Showing posts with label വെറുതെ. Show all posts
Showing posts with label വെറുതെ. Show all posts

Friday, April 4, 2014

നേരമ്പോക്കു വിചാരങ്ങളും,ഇലയിഷ്ടങ്ങളും!!!!!!!!

ദേവകിയമ്മേടെ വീടിനു മുന്നിലെ മൈലാഞ്ചി മരത്തിലെ ഒരു കൊമ്പു മുഴോൻ ഒണങ്ങിയും അപ്പറത്തെ കൊമ്പു നിറയെ പൂങ്കുലകളും.

ഒരു വശത്ത്ന്ന് പ്രണയം കൊണ്ട്,
അത് നൽകുന്ന സന്തോഷം കൊണ്ട് പൂത്തുലഞ്ഞ ഞാൻ,
ആ പൂങ്കൊമ്പ് പോലെ ..........
മറുവശത്ത്
ജീവിതത്തിലെ തിരിച്ചറിവുകൾ കൊണ്ടും,
അത് നൽകുന്ന ദുഃഖങ്ങൾ കൊണ്ടും,
അതിൽ നിന്നുണ്ടാകുന്ന ചൂടേറ്റു കൊണ്ടും
പൂക്കാൻ മറന്നുപോയ,ഇലകൾ  കൊഴിഞ്ഞു പോയ
ആ കൊമ്പു പോലെ തന്നെയാണ് ഞാൻ.........

ജീവിതം മുഴോനും ഈ ഒരൊറ്റ കാഴ്ച്ചയിലേക്ക്‌ വന്നു നിറയുന്നതായി എനിക്കപ്പൊ തോന്നി.ഇത്തരം കാഴ്ച്ചകൾ പലപ്പോഴും എനിക്കെന്നെ തന്നെ കാണാനുള്ള കണ്ണാടിയാണ്.എനിക്കെപ്പഴും  തോന്നാറുണ്ട് എന്റെ ലോകം എത്ര ചെറുതാണെന്ന്.എന്റെ അറിവ് എത്ര ശുഷ്ക്കമാണെന്നും.അതുകൊണ്ട് തന്നെ ഞാൻ ജീവിതത്തെ പഠിക്കുന്നത് പലപ്പോഴും ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ കൂടിയാണ്.

സഹിക്കാൻ വയ്യാത്ത ചൂടും,കിണറ്റിലെ വെള്ളത്തിന്റെ നിറം മാറലും (വേനൽ തുടങ്ങ്യാൽ കിണറ്റിൽ വെള്ളം താഴ്ന്ന് പാറയ്ക്കും അടിയിലേക്കെത്തും. പിന്നെ വരുന്നത് മുഴോൻ ഉറുവെള്ളം ആണ്.അതിന് ഇരുമ്പ് ചുവേം,ഇളം ഓറഞ്ച് നിറോംണ്ട് :( . ) ഒഴിച്ചാൽ ഈ ദിവസങ്ങൾ എന്നെ ഏറെയൊന്നും സങ്കടപ്പെടുത്തുന്നില്ല, അസ്വസ്ഥമാക്കുന്നുമില്ല.മഞ്ഞു പുതപ്പിട്ട  രാവുകളിലെ  നക്ഷത്രക്കാഴ്ച്ചയും, പുലർച്ചേ പാടത്ത് മഞ്ഞിറങ്ങുന്ന കാഴ്ചയുമെല്ലാം ഒരുപാട് റീഫ്രെഷിംഗ് ആണ്.

വെളുപ്പാൻ കാലത്തുള്ള കുയിലിന്റെ പാട്ടും,
ചില പുലരികളിലുള്ള മയിലുകളുടെ വരവും,
എന്നും രാവിലേം വൈന്നേരോം വന്നു  കൃത്യമായിട്ട് ഒച്ചേം, വിളീം, തല്ലൂട്ടോം ണ്ടാക്കണ ചവറ്റിലക്കിളികളും,
മാവിന്മേൽ കൊത്തുന്ന മരംകൊത്തീടെ  ശബ്ദോം,
പാഷൻ ഫ്രൂട്ട് ന്റെ പന്തലിലേക്ക് ഇലകളിൽ നിന്ന് വള്ളികളിലേക്കും വള്ളികളിൽ നിന്ന് കയറിലേക്കും  പാറി കളിക്കണ നീണ്ട കൊക്കുള്ള കുഞ്ഞിക്കിളികളും,
കവുങ്ങിൻ തൈകളിൽ ഒളിച്ചു കളിക്കാൻ വരണ മഞ്ഞക്കിളികളും,
ഇടയ്ക്കിടെ വിരുന്നുകാരനായി വരണ നാകമോഹൻ പക്ഷിക്കുഞ്ഞും,
മുന്നിലെ തൂങ്ങണ ചെമ്പരത്തി കൊമ്പിലിരുന്നു ഊഞ്ഞാലാടാൻ വരണ ഓലേഞ്ഞാലികളും,
കല്യാണിക്കാവിലെ കുളത്തിലെ പടവിൽ ന്തോ ആലോചിച്ചോണ്ട് എന്നും ഇരിക്കണ കാണാറുള്ള പോന്മേം ഒക്കെ എന്റെ ദിവസങ്ങളെ ഏറെ ചന്തമുള്ളതാക്കുന്നുണ്ട്.

മിറ്റത്ത് അമ്മേം ഏടത്തീം വെച്ച്ണ്ടാക്ക്യ റോസാ ചെടികളിലെല്ലാം ഇപ്പൊ എന്നും കൊറേ പൂക്കൾ വിരിയും . ചോപ്പ്, മഞ്ഞ, വെള്ള, ഓറഞ്ച്,പീച്ച് നിറങ്ങളിലായി കണ്ടമാനംണ്ട്.വെയിലിനു കനം വെക്കുന്നതിനു മുന്നേ മഞ്ഞേം,വെള്ളേം നിറള്ള പൂമ്പാറ്റകൾ വരും എന്നും അതിൽക്ക്. പൂക്കളിലിരുന്നും,ചുറ്റും പാറി പറന്നും അവരങ്ങനെ അവടെണ്ടാവും  കൊറേ നേരം കണ്ണിനു വിരുന്നായി............അതു  നോക്കിയിരുന്നാൽ നേരം പോണ വഴി അറിയേ ഇല്ല.അഴൂന്റെ മൂലയ്ക്ക് കൊറേ തെച്ചീം,നന്ത്യാർവട്ടോം ഒക്കെ വെച്ച്ണ്ട്.അതിന്റെ ഇടേലെവിട്യോ ഒരു തുമ്പിക്കൂട്ണ്ട്(തുമ്പിയ്ക്കു കൂടോ?ന്നു ആരും ചോയ്ക്കണ്ട.ഞാൻ വെർതെ ഒരു വാക്ക്ണ്ടാക്കി നോക്കീതാണ്‌.) . അധികം വലിപ്പല്ല്യാത്ത,ഉടലിന് പച്ച നിറള്ള,ഒരേ പോലത്തെ കൊറേ തുമ്പികൾ അവടെ ഇഷ്ടം പോലെ വികൃതീം കാണിച്ച് പാറി പറന്നു കളിക്കണ കാണാം എപ്പഴും.രണ്ടുമൂന്നു ദിവസം ഫോട്ടോ എടുക്കാൻ വേണ്ടി നടന്നപ്പോ മനസിലായി അത്ങ്ങൾടെ പിന്നാലെ നടക്കണതും രസള്ള പരിപാടിയാണ്ന്ന്.

