Sunday, November 23, 2014

മഞ്ഞുകാലത്തിലെ കുഞ്ഞു കാര്യങ്ങൾ..............

ഇന്നലെ അമാവാസി ആയിരുന്ന്വോ ആവോ!!!!!കലണ്ടറിൽ പൌർണ്ണമീം,അമാവാസീം നോക്കി വെക്കാൻ എനിക്കേറെ ഇഷ്ടള്ള ഒരു കാര്യാണ്.പ്രത്യേകിച്ച് കാര്യൊന്നുംണ്ടായിട്ടല്ല.വെറുതെ......ഒരു രസം....അത്രന്നെ!!!അത് മാത്രല്ല ഓരോ നാട്ടിലെ വിശേഷങ്ങളും അതിലുണ്ടാവും.അതിങ്ങനെ വായിച്ചു നോക്കും.ഒന്നും ഓർമ്മയിൽ നിക്കില്ല.എങ്കിലും അത് നോക്കാൻ ഏറെ  രസാണ്.ചില സ്ഥലങ്ങളുടെ പേരുകൾ ഒക്കെ അതിലൂടെയാണ് ഞാൻ ആദ്യായി അറിഞ്ഞേക്കണത്.നിയ്ക്ക് നിശ്ശള്ള സ്ഥലങ്ങൾടേം അമ്പലങ്ങൾടേം ഒക്കെ പേരുകൾ അതിൽ കാണുമ്പോൾ വല്ല്യേ സന്തോഷം തോന്നും.പോവാൻ മോഹിക്കണ സ്ഥലങ്ങൾടെ പേരുകൾ കാണുമ്പോൾ ഒരു നഷ്ടബോധോം. എങ്കിലും കലണ്ടർ നോക്കൽ ഒരു നല്ല നേരം പോക്കാണ്.പുത്യേ (2015ലെ) കലണ്ടർ ഇന്നലെ പേപ്പറുകാരൻ കൊണ്ടന്നു.എല്ലാ കൊല്ലോം ഈ സമയാവുമ്പൊ അത് കൊണ്ടന്നു തരും.കാണുമ്പോൾ മനസ്സിൽ ആകെക്കൂടി ഒരു ആകാംക്ഷ നിറയും.ന്തൊക്കെ ആണാവോ ഇനി ഈ കൊല്ലത്തിൽ ജീവിതത്തിൽണ്ടാവാ,സങ്കടാണോ സന്തോഷാണോ കൂടുതൽ കിട്ടുകന്നൊക്കെ ഓർത്ത്...........വേണ്ടാന്നു പറഞ്ഞാലും അനുസരിക്കാതെ വെറുതെ കൊറേ പ്രതീക്ഷകളെ മുന്നിൽ കൊണ്ടന്നു നിർത്തും ഈ മനസ്സ്.ന്നാലും എനിക്കിഷ്ടാണ് എന്റെയീ മനസ്സിനെ.കൊറച്ച് ബടുക്കൂസ്ത്തരംണ്ട്ന്നേള്ളൂ പാവാണ്‌ന്ന് നീ പറയുമ്പോഴൊക്കേം എന്റെയീ മനസ്സിനെ ഞാൻ ഉമ്മ വെക്കാറുണ്ട്.

