Monday, February 25, 2013

മേഘങ്ങളും ഗുല്‍മോഹറും എന്‍റെ ഇഷ്ടങ്ങളും !!!!!

വാതില്‍ അടച്ചിരിക്ക്യായിരുന്നു . ബൈക്കിന്‍റെ ശബ്ദം കേട്ടപ്പോള്‍ ഓടി ചെന്നു.പോസ്റ്റ്‌മാന്‍ ആണ് അയാള്‍ടെ വണ്ടീടെ ശബ്ദം ഇപ്പൊ പരിചയാണ്.പതിവ് പോലെ ഈ തവണേം കേസരിയും,പോളിസി അടക്കാനുള്ള എല്‍ ഐ സീടെ നോട്ടിഫിക്കേഷന്‍ ലെറ്ററും.കൂടെ ഒന്നും കൂടി ഉണ്ടായിരുന്നു.അത് ഏടത്തീടെ ഏഴാച്ചേരിയിലുള്ള കസിന്‍റെ കുഞ്ഞിന്‍റെ ചോറൂണ്‍ ക്ഷണം.ഓരോ പ്രാവശ്യോം പോസ്റ്റ്‌മാന്‍ വരുമ്പോള്‍ ന്‍റെ ഉള്ളില്‍ ഒരു ലഡ്ഡു പൊട്ടും. അത് ആ ചങ്ങായീനെ കണ്ട സന്തോഷം അല്ല. അയാള്‍ടെ കയ്യില്‍ എനിക്ക് എന്തേലും കവര്‍ണ്ടാവ്വോന്നോര്‍ത്ത്. എവടെ ..................ഒന്നും ണ്ടാവില്ല്യാന്നറിയാം ........ ന്നാലും ഒരു മോഹം ....... ആരെങ്കിലും ഒരു കത്ത് അല്ലെങ്കില്‍ ഒരു കാര്‍ഡ്  അയച്ചിരുന്നെങ്കില്‍ എന്ന്.അത് വായിക്കാന്‍ ന്ത്‌ സുഖാണ്!!!!!ഇവിടെ എത്തിയേനു ശേഷം അത് കുറവാ.ഐ സി ഐ സി ഐ ടെ വല്ല കടലാസോ മറ്റോ വന്നാല്‍ ആയി.അതും ഇപ്പൊ നിന്നു.ഈ (കേടായ)മൊബൈലും,(ഹാക്ക് ചെയ്ത)ഫേസ് ബുക്കും ഒക്കെ കാരണം ഒരൊറ്റ ആളും ഒരെഴുത്തോ കാര്‍ഡോ ഒന്നും അയക്കണില്ല.

ഇപ്പൊ ഓര്‍ക്കുവാ പണ്ട് ന്‍റെ കല്യാണത്തിന് മുന്‍പ് എനിക്കെന്നും കിട്ടുമായിരുന്നു എഴുത്തോ കാര്‍ഡോ അങ്ങനെ എന്തെങ്കിലുമൊക്കെ.മിക്കവാറും ആഷേടെ,നാദൂന്റെ,ദീപ്തീടെ,ലക്ഷ്മി ചേച്ചീടെ ഒക്കെ ആയിരിക്കും.അല്ലെങ്കില്‍ പിന്നെ അയച്ച ഏതേലും അപേക്ഷേടെ അറിയിപ്പ് കാര്‍ഡ് ആവും.അവിടെ വരാറുള്ള പോസ്റ്റ്മാന്‍ ഒരു ആന്റണി മാപ്ല ആയിരുന്നു. ആ ചങ്ങായിക്കെന്തൊരു പൊക്കായിരുന്നുന്നോ !!!!!!!!!!!ഒട്ടും വണ്ണോംണ്ടായിരുന്നില്ല.ശരിക്കും ഒരു മുരിങ്ങക്കോല് പൊലെ. ഹീറോ സൈക്കിളില്‍ ആയിരുന്നു വരാറ്. 2 കൂട്ടബെല്‍ അടിക്കും..... ന്തായാലും പോസ്റ്റ്മാനെ കാണുമ്പോള്‍ അന്നും ലഡ്ഡു പൊട്ടുമായിരുന്നു. ആരോ എന്നെ ഓര്‍ത്ത്,എനിക്ക് വേണ്ടി സമയം കളഞ്ഞ്,എന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ചിന്ത.............. എന്തൊരു സന്തോഷായിരുന്നു!!!!

