06-05-2012
Sunday
11-30pm
വെയില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ദിവസങ്ങള്‍.
മഴയായി പെയ്യാന്‍ മടിക്കുന്ന മേഘങ്ങള്‍ നിറഞ്ഞ ആകാശം.
നിലാവിന് ഒരു നേര്‍ത്ത നീല നിറമുണ്ട്.
നീലയും കറുപ്പും കൂടിയ നിറം.
ഭൂമിയ്ക്കിപ്പോള്‍ കണ്ണന്‍റെ നിറം.
ഗുരുവായൂര്‍ക്ക് പോയിട്ട് ദിവസം കുറച്ചായി.
കാണണം കണ്ണനെ.
ഒരു ചിരി ആ മുഖത്തേക്ക് നോക്കി കൊടുക്കാനുണ്ട്.
നല്‍കിയ സന്തോഷത്തിന്‍റെ ദക്ഷിണ പോലെ......................
ഭക്തിയുടെയും,സ്നേഹത്തിന്റെയും നിവേദ്യം പോലെ................
കേള്‍ക്കാന്‍ ആഗ്രഹിച്ചത് കേട്ടപ്പോള്‍ മനസ്സില്‍ നിറഞ്ഞത് ആ രൂപം മാത്രമാണ്.
ഒരു കയ്യില്‍ വെണ്ണയും മറു കയ്യില്‍ ഓടക്കുഴലും പിടിച്ച ,ആരോ വരച്ചിട്ട ,എങ്ങോ കണ്ടു മറന്ന ഒരു മുഖം.
ഇപ്പോള്‍ "കൈ നിറയെ വെണ്ണ തരാന്‍" എന്ന പാട്ട് കേള്‍ക്കുന്നു.
ഇതല്ലേ ഗുരുവായൂരപ്പനെ ഇത്രേം ഇഷ്ടാവാന്‍ കാരണം.
മനസ്സില്‍ നിരീച്ചപ്പോഴേക്കും ദാ വന്നു ഒരു പാട്ടിലൂടെ.
ഇന്ന് പൌര്‍ണമിയാണ്.
വൈശാഖത്തിലെ പൌര്‍ണമി.
ചന്ദ്രന്‍ ഇന്ന് ഭൂമിയോട് ഏറ്റവുമടുത്ത് എത്തുന്നുണ്ടത്രേ.
അരലക്ഷം കിലോമീറ്റര്‍ അടുത്തേക്കെത്തി.
സൂപ്പര്‍ മൂണ്‍.
സമയം പന്ത്രണ്ടു മണി ആയി.
ഈ നിശബ്ദതക്കെന്തു ഭംഗിയാണ്!!!!
മനസ്സില്‍ പ്രണയം പുറത്തെ നിലാവ് പോലെ......................
ജനലിലൂടെ നോക്കുമ്പോള്‍ കാണാം സന്തോഷത്തോടെ ഉദിച്ചു നില്‍ക്കുന്ന ചന്ദ്രനെ.
അതിനടുത്ത് എന്നെ നോക്കി നില്‍ക്കുന്നോ എന്ന് തോന്നിക്കുന്ന നക്ഷത്രത്തെ.
നേര്‍ത്തൊരു കാറ്റ് വീശുന്നു.
അങ്ങ് ദൂരെയുള്ള വീട്ടില്‍ ഇനിയും വിളക്കണഞ്ഞിട്ടില്ല.
ആ മുറ്റത്തെ മാവിന്‍ കൊമ്പുകളെ അതിലാടുന്ന ഇലകളെ ഇവിടെയിരുന്നു വ്യക്തമായി കാണാം.
ഇന്നത്തെ ദിനം ഏറെ മനോഹരമായിരുന്നു.
ഇന്നലത്തെ സന്ധ്യ എന്നെ കരയിച്ചുവെങ്കില്‍ ഇന്നത്തെ സന്ധ്യ എന്നെ ചിരിപ്പിച്ചു.
അവന്‍റെ പ്രണയം എനിക്കൊപ്പം ഉണ്ടെങ്കില്‍ എന്‍റെ കണ്ണീരും എന്നെ ചിരിപ്പിക്കും.
"ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു............
ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ.................."
ഏറെ ഇഷ്ടമുള്ള പാട്ടാണ്.
തോട്ടത്തിനപ്പുറത്തുള്ള പാടത്ത് നിലാവ് കൊണ്ട് മോഹിച്ച് നില്‍ക്കാന്‍ കൊതിച്ചു.
വരമ്പില്‍ വെറുതെ ഇരിക്കാനും.
ഇപ്പോള്‍ ഒരു മോഹം,പറയട്ടെ നിന്നോട്,ചോദിക്കട്ടെ നിന്നോട്????????????
പോരുന്നോ എന്‍റെ അടുത്തേക്ക്???
ഇവിടെ ഈ ഏകാന്തതയില്‍ ഈ മനോഹര നിശബ്ദതയില്‍ എനിക്കൊപ്പം കൂട്ടായി.............
നമുക്കൊരുമിച്ചു അമ്പിളി അമ്മാവനെ കയ്യിലെടുക്കാന്‍ നോക്കാന്‍.............
നേരിയ പുകമഞ്ഞില്‍ ചിത്രം വരക്കാന്‍...............
ഇളം കാറ്റില്‍ ആടാന്‍ മടിച്ചു നില്‍ക്കുന്ന ഉറങ്ങാന്‍ തുടങ്ങുന്ന കുഞ്ഞു ചെടികളിലെ ഇലകളെ തലോടാന്‍..................
നീയും വരാമോ??????
വന്നാല്‍...............
നമുക്കിവിടെ പുലരുവോളം ഇരിക്കാം.
നമ്മുടെ മൌനം ശ്രുതിയിട്ട പ്രണയ ഗാനം ആസ്വദിക്കാം.
നിന്നെ എന്‍റെ മടിയില്‍ കിടത്താം.
ഇടതിങ്ങിയ തലമുടിയിഴകളിലൂടെ എന്‍റെ വിരലുകള്‍ അലസമായി ചലിപ്പിക്കാം.
ആ സുഖത്തില്‍ നിന്‍റെ കണ്ണുകള്‍ അടയാന്‍ തുടങ്ങുമ്പോള്‍ പതിയെ ഒരു താരാട്ട് മൂളാം.
നീ ഉറങ്ങുമ്പോള്‍ ഉണരും വരെ നിന്നെ നോക്കിയിരിക്കാം.
ഇന്ന് സന്ധ്യക്ക് തറവാട്ടിലെ അമ്പലത്തില്‍ പോയി.
അയ്യപ്പ സ്വാമിയെ കണ്ടു.
നില്‍ക്കുന്ന അയ്യപ്പ പ്രതിഷ്ഠ.
ദീപാരാധന സമയം.
നിറയെ നിലവിളക്കുകള്‍ക്കിടയില്‍ ഭഗവാന്‍.
മനസിലെ സങ്കടം മുഴുവനും ഒരു നിമിഷം കൊണ്ട് പൊയ്പോയി.
മുറ്റത്തെ വലിയ അരയാല്‍ മരം.
നിറയെ ഇളം തളിരിലകള്‍.
കാറ്റില്‍ അവ വിറയ്ക്കുന്നത് കാണുമ്പോള്‍ തോന്നുന്ന കുസൃതി,കൌതുകം പറഞ്ഞാലും തീരില്ല.
ഭഗവതിക്ക് മുന്നിലെ കണിക്കൊന്ന മരത്തില്‍ രണ്ടു കുല കൊന്നപൂവുകള്‍,ഗുരുവായൂരപ്പാന്നു വിളിപ്പിച്ചു.
പിന്നില്‍ നില്‍ക്കുന്ന കോളാമ്പി പൂവുകള്‍ ഒരു നിമിഷത്തേക്ക് എന്‍റെ ഇല്ലത്തേക്ക് കൊണ്ട് പോയി.
