ നിലാവ് ഞാന്‍. നമ്മുടെ പ്രണയത്തെ നോക്കി നില്‍ക്കുന്ന പച്ച.
ഇലകള്‍ക്കിടയിലൂടെ ആകാശം കാണാനുള്ള  എന്‍റെ ഇഷ്ടാണ് താഴെയുള്ള ചിത്രങ്ങളില്‍. ..
മുളയുടെ നേര്‍ത്ത ഇലകള്‍. ............
ആ ഇലകളുടെ കൂമ്പുകള്‍ കൊണ്ട് കുത്തുമ്പോള്‍ നല്ല വേദനയാണ് പണ്ട് കുഞ്ഞു നാളിലെ ഓരോ കൌതുകങ്ങള്‍ 
അന്ന് ഡോക്ടര്‍ ആയി കളിച്ച നാളുകളില്‍ ഇതായിരുന്നു സിറിഞ്ച് .
ഈ ഇലകള്‍ക്കിടയിലെ വെണ്മ അതിന്‍റെ ചന്തം ഒന്ന് വേറെ തന്നെ.
തൃശൂരിലെ നെഹ്‌റു പാര്‍ക്കില്‍ പോയപ്പോള്‍ അവിടെ കണ്ട മരം പേര് ഓര്‍മ്മയില്ല .
സൂര്യന്‍ ഇലകള്‍ക്കിടയിലൂടെ എന്നെ നോക്കിയപ്പോള്‍ അത് കാണാതെ മുഖം തിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
മുള  പോലെയാണ്ഓട മരവും .
ഇലകളും ഒരു പോലെ തന്നെ.
ഒരിത്തിരി വീതിയും വലുപ്പവും കൂടുമെന്ന് മാത്രം.

                                                                                                      നേര്‍ത്ത കാറ്റില്‍ പോലും        വിറയ്ക്കുന്ന അരയാലിന്‍ ഇലകള്‍ .
അവക്കിടയിലൂടെ സൂര്യന്‍ മങ്ങിയ ആകാശം.


പാര്‍ക്കില്‍ പോയപ്പോള്‍ കിട്ടിയ മഞ്ചാടിമണികള്‍. .
അവിടത്തെ ആ വലിയ മഞ്ചാടി മരത്തിനു താഴെ നിറയെ വീണു കിടപ്പുണ്ടായിരുന്നു.
സമയം കിട്ടിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ പെറുക്കി എടുത്തേനെ ഞാന്‍. .മയില്‍പീലീം മഞ്ചാടി മണീം ന്‍റെ ഇഷ്ടം.ന്‍റെ സ്വന്തം.
സൊ............റൊമാന്റിക്‌.!!!!!!!


ഇത് കണ്ടോ ഇത് മുഴോനും ന്‍റെ  മാത്രാ!!!!
ന്‍റെ സ്വന്താ!!!!!!
അവിടെ എന്‍റെ ഇല്ലത്തെ രണ്ടു സര്‍പ്പ കാവുകളുടെ അടുത്തും മഞ്ചാടി മരംണ്ട് .
അതീന്നു വീണത് മുഴോനും പെറുക്കി കൂട്ടിയതാ ഇതിന്‍റെ  ഭൂരിഭാഗോം.
പിന്നെ കൊറേ അവിടന്നും ഇവിടന്നും ഒക്കെ.ഒരു ഇരുപതിനായിരത്തിന്റെ അടുത്തൊക്കെ വരും.
കൃത്യായി എണ്ണിയില്ല  ഇനിയും.
അതിന്  ഇട കിട്ടിയില്ല എന്ന് വേണം പറയാന്‍..
ദിവസം മുഴോനും ഇതും വെച്ചോണ്ട് ഇരിക്കാനും ഞാന്‍ റെഡിയാ !!!!!!
അത്രേം അത്രേം അത്രേം ഇഷ്ടാ എനിക്കിത്.
ന്‍റെ സന്തോഷം,വല്യേ നിധി,പ്രണയം,ഒക്കെ..............
അച്ഛമ്മ പറയുമായിരുന്നു ആരേലും മഞ്ചാടി തരാംന്ന് പറഞ്ഞാല്‍ അവള്‍ അയാള്‍ടെ കൂടെ പോവും എന്ന്.
എനിക്കത്രേം പ്രാന്താ ഈ മഞ്ചാടി.
എത്ര കിട്ടിയാലും മതിയാവില്ല .
നിന്‍റെ പ്രണയം പോലെ.............
പിന്നെ പറയുമായിരുന്നു ഗുരുവായൂര്‍ക്ക് കൊടുക്കാന്‍ .
ഞാന്‍ പറയും ഗുരുവായൂരപ്പന്‍ നേരിട്ട്  വന്നു ചോദിച്ചാലും ഞാന്‍ കൊടുക്കില്ല .കണ്ണന് അതിനേക്കാള്‍ ഇഷ്ടം ഇതെന്‍റെ കയ്യില്‍ ഇരിക്കുന്നത് കാണാന്‍ ആണെന്ന്.
പക്ഷെ നീ ചോദിച്ചാല്‍ തരുംട്ടോ .....
എന്‍റെ  എല്ലാം നിനക്കല്ലേ !!!!
(എന്നാലും......നീ ചോദിക്കില്ലല്ലോ????? :) )


ഈ ഫോട്ടോ ഫേസ് ബുക്കില്‍ ഇട്ടപ്പോള്‍ കൊറേ പേര് എന്നെ കളിയാക്കി .
ആ സിനിമേലെ ഉര്‍വ്വശീടെ പെട്ടി പോലെ എന്നും പറഞ്ഞ് .
ഈ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ എനിക്ക് നല്‍കുന്ന സന്തോഷം എത്ര വലുതാണ്‌!!!!!!!!!!!!!!!!!!!!!!!!!!


ന്‍റെ അച്ചു......
അച്ചൂനും ഇഷ്ടാ അമ്മേടെ മഞ്ചാടി പ്രാന്ത്.

Sunday, October 28, 2012

എന്റെ തിരുവാതിര


മഞ്ഞു മൂടിയ രാവില്‍
തണുത്തു കുളിരണിഞ്ഞ കുളക്കടവിലേക്ക് കുരവയുമായി റാന്തലും പിടിച്ച് ഞാനും അവരുടെ കൂടെ പോയി.കയ്യില്‍ വാഴയിലയും ചന്ദനവും അഷ്ടമംഗല്യവും ദശപുഷ്പവും കരുതിയിരുന്നു.
ആദ്യത്തെ പടവിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ വെള്ളത്തിന്റെ തണുപ്പ് ശരീരത്തിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി.
മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.
ഉറക്കെ വിളിച്ചു പറയാന്‍ തോന്നി എനിക്കും ആര്‍ദ്രാവ്രതം ഉണ്ട്.
അവനു വേണ്ടി.......
ഇന്ന് തിരുവാതിരയാണ്. അവനു വേണ്ടി ഞാന്‍ എടുക്കുന്ന നാലാമത്തെ തിരുവാതിര.
നീന്താനറിയാത്തത് കാരണം കൈകളാല്‍ ശബ്ദമുണ്ടാക്കി തുടിച്ചു കുളിച്ചു.
അലക്കിയ തോര്‍ത്തെടുത്ത് തോര്‍ത്തി മുണ്ടും വേഷ്ടിയും ധരിച്ചു.
നിലാവ് നോക്കി കണ്ണെഴുതി.
ഇലക്കുറിയിട്ടു.
തലമുടിയില്‍ ദശപുഷ്പം ഒരു കുഞ്ഞു കെട്ടാക്കി വെച്ച്.പാതിരാപൂ പറിച്ചു വെച്ചതില്‍ നിന്നും എടുത്തു അതും വെച്ചു.
അതെ അപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും ഒരു ആത്തെമ്മാരായി മാറിയിരുന്നു.
ഊഞ്ഞാല്‍ കെട്ടിയിരുന്നു.അതില്‍ കേറിയിരുന്നു ആടി.കൂടെ ഉണ്ടായിരുന്ന ആരോ എന്നെ കളിയാക്കി.
ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല.
എന്റെ മനസ്സില്‍ മുഴുവനും അവനായിരുന്നു.
അവനു വേണ്ടിയെന്ന ചിന്ത എന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു.
തലേന്ന് രാത്രി അവനു വേണ്ടി ഞാന്‍ ആദ്യമായി ചുവടു വെച്ചു.
അത് കാണാന്‍ ഇറയത്തിന്റെ അങ്ങേ അറ്റത്ത് അവന്‍ ഇരുന്നിരുന്നുവെന്നു എനിക്ക് തോന്നി.
101 3ഉം കൂട്ടി ചുവന്ന എന്റെ ചുണ്ടുകള്‍ കണ്ടപ്പോള്‍ എനിക്ക് തന്നെ തോന്നി അവന്റെ ചുംബനങ്ങളേറ്റിട്ടാണ് ഇത്ര ചുവന്നതെന്ന്.
ഓരോ തളിര്‍ വെറ്റിലയും നീ എന്റെ വായില്‍ വെച്ചു തരുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചു.
പുലരും വരെ ഞാന്‍ ഉറങ്ങാതിരുന്നു.
ക്ഷീണം തോന്നിയില്ല.ഇന്ന് വൈകുന്നേരം വരെ ഞാന്‍ ഉറങ്ങാതിരിക്കും.വ്രതമെടുക്കും.
എനിക്കുറപ്പാണ് അതിനുള്ള പുണ്യം നിനക്ക് കിട്ടുമെന്ന്.
കാരണം ഞാന്‍ നോറ്റത് നിനക്ക് വേണ്ടിയാണ്.
നിന്നോടുള്ള എന്റെ സ്നേഹം (തിരിച്ചു നിനക്കെന്നോടുള്ളതും)
ഈ വ്രതം പോലെ പുണ്യം നിറഞ്ഞതാണ്‌.
നിഷ്കളങ്കമാണ്.
പരിശുദ്ധമാണ്.
എന്റെ വ്രതത്തിന്റെ പുണ്യം നീയനുഭവിക്കുന്നത് എനിക്ക് കാണണം.
അത് നിന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങളായും നന്മകളായും ഇതള്‍ വിരിയുന്നത് ഈശ്വരന്‍ എനിക്ക് കാണിച്ചു തരട്ടെ.


