Tuesday, May 29, 2012

ചെമ്പകപ്പൂക്കള്‍ നിറഞ്ഞ മനസും,രാത്രിയും,പിന്നെയീ പോസ്റ്റും.

മുറ്റത്തെ ചെമ്പക മരം നിറയെ പൂവിട്ടു.
സന്തോഷം തോന്നി.
കഴിഞ്ഞ കൊല്ലം പൂത്തതെയില്ല.
നിറയെ ഇലകള്‍ തഴച്ചു നില്‍ക്കുന്നുണ്ട്.
അതിനിടയില്‍ വിരിഞ്ഞ പൂവുകളെ കണ്ടു പിടിക്കാന്‍ ഇച്ചിരി പാടാണ്.
പക്ഷെ അതിന്‍റെ ,മണം..........
അത് വാക്കുകള്‍ക്കുമപ്പുറം.................

ഈ കാലം ആയാല്‍ കാണാം ബസ്സുകളില്‍ ഒക്കെ ചെമ്പകമാല തൂക്കിയിരിക്കുന്നത്.
തൃശ്ശൂരിലേക്കുള്ള എല്ലാ ബസ്‌കളും എനിക്കിഷ്ടമാണ്.
കെ കെ മേനോനും ജയറാമും ആണ് ഏറ്റോം ഇഷ്ടം.
പണ്ട് ദേവദാസ് സിനിമ (ഞാന്‍ ആദ്യമായും അവസാനമായും തീയറ്ററില്‍ പോയി കണ്ട ഏക ഹിന്ദി ഫിലിം )കാണാന്‍ പോയി തിരിച്ചു വരുമ്പോള്‍ ജയറാമില്‍ ആണ് വന്നത്.സീറ്റൊന്നും ഇല്ലായിരുന്നു.
തൃശൂര്ന്നെ നിക്കാന്‍ തുടങ്ങിയതായിരുന്നു.വീടെത്താറായപ്പോ ദേ വീണു ബസില്‍.
ഡ്രൈവര്‍ ഒരു വല്യ കാനില്‍ ഉണ്ടായിരുന്ന വെള്ളം തന്നു.
ഇത്രേം വല്യ കാനില്‍ നിന്നും വെള്ളം കുടിക്കാന്‍ പറ്റുമോ??
ബടുക്കൂസ് ഡ്രൈവര്‍,പകുതി ബോധത്തോടെ അപ്പൊ ഞാന്‍ ഓര്‍ത്തത്‌ അതാണ്‌.
ആരൊക്കെയോ താങ്ങി ഇരുത്തി.
മുഖത്ത് വെള്ളം തളിച്ചു.
വീടിന്‍റെ വഴിയില്‍ തന്നെ ബസ്‌ നിര്‍ത്തി.
അല്ലെങ്കിലും ആ ചങ്ങായി എപ്പഴും പടിക്കല്‍ തന്നെ നിര്‍ത്തി തരും.
വല്യച്ചനേം മറ്റും അറിയാവുന്നത് കൊണ്ടായിരിക്കും.
വീട്ടില്‍ എത്തിയപ്പോഴേക്കും ശരിയായി.
അന്ന് ബസില്‍ വീണത് എന്തിനായിരുന്നു എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
നാണക്കേടായീന്നു പറഞ്ഞാല്‍ മതീലോ.

പ്ലസ്‌ വണ്ണിനു പഠിക്കാന്‍ വേണ്ടിയാണു ബസില്‍ പോക്ക് തുടങ്ങിയത്.
അതുവരെ നടന്നായിരുന്നു പോയത്.
കോണ്‍വെന്റ് അടുത്ത് തന്നെ ആയിരുന്നു.
എന്‍റെ നാട്ടിലെ ബസുകളില്‍ എല്ലാം ദൈവങ്ങളുടെ ഫോട്ടോകള്‍ നിറയെ ഉണ്ടായിരുന്നു.
(ഭക്തി കൂടീട്ടാണോ അതോ കയ്യിലിരുപ്പു ശരിയല്ലാഞ്ഞിട്ടായിരുന്നോ ആവോ!!!!!!
ഒരു തമാശ പറഞ്ഞതാണേ)
ക്ലാസ് തുടങ്ങിയപ്പോള്‍ ആദ്യമായി തന്നെ ബസില്‍ കേറാന്‍ എന്തൊരു പേടി ആയിരുന്നു!!!!
പൈസ കൊടുക്കാനൊക്കെ ആകെ ഒരു പരിഭ്രമം.
അന്ന് ഒന്നേകാല്‍ ഉറുപ്യ ആയിരുന്നു ഫുള്‍ ചാര്‍ജ്.
പിന്നെ ആഷേ കൂട്ട് കിട്ടിയപ്പോ കേറാനുള്ള ധൈര്യം ആയി.

ആഷേടെ ഇടത്തെ കയ്യില്‍ പിടിച്ചേ ഞാന്‍ നടക്കുമായിരുന്നുള്ളൂ എപ്പോഴും.
അല്ലെങ്കിലും ആരെങ്കിലും കൂടെ നടക്കുമ്പോള്‍ അവരുടെ കയ്യില്‍ തൂങ്ങി നടന്നില്ലെങ്കില്‍ എനിക്ക് ശരിയാവില്ല.
അത് കണ്ട് കണ്ട്സ്കൂളില്‍ സയാമീസ് എന്ന പേരുണ്ടായിരുന്നു.
ആണ്‍ കുട്ടികളുടെ ഒപ്പം പഠിക്കുന്നതും അപ്പോഴാണ്‌.
പത്തു വരെ പെണ്‍കുട്ട്യോള്‍ തന്നേയ് ഉണ്ടായിരുന്നുള്ളൂ സ്കൂളില്.
അന്നൊക്കെ എന്തൊരു പേടിയായിരുന്നു!!!!!!!!!!!
ആരുടേം നേരെ നോക്കില്ല.
ആരോടും മിണ്ടാറെയില്ല.
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയുന്നത് അവളായിരിക്കും.
ഉമ ഊമയാണോന്നു ചോദിക്കാറുണ്ട് പലരും.
ചെല പയ്യന്‍സ് ഒക്കെ "ഉമ്മ"ന്നു വിളിച്ചും കളിയാക്കാറുണ്ട്.
അപ്പൊ ഒക്കെ എനിക്കെന്‍റെ പേര് ഇഷ്ടെ അല്ലായിരുന്നു.
പക്ഷെ പിന്നെ ഇഷ്ടായി.
വല്യ ഇഷ്ടായി എന്‍റെ ഈ കുഞ്ഞു പേരിനെ.
"ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ചപ്പോ പുണ്യാളന്‍ അത് പറയരുത് ഒരു പേരിലാ ഞാന്‍ ഇരുന്നു പോയെ" എന്ന പ്രാഞ്ചിയെട്ടന്റെ ഡയലോഗ് എനിക്കൊരുപാട് ഇഷ്ടപ്പെട്ട ഒന്നാണ്.

ഒരു ചെമ്പകപ്പൂവില്‍ തുടങ്ങി എത്തിയത് പ്രാഞ്ചിയേട്ടനില്‍.
ഈ ഓര്‍മ്മകള്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളെ പോലെ ആണ്.
ഇപ്പൊ ഇവിടെ ആണെങ്കില്‍ അടുത്ത നിമിഷം മറ്റൊരിടത്ത്.
ഞാന്‍ ഇന്നാളു എറണാകുളത്തു നിന്നാണ് ആദ്യായി കണ്ടത് നല്ല ഭംഗിയുള്ള കെ എസ് ആര്‍ ടി സീ ബസുകളെ.
ഇപ്പൊ അതിനെ ആനവണ്ടി എന്നൊന്നും പറയില്ല.
നല്ല ഗ്ലാമര്‍ ആയി.

