Saturday, October 25, 2014

അഞ്ച് ചിത്രങ്ങൾ!!!!

അങ്ങനെയിരിക്കുമ്പോൾ കണ്ണിനും മനസിനും കൗതുകമായി ഇവർ വിരുന്നു വരും.തോട്ടം മുഴുവനും ചുറ്റി നടന്നു കാണും.അതിരിലുള്ള മുളങ്കൊമ്പിൽ പോയിരിക്കും.രണ്ടുപേർ പ്രണയിക്കുന്നത് കാണുന്നതേ ഒരു സുഖാണ്. ഈ കൂടെ ഒരു പെണ്‍ മയിലുംണ്ടായിരുന്നു. ഇതില്‍ കുനിഞ്ഞു നിൽക്കുന്നവനുമായി  അവൾ പ്രണയത്തിലാണ്. അവർ ഒരുമിച്ചു കുറെ നേരം നടക്കുന്നുണ്ടായിരുന്നു. വേലിക്കൽ വിരിയുന്ന  നീലപ്പൂച്ചെടിയുടെ വള്ളികൾക്കിടയിൽ അവരൊളിച്ചു നിന്നിരുന്നത് എന്തിനായിരുന്നോ എന്തോ!!!!

ഈ ദിവസങ്ങളിൽ ചെറിയ ചെറിയ മഴയാത്രകൾ അധികമാണ്.ചില്ലിൽ പതിഞ്ഞ മഴത്തുള്ളികളിലൂടെയുള്ള അവ്യക്തമായ കാഴ്ച്ചകൾ പാതി മുറിഞ്ഞു പോയ ഏതൊക്കെയോ ഓർമ്മകളിലേക്കെന്നെ കൊണ്ടു പോകാറുണ്ട്. ഒടുക്കം ആ അവ്യക്തതയിൽ പെട്ട് മനസ്സിൽ ഒരു കാർമേഘം ഉരുണ്ടു കൂടാൻ തുടങ്ങുമ്പോൾ ഞാനീ മഴത്തുള്ളികളിൽ മുഴുവനും നിന്റെ പ്രണയത്തെ കാണാൻ തുടങ്ങും.അവയിൽ മുഖം ചേർക്കുമ്പോൾ നീ ചുംബിക്കുന്നതായി തോന്നും.ആ കുളിരിന്റെ ആലസ്യത്തിലാവും അപ്പോഴെന്റെ ഓരോ യാത്രകളും......................
പ്ലാവില ഞെട്ടും,തേയില മട്ടും ഒക്കെ കൂട്ടിയരച്ച മൈലാഞ്ചി കൈ നിറയെ പൊത്തി വെക്കുന്നതാണ് എന്റെ മൈലാഞ്ചിയിഷ്ടം. കൈ കഴുകി അതിൽ പച്ച വെളിച്ചെണ്ണ അൽപ്പം തേച്ച് കഴിഞ്ഞാലുള്ള മണം എനിക്കേറെ പ്രിയമുള്ള ഒന്നാണ്.വെയിൽ ഇലകളിലൂടെ വരച്ച ഈ മൈലാഞ്ചിയും എനിക്കിഷ്ടമായി. നിനക്കോ???


അന്ന് സന്ധ്യയാവ്ണേണ്ടായിരുന്നുള്ളൂ.ഒരു കാറ്റ് വീശ്യാൽ ഒന്നു പെയ്തൊഴിയാരുന്നൂന്ന് വിചാരിച്ചോണ്ട് നിക്കണ മഴമേഘങ്ങളെ കാണാൻ നല്ല ചന്തംണ്ടായിരുന്നു.മഴ പെയ്യാൻ വേണ്ടി കാത്തു നിക്കണ ഭൂമിയെ എനിക്കൊരുപാടിഷ്ടാണ്.ആദ്യത്തെ തുള്ളി വീഴുമ്പോഴുള്ള ഇലകളുടെ മിഴി പൂട്ടലും ഞാൻ കൊതിയോടെ നോക്കുന്ന ഒന്നാണ്.അപ്പൊ ചുമ്മാ ക്ലിക്കീതാ.ഫോട്ടോ രൂപത്തിൽ വന്നപ്പൊ എനിക്ക് വല്ല്യേ ഇഷ്ടായി.ന്തോ ആ ഒരു മൂഡ്‌ എനിക്കീ ഫോട്ടോ കാണുമ്പോൾ ഒക്കേം കിട്ടുന്നോണ്ടാവും.


