മഴ പെയ്തും പെയ്യാതെയും ദിവസങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു.
വേനലവധി ഇപ്പോള്‍ തീരും.
മഴയുടെ നാളുകളായെന്ന് ഓര്‍മിപ്പിക്കാന്‍ ഇന്ന് ഇടവം പിറന്നു.
മഴയുടെ മാസം.
ഒരു ഇടവപ്പാതിയില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.
പക്ഷെ ഞാന്‍ എത്തിയത് ഒരു ചിങ്ങമഴയിലാണ്.
ഓണനിലാവുദിച്ച ഒരു വെളുപ്പാന്‍ കാലത്ത്.
പോപ്പിയും ജോണ്‍സും എത്തി പുതിയ പേരിട്ട കുടയിറക്കിക്കൊണ്ട് .
ഇന്ന് അതിന്‍റെ പരസ്യത്തില്‍ ഉണ്ടായിരുന്ന ആ സുന്ദരിക്കുട്ടി മരിച്ചു എന്നറിഞ്ഞപ്പോള്‍ സങ്കടം വന്നു.
ഒപ്പം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ സംഭവം അറിഞ്ഞപ്പോഴും.
ഈ ആനയൊന്നും ഉത്സവങ്ങള്‍ക്ക് വേണ്ടെന്നു തീരുമാനിക്കണം എന്ന് അത് കണ്ടപ്പോള്‍ തോന്നി.
"അതുങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുമ്പോള്‍ അവ പ്രതികരിക്കതിരുന്നതെങ്ങനെ ??????
ഈ പൊരി വെയിലത്ത് ചുട്ടു പൊള്ളുന്ന ടാറിട്ട റോട്ടില്‍ നമ്മളെ നിര്‍ത്തിയാല്‍ നമ്മള്‍ സമ്മതിക്കുമോ?????"
ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു.
(ദൈവമേ പൂരപ്രേമികള്‍ ഇത് വായിച്ചാല്‍ എന്നെ നുറുക്കി നുറുക്കി ഉപ്പേരിയുണ്ടാക്കി കഴിക്കും.)
കഴിഞ്ഞു പോയ ദിവസങ്ങളില്‍ യാത്രകള്‍ ഒരുപാടുണ്ടായിരുന്നു.
കണ്ട കാഴ്ചകളും ഏറെ മനോഹരങ്ങള്‍ ആയിരുന്നു.
ചില ഇഷ്ടങ്ങളെ ഒരിക്കല്‍ കൂടി താലോലിക്കാന്‍ സാധിച്ചു.
ചിലത് കുറെ പഴയ ഓര്‍മ്മകളെ തിരികെ കൊണ്ട് തന്നു.
ഇപ്പോഴിപ്പോള്‍ ജീവിതത്തോട് ഒരുപാടു ഇഷ്ടം തോന്നുന്നു.
ആമ്പല്‍ പൂത്ത പാടത്തേക്കു പോയപ്പോള്‍ ,നടുക്കുള്ള വരമ്പിലൂടെ ഓടിനടന്നപ്പോള്‍ "അക്കാപ്പൂ "ന്നും പറഞ്ഞു നടന്ന സ്കൂള്‍ കുട്ട്യേ ഓര്‍മ്മ വന്നു.
അന്നൊക്കെ അതിനു നടുക്കുള്ള മഞ്ഞ അല്ലി തിന്നുമായിരുന്നു.
നീളമുള്ള തണ്ട് പൊട്ടിച്ച് പൊട്ടിച്ച് മാലയാക്കി നടുക്ക് പൂവ് ലോക്കറ്റ് പോലെ ആക്കി കഴുത്തില്‍ ഇട്ടു നടക്കുമായിരുന്നു.
മനസ്സില്‍ പ്രണയം എന്ന കൌതുകം നിറയാന്‍ തുടങ്ങിയപ്പോള്‍ അത്തരം മാലകള്‍ ഇല്ലത്തെ കൃഷ്ണന്‍റെ പ്രതിമയില്‍ ചാര്ത്തുമായിരുന്നു.
