Wednesday, August 22, 2012

ഈ പെരുന്നാള്‍ ദിനം എന്തു രസായിരുന്നൂന്നോ!!!!!!

ചിങ്ങം പിറന്നു.
അത്തം കഴിഞ്ഞു.

വീണ്ടും ഒരു ഓണക്കാലം കൂടി..............

ഒരു വസന്തകാലം കൂടി മുന്നിലേക്കെത്തി .

ഞാറു നട്ട പാടങ്ങള്‍,അതില്‍ കൂട്ടം കൂടാന്‍ ഒരു പറ്റം കുളക്കോഴികള്‍,

ഒറ്റയ്ക്ക് നടക്കുന്ന ഒരു അമ്പലപ്രാവ്,

മേലെ മുകളിലേക്ക് പറന്നുയരുന്ന ചാര നിറമുള്ള കൊറ്റികള്‍,

തുമ്പ പൂത്ത തൊടി,വേലിയില്‍ വിരിഞ്ഞ വയലറ്റ് പൂവുകള്‍.,

കവുങ്ങിന്‍ തോപ്പിലെ ഇരുളില്‍ കുഞ്ഞു വെളിച്ചം പോലെ മണ്ണിനോട് ചേര്‍ന്ന് മുക്കുറ്റി പൂക്കള്‍ ഒക്കെ മനസ്സില്‍ സ്നേഹവും,നന്മയും നിറയ്ക്കുന്നു.


ഈ പെരുന്നാള്‍ ദിനം എനിക്കേറെ ഇഷ്ടമായി.

ഒരിക്കലും മറക്കാനാവാത്ത ഒന്നായി.

ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ നിര്‍ബന്ധിച്ച ഒരു ദിവസം.

വെയിലും മഴയും ഒരുമിച്ച് വന്നു.

എനിക്ക് ചുറ്റിനും,എന്‍റെ ഉള്ളിലും.


പെരുന്നാള്‍ ദിനം,ഞാന്‍ എന്‍റെ ഇല്ലത്തേക്ക് പോയി.

തനിയെ,ബസ്സില്‍..

അച്ചു വന്നേനു ശേഷം ബസ്സില്‍ പോവുന്നത് അപൂര്‍വ്വം ആണ്.

അവളുടെ സ്വഭാവത്തിന് ബസ്സില്‍ കേറിയാല്‍ എനിക്ക് പണിയാവും എന്നൊരു പേടി.

പിന്നെ വേദേം വന്നൂലോ.

യാത്രകളെ കുറിച്ച് എഴുതാന്‍ മോഹിച്ചത് മനോഹരമായി യാത്രാനുഭവങ്ങള്‍ ഉള്ള ഒരു ബ്ലോഗ്‌ കണ്ടതിനു ശേഷം ആണ്.

ന്‍റെ യാത്രകള്‍ എന്‍റെ ഇല്ലം,അല്ലെങ്കില്‍ അടുത്ത് പുറത്തുള്ള വല്ല അമ്പലം എന്നിങ്ങനെ ഒക്കെയേ ഉള്ളുവെങ്കിലും എനിക്കിപ്പോ അതെഴുതാന്‍ ഇഷ്ടാണ്.

ഒരു രസം.

കാണുന്ന കുഞ്ഞു കുഞ്ഞു കാഴ്ചകള്‍ ഒക്കെ കുറേക്കാലം കഴിഞ്ഞാല്‍ ഓര്‍മ്മിക്കാന്‍ എന്നെ സഹായിക്കുമെങ്കില്‍ ഞാന്‍ അതെഴുതുക തന്നെ വേണം.


ബസ്സില്‍ കേറിയാല്‍ പണ്ടൊക്കെ സൈഡ് സീറ്റിലെ ഇരിക്കുമായിരുന്നുള്ളൂ.

സ്വപ്നം കാണാന്‍ വേണ്ടിയുള്ള സൌകര്യത്തിന്.

പിന്നെ ഉറങ്ങാനും.

പക്ഷെ ബസ് യാത്ര അപൂര്‍വമായി തുടങ്ങിയപ്പോള്‍ ആ ഇഷ്ടം മാറി.

ലോങ്ങ്‌ സീറ്റില്‍ മുന്നിലെ ഗ്ലാസിനെ തൊടാന്‍ പാകത്തില്‍ ഇരിക്കുന്നതായി ഇഷ്ടം.