ചെമ്പകപ്പൂക്കള്‍ ഉറങ്ങി കാണുമോ???????
പോയി നോക്കിയാല്‍ കൊള്ളാമെന്നുണ്ട്.
ഈ രാത്രിയില്‍ ജനല് തുറന്നു പുറത്തേക്കു നോക്കി നില്‍ക്കുമ്പോള്‍......
തൊടാന്‍ വരുന്ന കാറ്റിനു ചെമ്പക മണം അനുഭവപ്പെടുന്നു.
ഒറ്റയ്ക്ക് നില്‍ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നിമിഷങ്ങള്‍..............
നിന്‍റെ സാമീപ്യം കാറ്റായി,പൂക്കളുടെ സുഗന്ധമായി മാത്രം അടുത്തെത്തണം എന്ന് മോഹിക്കുന്ന നിമിഷങ്ങള്‍...........
അതെ ഈ ചെമ്പക മരം ഇപ്പോള്‍ എനിക്ക് നീയാണ്.
ഇതിലെ പൂവുകള്‍ എന്നോടുള്ള നിന്‍റെ പ്രണയവും.
പ്രണയം ഓരോ മോഹങ്ങളെയും ഇതില്‍ വിടര്‍ത്തുന്നു.
ചെമ്പകം വിരിച്ച മുറ്റത്ത് എനിക്കൊപ്പം ഇരിക്കാന്‍ നീ വരുന്നോ??????
പുലരുവോളം വര്‍ത്തമാനം പറയാം.
അന്താക്ഷരി കളിക്കാം.
ഇലകള്‍ കൊണ്ട് മറച്ചു പിടിച്ച് ആകാശവും,മേഘങ്ങളും,നക്ഷത്രങ്ങളും,
മറ്റു മരങ്ങളും ,ചെടികളും അങ്ങനെ ആരും കാണാതെ നിന്‍റെ ചുണ്ടില്‍ ഉമ്മ വെക്കാം.

പോരുന്നോ???????????എന്‍റെ പ്രിയപ്പെട്ടവനെ??????????

30-05-2012
11-00am
Wednesday

ഇന്നത്തെ വെളുപ്പാന്‍ കാലം ഏറെ ഇഷ്ടമായി.
ഒരു മഴശബ്ദം കേട്ടുകൊണ്ട് എണീറ്റു.
ഓലേഞ്ഞാലികള്‍ നേരം വെളുത്തപ്പോഴേക്കും ലാന്‍ഡ് ചെയ്തു.
കറിവേപ്പിലിരുന്നു ബഹളം തുടങ്ങിയപ്പോള്‍ അതില്‍ പറ്റിപ്പിടിച്ച മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.
ചട്ണിയ്ക്ക് വറുത്തിടാന്‍ വേണ്ടി ഇല പൊട്ടിക്കാന്‍ പോയപ്പോ കൃത്യം അത് മുഴുവനും എന്‍റെ മേലേക്ക്.
ഹാപ്പി ജാമിലെ കുട്ടിയെ പോലെ ഞാനും തുള്ളിച്ചാടി.
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേന്നും പറഞ്ഞ്.
ഇന്ന് വേഗം അടുക്കളയിലെ പണിയൊക്കെ തീര്‍ത്തു.
ഒക്കെ കഴിഞ്ഞു മുറ്റത്തേക്ക് വന്നപ്പോ ദേ പിന്നേം മഴ.
ഒരു ചാറ്റല്‍ മാത്രം.
ചെമ്പക മരം നനയുന്നത് കാണാന്‍ നല്ല ഭംഗിയാണ്.


ഹരിഹരന്‍റെ ശബ്ദത്തില്‍ എനിക്കിഷ്ടപ്പെട്ട പാട്ട് കേള്‍ക്കുന്നു.
മനസ്സില്‍ മൂളിയ അതേ പാട്ട്.....
ഇപ്പോള്‍ അത് നിനക്കായി.................
teraa naam maine liyaa hai yahaan
mujhe yaad tu ne kiya hai vahaan
bade zor ki aaj barsaath
bade zor ki aaj barsaath hai..........
meri paas hai tu............meri paas hai............
meri saath hai.................
meri saath hai.............!!!!!!!!!!!!

Wednesday, May 23, 2012

ഒരു യാത്രയുടെ വിശേഷങ്ങള്‍........

എറണാകുളം നഗരം.
എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നിട്ടു കൂടി ആ നഗരം എന്‍റെ ഇഷ്ടങ്ങളില്‍ നിന്നും ഒരുപാടകലെ ആണ്.
എന്തോ ഒരു ഇഷ്ട്ടക്കുറവുണ്ട്.
എന്തിന്,എന്ത് കൊണ്ട് എന്നൊന്നും അറിയില്ല.
കഴിഞ്ഞ ഞായറാഴ്ച ഞാന്‍ അവിടെ
ആയിരുന്നു.
ചുമ്മാ ഒന്ന് കറങ്ങാന്‍.....

പോവുന്ന വഴി എന്‍റെ ഇല്ലത്തെയ്ക്കുള്ള വഴി തിരിഞ്ഞപ്പോള്‍,
എന്‍റെ മനസ്സില്‍ സന്തോഷം തിര തല്ലി,നുര പൊന്തി.
വേനല്‍ മഴ വിരിച്ച പച്ച നിരത്തിലൂടെ അവിടെ എത്തിയപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി മനസിലാക്കുകയായിരുന്നു എന്‍റെ
സ്വപ്നഭൂമി ഇത് മാത്രമാണെന്ന്.
അച്ഛമ്മയെ കാണാന്‍ വേണ്ടിയാണ് ആദ്യം പോയത്.
അച്ഛമ്മ അറിഞ്ഞു കാണില്ലേ ഞാന്‍ ചെന്നത്????
കണ്ണുകള്‍ വേണ്ടെന്നു വെച്ചിട്ടും നിറഞ്ഞു പോയി.
വല്യമ്മേടെ വീടിന്‍റെ മുകളിലെ നിലയുടെ പണി പുറംതേപ്പായെന്ന് കണ്ടു.
അവിടെ എന്‍റെ വീടിന്‍റെ മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെ മൂത്ത് തുടങ്ങിയ മാങ്ങകള്‍.
അതിപ്പോളെ വലുതാവാന്‍ തുടങ്ങിയുള്ളൂ.
മുറ്റത്തെ പുളി മരം മുഴുവനും തളിര്‍ത്തിരിക്കുന്നു .
ഇളം മഞ്ഞ നിറമുള്ള ഇലകള്‍ നിറയെ...............
കറുത്ത കൊമ്പുകളുടെ ഭംഗി കൂട്ടാനായി...............
അവിടവിടെ കായ്കളും ഉണ്ട്.
അതിനേക്കാള്‍ അധികം ഇളം മഞ്ഞയും,ഓറഞ്ചും നിറമുള്ള പൂവുകള്‍ ആണ്.
ഈ പുളി പൂവുകള്‍ കാണാന്‍ നല്ല ഭംഗിയാണ്.
ചിലപ്പോ തെങ്ങിന്‍ പൂക്കുലയിലെ മുഴുവനും വിരിഞ്ഞ പൂ പോലെ തോന്നും.
എനിക്കിഷ്ടമാണ്.
കാറ്റ് വീശുമ്പോള്‍,മഴ പെയ്യുമ്പോള്‍ മുഴോനും പൊഴിയും...................
മഴ നീര്‍ത്തിയ കുഞ്ഞു കുഞ്ഞു ചാലുകളിലൂടെ ഒലിച്ചെത്തിയ പൂവുകള്‍ കൂട്ടമായി മുറ്റത്തെ അങ്ങേ അറ്റത്ത്‌ കിടപ്പുണ്ടായിരുന്നു.

മഴ മുറ്റം മുഴുവനും പുല്ലു നിറച്ചു.
മീശ രോമം പോലത്തെ പുല്ലുകള്‍.........
അതാ അങ്ങനെ.ഇപ്പൊ സാവിത്രി അടിച്ചു വാരാന്‍ വരണില്ലാത്രെ!
ഇല്ലത്തിന്റെ പിന്നിലെ ഇറയത്താണ് ഇപ്പൊ നാട്ടിലെ തെരുവ് നായ്ക്കള്‍ടെ വിശ്രമ സ്ഥലം.
ഞാന്‍ നോക്കുമ്പോള്‍ ജാഥയായി പോവുന്നുണ്ടായിരുന്നു അവിടന്ന്.
എനിക്ക് പേടിയാണ്.അതാ സത്യം.
അതോണ്ട് ഞാന്‍ അധികം പറമ്പ് ചുറ്റാന്‍ നിന്നില്ല.


