Wednesday, February 4, 2015

നീയും നിലാവും...............

സമയം പന്ത്രണ്ടു മണി ആയി.
ഈ നിശബ്ദതക്കെന്തു ഭംഗിയാണ്!!!!
മനസ്സില്‍ പ്രണയം പുറത്തെ നിലാവ് പോലെ......................
ജനലിലൂടെ നോക്കുമ്പോള്‍ കാണാം സന്തോഷത്തോടെ ഉദിച്ചു നില്‍ക്കുന്ന ചന്ദ്രനെ.
അതിനടുത്ത് എന്നെ നോക്കി നില്‍ക്കുന്നോ എന്ന് തോന്നിക്കുന്ന നക്ഷത്രത്തെ.
അങ്ങ് ദൂരെയുള്ള വീട്ടില്‍ ഇനിയും വിളക്കണഞ്ഞിട്ടില്ല.
ആ മുറ്റത്തെ മാവിന്‍ കൊമ്പുകളെ അതിലാടുന്ന ഇലകളെ ഇവിടെയിരുന്നു വ്യക്തമായി കാണാം.

എത്ര നേരമായി സ്വയം മറന്നുള്ള എന്റെയീ ഇരിപ്പ് തുടങ്ങിയിട്ട്!!!!!!
നിന്നെയും ഓർത്തു കൊണ്ട് ............
നിലാവിനെ നോക്കിക്കൊണ്ട്................
പ്രണയാർദ്രമായ ഗസലുകൾ കേട്ട് കൊണ്ട്............
എന്തൊരു നിഷ്കളങ്കമാണീ നിലാവ്!!!!!

നിലാവ് കാണുമ്പോൾ നിന്നെ ഓർക്കും.
നിന്നെ ഓർക്കുമ്പോൾ ഉള്ളിൽ സ്നേഹം നിറയും.
നോക്കിയിരിക്കും തോറും സ്നേഹം മാത്രം ഉള്ളിലേക്ക് നിറയ്ക്കാൻ,
ഏറ്റവും മനോഹരമായൊരു പുഞ്ചിരി ചുണ്ടിൽ വിടർത്താൻ 
എങ്ങനെ സാധിക്കുന്നു ..........???
നിനക്കും.............. പിന്നെയീ നിലാവിനും????

മെല്ലെ വീശുന്ന കാറ്റിന്റെ തലോടൽ നിന്റെയെന്നു തോന്നി.
നീട്ടിപ്പിടിച്ച ഉള്ളം കയ്യിലേക്കൊരു മഞ്ഞുതുള്ളി ഉമ്മ വെച്ചപ്പോൾ 
അത് നീയാണെന്ന്  തോന്നി.
"നീയും നിലാവും കാറ്റിൽ സുഗന്ധവു"മെന്നു ഷഹബാസ് പാടുമ്പോൾ, 
ഇതെന്റെ പ്രണയം പൂത്ത രാവാണെന്ന്  
ഈ നിലാവിന്റെ കാതിൽ സ്വകാര്യം പറയാൻ ഞാനാഗ്രഹിച്ചു.

ഒരു കടൽ തീരത്ത് നിനക്കൊപ്പമിരുന്നു നിലാവ് പെയ്യണ കാണുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.
പഴയ ഏകാദശി ഉത്സവ ദിനങ്ങൾ ഇന്നെനിക്ക് തിരിച്ചു കിട്ടുകയാണെങ്കിൽ .....
അതിലൊരു നിലാവുള്ള രാവിൽ നിന്നെയും കൂട്ടി നളദമയന്തിപ്രണയം കഥകളി കാണാൻ പോയേനെ ഞാൻ.
തോട്ടത്തിനപ്പുറത്തുള്ള പാടത്ത് നിലാവ് കൊണ്ട് മോഹിച്ച് നില്‍ക്കാന്‍ കൊതിച്ചു.
വരമ്പില്‍ വെറുതെ ഇരിക്കാനും.
ഇപ്പോള്‍ ഒരു മോഹം.......
ചോദിക്കട്ടെ നിന്നോട്???
പോരുന്നോ എന്‍റെ അടുത്തേക്ക്?????
ഇവിടെ ഈ ഏകാന്തതയില്‍ ഈ മനോഹര നിശബ്ദതയില്‍ എനിക്കൊപ്പം കൂട്ടായി.............

നേരിയ പുകമഞ്ഞില്‍ ചിത്രം വരക്കാന്‍...............
ഇളം കാറ്റില്‍ ആടാന്‍ മടിച്ചു നില്‍ക്കുന്ന,ഉറങ്ങാന്‍ തുടങ്ങുന്ന കുഞ്ഞു ചെടികളിലെ ഇലകളെ തലോടാന്‍..................
നീ വര്വോ ??????
വന്നാല്‍...............
നമുക്കിവിടെ പുലരുവോളം ഇരിക്കാം.
നമ്മുടെ മൌനം ശ്രുതിയിട്ട പ്രണയ ഗാനം ആസ്വദിക്കാം.
മടിയിൽ തല വെച്ച് നീ കിടക്കുമ്പോൾ ഇടതിങ്ങിയ തലമുടിയിഴകളിലൂടെ എന്‍റെ വിരലുകള്‍ അലസമായി ചലിപ്പിക്കാം.
ആ സുഖത്തില്‍ നിന്‍റെ കണ്ണുകള്‍ അടയാന്‍ തുടങ്ങുമ്പോള്‍ പതിയെ ഒരു താരാട്ട് മൂളാം.
നീ ഉറങ്ങുമ്പോള്‍ ഉണരും വരെ നിന്നെ നോക്കിയിരിക്കാം.
അങ്ങനെ കുറേ ബടുക്കൂസ് നിലാവുസ്വപ്‌നങ്ങൾ.........................

