പൂക്കള്‍ നല്‍കിയ സന്തോഷം,പുഞ്ചിരി.
(ഇതാണ് ശരിക്കും തലക്കെട്ട്.)
മിനിഞ്ഞാന്നത്തെ നിലാവിനോട് ഞാന്‍ പങ്കുവെച്ചത് എന്റെ കണ്ണീരായിരുന്നു.
പക്ഷെ ഇന്നലെ ഞാന്‍ കൊടുത്തത് ഒരു ചിരിയായിരുന്നു.
ഇന്നലത്തെ നിലാവിന് ഭംഗി കൂടി.
ഇപ്പോഴിപ്പോള്‍ എന്റെ ദിവസങ്ങള്‍ എനിക്ക് പ്രിയമാവുന്നത് യാത്രകളിലൂടെയാണ്.
ഇന്നലെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ദക്ഷിണാ മൂര്‍ത്തി അമ്പലത്തിലും,ചമ്പ്രമാണം അമ്പലത്തിലും പോയി.
വളരെയധികം സന്തോഷവും,ഉല്ലാസവും,സമാധാനവും തോന്നി.
രാവിലെ മുതല്‍ എന്റെ കണ്ണുകളും,മനസും നിര്‍ത്താതെ പെയ്യുകയായിരുന്നു.
ഗുരുവായൂരപ്പനും സങ്കടായി കാണും ഞാനിങ്ങനെ കരയുന്നത് കണ്ടപ്പോള്‍.
അതാ ഇന്നലെ ഒരു കുഞ്ഞു യാത്രയ്ക്കുള്ള അവസരം എനിക്ക് തന്നത്.
കൂടെ ഇച്ചിരി സന്തോഷോം.
ഒരു വേനല്‍ മഴയ്ക്കായി കാത്തിരിക്കുകയായിരുന്നു.
എന്റെ മുറ്റത്ത് വിരിഞ്ഞു എന്നെ ചിരിപ്പിക്കാനായി.
ശവം നാറി പൂവെന്നോ,കാട്ടുള്ളി പൂവെന്നോ അങ്ങനെ എന്തോ ഒരു പേരിലുള്ള ഈ പൂവ് എനിക്കൊരുപാട് പ്രിയമാണ്.
പണ്ട് എന്റെ കൌമാരങ്ങളില്‍ അവധി ദിവസങ്ങളില്‍ എന്റെ സ്വപ്‌നങ്ങള്‍ പങ്കു വെക്കുമായിരുന്നു എന്റെയീ ചങ്ങാതിയോട്.
അതൊക്കെ പക്ഷെ തിരിച്ചറിയുന്നത് ഇപ്പോഴാണ്.
ഒറ്റയ്ക്കാവുമ്പോള്‍ ഉറക്കെ വര്‍ത്തമാനം പറയുന്ന ശീലം എപ്പോഴോ ഒരിക്കല്‍ എന്റെ സ്വഭാവത്തില്‍ കേറിക്കൂടി.
(അതൊക്കെ ഒരിക്കല്‍ എനിക്ക് നഷ്ടപ്പെട്ടിരുന്നു.
ഇപ്പൊ വീണ്ടും എന്നെ തേടി എന്റെ പല നഷ്ടപ്പെട്ട ഇഷ്ടങ്ങളും വന്നു തുടങ്ങി.)
അപ്പൊ ചുറ്റും ഉള്ളതിനോടൊക്കെ കിന്നാരം പറയും.
ഒരു രസം.
കാറ്റിലാടുന്ന ഇലകളും,മരങ്ങളും,മാങ്ങാ കുലകളും ഒക്കെ എന്റെ കൂട്ടുകാര്‍ ആയിരുന്നു.
വല്ലാതെ ഇഷ്ടം കൂടുമ്പോള്‍ അതിനെയൊക്കെ മേല്‍ അമര്‍ത്തി ഉമ്മ വെക്കും.
ഒരിക്കല്‍ അത് കണ്ടിട്ട് അച്ഛമ്മ കുറെ കളിയാക്കി.
അതില്‍ പിന്നെ ആരും കാണാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കും.
അതൊക്കെ എന്റെ സ്വന്തം സ്വകാര്യങ്ങള്‍ അല്ലെ.