കൂടെ ഞാന്‍ ഈശ്വരനോട് ഒന്നും കൂടി അപേക്ഷിക്കും.
ഇനിയും നിനക്ക് വേണ്ടി ഒത്തിരിയൊത്തിരി വ്രതമെടുത്ത് ആര്‍ദ്രയെ ദര്‍ശിക്കാന്‍ എനിക്ക് സാധിക്കണേയെന്ന്.

.................................................................................................................................

ഒരിക്കലൊരു തിരുവാതിര രാവില്‍ എഴുതിയ വാക്കുകള്‍.
ഇന്ന് ഒരു ചങ്ങായീനെ കാണിച്ചപ്പോ വീണ്ടും പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞു.
നല്ല കൂട്ടുകാര്‍ പറഞ്ഞാല്‍ അനുസരിക്കണ്ടേ!!!!
ഇല്ലെങ്കില്‍ അവര്‍ക്ക് വിഷമമായാലോ!!!!!!!!
പിന്നെ ഈ പോസ്റ്റ്‌ എന്‍റെ ഇഷ്ടം.
തിരുവാതിര അതിനേക്കാള്‍ ഇഷ്ടം.
പുറത്ത് നിലാവുണ്ട്.
കാറ്റുമുണ്ട്.
പ്രണയിക്കാന്‍ നീയും.
കുളിരേകാന്‍ നിന്‍റെ ഓര്‍മ്മകളും.
അപ്പൊ ഇതൊന്നൂടെ ഇടാന്‍ ഉറപ്പിച്ചു.

Monday, October 15, 2012

എനിക്ക് പ്രിയപ്പെട്ട കുറച്ച് ചിത്രങ്ങള്‍.

പേരിനിയും അറിഞ്ഞില്ല ഈ പൂവിന്‍റെ.
എനിക്കേറെ പ്രിയമാണിത്.
നാലു ദിവസം മുന്‍പൊരു സന്ധ്യയ്ക്കെടുത്ത ചിത്രം.
ഇല വിടാത്ത പൂവ്.
വീഴാതെ പിടിച്ചു നില്‍ക്കുന്നു.
                                                                                    കണ്ടോ പച്ചയുടെ പ്രതാപം നഷ്ടമായിട്ടും അവയിന്നും തല ഉയര്‍ത്തി തന്നെ.
 


പവിഴ മല്ലിയിലകളെ തൊടാന്‍ എത്തിയ ഒരു വിരുന്നുകാരന്‍..
സുന്ദരന്‍. ആണ്‌ട്ടോ.  

                                                                                              ഇത് നിനക്കാണ്.
മനസ്സില്‍ നന്മയുള്ള,
വാക്കുകളില്‍ സ്നേഹമുള്ള,
ഹൃദയത്തിനു വിശുദ്ധിയുള്ള നിനക്ക്................


സൌഹൃദങ്ങളുടെ,ശേഷിപ്പുകള്‍...................................
ഇതില്‍ ആദ്യമായി കിട്ടിയ പ്രണയത്തിന്‍റെ ഓര്‍മ്മയും ഉണ്ട്.
ചുണ്ടങ്ങയുടെ പൂവ്.
പുണ്യാഹ ചുണ്ടങ്ങ അല്ല.
ഇത് കൊണ്ടാട്ടം ഒക്കെ ഉണ്ടാക്കുന്ന കുഞ്ഞു കുഞ്ഞു ചുണ്ടങ്ങകള്‍ ഉണ്ട്.
അതിന്‍റെ പൂവാ!!!!!!!!!!!

കണ്ണിനു വിരുന്നായ മേഘങ്ങള്‍/,
നീലാകാശോം,വെള്ളി മേഘങ്ങളും...........
യാത്ര പോവുമ്പോള്‍ ഞാന്‍ ഇവരോടാണ് ഏറ്റോം അധികം മിണ്ടുന്നത്.
തിരുവില്വാമലയ്ക്കുള്ള യാത്രാ മദ്ധ്യേ.............

ഇത് കണ്ടപ്പോള്‍ എനിക്കെന്തോ വല്ലാതെ സങ്കടം വന്നൂട്ടോ!!!!!!!!ജീവിതത്തിന്‍റെ നിറം പച്ചയെന്നു വിശ്വസിക്കുന്നു ഇപ്പോള്‍.,
പച്ച നിറം ഇഷ്ടമുള്ള എന്‍റെ ചങ്ങാതിക്കും വേണ്ടി ഇത്................

പണ്ടിത് പൊട്ടിച്ച് തല്ലു കൂടി കളിക്കാറുണ്ട്.
ഓര്‍മ്മയുണ്ടോ????
.......ന്നെ ഓര്‍മ്മിപ്പിച്ചത്ത് കീയക്കുട്ടിയാ!!!!!!!!!!

വീട്ടിലേക്കുള്ള വഴി.
സന്ധ്യക്ക്‌ ഈ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ ഏറെയിഷ്ടം.
ഒടുവില്‍ ആ ഗെയ്റ്റിനടുത്ത് പോയി നില്‍ക്കും ഞാന്‍.
നീ നടന്നു വരുന്നത് വെറുതെ സങ്കല്‍പ്പിക്കും.


മഴ വിടര്‍ത്തിയ പൂക്കള്‍ ടെറസ്സില്‍ വിരിഞ്ഞപ്പോള്‍.........................
ഈ മഴപ്പൂക്കളെ നോക്കി ജനാലക്കരികില്‍ ഞാന്‍ സ്വയം മറന്നു നില്‍ക്കാറുണ്ട്.
അറിയാമോ ഞാന്‍ വേര്‍ഡ്‌ പ്രസ്സില്‍ മഴപ്പൂവെന്ന പേരില്‍ ഒരു ബ്ലോഗ്‌ തുടങ്ങി.
പക്ഷെ പാതി വഴിയില്‍ ഇട്ടിട്ടു പോന്നു.
വീണപൂവെന്ന പേര് മാറ്റി മഴപ്പൂവെന്നാക്കട്ടെ??????
ഒരു മഴയില്‍ മുളച്ച് ഇനി ഒരുമഴയില്‍ തിരികെ മണ്ണിലേക്ക്......................
                                                                                        നിറയെ നാലുമണി പൂക്കള്‍ വിരിഞ്ഞ   മുറ്റം, നടുക്ക് ഒരു തുളസി തറ,അതില്‍ നിറയെ കൃഷ്ണ തുളസി 
അരികില്‍ നിറയെ തെച്ചി, നന്ത്യാര്‍വട്ടം,അതിനു നടുക്ക് ഒരു പവിഴ മല്ലി മരം,പിന്നെ ഒരു അശോകം,അതില്‍ പടര്‍ന്നൊരു മുല്ല വള്ളി,ഇതൊക്കെ എന്‍റെ വീടിന്‍റെ മുറ്റത്ത് ഉണ്ടാവേണ്ട എന്‍റെ ഇഷ്ടങ്ങള്‍.
വൈകുന്നേരങ്ങളില്‍ ഇവയെ നോക്കാനും,നനയ്ക്കാനും,ഇവക്കിടയിലൂടെ നടക്കാന്‍ എനിക്കൊപ്പം നീ.......................!!!!!!!!!!!
എന്‍റെ മോഹം,എന്‍റെ സ്വപ്നം.
       
 ആ മുറ്റത്ത് ഈ ശംഖുപുഷ്പോം വേണം.
അനുവിന് പ്രിയപ്പെട്ട ഈ ചിത്രം എനിക്കും ഇഷ്ടം.മഴ ബാക്കി വെച്ചിട്ട് പോയ ഇവയെ ഞാന്‍  സ്വന്തമാക്കി.
ഓരോ മഴ തുള്ളിയിലും നിന്‍റെ പേരെഴുതി,ആരും കാണാതിരിക്കാന്‍  മായ്ച്ചു.