ഉത്സവക്കാലങ്ങൾ ഓർമ്മയിൽ ശേഷിക്കാൻ നിലാവ് വേണമെന്ന് എന്റെയാ പഴയ ദിവസങ്ങളെ ഓർക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്.ഇന്ന് കല്യാണിക്കാവ് താലപ്പൊലിയാണ്.ഒരു കൊല്ലം എത്ര വേഗമാണ് പോയത്. കഴിഞ്ഞ കൊല്ലം പൂരവിശേഷം ന്നും പറഞ്ഞോണ്ട് ഞാനൊരു പോസ്റ്റ്‌ ഇട്ടിരുന്നു.പതിവ് പോലെ ഈ തവണേം ഞാനും അച്ചൂം കാലത്ത് പോയി തൊഴുതേ ഉള്ളൂ.പൂരം കണ്ടില്ല. ഉച്ചക്ക് എഴുന്നള്ളിപ്പിന് വന്നപ്പോൾ നല്ല വെയിലായിരുന്നു.ആ വെയിലത്ത് ആന നിക്കണ കണ്ടപ്പോ എനിക്ക് സങ്കടായി.അതിന്റെ കാലു പോള്ളുംലോ,എത്ര നേരം സഹിക്കണം അതീ ചൂട് എന്നൊക്കെ ഓർത്തപ്പൊ ന്റെ ഉത്സാഹോക്കെ പോയി.എനിക്കിഷ്ടല്ല നമ്മുടെ സ്വാർത്ഥതക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്നത്.അതിങ്ങനെ നിൽക്കുന്നത് കണ്ടപ്പോ ഞാനോർത്തത് അതിന്റെ സ്ഥാനത്ത് നമ്മളെ അങ്ങനെ നിർത്ത്യാൽ നമുക്കിഷ്ടാവ്വോന്നാണ്. ഇത്തവണ ഞാൻ പ്രാർത്ഥിച്ചത് ആ ആനക്ക് വേണ്ടി മാത്രമാണ്.

ഈ പൂരക്കാലത്ത്‌ അമ്പലപ്പറമ്പിൽ ഒറ്റ പാലയും പൂത്തില്ല.അതും എനിക്ക് സങ്കടായ കാര്യാണ്.പാലപ്പൂ മണക്കുന്ന രാത്രികളിൽ നിലാവിന് ചന്തം കൂടും.എന്റെ പ്രണയത്തിനും.പറഞ്ഞു പറഞ്ഞു വീണ്ടും നിന്നിലേക്കെത്തി. അതെന്നും അങ്ങനെയാണ്.എന്റെ വാക്കുകളുടെ, വിചാരങ്ങളുടെ, സ്നേഹത്തിന്റെ വഴികളവസാനിക്കുന്നിടം നീയാണ്.

നിന്നോട് ചോദിക്കട്ടെ.
മഞ്ഞു പെയ്യണൂ ............
നിലാവ് ചിരിക്കണൂ ..........
ഇതൊന്നും കാണാൻ നിക്കാതെ നീയൊറങ്ങ്യോ???????????
അതോ,നീയും എന്നെ പോലെ നമ്മളെ കണ്ടു കൊണ്ടിരിക്ക്യാണോ ?????

9 comments:

 1. കൊള്ളാം ഈ നിലാവു സ്വപ്നനങ്ങൾ..
  നിലാവും ഓർമ്മകളും ഇനിയും പെയ്യട്ടെ

  ReplyDelete
 2. എഴുതിയത് വളരെ ഇഷ്ടമായി. ആശംസകള്‍ അറിയിക്കട്ടെ. ഒപ്പം എന്റെത ബ്ലോഗിലേക്കുംസ്വാഗതം.

  ReplyDelete
 3. തനി നാടൻ ഓർമ്മകൾ... അല്ലേ? നന്നായി...

  ReplyDelete
 4. നല്ല ഓർമ്മകൾ.നല്ല എഴുത്തും.എന്റെ നാട്ടിലെ ഉത്സവസീസൺ ആരംഭിക്കുകയാണു ഈ മാസം.അതും ഓർമ്മിപ്പിച്ചു.

  ReplyDelete
 5. പതിവ് പോലെ .....

  ReplyDelete
 6. ഓര്‍മ്മകള്‍ക്കിന്നും എന്ത് വെളിച്ചം....നാളുകള്‍ പോകവേ ഏറും തെളിച്ചം...!

  ReplyDelete
 7. നിലാവ് പരന്നൊഴുകുന്നത്‌ കണ്ടു. അതും നോക്കി ഈ എഴുത്തു കാരി ഇരിയ്ക്കുന്നത് കാണാൻ വൈകി.

  ReplyDelete