അന്നും ഇന്നും (ഒരുപക്ഷെ എന്നും)എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് എഴുത്ത് എഴുതുക എന്നത്.ഇന്‍ലണ്ട്നെക്കാളും എനിക്കിഷ്ടം കവറുകള്‍ തന്നെ ആയിരുന്നു. ഇന്‍ലണ്ടില്‍ കൊറച്ചു സ്ഥലല്ലേണ്ടാവൂ. എനിക്കാണേല്‍ കൊറേ എഴുതാന്‍ണ്ടാവും.വായിക്കണോരൊക്കെ പറയാറുണ്ട് ന്‍റെ എഴുത്ത് വായിക്കുമ്പോള്‍ ഞാന്‍ അടുത്തിരുന്ന് വര്‍ത്താനം പറയണ കൂട്ടാ തോന്ന്വാന്ന്(ഇപ്പൊ ന്‍റെ പോസ്റ്റുകളെ പറ്റിയും എല്ലാരും അതന്ന്യാ പറയണേ ). അതങ്ങനെയേ പാടൂന്ന് എനിക്ക് വല്യേ നിര്‍ബന്ധാണ്.അപ്പഴല്ലേവായിക്കാന്‍ രസംണ്ടാവൂ?????എഴുതിയ ആള്‍ടെ സ്നേഹം അറിയാനാവൂ!!!!!!എനിക്കങ്ങനെ ആണ്.ചെലപ്പോ ഒരു ദിവസം കൊണ്ടൊന്നും എഴുതി തീരില്ല അപ്പൊ ഡയറി എഴുതണ കൂട്ട് തീയതീം,സമയോം,ദിവസോം ഒക്കെ കുറിച്ചോണ്ടാ എഴുത്ത് അയക്കുക.അതിന്‍റെ മറുപടി വരണ വരെ ആകെ കൂടി ഒരു ശ്വാസം മുട്ടല്‍ ആണ്.ഞാന്‍ എഴുതിയെനെക്കാള്‍ നീളം കൂടണം മറുപടിയ്ക്ക് . ഇല്ലെങ്കില്‍ എനിക്ക് സങ്കടാവും .പോസ്റ്റ്‌ ഓഫീസില്‍ പോവുമ്പോള്‍ ഒക്കെ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് എനിക്ക് അവിടെ ഒരു ജോലി കിട്ടിയാല്‍ മതി എന്ന്.അതിനുള്ളില്‍ അങ്ങനെ ഭാരിച്ച ജോലിയൊന്നുംണ്ടാവില്ല എന്ന ഒരു വിചാരാണ് അന്നൊക്കെ.നല്ല ഭംഗിയുള്ള കടലാസ്സില്‍ കറുത്ത മഷി നിറച്ച ഹീറോ പെന്‍ കൊണ്ട് എഴുതാന്‍ ഏറെയിഷ്ടം .മഷീടെ,കടലാസിന്‍റെ ഒക്കെ മണം എന്തിഷ്ടായിരുന്നു!!!!!

പഴേ നോട്ട് ബുക്കിന്റെ ചട്ടയില്‍ നിറള്ള കടലാസ്സ്‌(അരങ്ങൊക്കെ  കെട്ടാന്‍ എടുക്കണ തരം) പല ഷേയ്പ്പില്‍ വെട്ടി ഒട്ടിച്ച് അതില്‍ വേറെ നിറത്തിലുള്ള കടലാസ്സ്‌ ഒട്ടിച്ച് അതിന്‍റെ മോളില്‍ എഴുതുക,കടലാസ്സ്‌,പൂവ് പോലെ വെട്ടി ഒട്ടിച്ച് അതില്‍ എഴുതുക,അങ്ങനെ പല പരീക്ഷണങ്ങളും ഞാന്‍ എഴുത്തില്‍ ചെയ്യാറുണ്ട്.അതൊക്കെ ആയിരുന്നു അന്ന് കാലത്തെ എന്‍റെ സന്തോഷങ്ങള്‍ . ഇപ്പൊ തീര്‍ത്തും ഇല്ലാതായി.എങ്കിലും ഇപ്പഴും ഇടയ്ക്ക് തോന്നും അങ്ങനെയൊക്കെ .പക്ഷെ  ഇപ്പൊ ന്‍റെ എഴുത്ത് ആഗ്രഹിക്കണ ആരുംല്ല്യ,എനിക്കയക്കാനും :( . അന്നൊക്കെ എല്ലാ എഴുത്തുകളും സൂക്ഷിച്ചു വച്ചിരുന്നു . പക്ഷെ പിന്നെ എപ്പഴൊ............. ഒക്കെ എടുത്ത് കളയേണ്ടി വന്നു.മെയില്‍ അയക്കാന്‍ പഠിച്ചപ്പോ പിന്നെ അതായി മാര്‍ഗം .പക്ഷെ എഴുത്ത് അയക്കുന്നതിന്റെയോ ,വായിക്കുന്നതിന്റെയോ സുഖല്ല്യ മെയില്‍ന് .
കടലാസില്‍ ആണെങ്കില്‍ അക്ഷരങ്ങളിലൂടെ വിരലോടിക്കുമ്പോള്‍ ആ സ്നേഹം തൊട്ടറിയാന്‍ കഴിയുന്നു.എഴുത്ത് ശരിക്കുള്ള പൂവാണെങ്കില്‍ മെയില്‍ പ്ലാസ്റ്റിക് പൂ പോലെയാണ്. ......ന്നാലും അതയക്കുന്നവര്‍/അത്  വായിക്കുന്നവര്‍  ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ആയതുകൊണ്ടാവും മെയില്‍ വായിക്കുമ്പോള്‍ ,അക്ഷരങ്ങളിലൂടെ കണ്ണുകള്‍ ഓടിക്കുമ്പോള്‍ സ്നേഹത്തിന്‍റെ നിറവ് എവിടെയൊക്കെയോ കാണാറുണ്ട്. ഹൊ............ പറഞ്ഞു പറഞ്ഞു ഇപ്പൊ ഒരെഴുത്ത് അയക്കാന്‍ തോന്നുവാണ്.കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞോണ്ട് അവിടുത്തെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചോണ്ട് ഒരു വല്യേ നീളള്ള എഴുത്ത്.