എട്ടുകാലീടെ വല എനിക്കൊട്ടും ഇഷ്ടല്ല.
പക്ഷെ അതില്‍ മഴതുള്ളി പറ്റിയപ്പോള്‍ ഇഷ്ടായി.


Saturday, October 6, 2012

അമ്മക്കൊതിവീണ്ടും മഴയൊഴിഞ്ഞ ദിവസങ്ങള്‍ ............
ശാന്തമായ പുലരികളും,പകലുകളും രാവുകളും.
മഞ്ഞു മൂടിയ ഇടവഴിയിലൂടെ എന്നും രാവിലെ ഒരു യാത്ര.
ചന്ദനവും,കുങ്കുമവും,മഞ്ഞളും മണക്കുന്ന അമ്പല പരിസരം.
ഇലച്ചീന്തില്‍ അവയ്ക്കൊപ്പം കിട്ടുന്ന നന്ത്യാര്‍വട്ടവും തുളസിയും താമരയിതളും ഒക്കെ മനസ്സില്‍ സമാധാനം നല്‍കാന്‍ ശ്രമിക്കാറുണ്ട്.
തൊടിയിലെ പൂക്കളില്‍ വന്നിരിക്കുന്ന പച്ചയും,ചുവപ്പും,കറുപ്പും ഉടലുകളുള്ള തുമ്പികള്‍,ഇലകള്‍ക്കും പൂവോളം മണമുള്ള ചെമ്പക മരം, 
അതിന്‍റെ ചില്ലയില്‍ വന്നിരിക്കുന്ന ഓലേഞ്ഞാലികള്‍,വണ്ണാത്തിക്കിളികള്‍,കരിയിലക്കിളികള്‍ എന്നിവയുടെ ഒച്ചേം വിളീം,
അധികം പൊക്കമില്ലാത്ത ചുവന്ന ചെറിയ അടക്കകള്‍ ഉണ്ടാകുന്ന കവുങ്ങിന്‍ ഓലകളില്‍ വന്നിരിക്കുന്ന അടക്കാക്കുരുവികള്‍,മുളംതത്തകള്‍,
അങ്ങനെ ഒക്കെ സങ്കടങ്ങളെ മറക്കാന്‍ സഹായിക്കുന്നവയാണ്.
ആരും കാണാതെ വര്‍ത്തമാനം പറയാറുണ്ട് ഇവയോടൊക്കെ,ഇവക്കു പുറമേ ആകാശത്തിനോടും,ചിലപ്പോഴൊക്കെ നക്ഷത്രങ്ങളോടും അങ്ങനെ എനിക്ക് ചുറ്റുമുള്ള എല്ലാത്തിനോടും.
എന്നിട്ടും പറഞ്ഞു തീരാതെ വരുമ്പോള്‍ എന്‍റെ വീണപൂവേ ഈ നിന്നോടും.

കല്യാണി സുന്ദരിയാവുന്നു ദിവസം കഴിയും തോറും.
തെച്ചിപ്പൂക്കള്‍ പ്രഭാ മണ്ഡലത്തിന്റെ  കുഞ്ഞു ദ്വാരങ്ങളില്‍ ഒട്ടിച്ചു വെച്ച് ശിരസ്സില്‍ കുഞ്ഞു റോസാപ്പൂക്കള്‍ വച്ച കല്യാണി തനി നാടന്‍ സുന്ദരി.
ഒരുപോലെ കത്തുന്ന നെയ്ത്തിരികള്‍ ആ തേജസ്സു കൂട്ടുന്നു.
ലത ചേച്ചീടെ വീടിന്റെ മതിലിനു മുകളില്‍ തല പൊക്കി നോക്കുന്ന പോലെ പല നിറങ്ങളില്‍ ഉള്ള കാശി തുമ്പകള്‍ ഉണ്ട്.
ചുവപ്പ്,വെള്ള,ഇളം വയലറ്റ്,കടും വയലറ്റ്,കടും റോസ് അങ്ങനെ പല നിറങ്ങള്‍.
നല്ല ഭംഗിയാണ് ഒരുമിച്ച് നില്‍ക്കുന്നത്.
നിറയെ കുഞ്ഞു പൂമ്പാറ്റകള്‍ ഉണ്ടാവും ചുറ്റും.
മഞ്ഞു പുതച്ച പാടവും,അക്കരെ ഒരു പഴയ കൂട്ടോള്ള ഓടിട്ട വീടും അവിടെയുണ്ട്.
വീടിന്‍റെ മുകളിലെ മുറിയില്‍ ഒരു മരയഴിയിട്ട ജനാലയും.
അതിലൂടെ പാടം കാണാന്‍ ഏറെ രസാവും.
രാപകലുകളേം ,സൂര്യചന്ദ്രന്മാരേം,ആകാശോം,അമ്പലോം അങ്ങനെ ഒക്കെ..............

വെയിലിനു കനം വെച്ച കണ്ടപ്പോള്‍ ഇനി ഇപ്പൊ മഴ തീര്‍ന്നു എന്നാ കരുതിയിരുന്നേ.
അപ്പഴാ നാലഞ്ചു ദിവസം മുന്‍പ് ഫേസ് ബുക്കില്‍ കത്തി വെച്ച് കൊണ്ടിരുന്നപ്പോള്‍ രാത്രി മഴ പെയ്തെ!!!!
ജനാല തുറന്നു മഴയെ നോക്കി അന്തം വിട്ടു നിന്നപ്പോ കിട്ടിയ സന്തോഷം അത് നിന്‍റെ വാക്കുകളെ വായിക്കുമ്പോള്‍,നിന്‍റെ നമ്പര്‍ മൊബൈലില്‍ തെളിയുമ്പോള്‍ ഒക്കെ കിട്ടാറുള്ള സന്തോഷം പോലെ തന്നെ ആയിരുന്നു.
അന്ന് നല്ല ഇടിമിന്നലും ഉണ്ടായിരുന്നു.
പിറ്റേന്നും മുഴുവനും മഴ തന്നെ മഴ.
ആരും കാണാതെ മഴ നനയാന്‍ ഒരു രസം തന്നെയാണ്.
മനസ് ഒരിക്കല്‍ കളഞ്ഞുപോയ നിഷ്കളങ്കത തിരികെ കിട്ടിയ സന്തോഷത്തില്‍ നനഞ്ഞു കുതിരും.
മഴ നനഞ്ഞു അവളോട്‌ മിണ്ടിക്കൊണ്ടിരുന്നു.
അവള്‍ അങ്ങ് ദൂരെയാണ്.
അവിടെ ചൂടാത്രേ!!!!!!
ഞാന്‍ മഴ നനയുന്നു എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കു അസൂയ വന്നു.
(അവള്‍ എന്‍റെ സ്വന്തം അമ്മു.
എന്‍റെ അനിയത്തി.)

ഈയലുകളെ ഇഷ്ടമല്ലെങ്കിലും,പിറ്റേന്ന് സന്ധ്യയില്‍ അവ മണ്ണില്‍ നിന്നും പൊന്തിയില്ലെങ്കില്‍ എനിക്ക് വിഷമമാണ്.
മഴ പെയ്തിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ അവ വരേണ്ടത് തന്നെ.
തോട്ടം മുഴുവനും പുല്ലു നിറഞ്ഞിരിക്കുകയാണ്.
മുട്ടൊപ്പം എത്തി.
നാളികേരം വീണാല്‍ പോലും കാണില്ല.
അത്രേം ഉണ്ട്.
തൊഴിലുറപ്പ് പദ്ധതി പ്രകാരം പുല്ലു കളയാന്‍ വരുമെന്ന് പറഞ്ഞതിനാല്‍ വേറെ പണിക്കാരെ നിര്‍ത്തിയില്ല ഇനിയും.
അവരെ ആണെങ്കില്‍ കാണുന്നും ഇല്ല.
മുക്കുറ്റി നിറയെ ഉണ്ട് തോട്ടം മുഴുവനും ഇപ്പോഴും.
എന്ത് ഭംഗിയാണെന്നോ കാണാന്‍ !!!!!!!!!!!!!!!!!!!!!

