Tuesday, March 26, 2013

ഞാനും നീയും പിന്നെ കൊറേ വിശേഷങ്ങളും,


കാറിൽ ഇരുന്നപ്പോൾ ഞാൻ ആദ്യം ആകെ സന്തോഷത്തിലായിരുന്നു.ന്റെ ഇല്ലത്തേക്ക് പോവാണ്,അവിടെ ല്ലാരും വന്ന്ണ്ടാവും പറ കൂടാൻ ന്ന് ഓർക്കുമ്പോ തന്നെ ന്തായിരുന്നൂന്നൊ സന്തോഷം!!!!!!!പക്ഷെ അതാ കുന്ദംകുളം എത്തീപ്പോ പോയി കിട്ടി.റോഡിലാകെ ബ്ലോക്ക്.ന്റെ ക്ഷമേടെ നെല്ലിപ്പടി ന്നെ തന്നെ കാണിക്കാൻ വേണ്ടീട്ടായിരുന്നു അത്ന്ന് ഇപ്പൊ തോന്നാ!!!!!!!എവിടെ എത്തീന്ന് ഓരോരുത്തരും വിളിച്ചു ചോദിക്കുമ്പോ നിയ്ക്ക് ദേഷ്യം വന്നു. പക്ഷെ വായിന്റെ ഉള്ളില്  മൊത്തം തൊലി പോയോണ്ട്നേരം പോലെ ഒന്ന് ചീത്ത പറയാനും എണ്ണിപ്പെറുക്കാനും കഴിയാതെ മിണ്ടാതിരിക്കാനെ പറ്റിയുള്ളൂ.


കൊറേ കൊന്ന മരങ്ങളേം,വാകേം,പൂക്കാൻ തുടങ്ങുന്ന ഗുൽമോഹറുകളേം ഒക്കെ കണ്ടപ്പോ ആ ദേഷ്യം ഒരു പൊടിയ്ക്കു കുറഞ്ഞു.എങ്കിലും  ഞാനാകെ മൂഡ്‌ ഓഫ്‌ ആയിരുന്നു .അതോണ്ട് മനസ്സിൽ തെളിഞ്ഞു വന്നത് കണ്ണീരോർമ്മകൾ മാത്രായിരുന്നു. ഓർക്കുമ്പോൾ ഒക്കെയും കണ്ണ് നനയിക്കുന്ന ഒരുപാട് മുഖങ്ങൾ,ഒരുപാട് സംഭവങ്ങൾ,കാതിൽ നിന്ന് ഇറങ്ങി പോകാൻ കൂട്ടാക്കാത്ത ചില വാക്കുകൾ ഒക്കേം ന്നെ വല്ലാതെ അസ്വസ്ഥമാക്കി.ഇരുട്ടായപ്പോഴേക്കും അവിടെ എത്തി . നല്ല  നിലാവുണ്ടായിരുന്നു. നിലാവ് കാണണത് ഒരു സുഖാണ്.അവിടെ എത്തി ആ മുറ്റത്തെ മണലിൽ ചവിട്ടിയപ്പോ,അവിടെ നിന്ന് നിലാവ് കണ്ടപ്പോ, പടിക്കലേക്കുള്ള വഴി കണ്ടപ്പോ,കാണും തോറും പിന്നേം പിന്നേം പൊക്കം കൂടണൂന്ന് തോന്നിക്കണ ചന്ദ്രക്കാരൻ മാവ് കണ്ടപ്പോ,തേവരെ സ്വീകരിക്കാൻ തയ്യാറാക്കിയ പന്തല് കണ്ടപ്പോ,ശ്രീച്ചിയേം ലക്ഷ്മി ചേച്ച്യേം പിള്ളേരേം ഒക്കെ കണ്ടപ്പോ ന്റെ എല്ലാ ദേഷ്യോം,സങ്കടോം,അസ്വസ്ഥതേം ഒക്കെ  പോയി. സുലൈമാനി കുടിക്കാതെ തന്നെ ഈ ലോകത്തോട് മുഴോനും മുഹബ്ബത്ത് തോന്നി.