അച്ചൂന്റമ്മേടമ്മേടമ്മേടമ്മ!!!!!!!!അഞ്ചു തലമുറ കണ്ട ഒരു മുത്തശ്ശി.
അമ്മിണി ന്നാത്രേ പേര്.വയസ്സ് നൂറായി.ന്റെ ചെറുപ്പത്തിലും,അമ്മാത്തെക്ക് പോവുമ്പോ ഒന്നും 
ഞാൻ ശ്ശി പ്രാവശ്യോന്നും കണ്ടിട്ടില്ല്യ ന്റെ ഈ മുതുമുത്തശ്ശ്യേ !!!!ഞാൻ കണ്ട്ട്ട്ള്ളപ്പഴൊക്കേം ഈ മുത്തശ്ശി ഇതുപോലെ തന്നെയാണ്.കയ്യിൽ രണ്ട് ചോപ്പ് റബ്ബറ് വളകൾ ഇട്ട്,നെറ്റീലൊരു ചന്ദനക്കുറീം തൊട്ട്.അതെനിക്ക് നല്ല ഓർമ്മണ്ട്.ഈ റബ്ബറ് വളകൾ ഞാൻ ആദ്യം അങ്ങന്യാണ് കാണണേ.ആ വളകൾ കാണാതായത് ഈ ഫോട്ടോ എടുത്ത അന്ന് കണ്ടപ്പോൾ ആണ്.കൊറേ മക്കൾണ്ട്.അവരെ ഒക്കെ കാണാനും അവര്ടെ കൂടെ രണ്ടൂസം നിക്കാനുമൊക്കെ വേണ്ടി ഓരോരുത്തരുടേം അടുത്തേക്ക് ബസ് ഒക്കെ കൃത്യായി കണ്ടുപിടിച്ച് അതിൽ കേറി പുള്ളിക്കാരി തന്നേ പോവും.ഇപ്പോൾ കഷ്ടി ഒരു വർഷായിത്രെ തന്നെള്ള ഈ യാത്ര മക്കള്നിർത്തീട്ട്.ഓർമ്മക്ക് ഇച്ചിരി പ്രയാസം തൊടങ്ങീണ്ട്.കാഴ്ച്ചക്ക് നേരിയ മങ്ങലും.വർത്താനം ഒക്കെ വ്യക്താണ്.ആരോഗ്യത്തിനും അങ്ങനെ കാര്യായിട്ട് പ്രശ്നങ്ങൾല്ല്യ.മുത്തശ്ശീടെ മക്കൾക്കും,അവര്ടെ മക്കൾക്കും,അവര്ടെ മക്കൾക്കും ഒക്കെ വയ്യായ്കയാണ് .അപ്പഴാണ് കഥാനായിക ഇങ്ങനെ സ്മാർട്ട്‌ ആയി നടക്കണേ.


9 comments:

 1. ആ മുത്തശ്ശീടെ പാദങ്ങളിൽ ഒരു പ്രണാമം. ഇന്നും ഇത്ര പ്രസരിപ്പോടെ നിൽക്കാൻ ഭാഗ്യമുണ്ടായല്ലൊ

  ReplyDelete
 2. നല്ലോരു പോസ്റ്റ്.
  ആശംസകൾ...

  ReplyDelete
 3. ആരോഗ്യമുള്ള വാർദ്ധക്യം... അതൊരു വരം തന്നെ... മുത്തശ്ശിക്ക് വന്ദനം...

  ReplyDelete
 4. ഇഷ്ടായി വെയിൽ ഇലകളിലൂടെ വരച്ച ഡിസൈൻ

  ReplyDelete
 5. Ellam ishtam sneham.... priya ume

  ReplyDelete
 6. ഭാഗ്യവതിയായ മുത്തശ്ശി..
  രണ്ടാമത്തെ ഫോട്ടോ മറക്കാൻ തുടങ്ങിയ എന്റെ മഴയാത്രകളെ ഓർമ്മപ്പെടുത്തി .
  രസ്സമുള്ള വിവരണം .

  ReplyDelete
 7. മുത്തശ്ശിക്കൊരു സ്നേഹയുമ്മ ...!
  ആ വെയിൽ ചിത്രപ്പണി വളരെ മനോഹരം ഉമാ...
  മഴ, വെയിൽ, മയിൽ എല്ലാം ചേർന്നൊരുക്കിയ വിരുന്നിന് ഏറെ നന്ദി..

  ReplyDelete
 8. അഞ്ചു ചിത്രങ്ങളേക്കാള്‍ അവയെ വര്‍ണ്ണിച്ചതിഷ്ടപ്പെട്ടു... വെയിൽ കൊണ്ട് ചുവപ്പിച്ച മയിലാഞ്ചിയും.....

  ReplyDelete