ഇതിനിടയില്‍ അച്ചൂന്റെ പിറന്നാള്‍ കഴിഞ്ഞു കേട്ടോ.
ചെറുതായി ഒരു ആഘോഷം.
അവള്‍ടെ പിറന്നാളിന് പോകാന്‍ പറ്റിയിരുന്നില്ല ഗുരുവായൂര്‍ക്ക്.
അതുകൊണ്ട് ജന്മ ദിനത്തിന്‍റെ അന്ന് പോയി.
ഗാന്ധി ജയന്തീടെ അവധി ആയിരുന്നതിനാല്‍ നല്ല തിരക്കായിരുന്നു.
എന്നാലും കണ്ണനെ കണ്ടു.
ഓടക്കുഴലും പിടിച്ച മുട്ട് കുത്തി കിടക്കുന്ന രൂപത്തില്‍ ആയിരുന്നു കളഭം ചാര്‍ത്തിയിരുന്നത്.
മമ്മിയൂരും,പാര്‍ത്ഥസാരഥിയിലും,പെരുന്തട്ടയിലും കൂടി പോയി.
കാറിലെ ചില്ലില്‍ കൂടി ആകാശം നോക്കിയിരിക്കാന്‍ നല്ല രസമാണ്.
ഗ്ലാസിലെ കൂളിങ്ങില്‍ കൂടി സൂര്യനെ കാണുമ്പോള്‍ ആ വെണ്മ യ്ക്ക് ഒരു തിളക്കം കൂടിയുണ്ട്.
വൈരത്തിന്റെ പോലെ.
കാറില്‍ ഇരിക്കുമ്പോള്‍,ആകാശം കണ്ടപ്പോള്‍ തോന്നി "എന്തൊരു വല്യേ നീലാകാശം " ആണെന്ന്.
നിറയെ വെള്ള മേഘങ്ങള്‍.,ശരിക്കും ഒരു പെയിന്റിംഗ് പോലെ.
മേഘങ്ങള്‍ കുഞ്ഞു കുഞ്ഞു പഞ്ഞിക്കെട്ടുകള്‍ പോലെ നിരന്നിരിക്കുകയായിരുന്നു.
ഓരോ മേഘത്തിലും ഞാന്‍ എനിക്ക് പ്രിയപ്പെട്ടവരുടെ മുഖത്തെ സങ്കല്‍പ്പിച്ചു.
അവരുടെ ചിരി കണ്ടു.
ഈ തവണ ഈ കാഴ്ചകള്‍ എല്ലാം എന്നില്‍ പ്രണയമെന്ന ചിന്തയേക്കാള്‍ കൂടുതല്‍ സൌഹൃദങ്ങളെ ആണ് ഓര്‍മ്മിപ്പിച്ചത്.
(എങ്കിലും പ്രിയപ്പെട്ടവനെ................നീ കൂടെ തന്നെ ഉണ്ടായിരുന്നു.
നീയില്ലാതെ........).


ഇന്ന് കുഞ്ഞൂട്ടന്റെ പിറന്നാള്‍ ആയിരുന്നു.
വയസ്സ് തികയുന്ന പിറന്നാള്‍.
സദ്യയൊക്കെ ഉണ്ടാക്കി.
പാലട പ്രഥമന്‍ ആയിരുന്നു പായസം.
ഇവിടെ മേടം മുതല്‍ ധനു വരെ എല്ലാ മാസോം ആരുടെയെങ്കിലും ഒക്കെ പിറന്നാള്‍ ഉണ്ടാകും.

അച്ചു വാശി ആയ കാരണം സത്യം പറഞ്ഞാല്‍ ഇപ്പൊ ബ്ലോഗ്‌ ലോകത്തേക്ക് വരാറേയില്ല.
ഫേസ് ബുക്ക്‌ മാത്രേ നോക്കാന്‍ പറ്റൂ.
അതിനെ സമ്മതിക്കൂ !!!
എന്നിട്ടും ഒരിക്കല്‍ മന്‍സൂര്‍ ഒരു അഭിപ്രായത്തില്‍ പറഞ്ഞപോലെ എന്‍റെ ഹൈ വോള്‍ട്ടേജ് പ്രണയം  ഒരു പോസ്റ്റ്‌ രൂപത്തില്‍ പുറത്തേക്കു വന്നു.

മഴയും മഞ്ഞും,ഈ പ്രകൃതിയും എല്ലാം എന്നില്‍ നിന്നെ നിറയ്ക്കുന്നുണ്ട്.
നിന്‍റെ പ്രണയത്തെ അറിയിക്കുന്നുണ്ട്.
എന്നിട്ടും ഇടക്കെങ്കിലും മനസ് കണ്ണുകളിലൂടെ ഒരു മഴ പൊഴിക്കുന്നു.
ആ കണ്ണീരിറങ്ങി എന്‍റെ മനസിലെ നീ നല്‍കിയ ആ പ്രണയവര്‍ണങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

നിന്‍റെ പ്രണയത്തിനു പോലും മായ്ക്കാനാവാത്ത എന്‍റെയുള്ളിലെ ആ മുറിവ്............അതെന്തിന്റെയാണ്???????
നിന്‍റെ പ്രണയം നല്‍കിയ കടലിനു നടുവില്‍ ഞാന്‍ ഒരു ദ്വീപു പോലെ.......
ഇഷ്ടമായിരുന്നു എനിക്കത്.
എങ്കിലും ഇടക്കെപ്പോഴോ എന്‍റെ ഒറ്റപ്പെടല്‍ എന്നെ വേദനിപ്പിക്കുന്നു.
കൂട്ടിനു നിന്‍റെ പ്രണയം,ഒരു കൂട്ടം സൗഹൃദം,ഒക്കെ ഉണ്ടെങ്കിലും......

അപ്പോഴൊക്കെ ഞാന്‍ തിരയുകയായിരുന്നു .
 ഞാന്‍ ആരെയോ തേടുകയായിരുന്നു.
ആരുടെയോ സ്നേഹം വല്ലാതെ കൊതിക്കുകയായിരുന്നു.
ആരെയാണ്,ആരുടെയാണ് എന്ന് ഏറെ അന്വേഷിക്കേണ്ടി വന്നില്ല.
തിരിച്ചറിഞ്ഞിരുന്നു.
"എനിക്കിപ്പോള്‍ അമ്മക്കൊതിയാണ്."
അമ്മയെ ആണ്,അമ്മേടെ സ്നേഹത്തെ ആണ് എനിക്കപ്പോള്‍ വേണ്ടിയിരുന്നത്.
എന്നോ എനിക്ക് നഷ്ടമായ...............

തിരിച്ചറിവ് ഉണ്ടായ കാലത്താണ് എനിക്കത് നഷ്ടമായത്.
ആ കാലത്തില്‍ ആദ്യം അറിയേണ്ടിയിരുന്നതും അതാണ്‌..
നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് സ്നേഹിച്ചിരുന്നു എന്ന് മനസിലാവുന്നത്.
അതിനു മുന്‍പ് വരെ അമ്മ എന്നും ഒരു പേടി ആയിരുന്നു.
പക്ഷെ ഇനിയൊരിക്കലും കൂടെ അമ്മയില്ലെന്നു മനസിലായപ്പോള്‍ അവള്‍ ഏറെ സ്നേഹിച്ചു .
കാണാന്‍ കൊതിച്ചു.
ആ സ്നേഹം ഇന്നും അവള്‍ക്കുള്ളില്‍ ഉണ്ട്.
അവളിന്നും കാത്തിരിക്കുന്നുണ്ട്,പുറമേക്ക് എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും.

ഓര്‍ക്കുകയാണ് ............
അമ്മ കൂടെയുണ്ടായിരുന്നെങ്കില്‍ ജീവിതം ഇന്ന് ഇങ്ങനെ ആവുമായിരുന്നോ???????????
സ്നേഹിക്കാന്‍ ഇത്രയേറെ പേരുണ്ടായിട്ടും തോന്നുന്ന ഈ ഒറ്റപ്പെടല്‍, അതില്ലാതാവുമായിരുന്നു.
ജീവിതത്തില്‍ ഒന്നുമൊന്നും ആയില്ലെന്ന് ഓര്‍മിപ്പിക്കുന്ന ഈ അപകര്‍ഷതാബോധവും ഇല്ലാതാവുമായിരുന്നു.
എനിക്ക് നേരെ നോക്കുന്ന മുഖങ്ങളിലെ നന്മ തിന്മകളെ,ആത്മാര്‍ഥതയെ ഒക്കെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുമായിരുന്നു.
അമ്മയെ നഷ്ടപ്പെടുത്തിയതിലൂടെ വിധി നല്‍കിയ നഷ്ടം  എന്‍റെ ഉള്ളിലെ മറ്റൊരു എന്നെ ആയിരുന്നു.

ഒരിക്കല്‍ പറഞ്ഞിരുന്നു ചിലര്‍ ജീവിതത്തില്‍ സംഭവിക്കുന്ന തോല്‍വികളെ ഉള്‍ക്കൊണ്ട് അവയില്‍ നിന്നും കര കേറി കരുത്തരാകുന്നു.
മറ്റു ചിലര്‍ ആ തോല്‍വികളെ നേരിടാനാവാതെ തളര്‍ന്നു പോകുന്നു.
ഇതില്‍ അവള്‍ ????????????

അമ്മയെ നഷ്ടപ്പെടുത്തിയ വിധിയോട്,ദൈവങ്ങളോട്  അവള്‍ക്കു ദേഷ്യമില്ല.
പരിഭവമില്ല.
പരാതിയും ഇല്ല.
സങ്കടം മാത്രം.
ഉള്ളു നിറയുന്ന കണ്ണീര്‍ ഇടക്കെങ്കിലും പുറത്തേക്കൊഴുക്കിയേ പറ്റൂ.
അല്ലെങ്കില്‍ ഉള്ളിലിരുന്നു വിങ്ങി വിങ്ങി ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കും.