പറമ്പില്‍ മുഴുവനും കാട്ടുകൂവ മുളച്ചിരുന്നു.
നിലക്കാവടി പോലെയാണ് അത് കണ്ടാല്‍.
പണ്ടൊക്കെ നല്ല വയലറ്റ് നിറത്തില്‍ ആണ് ഇതിനെ കണ്ടിട്ടുള്ളത്.
ഇപ്പൊ അതിന്‍റെ നിറം മാറി.
ദേ കഴിഞ്ഞ കൊല്ലം വിരിഞ്ഞ ആ വയലറ്റ്
നിറമുള്ള പൂവ് .

വഴിയുടെ അരികില്‍ നിന്നിരുന്ന കോളാമ്പി ചെടിയില്‍ ഒരു പൂവ് മാത്രം.
എനിക്കേറെ ഇഷ്ടമുള്ള ഒന്ന്.
കഴിഞ്ഞ ഒരു പോസ്റ്റില്‍ പറഞ്ഞല്ലോ ഞാന്‍ അത്.
അതാണ്‌ ഇത്.
ഓരോ മഴയിലും എന്‍റെ ഇല്ലോം അതിനു ചുറ്റും ഒക്കെ പിന്നേം പിന്നേം മനോഹരമാവുന്നുന്നു എന്ന് തോന്നി.
ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന് അപ്പോള്‍ ആഗ്രഹിച്ചു.
പെട്ടെന്ന് തന്നെ അവിടുന്ന് പോകേണ്ടി വന്നു.
ഇനി ഞാന്‍ എന്‍റെ ഇല്ലത്തേക്ക് പോവുന്നത് ഓണത്തിനിടയിലായിരിക്കും.
ആ ദിവസങ്ങള്‍ ഏറെ മനോഹരമായിരിക്കും.
എനിക്കുറപ്പാണ്.

ചോറ്റാനിക്കര അമ്മെ കാണണം എന്നത് വല്യ മോഹാണ്.
ഇനിയും നടക്കാത്ത ഒരു മോഹം.
അവിടുന്ന് പോവാന്‍ തീരുമാനിച്ചിട്ടും നടന്നില്ല.
തലേന്ന് രാത്രി അച്ചു വാശിയായിരുന്നു.
എറണാകുളത്തെ ചൂട് സഹിക്കാന്‍ ചില്ലറ പാടൊന്നും അല്ല.
അച്ചൂന് ആകെ അസ്വസ്ഥതയായിരുന്നു.
അത് കാരണം പിറ്റേന്ന് രാവിലെ പോവാം എന്ന തീരുമാനം മാറ്റേണ്ടി അവന്നു.

തൃ പ്പൂണിത്തുറയിലെ ഹില്‍ പാലസ് കണ്ടു.
എനിക്കാകെ അത് പരിചയം നമ്മടെ നാഗവല്ലീടെ കൊട്ടാരം എന്ന നിലക്ക് മാത്രമാണ്.
അതോണ്ടുള്ള ഒരു താല്പര്യമേ അത് കാണാന്‍ ഉണ്ടായിരു
ന്നുള്ളൂ.
അതിനു മുന്നിലെ കാടെനിക്കിഷ്ടായി.
പക്ഷെ അങ്ങോട്ടേക്ക് കടത്തി വിടില്ല എന്നെഴുതി
വെച്ചിരുന്നു.
മുറ്റത്തെ മാവിലെ കണ്ണിമാങ്ങ കണ്ടപ്പോള്‍ കണ്ടപ്പോള്‍ അച്ചു പറയാ അമ്മെ അത് എറിഞ്ഞു വീഴ്തൂന്ന്.
തലേന്ന് ഇല്ലത്ത് നിന്ന് കൊറേ കഴിച്ചതാ.......
എന്നാലും മതി വരില്ല.
അല്ല,അതിപ്പോ അച്ചൂന്റെ അമ്മയ്ക്കും അങ്ങനെ തന്നെ.
മാങ്ങ മടുക്കുന്ന ആളുകളുണ്ടോ?
ഉള്ളില്‍ കേറി സവിസ്തരം കാണാന്‍ അച്ചു സമ്മതിച്ചില്ല.
ഈ സിനിമയില്‍ കാണിക്കുന്ന സ്ഥലങ്ങള്‍ അവിടെ എവിടെയാന്നു കൊറേ ഓര്‍ത്തു.
എനിക്കെങ്ങും മനസിലായില്ല.
ഈ നാഗവല്ലീടെ മുറി എതായിരുന്നോ ആവോ!!!!!!!!!!!!!!

അവിടന്ന് പിന്നെ പോയത് ഫോര്‍ട്ട്‌ കൊച്ചിയിലെക്കാന്.
അവിടം കണ്ടപ്പോള്‍ സമീപ കാല സിനിമകള്‍ ഓര്‍ത്തു.
"മഴ നീര്‍ തുള്ളികള്‍" എന്ന മോഹിപ്പിക്കുന്ന പാട്ട് കാതിലെ
ത്തി.
ഒരു ഗുല്‍മോഹര്‍ മരത്തിനു കീഴെ ഇരുന്നു.
കടല്‍ എന്നും മോഹിപ്പിക്കുന്ന കാഴ്ച തന്നെ.
കണ്ടാലും മതിയാവാത്ത ഒന്ന്.
ആകാശം കാര്‍മേഘം കൊണ്ട് നിറഞ്ഞിരുന്നു.
ഒരു മഴ പെയ്താല്‍ എന്‍റെ ഒരു വലിയ സ്വപ്നം ആണ് സാധിക്കുക.
മഴ പെയ്യുമ്പോള്‍ കടല് കാണണം എന്നത്.
നടന്നില്ല.
എനിക്കുറപ്പാണ്.
നടക്കും ഒരിക്കല്‍.
അതിനു വേണ്ടി കാത്തിരിക്കാന്‍ എനിക്കിഷ്ടവും ആണ്.

മട്ടാഞ്ചേരിയിലെ ജൂത തെരുവുകളിലൂടെ നടക്കുക എന്നത് എന്‍റെ കുറെ നാളായിട്ടുള്ള ഒരു മോഹമായിരുന്നു.
അത് നടന്നു.
മനസ്സില്‍ ഓടിയെത്തിയത് "എന്തെ ഇന്നും വന്നീലാ,എന്നോടൊന്നും ചൊല്ലീലാ..........."എന്ന പാട്ടാണ്.
ഗ്രാമഫോണിലെ .
ഇരുവശങ്ങളിലും ഒരുപാട് കടകള്‍ ഉണ്ടായിരുന്നു.
കരകൌശല വസ്തുക്കളുടെ,ആഭരണങ്ങളുടെ,കുര്‍ത്തകളുടെ , അങ്ങനെ ഒക്കെ.............
ഷോപ്പിംഗ്‌ നടന്നില്ല.
ഏതൊക്കെയോ സിനിമകളില്‍ കണ്ടിട്ടുണ്ട് ആ വഴികള്‍ ഓരോന്നും എന്ന് തോന്നിപ്പോയി.
ജ്യൂ പാലസ്,ഞാന്‍ പേര് മറന്നു പോയ പള്ളി അങ്ങനെ ഒക്കെ അവിടെ കണ്ടു.
ഉള്ളില്‍ കേറാന്‍ കഴിഞ്ഞില്ല അവിടെ ഒന്നും.
അതൊരു നഷ്ടമായി പോയി ഈ യാത്രയുടെ.
അല്ലെങ്കിലും ചിലത് നേടാന്‍ ചിലത് നഷ്ടപെടുത്തണ്ടെ .........???

ഇനിയൊരിക്കല്‍ കൂടി വരണം ഇങ്ങോട്ടേക്ക്.
അന്ന് മതിയാവോളം നടക്കണം ഈ വഴികളിലൂടെ..............
ഒരു കാലഘട്ടത്തിന്റെ കഥകള്‍ ഇന്നും ശേഷിപ്പിക്കുന്ന ഈ തെരുവുകളിലൂടെ...................
അവിടന്ന് പോരുമ്പോള്‍ മനസിലോര്‍ത്തു.

