Wednesday, February 13, 2013

രൂപമില്ലാത്ത,ശബ്ദമില്ലാത്ത ഒരു സ്നേഹം.........


കണ്ണുകള്‍ അടയ്ക്കാന്‍ കാത്തിരിക്കുകയാണ് ഈ ഓര്‍മ്മകള്‍.
അവ നിറഞ്ഞ കാഴ്ചകള്‍.
അവ മിണ്ടിയ വാക്കുകള്‍.
ഉറങ്ങാതെ കിടക്കുമ്പോള്‍ ഞാന്‍ എന്‍റെ കാഴ്ചയും കേള്‍വിയും ഒക്കെ ഈ ഓര്‍മ്മകള്‍ക്ക്  കൊടുക്കും.
അവയെന്റെ കണ്ണുകളിലും കാതുകളിലും മഴ പെയ്യിക്കും.
ചിലപ്പോള്‍ ചിരിമഴ.
മറ്റു ചിലപ്പോള്‍ കണ്ണീര്‍...............
എന്ത് തന്നെ ആയാലും അതില്‍ എന്‍റെ മനസ് ആവോളം നനയും.
ഓര്‍മ്മകളില്‍ കരയാനും ചിരിക്കാനും എനിക്കിഷ്ടമാണ് .

ചിലരെ ഓര്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട് എനിക്ക് വേണ്ടി മാത്രമാണ് ദൈവം അവരെ സൃഷ്ടിച്ചത് എന്ന് .
എനിക്ക് സ്നേഹിക്കാന്‍........എന്നെ സ്നേഹിക്കാന്‍....................
അത് പ്രണയത്തില്‍ മാത്രമല്ല അങ്ങനെ ഒരു തോന്നല്‍.
എന്‍റെ  ജീവിതത്തില്‍ അധികമൊന്നുമില്ല അത്തരം ആളുകള്‍ .
ഏറിയാല്‍ ഒരു കയ്യിലെ  വിരലുകളില്‍ എണ്ണി  തീര്‍ക്കാം അവരെ.
അതില്‍ ഒരാളാണ് ശ്രീച്ചി .
"നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു,നിന്‍റെ കൂടെയുണ്ട് എന്തിനും എപ്പോഴും എന്നും
എന്നൊക്കെ മറ്റാര് പറയുന്നതിനെക്കാളും ശ്രീച്ചി പറയുന്നതാണ് എനിക്ക് വിശ്വാസം.
ഒരുപക്ഷെ ആ സ്നേഹം,ആ വാക്കുകളിലെ സത്യം എല്ലാം അത്രമേല്‍ അനുഭവിച്ചത് കൊണ്ടാകാം..........

പകുതി ദൂരം എത്തിയപ്പോഴേക്കും ഉറങ്ങി ഞാന്‍.
ഈ ഓര്‍മ്മകള്‍ക്ക് ഒരു കൊഴപ്പംണ്ട്.
ആദ്യം നമ്മടെ ഒറക്കം കളഞ്ഞ് നമ്മളെ അവരുടെ ലോകത്തേക്ക് കൊണ്ടോകും.
അവിടെ എത്തിച്ചു കഴിഞ്ഞാല്‍ സ്വപ്നങ്ങളുടെ താരാട്ട് പാടി ഉറക്കും.
ഉറക്കത്തീന്ന് എണീറ്റാലോ സ്വപ്നോംല്ല്യ ,താരാട്ടും ഇല്ല്യ.
നമ്മളിങ്ങനെ ബ്ലിങ്ങസ്യാന്നാവും.