ഇപ്പൊ വിരലുകളില്‍ അച്ഛമ്മയെന്ന വാക്ക് അറിയാതെ വന്നതാണ്.
ഇന്നലെ കണ്ടെയുള്ളൂ സ്വപ്നത്തില്‍.
അത് മറന്നിരിക്കുകയായിരുന്നു.
"നീ പോസ്റ്റില്‍ എന്നെ കുറിച്ചും കൂടി എഴുതൂ എന്നോര്‍മ്മിപ്പിക്കാന്‍ " ആണോ ആ പേര് എന്റെ വിരലുകളിലേക്കു വന്നത്?
എന്തെഴുതാനാ അച്ഛമ്മേ.............??????
ചിലതൊക്കെ വാക്കുകള്‍ക്കും മടിയാണ് മനസിലാക്കി തരാന്‍.
അങ്ങനെ ഒന്നാ എനിക്ക് അച്ഛമ്മയോടുള്ള സ്നേഹം.
എത്ര പറഞ്ഞാലും,മതിയാവാത്ത,തീരാത്ത ഒരു സ്നേഹം.
ഇത്ര മനോഹരമായ ഒന്നാണ് വാത്സല്യം എന്ന് ഞാന്‍ അറിഞ്ഞത് അച്ഛമ്മയില്‍ കൂടെയാ.
ഇത്രേം പാവം പിടിച്ച ആളുകള്‍ ലോകത്തിലുണ്ടെന്നു ഞാന്‍ മനസിലാക്കിയത് അച്ഛമ്മയെ അറിയാന്‍ തുടങ്ങിയപ്പോഴാ.സ്ത്രീകള്‍ക്ക് ഏറ്റവും നല്ല ആഭരണം നൈര്‍മല്യവും,നിഷ്കളങ്കവുമായ മനസ്സാണെന്ന് എനിക്ക് മനസിലാക്കിച്ചു തന്നത് അച്ഛമ്മയാ.
വയസ്സായ ആളുകളെ സ്നേഹിക്കാനും,സഹായിക്കാനും,ബഹുമാനിക്കാനുമൊക്കെ തുടങ്ങിയത് അച്ഛമ്മ കാരണമാണ്.
വേളി കഴിഞ്ഞാലും അവിടെ ചെല്ലുമ്പോള്‍ അച്ഛമ്മ എനിക്ക് ചോറ് വായില്‍ തരും.
അച്ഛമ്മ പുളീം മുളകും ഉള്ളീം കൂടി തിരുമ്പി ചോറില്‍ കൂട്ടി തരുന്ന സ്വാദ് അതെനിക്ക് തീരാ നഷ്ടമാണ്.
നമ്മുടെ ദേശാടനത്തിലെ മുത്തശ്ശനെ എനിക്കൊരുപാടിഷ്ടമാണ്.
അതുപോലെ കാഴ്ചയിലെ.
പിന്നെ ഇപ്പൊ അച്ചൂന്റെ വൈദ്യര് മുത്തശ്ശനേം .
ഇവിടെ അടുത്ത അമ്മയൊക്കെ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന ഒരു മുത്തശ്ശി ഉണ്ട്.
മാതു മുത്തശ്ശി.
ഞാനും അച്ചൂം അങ്ങനെയ വിളിക്യാ.
ബാക്കി ഉള്ളോരൊക്കെ പേരാ.
പിന്നെ ഒരു കുഞ്ഞിമാളു അമ്മയുണ്ട്.
തിരുവാതിരക്കളിയുടെ ഉസ്താദ് ആണ്.
നാട്ടിലുള്ള പെണ്കൊടിമാരെയൊക്കെ പഠിപ്പിച്ചിട്ടുണ്ട് അവര്.
ഇപ്പോഴും അതിസുന്ദരിയാണ്.
കണ്ടാല്‍ നോക്കി നിന്ന് പോവുന്ന സൌന്ദര്യം.
പറഞ്ഞു വന്നത് ഇതൊന്നുമല്ല.
ആ പൂവ് ആ വെളുത്ത പൂവ് അതിനെ ഞാന്‍ കണ്ടത് മിനിഞ്ഞാന്നാണ്.
കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി.
മിക്കവാറും ആരും കാണാതെ ഒളിച്ചു നിന്നെ ഇവള് വിരിഞ്ഞു നില്‍ക്കൂ എന്ന് തോന്നുന്നു.
അവിടേം അങ്ങനെ തന്നെ ആയിരുന്നു.
വൈകുന്നേരം പെട്ടെന്ന് തീരുമാനിച്ചതാണ് ശുകപുരത്തേക്ക് പോവാന്‍.
പാറിപ്പറന്നു കിടക്കുന്ന വെള്ളി മേഘങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു കീഴെ തലയുയാര്‍ത്തി നില്‍ക്കുന്ന ദക്ഷിണാ മൂര്‍ത്തി അമ്പലം.
അമ്പലം എന്ന് കേട്ടാല്‍ അച്ചൂം,അമ്മേം ചാടി വീഴും.
പിന്നെ പുറപ്പെടലൊക്കെ എളുപ്പം കഴിയും.
അങ്ങനെ അങ്ങോട്ടും പോയി.
ആദ്യം ദക്ഷിണാമൂര്‍ത്തിയെ കാണാന്‍ പോയി.
പാറിപ്പറന്നു കിടക്കുന്ന വെള്ളി മേഘങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു കീഴെ തലയുയാര്‍ത്തി നില്‍ക്കുന്ന ദക്ഷിണാ മൂര്‍ത്തി അമ്പലം.
പേപ്പറില്‍ ഒക്കെ വാര്‍ത്ത ഉണ്ടായിരുന്നു,അവിടെ രുദ്രാക്ഷം പൂത്തു എന്നതിന്റെ.
കേരളത്തിലെ ഏക ക്ഷേത്രം ദക്ഷിണാമൂര്‍ത്തി പ്രധാന പ്രതിഷ്ഠ ആയിട്ടുള്ള.
വലിയ അമ്പലം ആണ്.
ഇപ്പൊ കുറച്ചൂടെ പണി നടന്നിട്ടുണ്ട്.
സതീ വിയോഗത്തില്‍ ആ ദുഃഖത്തില്‍,കോപത്തില്‍ ഇരിക്കുന്ന ശിവന്‍.
ദുഃഖമാണ് കൂടുതലും.
അതുകൊണ്ട് അവിടെ ആഘോഷങ്ങള്‍ ഒന്നുമില്ല.
എപ്പോഴും നിശബ്ദത മാത്രം.
ഒരുപാട് സ്ഥലമുണ്ട് ക്ഷേത്രം വക.
ഒരുപാട് മരങ്ങളും.
കുളത്തിനരികില്‍ കണിക്കൊന്ന അടിമുടി പൂത്തു നിന്നിരുന്നു.
പൂവ് വാടി കൊഴിയാനും.
പുറമേ താഴേക്കു ഇറങ്ങി മറ്റൊരു ശിവ പ്രതിഷ്ഠ കൂടിയുണ്ട്.
ഒരു കീഴ്കാവ് പോലെ.
അതിനടുത് സര്‍പ്പഗന്ധിയുടെ വലിയൊരു മരമുണ്ട്.
സര്‍പ്പഗന്ധിയുടെ മറ്റൊരു പേരല്ലേ നാഗലിംഗം?
അതിനു ചുറ്റും പൂക്കള്‍ മെത്ത വിരിച്ച പോലെ പടര്‍ന്നു കിടന്നിരുന്നു.
പാലപ്പൂവ് പോലെ ഒരു പ്രത്യേക മണമാണ് അതിനും.
ഒരു ഫാന്റസി കലര്‍ന്ന മണം.
അതിലേക്കു കൌതുകത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരാള്‍ പറഞ്ഞു അത് തൊടാനൊന്നും പാടില്ല എന്ന്.
സാധാരണ അങ്ങനെയൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അത് അനുസരിയ്ക്കാരുണ്ട്.
പക്ഷെ ഈ തവണ കേട്ടില്ല.
അതീന്നു പെറുക്കിയെടുക്കുക തന്നെ ചെയ്തു.
വാസനിച്ചു നോക്കി.