താഴെ വീണു കിടക്കുന്ന പൂവുകള്‍ എടുത്തപ്പോള്‍ പണ്ട് ഈര്‍ക്കിലില്‍ കോര്‍ത്ത കോളാമ്പിയും ചെമ്പരത്തിയും ഇട കലര്‍ത്തിയ പൂക്കാവടികള്‍ ഓര്‍മ്മ അവന്നു.
നല്ല മണമാണ് ഈ പൂക്കള്‍ക്ക്.
പണ്ടൊക്കെ മഞ്ഞ നിറം വലിയ ഇഷ്ടമായിരുന്നു.
അതിനു കാരണം ഈ പൂക്കള്‍ ആയിരുന്നു.
അമ്പലമുറ്റത്തെ നടവരിയുടെ ഇരു വശവും കറുകയും,തഴുതാമയും മുയല്‍ച്ചെവി ചെടികളും ഇടതിങ്ങിയിരുന്നു.
ഈ തഴുതാമ തോരന്‍ നല്ല സ്വാദാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ഇതുവരെ കൂട്ടിയിട്ടില്ല.
തറവാട്ടു മുറ്റത്തെക്കുള്ള ഇടവഴിയുടെ തുടക്കത്തില്‍ അത്ര വലുതല്ലാത്ത ഒരു ഗുല്‍മോഹര്‍ മരം നില്‍ക്കുന്നുണ്ടായിരുന്നു.
അവിടവിടെ ആയി പൂക്കളും ഉണ്ട്.
വരുന്ന വഴിയില്‍ ഇരു വശങ്ങളിലും ആയി കുറെ പൂത്തു നില്‍പ്പുണ്ടായിരുന്നു ഗുല്‍മോഹര്‍ പൂക്കള്‍.
കഴിഞ്ഞ വീണ്ടും കോഴിക്കോട്ടേയ്ക്ക് പോയപ്പോ കണ്ടു ഗുല്‍മോഹര്‍ വിരിച്ച എന്‍ എച്ച് വഴിയെ.
പറഞ്ഞു ഫലിപ്പിക്കാനാവുന്നില്ല അതിന്‍റെ ഭംഗി.
അതിനെ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല.
അയ്യപ്പ സ്വാമിയെ കണ്ടു തിരിച്ചു വരുമ്പോള്‍ കണ്ടു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്ന വല്യ ചന്ദ്രനെ.
ഇത്രേം വല്യകുട്ടി ആയേന്റെ നാണം കൊണ്ടെന്നു തോന്നിച്ചു.
അച്ചൂന് കാണിച്ചു കൊടുത്തു.
ദേ നമ്മടെ കൂടെ അമ്പിളി അമ്മാവനും വരണൂന്നും പറഞ്ഞ്.
അച്ചൂന്റെ കൂടെ അമ്പിളി അമ്മാവനേം,നക്ഷത്രങ്ങളേം കാണുമ്പോള്‍,
തുമ്പിയേം,പൂമ്പാറ്റേം,പറ്റി സംസാരിക്കുമ്പോള്‍ ഞാനും ചിലപ്പോഴൊക്കെ അവളെ പോലെ ചെറിയ കുട്ടി ആവാറുണ്ട്.
അവളോട് തല്ലു കൂടുമ്പോ അമ്മ ചോദിക്കും ഇതിലാരാ കുട്ടി എന്ന്.
അവളിപ്പോ വല്യ ആളായെന്നാ ഭാവം.
ചില ഡയലോഗുകള്‍ അങ്ങനെയാണ്.
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്‌താല്‍ ഫേസ് ബുക്ക് എടുക്കാന്‍ പറയും.
angry birds കളിക്കണംത്രെ.
ഉറക്കത്തില്‍ നിന്ന് ചെലപ്പോ എണീറ്റ് കരയും.
അമ്മെ സൊപ്പ(സ്വപ്നം)കണ്ടൂന്നും പറഞ്ഞ്.
അച്ചു എന്താ കണ്ടെന്നു ചോദിച്ചപ്പോ പറയാ മമ്മൂട്ടിയെന്ന്.
മമ്മൂട്ടി എന്തെ അചൂനെ കാട്ടിയെന്ന് ചോദിച്ചു.