മുന്നിലെ കാഴ്ചകള്‍ എല്ലാരെക്കാളും മുന്‍പേ ഞാന്‍ കണ്ടു എന്ന് വെറുതെ അവകാശപ്പെടാന്‍ വേണ്ടി.


ഈ യാത്രയില്‍ ബസ്സില്‍ ഞാന്‍ അങ്ങനെ ആണ് ഇരുന്നത്.

ഡ്രൈവറും,ക്ലീനറും,ഒക്കെ ന്നെ നോക്കി.

ഗ്രാന്‍ഡ്‌ മാസ്റ്റര്‍ സിനിമ വെച്ചിട്ടുണ്ട്.

അത് കാണാന്‍ വേണ്ടിയെങ്കിലും ഈ കുട്ടി എന്തിനാ ഒഴിഞ്ഞു കിടക്കുന്ന സൈഡ് സീറ്റുകളില്‍ ഒന്നില്‍ പോലും ഇരിക്കാത്തെ എന്നോര്‍ത്ത് കാണും അവര്‍..

അതിനേക്കാള്‍ എത്രയോ നല്ലതാണ് ആചില്ലില്‍ കൂടെയുള്ള നോക്കല്‍ എന്ന് അവര്‍ക്കറിയില്ലല്ലോ.

നീലാകാശം,വെള്ള മേഘങ്ങള്‍ ഇരു വശവും ഉള്ള മരങ്ങള്‍ ചെടികള്‍,വീടുകള്‍ എതിരെ വരുന്ന വണ്ടികള്‍ ഭംഗിയുള്ള ഡ്രെസ്സുകള്‍ ആളുകള്‍ അങ്ങനെ കാഴ്ചകള്‍ ഏറെ............

(പാസേഞ്ചേര്‍ സിനിമ ഓര്‍മ്മ വന്നു.

എന്താ പെട്ടെന്ന് അത് ഓര്‍മ്മ വന്നെ എന്നറിയില്ല.

എനിക്കിഷ്ടായ സിനിമ ആണ് അത്.)


എല്ലാം ആദ്യായി കാണുന്ന കൌതുകമായിരുന്നു എന്‍റെ കണ്ണിലും,മനസിലും,നോക്കിലും.

ഡ്രൈവര്‍ അത് കണ്ടിട്ട് ചിരിച്ചു.

ന്നാലും എനിക്ക് ന്‍റെ ആ കൌതുകം മറയ്ക്കാന്‍ തോന്നിയില്ല.

ഞാന്‍ ഒരു കുഞ്ഞു കുട്ടിയെ പോലെ.......


അച്ചൂന് വെടി പേടിയാണ്.

അതോണ്ട് അവിടെ ചെന്നാല്‍ അമ്പലത്തിലേക്ക് പോവാറെ ഇല്ല.

വെടി വഴിപാട് പ്രധാനം ആയോണ്ട് എപ്പഴും പൊട്ടിക്കൊണ്ടിരിക്കും.

മുന്നില്‍ പുഴ ആയതിനാല്‍ വല്യ ശബ്ദോം ആണ്.

അതോണ്ട് അച്ചു ഉള്ളപ്പോ പോവാറില്ല.

പക്ഷെ ഈ തവണ പോയി.

ഞാന്‍ തന്നെ.

അതിനായി സ്റ്റോപ്പില്‍ നിന്നും അമ്പലം വരെ നടന്നു.

പണ്ട് കോളേജില്‍ പോയിരുന്നത് ഓര്‍ത്തു.

എത്രയെത്ര ഓര്‍മ്മകള്‍ ആണ്!!!!!!!!!!!

പച്ചക്കറി കട കണ്ടപ്പോ അവിടെ ന്‍റെ പ്രിയപ്പെട്ട ചൊമന്ന ചീര കണ്ടപ്പോള്‍ കയ്യില്‍ വല്യ സാമ്പാര്‍ കിറ്റും പിടിച്ച് ബസ് കേറാന്‍ നിന്നിരുന്ന ന്നെ ഓര്‍ത്തു.

എനിക്ക് സ്വര്‍ണക്കടെക്കാളും,തുണിക്കടെക്കാളും ഇഷ്ടാണ് പച്ചക്കറി കടേല് പോവാന്‍..