********************************************************************************

മഴയ്ക്ക്‌ ശേഷം ആകാശത്തില്‍ മേഘങ്ങള്‍ ഒരുപാട് കൂടിയത് പോലെ തോന്നി.നല്ല തെളിഞ്ഞ നീലാകാശം,അതില്‍ നിറയെ പല നിറത്തിലുള്ള,  വലുപ്പത്തിലുള്ള, രൂപത്തിലുള്ള മേഘങ്ങള്‍. ഇളം കറുപ്പ് ,തൂവെള്ള അങ്ങനെ പല തരംനിറം . കോഴിക്കോട് നിന്ന് തൃശ്ശൂര്‍ക്ക് വരുമ്പോള്‍ ഞാന്‍ നോക്കിയതും, ചിന്തിച്ചതും ഒക്കെ ഈ മേഘങ്ങളെ കുറിച്ചാണ് . പണ്ട് സ്കൂളില്‍  പല  തരം മേഘങ്ങള്‍ ഉണ്ട് എന്ന് ജ്യോഗ്രഫി എടുത്തിരുന്ന സിസ്റ്റര്‍ ജെസ്മിന്‍  പഠിപ്പിച്ചത് ഓര്‍മ്മ വന്നു. ക്യുമുലസ്സ്,നിംബസ് എന്നീ രണ്ടു പേരുകളും ഇപ്പഴും നല്ല ഓര്‍മ്മയുണ്ട്.ഇതില്‍ ഏതാ  അത്,ഏതാവും ഇത്.എനിക്ക് മനസിലായില്ല.അല്ലെങ്കിലും അതൊക്കെ മനസിലാക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ ആരായേനെ............. !!!!!!!!!പണ്ടൊക്കെ ഒരു സയന്റിസ്റ്റ് ആവാന്‍ വല്യേ മോഹായിരുന്നു . നക്ഷത്രങ്ങളേം മേഘങ്ങളേം അന്നും ഇന്നും വല്യേ ഇഷ്ടം.(ദേ,എന്തോ..... ഇപ്പൊ പെട്ടെന്ന് സുജേടെ കഥ ഓര്‍മ്മ വന്നു .എനിക്കിഷ്ടായിരുന്നു അത് .)

വണ്ടിയില്‍ ഇരിക്കുമ്പോള്‍ മഴയില്ലെങ്കില്‍,ഇരു വശോം മരങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ നോക്കി ഇരിക്കാന്‍ ഇഷ്ടം ആകാശം ആണ്.മേഘങ്ങളെ നോക്കിയിരിക്കുമ്പോള്‍ സമയം പോണത് അറിയാറെ ഇല്ല.
അതിങ്ങനെ പതുക്കെ പതുക്കെ പോണത് കാണാന്‍ .....ന്ത്‌ ചന്താണ്!!!!!!!
ചിലതിനെ തൊട്ടു നോക്കാനും ചിലതിനെ കയ്യിലെടുക്കാനും ചിലതില്‍ മുഖമൊളിപ്പിക്കാനും ചിലതിനെ വാരി ചുറ്റാനും ഒക്കെ തോന്നി .
ഒരു മഴക്കുള്ള പ്രതീക്ഷ മനസ്സില്‍ നിറയ്ക്കാന്‍ വേണ്ടി അവിടവിടെ ഉണ്ടായിരുന്ന കാര്‍മേഘങ്ങള്‍...........................
അവ നീങ്ങി നീങ്ങി വെള്ള മേഘങ്ങളെ  പതുക്കെ വന്നു തൊട്ട് പിന്നെ അവയ്ക്ക് മേലെ കൂടെ അപ്പുറത്തേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ യശോധ അറിയാതെ ഉണ്ണിക്കണ്ണന്‍ വെണ്ണ എടുക്കണ ഒരു ചിത്രം   മനസ്സില്‍ തെളിഞ്ഞു .മേഘങ്ങളുടെ ഒരു കുഞ്ഞു കുറുമ്പ്. അല്ലാണ്ടെന്താ!!!!!