ഒരു മഞ്ഞുകാലം കൂടി വന്നെത്തി.തണുത്ത വെളുപ്പാൻ കാലങ്ങളിൽ എണീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി പുലരികൾ വിരിയുന്ന കാണാൻ നല്ല ചന്താണ്.ദൂരെ നിന്ന് ആളുകളുടെ ശരണ മന്ത്രങ്ങൾ കേൾക്കാം.ഇടക്ക് മുടങ്ങിയിരുന്ന അമ്പലത്തിൽ പോക്ക് വീണ്ടും തുടങ്ങി.കല്യാണിപ്പാടത്ത് മഞ്ഞു വീഴണതും നോക്കി,പാലമരങ്ങളിൽ ഞാൻ കാണാതെ എവിടെയെങ്കിലും പൂങ്കുലയുണ്ടോന്നു നോക്കി,വെളുപ്പിനേ തന്നെ  വരിയും നിരയും തെറ്റാതെ എങ്ങോട്ടോ തിക്കും തിരക്കും കൂട്ടി  പോണ കൊറ്റി കൂട്ടത്തിനെ നോക്കിയുള്ള  അമ്പലത്തിൽ പോക്ക് എനിക്കിപ്പൊ ഒരുപാടൊരുപാടിഷ്ടാണ് .മഞ്ഞുകാലത്തിന് ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും നിറമാണ്,ശബ്ദമാണ്.രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ദൂരെ എവിടുന്നൊക്ക്യോ ചെണ്ടമേളത്തിന്റെ ശബ്ദം കേക്കാറുണ്ട്.വെളുപ്പിനെ വീശണ കാറ്റ് കാണുമ്പോഴാണ് ഏകാശിക്കാലായീലോന്നോർക്കാ.

തൃപ്രയാർ ഏകാദശി കഴിഞ്ഞു.പതിവ് പോലെ ഞാൻ ഏകാശി നോറ്റില്ല്യ, ഏകാശി കൂടാൻ ന്റെ ഇല്ലത്തേക്ക് പോയതുംല്ല്യ.എനിക്കാ തിക്കും തിരക്കും ഒന്നും ഇഷ്ടല്ല്യ.പണ്ടൊക്കേം ബന്ധുക്കളുടെ വീട്ടിലെ വിശേഷങ്ങൾക്ക് പോലും പോവാൻ ഇഷ്ടല്ല്യാത്ത ആളായിരുന്നു ഞാൻ.വലിയ ഒരാൾക്കൂട്ടം കാണുമ്പോ,ഞാനതിൽ പെടുമ്പോ എനിക്ക് തോന്നാറുണ്ട് ഞാൻ തനിച്ചായി എന്ന്.എന്തോ എനിക്കെപ്പഴും അനുഭവപ്പെടുന്ന ഒരു കാര്യാണ് അത്. ഒരുപക്ഷെ എനിക്കൊരുപാട് പ്രിയപ്പെട്ടവരുടെ നടുക്കായിരിക്കും ആ നിമിഷങ്ങളിൽ......സഹിക്കാൻ വയ്യാതെ  ഞാൻ പലപ്പഴും  അത്തരം തിരക്കുകളിൽ ആരും കാണാതെ കരയാറും ഉണ്ട്.ഇത്തരം കുറെ ബടുക്കൂസ് സങ്കടങ്ങളുണ്ട് എനിക്ക്.കാരണങ്ങളില്ലാതെ എന്നെ കരയിക്കുന്ന ചില വാക്കുകളും,കാഴ്ച്ചകളും,വിചാരങ്ങളും......................

ഇതിനിടയിൽ ഇവിടത്തെ അമ്പലത്തിലെ പ്രതിഷ്ഠ ദിനം കഴിഞ്ഞു. ആദ്യായിട്ടാണ്‌ ഞാൻ വേട്ടെയ്ക്കരൻ  പാട്ട് കാണുന്നത്.അതൊരു നല്ല അനുഭവായിരുന്നു.ആ കളം വരച്ചത്  ഒന്ന് കാണണ്ടതന്ന്യാണ് .എന്ത്മാത്രം സമയമെടുത്ത് വരച്ചതാണ്.കളം മായ്ക്കലിന്റെ കൊട്ടും,വെളിച്ചപ്പാടിന്റെ ചുവടുകളും ഒക്കെ ബഹു രസാണ് കാണാനും കേക്കാനും.എല്ലാം കഴിഞ്ഞ് കൊടിക്കൂറ താഴ്ത്ത്യപ്പോ, എനിക്കെന്തിനോ ആകെ സങ്കടായി.