അതെന്‍റെ സ്ഥിരം കട ആയിരുന്നു.

കോളേജ് കണ്ടപ്പോള്‍ പഴയ ആ കാലം ഓര്‍ത്തു.

ഷെയ്ന,ഷാഹു,ദീപ,രെശ്മി,ദീപു,ഹരീഷ് അങ്ങനെ അങ്ങനെ..............

മലയാളം മാഷ്‌ടെ "ആശാന്‍റെ സീത"ക്ലാസ് ഓര്‍മ്മ വന്നു.

ജൂലിയസ് സീസര്‍, പിഗ്മാലിയന്‍ ഷെയ്ക്ക്സ്പിയര്‍ ന്‍റെ സോണറ്റ് ഒക്കെ എന്‍റെ കാതുകളില്‍ വീണ്ടും നിറഞ്ഞു.

കുഞ്ഞു കുഞ്ഞു സ്റ്റഡുകള്‍ കിട്ടുമായിരുന്ന ചേച്ചീടെ കട,ഓര്‍മ്മ വന്നു.

പിന്നെയും പറഞ്ഞാലും തീരാത്ത ഒരുപാട് ഓര്‍മ്മകള്‍.................


അമ്പലത്തിനുള്ളിലും കുറെ മാറ്റങ്ങള്‍ വന്നു.

നാലമ്പല തിരക്കിന്‍റെ ഭാഗമായുള്ള സൌകര്യങ്ങള്‍ ഒക്കെ ഞാന്‍ അതിശയത്തോടെ നോക്കി.
ശ്രീരാമനും,ഹനുമാനും,കൃഷ്ണനും,ശാസ്താവും,പിന്നെ ഗണപതിയും.
എല്ലാരോടും വിശേഷങ്ങള്‍ ചോദിച്ചു.
മീനൂട്ടൊന്നും നടത്തിയില്ല.
(അല്ലെങ്കിലും പുഴയിലെ മീനുകള്‍ക്ക് ബോര്‍ അടിച്ചു കഴിഞ്ഞു.
എന്നെ കാണുമ്പോള്‍ ഒരു വെറൈറ്റി ഫുഡ്‌ കൊണ്ട് വന്നു കൂടേന്ന് അവ ചോദിച്ചാലോ!!!!!!!!!!!!)
വെടി വഴിപാടും കഴിച്ചില്ല.
പ്രധാനം ആണ് രണ്ടും എന്നറിഞ്ഞിട്ടും എന്തോ ചെയ്തില്ല.
തോന്നിയില്ല.
നമ്പ്യാരുടെ പീടികേലെ മസാല ദോശ വല്ലാതെ കൊതിപ്പിച്ചു.
തന്നെ അല്ലെ ഉള്ളൂ എന്നോര്‍ത്തപ്പോ ആ മോഹം മനസിലടക്കി.
അവിടന്ന് വീണ്ടും ഇല്ലത്തേക്ക് നടന്നു.
ബസ്സില്‍ കേറിയില്ല.

പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ പണ്ടത്തെ പോലെ വീണ്ടും താഴേക്കു നോക്കാന്‍ പേടി തോന്നി.
മനസ്സില്‍ തെളിയും ഞാന്‍ കാലു തെറ്റി വീഴുന്ന ചിത്രം.
അപ്പൊ വല്ലാതെ പേടിയാവും.
കണ്ണുകള്‍ ഇറുക്കിയടയ്ക്കും.
ഒരു പൊട്ടത്തരം പറയട്ടെ???
എന്‍റെ മരണം ഓര്‍ത്ത് ഞാന്‍ തന്നെ കരയാറുണ്ട്.
(ദൈവമേ തീയിലും വെള്ളത്തിലും പെട്ട് എനിക്ക് മരിക്കണ്ട കേട്ടോ.
രണ്ടും എനിക്ക് പേടിയാ.)
പുഴയില്‍ ഇപ്പൊ നല്ല ഒഴുക്കും ഉണ്ട്.
പാലത്തിനു മുകളില്‍ എത്തുമ്പോള്‍ മിക്കവാറും ഒരു കാറ്റ് വീശാറുണ്ട്.
ഈ യാത്രയിലും അതുണ്ടായി.
എനിക്ക് വളരെ സന്തോഷം തോന്നി.
പുതിയ കടകളും വീടുകളും ഒക്കെ വന്നു.
എനിക്കെല്ലാം അതിശയായിരുന്നു.