ഈ നന്ത്യാർവട്ടത്തിന്റെ ഇലകൾക്ക് ഒരു തിളക്കം കൂടുതലുണ്ട്.ഇളം മഞ്ഞ കലർന്ന തളിരിലകൾക്കും,അത് കഴിഞ്ഞുള്ള പച്ച നിറത്തിനും.ഒരു യൗവനയുക്തയായ പെണ്ണിനെ പോൽ സുന്ദരിയാണ് ആ ഇലകൾന്ന് അത് കാണുമ്പോഴൊക്കേം എനിക്ക് തോന്നാറുണ്ട്.അതിപ്പൊ എല്ലാ ഇലകളും അങ്ങനെ തന്നേലെ !!!!!!!!!പൂക്കളെക്കാളും ഇലകളോട് ഒരിഷ്ടക്കൂടുതൽ ണ്ട് നിയ്ക്ക്.ആ വാക്കിനു തന്നെ എന്തൊരു മൃദുത്വമാണ്!എത്ര സൌന്ദര്യമാണ്!എത്ര ആർദ്രമാണ്!എന്ത് കുളിരാണ്!

പുളിയുറുമ്പുകൾ ഇല കൊണ്ട് കൂടുണ്ടാക്കണ കാണുമ്പോ,
പാഷൻഫ്രൂട്ട്ന്റെ  പന്തൽ കാണുമ്പോ ഒക്കെ ഒരു ഇലക്കൂട്ടിൽ താമസിക്കാൻ മോഹം തോന്നും.വള്ളികളും ഇലകളും കൊണ്ട് ണ്ടാക്ക്യ ഒരു ഒറ്റ മുറി കൂട്. പുറത്തൂന്ന് നോക്ക്യാൽ ഇലപ്പച്ച കണ്ട് കണ്ണിൽ സന്തോഷം നിറയണം. ഉള്ളിലോട്ട് കേറിയിരുന്നാൽ ആ പച്ചേടെ കുളിരിൽ മനസും കുളിരണിയണം. (അങ്ങനൊരു കൂട്ടിൽ ഒരു രാവിൽ നമുക്ക് ഉറങ്ങാതെയിരിക്കണം. ഇലകളിലൂടെ നമ്മെ നോക്കി അസൂയപ്പെടുന്ന നിലാവിനെ നോക്കി നമുക്ക് ചിരിക്കണം.)

മുളങ്കൊമ്പിലെ തളിരിലകളുടെ  തുമ്പത്ത് മഞ്ഞുതുള്ളി പറ്റിപ്പിടിച്ചിരിക്കണ കാണുമ്പോ   നിയ്ക്ക് തോന്നാറുണ്ട് അങ്ങനൊരു ഇലയാവാൻ പറ്റ്യേങ്കിൽന്ന്. ഇലകളിൽ പറ്റിപ്പിടിച്ച മഞ്ഞു തുള്ളികൾ എന്നും എന്നെ ഒരുപാട് കൊതിപ്പിക്കുന്ന ഒന്നാണ്.മഴ നനയുന്ന ഇലകളെ കാണുമ്പോൾ  ശരിക്കും അസൂയ തോന്നാറുണ്ട് അവരോട്.ഏറ്റോം ആദ്യോം,മത്യാവോളോം മഴ നനയാലോന്നോർത്ത്.കാറ്റിലിങ്ങനെ പറന്നുപറന്ന് മെല്ലെ വന്നു വീഴണ ഇലകളെ കാണുമ്പോ ഞാൻ ആഗ്രഹിക്കാറുണ്ട് നനഞ്ഞ ഒരില വീഴുന്ന പോലൊരു ചുംബനം നിനക്കും,നീയെനിക്കും നൽകണമെന്ന്.

അമ്പലമുറ്റത്തെ ആൽ മരത്തിൽ കാറ്റിലാടുന്ന ഇലകളും,വെയിൽ ചിത്രം വരച്ച് മനോഹരമാക്കിയ തോട്ടത്തിലെ കൊപ്പത്തൈയ്യിലെ ഇലകളുമൊക്കെ ത്ര സുന്ദരമാണ്!!!!!!! ഇത്തരത്തിലുള്ള ഒരുപാട് ഇലക്കാഴ്ച്ചകൾ ഒരിലയാവാനുള്ള  മോഹം എന്നിൽ എന്നേക്കുമെന്നേക്കുമായി അവശേഷിപ്പിച്ചിട്ടുണ്ട്.

ഇടക്കിടെയുള്ള യാത്രകളും,ഹൃദയത്തോട് ചേർത്തു വെച്ച ചില സൌഹൃദങ്ങളെ കണ്ടതുമൊക്കെയായി കുറച്ചു നല്ല ഓർമ്മകളെ സ്വന്തമാക്കി ഈ ദിവസങ്ങളിൽ പലപ്പോഴായി.വീണ പറഞ്ഞു കേട്ട് മോഹിച്ചാണ് തിരുമിറ്റക്കോട് അമ്പലത്തിലേക്ക് പോയത്.അമ്പല മുറ്റത്ത്ന്ന് കാലെടുത്തു വെക്കുന്നത് നിളയിലേക്കിറങ്ങാനുള്ള കൽ പടവുകളിലേക്കാണ്. അവിടെയിരുന്നാൽ കാണാംത്രെ അങ്ങ് ദൂരെ നിന്നേ ഒരുങ്ങിയിറങ്ങി വരുന്ന മഴയെ.വീണ അത് പറഞ്ഞപ്പോ ഞാനോർത്തു,,,,
ഒരു ഈറൻ കാറ്റിന്റെ തണുപ്പേറ്റ്,കരയിലുള്ള  ആറ്റു വഞ്ചികൾ ആടുന്നതും നോക്കി മഴേടെ ഒരുക്കം കാണാനിരിക്കുന്ന നമ്മളെ........
മഴ നനഞ്ഞ മണലിൽ കാലുകൾ പൂഴ്ത്തിയിരിക്കുന്ന നമ്മളെ.............
നമ്മുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ സ്നേഹാധിക്യത്തിന്റെ രണ്ടു കുഞ്ഞു കണ്ണീർ തുള്ളികളെ ചേർത്തി ഒരു വല്യേ തുള്ളിയാക്കി അതിനെ നിളയിലേക്കൊഴുക്കി വിട്ട നമ്മളെ................