ദീപ്തീടെ പിറന്നാൾ ഇന്നായിരുന്നെങ്കിലും എല്ലാരുംള്ളത് പ്രമാണിച്ച് ഇന്നലെ കേയ്ക്കൊക്കെ മുറിച്ചു.അത് പങ്കു വെക്കലും കഴിക്കലും ക്രീം മുഴോനും അവൾടെ  മുഖത്ത്  വെച്ച് തേക്കലും  നല്ല രസായി.അത് കഴിഞ്ഞ് പിള്ളേരുടെ വക ഡാൻസും പാട്ടും ഒക്കെ കൂടി ആകെ മേളായിരുന്നു.കണ്ടപ്പോ എപ്പഴുംങ്ങനെ ഒരു കുട്ട്യായിരുന്നാൽ മതീന്ന മോഹം ചന്ദ്രക്കാരൻ മാവിനെക്കാൾ വല്യേതായി.രാത്രി ഏറെ വൈകി കിടക്കാൻ.എന്നിട്ടും വർത്താനം പറഞ്ഞു തീർന്നില്യായിരുന്നു ലക്ഷ്മി  ചേച്ച്യോട്.

വന്നു കിടന്നിട്ട് ഉറക്കം വന്നതേയില്ല പിന്നെ . എല്ലാരും ഉറങ്ങുമ്പോൾ ഞാൻ മാത്രം ഉണർന്നിരിക്ക്യ എനിക്കിഷ്ടാണ് . ആ തനിച്ചാകലിൽ ന്റെ മനസിങ്ങനെ പോകും കാണാൻ മോഹിച്ച സ്ഥലങ്ങളിലേക്ക്...............അങ്ങനെ കണ്ട സ്ഥലങ്ങൾ  ശ്ശി ആണ് . കണ്ണുകൾ  അടച്ചാൽ കാണാൻ ആഗ്രഹിക്കണ കാഴ്ചകൾ ഒക്കേം എനിക്കപ്പൊ കാണാം . ന്നാലും കുംഭമേളേം,ബിനാലേം അങ്ങനെ അല്ലാതെ നേരിട്ടന്നെ കാണാൻ വല്യേ മോഹായിരുന്നു .  :( അതൊട്ട്‌ നടന്നൂല്ല്യ . അതിനെ പറ്റി  വായിക്കുമ്പോഴും ചിത്രങ്ങൾ കാണുമ്പോഴും എനിക്ക് വല്ലാതെ നഷ്ടബോധം തോന്നും .


നേർത്ത കാറ്റ് വീശുന്നുണ്ട് . മഴയൊഴിഞ്ഞു തുടങ്ങി .നനയുന്ന ചെമ്പകത്തിന്റെ ചോട്ടിൽ പോയി നിക്കാൻ ഉള്ളു തുടിക്കുന്നുണ്ട് . ഇറ്റു വീഴുന്ന  ഓരോ തുള്ളിക്കും തന്റെ മണം കൊടുക്കുന്ന ചെമ്പകത്തിന്റെ ഇലകൾ ....... 
അതിൽ തൊട്ടാൽ എന്റെ വിരലുകൾക്കും ആ സുഗന്ധം കിട്ടുമെന്നൊരു മോഹം ................. പണ്ടൊരു രാത്രിയിൽ ജനലിലൂടെ മഴയെ നോക്കി നിന്നപ്പോൾ തോന്നിയൊരു മോഹാണ് . ഈയിടെ ഒരു ദിവസം നടക്കാത്ത മോഹങ്ങൾടെ ലിസ്റ്റ് ഞാൻ ണ്ടാക്കി .അതിന്റെ നീളം കണ്ട് ഞാൻ തന്നെ അന്തം വിട്ടു . ന്നാലും സൂക്ഷിച്ചു വച്ചു . ഇടക്കെടുത്ത് നോക്കാലോ!!!!!!!അതൊരു രസാണ്.  ഒരുപക്ഷെ സാധ്യാവാത്തോണ്ടാവും നിയ്ക്കിത്രേം ഇഷ്ടം . ഓരോ ദിവസോം ഓരോ മോഹം ജനിക്കും .ചെലപ്പോ വേഗം തന്നെ ഇല്ലാണ്ടാവും.ചെലത് കാലങ്ങളോളം ശേഷിക്കും . ഇനി ചിലത് ഒരിക്കലും ഇല്ലാണ്ടാവില്ല .ന്നാലും  സാധിച്ചതിൽ അമിതമായ് സന്തോഷമോ നടക്കാത്തതിൽ വല്ലാത്ത നിരാശയോ ഇല്ല .ഇതൊക്കെ തന്നെയാണ് ജീവിക്കാനുള്ള സൂത്രപ്പണികൾ അല്ലെ???