വഴികളില്‍ പലയിടത്തും ഗുല്‍മോഹര്‍ മരങ്ങള്‍ ഇല മുഴുവനും പൊഴിച്ച് അവിടവിടെ തളിര്‍ത്ത് നിന്നിരുന്നു.ഒരു  വസന്തമൊരുക്കി  വേനലിനെ സ്വീകരിക്കാന്‍ തീക്കനല്‍  പോലത്തെ പ്ലാശിന്‍ പൂക്കള്‍,
ലാളിത്യത്തോടെ നിഷ്കളങ്കമായി ചിരിക്കുന്ന കൊന്ന പൂവുകള്‍,
എവിടെയോ നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓര്‍മ്മിപ്പിക്കാന്‍ ഇലകള്‍ ഇല്ലാത്ത മരക്കൊമ്പുകളില്‍ പൂത്ത ഇളം റോസ് നിറമുള്ള ശീമക്കൊന്ന പൂവുകള്‍(മിക്കവാറും ഇലകള്‍ കാണില്ല കൊമ്പുകളില്‍ നിറയെ പൂക്കുലകളെ മാത്രേ കാണൂ.)
ഈ യാത്ര തീരാതിരുന്നെങ്കില്‍ എന്ന് മോഹിപ്പിക്കാന്‍ വേണ്ടി,
നിറഞ്ഞ പച്ചക്കിടയില്‍ പൂത്ത മദിരാശി പൂവുകള്‍ ഒക്കെ......
എന്‍റെ കാഴ്ചക്ക് നല്‍കിയ സൌന്ദര്യം  വാക്കുകള്‍ക്കും അപ്പുറത്താണ്.മനസ്സില്‍ നിറച്ച സന്തോഷം,സ്നേഹം ഒക്കെ എനിക്കൊരിക്കലും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല.വേനലിലെ ഈ വസന്തം ഇതിന്‍റെ ഈ നിറക്കാഴ്ച അതിന്‍റെ പാരമ്യത്തില്‍ എത്തണമെങ്കില്‍ തളിര്‍ത്ത് നില്‍ക്കുന്ന ഈ ഗുല്‍മോഹര്‍ മരങ്ങള്‍ മുഴുവനും ഇല കാണാത്ത വിധത്തില്‍ പൂക്കണം  എന്ന് ഞാനോര്‍ത്തു .നീലാകാശത്തിനു കീഴെ നിറഞ്ഞു പൂത്ത ഒരു ഗുല്‍മോഹര്‍ മരം ...... എന്ത് ഭംഗിയാണ് !!!!!!

ഈ ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് മഴയത്തും,വെയിലത്തും അങ്ങനെ എല്ലാ കാലത്തും പൂത്തു കൂടെ?????
ആ ചോദ്യം മനസ്സില്‍ വന്നപ്പോള്‍ ഒരു മഴ മോഹം കൂടി മനസ്സില്‍ കൂട് കൂട്ടി .
ഒരു നിറമഴയില്‍ നിറഞ്ഞു പൂത്ത ഒരു ഗുല്‍മോഹര്‍ മരത്തിനു ചുവട്ടില്‍ ഇരിക്കണം .
ആ മരത്തിലൂടെ.............
അതിലെ ഇലകളിലൂടെ....................
അതിനിടയിലെ പൂക്കളിലൂടെ..............
പെയ്തിറങ്ങുന്ന മഴ നൂലുകളെ ഉള്ളം കയ്യില്‍ ഇക്കിളിയിടാന്‍,
ഉമ്മ വെക്കാന്‍ അനുവദിച്ചു കൊണ്ട്..................
മുഖമുയര്‍ത്തി നോക്കുമ്പോള്‍ മഴത്തുള്ളികള്‍ ചുംബിച്ച പൂക്കളുടെ ചുവപ്പിതളുകള്‍ കണ്ണുകളില്‍ വന്നു പതിക്കണം.
(മഴ നനയുമ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി നില്‍ക്കാറുണ്ട്.
വന്നു വീഴുന്ന തുള്ളികള്‍ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങുമ്പോള്‍ അവ കൂടെ കൂട്ടുന്നത് കാഴ്ചയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ ആണെന്ന് എനിക്ക് തോന്നാറുണ്ട്.)