പുറമെയുള്ള ഇതളുകള്‍ ഒക്കെ കൊഴിഞ്ഞിരുന്നു.
(ഞാനെടുത്ത അതിന്റെ ചിത്രമാണ് ട്ടോ ഈ പോസ്റ്റില്‍ ഉള്ളത്.
അല്ലെങ്കിലും ഈ ബ്ലോഗിലെ പോസ്റ്റുകളിലെ ചിത്രങ്ങള്‍ ഒക്കെ എന്റെ വക തന്നെ.)
അചൂനെ തൊടീച്ചില്ല.
എന്തേലും വരികയാണെങ്കില്‍ അത് അമ്മയ്ക്ക് മതി,അച്ചൂന് വേണ്ട.
ഇന്ന് (എല്ലാ ചിത്തിര നാളിനും )അവിടെ പ്രസാദ ഊട്ടുണ്ട്.
പൂത്ത രുദ്രാക്ഷ ചെടി ചെറുതാണ്.
അവിടെ മലമാക്കാവില്‍ കണ്ടപോലത്യേ അല്ല.
വീതി കുറഞ്ഞ നീണ്ട ഇലകള്‍ ആണ് ഇതിന്റെ.
അതിന്റെ മുകളില്‍ എവിടെയോ ഒന്നോ രണ്ടോ കായുണ്ട് എന്ന് അവിടെ നന്ന ഒരാള്‍ പറഞ്ഞു.
കണ്ടില്ല.
അവിടന്ന് ചമ്പ്രമാണത്തേക്ക് പോയി.
പോവുന്ന വഴി ഒരു വീടിനു മുന്നില്‍ ചന്ദന മരം നിക്കണ കണ്ടു.
അതില്‍ നിറയെ പൂവുണ്ടായിരുന്നു.
ഞാന്‍ ആദ്യമായാണ് പൂത്ത ചന്ദന മരം കാണുന്നത്.
(അതിന്റെ ഇതിലെ ഫോട്ടോ ഞാന്‍ എടുത്തതല്ല.ഗൂഗിള്‍ തന്നതാണ്.)
അത് കണ്ടപ്പോ ഞാന്‍ ആകെ എക്സൈറ്റട് ആയി.
ചമ്പ്രമാണം അമ്പലം ജയേട്ടന്‍
പൂജ കഴിക്കുന്നതാണ്.
ആ സ്വാതന്ത്ര്യം അവിടെയുണ്ട്.
അച്ചുവിന്റെ അച്ഛന്‍ ആണ് അവിടെ ശാന്തിപ്പണി തുടങ്ങി വെച്ചത്.
പിന്നെ അത് ജയേട്ടന്‍ ഏറ്റെടുത്തു.
ആദ്യമൊക്കെ അവിടെ വീടും മറ്റും കുറവായിരുന്നു.
ഒരു കാട് പോലെ ആയിരുന്നു ചുറ്റും എന്നൊക്കെ പറഞ്ഞു.
ഇപ്പൊ അത് കണ്ടാല്‍ വിശ്വസിക്കുകയെ ഇല്ല,അത്ര കണ്ട് മാറിപ്പോയി അവിടം.
അത് ശിവന്‍ ആണ്.
പടിഞ്ഞാട്ടു പ്രതിഷ്ഠയുള്ള ശിവന് കൂടുംന്നാണ് വിശ്വാസം.
ഈ പുള്ളി അപ്പൊ ശക്തിമാന്‍ ആണ്.
അവിടെ മംഗല്യ പൂജ കഴിക്കുന്നത് ഗണപതിയ്ക്കാണ് .
മൂന്നു മാസത്തിനുള്ളില്‍ മംഗല്യം നടക്കുംന്നാണ് വിശ്വാസം.
ജയേട്ടന്‍ പറഞ്ഞ അറിവാണ്.അങ്ങനെ കുറെ നടന്നിട്ടും ഉണ്ടത്രേ.
അവിടന്ന് പുല്ലാനിപ്പൂവ് കിട്ടി.
ഉണങ്ങിയതും,ഉണങ്ങാത്തതും.
ദ ദാണിത്,ഈ ചിത്രങ്ങളിലെ.