കഴിഞ്ഞ പോസ്റ്റിന്  ആരോ  പറഞ്ഞത് ശരിയാണ് ലോകത്തിന്റെ ഒരു മൂലക്കലിരുന്നു ഞാനിങ്ങനെ എന്നെ കുറിച്ച് മാത്രം പറയുന്നു.ആ തിരിച്ചറിവ് വന്നെ പിന്നെ പോസ്റ്റ്‌ ഇടാൻ വല്യേ മടിയാണ്.എന്നാലും വന്ന് വായിച്ച് പോകുന്നവരോട് നന്ദി പറയുന്നത് പോലും നന്ദി കേടാവും. ഈയിടെ ഒരാള് ചോദിച്ചു ന്തേ വീണപൂവിൽ ഇപ്പൊ പ്രണയമെന്ന വാക്ക് പോലും കാണാറില്ലല്ലോന്ന് . ഒരിടക്ക് അത് മാത്രല്ലേ ണ്ടായിരുന്നുള്ളൂന്നും . അത് സത്യാണ് .അതെനിക്കും തോന്നാറുണ്ട് .പണ്ട് ഞാൻ പറഞ്ഞിരുന്നത്  മുഴോനും നിന്നെ കുറിച്ച് മാത്രായിരുന്നു .

പക്ഷെ ഇപ്പൊ ............ നിയ്ക്ക് മനസിലായി അന്ന് പറഞ്ഞിരുന്നതൊന്നും അല്ല നിന്നോടുള്ള എന്റെ സ്നേഹം . അതീ വാക്കുകൾക്കൊന്നും ഉൾക്കൊള്ളാനാവാത്ത  വിധം ഏറെ..............എനിക്കറിയാം
ഹൃദയം കൊണ്ട് ഞാൻ സംസാരിക്കുന്നത് കേൾക്കാൻ നിനക്ക് മാത്രമേ കഴിയൂ അതുകൊണ്ടല്ലേ ഇത് "ദൈവം കയ്യൊപ്പിട്ട സ്നേഹ"മാവുന്നത് !!!!!!

ഇന്ന് വീണ്ടും ഈ ജനലിലൂടെ നിലാവ് കാണുമ്പോൾ പൂർണ്ണ ചന്ദ്രനേയും നക്ഷത്രങ്ങളേയും കാണുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ട് സന്തോഷം കൊണ്ട് .ഫേസ് ബുക്കിലെ അബ്ബാസിന്റെ സ്റ്റാറ്റസിൽ കണ്ട പോലെ ഞാനും നീയും ഒരുമിച്ചിരുന്നല്ലെങ്കിലും കാണുന്നുണ്ടല്ലോ ഈ നിലാവിനെ...........
ഈ നക്ഷത്രങ്ങളെ ...................... !!!!!!!