 മഴയും,മണലും വാക്കുകളിൽ വന്നപ്പോ മഴ നനഞ്ഞു കടല് കാണണമെന്ന മോഹവും,മേഘമൽഹാറും കന്യാകുമാരിയിലെ കടലും,അസ്തമയോം ആ പാട്ടും ഒക്കെ കണ്ണുകളിൽ നിറയുന്നു.കേൾക്കും തോറും സങ്കടവും ഉള്ളിൽ നിന്നോടുള്ള സ്നേഹവും നിറയ്ക്കുകയാണ് ആ പാട്ട്.സ്വപ്നം കാണുകയാണ് തീരത്തടിയുന്ന ശംഖുകൾ പെറുക്കിയെടുക്കുന്ന എന്നേയും,അത് കോർത്തൊരു മാല കെട്ടി എന്നെ അണിയിക്കുന്ന നിന്നെയും.
അതെ നീയെന്നിൽ ഒരു ചെമ്പക സുഗന്ധമായ്‌..............
ജന്മങ്ങൾക്കപ്പുറത്തെങ്ങോ പൂത്ത ഒരു ചെമ്പക സുഗന്ധമായ്..........

നിന്നോട് പറയട്ടെ!!!!!!!!!!!!!!!

പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് പരിധികളില്ലാതെ നീയെന്നെ എത്ര മനോഹരമായാണ് സ്നേഹിക്കുന്നത്!!!!!
കണ്ണീരു ചിരിയാവുന്നതും,
എകാന്തതയോട് ഇഷ്ടത്തിലാവുന്നതും,
മഴ നനഞ്ഞു മതിയാവാത്തതും,
പച്ചയിൽ മനം കുളിരുന്നതും
നിന്റെ സ്നേഹം നൽകിയ നന്മകൾ!!!!!!!
എന്റെ
ഇഷ്ടങ്ങളുടെ,
ദുഃഖങ്ങളുടെ,
സ്വപ്നങ്ങളുടെ,
ഓർമ്മകളുടെയെല്ലാം വഴികളവസാനിക്കുന്നത്
നിന്നിലേക്ക് !!!!!

നിന്നെക്കാളുമധികം ഇനിയാർക്കും എന്നെ ഇത്രമേൽ സ്നേഹിക്കാനാവില്ല തന്നെ!!!!!

Thursday, November 29, 2012

കാലം തെറ്റി പെയ്ത ഒരു മഴ.



നനയാന്‍ കൊതിച്ചപ്പോള്‍ പെയ്ത മഴകളൊക്കെ

സൌഹൃദങ്ങളുടെതായിരുന്നു.

എന്നില്‍ എന്നും നിറഞ്ഞു പെയ്തിരുന്നത് പ്രണയത്തിന്റെയും.

കണ്ണീരൊളിപ്പിക്കാന്‍ വേണ്ടി കാത്തിരുന്നപ്പോള്‍ ,എന്നെ പോലും

അറിയിക്കാതെ അവയെ ഒളിപ്പിച്ച മഴയ്ക്ക്‌ അമ്മേടെ മണായിരുന്നു.

അങ്ങനെ എന്‍റെ മഴയ്ക്ക്‌ അവകാശികള്‍ ഏറെ.


നിറങ്ങള്‍ നഷ്ടപ്പെട്ട ഒരു കാന്‍വാസ് പോലെ ആയിരുന്നു ജീവിതം.

സ്വപ്നങ്ങളില്‍ കണ്ടിരുന്നത് ഒരു തുരുത്തില്‍ ഒറ്റയ്ക്കായി പോയ ,

മറ്റൊരു ദ്വീപായി മാറിയ എന്നെയും.

പച്ച നഷ്ടപ്പെട്ട കാടിന്‍റെ,

കത്തിയമര്‍ന്ന പച്ച മരങ്ങളുടെ,ഇലകളുടെ മണത്തെ ആയിരുന്നു ഞാനെന്നും

ശ്വസിച്ചിരുന്നത്.

കണ്ണുകള്‍ അടച്ച് ഞാന്‍ എന്നെ തന്നെ നോക്കുമ്പോള്‍ കണ്ടിരുന്നത് ഒരു മഴ

പോലും തൊടാത്ത,വരണ്ടു വിണ്ടു കീറിയ ഭൂമിയെ ആയിരുന്നു.

എനിക്ക് കിട്ടിയതെല്ലാം സ്നേഹത്തിന്‍റെ പടുവിത്തുകള്‍ ആയിരുന്നു.

എങ്കിലും എന്‍റെ കണ്ണീരെന്ന വെള്ളം തേവി ഞാന്‍ അവയെ മുളപ്പിച്ചു .

എന്‍റെ കിനാവുകളുടെ പാടം പൂക്കാന്‍ ഈ പടുമുളകള്‍ മതിയെന്ന് ഞാന്‍

വെറുതെ വിശ്വസിച്ചു.

ഇടനെഞ്ചിലെന്നും കേട്ടിരുന്ന ഒരു അരിപ്രാവിന്റെ കുറുകല്‍

പിന്നീടെപ്പോഴോ കേള്‍ക്കാതായി.

അറിയാന്‍ ഏറെ വൈകി  ചിറകറ്റു വീണെന്ന്.

പിടഞ്ഞു മരിച്ചെന്ന് .

പാടാന്‍ കൊതിച്ചപ്പോഴോന്നും ശബ്ദം പുറത്തേക്കു വന്നതേയില്ല.

മനസ്സില്‍ ഒരു വീണയുണ്ടായിരുന്നു .

സ്നേഹ രാഗങ്ങളെ മാത്രം ശ്രുതി ചേര്‍ക്കുന്ന ഒരു വീണ.

പിന്നീടെപ്പോഴോ അതും നഷ്ടമായി.


എന്നില്‍ നിറഞ്ഞിരുന്ന നിരാശയുടെ കാണാകയങ്ങളില്‍  പെട്ടുഴറിയ എന്‍റെ

മനസ്സില്‍,

അപകര്‍ഷതയുടെ വലിയ ചുഴികളില്‍ പെട്ട് പോയ എന്നിലെ എന്നില്‍ ഒരു

മഴ പെയ്തു.

കാലം തെറ്റി പെയ്ത ഒരു മഴ.

എന്‍റെ  ജീവിതത്തെ തന്ന,

എന്നില്‍ ഇനിയും വറ്റാത്ത നന്മയും,സ്നേഹവും ഉണ്ടെന്നെന്നെ അറിയിച്ച

ഒരു മഴ.

അതെ,ഇന്ന് എന്നില്‍ പെയ്യുന്ന ഓരോ മഴയ്ക്കും അവകാശികള്‍ ഉണ്ട്.


ഓരോ മഴയിലും ഞാന്‍ അറിയുന്നുണ്ട് നിന്‍റെ പ്രണയത്തിന്‍റെ പാരമ്യതയെ .


ഒരിക്കല്‍ നിഷേധിക്കപ്പെട്ട മാതൃത്വത്തെ .


സൌഹൃദങ്ങളുടെ നിഷ്കളങ്കതയെ.