വെളുപ്പിനേയുള്ള യാത്രകള്‍ ഏറെ സുഖമാണ്,സുന്ദരമാണ്.
കോഴിക്കോട്ടേക്കുള്ള യാത്രകള്‍ എന്നും അങ്ങനെയാണ്.
ഇതും അങ്ങനെ ആയിരുന്നു.
ഒരു ദിവസം തുടങ്ങുന്നത് കാണാനാവും.
സൂര്യന്‍ ഉദിക്കുന്നതും വെളിച്ചം മെല്ലെ മെല്ലെ നിറയുന്നതും ഒക്കെ കാണാം.
നേര്‍ത്ത തണുപ്പേ മഞ്ഞിനുണ്ടായിരുന്നുള്ളൂ,വേനല്‍ ആവാറായല്ലോ എന്നപ്പോള്‍ ഓര്‍ത്തു.
കുംഭം,മീനം,മേടം ചൂട് ആവാന്‍ പോണേ ഉള്ളൂ.മൂന്നു നാല് ദിവസം മുന്‍പ് മഴക്കാറ് കണ്ടപ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു മകരത്തില്‍ മഴ പെയ്താല്‍ മലയാള നാട് മുടിയും എന്നാ പറയുക.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം എന്നും.മുടിയാന്‍ ഇനിയെന്താ ഉള്ളെ?????മാണിക്യം........അതൊക്കെ വളരെ വിദൂരം!!!!എന്തായാലും മഴ പെയ്തില്ല.കുംഭത്തില്‍ തന്നെ പെയ്യട്ടെ ആ മഴ അല്ലെ??????

ഈയിടെ മുറ്റത്തെ നാല്മണി പൂവ് വിരിയുന്നത് നോക്കി നില്‍ക്കുക എന്ന ഒരു ഇഷ്ടം കൂടി പുതിയതായി കൂടിയിട്ടുണ്ട്.
വൈകുന്നേരം ആവുമ്പോഴേക്കും ഇങ്ങനെ വിടരാന്‍ തയ്യാറായി നില്‍ക്കും.
പിന്നെ,പതുക്കെ പതുക്കെ ഇങ്ങനെ വിടര്‍ന്നു വരും.
നല്ല രസമാണ് നോക്കി നില്‍ക്കാന്‍.മുല്ലപ്പൂ വിരിയണത് കണ്ടിട്ടുണ്ട്.
ഇപ്പൊ ഇതും.ഇന്നലെ വൈകുന്നേരം രണ്ടു കാക്കകള്‍ പിന്നിലത്തെ മുറ്റത്തേക്ക് വന്നു.കണ്ടപ്പോ ചോറിട്ടു കൊടുത്തു.ആരുടെയൊക്കെയോ ആത്മാക്കള്‍ ആണെന്നല്ലേ പറയുന്നത്.ജയേട്ടന്‍ പറഞ്ഞു അത് ഇവിടത്തെ മുത്തശ്ശനും മുത്തശ്ശീം ആണെന്ന്.മുത്തശ്ശി കാക്കയാവും വന്നു ചോറ് കൊത്തിക്കൊണ്ടുപോയി മുത്തശ്ശന് കൊടുത്തിരുന്നത്.ആ പുള്ളി അവിടെ ഒരു കൊമ്പില്‍ ഇരുന്നെ ഉള്ളൂ.അവരിങ്ങനെ കഴിക്കുന്നതും നോക്കിയിരിക്കാനും എനിക്ക് രസം തോന്നി.

പാലം എത്തിയപ്പോള്‍ ഓര്‍മ്മകള്‍ take diversion എന്ന് ഒരു മുഖം കാണിച്ചു കൊണ്ട് പറഞ്ഞു.ഒരിക്കല്‍ അടച്ചതാണ് ഓര്‍മ്മകളുടെ ആ വഴി.അതുകൊണ്ടുതന്നെ തുറന്നില്ല.
ഇഡ്ഡലി കഴിക്കാന്‍ പാകത്തില്‍ കൃത്യ സമയത്ത് തന്നെ ശ്രീച്ചീടെ അടുത്തെത്തി.കാണുമ്പോള്‍ ഒന്നും മിണ്ടാനില്ല ഫോണിലൂടെ ആണെങ്കിലോ പറഞ്ഞാലും തീരില്ല വിശേഷങ്ങള്‍.അങ്ങനെയാണ് ഞാനും ശ്രീച്ചീം.ഇത്തവണേം അതന്നെ പാട്.ഇരുട്ടായതിന് ശേഷമാണ് അവിടന്ന് തിരിച്ചത്.വരുന്ന വഴി ഏതോ ഒരു വല്യേ പള്ളിയില്‍ ന്തോ വിശേഷായിരുന്നു.അതുകൊണ്ട് റോഡ്‌ മുഴുവനും ബ്ലോക്ക് ആയിരുന്നു.ഓരോ പാലത്തിന്റെ മുകളില്‍ എത്തുമ്പോഴും ഞാന്‍ താഴെ പുഴയിലേക്ക് നോക്കും.പുഴയില്‍ തെളിയുന്ന പ്രതിബിംബങ്ങളെ കാണാന്‍ എനിക്കെന്നും ഇഷ്ടമാണ്.