വരാന്തയിലെ അഴികള്‍ക്കപ്പുറം ടെറസ്സിനു മുകളില്‍ കവറുകളില്‍ നില്‍ക്കുന്ന കോളി ഫ്ലവര്‍ വിരിഞ്ഞ ചെടികള്‍ നിലാവ് നോക്കി ചിരിക്കുന്നു.
ഇനിയും രൂപപ്പെടാത്ത പാവം കാബേജു തൈകളെ നോക്കി അവ സഹതപിക്കുകയും ചെയ്യുന്നുണ്ട് .ഞാന്‍ ആ കാബേജ് തൈകളെ സമാധാനിപ്പിച്ചു.സാരല്ല്യ ,അടുത്ത മഞ്ഞു കാലത്ത് നല്ലോം വെള്ളോം ഭക്ഷണോം തന്ന് നിങ്ങളെ ഒക്കെ വളര്‍ത്തി വലുതാക്കി ആരും പൊട്ടിച്ചു പോകുന്ന പരുവത്തില്‍ ആക്കി തരാംന്ന് പറഞ്ഞു കൊണ്ട് (ഈ പ്രാവശ്യം കൃഷി ഭവനീന്ന് വിത്ത് കിട്ടാന്‍ വൈകീന്നെ!!!! ).  :)

കുറച്ചു ദിവസായി ഒരു പുതിയ മോഹം മൂക്കുത്തി ഇടണം.എന്നെ കണ്ടാല്‍ ഒരു അമ്മ്യാരു കുട്ടീടെ കൂട്ടുണ്ട്ന്ന് അവള്‍ പറഞ്ഞെ പിന്നെ മൂക്കുത്തി മോഹം കലശലായി.കുത്തുമ്പോള്‍ വേദനിക്കില്ലേ എന്നോര്‍ക്കുമ്പോള്‍ വേണ്ടായ്ക്ക്യാണ്.

അവളെ കണ്ടു .
എത്രയോ കാലമായി മോഹിക്കുന്നു!!!!!
നീണ്ട ഇരുപതു വര്‍ഷങ്ങള്‍ ................
ഒരു വലിയ കാലയളവ്‌ തന്നെ.
പക്ഷെ സ്നേഹം എന്ന മനോഹരമായ അനുഭവത്തിന്‍റെ,അനുഭൂതിയുടെ മാന്ത്രികത ആ വലിയ കാലയളവിനെ എത്ര വേഗമാണ് ഒന്നുമല്ലാതാക്കി മാറ്റിയത് !!!!!!!
ആ കണ്ടുമുട്ടലില്‍ ഉരുകിയൊലിച്ചു പോയ കുറേ പരാതികള്‍ ................ പരിഭവങ്ങള്‍ ................ സങ്കടങ്ങള്‍ ......................... !!!!!!!
ചില ഓര്‍മ്മകള്‍ മനസിനെ വല്ലാതെ നോവിക്കുമ്പോള്‍ അവ കണ്ണുകളെ പൊള്ളിക്കുന്നു എന്ന് തോന്നാറുണ്ട് .
അപ്പോള്‍ ആഗ്രഹിക്കാറുണ്ട് ഇരു കൈകള്‍ കൊണ്ടും കണ്ണുകളെ തുറന്നു പിടിച്ച് ആരെങ്കിലും ഒന്ന് ഊതി തന്നെങ്കില്‍ എന്ന് .
വേദനകളില്‍ ലഹരി കണ്ടെത്തുമ്പോള്‍ ആഗ്രഹിക്കും ഈ പൊള്ളല്‍ ഇനിയുമിനിയുമെന്ന് .
ഉള്ളില്‍ കാലങ്ങളായി ഉറഞ്ഞു കൂടിയിരുന്ന ഒരു സങ്കടമുണ്ട്.
അതിങ്ങനെ മെല്ലെ മെല്ലെ ഒഴുകി പോകുന്നുണ്ട്.
ഞാന്‍ ഓര്‍ത്തേയില്ല കരയുന്നത് ഞാന്‍ മാത്രമല്ല എന്ന്.
തിരിച്ചറിയാന്‍ ഇനിയുമേറെ സമയമെടുക്കും .
എങ്കില്‍ പോലും ഇപ്പോഴും ബാക്കിയുണ്ട് ഒരു ചോദ്യം.
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ക്കിടയില്‍ അതും മറഞ്ഞു കൊള്ളട്ടെ.

