Tuesday, October 21, 2014

ഒരു വീട് വേണം!!!!!!!!!!!

ഒരു വീട് വേണം.
പുഴ കടന്ന് ,മരങ്ങൾക്കിടയിലൂടെ വഴിയുള്ള
ഇരു വശവും പച്ച പൂത്ത
കാലവർഷോം തുലാവർഷോം കൃത്യമായെത്തുന്ന
ഞാറ്റുവേലകൾ പൂക്കുന്ന തൊടിയുള്ള
മണ്ണിന്റെ മണോം,ഇലേടെ പച്ചേം,ഭൂമീടെ നന്മേം ഉള്ള വീട്!!!!!!
എന്റെ "നന്മ" വീട്.

ഒരുപാട് മുറ്റം വേണം.
മുറ്റത്തേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ കൊമ്പുള്ള ഒരു നാട്ടുമാവും വേണം.
പോക്കുവെയിൽ വീഴുന്ന സായാഹ്നങ്ങളിൽ നമുക്കിരുന്നാടാൻ,
അച്ചൂനെ ഇരുത്തി ആട്ടി കൊടുക്കാൻ
മുല്ലവള്ളി പടർത്തിയ മുളയൂഞ്ഞാൽ കെട്ടണം.
അവൾക്കൊപ്പം കഞ്ഞീം കറീം വെച്ചു കളിക്കാനും,
നിനക്കൊപ്പം പ്രണയം പങ്കു വെക്കാനും
മുറ്റത്തിന്റെ ഒരു മൂലയിൽ  ഇലകൾ കൊണ്ട് മേൽക്കൂരയിട്ട,ചുമരു കെട്ടിയ ഒരു മുളങ്കൂട്ണ്ടാക്കണം.
ഒരരികിൽ നിറയെ തെച്ചിയും, മന്ദാരവും, കൊടുവേലിയും, നന്ത്യാർവട്ടവും,ഗന്ധരാജനും,നാലു മണിപൂവും,ഒക്കെ വെച്ചു പിടിപ്പിക്കണം.
മതിലിനു പകരം മരങ്ങൾ...........
ചെമ്പകോം, അശോകോം, ഇലഞ്ഞീം,പാലേം......................

പിന്നിലെ മുറ്റത്ത് ഞാൻ നട്ടു നനച്ചുണ്ടാക്കിയ പാവലും,പടവലോം,കോവലും,മത്തനും,ഇളവനും,ചീരേം,മുരിങ്ങേം,വെണ്ടേം ഒക്കെ കായ്ച്ചു നിക്കണം.
അതിനും പിന്നിൽ മാവും,പ്ലാവും,പുളീം,പേരേം,കവുങ്ങും, ജാതീം,ഞാവലും ഒക്കെ ണ്ടാവണം.
കായ്കൾ പഴുത്തു വീഴുമ്പോൾ എനിക്കും അച്ചൂനും പോയി പെറുക്കിയെടുത്ത് പങ്കു വെച്ചു തിന്നണം.
(ഒരു പങ്ക് നിനക്കും തരാം).
ഇടയിൽ അവിടവിടെ ആയി മോഹിപ്പിക്കാൻ വേണ്ടി മാത്രം കാപ്പി പൂക്കണം.
മരങ്ങൾക്കപ്പുറം ചോപ്പാമ്പലും,വെള്ള താമരയും വിരിയുന്ന നിറയെ പടവുകളുള്ള ഒരു കുളം വേണം.
കുളത്തിന്റെ അങ്ങേക്കരയിൽ നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരം വിളഞ്ഞു നിൽക്കുന്ന നെൽപ്പാടം കാണണം.

വീടിന് നീളമുള്ള ഒരു വരാന്ത വേണം.
നിറയെ മരയഴികൾ ഉള്ള വരാന്തയിൽ രാമച്ചം മണക്കുന്ന ഒരു കർട്ടൻ വേണം.
മഴ പൂക്കുന്ന രാത്രികളിൽ ഒരുമിച്ചിരുന്നു മഴ കാണാനായി....
കെട്ടിപ്പിടിച്ചോണ്ട് നിന്നത് നനയാനായി  ഒരു നടുമുറ്റം വേണം.

നമ്മുടെ ഒച്ചേം വിളീം ചിരീം ഒക്കെ നിറയുന്ന തളമുള്ള ,
നിന്റെ ഇഷ്ടങ്ങളുടെ മണങ്ങൾ നിറയുന്ന അടുക്കളയുള്ള,
ന്റെ ദിവാസ്വപ്നങ്ങളെ ആരും കാണാതെ ഒളിപ്പിക്കുന്ന ന്റെ സ്വന്തം 'പാത്തു' മുറി ഉള്ള ഒരു വീട്.

നന്മ പൂക്കുന്ന,സ്നേഹം മണക്കുന്ന ഒരു വീട്!!!!
ന്റെ,നിന്റെ,നമ്മടെ വീട് :)







4 comments:

  1. പുഴ ഇല്യ, ഒരു കുഞ്ഞ്യേ അരുവീണ്ട്!

    അശോകം ഇല്യ, പാലേം, ചെമ്പകോം, പാരിജാതോം ണ്ട്

    കൊടുവേലിയും ഗന്ധരാജനും നടുമുറ്റവും ഒഴിവാക്കിയാൽ ഈ പറഞ്ഞതെല്ലാം ഒത്തുചേരുന്നൊരു വീടുണ്ട് ചെറുതിന്,

    പക്ഷേ......! :(

    ReplyDelete
  2. ഗുഹാതുരത്വം ഉണര്‍ത്തുന്ന രചന , വളരെ നന്നായി എഴുത്ത് ..ഇഷ്ടം

    ReplyDelete
  3. അടുത്ത കാലം വരെ സത്യമായിരുന്നത് ഇന്നു സ്വപ്നമായിരിക്കുന്നു....നല്ല രചന , നന്നായി

    ReplyDelete
  4. എനിക്കൊരു വീട് വേണമെന്ന് ഞാൻ മോഹിച്ചതും ഇതുപോലെ.....
    മിനിമം ഒരേക്കറു വേണ്ടിവര്വല്ലേ.... :-P

    ReplyDelete