ഇടയ്ക്കൊരു ദിവസം ഏതോ ഒരു ടി വി ചാനലില്‍ ഒരു പെണ്‍കുട്ടിയുമായി അഭിമുഖം കണ്ടു.ആ കുട്ടിയ്ക്ക് സിവില്‍ സര്‍വീസില്‍ റാങ്ക് കിട്ടിയതാണ്.
എത്ര അഭിമാനത്തോടെയാണ് അത് സംസാരിക്കുന്നുണ്ടായിരുന്നത്!!!
അല്ലെങ്കിലും കഠിന പ്രയത്നം കൊണ്ട് ജീവിതത്തില്‍ ലക്‌ഷ്യം സാധിച്ചവരുടെ കഥ കേള്‍ക്കാനും കാണാനും എനിക്കെന്നും ഇഷ്ടമാണ്.
അവരുടെ മുഖത്തെ സന്തോഷം,അഭിമാനം ഒക്കെ എന്നെ സ്വാധീനിക്കാറുണ്ട്.
അവരെ പോലെ ഒരിക്കല്‍ ഞാനും എന്നൊക്കെ സ്വപ്നം കാണാറുണ്ട്.
പക്ഷെ തൊട്ടടുത്ത നിമിഷം മുതല്‍ എന്‍റെ കോംപ്ലക്സ് വര്‍ക്കൌട്ട് ചെയ്യാന്‍ തുടങ്ങും.ഞാന്‍ എവിടേം എത്തിയില്ല,ജീവിതത്തില്‍ ലക്‌ഷ്യം കണ്ടെത്താന്‍ കഴിയാത്തവള്‍ ആയി.പരാജയപ്പെട്ടവള്‍ ആയി എന്നൊക്കെ എന്നെ ഞാന്‍ തന്നെ വിളിക്കാന്‍ തുടങ്ങും.

തിരിച്ച് വരുമ്പോള്‍  മനസ് ഏറെ ശാന്തമായിരുന്നു.
പുല്ലാങ്കുഴലില്‍ വിരിഞ്ഞ രാത്രിയുടെ സംഗീതം കേട്ട്,
പുതു മഴയുടെ മോഹിപ്പിക്കുന്ന താളത്തില്‍ ലയിച്ച്,
തിരമാലകളുടെ മാസ്മരിക ശബ്ദത്തില്‍ മുഴുകി,
മനസ്സില്‍ ഇനിയും ഒരുപാട് ബാക്കിയുള്ള പ്രണയത്തെ,
പെയ്തു തോരാന്‍ കൊതിക്കുന്ന മഴ മേഘങ്ങളാക്കി മാറ്റുന്ന ഗസലുകള്‍ കേട്ട്,
കണ്ണുകള്‍ അടച്ച് സീറ്റിലേക്ക് ചാരിയിരുന്നു.
എനിക്ക് തോന്നി,അല്ല ,,,,,,,ഞാന്‍ അറിഞ്ഞു.....
അങ്ങ് ദൂരെ ......എവിടെയോ മഴ പെയ്യുന്നുണ്ട്.
എനിക്ക് പ്രിയപ്പെട്ട ആരോ അത് നനയുന്നും ഉണ്ട്,ആ കൂടെ ഞാനും ......!!!!!
ഞങ്ങള്‍ ഒരുമിച്ച് മഴ കാണുകയാണ്.
തിരമാലകളില്‍ ഒളിക്കുന്ന മഴ നൂലുകളെ രാത്രി വെളിച്ചത്തില്‍ കണ്ടെത്താന്‍ നോക്കുകയാണ്.
മഴ മണക്കുന്ന ആ വിരലുകള്‍ കൊണ്ട് എന്‍റെ നെറുകയില്‍ വാത്സല്യത്തോടെ തലോടുന്നു.
മഴ മൂളിയ താരാട്ട് കൂടി കേട്ടപ്പോള്‍ ഒരു മാത്ര ഞാന്‍ ഉറങ്ങി പോയോ???