അനുവിന്റെ പോസ്റ്റുകളിലെ വെളുത്ത കപ്പല്‍ കണ്ടു.
ഒരുപാട് യാത്രക്കാരെയും കൊണ്ട് ആ കപ്പല്‍........................
അനുവിനെ ഓര്‍ത്തു.
ഇഷ്ടപ്പെടുന്നവരെ ഓര്‍ക്കാന്‍,അവരെ മിസ്സ്‌ ചെയ്യാന്‍ ഇത്രയും ചെറിയ കാരണങ്ങള്‍ തന്നെ അധികമാണ്.
ഇത്ര അടുത്ത് നിന്ന് ഞാന്‍ കപ്പല്‍ കണ്ടിട്ടേയില്ല.
രാത്രിയില്‍ വെളിച്ചം നിറഞ്ഞ അത് കടലില്‍ കിടക്കുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി.
ടൈറ്റാനിക് സിനിമയില്‍ കണ്ടിട്ടുണ്ടോ?
ഉണ്ടെന്നു തോന്നുന്നു.

വല്ലാര്‍പാടത്തമ്മയെ കാണാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷം.
അത് വലിയ സന്തോഷമാണ്.
മനസ് നൊന്ത പ്രാര്‍ത്ഥന സാധിപ്പിക്കുന്നവള്‍.
അതാ അമ്മ.
തൂവെള്ള നിറം മാത്രം നിറഞ്ഞ ദേവാലയത്തിന്റെ മുന്‍വശം അതി മനോഹരമാണ്.
വലിയ മുറ്റത്തിന്റെ ഇരു വശവും മരം പോലെ കെട്ടിയുണ്ടാക്കിയിട്ടുണ്ട്.
അതില്‍ യേശുവിന്റെ വിവിധ ചിത്രങ്ങള്‍ വരച്ചിട്ടും ഉണ്ട്.
മുന്നില്‍ കുറെ ചൂലുകള്‍ ഒരു ചാക്കില്‍ ഇട്ടിട്ടുണ്ട്.
അതെടുത്ത് പലരും അവിടം മുഴുവനും അടിച്ചു വാരുന്ന കണ്ടു.
അതൊരു വഴിപാടാണെന്ന് അപ്പോള്‍ മനസിലായി.
ഞായറാഴ്ച വൈകുന്നേരം ആയതു കൊണ്ടാണെന്ന് തോന്നു നല്ല തിരക്കായിരുന്നു.
പള്ളിയില്‍ നിന്ന് പാട്ടുകള്‍ കേട്ടു.
പിന്നെ അച്ചന്‍റെ പ്രസംഗവും.
ഉള്ളില്‍ കേറി ക്യൂ നിന്നു.
അടുത്തെത്താറായപ്പോ ആണ് അബദ്ധം മനസിലായത്,അത് കുര്‍ബാനക്കുള്ള ക്യൂ ആയിരുന്നു എന്ന്.
പറ്റിയ പറ്റ് പറഞ്ഞപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍
"പറ്റി എന്ന് പറഞ്ഞാല്‍ മതി അത് അബദ്ധാവുംന്നു ഊഹിക്കാവുന്നതേ ഉള്ളൂ". എന്ന്.

എപ്പോഴും ശ്രദ്ധിച്ചിരുന്ന ഒരു കാര്യമാണ്.
എല്ലാ പള്ളികളുടെ,കോണ്‍വെന്ടുകളുടെ ഒക്കെ മുന്നില്‍ ഒരു വലിയ പൂന്തോട്ടം ഉണ്ടാകുമല്ലോ എന്ന്.
ഒരുപാട് പൂക്കള്‍ ഉള്ള വലിയ പൂന്തോട്ടം തന്നെ.
പണ്ട് ഞാന്‍ പഠിച്ചിരുന്ന കോണ്‍വെന്ടിലും ഉണ്ടായിരുന്നു.
അവിടെ മൂന്നെണ്ണം ഉണ്ടായിരുന്നു.
ഒന്ന് പള്ളീടെ മുന്നില്‍,പിന്നെ ഓഫീസിനു മുന്നില്‍,പിന്നെ ഗ്രോട്ടോയുടെ മുന്നില്‍.
ആ ദിവസങ്ങള്‍ ഓര്‍മ്മയില്‍ ഓടിയെത്തി.
ഇല്ലത്ത് പടിഞ്ഞാറ് വശത്ത് ഒരു വലിയ ചെമ്പക മരം ഉണ്ടായിരുന്നു.
വെള്ള ചെമ്പകത്തിന്റെ.
സ്കൂള്‍ തുറക്കുന്ന നാളുകള്‍,മഴ തുടങ്ങുന്ന കാലത്ത് ചെമ്പകം നിറയെ പൂക്കും.
കുറെയുണ്ടാകും.
എന്നും രണ്ടെണ്ണം ഞാനും കൊണ്ടോകും സ്കൂളില്‍ക്ക്.
മാതാവിന് മുന്നില്‍ വെക്കും ചിലപ്പോ.
അല്ലെങ്കില്‍ യേശുവിനു മുന്നില്‍.
ഈ യേശൂനും,മാതാവിനും ഇത്രേം ഇഷ്ടാ പൂക്കള്‍ എന്ന് ഓര്‍ക്കാറുണ്ട്.
കാലില്‍ തൊട്ടു തലയില്‍ വെക്കും.
"നന്മ നിറഞ്ഞ മറിയമേ" ചൊല്ലും.
പത്താം ക്ലാസ്സില്‍ ആയപ്പോ എന്നും ഉച്ചക്ക് സിസ്റ്റര്‍ പള്ളിയില്‍ കൊണ്ടോകും എല്ലാരേം.
ഊണിന്റെ ഇന്റെര്‍വെല്ലിനു.
ബെല്‍ അടിക്കുന്നത് വരെ പ്രാര്‍ത്ഥന തന്നെ.
കുറെ നേരം കഴിഞ്ഞാല്‍ മുട്ട് വേദനിക്കാന്‍ തുടങ്ങും.
അപ്പൊ യേശൂനോട് പിണങ്ങും.
അന്നൊക്കെ ഞാന്‍ എന്താ പ്രാര്‍ഥിച്ചിരുന്നെ????????
ആര്‍ക്കറിയാം!!!!!
ബടുക്കൂസ് ആയിരുന്നതിനാല്‍ വല്യ കാര്യായിട്ടുള്ളതൊന്നും ആവില്ല.

അസ്തമയം കഴിയുംവരെ അവിടെഇരുന്നു.
ഇരുള്‍ കനക്കാന്‍ തുടങ്ങിയപ്പോ തിരികെ പോന്നു.
വരുന്ന വഴി ബീ ടീ എച്ചില്‍ കേറി ഒരു മസാല ദോശയില്‍ ആ കറക്കം അവസാനിപ്പിച്ചു.
ഒരു നല്ല ദിവസമായിരുന്നു.
പ്രിയപ്പെട്ടവരോടൊപ്പം.................
പ്രിയപ്പെട്ടവന്റെ സ്നേഹം മനസ്സില്‍ നിറച്ച്,
അവനു വേണ്ടി ഓരോ നിമിഷവും മനസ്സില്‍ സന്തോഷം നിറച്ച്,
നന്മ നിറച്ച് ...................
ആ ഓര്‍മ്മകളുടെ കുളിരേറ്റു വാങ്ങി ആ ദിവസവും എന്നെ കടന്നു പോയി.Friday, May 18, 2012

വൈശാഖത്തില്‍ കണ്ണനെ കണ്ടല്ലോ രണ്ടു തവണ!!!