ദൈവങ്ങളോടും വിധിയോടും ഒക്കെ എനിക്ക് നന്ദിയുണ്ട്.
നഷ്ടപ്പെട്ടതിനു പകരം മറ്റൊന്നും ഇല്ലെങ്കിലും 
ജീവിതത്തില്‍ മറ്റു പലതും നല്‍കി.
കണ്ണീര്‍ ഇപ്പോള്‍ എനിക്ക് അമ്മയുടെ ഓര്‍മ്മയും,നീ നല്‍കുന്ന  വിരഹവും,അച്ചുവെന്ന സത്യവും ആണ്.
ഈ നീര്‍മുത്തുകള്‍ നിറഞ്ഞ ഒരു കുഞ്ഞു കടലുണ്ട് എന്‍റെ മനസ്സില്‍.,
അതില്‍ നിറയെ സ്നേഹവും.Wednesday, October 3, 2012

പ്രണയ സ്വപ്നങ്ങളുടെ തീരത്തേക്ക്.................


പുഴയില്‍ ,ഒരു ചെറിയ വഞ്ചി,
തുഴയുമായി നീ ഒരറ്റത്തും,
നിന്നെയും നോക്കി,കൈകള്‍ കൊണ്ട് വെള്ളത്തെ തലോടി മറ്റേ അറ്റത്ത് ഞാനും.................
സ്വപ്നം കണ്ടുകൊണ്ട് മൌനത്തിലൂടെ പ്രണയം പങ്കു വെച്ച് കൊണ്ടൊരു യാത്ര ...........
തോണിയടുക്കുന്ന മണലില്‍ ആകാശം നോക്കി,ചുറ്റുമുള്ള പച്ചയെ നോക്കി,പാതി നനഞ്ഞ് നമ്മള്‍ അങ്ങനെ കിടക്കും .............
നിന്‍റെ കൈത്തണ്ടയില്‍ ചേര്‍ത്ത് വെച്ച എന്‍റെ കഴുത്തിലൂടെ കൈയ്യിട്ട് നീയെന്‍റെ കവിളില്‍ താളമിടും.
നീലാകാശം, ശാന്തമായി ഒഴുകുന്ന പുഴ,ചുറ്റും മരങ്ങള്‍,മരങ്ങളില്‍ പടര്‍ന്ന പേരറിയാ വള്ളി ചെടികള്‍,അവിടവിടെയായി   പൂത്ത കാട്ടുപൂക്കള്‍ അവക്കിടയിലൂടെ വീഴുന്ന വെയില്‍ നാളങ്ങള്‍,അവിടെ ഞാനും നീയും നമ്മുടെ പ്രണയവും.
മാനമിരുണ്ടത് നാം അറിഞ്ഞതേയില്ല.
മഴ പൊഴിഞ്ഞതും.
കണ്ണുകളില്‍ വന്നു പതിച്ച മഴ തുള്ളികള്‍  കണ്ണുകളെ തുറക്കാന്‍ സമ്മതിച്ചതെയില്ല .
മഴ കനക്കുമ്പോള്‍ ആകെ ഇരുളാവും.
മുഴുവനും നനഞ്ഞ നമ്മള്‍ പനയോല  കെട്ടി മറച്ച മുളയിട്ട കുടിലില്‍ പോയിരിക്കും.
കൈകള്‍ കൊണ്ട് പരസ്പരം ചൂട് കൊടുത്ത് ആ തണുപ്പിലങ്ങനെ.............
ഇരുളില്‍  മഴ ബാക്കി വെച്ച് പോയ  മഴത്തുള്ളികള്‍ പനയോല തുമ്പുകളില്‍ തിളങ്ങി നില്‍ക്കുന്നതും നോക്കി നമ്മളിരിക്കുമ്പോള്‍
എവിടെ നിന്നോ എത്തുന്ന  മിന്നാമിനുങ്ങുകള്‍ നല്‍കുന്ന  ഇത്തിരിവെട്ടത്തില്‍ മഴ കുളിരുള്ള ആ  രാവില്‍ ഏതോ ഒരു രാക്കിളിയുടെ പാട്ട് കേട്ട് നിലാവ് കാത്ത് നമ്മളിരിക്കും.

പാട്ട് പാടാന്‍ നീ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ഏത് പാട്ടാണ് പാടെണ്ടതെന്നുകൂടി നീ പറയണം.


Sunday, September 9, 2012

അങ്ങനെ............. ഒടുവില്‍ കണ്ണൂര്‍ക്ക്‌ പോയി!!!!!!!!

കാത്തു കാത്തൊരു യാത്ര .
അതായിരുന്നു കണ്ണൂര്‍ക്കുള്ള യാത്ര.
മൂകാംബിക്ക് പോണ വഴി കണ്ണൂര് കണ്ട്ണ്ട് എന്നല്ലാതെ അവിടെ പോയതേയില്ല.
രമ്യെടെ വേളിയ്ക്കും, കൊച്ചിന്റെ ചോറൂണിനും പോവാന്‍ കഴിഞ്ഞില്ല.
വീടിന്‍റെ കുറ്റൂശയ്ക്ക്(ഇവിടത്തെ ഭാഷയാണ് അത് .എന്ന് വെച്ചാല്‍ ഗൃഹപ്രവേശം.) വിളിച്ചപ്പോഴാണ് അത് നടന്നെ.
പോയി.

പണ്ട് ഡ്രൈവിംഗ് പഠിക്കാന്‍ പോയപ്പോ ഓര്‍ത്തിരുന്നു എന്നെങ്കിലും അവള്‍ടെ ഇല്ലത്തേക്ക് ഓടിച്ചു പോവുന്നത്.
നിലവില്‍ അതാണ്‌ ലോങ്ങ്‌ ഡ്രൈവ്.
അത് നടന്നില്ല.
(ആ കഥ അറിഞ്ഞില്യാലോ ആരും????കഷ്ടായിപ്പോയി.
"വേദ" വന്നപ്പോ ഒരു മോഹം അതോടിക്കാന്‍.
പോയി ചേര്‍ന്ന് ഒപ്പിച്ചു.
ലൈസെന്‍സ് കിട്ടാന്‍ വേണ്ടി മാത്രം പഠിച്ചു.
വീട്ടില്‍ കാര്‍ ഒതുക്കിയിടാന്‍ കുറച്ചു പാടാണ്.
കാരണം മുറ്റത്ത് നടുക്ക് ഒരു തുളസി തറയുണ്ട്.
അത് കാരണം തിരിക്കാന്‍ വല്യ പാടാ.
ടെസ്റ്റ്‌ന്‍റെ തലേന്ന് വേദേടെ മേലൊന്നു പ്രയോഗിച്ചു.
അതങ്ങട്(ആ തുളസി തറ ) പൊളിച്ചു കൊടുത്ത് സഹായിച്ചു.
ഇപ്പൊ സുഖായി ഒതുക്കാം.
അതോടെ ഡ്രൈവിംഗ് എന്ന സ്വപ്നത്തിന് തീരുമാനായി.
ഇതാണ് കഥ.)

രാവിലെ ഇറങ്ങാന്‍ നേരം പെരുമഴ.
നാലുമണിക്ക് പോണംന്നൊക്കെ തീരുമാനിച്ചത് ആ മഴ കൊണ്ടോയി.
...ന്നാലും ഒരു അഞ്ചര ഒക്കെ ആയപ്പഴേക്കും ഇറങ്ങി.
കേറിയ പാടെ ഉറക്കം തുടങ്ങി ഈ ഞാന്‍..
..ന്നാലും കുറ്റിപ്പുറം പാലം എത്തിയാല്‍ കൃത്യം ഞാന്‍ ഉണരും.
അതെങ്ങനെ????
ഇനി നിളയിലുറങ്ങുന്ന ആത്മാക്കള്‍ ആണോ ന്നെ വിളിക്കുന്നെ????
നിളയെ കണ്ണെത്തുവോളം നോക്കും.
ആ വെളുപ്പാന്‍ കാലം നിളയെ അതി മനോഹരിയാക്കിയിരുന്നു.
മഞ്ഞും,മഴയും,നേര്‍ത്ത പ്രകൃതി വെളിച്ചവും,വെള്ളത്തിന്‍റെ നേര്‍ത്ത തിളക്കവും,ഒക്കെ കൂടി നിളയെന്ന സുന്ദരി.
നിളയിലെ തുരുത്തുകള്‍ കണ്ടപ്പോള്‍ അതിനു മുന്‍പു മറ്റൊരു പുഴവക്കത്തു നിന്ന് കണ്ട തുരുത്തുകളെ ഓര്‍മ്മ വന്നു.
അവന്‍റെ തോളില്‍ ചാരി കണ്ട.................
രാവിലെ തന്നെ ദാ അവന്‍ വന്നു ചിന്തകളില്‍..