കടന്നു പോകുന്ന ഈ ദിനങ്ങള്‍ ഏറെ മനോഹരമാണ് .
ഓരോ രാവിലും നിറയുന്ന സംഗീതം,
ഉറക്കത്തില്‍ നിറയുന്ന നിന്നെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍,
പകലുകളില്‍ നിറയുന്ന അച്ചുവിന്‍റെ കുസൃതികള്‍ ,
ഒറ്റക്കിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആരുടേയോ സ്നേഹം,
സൌഹൃദങ്ങളുടെ പച്ചപ്പ്‌,
ഹൃദയം സംസാരിക്കുന്ന നിമിഷങ്ങള്‍ ................
അങ്ങനെ എന്‍റെ ദിവസങ്ങളുടെ മനോഹാരിതക്ക് മാറ്റ് കൂട്ടാന്‍ ഒരുപാടൊരുപാട് ................... !!!!!!!


12 comments:

  1. പ്രിയപ്പെട്ട ഉമേച്ചി,

    ഉമേച്ചി പറഞ്ഞത് പോലെ ചേച്ചി അടുത്ത് നിന്ന് വര്‍ത്തമാനം പറയുന്ന പോലെ ഉണ്ട് ഓരോ വരികളും.
    വായിക്കുനവര്‍ക്ക് സുഖം തോന്നുമെങ്കിലും എഴുതുക അത്ര എളുപ്പമല്ലാ എന്നറിയാം. വളരെ ക്ഷമയും പരിശ്രമവും വേണം. ഉമേച്ചിക്ക് ഇനിയും ഇനിയും ഒരുപാട് ഇതുപോലെ എഴുതുവാന്‍ കഴിയട്ടെ. :)
    എനിക്ക് കത്ത് അയക്കാന്‍ മോഹം ഒക്കെ ഉണ്ട്. എന്താ ചെയ്യാ കൈയ്യക്ഷരം കൊള്ളില്ലാ അക്ഷരപിശകും ഉണ്ടാകും ധാരാളം അതോണ്ടാ. :-)
    നീല പരപ്പിലൂടെ ഒഴുകി പോകുന്ന മേഘങ്ങളേ നോക്കി നില്‍ക്കാന്‍ എനിക്കും ഇഷ്ടാ. പക്ഷെ എന്തോ ഒരു നൊമ്പരം മനസ്സില്‍ നിറയും പ്രിയപ്പെട്ട എന്തോ ഒന്ന് അകന്നു അകന്നു പോകുന്ന പോലെ തോന്നും. കൃഷ്ണ പരുന്തുകള്‍ ചിറക് അനക്കാതെ പറന്നു നടക്കുന്നത് കാണാനാണ് അതിലും ഇഷ്ടം. ഒരു വേനല്‍ മഴ ഹൃദയത്തെ നനയിച്ച് തോര്‍ന്നു പോയീ. ആ തണുപ്പ് ഇപ്പോഴും ഉണ്ട്. ഇനി എന്നാണാവോ ഒരു മഴ പെയ്യുക.
    എഴുതിയത് മുഴുവന്‍ ഇഷ്ടായി ഉമേച്ചി.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. ബ്ലോഗിന് ഒരു പൊതു സ്വഭാവം ഉണ്ട് . ശ്രദ്ധിച്ച് ശ്രദ്ധ നേടണം .
    കുറെ സങ്കടങ്ങളും സന്തോഷങ്ങളും പരാതിയും പരിഭവവും അക്ഷരങ്ങളിലൂടെ ഒഴുക്കി കളയുക എന്നതില്‍ ഉപരി ഒരു താല്പര്യം ഇല്ലാത്തതാവും ഈ വീണപൂവ്‌ ഇങ്ങിനെ ഒറ്റക്ക് നില്‍ക്കുന്നത് .
    പലപ്പോഴും നിഷ്കളങ്കമായ ഭാഷയുടെ ലാളിത്യം അനുഭവിക്കാറുണ്ട് ഉമയുടെ എഴുത്ത് . പറഞ്ഞ പോലെ ഹൃദയം സംസാരിക്കുന്നത് കൊണ്ടാവാം ഭാഷ
    ഇത്ര ആകര്‍ഷകമാവുന്നത് .
    സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും മനോഹരമായ ആവിഷ്കാരങ്ങള്‍ ഇനിയും ഒഴുകട്ടെ . അതൊരു അനുഭവമാകും .
    നല്ല എഴുത്തിന് ആശംസകള്‍

    ReplyDelete
  3. സങ്കടപ്പെടാന്‍ എന്നെ ഞാന്‍ അനുവദിക്കാറില്ല ഉമ . ഉമയും അത് പോലെ എന്ന് തോന്നുന്നു... ഉമയുടെ പോസ്റ്റ്‌ വായിക്കുമ്പോള്‍ ഇത് പോലെ എഴുതാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് . നന്നായി എഴുതി. ഇത്തവണ കുറെ നീളം കൂടി അല്ലെ .കുറച്ചു നാളുകള്‍ക്കു മുന്‍പ് എന്റെ ഒരു സുഹൃത്ത് നിര്‍ബന്ധിച്ചു എന്നെക്കൊണ്ട് ഒരു നീണ്ട കത്ത് എഴുതിപ്പിച്ചു..ആദ്യം മടി തോന്നീരുന്നെങ്കിലും എഴുതി വന്നപ്പോള്‍ രസം തോന്നി. അതിനൊരു മറുപടിയും കിട്ടി ..ഇപ്പോഴും ഇടയ്ക്കിടെ വെറുതെ വായിച്ചു നോക്കും. കത്ത് പോസ്റ്മന്‍ കൊണ്ട് തരുമ്പോള്‍ അതൊരു സുഖം തന്നെയാണ്...