കുറെ കാലായി ഈ പുല്ലാനി പൂക്കളെ ഒന്ന് അടുത്ത് കാണണംന്നു നിരീച്ചിട്ട്.
ഇന്നലെ അത് നടന്നു.
നമ്മള്‍ വിചാരിക്കുന്നതെല്ലാം നടന്നാല്‍ നമുക്കെന്തു സന്തോഷാവുംലെ???
ഇന്നലെ ഞാന്‍ അങ്ങനെ ആയിരുന്നു.????????
ഇപ്പോഴിപ്പോള്‍ മുറ്റത്തും,തോട്ടത്തിലും ഓലേഞ്ഞാലികളുടെ ബഹളമാണ്.
ഒപ്പം കൂടാന്‍ വണ്ണാത്തിക്കിളികളും.
വീടിനു ചുറ്റുമുള്ള അന്തരീക്ഷം എപ്പോഴും കിളികളുടെ ശബ്ദം കൊണ്ട് മുഖരിതമാണ്.
ഇന്ന് സന്ധ്യക്ക് മറ്റൊരു അതിശയണ്ടായി.
ഒരു പെണ്മയില്‍ വന്നു.
അചൂനേം,അമ്മേം കാണാന്‍.
ഈ മയിലിന്റെ മുഖം കഴുത്തു വരെ എന്തൊരു ചന്താണ് !!!!
ആ ഒരു നീലയും,പച്ചയും നിറം.
പറയാന്‍ വയ്യ, ചേതോഹരം.
ആദ്യം വന്നപ്പോ കണ്ട സന്തോഷത്തില്‍ ഒച്ചേം വിളീം കൂട്ടി.അപ്പൊ അത് പോയി.
പിന്നെ കുറച്ചു കഴിഞ്ഞു ആദ്യേ പമ്മി പമ്മി വന്നു.
മഴക്കാറുണ്ടായിരുന്നെങ്കില്‍ ഈ മയിലാട്ടം ഒന്ന് കാണായിരുന്നു.
പീലിയില്ലെങ്കിലും ചന്തണ്ടാവുംലെ?
ഈ ഓലേഞ്ഞാലികള്ടെ തല്ലുകൂട്ടം കാരണം പെട്ടെന്ന് തന്നെ പോയി.
അടുത്തുള്ള കാട്ടില്‍ന്നാണ്.
ആ കാടൊക്കെ മനുഷ്യര് കയ്യേറി അപ്പൊ കാട്ടിലെ താമസക്കാര്‍ ഇങ്ങോട്ടും എത്തി.
ഇവിടെ അടുത്തുള്ള കുന്നൊക്കെ കാണണം.
കഷ്ടം തോന്നും മണ്ണ് മാന്തി മാന്തി ഒരു വിധായി.
ആ വശത്തെ താമസക്കാര്‍ക്കൊക്കെ അല്ലര്ജീടെ പ്രശ്നോം.
അതൊക്കെ പറയാതിരിക്കുന്നതാ ഭേദം.
ഈയിടെ ആയി പോസ്റ്റുകള്‍ക്ക് നീളം വളരെ കൂടുന്നു.
ReplyDeleteഎന്ത് പറ്റിയോ ആവോ..............
നീളമൊന്നും കൂടിയിട്ടില്ല. നീളമുള്ള പോസ്റ്റ് വായിക്കാന്‍ നല്ല രസമാണ്. പിന്നെ പുതിയ പൂക്കളെ പരിചയപ്പെട്ടല്ലോ. ആ പാലപ്പൂവിന്റെ മണം ഇഷ്ടായിട്ടോ.
ReplyDeleteഒറ്റയ്ക്കാവുമ്പോള്‍ ഉറക്കെ വര്‍ത്തമാനം പറയുന്ന ശീലം എപ്പോഴോ ഒരിക്കല്‍ എന്റെ സ്വഭാവത്തില്‍ കേറിക്കൂടി.
ReplyDeleteഞങ്ങടെ നാട്ടിലൊക്കെ ഈ ശീലത്തിനെന്താ പറയുക എന്ന് എനിക്കറിയാം..പക്ഷെ പറയില്ല.
നീളം കൂടിയത് വിരസമായിത്തോന്നിയില്ല പക്ഷെ.