പിന്നെ കോഴിക്കോട് എത്തിയപ്പഴാ അച്ചൂം ഞാനും ഉണര്‍ന്നെ.
സുഖായി ഉറങ്ങി.
എസീം പാട്ടും ആയാല്‍ ഏതു മനുഷ്യനാ ഉറങ്ങിപോവാത്തെ?
ആദ്യായാ കോഴിക്കോട്ടെ തളി അമ്പലം കാണുന്നെ.
കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള കോഴിക്കോട് യാത്ര ഇപ്പൊ അവിടം എനിക്കൊരുപാട് പ്രിയമാക്കിയിരിക്കുന്നു.
പണ്ട് ഒട്ടും ഇഷ്ടല്യാത്ത സ്ഥലായിരുന്നു.

ആദ്യായി കാണുന്ന അമ്പലത്തില്‍ പ്രാര്‍ത്ഥന ഒന്നും നടക്കില്ല.
ചുറ്റും കാണാത്ത കാഴ്ചകള്‍ അല്ലെ???
അപ്പൊ എങ്ങനെയാ പ്രാര്‍ഥിക്ക്യാ!!!!!!!
ഞാന്‍ ഒരു മാത്ര പോലും കണ്ണടച്ചില്ല.
ഒന്നും മിസ്സ്‌ ആവരുതല്ലോ!!!!
വല്യഅമ്പലം.
എല്ലായിടത്തും ഒറ്റ മാല മാത്രം.
താമരയിതള്‍ ഒരേ നിരയില്‍ കെട്ടിയ ഒരു വല്യ മാല.
നല്ല ഭംഗിയുണ്ട്.
പെരുവനത്തെ അമ്പലം പോലെ തോന്നി ഈ അമ്പലോം.
പ്രദക്ഷിണ വരിയ്ക്കടുത്ത് ഒരു കുഞ്ഞു മുരിങ്ങ മരം നിന്നിരുന്നു.
മുറ്റം മുഴോനും കുഞ്ഞു കുഞ്ഞു തുമ്പ ചെടി പൂക്കളുമായി നിറയെ നിന്നിരുന്നു.
നല്ല ഭംഗിയുണ്ടായിരുന്നു.

അവിടന്ന് നേരെ വിട്ടു വണ്ടി.
പിന്നെ നിര്‍ത്തിയത് കൊയിലാണ്ടിയിലെ കൊല്ലം പിഷാരിക്കാവ്‌ ക്ഷേത്രമുറ്റത്ത് ആണ്.
ഭാഷയാകെ മാറി.
ഒന്നും മനസിലായില്ല വഴി ചോദിക്കുമ്പോള്‍... ,ന്നാലും എത്തിപ്പെട്ടു.
ഭദ്രകാളി,പിന്നെ വാളും ചിലമ്പും ഒക്കെ ആണ് അവിടത്തെ പ്രതിഷ്ഠകള്‍..
അവിടന്നും വേഗം ഇറങ്ങി.
നേര്‍ത്ത വെയിലും അതില്‍ ഒരു ചാറ്റല്‍ മഴയും.
ഈ വെയിലും മഴയും ഒപ്പം വന്നാല്‍ കുറുക്കന്റെ കല്യാണംന്നല്ലേ പറയ്യാ!!!!
അന്ന് നല്ല മുഹൂര്‍ത്തള്ള ദിവസായിരുന്നൂന്നു തോന്നണു.
കൊറേ കുറുക്കന്മാര്‍ കല്യാണം കഴിച്ചിരിക്കും.
തളീം, പിഷാരിക്കാവും ഒക്കെ മലബാര്‍ ദേവസ്വത്തിന്റെ കീഴിലെ അമ്പലങ്ങള്‍ ആണ്.

പൂണൂല്‍ ഇട്ട ആള്‍ കൂടെള്ളത് നല്ലതാട്ടോ.
എല്ലായിടത്തുനിന്നും പ്രസാദം കിട്ടി.
എല്ലാരുംചോദിച്ചു എവിടെയാ,ഏത് ഇല്ലത്ത്യാന്നൊക്കെ .
അവിടെ സസ്യ ഭോജന ശാല എന്നയിടത്ത് നിന്നും പൂരി മസാല കഴിച്ചു.

വടകര വളവില്‍ എത്തിയപ്പോള്‍ അറുപതു തെങ്ങും പിന്നെയാ നത്തിനേം കുറെ നോക്കി കണ്ടില്ല.
ഹൈവേടെ ഇരു വശോം നിറയെ മരങ്ങള്‍ ആണുട്ടോ.
പറയാന്‍ വയ്യ അത്രേം ഭംഗിയാ കാണാന്‍.
ഇട തിങ്ങിയ മരങ്ങള്‍.
അതിനിടയിലൂടെ മഴ പെയ്യുന്നു.
ഇടയ്ക്കിടെ നേര്‍ത്ത വെയില്‍. ..........................
റോഡിലേക്ക് നില്‍ക്കുന്ന വലിയ മരങ്ങളിലെ കൊമ്പുകള്‍,അതിലെ കുഞ്ഞു കുഞ്ഞു കൊമ്പുകള്‍ ഒക്കെ നല്ല രസാണ് കാണാന്‍..
ആ കുഞ്ഞു കുഞ്ഞു കൊമ്പുകള്‍ ശരിക്കും ഞരമ്പുകള്‍ എന്ന് തോന്നും.
ദൈവം,അവന്‍റെ സൃഷ്ടികള്‍ ഒക്കെ എത്ര മനോഹരമെന്നു ഓര്‍ത്തു.

വടകര കണ്ടപ്പോ ഒരു ബ്ലോഗ്ഗര്‍നെ ഓര്‍ത്തു.
ഇപ്പൊ ഏത് സമയോം ഫേസ് ബുക്ക്‌,ബ്ലോഗ്‌ എന്ന ചിന്തയാണ് അതോണ്ട് എന്ത് കണ്ടാലും അതിനേം,അതിലെ അവരേം ഒക്കെ കൂട്ടിച്ചേര്‍ക്കും ഓര്‍മ്മകള്‍ക്കായ്.
വടകര ലോകനാര്‍കാവ് ക്ഷേത്രം ആണ് പിന്നെ കണ്ടത്.
ഒതേനന്റെ ആരാധനാ മൂര്‍ത്തി ആയിരുന്നു ലോകനാര്‍ കാവിലമ്മ.
അങ്ങോട്ടുള്ള വഴി നല്ല രസാണ്.
കൊറേ ഉള്ളിലോട്ടു പോവണം.
ഈ വഴിക്കൊരു അവസാനോം ഇല്ലേന്നു തോന്നും പോവുമ്പോള്‍..
നല്ല തണുപ്പും.
രണ്ടു വശോം നിറയെ മരായോണ്ട് സുഖാണ് യാത്ര.
തനി ഗ്രാമം പോലെയുള്ള സ്ഥലം.
അക്കേഷ്യാ മരങ്ങള്‍ നിറയെ ഉണ്ടായിരുന്നു.
എന്താന്നറിയില്യ എനിക്കതിന്റെ പൂവ് ഇഷ്ടല്യ .
അവിടെ രണ്ടു ദിവസം കഴിഞ്ഞാല്‍ ആദ്യമായി രുദ്രാഭിഷേകം നടക്കുവാണ് എന്ന് മൈക്കില്‍ കൂടി പറഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു .
താഴെയാണ് വിഷ്ണു,ശിവ ക്ഷേത്രങ്ങള്‍.
അങ്ങോട്ടേക്കുള്ള വഴിയില്‍ നിറയെ കറുകയുള്ളത് കാരണം നടക്കാന്‍ നല്ല സുഖായിരുന്നു.
അവിടത്തെ ശാന്തിക്കാരനും ചോദിച്ചു എവിടത്തെയാ,എങ്ങോട്ടെയ്ക്കാ എന്നൊക്കെ.
അദ്ദേഹത്തിന്റെ ഇല്ലോം കണ്ണൂരാത്രേ.
രമ്യെടെ ഇല്ലമൊക്കെ അറിയാംന്നു പറഞ്ഞു.
സ്കൂളിലെ ആണാവോ കൊറേ കുട്ട്യോളും ടീച്ചറും ഒക്കെ ഇണ്ടായിരുന്നു അമ്പലത്തില്‍..
ഓരോയിടോം കാണിച്ചു ടീച്ചര്‍ എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.
ഒതേനന്റെം,ചന്തൂന്റെം ഒക്കെ കഥയാണാവോ!!!!!!!!!!
കഥ കേള്‍ക്കാന്‍ എല്ലാര്‍ക്കും ഇഷ്ടാല്ലേ?
അതിനു ഒരു പ്രായഭേദോം ഇല്യാ.
എനിക്കിഷ്ടാണ്.
ഇപ്പഴും വല്ല വേളിയ്ക്കും മറ്റും പോവുമ്പോള്‍ കൂട്ടത്തിലെ മുത്തശ്ശന്മാര്‍ അങ്ങനെ എന്തെങ്കിലും ഒക്കെ പറയുമ്പോള്‍ ഞാനാ പിന്നില്‍ നില്‍ക്കും,കേട്ടോണ്ട്.
എനിക്കീ വയസ്സായോരെ 'ശ്ശി' ഇഷ്ടാ!!!!!