    ReplyDelete
  4. പ്രിയമുള്ള ഉമാ,

    ലാളിത്യഭംഗി നിറഞ്ഞു തുളുമ്പുന്ന ഭാഷയുടെ തൂശനിലയില്‍ വിളമ്പി വച്ചിരിക്കുന്ന വിഭവങ്ങള്‍ക്ക് എരിവുണ്ട്,മധുരമുണ്ട്,പുളിയുണ്ട്,ഉപ്പുണ്ട് അങ്ങനെ അങ്ങനെ എന്തെല്ലാം,ഒപ്പം അടുത്തിരുന്നു വിളമ്പിത്തരാന്‍ സ്നേഹമുള്ളൊരു മനസ്സും!!ഒരുപാട് ഇഷ്ടമായി ഉമാ ഈ അക്ഷര സദ്യ!!

    ബ്ലോഗ്ഗര്‍ എന്ന മാന്ത്രീക പോസ്റ്റ്മാന്‍, പടിവാതിക്കലെത്തിക്കുന്ന ഈ സ്നേഹം നിറച്ച എഴുത്തുകള്‍ക്കൊരു വശ്യതയുണ്ട്. അതുകൊണ്ടുതന്നെ അതിനായുള്ള കാത്തിരിപ്പും ഏറെ മധുരതരം!! തുടരൂ ഈ തൂലികയില്‍ നിന്നുള്ള തുടരെഴുത്തുകള്‍!!!

    ആശംസകള്‍കക്കൊപ്പം ഒത്തിരി നന്മകളും നേര്‍ന്നുകൊണ്ട്....

    ReplyDelete
  5. ഉമ പറഞ്ഞത് ശെരിയാ..അടുത്തിരുന്നു വിശേഷം പറയുന്ന പോലുണ്ട്..നീണ്ട എഴുത്തൊക്കെ വായിക്കാന്‍ നല്ല ഇഷ്ട്ടാ..പക്ഷെ അങ്ങനെ എഴുതാന്‍ നല്ലോം ക്ഷമ വേണ്ടേ ? പിന്നേ, മൂക്കുത്തി ഇട്ടോളുട്ടോ. ഇത്തിരിയല്ലേ വേദനിക്കൂ പക്ഷെ നല്ല ഭംഗിയുണ്ടാവും കാണാന്‍.. :)

    ReplyDelete
  6. കൊഴിഞ്ഞുവീണ ഗുല്‍മോഹര്‍ പൂവുകള്‍ കാണുക അതും ഒരു രസാ....

    ReplyDelete
  7. പ്രിയപ്പെട്ട ഉമ ,

    ആസ്വദിച്ചു എഴുത്ത് എഴുതുമായിരുന്നു. ഗള്‍ഫില്‍ നിന്നും വലിയേട്ടനും നന്ദയും കൊണ്ട് വരുന്ന നനുത്ത സുഗന്ധപൂരിതമായ ലെറ്റര്‍പാഡിലെ ,ചീന്തിയെടുത്ത നാളുകളില്‍, നിറമുള്ള മഷിയില്‍ എഴുതിയിരുന്ന കത്തുകള്‍ .

    ഉമയുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആ കാലം ഓര്‍ത്തു .

    കാലഭേദങ്ങള്‍ക്ക് അനുസരിച്ച് മരങ്ങള്‍ പൂക്കട്ടെ.

    അതല്ലേ നല്ലതു?

    സുന്ദരമായ വരികള്‍ .സ്നേഹം നല്‍കാന്‍ എപ്പോഴും ,ആരെങ്കിലും ഒക്കെ കൂടെ കാണും .

    ഹൃദ്യമായ അഭിനന്ദനങ്ങള്‍ .

    യാത്രാ ക്ഷീണം നല്ല പോലെയുണ്ട്,അച്ചൂന്റെ അമ്മെ.എന്റെ തിരമാലകളോട് ശുഭരാത്രി പറഞ്ഞു,ഞാന്‍ മയങ്ങട്ടെ .


    സസ്നേഹം,

    അനു

    ReplyDelete
  8. ലളിതമായ എഴുത്ത് ...