പച്ച നിറമുള്ള ഒരു ഫുള്‍ പാവാട ഉണ്ടായിരുന്നു.അതും കറുപ്പ് ബ്ലൌസും ഇട്ടു കുറെ നടന്നിട്ടുണ്ട്.
പാടത്ത് കൂടെ നടക്കുമ്പോള്‍ കാറ്റില്‍ പാറുന്ന പാവാട, അത് പിടിച്ച് ഓടുമായിരുന്നു.
എത്ര ഭംഗിയുള്ള ദിവസങ്ങള്‍ ആയിരുന്നു അതെല്ലാം!!!!!!!!!!
ദാവണി അന്നൊക്കെ ഇഷ്ടമായിരുന്നെങ്കിലും ഒരിക്കലും ഉടുത്തിട്ടില്ല.
സിനിമകളിലും മറ്റും കാണുന്ന നായികാ സങ്കല്‍പം.
പാടത്ത് കൂടെ ഓടി വരുന്ന പെണ്‍കുട്ടി.
ഇരുവശവും പിന്നിയിട്ട നീളമുള്ള തലമുടി.
ഇതുപോലെ ദാവണി വേഷത്തില്‍ .............
എന്നെ ഞാന്‍ ഒരുപാടു സങ്കല്പ്പിച്ചിട്ടുണ്ട് അങ്ങനെ.
പക്ഷെ സുന്ദരിയല്ല എന്ന ഒരു കോമ്പ്ലെക്സ് ആ വേഷത്തില്‍ നിന്ന് എന്നും എന്നെ പിന്തിരിപ്പിച്ചിട്ടുണ്ട്.
ഗുല്‍മോഹര്‍ നിറഞ്ഞു പൂത്ത വഴിയരികിലൂടെയുള്ള സായാഹ്നത്തിലെ നടത്തം.
ചെറിയ മരങ്ങള്‍ ആണ് മിക്കതും.
പക്ഷെ ഇലയില്ലാത്ത പോലെ ആണ് ഒന്നിലും.
പൂക്കള്‍ മാത്രം.
ശരിക്കും രക്തവര്‍ണ്ണം തന്നെ.
ഇത്രയും ചുവപ്പ് മറ്റൊന്നിലും ഞാന്‍ കണ്ടിട്ടേയില്ല.
അതുകൊണ്ട് ഓരോ ദിവസവും വൈകുന്നേരം ആവാന്‍ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി.
പ്രണയം എനിക്കിപ്പോള്‍ മഴ നനഞ്ഞ രാത്രികള്‍ നല്‍കുന്നു.
ഓരോ മഴയിലും ഞാന്‍ അറിഞ്ഞു കൊണ്ടേയിരിക്കുന്നു,കണ്ടു കൊണ്ടേയിരിക്കുന്നു,അവനെന്നോടുള്ള പ്രണയത്തെ.
ജനാല തുറന്നിട്ട് ഇരുട്ടിലേക്ക് നോക്കുമ്പോള്‍ തിളങ്ങുന്ന മഴമുത്തുകള്‍ അവന്‍റെ മിഴികളാണെന്ന് ഞാന്‍ അറിയാറുണ്ട്.
അവയെ നേരിടാനാവാതെ കണ്ണുകള്‍ അടച്ചു ഞാന്‍ നില്‍ക്കുമ്പോള്‍ ഒരു കാറ്റിലൂടെ ഒരു മഴതുള്ളി എന്‍റെ മുഖത്തേക്ക് വന്നു പതിക്കാരുണ്ട്.
ഒരു കണ്ടുമുട്ടലിനു മനസ് മോഹിക്കുന്നുണ്ട്.
സംഭവിക്കുമോ എന്നറിയാത്ത ആ കൂടികാഴ്ചയെ കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു മനസ്.
ഇന്നലെ മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്നത് സ്വപ്നം കണ്ടു.