Monday, August 13, 2012

വെറുതെ കൊറേ..........അതും ഇതും ഒക്കെ കൂടിട്ടൊരു ഒരു പോസ്റ്റ്‌...

കര്‍ക്കിടകം തുടങ്ങിയതില്‍ പിന്നെ എന്നും രാവിലെ കല്യാണിയെ കാണാന്‍ പോവും.
സത്യം പറഞ്ഞാല്‍ ഭക്തി കൂടീട്ടൊന്നും അല്ല.
മനോഹരമായ പുലരികളെ കാണാന്‍ വേണ്ടി മാത്രം...................
വെങ്കിടേശ്വര സുപ്രഭാതം കേട്ട്,എണീക്കുമ്പോള്‍ ഒരു സുഖമാണ്.
ഉറക്കം വളരെ.........കുറ
വാണ് ഈയിടെ.

ഇന്ന് രാവിലെ തന്നെ രണ്ടു മഞ്ഞക്കിളികളെ കണ്ടു.
പച്ചക്കിടയില്‍ മഞ്ഞ നിറം നല്ല
ഭംഗിയാണ്.
പണ്ടെനിക്കൊരു പട്ടു പാവാട ഉണ്ടായിരുന്നു മഞ്ഞയും കറുപ്പ് കൂടിയ ചോപ്പും നിറമുള്ളത്.
ലിസ ചേച്ചീടെ വേളിക്കു വാങ്ങിയത്.
പണ്ടൊക്കെ മഞ്ഞ നിറമായിരുന്നു ഇഷ്ടം.
പിന്നെ കുറെ കാലം കറുപ്പായി.

പിന്നെ വെള്ളയായി.
ഇപ്പോള്‍ നീല നിറമാണ് ഇഷ്ടം.

പവിഴമല്ലി പൂക്കള്‍ പൊഴിഞ്ഞത് പെറുക്കിയെടുത്ത് കൊണ്ട് പോകും.
അമ്മേം കൂടെ ഉണ്ടാവും അമ്പലത്തിലേക്ക്.

പക്ഷെ താഴെ കൊറേ വീണു കിടപ്പുണ്ടാ
ഈ പവിഴമല്ലി ചെടിയില്‍ പൂക്കളെ കാണുകയെ ഇല്ല.
വും.
അതെനിക്ക് അതിശയാണ്.
മുറ്റത്തെ ആര്യ വേപ്പ് മരത്തില്‍ ഇലകള്‍ ഒന്നും ഇല്ല.
പക്ഷെ അതില്‍ ചുറ്റി ഒരു ബ്ലീഡിംഗ് ഹാ
ര്‍ട്ടിന്റെ വള്ളി ഉണ്ടായിരുന്നു.
ഇപ്പൊ അതില്‍ നിറയെ പൂവാണ്.
വെള്ള നിറത്തിനുള്ളില്‍ മെറൂണ്‍ പൂവെന്തു ഭംഗിയാണെന്നോ!!!!

ഗെയ്റ്റിനടുത്ത് ഇളം വയലറ്റ് നിറത്തിലുള്ള അരിപ്പൂക്കള്‍ കണ്ടമാനം ഉണ്ട്.
അരിയോളം വലുപ്പമുള്ള പൂക്കള്‍...
വല്യ നിഷ്കളങ്കതയാണ് ആ പൂവിന്.
മഴ ബാക്കി വെച്ച നീര്‍കണങ്ങള്‍ എല്ലാ ഇലതുമ്പുകളിലും തിളങ്ങി നില്‍ക്കുന്നത് കാണാന്‍ നല്ല ചന്താണ്.

എല്ലാവരും ഓരോ വൈര മൂക്കുത്തി ഇട്ട പോലെ.
വഴിയില്‍ ഒരു ബദാം (മരമായില്ല) ചെടി നില്‍പ്പുണ്ട്.
അതില്‍ നിറയെ പൂക്കളും.
അതിനു ചുറ്റും മഞ്ഞയും,കറുപ്പും നിറങ്ങളുള്ള തുമ്പികളെ കാണാം.
മഞ്ഞയും,കറുപ്പും,അവയുടെ ഉടലിന്‍റെ ചുവന്ന നിറവും അവരെ സുന്ദരികള്‍ ആക്കുന്നു.
ഒരു പത്തന്‍പതെണ്ണം എങ്കിലും ഉണ്ടാവും ദിവസോം.
അവയുടെ പരിഭ്രമം കാണാന്‍ നിന്നാല്‍ നേരം പോ
ണത് അറിയില്ല.
(കോഴിക്കോട് പോവുമ്പോള്‍ ഏതോ ഒരു സ്റ്റോപ്പില്‍ ഉണ്ട് ഒരു ബദാം മരം.
നിറയെ ഒരു പിങ്ക് കലര്‍ന്ന ചുവന്ന നിറമുള്ള ഇലകള്‍ നില്‍ക്കുന്നത് നല്ല ഭംഗിയാണ്കാണാന്‍ .)
അതിനടുത്തു തന്നെയാണ് നിറയെ പൂമുള്ളിന്റെ ചെടി നില്‍ക്കു
ന്നതും.
ഞാന്‍ പോണ സമയത്ത് അവ ഉറക്കമാണ്.
ഇലകള്‍ കണ്ണടച്ചുള്ള നില്‍പ്പ് അവയെക്കാള്‍ സുഖമായി ഉറങ്ങുന്ന മറ്റാരും ഇല്ല തന്നെ എന്ന് തോന്നിക്കും.
അതിനിടയില്‍ തന്നെ തൊട്ടാവാടി പൂന്തോട്ടവും ഉണ്ട്.
ഇലകള്‍ അടഞ്ഞും പൂക്കള്‍ വിടര്‍ന്നും നില്‍ക്കുന്നു.

പൂക്കള്‍ ഇലകളോട് "അമ്മ ഇങ്ങനെ ഉറങ്ങിക്കൊണ്ട് നിന്നോ ഞങ്ങള്‍ ദേ മിടുക്കരായി നില്‍ക്കുന്നത് കണ്ടോ."എന്ന് ചോദിക്കുന്ന പോലെ.
ഇടതു വശത്ത് നിറയെ പഞ്ചാര പൂക്കള്‍ ഉണ്ട്.
മറ്റൊരു പേര് പെരു എന്നാണ്.
ശരിക്കും ആ പൂവിന് പഞ്ചാരയുടെ മണമാണ്.
ഇലകള്‍ കാണുമ്പോള്‍ അവിടെ എന്‍റെ ഇല്ലത്തെ പ്ലാ
ശ്ശിന്‍(( ( അല്ലെങ്കില്‍ ചമത കൂട്ടം ഓര്‍മ്മ വന്നു.
ആ കൂട്ടോണ്ട് കണ്ടാല്‍..
വേളിക്കും,ഉപനയനത്തിനും ഒക്കെ ചമത ഏറെ ആവശ്യമാണ്.
പ്ലാശിന്‍ പൂവ് ഞാന്‍ കണ്ടിട്ടില്ല.