അങ്ങനെ ഈ തവണത്തെ അവസാന മാമ്പഴകൂട്ടാനും ഇന്ന് കൂട്ടി.
ഇനി മാമ്പഴകൂട്ടാന്‍ കഴിക്കാന്‍ അടുത്ത മാമ്പഴക്കാലം വരെ കാത്തിരിക്കണം.
ഇന്ന് ഉള്ളീം മുളകും പുളീം കൂട്ടി തിരുമ്പിയപ്പോള്‍ അച്ഛമ്മയെ ഓര്‍ത്തു.
അച്ഛമ്മ തിരുമ്പി തരുന്ന ആ സ്വാദ് ഇനീം വന്നില്ലാലോ എന്നോര്‍ത്ത് കുറെ തിരുമ്പി നോക്കി.
എന്നിട്ടും ശരിയായില്ല.
ദീപൂന്റെ ഉപനയനത്തിനു പോയപ്പോ ആണ് അച്ഛമ്മ അവസാനായി ഉള്ളി തിരുമ്പി ചോറില്‍ കൂട്ടി വായില്‍ തന്നത്.
ആ ഫോട്ടോ അരുണ്‍ അന്നെടുത്തതും ആയിരുന്നു.
അതൊക്കെ പോയീന്നു തോന്നുന്നു.
ഇപ്പൊ എവിടെ ആയിരിക്കും അച്ഛമ്മ?
സ്വര്‍ഗത്തില്‍ ഏറ്റവും സുഖമായി കഴിയുന്നുണ്ടാകും എന്ന് മാത്രേ വിശ്വസിക്കുന്നുള്ളൂ.

കഴിഞ്ഞ രണ്ടു വ്യാഴാഴ്ച്ചകളും എന്‍റെ സായാഹ്നങ്ങള്‍ അവിടെ ഗുരുവായൂരപ്പന്‍റെ മുന്നിലായിരുന്നു.
ആ കൂടെ ആയിരുന്നു.
ഒന്നില്‍ തെറ്റിയാല്‍ മൂന്ന് എങ്കില്‍ അടുത്ത വ്യാഴോം ഞാന്‍ എത്തുമോ ?
അങ്ങനെ ആയാല്‍ മത്യായിരുന്നു.
എന്ത് രസാണ് അവിടെ ഉണ്ടായിരുന്ന നിമിഷങ്ങള്‍!!!!
അമ്മൂന്റെം,അമ്മിണീടേം ഡാന്‍സ് കാണാന്‍ വേണ്ടിയാ കഴിഞ്ഞാഴ്ച പോയെ.
ഇന്നലെ കുഞ്ഞൂട്ടന്റെ ചോറൂണിനും.
വൈശാഖം,വ്യാഴം,വെക്കേഷന്‍ .........ഒക്കെ പറഞ്ഞാലും തീരാത്ത തിരക്കുണ്ടാക്കി.
ന്നാലും ഞാന്‍ കണ്ടു കണ്ണനെ.
ഒരു മിനിറ്റ് ആ മുന്നില്‍ ഞാന്‍ മാത്രം............
ഞാനും കണ്ണനും മാത്രം.
നേരെ മുന്നില്‍ ചെന്ന് കണ്ണുകള്‍ പരമാവധി വിടര്‍ത്തി പിടിച്ച് നോക്കിനിന്നപ്പോള്‍ മനസ് ആഹ്ലാദം കൊണ്ടുള്ള വേലിയേറ്റത്തിലായിരുന്നു.
തിരക്ക് കാരണം നേരെ മുന്നിലേക്ക്‌ ആരേം കടത്തി വിടുന്നില്ലായിരുന്നു.
അപ്പഴാണ് എനിക്കത് സാധിച്ചത്.
(മറ്റൊരാളുടെ സഹായം കൊണ്ട്,അതില്‍ കുറച്ചു വിഷമം തോന്നിയെങ്കിലും കണ്ണനെ കണ്ടപ്പോള്‍ അയാളോട് വളരെയധികം നന്ദി തോന്നി.)
കണ്ണനെ കാണാന്‍ എത്ര നേരം വേണമെങ്കിലും നില്‍ക്കാം,പക്ഷെ ഇപ്പൊ ഈ അച്ചു..............ചെലപ്പോ സമ്മതിക്കില്യാന്നെ...........
അന്ന് ഡാന്‍സ് കണ്ടപ്പോഴും വലിയ സന്തോഷം തോന്നി.
കാളിയമര്‍ദ്ദനം ആയിരുന്നു ഒന്ന്.
ഞാന്‍ പണ്ട് സ്കൂളില്‍ പഠിപ്പിച്ച ഒരു കുട്ടി ആയിരുന്നു അത് കളിച്ചതും.
ഭവ്യ.
മഞ്ഞപട്ടും മയില്‍ പീലിയും ഉടുത്ത് കയ്യില്‍ ഓടക്കുഴലും പിടിച്ച് കണ്ണന്‍ കാളിയനുമേല്‍ നൃത്തമാടുന്നത് കണ്ടപ്പോള്‍ മനസ്സില്‍ ഭക്തിയും,മാതൃത്വവും നിറഞ്ഞു തുളുമ്പി.
കണ്ണനെ കാണാന്‍ ആളുകള്‍ കാത്തു നില്‍ക്കുന്നതില്‍ അതിശയിക്കാനെയില്ല തന്നെ.

പിന്നീട് കണ്ടത് അമ്മൂന്റെ മോഹിനിയാട്ടം ആയിരുന്നു.
വൈശാലിയുടെ കഥ.
ഭരതന്‍റെ സിനിമ ഓര്‍മ്മ വന്നു.
എത്ര മനോഹരമായ സിനിമയാണ് അത്!!!!!
എനിക്ക് പ്രിയപ്പെട്ടവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്ന്.
വൈശാലിയുടെ സങ്കടം ആയിരുന്നു മോഹിനിയാട്ടത്തില്‍.
അതോര്‍ത്തപ്പോള്‍ എനിക്കും സങ്കടം വന്നു.
ഈ പ്രണയം ഒരു വേദന തന്നെ .
നഷ്ടപ്പെടല്‍ തന്നെ.

കുറച്ചു ദിവസമായി മനസ് ഏറെ ശാന്തമാണ്.
സ്വസ്ഥമാണ്.
രാവിലെ എണീറ്റ്‌ മുറ്റത്തേക്ക് നോക്കിയാല്‍ നിറയെ വണ്ണാത്തി പുള്ളുകള്‍.
പിന്നിലെ മുറ്റത്തോ...............നിറയെ കരിയിലക്കിളികള്‍..............
കറിവേപ്പ് മരത്തിനു ചുറ്റും ഓലേഞ്ഞാലികള്‍.
ഇവരുടെ ശബ്ദമാണ് വീടിനു ചുറ്റും.
കാറിനടുത്ത് ഒരു അമ്മ പൂച്ചേം കുട്ടി പൂച്ചേം.
അമ്മ മണ്ണിന്റെ നിറം,കുട്ടി കറുത്തതും.(അത് അച്ഛന്റെ കൂട്ടാണ്.)
രണ്ടിനേം കാണാന്‍ നല്ല ചന്താണ്.

പിന്നിലെ മുറ്റത്ത് നിറയെ വലിയ നന്ത്യാര്‍വട്ട പൂക്കള്‍ ഉണ്ട്.
ഉമ്മറത്തെ മുറ്റത്ത് ഗന്ധരാജനും പൂത്തിട്ടുണ്ട്.
മെയ്‌ മാസം ഒന്നിന് തന്നെ മെയ്‌ ഫ്ലവര്‍ വിരിഞ്ഞു.
ഈ പൂവെങ്ങനെയാ ഈ മാസം പിറന്നത്‌ കൃത്യമായി അറിയുന്നെ?

ഒന്നിടറിയാല്‍ താങ്ങാവാന്‍ അവന്‍റെ കൈകളുണ്ടെന്ന തിരിച്ചറിവ് അത് തന്നെ അതിനു കാരണം.
അവന്‍റെ പ്രണയം.............
തുഴ പോലെ...............
പുഴ പോലെ............
മഴ പോലെ...........
എന്നെ സ്നേഹിച്ച് സ്നേഹിച്ച് നിനക്ക് വട്ടായി തുടങ്ങിയിരിക്കുന്നു എന്നവന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ആ സ്നേഹത്തിന്‍റെ പേരില്‍ ഞാന്‍ തെളിയിച്ച ആ തിരി വെളിച്ചം കെടാവിള ക്കാവുന്നു .Tuesday, May 15, 2012

വെറുതെ...........ഒരു പോസ്റ്റ്‌!!!!!