ചേലൂരെ അമ്പലത്തിനു മുന്നിലെ പാടത്തില്‍ ആമ്പല്‍ പൂത്തിരുന്നു.
ചെറിയ വെള്ള ആമ്പല്‍.,പിന്നെ പേരറിയാത്ത ഒരു ജല സസ്യത്തിലെ കുഞ്ഞു കുഞ്ഞു മഞ്ഞ പൂക്കളും.
നന്നേ ചെറുത്‌.,ഒപ്പം കുളവാഴ പൂക്കളും.
സത്യന്‍ എമ്പ്രാന്തിരീടെ ഭാര്യക്ക് കാന്‍സര്‍ ആണത്രേ.
പണ്ടത്തെ ക്ലബ്,ലൈബ്രറി,ഒക്കെ പുതിയ രൂപത്തില്‍.
അവിടന്ന് പുസ്തകം എടുക്കാന്‍ പൈസ കൊടുക്കണ്ട.
കാരണം ഇല്ലത്ത് നിന്നാണ് കൊറേ പുസ്തകങ്ങള്‍ അവിടേക്ക് കൊടുത്തിരിക്കുന്നെ.
അവിടന്ന് ഞാന്‍ അവസാനായി എടുത്ത പുസ്തകം അബ്ദുല്‍ കലാമിന്റെ ആത്മകഥ ആണ്.
എനിക്കിഷ്ടാണ് അദ്ദേഹത്തെ.
അറിവ് വളരെ പരിമിതമാണെങ്കില്‍ കൂടിയും ചില വ്യക്തികളെ എനിക്കൊരുപടിഷ്ടാണ്.
സ്വാമി വിവേകാനന്ദന്‍,ശ്രീരാമകൃഷ്ണ പരമഹംസര്‍,രമണ മഹര്‍ഷി,പോണ്ടിച്ചേരിയില്‍ ഉണ്ടായിരുന്ന മദര്‍,അങ്ങനെ അങ്ങനെ ആ ലിസ്റ്റ് വളരെ വലുതാണ്‌..

മുറ്റം മുഴോനും മോളി അച്ചോള്‍ പയറും,ചീരേം,മുളകും,മറ്റും നട്ടിട്ടുണ്ട്.
പുളി മരം മുഴുവനും പുളിങ്ങ(ഇവിടത്തെ ഭാഷ)ഉണ്ടായിട്ടുണ്ട്.
അധികം പാകമാകാത്ത പുളിങ്ങ.
പണ്ട് ഉപ്പു കൂട്ടി തിന്നോണ്ട് നടന്ന നാളുകള്‍ ഓര്‍ത്തു.
ആ പച്ച നിറത്തിന് പ്രത്യേക ഭംഗിയാണ്,മണോം അതെ എനിക്കിഷ്ടായിരുന്നു.
രാധ വല്യമ്മേടെ വീട് പണി മൊത്തം കഴിഞ്ഞു.
ഇപ്പൊ കാണാന്‍ നല്ല ഭംഗിയായി.
അവിടെ ഒന്നും ഓണം എത്തിയില്ലായിരുന്നു.

തിരിച്ച് വരുമ്പോള്‍ റോഡില്‍ മുഴുവനും തിരക്കായിരുന്നു.
പെരുന്നാള്‍ സദ്യ കഴിഞ്ഞു വിരുന്നു പോവാനുള്ള തിരക്ക്.
ബസ്സിലും അതെ.
എല്ലാരും പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ട്,മുഖം മുഴുവനും ചിരിയും സന്തോഷവും മാത്രമായി .................
കാണാനേ എന്ത് ചന്താണ്!!!!!
അങ്ങനെ ഒരു ലോകമായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിക്കുന്നു.
എല്ലാവര്‍ക്കും ചിരിയും,സന്തോഷവും,സമാധാനവും,നന്മയും ഒക്കെ മാത്രമുള്ള ഒരു ലോകം.
എങ്കില്‍...................................എങ്കില്‍ എന്ത് രസമായിരുന്നേനെ!!!!!!