    പണ്ട് ഞങ്ങളുടെ പോസ്റ്റ്മാന്റെ സൈക്കിളിന്റെ മണിയടി ശബ്ദം കേട്ട് പിടഞ്ഞെഴുന്നേറ്റ് ഓടിച്ചെന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എഴുത്തോ പുസ്തകങ്ങളോ അങ്ങനെ എന്തു തന്നെ ആയാലും അതെന്തായിരിയ്ക്കും എന്നറിയാനുള്ല ഒരു ഉത്കണ്ഠ!

    ReplyDelete
  9. ആത്തേമ്മാരേയ് ...

    നാട്ടില്‌ കണ്ണ്യാങ്ങക്കാലം കഴിഞ്ഞോ എന്തോ ??
    അമ്മ പറയുന്നു .. വേനല്‍ മഴയിലും കാറ്റിലും മാങ്ങയെല്ലാം തല്ലിവീണുപോയെന്ന്‍ ..

    ചെറിയവിശേഷങ്ങളെ അതിനേക്കാള്‍ ചെറുതാക്കിയെഴുതി ... എത്ര വലിയ സന്തോഷമാണ് നിറക്കുന്നത് ..

    ReplyDelete
  10. ഉമേ ഈ വായനെ എന്നെ ഒരു മഴപോലെ നനയിക്കുന്നു
    വായിച്ചുതീര്നിട്ടും ഇലച്ചാര്‍ത്തില്‍നിന്നു പൊഴിയുന്ന നിഷ്കളങ്കമായ നീര്‍ത്തുള്ളിപോലെ അതെന്നെ തോട്ടുകൊണ്ടേയിരിക്കുന്നു

    ആശംസകള്‍

    ReplyDelete
  11. ഉമാ,

    വീണപൂവിൽ നീലാകാശത്തെ ആവാഹിച്ചു വരുത്തിയത് ഞാൻ അറിയാൻ വൈകി. നന്നായിട്ടുണ്ട് .

    വിശേഷങ്ങൾ വായിച്ചപ്പോൾ സന്തോഷം. പലപ്പോഴും പറഞ്ഞിട്ടുണ്ട്, എങ്കിലും ആവർത്തിക്കുന്നു , ഇത് നിന്റെ സ്വന്തം ശൈലി, ഇങ്ങനെ ഒക്കെ എഴുതാൻ ഉമയ്ക്കേ കഴിയൂ..

    ദൂരത്തിരുന്നു ആയിരം വട്ടം വഴക്ക് കൂടിയാലും നേരിട്ട് കാണുമ്പോൾ പരാതിയും പരിഭവവും മഞ്ഞു പോലെ ഉരുകി ഇല്ലാതെ ആകുന്നതും, സങ്കടം ഹൃദയത്തിന്റെ കാണാ അറ ക്കുള്ളിൽ പോയി ഒളിക്കുന്നതും ഞാനും അനുഭവിച്ചിട്ടുണ്ട്.

    എഴുത്ത് അസ്സലായി.

    സ്നേഹത്തോടെ മനു.

    ReplyDelete
  12. എന്റെ കോളേജ് കാലം ഓർത്തുപോയി ...3ദിവസം ഇടവിട്ട്‌ കിട്ട്യും അയച്ചും കൊണ്ടിരുന്ന... 7/8 പേജ് നിറയെ ഉറങ്ങാതെ അയച്ചിരുന്ന/വായിച്ചിരുന്ന ...ആ കാലം...

    സ്വന്തമെന്നു പറയാതെ സ്വന്തമാക്കിയ കുറഞ്ഞ വർഷങ്ങൾ ...പൊസ്റ്റ്മൻ ചന്തുനായ കാത്തിരിപ്പ്‌..... ബ്രൌണ്‍ കവറിൽ അല്പം ചരിഞ്ഞ ഭംഗിയുള്ള അക്ഷരങ്ങൾ,ഉള്ളിൽ "പ്രിയപ്പെട്ട" അല്ലെങ്കിൽ "എന്റെ" മണിയന് എന്ന അഭിസംബോധന....എല്ലാം വീണ്ടും ഓര്മിപ്പിച്ചു എന്റെ കുട്ടി.

    കത്തിന്റെ ആ കാലമൊരു കാലം തന്നെ... എന്നാലും ഇന്നവന്റെ മെയിലിനതിനെക്കാൾ സുഖം.

    ഉമ്മു....ഒരുപാടുമ്മ... ഈ ഒര്മാപ്പെടുത്തലിന് ... നീ ഫോണ്‍ ചെയ്യണ അതെ പ്രതീതി...
    ഒരുപാടിഷ്ടം ന്റെകുട്ട്യെ .

    ReplyDelete