മഴ പെയ്തും പെയ്യാതെയും ദിവസങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു.
വേനലവധി ഇപ്പോള്‍ തീരും.
മഴയുടെ നാളുകളായെന്ന് ഓര്‍മിപ്പിക്കാന്‍ ഇന്ന് ഇടവം പിറന്നു.
മഴയുടെ മാസം.
ഒരു ഇടവപ്പാതിയില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.
പക്ഷെ ഞാന്‍ എത്തിയത് ഒരു ചിങ്ങമഴയിലാണ്.
ഓണനിലാവുദിച്ച ഒരു വെളുപ്പാന്‍ കാലത്ത്.

പോപ്പിയും ജോണ്‍സും എത്തി പുതിയ പേരിട്ട കുടയിറക്കിക്കൊണ്ട് .
ഇന്ന് അതിന്‍റെ പരസ്യത്തില്‍ ഉണ്ടായിരുന്ന ആ സുന്ദരിക്കുട്ടി മരിച്ചു എന്നറിഞ്ഞപ്പോള്‍ സങ്കടം വന്നു.
ഒപ്പം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ സംഭവം അറിഞ്ഞപ്പോഴും.
ഈ ആനയൊന്നും ഉത്സവങ്ങള്‍ക്ക് വേണ്ടെന്നു തീരുമാനിക്കണം എന്ന് അത് കണ്ടപ്പോള്‍ തോന്നി.
"അതുങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുമ്പോള്‍ അവ പ്രതികരിക്കതിരുന്നതെങ്ങനെ ??????
ഈ പൊരി വെയിലത്ത്‌ ചുട്ടു പൊള്ളുന്ന ടാറിട്ട റോട്ടില്‍ നമ്മളെ നിര്‍ത്തിയാല്‍ നമ്മള്‍ സമ്മതിക്കുമോ?????"
ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു.
(ദൈവമേ പൂരപ്രേമികള്‍ ഇത് വായിച്ചാല്‍ എന്നെ നുറുക്കി നുറുക്കി ഉപ്പേരിയുണ്ടാക്കി കഴിക്കും.)

കഴിഞ്ഞു പോയ ദിവസങ്ങളില്‍ യാത്രകള്‍ ഒരുപാടുണ്ടായിരുന്നു.
കണ്ട കാഴ്ചകളും ഏറെ മനോഹരങ്ങള്‍ ആയിരുന്നു.
ചില ഇഷ്ടങ്ങളെ ഒരിക്കല്‍ കൂടി താലോലിക്കാന്‍ സാധിച്ചു.
ചിലത് കുറെ പഴയ ഓര്‍മ്മകളെ തിരികെ കൊണ്ട് തന്നു.
ഇപ്പോഴിപ്പോള്‍ ജീവിതത്തോട് ഒരുപാടു ഇഷ്ടം തോന്നുന്നു.

ആമ്പല്‍ പൂത്ത പാടത്തേക്കു പോയപ്പോള്‍ ,നടുക്കുള്ള വരമ്പിലൂടെ ഓടിനടന്നപ്പോള്‍ "അക്കാപ്പൂ "ന്നും പറഞ്ഞു നടന്ന സ്കൂള്‍ കുട്ട്യേ ഓര്‍മ്മ വന്നു.
അന്നൊക്കെ അതിനു നടുക്കുള്ള മഞ്ഞ അല്ലി തിന്നുമായിരുന്നു.
നീളമുള്ള തണ്ട് പൊട്ടിച്ച് പൊട്ടിച്ച് മാലയാക്കി നടുക്ക് പൂവ് ലോക്കറ്റ് പോലെ ആക്കി കഴുത്തില്‍ ഇട്ടു നടക്കുമായിരുന്നു.
മനസ്സില്‍ പ്രണയം എന്ന കൌതുകം നിറയാന്‍ തുടങ്ങിയപ്പോള്‍ അത്തരം മാലകള്‍ ഇല്ലത്തെ കൃഷ്ണന്‍റെ പ്രതിമയില്‍ ചാര്ത്തുമായിരുന്നു.
പച്ച നിറമുള്ള ഒരു ഫുള്‍ പാവാട ഉണ്ടായിരുന്നു.അതും കറുപ്പ് ബ്ലൌസും ഇട്ടു കുറെ നടന്നിട്ടുണ്ട്.
പാടത്ത് കൂടെ നടക്കുമ്പോള്‍ കാറ്റില്‍ പാറുന്ന പാവാട, അത് പിടിച്ച് ഓടുമായിരുന്നു.
എത്ര ഭംഗിയുള്ള ദിവസങ്ങള്‍ ആയിരുന്നു അതെല്ലാം!!!!!!!!!!
ദാവണി അന്നൊക്കെ ഇഷ്ടമായിരുന്നെങ്കിലും ഒരിക്കലും ഉടുത്തിട്ടില്ല.
സിനിമകളിലും മറ്റും കാണുന്ന നായികാ സങ്കല്‍പം.
പാടത്ത് കൂടെ ഓടി വരുന്ന പെണ്‍കുട്ടി.
ഇരുവശവും പിന്നിയിട്ട നീളമുള്ള തലമുടി.
ഇതുപോലെ ദാവണി വേഷത്തില്‍ .............
എന്നെ ഞാന്‍ ഒരുപാടു സങ്കല്പ്പിച്ചിട്ടുണ്ട് അങ്ങനെ.
പക്ഷെ സുന്ദരിയല്ല എന്ന ഒരു കോമ്പ്ലെക്സ് ആ വേഷത്തില്‍ നിന്ന് എന്നും എന്നെ പിന്തിരിപ്പിച്ചിട്ടുണ്ട്.

ഗുല്‍മോഹര്‍ നിറഞ്ഞു പൂത്ത വഴിയരികിലൂടെയുള്ള സായാഹ്നത്തിലെ നടത്തം.
ചെറിയ മരങ്ങള്‍ ആണ് മിക്കതും.
പക്ഷെ ഇലയില്ലാത്ത പോലെ ആണ് ഒന്നിലും.
പൂക്കള്‍ മാത്രം.
ശരിക്കും രക്തവര്‍ണ്ണം തന്നെ.
ഇത്രയും ചുവപ്പ് മറ്റൊന്നിലും ഞാന്‍ കണ്ടിട്ടേയില്ല.
അതുകൊണ്ട് ഓരോ ദിവസവും വൈകുന്നേരം ആവാന്‍ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി.

പ്രണയം എനിക്കിപ്പോള്‍ മഴ നനഞ്ഞ രാത്രികള്‍ നല്‍കുന്നു.
ഓരോ മഴയിലും ഞാന്‍ അറിഞ്ഞു കൊണ്ടേയിരിക്കുന്നു,കണ്ടു കൊണ്ടേയിരിക്കുന്നു,അവനെന്നോടുള്ള പ്രണയത്തെ.
ജനാല തുറന്നിട്ട് ഇരുട്ടിലേക്ക് നോക്കുമ്പോള്‍ തിളങ്ങുന്ന മഴമുത്തുകള്‍ അവന്‍റെ മിഴികളാണെന്ന് ഞാന്‍ അറിയാറുണ്ട്.
അവയെ നേരിടാനാവാതെ കണ്ണുകള്‍ അടച്ചു ഞാന്‍ നില്‍ക്കുമ്പോള്‍ ഒരു കാറ്റിലൂടെ ഒരു മഴതുള്ളി എന്‍റെ മുഖത്തേക്ക് വന്നു പതിക്കാരുണ്ട്.

ഒരു കണ്ടുമുട്ടലിനു മനസ് മോഹിക്കുന്നുണ്ട്.
സംഭവിക്കുമോ എന്നറിയാത്ത ആ കൂടികാഴ്ചയെ കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു മനസ്.
ഇന്നലെ മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്നത് സ്വപ്നം കണ്ടു.
മേഘങ്ങളുടെ ചിത്രങ്ങളെ കണ്ടത് കൊണ്ടാകാം.