"മരണമെത്തുന്ന നേരത്ത് നീയെന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ....................."
ഉണ്ണി മേനോന്‍റെ ശബ്ദമാണ് എന്നെ ആ ഉറക്കത്തില്‍ നിന്നും എണീപ്പിച്ചത്.(എത്ര കേട്ടാലും മതി വരാത്ത ഒന്ന്.)
ഗ്ലാസ് താഴ്ത്തി പതുക്കെ കൈ പുറത്തേക്ക് നീട്ടി നോക്കി ഒരു മഴത്തുള്ളിയെ തൊടാന്‍ വേണ്ടി.
ഇല്ല മഴ പെയ്തില്ലായിരുന്നു .എനിക്ക് തോന്നിയതാണ്.
പക്ഷെ ആ തോന്നല്‍,......എന്‍റെ മനസ്സിനെ വളരെയധികം ശാന്തമാക്കിയിരുന്നു.

മഴ നനയുമ്പോള്‍ ഒക്കെ എനിക്ക് തോന്നാറുണ്ട് 
"ആരുടേയോ സ്നേഹമാണ് എനിക്ക് മീതെ പെയ്യുന്ന ഈ മഴ" എന്ന്.
എന്‍റെ സങ്കടങ്ങളെ ഇഷ്ടമില്ലാത്ത ആരോ ഒരാള്‍..............
രൂപമില്ലാത്ത,ശബ്ദമില്ലാത്ത ഒരു  സ്നേഹം.........
അയാളോടെനിക്ക് സഹോദര്യമോ,സൗഹൃദമോ,പ്രണയമോ അങ്ങനെ ഒന്നും അല്ല.
നിര്‍വചിക്കാനാവാത്ത ഒരു സ്നേഹം.

ഒറ്റപ്പെടലെന്ന വേദനയ്ക്ക് മഴ നല്‍കുന്ന ആശ്വാസം,
അതിനോളം വലുതായി മറ്റൊന്നില്‍ നിന്നും,ആരില്‍ നിന്നും എനിക്ക് കിട്ടിയിട്ടില്ല.
പെയ്തു തുടങ്ങുമ്പോള്‍ ഞാന്‍ സന്തോഷിക്കും.
പിന്നെ കരയും.
ഒടുവില്‍ തീരുമ്പോഴേക്കും മനസ് തീര്‍ത്തും ഭാരമില്ലാതാകും.
അതുകൊണ്ട് തന്നെ നീ എനിക്കീമഴ പോലെ.............!!!!!!!!