മേഘങ്ങളുടെ ചിത്രങ്ങളെ കണ്ടത് കൊണ്ടാകാം.
ഇപ്പോള്‍ മനസ്സില്‍ തെളിയുന്നത് ജയപ്രദയുടെ മുഖം ആണ്.
ജയപ്രദയെ എനിക്കൊരുപാട് ഇഷ്ടമാണ്.
മാത്യൂസെന്ന ഭര്‍ത്താവിന്‍റെ നല്ല ഭാര്യയായ,
മനസില്‍ ഇപ്പോഴും എവിടെയോ അച്ചുവിനോടുള്ള പ്രണയം ഒരു കുഞ്ഞു മെഴുകുതിരി പോലെ കൊണ്ട് നടക്കുന്ന ഗ്രെയ്സിനെ ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ..............
അലീനയുടെ,മഹേശ്വരിന്റെ സംഗീതത്തിലെ അലീനയായി മാറിയ ജയപ്രദയുടെ മുഖം.
അതാണ് ഇപ്പോള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.
മനസ്സില്‍ ചേര്‍ത്ത് വെച്ച മറ്റൊരു സിനിമയാണ് ദേവദൂതന്‍.
ആരോ ആരോടോ എന്തോ പറയാന്‍ ആഗ്രഹിക്കുന്നു.
അലീന,അവളുടെ പ്രണയം,അതിന്‍റെ നിഷ്കളങ്കത,തീക്ഷ്ണത അങ്ങനെ എല്ലാം എനിക്ക് പ്രിയമാണ്.
ആ സപ്ത സ്വര മണികളുടെ ചന്തം,അതില്‍ നിന്നും ഉണ്ടാക്കിയ വിദ്യാസാഗറിന്റെ മനോഹര സംഗീതം അങ്ങനെ ഒക്കെ ..............
ഇന്നത് കണ്ടപ്പോള്‍ ഞാന്‍ അലീനയെ പോലെ ആവാന്‍ മോഹിച്ചു.
പാടട്ടെ
എന്‍ ജീവനെ .............എങ്ങാണ് നീ..............
ഇനിയെന്ന് കാണും................വീണ്ടും...................
ഈ രാത്രിയും എന്നില്‍ നിന്ന് പോവുമ്പോള്‍
നിന്നോട് പറയട്ടെ ,
നാളെ വീണ്ടും ഒരു ദിനം കൂടി എനിക്ക് കിട്ടുമ്പോള്‍ ഇന്നത്തേക്കാള്‍ ഒരുപാട് കൂടുതല്‍ ഞാന്‍ നിന്നെ പ്രണയിക്കും!!!!!!!!!!!!!!!!
വാക്കുകളുടെ പിന്നില്‍ ഒളിപ്പിച്ച വാക്കുകള്‍ സുന്ദരം
ReplyDeleteഅതെ, വെറുതേ ഒരു പോസ്റ്റ്. എന്നാലും ഒരു കാര്യം എനിക്കും തോന്നി, ഈ ഉത്സവങ്ങൾക്ക് ആനകളെ വേണ്ടാന്നു വെക്കണം, ആനയെ കുറ്റം പറയുന്നതല്ല എന്നാലും, എത്ര ദുരന്തങ്ങളാ കൺമുന്നിൽ...
ReplyDeleteഎന്റെ വക വെറുതെ ഒരു കമന്റും
ReplyDelete"Someone wants to say something to somebody..."
ReplyDeleteഗൃഹാതുരത്വമുണര്ത്തുന്ന ഓര്‍മ്മകള്‍ നിറഞ്ഞ ഒരു പോസ്റ്റ്.....
ഇടവപ്പാതി നനഞ്ഞ പോലെ മനസ് നിറഞ്ഞ പോസ്റ്റ്...
ഉമാ, ആശംസകള്‍....
വന്നതിനും,നല്ലതാണെന്ന് പറഞ്ഞതിനും,ഇഷ്ടപ്പെട്ടതിനും നന്ദി.
ReplyDelete