ഇറങ്ങാന്‍ നേരം ഡ്രൈവറിനെ കണ്ടപ്പോള്‍ ആണ് മനസിലായത് ഞാന്‍ പോയതും വന്നതും ഒരു ബസ്സില്‍ ആയിരുന്നു എന്ന്.
കണ്ടക്ടര്‍ പൈസ വാങ്ങി സ്ഥലം ഇങ്ങോട്ട് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു ഇയാള്‍ക്കെങ്ങനെ എനിക്കിറങ്ങേണ്ട സ്ഥലം അറിയാം എന്ന്.
അപ്പഴും കത്തിയില്ല പോയതില്‍ തന്നെയാണ് വന്നതെന്ന്.

അച്ചു ഇവിടെ എന്നെ കാത്തിരിപ്പുണ്ടായിരുന്നു.
"എത്ര നേരായി ഉമേ അച്ചു വിളിക്കണൂ "
എന്ന് പത്തു പ്രാവശ്യമെങ്കിലും എന്നോട് പറഞ്ഞു പാവം.













11 comments:

  1. ദിവസവും വന്നു നോക്കുമായിരുന്നു,ഒന്നും കാണാത്തപ്പോള്‍ ഓര്‍ക്കും,ഈ ഉമക്കുട്ടി എന്തേ വരാത്തതെന്നു?
    അമ്പലത്തിലേക്കും തിരിച്ചും ഉള്ള യാത്രകളില്‍ ഞങ്ങളെയും ഒപ്പം കൂട്ടിയതില്‍ ഒത്തിരി സന്തോഷം!!!

    ReplyDelete
  2. വിശേഷങ്ങളുടെ പെരുമഴ ആണല്ലോ ഉമേ.
    ഒരുപാട് പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ കെട്ടഴിച്ചു വിട്ടപ്പോലെ.
    ഗ്രാമത്തിലൂടെയുള്ള ഒരു ബസ് യാത്ര പോലെ സുഖകരം ആയിരുന്നു ട്ടോ വായന.
    എന്റെയുമിഷ്ടങ്ങളില്‍ ഒന്നാണ് ഇങ്ങിനെയുള്ള യാത്രകള്‍. സ്കൂളിന്റെ അടുത്തെത്തുമ്പോള്‍, വയലിനു നടുവിലൂടെ പോകുമ്പോള്‍ എല്ലാമൊരു ഗൃഹാതുരത്വം ഫീല്‍ ചെയ്യും.
    ഈ പോസ്റ്റില്‍ പറഞ്ഞ എല്ലാ സംഭവങ്ങളും മറ്റൊരു രീതിയില്‍ എനിക്ക് കാണാന്‍ പറ്റുന്നു. എന്‍റെ ഗ്രാമം പോലെ.
    പക്ഷെ അവസാനം പെട്ടൊന്ന് നിര്‍ത്തിയതോ അതോ ബാക്കി പിന്നേക്ക് വെച്ചതോ..?
    ഒരു നല്ല യാത്ര പോലെ വായിച്ച പോസ്റ്റ്‌. ആശംസകള്‍

    ReplyDelete
  3. [എനിക്ക് സ്വര്‍ണക്കടെക്കാളും,തുണിക്കടെക്കാളും ഇഷ്ടാണ് പച്ചക്കറി കടേല് പോവാന്‍..

    അതെന്‍റെ സ്ഥിരം കട ആയിരുന്നു.]

    ങ്ഹേ...അത്ഭുതം. ഇങ്ങനെയും പെണ്‍കുട്ട്യോളോ!!


    [നമ്പ്യാരുടെ പീടികേലെ മസാല ദോശ വല്ലാതെ കൊതിപ്പിച്ചു.]

    ദൈവമേ..പറ്റുമെങ്കില്‍ ഇവിടെ നിന്ന് ഞാനൊരു മസാലദോശ വാങ്ങി പാര്‍സല്‍ അയച്ചേനെ


    [അങ്ങനെ ഒരു ലോകമായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിക്കുന്നു.എല്ലാവര്‍ക്കും ചിരിയും,സന്തോഷവും,സമാധാനവും,നന്മയും ഒക്കെ മാത്രമുള്ള ഒരു ലോകം.എങ്കില്‍...................................എങ്കില്‍ എന്ത് രസമായിരുന്നേനെ!!!!!!]