സ്നേഹം മാത്രം


7 comments:

 1. പറഞ്ഞു പറഞ്ഞു പ്രണയത്തിൽ തന്നെ വന്നു നിന്നു ,അത് നന്നായി .
  സ്വന്തം ഇഷ്ടവും അനുഭവവും ഒക്കെ എഴുതുന്നതിൽ എന്താ പ്രശ്നം . അതൊരു പൊങ്ങച്ചം പറച്ചിൽ അല്ലെങ്കിൽ ഒരു പ്രശ്നവും ഇല്ല . അതിവിടെ ഇല്ലല്ലോ . നമ്മുടെ പരിസരത്ത് നിന്ന് കണ്ടെത്തുന്ന കാര്യങ്ങൾ നന്നായി പറയാനും കഴിവ് വേണം .
  ഒരു പക്ഷെ നിസ്വാർഥമായ ഈ വിശേഷങ്ങൾ തന്നെ എഴുത്തിന്റെ ഭംഗി .
  ഭംഗിയായി എഴുതി ട്ടോ .
  സ്നേഹാശംസകൾ

  ReplyDelete
 2. പ്രിയമുള്ള ഉമാ,
  "ഇറ്റു വീഴുന്ന ഓരോ തുള്ളിക്കും തന്റെ മണം കൊടുക്കുന്ന ചെമ്പകത്തിന്റെ ഇലകളെ"പ്പോലെ,
  ഇവിടെ പകര്‍ത്തി വച്ചിരിക്കുന്ന ഓരോ വരികളിലും ലാളിത്യത്തിന്റേയും നിഷ്കളങ്കതയുടെയും സുഗന്ധം ആവോളം!!
  വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നതിലുള്ള, ഈ സവിശേഷതകള്‍ തന്നെയാണ് ഈ എഴുത്തുകളുടെ വിജയം!!
  എല്ലാ മംഗളങ്ങളും ആശംസിച്ചുകൊണ്ട്,
  സ്നേഹത്തോടെ,

  ReplyDelete
 3. പ്രിയപ്പെട്ട ഉമേച്ചി,

  ഈ നീല ആകാശത്ത് മേഘങ്ങൾക്കിടയിൽ അടുക്കി പറുക്കി വച്ചിരിക്കുന്നു വരികൾക്ക് നല്ല ഭംഗിയുണ്ട്.
  കുറച്ചും കൂടി എഴുതാമായിരുന്നു. പെട്ടന്ന് തീർന്നു പോയല്ലോന്നോർത്ത് ആദ്യം മുതൽ ഒന്നുംകൂടി വായിച്ചുട്ടോ. :)

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 4. "ഇന്ന്‌ വീണ്ടും ഈ ജനലിലൂടെ നിലാവ്‌ കാണുമ്പോൾ പൂർണ്ണ ചന്ദ്രനേയും നക്ഷത്രങ്ങളേയും കാണുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ട്‌ സന്തോഷം കൊണ്ട്‌ .... ഞാനും നീയും ഒരുമിച്ചിരുന്നല്ലെങ്കിലും കാണുന്നുണ്ടല്ലോ ഈ നിലാവിനെ...........
  ഈ നക്ഷത്രങ്ങളെ ...."

  ഹൃദ്യമായി ഈ രചന.

  ReplyDelete
 5. ആ ചന്ദ്രക്കാരന്‍ മാവില്‍നിന്നൊരു മാമ്പഴം എനിയ്ക്ക് തരണം

  ReplyDelete
 6. അത് നല്ല പരിപാട്യാട്ടാ, നടക്കാത്ത സ്വപ്നങ്ങളുടെ ലിസ്റ്റ്‌ ഉണ്ടാക്കുക.

  ReplyDelete
 7. ഉമാ.. ഒരു അരുവി പോലെ, ശാന്തമായൊഴുകുന്ന പുഴ പോലെ ഈ എഴുത്ത്..

  ReplyDelete