അമ്മ പറഞ്ഞത് ശരിയാണ് ആ പൂവ് കണ്ടാല്‍ ശരിക്കും പുലാന്തിപൂവുപോലെ തന്നെയുണ്ട്.
പൂവെന്നു പറഞ്ഞാല്‍ കഴിഞ്ഞ പോസ്റ്റിലെ പമ്പര പൂവ്.
പൂവാണോ ഇലയാണോ എന്ന് മനസിലാവാതെ നിറച്ചും നില്‍ക്കുന്ന പുലാന്തി വള്ളികള്‍ .................
ഒരു ഗ്രാമീണ കാഴ്ച.
കോഴിക്കോട് പോവുമ്പോള്‍ യൂണിവേഴ്സിറ്റി കഴിഞ്ഞുള്ള (ഇനി ആ സ്ഥലം യൂണിവേഴ്സിറ്റിയുടെ ആണോ എന്നറിയില്ല കേട്ടോ.)കാട് പോലെ നിറച്ചും മരങ്ങള്‍ തിങ്ങിയ ആ പറമ്പില്‍ പുല്ലാനി വള്ളികള്‍ പൂത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ സത്യമായും ആ യാത്ര എനിക്കൊരുപാടിഷ്ടമായി.
നിറയെ മരങ്ങള്‍ ഇരുവശത്തും.
ഒരു കുഞ്ഞു മരം കണ്ടു.
അതില്‍ ഇലകളെ ഇല്ല.
നിറയെ കായ്കള്‍ മാത്രം,മഞ്ഞ നിറത്തില്‍ നന്നേ ചെറിയ കായ്കള്‍.
അത് കണ്ടപ്പോള്‍ അവിടെ എന്റെ ഇല്ലത്തെ കുളത്തിലേക്ക് ചാഞ്ഞു നിന്നിരുന്ന സോപ്പിന്‍ കായ് മരമോര്‍ത്തു.
(അവിടെ കുളത്തില്‍ ഈ മരവും,മരോട്ടിക്കായ് മരവും വലുതായി ചാഞ്ഞു നിന്നിരുന്നു.)
അതിനു ഇവിടെ എന്തോ ഒരു പേരുണ്ട് .
അത് ഞാന്‍ മറന്നു.
വിളക്കും മറ്റും തേയ്ക്കാന്‍ നല്ലതാന്നു അച്ഛന്‍ പറഞ്ഞു.
ഇവിടെ തറവാട്ടിലും ഉണ്ട്.
പോയപ്പോ അച്ഛന്‍ പറിച്ചു കൊണ്ട് വന്നിരുന്നു.
വിമ്മും,എക്സോയും മറ്റും ഉള്ളപ്പോള്‍ ആരാ ഈ ചാരവും ഇത്തരം കായ്കള്‍ കൊണ്ടും മറ്റും പാത്രം തേയ്ക്കാന്‍ പോവുന്നെ.
അതൊക്കെ ഒരു കാലം.
പണ്ടൊക്കെ കോഴിക്കോട് പോവുക എന്ന് പറഞ്ഞാല്‍ ദേഷ്യം ആയിരുന്നു.
മിക്കവാറും ബസില്‍ കേറിയാല്‍ തുടങ്ങും ശര്‍ദ്ദിയും മറ്റും.
പൊതുവേ വടക്കോട്ടേക്ക് പോവുന്നത് കുറവാണ്.
അവിടെ അധികം ബന്ധു ജനങ്ങള്‍ ഇല്ലാത്ത കൊണ്ടാകാം.ആകെ നാല് തവണയെ അങ്ങോട്ടേക്ക് പോയിട്ടുള്ളൂ.
അതില്‍ രണ്ടെണ്ണം കുഞ്ഞിലെ ആണ്.
പിന്നെ ഒരിക്കല്‍ വേദവ്യാസാ വിദ്യാലയത്തില്‍ ഒരു കോഴ്സിനു.
പിന്നെ ഇഗ്നോയുടെ ബീ എഡ് എന്ട്രന്‍സ് പരീക്ഷയ്ക്കും.