മാഹി.
മയ്യഴിപ്പുഴയുടെ തീരം.
പണ്ടെന്നോ വായിച്ചിരുന്നു ആ പുസ്തകം.
കണ്ടപ്പോള്‍ അന്ന് പോയ മട്ടാഞ്ചേരിയിലെ ജൂത തെരുവുകളെ പോലെ തോന്നി.
അല്ല,അവിടെ എന്താ ഈ കള്ളിന് ഇത്ര വിലക്കുറവ്?
അതെന്താ നികുതിയില്ലാത്തെ?
ആ കട,പിന്നെ ലാമ്പുകള്‍ വില്‍ക്കുന്ന കട,പിന്നെ വെള്ളി ആഭരണങ്ങള്‍ ഉള്ള കട.
ഇതാണ് കൂടുതലും.
നിറയെ ബോട്ടുകള്‍ കിടന്നിരുന്നു മയ്യഴിപ്പുഴയില്‍..
മമ്മൂട്ടി പറഞ്ഞ പോലെ മത്സ്യബന്ധനനൌകകള്‍. ..

തലശ്ശേരി എത്തിയപ്പോ "ദം ബിരിയാണി" എന്ന ചിന്ത വന്നു.
ബ്രണ്ണന്‍ കോളേജ് ,മാണിക്യക്കല്ല് സിനിമ,ബാവലിപ്പുഴ അങ്ങനെ കുറെ കാര്യങ്ങള്‍.
ആ കോളേജിന്റെ പേര് എനിക്കിഷ്ടാണ്.
പിന്നെയാ പുഴേടേം.
നല്ല സുന്ദരിപ്പേര്.
ബാവലി.
അതിലെ വെള്ളം ആണ് വൈശാഖോല്സവത്തിനു കൊട്ടിയൂരപ്പനെ അഭിഷേകം ചെയ്യാനോ മറ്റോ എടുക്കുന്നെ.
(എനിക്ക് കൃത്യായി ഓര്‍മ്മയില്ല.)
വൈശാഖോല്സവം ആണ് പ്രധാനം.
രണ്ടു കൊട്ടിയൂരുണ്ട്.അക്കരേം,ഇക്കരേം.
അക്കരേക്കു ആ സമയത്ത് മാത്രേ പോവാനാവൂ.
ബാവലിപ്പുഴയില്‍ മുങ്ങിയിട്ട് വേണം പോവാന്‍.()
(അതിനി സ്ത്രീകള്‍ക്ക് മാത്രാണോന്നറിയില്ല .)
അങ്ങനെ കുറച്ചു പ്രത്യേകതകള്‍ ഉണ്ട് ആ അമ്പലത്തിനു എന്നേ അറിയൂ.
അവിടെ പോവണം എന്ന വലിയ മോഹം ഇനിയൊരിക്കല്‍ നടക്കുമായിരിക്കും.

കഴിഞ്ഞ വല്യ വെക്കേഷന് നാട്ടില്‍ പോയപ്പോ കണ്ടതാ കടല്.
പിന്നെ ദേ ഇപ്പഴാ കാണുന്നെ.
അതും ഇറങ്ങാനൊന്നും പറ്റിയില്ല.
ചുമ്മാ കാണാന്‍. മാത്രം.
അല്ലേലും കടലില്‍ കളിക്കേണ്ട പ്രായൊക്കെ കഴിഞ്ഞു.
ഇപ്പൊ ചുമ്മാ കാണാന്‍ മാത്രേ മോഹള്ളൂ.
നോക്കിയിരിക്കാന്‍,തിരയെണ്ണാന്‍,മണലില്‍ പേരെഴുതാന്‍,കക്ക പെറുക്കാന്‍,
ഇതിലൂടെയൊക്കെ നിന്നെ പ്രണയിക്കാന്‍ .................
എന്‍റെ പ്രണയം പകരാന്‍ മാത്രേ ഇപ്പൊ ഇഷ്ടള്ളൂ.

റോഡിന്‍റെ ഇടതുവശത്തെ വീടുകള്‍ക്ക് പിന്നില്‍ കടലാണ്.
ഞാന്‍ ഓര്‍ത്തു രാത്രികിടക്കുമ്പോള്‍ അവര്‍ക്കെന്ത് പേടിയാവും!!!!
അത്ര വല്യ ഇരമ്പല്‍ ഒന്നും ഇല്ലെങ്കിലും കടല്‍ അല്ലെ!!!!
ഈ ആനേടെ കാര്യം പറഞ്ഞപോലെയാ.
ഔ സെക്കണ്ട് മതി സ്വഭാവം മാറാന്‍..
എന്നാല്‍ നല്ല സ്വഭാവത്തില്‍ ആണെങ്കിലോ.............
ഇത്രേം ഭംഗി വേറൊന്നിനും ഇല്ല.
എന്നാലും ഒരു സങ്കടം വരുമ്പോള്‍ അവര്‍ക്കൊക്കെ വീടിന്റെ പിന്നിലേക്ക്‌ പോയാല്‍ മതി.
അവിടെ നിന്ന് അവളെ നോക്കിയാല്‍ അവള്‍ വന്നു ആ കണ്ണീരു കൊണ്ടോവുന്നത് അറിയുകയേയില്ല.
സന്തോഷം വരുമ്പോഴോ.............
അവള്‍ വന്നു കൂടെ ചിരിക്കും.
തിരയിലൂടെ പൊങ്ങി നമ്മെ നോക്കും.
അനുവിന്റെ പോസ്റ്റുകളില്‍ പറയുന്ന പോലെ കടല്‍ കണ്ണീരിനെ പകുതിയും,ചിരിയെ വലുതാക്കുകയും ചെയ്യുന്നു.
അത് വെക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു സുഹൃത്ത് വേറെ ഇല്ല തന്നെ.
(അനൂ........... അപ്പൊ ഞാന്‍ അനൂനെ കൊറേ ഓര്‍ത്തുട്ടോ.)

ചില കാഴ്ചകള്‍ ഒരിക്കലും തീരാത്ത കൌതുകമാണ്.
മഴ,കടല്‍,ആന,വിമാനം,തീവണ്ടി,ജെ സി ബി അങ്ങനെയങ്ങനെ...........
(ജെ സി ബി മണ്ണ് മാന്തുന്നത് കണ്ടോണ്ട് അച്ചൂം അമ്മേം എത്ര നേരം വേണേലും നില്‍ക്കും.)
ഈ കടലിനു നീല നിറമേ ഇല്ലായിരുന്നു.
ആകാശത്തിനും കടലിനും ഒരേ നിറം.
മഴ പെയ്തു പെയ്തു ആകെ കലങ്ങി മറിഞ്ഞ പോലെ...........
തിരകള്‍ അവിടവിടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പാറ കൂട്ടത്തിലേക്ക് തിരയടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ കനമില്ലാത്ത ഇടിവെട്ട് പോലെ തോന്നി.
അത് നോക്കി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ എന്റെ പ്രൊഫൈല്‍ ഫോട്ടോ.
നല്ലതല്ലേ?
പാറക്കല്ലുകളില്‍ നിറയെ ഞണ്ടുകള്‍ ഉണ്ടായിരുന്നു.
എനിക്കീ ഞണ്ടിനെ പേടിയാ.
ഞണ്ടിനെ മാത്രല്ല ആ ഗ്രൂപ്പിലെ മൊത്തം ഐറ്റംസിനേം എനിക്ക് പേടിയാ.

തിര തൊടാന്‍ വരുന്ന പാറക്കൂട്ടത്തിന്റെ ഫോട്ടോ ഫേസ് ബുക്കില്‍ കണ്ടപ്പോ ഒരു ചങ്ങാതി അതിനു കമന്റ്‌ ഇട്ടത് ഇങ്ങനെയാണ്.
തിര തീരത്തിന്റെ കാതില്‍ ചോല്ലുന്നതെന്തായിരുന്നു ????
ഇപ്പൊ ഞാനും ചോദിക്ക്യാണ്.
അതെന്തായിരുന്നു?????
നമ്മുടെ പ്രണയം കണ്ട് കുശുമ്പ് പറഞ്ഞത് തന്നെ.
അല്ലെങ്കില്‍ ഈ പ്രണയം എന്നെന്നും ഇങ്ങനെയുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചതാവും.