ഇപ്പൊ ഗൂഗിള്‍ കാണിച്ചു ചുവന്ന പൂവാണെന്ന്.
നവഗ്രഹങ്ങളില്‍ ചന്ദ്രന്‍റെ വൃക്ഷമാണെന്നും പറഞ്ഞു തന്നു.
ഇതില്‍ കാണുന്നതാണ് പഞ്ചാര പൂവ്.

അമ്പലമുറ്റത്തെ കറുക പുല്ലുകളില്‍ കാലമര്‍ത്തുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് വിഷമം തോന്നാറുണ്ട്.
അവയുടെ മൃദുലതയില്‍ എന്‍റെ പാദങ്ങളുടെ പരുപരുപ്പ് നോവിക്കുന്നോ എന്നോര്‍ത്ത്.......
പക്ഷെ ഇന്നും ഇന്നലേം കറുകയെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത് അവളെയാണ്.
അവളുടെ വാക്കുകളെ.


പുലരിയിലെ കല്യാണി പാടം തീര്‍ത്തും ശാന്തമാണ്.
ഒരു അനക്കം പോലും ഇല്ലാതെ.
മേഘങ്ങള്‍ മെല്ലെ സഞ്ചരിക്കുന്ന ആകാശം.
മഞ്ഞിന്‍റെ ഒരു ആവരണം എങ്ങും.
കുറച്ചു മുകളിലായി ഒരു പുകമഞ്ഞുണ്ട ഉണ്ടാവാറുണ്ട്.
അത് കാണുമ്പോള്‍ എനിക്ക് ശരിക്കും കൌതുകാണ്.
ആകാശത്തിന് കീഴെ ചാരനിറമുള്ള കൊറ്റികള്‍ വരിവരിയായി പറന്നു പോവുന്നത് കാണാം.
അവയെങ്ങനെ ഇത്ര കൃത്യമായി വരിയായി പോവുന്നു?????
എന്നും ചോദിക്കുന്ന ഒരു ചോദ്യം.


തിടപ്പിള്ളിയില്‍ നിന്നും ഗണപതി ഹോമത്തിന്റെ പുക ഉയര്‍ന്നു മഞ്ഞിന്‍റെ കൂടെ കൂടി മേഘങ്ങളിലേക്ക് പോകുന്നതും നോക്കി നില്‍ക്കാന്‍ എനിക്കിഷ്ടമാണ്.
തിരുനാവായ അടുത്തായതിനാല്‍ ഈ ഭാഗങ്ങളില്‍ കാക്കകള്‍ കുറവാണ്.
ഒക്കെ അവിടെയാണ്.
അതുകൊണ്ട് ഇന്ന് പതിവില്ലാതെ കാക്കകളുടെ കരച്ചില്‍ കേട്ടപ്പോള്‍ അതും പ്രത്യേകം ശ്രദ്ധിച്ചു.

മഴ കൊടുത്തു പോയ ബാക്കി, പെയ്യിക്കുന്ന മരങ്ങള്‍..........................
മഞ്ഞുതുള്ളി ഉമ്മ വെച്ച കുഞ്ഞു പുല്‍നാമ്പുകള്‍ ................
ഇലകളില്‍ ഇറ്റു വീഴാന്‍ കാത്തു നില്‍ക്കുന്ന മഴ തുള്ളികള്‍..................................
ഒക്കെ ഏറെ മനോഹരമായ പുലര്‍ കാഴ്ചകള്‍ തന്നെ.
ചന്ദനവും,തുളസിയും,ചേര്‍ത്ത തീര്‍ത്ഥം വെള്ളി കെട്ടിയ വെളുത്ത ശംഖില്‍ നിന്നും തൂവാന്‍ തരുമ്പോള്‍ മനസ്സ് ശാന്തമാണെന്ന് വെറുതെ കുറച്ചു നേരത്തേക്കെങ്കിലും തോന്നും.
മരങ്ങളില്‍ ഏറ്റവും ഭംഗിയായി പെയ്യുന്നത് നെല്ലിമരം ആണെന്ന് തോന്നാറുണ്ട്.
നെല്ലിയിലെ കുഞ്ഞു ഇലകളിലൂടെ എത്ര ഭംഗിയായാണ് മഴ പൊഴിയുന്നത്!!!!!!!!!!!!!!!!!
നെല്ലി മരംന്നു പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് വയനാട്ടിലെ മുത്തങ്ങ വനമേഖലയിലെ നെല്ലി മരങ്ങളെ ആണ്.
പിന്നെ വീണ്ടും എന്‍റെ ഇല്ലത്തെ നെല്ലി മരവും.
പോവണം എനിക്കെന്‍റെ ഇല്ലത്തേക്ക് .....


ഇന്നലേം ഇന്നും മഴ കുറഞ്ഞു .
മഴ പെയ്യുന്നുണ്ടെങ്കില്‍ പോലും വെള്ളം കുറവാണ് ത്രെ.
കറന്റ് ബില്‍ കൂടി.
പവര്‍ കട്ട് വന്നു.
ഇങ്ങനെ പോയാല്‍ വരള്‍ച്ച ആവുമെന്ന് പറയുന്നു.
എന്ത് ചെയ്യും!!!!
അതിനെന്തെങ്കിലും പരിഹാരം കണ്ടെത്തേണ്ടതിനു പകരം ഇവിടെ ഹര്‍ത്താല്‍ നടത്താനും,വെട്ടാനും,കുത്താനും അത് വാര്‍ത്തയാക്കാനും ഒക്കെ ആണ് എല്ലാര്‍ക്കും താല്പര്യം.

ഈ മഴഎന്താ ഇങ്ങനെ?????
എന്നെ പോലെ കൊറേ ആളോള് നിന്നെ പ്രാന്ത് പോലെ പ്രണയിക്കുന്നത് എന്താ
ന്‍റെ മഴേ നീ കാണാത്തെ?
നിനക്കൊന്നു പെയ്തു കൂടെ,ആരേം ബുദ്ധിമുട്ടിക്കാതെ????????
മേഘ സ്ഫോടനം എന്നൊക്കെ പറഞ്ഞോണ്ട് പെയ്യണ്ട.
പാവം എത്ര പേരെയാ കഷ്ടത്തിലാക്കുന്നെ????
അങ്ങ് വടക്ക് ഗംഗേം യമുനേം ഒക്കെ നിറഞ്ഞു കവിഞ്ഞൊഴുകുന്നു.
ഇവിടെ ഈ നിള ഇപ്പോഴും മണല്‍ വാരി വാരി ഇല്ലാതായി കൊണ്ടിരിക്കുന്നു.
നിളയുടെ ചിത്രം കണ്ടാല്‍ കഷ്ടം തോന്നും ട്ടോ.
നേരില്‍ കണ്ടാലും.