അപ്പോഴൊന്നും പോവുന്ന വഴിയുടെ ഇരു വശത്തേക്കും നോക്കിയിട്ടേയില്ല.
ബ്ലോഗുകളുടെ ലോകത്തേക്ക് വന്നപ്പോള്‍ പ്രിയപ്പെട്ട പല ബ്ലോഗുകളും ഈ വശത്ത് നിന്നും ഉള്ളതാണെന്ന കാരണം ഈ യാത്രയില്‍ കോഴിക്കോടിനെ കാണാന്‍ പ്രേരിപ്പിച്ചു.
കോട്ടക്കല്‍ എത്തിയപ്പോള്‍ മനസ്സില്‍ , നന്മ നിറഞ്ഞ വാക്കുകള്‍ മാത്രം എഴുതാന്‍ അറിയുന്ന ഒരാളെ ഓര്‍മ്മ വന്നു.
കോട്ടക്കുന്നില്‍ പുഷ്പമേള നടക്കുന്നുണ്ട്.
കാണാനൊരു മോഹം തോന്നി.
നല്ല രസമായിരിക്കും ഒരുപാട് പൂക്കള്‍ക്ക് നടുവില്‍.
സുഗന്ധങ്ങള്‍ക്ക് നടുവില്‍.
നിറങ്ങള്‍ക്ക് നടുവില്‍.
നാടുകാണി ചുരത്തിനു ഇരുവശവും ഉള്ള മുളങ്കാടുകള്‍ കത്തി നശിച്ചുവെന്ന് പേപ്പറില്‍ കണ്ടു.
സങ്കടം വന്നു.
എനിക്കേറെ ഇഷ്ടമാണ് മുളങ്കാട്.
മുളകളുടെ ആട്ടവും,കാറ്റിലുള്ള മൂളലും.
അവയുടെ തളിര്‍ ഇലകള്‍ മുള്ള് പോലെ നില്‍ക്കുന്നതില്‍ തൊടാന്‍ ഒരു രസമാണ്.
സൂചി കുത്തുന്ന പോലെയുള്ള വേദന.
ചില വേദനകള്‍ ചിലപ്പോഴൊക്കെ സുഖമാണ്.
ദൈവം അച്ചുവിനെ നല്‍കിയ വേദന.
അവന്‍ നല്‍കിയ പ്രാണന്‍ പിടഞ്ഞു പോയ വേദന.
അങ്ങനെ ചിലതെല്ലാം ....................
പിന്നീട് നഗരത്തിലേക്ക് എത്തിയപ്പോള്‍ വാക്കുകളില്‍ കോഴിക്കോടിന്റെ നന്മയും സൗന്ദര്യവും നല്‍കിയ മറ്റൊരാളെ ഓര്‍ത്തു.
ഒരു പക്ഷെ ആ ബ്ലോഗിലൂടെ ആണ് ഞാന്‍ ഈ നഗരത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതെന്ന് തോന്നുന്നു.
ഒരിക്കല്‍ കഥാനായകന്‍ പറഞ്ഞിട്ടുണ്ട്.
അവിടെ ഏതോ ഒരു നല്ല ഹോട്ടലില്‍ ഏറ്റവും നല്ല സ്ട്രോബെറി ഷെയ്ക്ക് കിട്ടുമെന്നും.
ആ ഹോട്ടല്‍ ഏതാണെന്ന് അവിടെയെത്തിയപ്പോള്‍ ഓര്‍ത്തു.
മാനാഞ്ചിറ സ്കുയര്‍ ഫീറ്റ് കണ്ടപ്പോള്‍ എനിക്കിഷ്ടമായി.
അവിടെ ഒരു സായാഹ്നം ഞാന്‍ ആഗ്രഹിച്ചു.
കോഴിക്കോട് പോയത് കാഴ്ചകള്‍ കാണാനായിരുന്നില്ല.
പക്ഷെ എന്റെയീ യാത്രയില്‍ അതിന്റെ നന്മയെ കണ്ടെത്താന്‍ എനിക്ക് ഒരു പൊടിയ്ക്കു കഴിഞ്ഞു.