തനിച്ചിരിക്കുമ്പോള്‍,തനിച്ചിരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഒക്കെ ഞാനെന്‍റെ കണ്ണീരിനെ തേടി ചെല്ലാറുണ്ട്.
അതിന്‍റെ മേച്ചില്‍ പുറങ്ങളില്‍  അങ്ങനെ നടക്കാന്‍ വളര രസമാണ്.
ഹൃദയം തകര്‍ന്നു കരഞ്ഞിരുന്ന നിമിഷങ്ങളെ,മതി മറന്നു സന്തോഷിച്ച നിമിഷങ്ങളെക്കാളും എനിക്കിഷ്ടമാണ്.
അതാണ്‌ എന്നേയും എന്‍റെ ജീവിതത്തെയും ബാലന്‍സ് ചെയ്തു കൊണ്ട് പോകുന്നത്.
മറ്റുള്ളവര്‍ പറയുന്ന പോലെ എന്നെ ഒരു "പാവം " ആക്കുന്നത്.
എന്നില്‍ അഹങ്കാരത്തിന്‍റെ ഒരു കുഞ്ഞു തരി പോലും ഇല്ലാതാക്കുന്നത്.
എന്‍റെ മനസ്സില്‍ നിഷ്കളങ്കത നിറയ്ക്കുന്നത്.
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കടന്നു വന്ന വഴികളിലൂടെ ഇടയ്ക്കിടെ മനസുകൊണ്ടൊരു യാത്ര നടത്തുന്നത് നല്ലതാണ്.
ഞാന്‍ എന്നോട് തന്നെ പറയുന്ന ഒരു കാര്യം.

സ്നേഹം അതിന്‍റെ ഏറ്റവും മനോഹരമായ ഭാഷയില്‍ പങ്കു വെച്ച,
എനിക്കൊരുപാട് പ്രിയപ്പെട്ടവര്‍..........
ചിലപ്പോഴൊക്കെ അവരില്‍ നിന്നെല്ലാം തിരിഞ്ഞു നടക്കാന്‍  എനിക്ക് തോന്നിയിട്ടുണ്ട്.
അതിനായി ശ്രമിച്ചിട്ടുണ്ട്.
(അത് അഹങ്കാരം കൊണ്ടല്ല.ഇത്രയേറെ സ്നേഹിക്കപ്പെടാന്‍ ഞാന്‍ യോഗ്യയാണോ എന്ന എന്‍റെ സംശയം കൊണ്ട്.)
എങ്കിലും ഒരിക്കല്‍ പോലും സാധ്യമായിട്ടില്ല.
ഒരു പക്ഷെ അതിനെ തന്നെയാണ് സ്നേഹത്തിന്‍റെ ശക്തി എന്ന് പറയുന്നത്.

കാരണമേതുമില്ലാതെ നിന്നില്‍ നിന്നും ഞാന്‍ പോവുകയാണ്.
പൊയ്ക്കോട്ടെ????????
എത്രയൊക്കെ ചേര്‍ന്നാലും നമുക്കിടയില്‍ എന്തിന്റെയോ ഒരു കുറവുണ്ട്.
 "പിന്നെ" എന്ന ഒരു അപൂര്‍ണ്ണത നിറഞ്ഞ ഒരു വാക്കേ പലപ്പോഴും എനിക്ക് നിന്നോട് മിണ്ടാനുള്ളൂ.
സംസാരിക്കാന്‍ വാക്കുകള്‍ വിസമ്മതം കാണിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ 
ഞാന്‍ ഭയപ്പെടുകയായിരുന്നു  എനിക്കും നിനക്കും ഇടയിലെ നമ്മളെ നമുക്ക് നഷടമാവുകയാണോ എന്ന്.
ഇന്ന് ഞാന്‍ വേദനയോടെ തിരിച്ചറിയുന്നു അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്.
എന്‍റെ മുഖം ,എന്‍റെയീ  വാക്കുകള്‍ ഇതെല്ലാം എന്‍റെ മനസാണ്.
നീ പലപ്പോഴും പറഞ്ഞിട്ടുള്ള വാക്കുകള്‍.
അതുകൊണ്ട് തന്നെ നിനക്ക് മുന്നില്‍ അഭിനയിക്കാനോ,കള്ളം പറയാനോ എനിക്കൊരിക്കലും കഴിയില്ല.