ഹോ.... ആ ഉരുള്‍ പൊട്ടലിന്റെ വാര്‍ത്തേം ,ചിത്രങ്ങളും ഒക്കെ കണ്ടപ്പോള്‍ സങ്കടായീട്ടോ.
രാവിലെ പണിക്കു പോവുമ്പോള്‍ ഒരു കൊഴപ്പോം ഇല്ല.
തിരിച്ചു വന്നപ്പോള്‍ ഒന്നും ഇല്ല.
അവനോന്റെ ആള്‍ക്കാരും,വീടും അങ്ങനെ ഒന്നും.
മനസ് മരവിച്ചു പോകാന്‍ ഇതിനപ്പുറം എന്താ വേണ്ടേ വേറെ........!!!!!!!!!!
ഒരു കാറ്റില്‍,ഒരു മഴയില്‍,ഒരു സുനാമിയില്‍ തീരാവുന്നതെയുള്ളൂ നമ്മളൊക്കെ എന്ന് എന്നിട്ടും ആരും ഓര്‍ക്കുന്നില്ലല്ലോ (ഈ ഞാനും)!!!!!!

ഓണം ആവാറായി.
പെരുന്നാളും.
തുണിക്കടകളിലെ തിരക്ക് കണ്ടാല്‍ ആളുകള്‍ ആദ്യമായി
തുണി വാങ്ങുന്ന പോലെ ആണ്.
ഒരു പുതിയ കട തുറന്നാല്‍ അത് തുറക്കാന്‍ കാത്തിരുന്ന പോലെ ആണ് അവിടത്തെ തിരക്ക്.
അന്ന് തിരുവില്വാമലക്ക് പോയപ്പോള്‍ അവിടന്ന് ഓണക്കോടി ഒക്കെ എടുത്തിരുന്നു.
ഇന്നലെ പോയി പിള്ളേര്‍ക്കുള്ളതും വാങ്ങി.
അങ്ങനെ എന്‍റെ മുറ്റത്തും ഓണം വന്നു.
കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചാണകം മെഴുകി മുറ്റത്ത് ഒരു മുക്കുറ്റി തലയെങ്കിലും വെക്കണം.
ഇവിടെ അതുകൊണ്ട് അന്ന് തൊട്ടേ ഓണം വന്നു.
ഇന്നലെ ജയേട്ടന്‍ പലവ്യഞ്ജനങ്ങള്‍ (ഓണം പ്രമാണിച്ച് വില കൂടുന്ന ഐറ്റംസ് ഒക്കെ )ഒക്കെ വാങ്ങി.
പഴത്തിനും മറ്റും നല്ല വിലയാവും ഇക്കുറി.
അറുപതിനോടടുത്ത് ഉണ്ടാവുമായിരിക്കും.
ഇവിടെ മൂന്നു കുല ഏല്‍പ്പിച്ചു.
ഒന്ന് വറുക്കാനും,രണ്ടെണ്ണം പഴുപ്പിക്കാനും.
ഇവിടെ വെച്ച കന്നുകള്‍ ഒന്നും പിടിച്ചില്യാന്നെ.
ഓണത്തിന്റെ അന്നാണ് അച്ചുന്റെ നന്ദഫന്റെ വിവാഹ വാര്‍ഷികം.
തലേന്ന് ജയേട്ടന്റെം.

പിന്നേം ഉണ്ട് ഓണനാളുകളില്‍ എന്‍റെ മാത്രമായ ഒരു കുഞ്ഞു വിശേഷം.
അത് പറയില്യ.
ആരെങ്കിലും വന്നു പറയുമൊന്നു നോക്കട്ടെ.
ആരും പറഞ്ഞില്യന്നുണ്ടെങ്കില്‍ ഞാന്‍ പറയാട്ടോ.

അപ്പൊ ശരി എന്‍റെ വഴിയിലെ യാത്രക്കാരെ ..............
എല്ലാവര്‍ക്കും എന്‍റെ,
ചെറിയ പെരുന്നാളിന്റെ വലിയ ആശംസകള്‍.!!!!!!!!!!!























Tuesday, May 15, 2012

വെറുതെ...........ഒരു പോസ്റ്റ്‌!!!!!

മഴ പെയ്തും പെയ്യാതെയും ദിവസങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു.
വേനലവധി ഇപ്പോള്‍ തീരും.
മഴയുടെ നാളുകളായെന്ന് ഓര്‍മിപ്പിക്കാന്‍ ഇന്ന് ഇടവം പിറന്നു.
മഴയുടെ മാസം.
ഒരു ഇടവപ്പാതിയില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.
പക്ഷെ ഞാന്‍ എത്തിയത് ഒരു ചിങ്ങമഴയിലാണ്.
ഓണനിലാവുദിച്ച ഒരു വെളുപ്പാന്‍ കാലത്ത്.

പോപ്പിയും ജോണ്‍സും എത്തി പുതിയ പേരിട്ട കുടയിറക്കിക്കൊണ്ട് .
ഇന്ന് അതിന്‍റെ പരസ്യത്തില്‍ ഉണ്ടായിരുന്ന ആ സുന്ദരിക്കുട്ടി മരിച്ചു എന്നറിഞ്ഞപ്പോള്‍ സങ്കടം വന്നു.
ഒപ്പം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ സംഭവം അറിഞ്ഞപ്പോഴും.
ഈ ആനയൊന്നും ഉത്സവങ്ങള്‍ക്ക് വേണ്ടെന്നു തീരുമാനിക്കണം എന്ന് അത് കണ്ടപ്പോള്‍ തോന്നി.
"അതുങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുമ്പോള്‍ അവ പ്രതികരിക്കതിരുന്നതെങ്ങനെ ??????
ഈ പൊരി വെയിലത്ത്‌ ചുട്ടു പൊള്ളുന്ന ടാറിട്ട റോട്ടില്‍ നമ്മളെ നിര്‍ത്തിയാല്‍ നമ്മള്‍ സമ്മതിക്കുമോ?????"
ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു.
(ദൈവമേ പൂരപ്രേമികള്‍ ഇത് വായിച്ചാല്‍ എന്നെ നുറുക്കി നുറുക്കി ഉപ്പേരിയുണ്ടാക്കി കഴിക്കും.)

കഴിഞ്ഞു പോയ ദിവസങ്ങളില്‍ യാത്രകള്‍ ഒരുപാടുണ്ടായിരുന്നു.
കണ്ട കാഴ്ചകളും ഏറെ മനോഹരങ്ങള്‍ ആയിരുന്നു.
ചില ഇഷ്ടങ്ങളെ ഒരിക്കല്‍ കൂടി താലോലിക്കാന്‍ സാധിച്ചു.
ചിലത് കുറെ പഴയ ഓര്‍മ്മകളെ തിരികെ കൊണ്ട് തന്നു.
ഇപ്പോഴിപ്പോള്‍ ജീവിതത്തോട് ഒരുപാടു ഇഷ്ടം തോന്നുന്നു.