അവിടന്ന് നേരെ വെച്ച് പിടിച്ചു ഇങ്ങോട്ട്,എന്റെ ഇല്ലത്തേക്ക്.
വീട്ടിലേക്കുള്ള വഴി ബ്ലോക്കാവുമെന്നതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് പോയത്.
അതിലൂടെ പണ്ട് ഞാന്‍ പ്ലസ് ടൂവില്‍ പഠിക്കുന്ന കാലത്ത് ട്യൂഷന് പോയിരുന്നു.
ആ രണ്ടു കൊല്ലങ്ങള്‍ ഓര്‍മ്മയിലെക്കൊടിയെത്തി.
അവിടെയാണ് ദീപുവിന്റെ വീട്.
ദീപു എനിക്കേറെ പ്രിയമുള്ള കൂട്ടുകാരന്‍.
സുഹൃത്ത് എന്നതിന്റെ എല്ലാ അര്‍ത്ഥങ്ങളും അറിഞ്ഞ അതനുസരിക്കുന്ന ഒരു പുള്ളി.
ഒരു നാട്ടിന്‍ പുറത്തുകാരന്‍.
സത്യന്‍ അന്തിക്കാട് സിനിമകളിലെ ഒരു കഥാപാത്രമായെ തോന്നു.
കുറച്ചു കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ കാണുകയാണ് എന്റെ ഇല്ലത്തെ പൂരം,ഇല്ല അങ്ങനെ പറയാന്‍ പറ്റില്ല,പറ.
ഞാന്‍ ആണ് ഏറ്റവും അവസാനം എത്തിയ ആള്.
വഴിയൊക്കെ കുരുത്തോലയും,അലങ്കാര വെളിച്ചവും ചേര്‍ത്ത് മനോഹരമാക്കിയിരുന്നു.
വാഴപ്പോള കൊണ്ടൊരു കുഞ്ഞു പന്തല്‍ പടിക്കല്‍ ഉണ്ടാക്കിയിരുന്നു.
കൊന്നപ്പൂക്കള്‍ നിറയെ തൂക്കിയിരുന്നു.
ചെരാതുകളും നിറയെ കത്തിച്ചിരുന്നു.
ചെന്നപ്പോ ദീപ്തി നല്ല ദാവണിയൊക്കെ ഉടുത്ത് റെഡി ആയിരിക്കുന്നു.
പിറന്നാളിന്റെ കേക്ക് മുറിക്കാന്‍.
ഉമ ചേച്ചി വന്നിട്ടേ മുറിക്കുള്ളൂന്നും പറഞ്ഞിരിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും സന്തോഷമായി.
എല്ലാരേം കണ്ടു.
വര്‍ത്തമാനം പറഞ്ഞു.
രാത്രി പന്ത്രണ്ടര ആയി ശ്രീരാമന്‍ വന്നപ്പോ.
ഞാന്‍ എപ്പഴും പറയുന്ന പോലെ പുള്ളി ഒരു വല്യേട്ടന്‍ തന്നെ.
മഹാരാജാവ് തന്നെ.
അത്രയും തലയെടുപ്പോട് കൂടിയാണ് ആ വരവ്.
ആര്‍ക്കും ബഹുമാനം തോന്നുന്ന ഒന്ന്.
തീവെട്ടിയും,പരിവാരങ്ങളും,സേവകരും ഒക്കെയായി ഒരു വലിയ ആനയുടെ മുകളില്‍ ഏറി ഏറ്റവും തിളക്കമുള്ള പട്ടു കുട ചൂടിയുള്ള ആ ഇരിപ്പ് വാക്കുകള്‍ക്കും അപ്പുറം ആണ്.
ഇന്നിപ്പോ അവിടെ ആറാട്ട് പുഴ പാടത്ത് നായക സ്ഥാനം വഹിച്ചു കൊണ്ടൊരു നില്‍പ്പുണ്ടാകും പുള്ളീടെ.
കാണാന്‍ ഏറെ മോഹിച്ച കാഴ്ച.
ഇന്നലെ അന്തിക്കാട് ഭഗവതിയും വന്നിരിക്കും അങ്ങോട്ടേക്ക്.