ഇപ്പോള്‍ മനസ്സില്‍ തെളിയുന്നത് ജയപ്രദയുടെ മുഖം ആണ്.
ജയപ്രദയെ എനിക്കൊരുപാട് ഇഷ്ടമാണ്.
മാത്യൂസെന്ന ഭര്‍ത്താവിന്‍റെ നല്ല ഭാര്യയായ,
മനസില്‍ ഇപ്പോഴും എവിടെയോ അച്ചുവിനോടുള്ള പ്രണയം ഒരു കുഞ്ഞു മെഴുകുതിരി പോലെ കൊണ്ട് നടക്കുന്ന ഗ്രെയ്സിനെ ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ..............
അലീനയുടെ,മഹേശ്വരിന്റെ സംഗീതത്തിലെ അലീനയായി മാറിയ ജയപ്രദയുടെ മുഖം.
അതാണ്‌ ഇപ്പോള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.
മനസ്സില്‍ ചേര്‍ത്ത് വെച്ച മറ്റൊരു സിനിമയാണ് ദേവദൂതന്‍.
ആരോ ആരോടോ എന്തോ പറയാന്‍ ആഗ്രഹിക്കുന്നു.
അലീന,അവളുടെ പ്രണയം,അതിന്‍റെ നിഷ്കളങ്കത,തീക്ഷ്ണത അങ്ങനെ എല്ലാം എനിക്ക് പ്രിയമാണ്.
ആ സപ്ത സ്വര മണികളുടെ ചന്തം,അതില്‍ നിന്നും ഉണ്ടാക്കിയ വിദ്യാസാഗറിന്റെ മനോഹര സംഗീതം അങ്ങനെ ഒക്കെ ..............
ഇന്നത്‌ കണ്ടപ്പോള്‍ ഞാന്‍ അലീനയെ പോലെ ആവാന്‍ മോഹിച്ചു.
പാടട്ടെ
എന്‍ ജീവനെ .............എങ്ങാണ് നീ..............
ഇനിയെന്ന് കാണും................വീണ്ടും...................

ഈ രാത്രിയും എന്നില്‍ നിന്ന് പോവുമ്പോള്‍
നിന്നോട് പറയട്ടെ ,
നാളെ വീണ്ടും ഒരു ദിനം കൂടി എനിക്ക് കിട്ടുമ്പോള്‍ ഇന്നത്തേക്കാള്‍ ഒരുപാട് കൂടുതല്‍ ഞാന്‍ നിന്നെ പ്രണയിക്കും!!!!!!!!!!!!!!!!Sunday, May 6, 2012

നിലാവ് നല്‍കിയതാണീ പോസ്റ്റ്‌!!!

06-05-2012
Sunday
11-30pm

വെയില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ദിവസങ്ങള്‍.
മഴയായി പെയ്യാന്‍ മടിക്കുന്ന മേഘങ്ങള്‍ നിറഞ്ഞ ആകാശം.
നിലാവിന് ഒരു നേര്‍ത്ത നീല നിറമുണ്ട്.
നീലയും കറുപ്പും കൂടിയ നിറം.
ഭൂമിയ്ക്കിപ്പോള്‍ കണ്ണന്‍റെ നിറം.
ഗുരുവായൂര്‍ക്ക് പോയിട്ട് ദിവസം കുറച്ചായി.
കാണണം കണ്ണനെ.
ഒരു ചിരി ആ മുഖത്തേക്ക് നോക്കി കൊടുക്കാനുണ്ട്.
നല്‍കിയ സന്തോഷത്തിന്‍റെ ദക്ഷിണ പോലെ......................
ഭക്തിയുടെയും,സ്നേഹത്തിന്റെയും നിവേദ്യം പോലെ................
കേള്‍ക്കാന്‍ ആഗ്രഹിച്ചത്‌ കേട്ടപ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ ആ രൂപം മാത്രമാണ്.
ഒരു കയ്യില്‍ വെണ്ണയും മറു കയ്യില്‍ ഓടക്കുഴലും പിടിച്ച ,ആരോ വരച്ചിട്ട ,എങ്ങോ കണ്ടു മറന്ന ഒരു മുഖം.
ഇപ്പോള്‍ "കൈ നിറയെ വെണ്ണ തരാന്‍" എന്ന പാട്ട് കേള്‍ക്കുന്നു.
ഇതല്ലേ ഗുരുവായൂരപ്പനെ ഇത്രേം ഇഷ്ടാവാന്‍ കാരണം.
മനസ്സില്‍ നിരീച്ചപ്പോഴേക്കും ദാ വന്നു ഒരു പാട്ടിലൂടെ.

ഇന്ന് പൌര്‍ണമിയാണ്.
വൈശാഖത്തിലെ പൌര്‍ണമി.
ചന്ദ്രന്‍ ഇന്ന് ഭൂമിയോട് ഏറ്റവുമടുത്ത് എത്തുന്നുണ്ടത്രേ.
അരലക്ഷം കിലോമീറ്റര്‍ അടുത്തേക്കെത്തി.
സൂപ്പര്‍ മൂണ്‍.

സമയം പന്ത്രണ്ടു മണി ആയി.
ഈ നിശബ്ദതക്കെന്തു ഭംഗിയാണ്!!!!
മനസ്സില്‍ പ്രണയം പുറത്തെ നിലാവ് പോലെ......................
ജനലിലൂടെ നോക്കുമ്പോള്‍ കാണാം സന്തോഷത്തോടെ ഉദിച്ചു നില്‍ക്കുന്ന ചന്ദ്രനെ.
അതിനടുത്ത് എന്നെ നോക്കി നില്‍ക്കുന്നോ എന്ന് തോന്നിക്കുന്ന നക്ഷത്രത്തെ.
നേര്‍ത്തൊരു കാറ്റ് വീശുന്നു.
അങ്ങ് ദൂരെയുള്ള വീട്ടില്‍ ഇനിയും വിളക്കണഞ്ഞിട്ടില്ല.
ആ മുറ്റത്തെ മാവിന്‍ കൊമ്പുകളെ അതിലാടുന്ന ഇലകളെ ഇവിടെയിരുന്നു വ്യക്തമായി കാണാം.

ഇന്നത്തെ ദിനം ഏറെ മനോഹരമായിരുന്നു.
ഇന്നലത്തെ സന്ധ്യ എന്നെ കരയിച്ചുവെങ്കില്‍ ഇന്നത്തെ സന്ധ്യ എന്നെ ചിരിപ്പിച്ചു.
അവന്‍റെ പ്രണയം എനിക്കൊപ്പം ഉണ്ടെങ്കില്‍ എന്‍റെ കണ്ണീരും എന്നെ ചിരിപ്പിക്കും.
"ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു............
ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ.................."
ഏറെ ഇഷ്ടമുള്ള പാട്ടാണ്.

തോട്ടത്തിനപ്പുറത്തുള്ള പാടത്ത് നിലാവ് കൊണ്ട് മോഹിച്ച് നില്‍ക്കാന്‍ കൊതിച്ചു.
വരമ്പില്‍ വെറുതെ ഇരിക്കാനും.
ഇപ്പോള്‍ ഒരു മോഹം,പറയട്ടെ നിന്നോട്,ചോദിക്കട്ടെ നിന്നോട്????????????
പോരുന്നോ എന്‍റെ അടുത്തേക്ക്???
ഇവിടെ ഈ ഏകാന്തതയില്‍ ഈ മനോഹര നിശബ്ദതയില്‍ എനിക്കൊപ്പം കൂട്ടായി.............
നമുക്കൊരുമിച്ചു അമ്പിളി അമ്മാവനെ കയ്യിലെടുക്കാന്‍ നോക്കാന്‍.............
നേരിയ പുകമഞ്ഞില്‍ ചിത്രം വരക്കാന്‍...............
ഇളം കാറ്റില്‍ ആടാന്‍ മടിച്ചു നില്‍ക്കുന്ന ഉറങ്ങാന്‍ തുടങ്ങുന്ന കുഞ്ഞു ചെടികളിലെ ഇലകളെ തലോടാന്‍..................
നീയും വരാമോ??????

വന്നാല്‍...............
നമുക്കിവിടെ പുലരുവോളം ഇരിക്കാം.
നമ്മുടെ മൌനം ശ്രുതിയിട്ട പ്രണയ ഗാനം ആസ്വദിക്കാം.
നിന്നെ എന്‍റെ മടിയില്‍ കിടത്താം.
ഇടതിങ്ങിയ തലമുടിയിഴകളിലൂടെ എന്‍റെ വിരലുകള്‍ അലസമായി ചലിപ്പിക്കാം.
ആ സുഖത്തില്‍ നിന്‍റെ കണ്ണുകള്‍ അടയാന്‍ തുടങ്ങുമ്പോള്‍ പതിയെ ഒരു താരാട്ട് മൂളാം.
നീ ഉറങ്ങുമ്പോള്‍ ഉണരും വരെ നിന്നെ നോക്കിയിരിക്കാം.