തിരിച്ചു വരുന്ന വഴി അവിടെ എന്‍റെ സ്വപ്ന ഭൂമിയിലേക്കും ഞാന്‍ പോയി.
ന്‍റെ ഇല്ലം........ഒട്ടും വിചാരിക്കാതെ അവിടെ ചെന്നപ്പോള്‍ എനിക്ക് ശരിക്കും സന്തോഷായി.മുത്തശ്ശി ഉണ്ടാക്കിയ മത്തങ്ങ(തേങ്ങ വറുത്തിടാത്ത) എരിശ്ശേരിയും പാവയ്ക്ക മെഴുക്കുപുരട്ടീം കഴിക്കാന്‍ പറ്റിയപ്പോ ആ നിമിഷങ്ങളില്‍ എനിക്കീ ലോകത്തിനോട് മുഴുവനും ഇഷ്ടം തോന്നി.
ഇവിടെ എത്തുന്നതുവരെ പിന്നെ ഉറങ്ങിയില്ല.
ശ്രീച്ചിയെ കണ്ട,
സമാധാനം അല്‍പ്പമെങ്കിലും നല്‍കിയ വാര്‍ത്ത കേട്ട,
വിചാരിക്കാതെ ഇല്ലത്തേക്ക് പോയ,
മുത്തശ്ശി ണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പറ്റിയ ഈ ദിവസം ................. എല്ലാത്തിനുമുപരി നിന്നോടുള്ള സ്നേഹം നിറഞ്ഞൊഴുകിയ,നീ എന്നില്‍ നിറഞ്ഞ ,കുറെ നിമിഷങ്ങള്‍ നല്‍കിയ ഈ ദിവസം ......................
ഈ ദിവസവും എനിക്ക് പ്രിയപ്പെട്ടതായി!!!!!!


15 comments:

  1. പ്രിയപ്പെട്ട ഉമ ,

    മനോഹരമായ ഒരു കുംഭമാസം ആശംസിക്കുന്നു.

    ഇന്ന് രാവിലെ പൂക്കള്‍ പറിക്കുമ്പോള്‍ എന്റെ മേല്‍ പെയ്ത മഴത്തുള്ളികള്‍.......

    ഒരു പുതിയ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനം !

    എന്നിട്ടെന്തിനാ?

    എവിടെയോ,അറിയാതെ ,കേള്‍ക്കാതെ ഒരു സ്നേഹം ഉണ്ടെന്നു വിശ്വസിക്കുക. അതൊരു പ്രത്യാശയാണ്.ആരുടെയോ സ്നേഹമാണെന്ന് സ്വയം വിശ്വസിപ്പിക്കുക .അതൊരു പിടിവള്ളിയാണ്.

    ഇത്രേം എഴുതിയിട്ട്, തൃശൂരിലെ ഈ സ്നേഹം വരികളില്‍ കണ്ടില്ലല്ലോ,ആത്തെമ്മാരെ.:)

    കോഴിക്കോട് എന്ന് കേള്‍ക്കുമ്പോള്‍, കുറ്റബോധം എന്നെ വന്നു പൊതിയും.

    പിന്നെ, കോഴിക്കോട് എന്നില്‍ പ്രതീക്ഷകള്‍ നിറയ്ക്കും.എന്നെ കാത്തു,പ്ലാറ്റ്ഫൊര്‌മില്‌ ആരോ ഒരാള്‍ .

    പിന്നെയും, കോഴിക്കോട് സ്വപ്നഭൂമിയാണ്‌..........അനുവിനെ സ്നേഹിക്കുന്നവരുടെ നാട്.:)

    ഈശ്വരാ.........ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിപ്പോകും.

    അച്ചുവിന്റെ അമ്മെ,നിബന്ധന ഇല്ലാതെ സ്നേഹിക്കുന്നവര്‍ അപൂര്‍വ്വം .