ഇപ്പോൾ സായാഹ്നങ്ങൾക്ക് പാഷൻ ഫ്രൂട്ട് പൂക്കൾടെ മണമുണ്ട്.പുലർ വെയിലുകൾക്ക് കാപ്പിപ്പൂക്കളുടെയും,രാവുകൾക്ക്‌ പാലപ്പൂവിന്റെയും.
ഇടയ്ക്കൊരു ദിവസം വീട്ടിലേക്ക് പോയപ്പോൾ വെയിലിൽ നിറഞ്ഞൊരു മഴ കണ്ടു.നീണ്ടു മെലിഞ്ഞ മഴത്തുള്ളികൾ അങ്ങു പോക്കത്തുനിന്നെ വീഴണത് ഇത്ര വ്യക്തമായി ഞാനാദ്യം കാണുകയായിരുന്നു.ഇന്നലത്തെ യാത്ര പതിവിലുമധികം നന്നായിരുന്നു.ഞാനിതുവരേം പോയിട്ടില്ലാത്ത കുറെ വഴികൾ.കണ്ണിൽ  നിറഞ്ഞ പച്ച  എന്റെ കരളിനും  കുളിരു നൽകി. ഇന്നലെയാണ് ആദ്യമായി കലാമണ്ഡലം കണ്ടത്,ഉത്രാളിക്കാവ് അമ്പലോം. സൌഹൃദത്തിന് ഇത്രയേറെ ഭംഗിയും,നന്മയും ഉണ്ടെന്ന് എനിക്ക് മനസിലാക്കി തന്ന പ്രിയപ്പെട്ട കൂട്ടുകാരന്റെ ഒരിഷ്ടമാണ് ആ അമ്പലം.നല്ല സൌഹൃദത്തിന്റെ ഓർമ്മയ്ക്കായി ഒരിക്കലൊരുമിച്ച് ആ അമ്പലമുറ്റത്ത് പോയി നിന്നൊരു ഫോട്ടോ എടുക്കണം എന്നൊരു മോഹമുണ്ട്.

ഇന്നും അടുത്തെവിടെയോ ഏതോ ഒരമ്പലത്തിൽ അഖണ്ഡ നാമജപയജ്ഞം നടക്ക്ണ്ട്.മൈക്കിൽ കൂടി കേക്കുന്നുണ്ട് അയ്യപ്പ സ്തുതികൾ...തുറന്നിട്ട ജനലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്ക്യാണ് കാറ്റ്.ഒരു മിന്നാമിനുങ്ങ് ദേ ന്റെ കിടക്കയിൽ വന്നിരിക്കണൂ.നിന്നെ കുറിച്ച് എഴുതിയോന്നു നോക്കാൻ വേണ്ടി നീ വിട്ടതാണോ ഈ മിന്നാമിനുങ്ങിനെ?????
നീയില്ലാതെ എനിക്കൊന്നുമില്ലെന്ന് നിനക്കിനിയും അറിയില്ല്യേ????ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നന്മ അതാണെനിക്ക് നീ.നിന്റെ പ്രണയിനി എന്നതന്ന്യാണ് എനിക്ക് ഞാൻ കൊടുക്കുന്ന നിർവചനം.

നിന്നെ കാണുന്ന കണ്ണുകളോടും നിന്നെ കേൾക്കുന്ന കാതുകളോടും നിന്നെ തൊടുന്ന കൈകളോടും എനിക്കസൂയയാണ്.എന്നെക്കാളധികം മറ്റാരും നിന്നെ കാണണ്ട,നിന്നെ കേക്കണ്ട,നിന്നോട് മിണ്ടണ്ട,നിന്നെ തൊടണ്ട.അത് മഴയോ, മഞ്ഞോ, വെയിലോ, കാറ്റോ, പുലരികളോ, രാവുകളോ
നിനക്ക് പ്രിയപ്പെട്ടവരോ അങ്ങനെ ആരും.......ആവണ്ട.നീ എന്നിൽ മാത്രം നില നിന്നാൽ മതി.നിന്നിൽ ഞാൻ ചിലപ്പോഴൊക്കെ അത്രമേൽ സ്വാർത്ഥയാണ്.
നീ നൽകിയ,പാലപ്പൂക്കളുടെ മണമുള്ള ഈ വിരഹത്തോട് പോലും എനിക്ക് നിന്നോടുള്ളത്ര സ്നേഹമാണ്.
നിന്റെയുള്ളിലെ സ്നേഹവും,ചുണ്ടിലെ ചിരിയും,സിരകളിലെ സംഗീതവും ഞാനാണെന്നിരിക്കേ..............
നിനക്കിത്രയേറെ പ്രിയപ്പെട്ട എന്നോട് ഇപ്പൊ എനിക്കും ഇഷ്ടമാണ്.