ഇന്ന് സന്ധ്യക്ക് തറവാട്ടിലെ അമ്പലത്തില്‍ പോയി.
അയ്യപ്പ സ്വാമിയെ കണ്ടു.
നില്‍ക്കുന്ന അയ്യപ്പ പ്രതിഷ്ഠ.
ദീപാരാധന സമയം.
നിറയെ നിലവിളക്കുകള്‍ക്കിടയില്‍ ഭഗവാന്‍.
മനസിലെ സങ്കടം മുഴുവനും ഒരു നിമിഷം കൊണ്ട് പൊയ്പോയി.
മുറ്റത്തെ വലിയ അരയാല്‍ മരം.
നിറയെ ഇളം തളിരിലകള്‍.
കാറ്റില്‍ അവ വിറയ്ക്കുന്നത് കാണുമ്പോള്‍ തോന്നുന്ന കുസൃതി,കൌതുകം പറഞ്ഞാലും തീരില്ല.
ഭഗവതിക്ക് മുന്നിലെ കണിക്കൊന്ന മരത്തില്‍ രണ്ടു കുല കൊന്നപൂവുകള്‍,ഗുരുവായൂരപ്പാന്നു വിളിപ്പിച്ചു.
പിന്നില്‍ നില്‍ക്കുന്ന കോളാമ്പി പൂവുകള്‍ ഒരു നിമിഷത്തേക്ക് എന്‍റെ ഇല്ലത്തേക്ക് കൊണ്ട് പോയി.
താഴെ വീണു കിടക്കുന്ന പൂവുകള്‍ എടുത്തപ്പോള്‍ പണ്ട് ഈര്‍ക്കിലില്‍ കോര്‍ത്ത കോളാമ്പിയും ചെമ്പരത്തിയും ഇട കലര്‍ത്തിയ പൂക്കാവടികള്‍ ഓര്‍മ്മ അവന്നു.
നല്ല മണമാണ് ഈ പൂക്കള്‍ക്ക്.
പണ്ടൊക്കെ മഞ്ഞ നിറം വലിയ ഇഷ്ടമായിരുന്നു.
അതിനു കാരണം ഈ പൂക്കള്‍ ആയിരുന്നു.
അമ്പലമുറ്റത്തെ നടവരിയുടെ ഇരു വശവും കറുകയും,തഴുതാമയും മുയല്‍ച്ചെവി ചെടികളും ഇടതിങ്ങിയിരുന്നു.
ഈ തഴുതാമ തോരന്‍ നല്ല സ്വാദാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ഇതുവരെ കൂട്ടിയിട്ടില്ല.

തറവാട്ടു മുറ്റത്തെക്കുള്ള ഇടവഴിയുടെ തുടക്കത്തില്‍ അത്ര വലുതല്ലാത്ത ഒരു ഗുല്‍മോഹര്‍ മരം നില്‍ക്കുന്നുണ്ടായിരുന്നു.
അവിടവിടെ ആയി പൂക്കളും ഉണ്ട്.
വരുന്ന വഴിയില്‍ ഇരു വശങ്ങളിലും ആയി കുറെ പൂത്തു നില്‍പ്പുണ്ടായിരുന്നു ഗുല്‍മോഹര്‍ പൂക്കള്‍.
കഴിഞ്ഞ വീണ്ടും കോഴിക്കോട്ടേയ്ക്ക് പോയപ്പോ കണ്ടു ഗുല്‍മോഹര്‍ വിരിച്ച എന്‍ എച്ച് വഴിയെ.
പറഞ്ഞു ഫലിപ്പിക്കാനാവുന്നില്ല അതിന്‍റെ ഭംഗി.
അതിനെ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല.

അയ്യപ്പ സ്വാമിയെ കണ്ടു തിരിച്ചു വരുമ്പോള്‍ കണ്ടു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്ന വല്യ ചന്ദ്രനെ.
ഇത്രേം വല്യകുട്ടി ആയേന്റെ നാണം കൊണ്ടെന്നു തോന്നിച്ചു.
അച്ചൂന് കാണിച്ചു കൊടുത്തു.
ദേ നമ്മടെ കൂടെ അമ്പിളി അമ്മാവനും വരണൂന്നും പറഞ്ഞ്.

അച്ചൂന്റെ കൂടെ അമ്പിളി അമ്മാവനേം,നക്ഷത്രങ്ങളേം കാണുമ്പോള്‍,
തുമ്പിയേം,പൂമ്പാറ്റേം,പറ്റി സംസാരിക്കുമ്പോള്‍ ഞാനും ചിലപ്പോഴൊക്കെ അവളെ പോലെ ചെറിയ കുട്ടി ആവാറുണ്ട്.
അവളോട്‌ തല്ലു കൂടുമ്പോ അമ്മ ചോദിക്കും ഇതിലാരാ കുട്ടി എന്ന്.
അവളിപ്പോ വല്യ ആളായെന്നാ ഭാവം.
ചില ഡയലോഗുകള്‍ അങ്ങനെയാണ്.
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌താല്‍ ഫേസ് ബുക്ക് എടുക്കാന്‍ പറയും.
angry birds കളിക്കണംത്രെ.
ഉറക്കത്തില്‍ നിന്ന് ചെലപ്പോ എണീറ്റ്‌ കരയും.
അമ്മെ സൊപ്പ(സ്വപ്നം)കണ്ടൂന്നും പറഞ്ഞ്.
അച്ചു എന്താ കണ്ടെന്നു ചോദിച്ചപ്പോ പറയാ മമ്മൂട്ടിയെന്ന്.
മമ്മൂട്ടി എന്തെ അചൂനെ കാട്ടിയെന്ന് ചോദിച്ചു.
മമ്മൂട്ടി തുള്ളീത്രേ!
അതും പറഞ്ഞ് കളിയാക്കും എപ്പഴും.
അപ്പൊ അവള്‍ "ങ്ങും"ന്ന് പറഞ്ഞ് മുഖം തിരിക്കും.
പെണങ്ങിയെന്ന പോലെ.
അവള്‍ടെ കഥകള്‍ എന്ന് പറഞ്ഞ് ഒരു പോസ്റ്റ്‌ ഇടാന്‍ പാകത്തിനുള്ള കയ്യിലിരിപ്പൊക്കെ അവള്‍ക്കുണ്ട്.

ഇന്നലെ വൈകുന്നേരം കല്യാണിക്കാവിലേക്ക് പോയിരുന്നു.
പ്രദക്ഷിണം വെച്ചിട്ട് കുറച്ചു നേരം കല്യാണിപ്പാടത്തെയ്ക്ക് നോക്കി നിന്നു.
കുട്ടികള്‍ ക്രിക്കെറ്റ് കളിക്കുന്നുണ്ടായിരുന്നു.
വെള്ള ആകാശത്തില്‍ നീല മേഘങ്ങള്‍ അവിടവിടെ ആയി അലസം കിടപ്പുണ്ടായിരുന്നു.
അമ്പലക്കുളം കണ്ടപ്പോള്‍ മനസ്സില്‍ മിനിഞ്ഞാന്ന് രാത്രി കണ്ട സ്വപ്നം ഓര്‍മ്മ വന്നു.
വെള്ളത്തിനടിയിലെ പായല്‍ കണ്ടപ്പോള്‍,
ബ്ലോഗുകളുടെ ലോകത്തില്‍ വന്നപ്പോള്‍ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ കൊണ്ട് സന്തോഷപ്പെടുത്തിയ ഒരു ബ്ലോഗില്‍ ആ പായല്‍ ചിത്രം ഉണ്ടായിരുന്നതോര്‍മ്മ വന്നു.
ആ ബ്ലോഗ്ഗര്‍ ഇപ്പോഴെന്താണാവോ ചിത്രങ്ങള്‍ ഒന്നും ഇടാത്തെ.