    അപ്പോള്‍, സന്തോഷം നിറയട്ടെ............കല്യാണിക്കാവില്‍ നിന്നും അനുഗ്രഹങ്ങള്‍ ഒഴുകട്ടെ !
    HAPPY VALENTINE'S DAY,ATHEMAARE............!
    സസ്നേഹം ,

    അനു

    ReplyDelete
  2. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  3. എല്ലാവരില്‍ നിന്നും അകന്നു പോകണമെന്നും തിരിഞ്ഞു നടക്കണമെന്നും ഒക്കെ തോന്നുന്നത് സ്വാര്‍ത്ഥതയല്ലേ ഉമാ?? ഉമയ്ക്ക്‌ അതിനു കഴിയുമോ???
    എങ്കിലും മനസ്സിലുള്ളത് നന്നായിത്തന്നെ എഴുതി!!!
    ആശംസകളോടെ,

    ReplyDelete
  4. വീണ്ടും നല്ല ഓര്‍മ്മകള്‍ , ആ ഓര്‍മ്മകളിലൂടെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് .
    യാത്രയില്‍ തിരിച്ചു കിട്ടുന്ന സന്തോഷവും താളവും .
    പിന്നെ പ്രിയപ്പെട്ടവര്‍ , അവരുടെ സാമീപ്യം .
    മനോഹരമായ എഴുത്ത്

    ReplyDelete
  5. പ്രിയപ്പെട്ട ഉമേച്ചി,

    വളരെ നന്നായിട്ടുണ്ട് ഉമേച്ചി
    എഴുതിയതൊക്കെ ഇഷ്ടമായി
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  6. സ്നേഹവും കണ്ണീരും ചിരിയും ഒക്കെ ആയി, നിഷ്കളങ്കമായ എഴുത്ത്...നന്നായി....ആശംസകള്‍

    ReplyDelete
  7. ചിന്തകള്‍ കോര്‍ത്ത്‌ വെച്ച അക്ഷരമാല നന്നായി, ഇനിയും സ്നേഹചിന്തകള്‍ വിടരട്ടെ ഒത്തിരി പ്രാര്‍ത്ഥനയോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  8. നന്നായിട്ടുണ്ട് ഉമേ..മഴ കണ്ടാല്‍ ചിരിക്കുകയും പിന്നെ കരയുകയും ചെയുന്ന ഒരാളേം കൂടി കണ്ടപ്പോള്‍ സന്തോഷം !

    ReplyDelete
  9. നന്നായിരിക്കുന്നു ...

    ReplyDelete
  10. "ഈ ദിവസവും എനിക്കേറെ പ്രിയപ്പെട്ടതായ്" ഏറെ ദിവസത്തിനോടുവില്‍ ഈ ദിനം എനിക്കും ഉമ്മൂസ്സെ; എല്ലാ ദിവസവും ഉമയ്ക്ക് ഇതുപോലെ പ്രിയപ്പെട്ടതാവാന്‍ പ്രാര്‍ത്ഥിക്കുന്നു.. സ്വയമില്ലെങ്കിലും സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഇഷ്ടം.. മുന്നേ വായിച്ചു മടങ്ങിയതാണ് ഒരു വാക്കുപോലും പറയാതെ, എന്നത്തെയും പോലെ... ഇപ്പൊ വീണ്ടും വരേണ്ടി വന്നു, വായിക്കാനായിരുന്നില്ല.. പക്ഷെ വീണ്ടും വായിച്ചു.. മനസ്സ് ഏറെ ആര്‍ദ്രമായിരുന്നു സൗഹൃദങ്ങളുടെ സ്നേഹത്താല്‍.. അപ്പൊ ഉമേടെ വാക്കുകള്‍ ഒന്ന് കൂടി വായിക്കണമെന്ന് തോന്നി... എന്നിട്ടും പോസ്റ്റിന്റെ മറുപടി ഇപ്പോഴും മനസ്സില്‍ തന്നെ കേട്ടോ... മനസ്സിലാണ് നല്ലത്.... മനസ്സ് വായിക്കാന്‍ കഴിയുമോ... ഇഷ്ടായി എന്ന ഒറ്റ വാക്കില്‍ മനസ്സിനെ ഒതുക്കുന്നു...

    ReplyDelete
  11. അത്തേമ്മാരെ,,,

    അക്ഷരങ്ങളെക്കൂട്ട് പിടിച്ചുള്ള ഈ പതം പറച്ചില് ...രസമുണ്ട് കേട്ടൊ .