    ശരിയ്ക്കും..എന്ത് രസമായിരുന്നേനെ

    ReplyDelete
  4. ഇഷ്ടമായി യാത്ര
    ഓര്‍മ്മകളുടെ പെരുമഴ വന്ന് അല്പം നനഞ്ഞപോലെ


    ആശംസകള്‍

    ReplyDelete
  5. "എത്ര നേരായി ഉമേ അച്ചു വിളിക്കണൂ "
    എന്ന് പത്തു പ്രാവശ്യമെങ്കിലും എന്നോട് പറഞ്ഞു പാവം.

    ഒരുപാട് നാളുകള്‍ക്കു ശേഷം വീട്ടില്‍ പോയി അല്ലെ...?
    ഉമയുടെ നാട്ടിലെ വിശേഷങ്ങള്‍ കൌതുകത്തോടെ തന്നെ വായിച്ചു കേട്ടോ..

    ReplyDelete
  6. ന്‍റെ മോഹനേട്ടാ ഒന്നും പറയണ്ട.
    അപ്പടി തെരക്കല്ലേ,ഓണം ആയേന്റെ....
    പിന്നെ എന്‍റെ ഇല്ലത്തെ വിശേഷം പറയാണ്ടിരിക്കാന്‍ നിക്ക് പറ്റ്വോ മാഷേ...........????????/

    ReplyDelete
  7. സത്യം പറഞ്ഞാല്‍ അതന്ന്യാ സംഭവിച്ചേ.
    വളരെ സ്പീഡില്‍ ഇട്ട പോസ്റ്റ്‌ ആണ്.
    ഒന്നും മറക്കാതിരിക്കാന്‍ വേണ്ടി തിരക്കും തെരക്കും കൂട്ടി എഴുതി.
    ന്നാലും ന്തോക്കെയോ മിസ്സി.
    പെട്ടെന്ന് നിര്‍ത്തിയോ???
    അറിയില്ല.
    പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാന്‍ നിശല്ല്യാണ്ടായി .
    അച്ചു പറയണ പോലെ "അതാ പ്രശനം."
    ബാക്കി അടുത്തതില്‍ ആവാംന്നു വിചാരിക്കാം.

    ReplyDelete
  8. അജിത്തെട്ടാ,
    ഞാന്‍ പറഞ്ഞത് സത്യാ.
    എനിക്ക് പച്ചക്കറി കട യാ കൂടുതല്‍ ഇഷ്ടം.
    പിന്നെ ആ മസാല ദോശേടെ സ്വാദ് അറിഞ്ഞാലേ ന്നോട് തിരിച്ച് പറയും ഒന്ന് ഇങ്ങോട്ട് അയച്ചു വിടാന്‍.
    അറിയ്വോ അത്രേം ബല്യ സംഭവാ.

    ReplyDelete
  9. അടുത്ത യാത്ര ഉടനെ ഉണ്ട് ഗോപാ.
    അതും എഴുതണം.
    അതിനാ ഇത് സ്പീഡില്‍ പോസ്റ്റിയെ.

    ReplyDelete
  10. അങ്ങനെ വായിച്ചില്ലെങ്കില്‍ കാണായിരുന്നു!!!!!
    പോയി മഹേഷേട്ടാ............
    വല്യ സന്തോഷം ആയി.

    ReplyDelete
  11. അങ്ങനെ ഒരു ലോകമായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിക്കുന്നു.
    എല്ലാവര്‍ക്കും ചിരിയും,സന്തോഷവും,സമാധാനവും,നന്മയും ഒക്കെ മാത്രമുള്ള ഒരു ലോകം.
    എങ്കില്‍...................................എങ്കില്‍ എന്ത് രസമായിരുന്നേനെ!!!!!!
    സത്യായിട്ടും ആഗ്രഹിച്ചു പോകുന്നു ........


    ഓരോ വരികളും നല്ല നല്ല ഓര്‍മ്മകള്‍ തന്നു..
    ഒരു കാര്യം പറഞ്ഞോട്ടെ ഈ പോസ്റ്റ്‌ വായിച്ചു കഴിയുന്നത് വരെ മുഖത്ത് ഒരു ചെറു ചിരി ഉണ്ടായിരുന്നു മനസ്സിന് വല്ലാത്ത സന്തോഷവും...

    ReplyDelete