എത്ര കാലായി ആ അമ്മെ കണ്ടിട്ട്.
കൊല്ലത്തിലൊരിക്കലെ കാണാറുള്ളൂ.
ഇപ്പൊ കുറെ കാലായി അതും മുടങ്ങി.
ഭഗവതി വരുന്നത് ആരും അറിയില്ല.
ഒച്ചേം വിളീം ബഹളോം ഇല്ലാതെ ആളുകള്‍ അധികം ഇല്ലാതെ ഒരു പാവം ആനയുടെ പുറത്തേറിയുള്ള വരവ്.
പറയും കുറവാണ്.
ഒന്ന് അച്ഛമ്മയുടെ വകയാണ് എല്ലാ വര്‍ഷവും.
ശ്രീരാമന് ഈ തവണ അമ്പതു പറയോടടുത്ത് നിറച്ചിരുന്നു.
നെല്ലും,അരിയും,മലരും.
ബാക്കി ദ്രവ്യങ്ങള്‍ ഒന്നും ഇന്നേവരെ ഉപയോഗിച്ചിട്ടില്ല.
ഒരു പൂപ്പറ വേണം എന്നത് എന്റെ ഒരു മോഹാണ്.
പക്ഷെ അത് പതിവല്ലാത്തതിനാല്‍ ആരോടും പറഞ്ഞിട്ടില്ല.
ഈ തവണ സ്നേഹതീരത്ത് വെച്ചാണ് ബീച്ച് ഫെസ്ടിവല്‍ നടക്കുന്നത്.
അച്ചു ആദ്യമായി കണ്ട കടല്‍തീരം ആണ് അവിടം.
അതിനടുത്ത് എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരന്‍ ഉണ്ട്.
നാദു.
ദീപ്തിയുടെ പിറന്നാള്‍ വിഭവ സമൃദ്ധം ആയിരുന്നു.
സാമ്പാറും,മത്തങ്ങാ എരിശ്ശേരിയും,മാമ്പഴ കൂട്ടാനും,ഇടിച്ചക്ക തോരനും,കടുമാങ്ങ ,പുളിയിഞ്ചിയും ഗോതമ്പ് പായസവും.
നേരം ഒരുപാട് വൈകിയതിനാല്‍ കഴിക്കാനേ തോന്നിയില്ല.
ഉച്ചൂം,ദാമു അഫനും ഒക്കെ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷാണ് പറ കൂടുന്നത്.
ശ്രീലയുടെം,അനവദ്യയുടെം,അച്ചൂന്റെം.ശാരികെടെം,ആദ്യത്തെ പറയാ.
നന്ദ സ്മാര്‍ട്ട് ആയിരുന്നു.
ഇന്നലെ രാവിലെ ഞാന്‍ മൈനയെ കണ്ടു.
എത്ര കാലമായി ഒരു മൈനയെ കണ്ടിട്ട്,ഞാനോര്‍ത്തു.
കുളക്കോഴിയേം കണ്ടു.
ഇതിനെ രണ്ടിനേം ഇവിടെ കാണാറേയില്ല .
അപ്പൊ പിന്നെ ആ സന്തോഷം പറയേണ്ടല്ലോ.
പക്ഷെ കണ്ടത് ഒറ്റ മൈനയെ ആണ്.
അങ്ങനെ കണ്ടാല്‍ ദുഃഖം വരുമത്രേ.
ഇനിയെന്ത് വരാന്‍,ഞാന്‍ ഓര്‍ത്തു.
അപ്പൊ പിന്നെ വല്യ ടെന്‍ഷന്‍ തോന്നിയില്ല.
ഇന്നിപ്പോ രാവിലെ ഇവിടെ ആ വെളുപ്പും കറുപ്പും കലര്‍ന്ന കുഞ്ഞു കിളികള്‍ കണ്ടമാനം വന്നിരുന്നു.
(ഈ അതല്ലേ വണ്ണാത്തിക്കിളി?)
കരിവേപ്പിലും,ആര്യവേപ്പിലും,കടപ്ലാവിലും ആയി.