ഈ കടലിനപ്പുറം എന്തായിരിക്കും എന്ന ചിന്ത വന്നപ്പോ മനസ്സില്‍ തെളിഞ്ഞത് നിഷ്കളങ്കമായ ഒരു ചിരിയാണ്.
ഗള്‍ഫിലെക്കെന്നും പറഞ്ഞു മദിരാശിയിലേക്ക് കപ്പലില്‍ കേറ്റി വിട്ട ദാസനേം വിജയനേം നോക്കി ചിരിച്ച ഗഫൂര്‍ക്കയുടെ ചിരി.
സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ കൂട്ട്കെട്ടിന്റെ ബെസ്റ്റെസ്റ്റ് എന്നെ ആ സിനിമയെ ഞാന്‍ പറയൂ.
എനിക്കത്രേം ഇഷ്ടമാണ് ദാസനേം വിജയനേം.
തിരിച്ചു പോരുമ്പോള്‍ ആണ് കടലിനെ കാണാന്‍ നിന്നത്.
അവിടന്ന് പോരാന്‍ മോഹമേ ഇല്ലായിരുന്നു.
കടലില്‍ പെയ്യുന്ന മഴയെ കാണണം ,മഴ നനഞ്ഞു കടല്‍ കാണണം എന്നൊക്കെയുള്ള മോഹങ്ങള്‍ എന്നെ വീണ്ടും വീണ്ടും വല്ലാതെ കൊതിപ്പിച്ചു.
അതിനു വേണ്ടി കാത്തിരിക്കാന്‍ എന്‍റെ മനസ് ഒരു പ്രണയിനിയായി.
കടലിന്‍റെ,മഴയുടെ ഒക്കെ....................

തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ക്കുള്ള വഴിയില്‍ ഒരിടത്ത് കുറെ അക്കേഷ്യാ മരങ്ങള്‍ നിന്നിരുന്നു.
കാട് പോലെ.
നിറയെ മങ്ങിയ മഞ്ഞ നിറമുള്ള അക്കേഷ്യാ പൂവുകള്‍. പറന്നു കിടന്നിരുന്നത് റെയില്‍ പാളത്തില്‍ ആയിരുന്നു.
തളി പറമ്പില്‍ നിന്നും അവള്‍ടെ ഇല്ലത്തേക്ക് തിരിയുന്ന വഴി ഒരു കാടിനു നടുവിലൂടെ പോണ പോലെ.....
ഇരു വശോം നിറയെ മരങ്ങള്‍ ആണ്.
റബ്ബര്‍ ആണ് കൂടുതലും.
മലക്ക് മുകളില്‍ കേറുന്ന പോലെ ആയിരുന്നു വഴി.
ഹെയര്‍ പിന്‍ വളവുകള്‍...
റബ്ബര്‍ തൈകള്‍ക്ക് ചുറ്റും പയര്‍ മുളച്ച് കുഞ്ഞു ചെടിയായിരുന്നു.
നല്ല ഭംഗിയാണ് കാണാന്‍.
ഈ കണ്ണൂര്‍ ഇത്രേം നല്ല സ്ഥലാന്നു ഞാന്‍ ഇപ്പോഴാ അറിഞ്ഞേ.
ഭാഷ വല്യ പ്രശ്നാണ്.
വഴി ചോദിക്കുമ്പോള്‍ പലപ്പോഴും കിട്ടുന്ന ഉത്തരം പിന്നെ ചോദിക്കാന്‍ പ്രേരിപ്പിച്ചേ ഇല്ല.
പറയുന്നത് മനസിലാവണ്ടേ!!!!!

തിരച്ചു വന്നത് കണ്ണൂര്‍ തൊടാതെ നേരെ തലശ്ശേരിക്ക് കേറുന്ന വഴിയിലൂടെ ആണ്.
അപ്പൊ ദേ പിന്നേം ഇരുവശോം കാട് പോലെ.
ഈ ടീ പി നെ കൊന്ന ആളുകളെ പിടിച്ച ആ കാട് ഇവിടെ എങ്ങാനും ആണാവോ എന്നോര്‍ത്തു ഞാന്‍.
ആ കാടും ആ പാര്‍ട്ടി ഗ്രാമംന്നൊക്കെ പറയുന്ന സ്ഥലോം കാണാന്‍ മോഹംണ്ടായിരുന്നു.
വരുന്ന വഴി ഒറ്റയ്ക്ക് ഒരു അക്കേഷ്യാ മരം നിന്നിരുന്നു.
അടിമുടി പൂത്ത്.
ഞാന്‍ മൈന്‍ഡ് ചെയ്തില്ല.
കാറിന്റെ കണ്ണാടിയില്‍ കൂടി നോക്കിയപ്പോ എനിക്കാകെ സങ്കടായി.
അതെന്നെ നോക്കി ചോദിക്കുന്ന പോലെ......
ഞങ്ങളും നിന്നെ പോലെ തന്നെ സൌന്ദര്യല്യാത്തോരാ !!!!!
അപ്പൊന്തിനാ ഞങ്ങളോട് ദേഷ്യം???? എന്ന്.
ശരിയാ സൌന്ദര്യല്യാത്തോര്‍ക്കും ഈ ലോകത്തില്‍ ജീവിക്കണ്ടെലെ?????????
അപ്പൊ എന്‍റെ ദേഷ്യൊക്കെ മാറ്റി.
തിരിച്ചു പോരുമ്പോള്‍ പിന്നെ കണ്ട അക്കേഷ്യാ മരങ്ങളോടൊക്കെ കൂട്ടായി.

ഈ കോഴിക്കോട് രാത്രിയില്‍ അതിസുന്ദരിയാണ് ട്ടോ.
ഓണം ആയേന്റെ തിരക്കും ഉണ്ടായിരുന്നു.
ആകെ ലൈറ്റ്മയം.
വല്യ വല്യ കടകള്‍,കെട്ടിടങ്ങള്‍ ഒക്കെ.....
ഓരോ സ്ഥലോം കാണുമ്പോള്‍ ദേവഫന്‍ ഓര്‍മ്മകളെ വീണ്ടെടുക്കുന്ന കണ്ടപ്പോള്‍ ഓര്‍ത്തു സ്വന്തം നാട് എന്ന വികാരം എത്ര വലുതാണ്‌ ഓരോരുത്തര്‍ക്കും എന്ന്.
നല്ല വെജ് ഫുഡ്‌ കിട്ടണ ഹോട്ടലെ ഇല്ല എന്ന എന്‍റെ വിശ്വാസത്തെ ദക്ഷിണ്‍ ദി വെജ് എന്ന ഹോട്ടല്‍ ഇല്ലാതാക്കി.
നല്ല ഫുഡ്‌ ആണ് അവിടത്തെ.
കഴിച്ചിട്ട് കൊഴപ്പോന്നും ണ്ടായില്യ.
(പറയുന്ന പോലെ വിശ്വാസം അതല്ലേ എല്ലാം.)
ആ ഹോട്ടലിനെ പറ്റി പറഞ്ഞു തന്നെ സുഹൃത്തെ............. താങ്കള്‍ക്കു നന്‍ട്രി.

അങ്ങനെ ഒരു യാത്ര.
കാണാന്‍ മോഹിച്ചതോന്നും കണ്ടില്ല.
തൃച്ചംബരം,മാടായിപ്പാറ,കൊട്ടിയൂര്‍,മൊടപ്പിലങ്ങാട് ബീച്ച്,നാരായണേട്ടന്‍ അങ്ങനെ ഒന്നും കണ്ടില്ല.
തളി രാജരാജേശ്വര ക്ഷേത്രത്തില്‍ അന്തര്‍ജനങ്ങള്‍ പോവില്ല.
ബ്രാഹ്മണര്‍ തറ്റുടുത്ത്‌ പോയാല്‍ എപ്പോ വേണേല്‍ കേറി തൊഴാം.
അല്ലെങ്കില്‍ ഒരു പ്രത്യേക സമയണ്ട്.
അപ്പഴേ പറ്റൂ.
തൃച്ചംബരം ക്ഷേത്രത്തില്‍ ആ നാട്ടിലെ അന്തര്‍ജനങ്ങള്‍ ആദ്യായി പോവുമ്പോള്‍
ചില ചിട്ടകള്‍ ഒക്കെയുണ്ട്.
കൊട്ടിയൂരപ്പനെ കണ്ടില്ല.
കണ്ണൂരിലെ എന്‍റെ ചങ്ങാതി നാരയണേട്ടനെ കണ്ടില്ല.
മോടപ്പിലങ്ങാട് ബീച്ചിലൂടെ ഒരു കാര്‍ ഡ്രൈവ് എന്ന മോഹം നടന്നില്ല.
എന്നാലും സാരല്യ ഇഷ്ടായി ഈ യാത്ര.
കണ്ണൂര് അവിടെ തന്നെ ഉണ്ടാവുംലോ.
എപ്പോ വേണേല്‍ പോയി കാണാംലോ .
അല്ലെ???????????

അടുത്ത യാത്രയില്‍ എനിക്കൊപ്പം നീ കൂടി വേണം.
മഴ പെയ്യുമ്പോള്‍ കാട്ടിലൂടെ നടക്കാന്‍,കുന്നും മലയും കേറിയിറങ്ങാന്‍ .......
അങ്ങനെയങ്ങനെ എന്‍റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങള്‍ക്കൊക്കെ ഒപ്പം കൂടാന്‍................
വരില്ലേ??????????????