ആമ്പല്‍ പൂത്ത പാടത്തേക്കു പോയപ്പോള്‍ ,നടുക്കുള്ള വരമ്പിലൂടെ ഓടിനടന്നപ്പോള്‍ "അക്കാപ്പൂ "ന്നും പറഞ്ഞു നടന്ന സ്കൂള്‍ കുട്ട്യേ ഓര്‍മ്മ വന്നു.
അന്നൊക്കെ അതിനു നടുക്കുള്ള മഞ്ഞ അല്ലി തിന്നുമായിരുന്നു.
നീളമുള്ള തണ്ട് പൊട്ടിച്ച് പൊട്ടിച്ച് മാലയാക്കി നടുക്ക് പൂവ് ലോക്കറ്റ് പോലെ ആക്കി കഴുത്തില്‍ ഇട്ടു നടക്കുമായിരുന്നു.
മനസ്സില്‍ പ്രണയം എന്ന കൌതുകം നിറയാന്‍ തുടങ്ങിയപ്പോള്‍ അത്തരം മാലകള്‍ ഇല്ലത്തെ കൃഷ്ണന്‍റെ പ്രതിമയില്‍ ചാര്ത്തുമായിരുന്നു.
പച്ച നിറമുള്ള ഒരു ഫുള്‍ പാവാട ഉണ്ടായിരുന്നു.അതും കറുപ്പ് ബ്ലൌസും ഇട്ടു കുറെ നടന്നിട്ടുണ്ട്.
പാടത്ത് കൂടെ നടക്കുമ്പോള്‍ കാറ്റില്‍ പാറുന്ന പാവാട, അത് പിടിച്ച് ഓടുമായിരുന്നു.
എത്ര ഭംഗിയുള്ള ദിവസങ്ങള്‍ ആയിരുന്നു അതെല്ലാം!!!!!!!!!!
ദാവണി അന്നൊക്കെ ഇഷ്ടമായിരുന്നെങ്കിലും ഒരിക്കലും ഉടുത്തിട്ടില്ല.
സിനിമകളിലും മറ്റും കാണുന്ന നായികാ സങ്കല്‍പം.
പാടത്ത് കൂടെ ഓടി വരുന്ന പെണ്‍കുട്ടി.
ഇരുവശവും പിന്നിയിട്ട നീളമുള്ള തലമുടി.
ഇതുപോലെ ദാവണി വേഷത്തില്‍ .............
എന്നെ ഞാന്‍ ഒരുപാടു സങ്കല്പ്പിച്ചിട്ടുണ്ട് അങ്ങനെ.
പക്ഷെ സുന്ദരിയല്ല എന്ന ഒരു കോമ്പ്ലെക്സ് ആ വേഷത്തില്‍ നിന്ന് എന്നും എന്നെ പിന്തിരിപ്പിച്ചിട്ടുണ്ട്.

ഗുല്‍മോഹര്‍ നിറഞ്ഞു പൂത്ത വഴിയരികിലൂടെയുള്ള സായാഹ്നത്തിലെ നടത്തം.
ചെറിയ മരങ്ങള്‍ ആണ് മിക്കതും.
പക്ഷെ ഇലയില്ലാത്ത പോലെ ആണ് ഒന്നിലും.
പൂക്കള്‍ മാത്രം.
ശരിക്കും രക്തവര്‍ണ്ണം തന്നെ.
ഇത്രയും ചുവപ്പ് മറ്റൊന്നിലും ഞാന്‍ കണ്ടിട്ടേയില്ല.
അതുകൊണ്ട് ഓരോ ദിവസവും വൈകുന്നേരം ആവാന്‍ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി.

പ്രണയം എനിക്കിപ്പോള്‍ മഴ നനഞ്ഞ രാത്രികള്‍ നല്‍കുന്നു.
ഓരോ മഴയിലും ഞാന്‍ അറിഞ്ഞു കൊണ്ടേയിരിക്കുന്നു,കണ്ടു കൊണ്ടേയിരിക്കുന്നു,അവനെന്നോടുള്ള പ്രണയത്തെ.
ജനാല തുറന്നിട്ട് ഇരുട്ടിലേക്ക് നോക്കുമ്പോള്‍ തിളങ്ങുന്ന മഴമുത്തുകള്‍ അവന്‍റെ മിഴികളാണെന്ന് ഞാന്‍ അറിയാറുണ്ട്.
അവയെ നേരിടാനാവാതെ കണ്ണുകള്‍ അടച്ചു ഞാന്‍ നില്‍ക്കുമ്പോള്‍ ഒരു കാറ്റിലൂടെ ഒരു മഴതുള്ളി എന്‍റെ മുഖത്തേക്ക് വന്നു പതിക്കാരുണ്ട്.

ഒരു കണ്ടുമുട്ടലിനു മനസ് മോഹിക്കുന്നുണ്ട്.
സംഭവിക്കുമോ എന്നറിയാത്ത ആ കൂടികാഴ്ചയെ കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു മനസ്.
ഇന്നലെ മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്നത് സ്വപ്നം കണ്ടു.
മേഘങ്ങളുടെ ചിത്രങ്ങളെ കണ്ടത് കൊണ്ടാകാം.

ഇപ്പോള്‍ മനസ്സില്‍ തെളിയുന്നത് ജയപ്രദയുടെ മുഖം ആണ്.
ജയപ്രദയെ എനിക്കൊരുപാട് ഇഷ്ടമാണ്.
മാത്യൂസെന്ന ഭര്‍ത്താവിന്‍റെ നല്ല ഭാര്യയായ,
മനസില്‍ ഇപ്പോഴും എവിടെയോ അച്ചുവിനോടുള്ള പ്രണയം ഒരു കുഞ്ഞു മെഴുകുതിരി പോലെ കൊണ്ട് നടക്കുന്ന ഗ്രെയ്സിനെ ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ..............
അലീനയുടെ,മഹേശ്വരിന്റെ സംഗീതത്തിലെ അലീനയായി മാറിയ ജയപ്രദയുടെ മുഖം.
അതാണ്‌ ഇപ്പോള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്.
മനസ്സില്‍ ചേര്‍ത്ത് വെച്ച മറ്റൊരു സിനിമയാണ് ദേവദൂതന്‍.
ആരോ ആരോടോ എന്തോ പറയാന്‍ ആഗ്രഹിക്കുന്നു.
അലീന,അവളുടെ പ്രണയം,അതിന്‍റെ നിഷ്കളങ്കത,തീക്ഷ്ണത അങ്ങനെ എല്ലാം എനിക്ക് പ്രിയമാണ്.
ആ സപ്ത സ്വര മണികളുടെ ചന്തം,അതില്‍ നിന്നും ഉണ്ടാക്കിയ വിദ്യാസാഗറിന്റെ മനോഹര സംഗീതം അങ്ങനെ ഒക്കെ ..............
ഇന്നത്‌ കണ്ടപ്പോള്‍ ഞാന്‍ അലീനയെ പോലെ ആവാന്‍ മോഹിച്ചു.
പാടട്ടെ
എന്‍ ജീവനെ .............എങ്ങാണ് നീ..............
ഇനിയെന്ന് കാണും................വീണ്ടും...................

