Wednesday, July 6, 2011

രണ്ടു കൃഷ്ണമണികള്‍.......

സമയം പന്ത്രണ്ടു കഴിഞ്ഞു.
ഒരു മഴയോടെ ഒരു ദിവസത്തിന്റെ തുടക്കം.
തിരുവാതിര ഞാറ്റുവേല.
തിരിമുറിയാതെ പെയ്യണം.
ഇവിടെ പക്ഷെ ഇന്നലെ മുതല്‍ ആണ് മഴ തുടങ്ങിയത്.
ഈ ഞാറ്റുവേല എനിക്ക് സങ്കടാണ്.
അച്ഛമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.
അച്ഛമ്മയാണ് ഇതൊക്കെ ഓര്‍മ്മിപ്പിക്കുക.
ഈ ഞാറ്റുവേല കാണാന്‍ എന്റെ കൂടെ ഇല്ലാതായി.
വരുന്ന ഇരുപത്തിയഞ്ചിനു ആണ്ട് ശ്രാദ്ധം ആണ്.
ഒരു കൊല്ലം എത്ര വേഗമാണ് പോയത്............!!!!!!!!!!!!!!!!!
അച്ഛമ്മയില്ലാതെ കടന്നുപോയ ഓണം വിഷു തിരുവാതിര പൂരം.......അങ്ങനെയങ്ങനെ........
ജീവിതം അങ്ങനെയാണെന്ന സത്യം എന്നെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
കര്‍ക്കിടകം വരാറായി.
രാമായണം വായിച്ചിരുന്ന എന്റെ ബാല്യകൌമാരങ്ങളുടെ ഓര്‍മ്മകളിലേക്ക് അത് കേട്ടുകൊണ്ട് കാലു നീട്ടി ഉമ്മറത്തെ തൂണില്‍ ചാരിയിരിക്കുന്ന അച്ഛമ്മയും കൂടി...........
മുപ്പെട്ടു വെള്ളിയാഴ്ച ആവുമ്പോള്‍ തലേന്നേ ഓര്‍മ്മിപ്പിക്കും.
മൈലാഞ്ചിയിടണം,വെള്ളിലംതാളി തേച്ചു കുളിക്കണം,അലക്കിയതുടുക്കണം,പത്തില തോരന്‍ വെയ്ക്കണം എന്നെല്ലാം.

ഞാറ്റുവേല വരുമ്പോള്‍ പറയും തലമുടിയുടെ തുമ്പു മുറിച്ച് കുഴിച്ചിടണം എന്ന്.

ആദ്യമൊക്കെ ദശപുഷ്പം അച്ഛമ്മയായിരുന്നു പറിച്ചു വെയ്ക്കുക.
രാവിലെ മുക്കുറ്റി ചാന്തുണ്ടാക്കി വെച്ചിരിക്കും മുത്തശ്ശി.
അച്ഛമ്മയും അതെടുത്തു തൊടുമായിരുന്നു.
തെക്ക് ഭാഗത്തെ പാമ്പുംകാവുകളില്‍ അച്ഛമ്മയും വടക്ക് ഭാഗത്തെ കാവുകളില്‍ മുത്തശ്ശിയും ആയിരുന്നു കര്‍ക്കിടകം മുഴുവനും വിളക്ക് വെച്ചിരുന്നത്.
പിന്നെ എപ്പോഴോ ഞാന്‍ ഏറ്റെടുത്തു അതൊക്കെ.
രാത്രിയുള്ള രാമായണ വായനയും.
ഞാന്‍ വായിക്കുന്നത് അച്ഛമ്മയ്ക്കും മുത്തശ്ശിക്കും ഇഷ്ടമായിരുന്നു.
എത്രനേരമാണ് വായിക്കുമായിരുന്നത്...........!!!!!!!!!!!!!!!
എന്നിലെ നല്ല ശീലങ്ങളെല്ലാം അച്ഛമ്മ തന്നതാണ്.
അച്ഛമ്മ ചൊല്ലിയിരുന്നു പാര്‍വതി സ്വയംവരം.
അത് കേട്ടാണ് ഞാന്‍ പഠിച്ചത്.
പിന്നീട് മുഴുവനും മുത്തശ്ശിയാണ് പറഞ്ഞു തന്നത്.
മുത്തശ്ശിയാണ് കഥകളി കാണാന്‍ അമ്പലത്തില്‍ കൊണ്ടുപോയിരുന്നത്
എന്നും അമ്പലത്തില്‍ പോകുന്നത് കണ്ടിട്ട് മുത്തശ്ശിയെ ഞാന്‍ രാമാമുത്തശ്ശി എന്നാണു പണ്ട് വിളിച്ചിരുന്നത്.
ഏകാദശിയും,മറ്റു വ്രതങ്ങളും ഒക്കെ മുത്തശ്ശി ഇപ്പഴും അനുഷ്ഠിക്കുന്നു.
ആ ദിവസങ്ങള്‍ ഒക്കെ എന്ത് രസമായിരുന്നു.
ഒരുപാട് സങ്കടങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും.............
കഥകള്‍ പറയാന്‍ മുത്തശ്ശി ആണ് മിടുക്കി.
രണ്ടു മുത്തശ്ശിമാരും എനിക്ക് ഒരുപാട് പ്രിയമുളവര്‍ തന്നെ.
രണ്ടു പേരും വെള്ള മല്ലുമുണ്ടും ബ്ലൌസും ആണ് ധരിക്കുക.
നീട്ടി വലിച് നെറ്റി മുഴുവനും ചന്ദനം തൊടും.
അച്ഛമ്മ വയ്യാതെ കിടന്ന അവസാന നാളുകളില്‍ മുത്തശ്ശി എപ്പഴും കൂടെ ഉണ്ടായിരുന്നു.
അച്ഛമ്മയില്ലാതെ മുത്തശ്ശിയെ കാണുമ്പോള്‍ എനിക്ക് സങ്കടം വരും.

മഴ ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു.
എന്‍റെ കണ്ണുകളും പെയ്യാന്‍ തുടങ്ങി.
ഈ മഴയില്‍ എന്‍റെ കണ്ണുനീരും ഒലിച്ചു പോകട്ടെ.
എന്‍റെ അച്ഛമ്മയുടെ അടുത്തേക്ക്.
ഇനിയൊരിക്കലും കാണാനോ,കെട്ടിപ്പിടിച്ചു കിടക്കുവാനോ,ചോറ് വായില്‍ തരുവാനോ അച്ഛമ്മ ഇല്ലല്ലോ എന്ന ചിന്ത എന്‍റെ കണ്ണുനീരിന്റെ ഒഴുക്കിനെ ശക്തമാക്കുന്നു.
അച്ഛമ്മേ എവിടെയിരുന്നായാലും അറിയണില്ലേ,കാണണില്ലേ എന്നെ?



1 comment:

  1. ഈ അച്ഛമ്മയും മുത്തശ്ശിയും ഒക്കെ എനിക്ക് കേട്ടുകേള്‍വി മാത്രം ആണ്......കൊതിയാവുന്നു അനഘാ .....നീ എന്ത് ഭാഗ്യവതി ആണ്..അസൂയ തോന്നുന്നു എനിക്ക് നിന്നോട്...

    ReplyDelete