ഇവിടെ എവിടെയോ ഇന്ന് അവരുടെ കൂട്ടത്തിലെ ആരുടെയെങ്കിലും കല്യാണം ഉണ്ടായിരുന്നുവെന്നു തോന്നുന്നു.
എന്തായിരുന്നു കലപില.
കുറെ കഴിഞ്ഞപ്പോ പോയി.
പിന്നെ ഒരു പക്ഷിയെ കണ്ടു,കറുപ്പ് നിറമുള്ള തലയില്‍ കുഞ്ഞു പൂവുള്ള നീണ്ട വാലുള്ള ആ വാല് അവസാനത്തില്‍ രണ്ടായി പിരിഞ്ഞു തൂവലുകള്‍ പോലെയുള്ള ഒരു ഐറ്റം.
ഈ ഇരട്ടവാലന്‍ ഇതാണോ?
സംഭവം ഉഷാറാണ്.(അതെ ഈ ഇരട്ടവാലന്‍ കിളി തന്നെയാണ് അത്.ഞാനിപ്പോ ഗൂഗിളില്‍ നോക്കി.)
ഇല്ലത്തെക്കുള്ള ഓരോ യാത്രയും നിന്റെ ഓര്‍മ്മകളെ കൂടുതല്‍ കൂടുതല്‍ നെഞ്ചോട് ചേര്‍ക്കാനുള്ളതാണ്.
നീയില്ലാതെ അതൊരിക്കലും പൂര്‍ണമാവില്ല.
നിന്റെ കൂടെ നടന്ന ആ വഴി അതിന്റെ അവസാനത്തില്‍ വച്ച് എന്റെ കയ്യിലേക്ക് നീ നല്‍കിയ ഇളം ചൂടില്‍ പൊതിഞ്ഞ ആ നനുത്ത ഉമ്മ അതെല്ലാം വീണ്ടും എനിക്ക് കിട്ടി.
എന്റെ സ്നേഹം വീണ്ടും വീണ്ടും നിര്‍മ്മലമാവുകയായിരുന്നു
നിന്റെ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും നിലവിളക്കിലെ തിരിയായി തെളിഞ്ഞു കത്തുകയായിരുന്നു.
നിന്നെ കാണാന്‍ നിന്റെ ശബ്ദം കേള്‍ക്കാന്‍ മനസ് തുടിച്ചു തുടങ്ങി.
മഴ പെയ്തില്ല അന്ന് രാത്രി.
മനസ്സില്‍ അതിനും വേണ്ടി പ്രണയം പെയ്തു നിറഞ്ഞു കവിയാന്‍ തുടങ്ങി.
നിന്നോട് ചോദിക്കട്ടെ???????????
വരുന്നോ എന്നെ കാണാന്‍???????????
കസവ് കരയുള്ള കോടി മുണ്ടുടുത്ത്,ആകാശത്തിന്റെ നീല നിറമുള്ള ഷര്‍ട്ട് ഇട്ടു അന്നത്തെ പോലെ ഒരു ചാറ്റല്‍ മഴയിലൂടെ നീ വരുന്നത് ഞാന്‍ ഇന്നലേം സ്വപ്നം കണ്ടു.
മഴതുള്ളി പതിച്ച നിന്റെ നെറ്റിയില്‍ എന്റെ ചുണ്ടുകള്‍ അമര്ത്താന്‍ ഞാന്‍ മോഹിച്ചു.
കൈവിരല്‍ തുമ്പില്‍ എന്നെ ഒളിപ്പിച്ചു നീ കൊണ്ട് വന്ന ആ ഇറ്റു തുള്ളികളെ എന്റെ മുഖത്തേക്ക് നീ തെറിപ്പിച്ചപ്പോള്‍ ,
ഞാന്‍ കണ്ണുകള്‍ അടച്ച് മുഖം വശത്തേക്ക് തിരിച്ചപ്പോള്‍,
നിന്റെ മുഖത്തെ പുഞ്ചിരിയുടെ ഭംഗി കൂടുന്നുണ്ടായിരുന്നു.
എനിക്കെന്താ കൊണ്ട് വന്നെ എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞു നീ.