7 comments:

  1. ഒരിക്കലൊരു നാളിൽ എനിക്കെന്റെ പഴേ ചിരികളെ, കണ്ണീരുകളെ, കൌതുകങ്ങളെ,ഇഷ്ടങ്ങളെ,വിചാരങ്ങളെ എല്ലാം വീണ്ടും കാണാൻ തോന്നുമ്പോ ,അനുഭവിക്കാൻ തോന്നുമ്പോഴൊക്കേം എടുത്തു നോക്കാൻ വേണ്ടി മാത്രാണ് ഞാൻ അവയെല്ലാം വാക്കുകളിലേക്കൊതുക്കി ഈ ബ്ലോഗിൽ സൂക്ഷിച്ചിരിക്കുന്നത്.അവയെ എന്നെക്കാളുമധികം മറ്റാർക്കും ഇഷ്ടപ്പെടാൻ സാധിക്കില്ലെന്ന് എനിക്കറിയാം.എങ്കിലും ചിലരൊക്കെ പറയുന്ന നല്ല വാക്കുകൾക്ക് തീരാത്ത നന്ദിയുണ്ട്.എന്റെ വാക്കുകളിൽ നിന്ന് എന്റെ ഇഷ്ടങ്ങളെ അറിയാം,എന്റെ കണ്ണീരു രുചിക്കാം, എന്റെ ബടുക്കൂസ്തരങ്ങളിൽ ചിരിക്കാം,എന്നിലെ നന്മയും സ്നേഹവും അളക്കാം...........ഇതെല്ലാം കൂടിയ എന്നെ തെളിഞ്ഞു കാണാം.

    ReplyDelete
  2. മഞ്ഞുകാലത്തിന് ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും നിറമാണ്,ശബ്ദമാണ്.രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ദൂരെ എവിടുന്നൊക്ക്യോ ചെണ്ടമേളത്തിന്റെ ശബ്ദം കേക്കാറുണ്ട്......
    ഇതുപോലുള്ള വട്ട് എനിക്കുമുണ്ട്..... :-)

    ReplyDelete
  3. ആള്‍ക്കൂട്ടത്തില്‍ തനിയേ ഒരു ഉമ!

    ReplyDelete
  4. അവസാനത്തെ പാരഗ്രാഫ് ലെ പോലെ തന്നെയാ ഞാനും പ്രണയത്തിനു ഇത്രക്കും കടുത്ത സ്വാർഥത പാടുണ്ടോ.. ആലോചിക്കാറുണ്ട് ..പക്ഷെ എന്റെ സ്വാർഥത അവനും ഇഷ്ടമാകുമ്പോൾ ..
    പിന്നെ ഈ കൊച്ചു കൊച്ചു നാട്ടുവിശേഷങ്ങൾ വായിക്കാൻ രസോണ്ട് .

    ReplyDelete
  5. വിഷയം ഒന്നുമില്ലാതെ ഇതുപോലെ സുന്ദരമായെഴുതുവാൻ ഒരു പ്രത്യേക കഴിവ് വേണം.  വെറുതെ അങ്ങു വായിച്ചിരുന്നു :)

    ReplyDelete
  6. കൊച്ചു വിശേഷങ്ങളുടെ ഈ എഴുത്ത് എന്തു രസാ വായിക്കാൻ.... ഒത്തിരി ഇഷ്ടായി ട്ടോ....

    ReplyDelete
  7. നല്ലത് . . . നന്നായി തന്നെ ഇരിക്കട്ടെ

    ReplyDelete