    ആത്മഗതങ്ങള്‌ക്ക് ശബ്ധം വെച്ച പോലുണ്ട് ..

    ഓര്‍മ്മകള്‍ക്ക് take diversion പറഞ്ഞ ആ പാലത്തിനപ്പുറത്ത് എന്താ ???അതെന്താ അടച്ചത് ??
    അച്ചൂന് എന്റെ ഹായ് :)

    ReplyDelete
  12. ഉമാ
    കുറച്ചു നാളുകള്‍ ആയീ ഈവഴി വന്നിട്ട്. വായിക്കാനും എഴുതാനുമൊക്കെ മടി പിടിച്ച് അലസനായി ഇരിക്കായിരുന്നു. അതാ കേട്ടോ..
    മനസ്സില്‍ തോന്നുന്നത് അതേ പടി അക്ഷരങ്ങളിളില്‍ ലളിതമായി പകര്‍ത്താന്‍ ഉമയെ കഴിഞ്ഞേ ഉള്ളൂ തോന്നും ഇത് വായിക്കുമ്പോള്‍.
    ഓര്‍മയില്‍ വന്നതും, സ്വപ്നത്തില്‍ തെളിഞ്ഞതും, യാത്രയില്‍ കൂട്ട് വന്നതും, ഒക്കെ എഴുതുമ്പോള്‍ അടുത്തിരുന്നു ഒരാള്‍ സ്നേഹത്തോടെ വിശേഷം പറയും പോലെയുള്ള സുഖമുണ്ട് ..

    സ്നേഹം ഏറ്റവും മനോഹരമായ ഭാഷയില്‍ പങ്കുവച്ചവര്‍ എന്നും എപ്പോഴും അതില്‍ ഒരു തരിമ്പു പോലും മാറ്റം വരുത്താതെ കൂടെ ഉണ്ടാകട്ടെ... സ്നേഹിക്കുകയും, സ്നേഹിക്കപ്പെടുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ പുണ്യം.........

    സ്നേഹത്തോടെ മനു...

    ReplyDelete
  13. ഉമ്മു ഇതിപ്പോ വായിച്ചു... ..ഇതിൽ എനിക്ക് ഏറ്റവും കത്തിയത് പാലവും diversion ബോടുമാണേ ;പ ..ഒരുപാടിഷ്ടാ നിന്നെ വായിക്കാൻ... സമയം മാത്രമാണ് പ്രശ്നം :(

    പിന്നെ.... എന്നേം ഒന്ന് പടിപ്പിക്കുവോ അവൻആഗ്രഹിക്കണ പോലെ ..എന്നെ സ്നേഹിക്കുന്നതിലേറെ അവനെ പ്രണയിക്കാൻ...എനിക്കാണേൽ ഇതൊന്നും വശമില്ലേന്റെ ഉമ്മുവെ .. അറിയാത്ത പണിക്കു നില്ക്കരുതെന്നു പണ്ടേ അമ്മ പറയും..
    പക്ഷേ എന്ത് ചെയ്യും അവന്റെ മണമില്ലാത്ത ഒരു നിമിഷം കടന്നു പോകണ്ടേ ??

    ReplyDelete
  14. ഈ സർഗ്ഗാത്മകതയുടെ സവിശേഷത എത്ര എഴുതിയാലും തീരുകില്ല. അത്ര മധുര മനോഞ്ജമായ ഭാഷ..ചാരുത, ഹൃദ്യ ലളിതം, കോമളം,ഹൃദയാകർഷകം, വികാര സാന്ദ്രം, വിഷാദത്തിൽ ചാലിച്ചെടുത്ത ചിന്തകൾ. ഒരു ഭാവ ഗീതം പോലെ...അനന്യ സാ ധാരണമായ ശൈലി., അതിഭാവുകത്വം ഇല്ലാത്ത ചിന്തകൾ.. അനുമോ ദനങ്ങൾ... ഭാവുകങ്ങൾ എല്ലാം നിറഞ്ഞ ഒരു പൂക്കൂടയിതാ.......

    ReplyDelete