പിണങ്ങിയ പോല്‍ ഞാന്‍ നിന്നപ്പോള്‍ എവിടെനിന്നോ എടുത്ത കുറെ മഞ്ചാടി മണികള്‍ നീയെന്റെ നെറുകയിലൂടെ എന്റെ മേല്‍ വര്‍ഷിച്ചു നീ.
ഇതില്‍ പരം എന്നെ സന്തോഷിപ്പിക്കാനൊന്നും വേണ്ടെന്നു അറിയുന്നവനെ,
നിന്നോട് പറയട്ടെ നിന്നെ കാണിച്ച ഈ സ്വപ്നനത്തിനും ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു.
ഈ പ്രണയം എത്ര മനോഹരം!!!!!!!!!!!!!!!!!!!
അനിര്‍വചനീയമായ ഒരനുഭൂതി.
.
ഇപ്പോഴിപ്പോള്‍ ബ്ലോഗ് എന്ന സങ്കല്പ്പമേ മാറി ഒരു ഡയറി പോലെ,
ReplyDeleteപണ്ട് കൂട്ടുകാര്‍ക്കും,ചേച്ചിക്കും ഒക്കെ എഴുതിയിരുന്ന വിശേഷങ്ങള്‍ നിറഞ്ഞ കത്ത് പോലെയോ ഒക്കെ ആയിരിക്കുന്നു എനിക്കീ വീണപൂവ്.
വെറുതെ എന്തൊക്കെയോ...........
വായീ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറയണ പോലെ...............
Really Nostalgic memmories. All the best.
ReplyDeleteഒരു പൂപ്പറ
ReplyDeleteപ്രിയപ്പെട്ട ഉമ,
ReplyDeleteമനോഹരം, ഈ വരികളും, കോഴിക്കോടും ഇല്ലത്തെ വിശേഷങ്ങളും! യൂണിവേഴ്സിറ്റി റോഡിന്‍റെ രണ്ടു ഭാഗത്തും തിങ്ങി നിറഞ്ഞ മരങ്ങള്‍ മനസ്സിനും കണ്ണിനും കുളിര്‍മ നല്‍കുന്ന വിസ്മയക്കാഴ്ചയാണ്.
ജീവിതത്തില്‍ ആഹ്ലാദം നിറഞ്ഞ നിമിഷങ്ങള്‍ ധാരാളമുണ്ടാകട്ടെ !
നാളെ, ശ്രീ അയ്യപ്പ സ്വാമിയുടെ പിറന്നാളാണ്.പൈങ്കുനി ഉത്രം. അറിയാമോ?
ശുഭരാത്രി !
സസ്നേഹം,
അനു
പ്രിയപ്പെട്ട ഉമ,
ReplyDeleteമനോഹരം, ഈ വരികളും, കോഴിക്കോടും ഇല്ലത്തെ വിശേഷങ്ങളും! യൂണിവേഴ്സിറ്റി റോഡിന്‍റെ രണ്ടു ഭാഗത്തും തിങ്ങി നിറഞ്ഞ മരങ്ങള്‍ മനസ്സിനും കണ്ണിനും കുളിര്‍മ നല്‍കുന്ന വിസ്മയക്കാഴ്ചയാണ്.
ജീവിതത്തില്‍ ആഹ്ലാദം നിറഞ്ഞ നിമിഷങ്ങള്‍ ധാരാളമുണ്ടാകട്ടെ !
നാളെ, ശ്രീ അയ്യപ്പ സ്വാമിയുടെ പിറന്നാളാണ്.പൈങ്കുനി ഉത്രം. അറിയാമോ?
ശുഭരാത്രി !
സസ്നേഹം,
അനു
ആഹാ, ഇതിലെത്ര കഥാപാത്രങ്ങളാണ്...ഈ ഡയറിക്കുറിപ്പ് വായിക്കാന്‍ നല്ല രസമുണ്ട് കേട്ടോ.
ReplyDeleteഈ വിശേഷങ്ങള്‍ വായിക്കാന്‍ നല്ല രസം!!
ReplyDeleteManu....