മമ്മൂട്ടി തുള്ളീത്രേ!
അതും പറഞ്ഞ് കളിയാക്കും എപ്പഴും.
അപ്പൊ അവള്‍ "ങ്ങും"ന്ന് പറഞ്ഞ് മുഖം തിരിക്കും.
പെണങ്ങിയെന്ന പോലെ.
അവള്‍ടെ കഥകള്‍ എന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഇടാന്‍ പാകത്തിനുള്ള കയ്യിലിരിപ്പൊക്കെ അവള്‍ക്കുണ്ട്.
ഇന്നലെ വൈകുന്നേരം കല്യാണിക്കാവിലേക്ക് പോയിരുന്നു.
പ്രദക്ഷിണം വെച്ചിട്ട് കുറച്ചു നേരം കല്യാണിപ്പാടത്തെയ്ക്ക് നോക്കി നിന്നു.
കുട്ടികള്‍ ക്രിക്കെറ്റ് കളിക്കുന്നുണ്ടായിരുന്നു.
വെള്ള ആകാശത്തില്‍ നീല മേഘങ്ങള്‍ അവിടവിടെ ആയി അലസം കിടപ്പുണ്ടായിരുന്നു.
അമ്പലക്കുളം കണ്ടപ്പോള്‍ മനസ്സില്‍ മിനിഞ്ഞാന്ന് രാത്രി കണ്ട സ്വപ്നം ഓര്‍മ്മ വന്നു.
വെള്ളത്തിനടിയിലെ പായല്‍ കണ്ടപ്പോള്‍,
ബ്ലോഗുകളുടെ ലോകത്തില്‍ വന്നപ്പോള്‍ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ കൊണ്ട് സന്തോഷപ്പെടുത്തിയ ഒരു ബ്ലോഗില്‍ ആ പായല്‍ ചിത്രം ഉണ്ടായിരുന്നതോര്‍മ്മ വന്നു.
ആ ബ്ലോഗ്ഗര്‍ ഇപ്പോഴെന്താണാവോ ചിത്രങ്ങള്‍ ഒന്നും ഇടാത്തെ.
നിലാവ് നല്‍കിയ പോസ്റ്റ് നറുനിലാവ് പോലെ
ReplyDeleteപ്രിയ ഉമ,
ReplyDeleteസത്യം പറഞ്ഞാല്‍ കുറെ നാളുകള്‍ക്കു ശേഷമാണ് നിന്റെ ഒരു പോസ്റ്റ് വായിക്കുന്നത്....
പണ്ടത്തെ പോസ്റ്റുകള്‍ പോലെ അല്ലാട്ടോ, നീ ഒരുപാട് മാറിയിട്ടുണ്ട്.....
അക്ഷരങ്ങളിലും വാക്കുകളും പ്രയോഗങ്ങളിലും എല്ലാം നല്ലൊരു മാറ്റം പ്രകടമാണ്....
ഈ പോസ്റ്റ് എനിക്ക് ശരിക്കും ഇഷ്ടായി....പോസ്റ്റിന്റെ ഒഴുക്കിനൊപ്പം ഞാനും ഒഴുകുകയായിരുന്നു....
ഒറ്റയടിക്ക് ഫുള്‍ വായിച്ചു...ഗൃഹാതുരത്വമുണര്ത്തുന്ന ഒരുപാട് കാര്യങ്ങള്‍....മനസ്സൊന്നു തെളിഞ്ഞ പോലെ...
നന്ദി ഉമ, ഒരു നല്ല വായനക്ക്....
ഇശ്വരന്റെ ഹൃദയം പകുത്തു കിട്ടിയവരാണ് എഴുത്തുകാര്‍..
ReplyDeleteഈ തൂലികക്ക് എല്ലാവിധ ആശംസകളും..ഇനിയും എഴുതുക..വായനക്കാര്‍ക്കായി..
പൊടിപ്പും തൊങ്ങലും ഇല്ലാത്തൊരു വായന നല്‍കിയതിനായ് നന്ദി പറയുന്നു