ഈ രാത്രിയും എന്നില്‍ നിന്ന് പോവുമ്പോള്‍
നിന്നോട് പറയട്ടെ ,
നാളെ വീണ്ടും ഒരു ദിനം കൂടി എനിക്ക് കിട്ടുമ്പോള്‍ ഇന്നത്തേക്കാള്‍ ഒരുപാട് കൂടുതല്‍ ഞാന്‍ നിന്നെ പ്രണയിക്കും!!!!!!!!!!!!!!!!







Saturday, August 27, 2011

മറക്കാന്‍ വേണ്ടി എന്തൊക്കെയോ ഓര്‍മ്മകളെ തേടിപ്പോയി.
ഓര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ അവയെ മറക്കാന്‍ തോന്നരുതേ എന്നായി.
മറക്കണോ ഓര്‍ക്കണോ എന്ന് മനസ്സ് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍
ഹൃദയം പറഞ്ഞു ചിന്തയില്‍ ആ ഓര്‍മ്മകള്‍ എന്നുമുണ്ടാവണം
മറവിയില്‍ ആ ഓര്‍മ്മകള്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ ആവണം.

Monday, August 8, 2011

ഈ വേദന എന്റേത് മാത്രമാകട്ടെ.............

നിലാമഴയില്‍ കുളിച്ച രാവില്‍
അങ്ങ് ദൂരെ മരത്തിനു പിന്നില്‍ നില്‍ക്കുന്ന നിന്റെ നിഴലിനടുത്തെയ്ക്ക് ഞാന്‍ ഓടി വന്നു.
പക്ഷെ അത് ഞാന്‍ പ്രതീക്ഷിച്ച നീ അല്ലായിരുന്നു.
എനിക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ വന്ന മറ്റാരോ.............
അയാള്‍ എന്നെ കൊണ്ടുപോയി.
കയ്യില്‍ പിടിച്ചു വലിച്ച്................
എനിക്ക് വേദനിച്ചുവെന്നു പറഞ്ഞു,അപ്പോള്‍
അയാള്‍ എന്റെ തോളില്‍ പിടിച്ചു.
കൊണ്ടുപോകല്ലേ എന്ന് പറയാന്‍ ആരെങ്കിലും ഉണ്ടോയെന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ആരേം കണ്ടില്ല.
എനിക്കയാളെ അനുഗമിക്കേണ്ടി വന്നു.
കണ്ണുകള്‍ അടച്ചു.
പോകുന്ന വഴി ഞാന്‍ മനസിലാക്കിയാല്‍ തിരിച്ചു വരാനുള്ള മാര്‍ഗം ഞാന്‍ തേടാന്‍ തുടങ്ങും.
തിരിച്ചു വന്നാലോ.............
എനിക്കെല്ലാം അന്യമാകും.
എന്റേതെന്നു കരുതുന്നതൊന്നും എനിക്കില്ല എന്ന സത്യം ഞാന്‍ സ്വീകരിക്കേണ്ടി വരും.
അതുകൊണ്ട് കണ്ണുകള്‍ ഇറുക്കി അടച്ചു.
മനസ്സില്‍ പറഞ്ഞു
വന്ന വഴി ഏറെ മുള്ളുകള്‍ നിറഞ്ഞതാണെങ്കിലും,
അത് നന്മയിലേക്കുള്ളതാകട്ടെ.
മുള്ളുകള്‍ തട്ടിയുള്ള ഈ മുറിവിനെ സ്നേഹിക്കാന്‍ എനിക്ക് കഴിയട്ടെ.
അതില്‍ നിന്നുള്ള വേദന എന്നെ അതിന്റെ അടിമയാക്കട്ടെ.
ദൈവം എല്ലാം കേട്ടു.
ആ വഴി ഞാന്‍ കണ്ടില്ല.
മുള്ളുകള്‍ തറഞ്ഞു കേറി.
ആ മുറിവ് മായാതെ ശേഷിച്ചു.
അതില്‍ നിന്നുള്ള വേദന ഇന്നെനിക്കു ലഹരിയായിതീര്‍ന്നു.



Friday, June 24, 2011

ഒരുനാള്‍ ഞാനും കാര്‍ ഓടിച്ചു കൊണ്ട് പോവുംലോ...................

കൂട്ടുകാരോടൊക്കെ കാറുവാങ്ങിയ വിവരം വിളിച്ചു പറഞ്ഞു.
കൂടെ ഞാന്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോവുകയാണെന്നും.
അത് കേള്‍ക്കുമ്പോള്‍ എല്ലാര്‍ക്കും ഒരു ചിരി.
എനിക്കൊട്ടും ഇഷ്ടപ്പെട്ടിട്ടില്ല.
എന്തെ എനിക്കിതൊന്നും പറ്റില്യാന്നുണ്ടോ?
ഞാന്‍ ചോദിച്ചു.
നിനക്കിനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ.
എന്ന് ഒരാള്‍ പറഞ്ഞു.
വേറെ ഒരാള്‍ടെ കമന്റ്‌.
അവള്‍ക്കിപ്പോഴും കാറും ഓടോറിക്ഷയും കണ്ടാല്‍ തിരിച്ചറിയില്ല.
എന്നിട്ടാ ഡ്രൈവിംഗ്.
ദീപു പറഞ്ഞു അങ്ങനെ അന്തര്‍ജ്ജനം അടുക്കളയില്‍ നിന്നും ഡ്രൈവിംഗ് സീറ്റിലേക്ക് വരാന്‍ പോണു എന്ന്.
അത് മാത്രം എനിക്കിഷ്ടായി.
ഇങ്ങനെ ഓരോന്ന് കേള്‍ക്കുമ്പോള്‍ ഒക്കെ ഉറപ്പിച്ചു.
ഇത് പഠിച്ചിട്ടന്നെ കാര്യമെന്ന്.
അങ്ങനെ തീരുമാനം എടുത്തപ്പോഴേക്കും സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി.
ഒറ്റയ്ക്ക് ഓടിച്ചു പോണത്,ഷോപ്പിങ്ങ്നു പോണത്...അങ്ങനെയങ്ങനെ.......
പക്ഷെ പഠിക്കാന്‍ പോവുമ്പോള്‍ മറ്റേ യാത്രക്കാരുടെ ശ്രദ്ദക്ക് സിനിമയില്‍ ഇന്നസെന്റിന്റെ ഒരു ശിഷ്യന്‍ ഉണ്ടല്ലോ ചീത്ത പറയല്ലേ മാഷേന്നു പറയുന്ന അങ്ങേരുടെ സ്ഥിതിയാവുമോ എന്നാ ഒരു പേടി ഇല്ലാതില്ല.
എന്തായാലും ജൂലൈയില്‍ പോവുന്നു പഠിക്കാന്‍.
എല്ലാരും അനുഗ്രഹിക്കണം.
ഹോ.......ഓര്‍ക്കാനേ വയ്യ.
പിന്നെ ഞാനാരാ...........................