Friday, October 21, 2016

ഞാനെന്നോട് മിണ്ടിക്കൊണ്ടേയിരിക്കുന്നു.......

ഓർമ്മകളിലെ മുറിവുകളിൽ ഉള്ളം നീറുമ്പോൾ, ഭൂതവും ഭാവിയും ചിലപ്പോഴൊക്കെ ചില ചോദ്യങ്ങളെ കണ്മുന്നിൽ കൊണ്ട് നിർത്തി ഇതിനുത്തരം കണ്ടുപിടിക്കാൻ പറഞ്ഞു വെല്ലുവിളിക്കുമ്പോൾ ഉള്ളിന്റെയുള്ളിലെ എനിക്ക് മാത്രമായുള്ള ഞാൻ മാത്രമുള്ളൊരു  ദ്വീപിൽ ഞാൻ ചെന്ന് നിൽക്കാറുണ്ട്. അവിടെ എനിക്ക് നേരെ ഏറ്റവും സ്നേഹത്തോടെ നോക്കുന്ന മിഴികളുണ്ട്. എന്റെ എല്ലാ പേടികളേയും ഇല്ലാതാക്കുന്നൊരു ആലിംഗനമുണ്ട്. കൂടെ ഞാനുണ്ടെന്ന ധൈര്യപ്പെടുത്തലായിട്ടുള്ളൊരു തലോടലുണ്ട്. എന്നെ ചിരിപ്പിക്കാൻ വേണ്ടി മാത്രം മിണ്ടുന്ന,വാക്കുകളുണ്ട്. ഉള്ളിൽ സ്നേഹവും നന്മയും നിറയ്ക്കാനുള്ള ഉമ്മകൾ തരുന്ന ചുണ്ടുകളുണ്ട്. അതാണെന്റെ ദൈവം. എനിക്കവിടം മരതകദ്വീപാണ്‌. എന്റെ ദൈവവും ഞാനും മാത്രം താമസിക്കുന്ന.......... എന്റെ സ്വന്തം മരതകദ്വീപ്.


ഇലകൾ പൊഴിഞ്ഞ കുഞ്ഞു ചില്ലകൾ നിറയെ ഉള്ള മരങ്ങളിൽ മഞ്ഞു പൂക്കൾ വിടരുന്നത് പണ്ടെന്നോ കണ്ട, മറക്കാൻ കൂട്ടാക്കാതെ ഓർമ്മ പൊതിഞ്ഞെടുത്തൊരു സ്വപ്നമായിരുന്നു.മഞ്ഞിന്റെ നേർത്തൊരു മറയിട്ട ഡിസംബർ രാവുകളിലൊന്നിൽ സാന്റാ അപ്പൂപ്പനോടിക്കുന്ന വണ്ടിയിൽ കയറിയിരുന്ന് അപ്പൂപ്പൻ പറയുന്ന കഥകൾ കേട്ട് മഞ്ഞു പൂക്കൾ വിരിഞ്ഞ മരങ്ങൾക്കിടയിലൂടെ ഒരു സവാരിഗിരിഗിരി............ ഇടയ്ക്കെപ്പഴോ അപ്പൂപ്പൻ ഒരു മാന്ത്രികനായി  അപ്രത്യക്ഷമാവും.തീർത്തും അപരിചിതമായൊരു വഴിയിൽ,അതിലേറെ തനിച്ചായി,കണ്ണുകളിൽ പേടിയുടെ സങ്കടത്തിന്റെ രണ്ടു വലിയ മുത്തുകളെ വീഴാൻ പാകത്തിന് തയ്യാറാക്കി ഞാൻ നിൽക്കുമ്പോൾ,എന്നെ നോക്കി ചിരിക്കുന്ന മഞ്ഞു പൂക്കൾക്ക് ചന്തം കൂട്ടാൻ
ആകാശം മുഴുവനും പച്ചയും നീലയും ചുവപ്പും ഒക്കെയുള്ള നിറങ്ങളായ നിറങ്ങളെ മുഴുവൻ വാരിയൊഴിച്ചു നിറയ്ക്കുന്ന ഒപ്പം എന്നെ നോക്കി ചിരിക്കുകയും ചെയ്യുന്ന അപ്പൂപ്പനെ കണ്ട്, ആ കാഴ്ച കണ്ട് വിസ്മയിച്ചു നിൽക്കുന്ന ഒരു പത്തു വയസ്സുകാരി കുട്ടിയാവാൻ എനിക്കിപ്പഴും മോഹംണ്ട്. ജീവിതത്തിലിന്നേ വരെ വേറൊരു രാജ്യവും കാണണം എന്ന് തോന്നിയിട്ടേയില്ല.പക്ഷെ ഇപ്പൊ രണ്ടു മോഹങ്ങൾ കുറച്ചു നാളായിട്ടെന്റെ അസ്ഥിയ്ക്ക് പിടിച്ച്ണ്ട്.അതിലൊന്ന് മഞ്ഞു പൂക്കുന്ന,വിചാരിക്കാത്തൊരു നിമിഷത്തിൽ ആകാശത്തിൽ നിറയുന്ന ധ്രുവദീപ്തിയെ കാണാൻ സാധിക്കുന്ന ഒരു നാട്ടിൽ പോണംന്നാണ്.ഇനിയൊന്ന് .....................


ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ ഒരു വെളിച്ചമായി മാറാൻ ഭാഗ്യം വേണം. ജീവിതത്തെ അത്രയധികം സ്നേഹിച്ചാൽ മാത്രമേ ചുറ്റുമുള്ളതിനേയും സ്നേഹിക്കാനാവൂ. ചുറ്റുമുള്ളതിനേയും,ഉള്ളവരേയും സ്നേഹിക്കുമ്പഴേ ഉള്ളിൽ നന്മ നിറയൂ. ഉള്ളിൽ നന്മയുള്ളവർക്കേ സ്വയം വെളിച്ചമാകാനും മറ്റുള്ളവർക്ക് വെളിച്ചമേകാനും സാധിക്കൂ. നന്മയുടെ പുഞ്ചിരി.....അതെത്ര ചന്തമുള്ളതാണ്!!!!!എത്ര കളങ്കമറ്റതാണ്!!!!!!!എത്ര നിസ്വാര്ത്ഥമാണ്!!!!!ഓളങ്ങളിലൂടെ നീങ്ങുന്ന ഈ വെളിച്ചം പോലെ............!!!





ഒരു പ്രാർത്ഥന പോലെ ആരുടെയോ സ്നേഹം എന്റെയുള്ളിൽ വെളിച്ചമായി നിറയുമ്പോൾ എനിക്ക് തോന്നാറുണ്ട് മേഘങ്ങൾക്കിടയിലേക്ക് ആരോ ഒരു വിളക്ക് കൂട് എനിക്ക് വേണ്ടി തിരി തെളിയിച്ച് അയച്ചിട്ടുണ്ടെന്ന്.ആത്മവിശ്വാസക്കുറവിന്റേയും അപകർഷതാ ബോധത്തിന്റേയും ഇരുളിലേക്ക് മനസ്സ് ചെന്നെത്തുമ്പോൾ ഈ വിളക്ക് കൂടുകൾ എന്നെ നോക്കി ചിരിക്കാറുണ്ട്.









(കാഴ്ചകളിൽ മൂന്നെണ്ണം ഗൂഗ്‌ൾ വക,ആദ്യത്തെ ന്റെ സ്വന്തം കണ്ടുപിടിത്താ....!!!)









Tuesday, October 18, 2016

നിന്നോട് പിണങ്ങിയപ്പോൾ ഞാനെന്നോട് പറഞ്ഞത്

പൗർണ്ണമി നിലാവിന്റെ ബാക്കി ജനലിനപ്പുറം വീണു  കണ്ടപ്പോൾ നിന്റെ വാക്കുകളോർത്തു.
നിലാവിൽ നിന്നും വാരിയെടുത്തതാന്നും  പറഞ്ഞോണ്ട്,
ആദ്യമായി നീയെനിക്കയച്ച എഴുത്തിലെ വാക്കുകൾ ..........
എത്രയധികം സ്നേഹമായിരുന്നു അന്ന് നിനക്കെന്നോട്.......
എനിക്കെന്നോട് തന്നെ അസൂയ തോന്നിയിരുന്ന നാളുകൾ............!!!!!
ഇപ്പോൾ നിന്റെ മൗനം പൊതിഞ്ഞയീ കൂട്ടിനുള്ളിൽ
എന്റെ നിശ്ശബ്ദതയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുമ്പോൾ
എനിക്കാ പഴയ ദിവസങ്ങളെ തിരികെ കിട്ടുവാൻ  മോഹം.
കത്തുകളായും കവിതകളായും നിന്നിൽ നിറഞ്ഞുകൊണ്ടേയിരിക്കണം എനിക്കിപ്പഴും.
കാണുന്നത്,  കേൾക്കുന്നത്, എഴുതുന്നത്, മണക്കുന്നത്, തൊടുന്നത്
അങ്ങനെ എനിക്ക് ചുറ്റും നീയെങ്ങനെയാണിങ്ങനെ .......... ഇത്രമാത്രം ..............
എന്നിൽ നിറഞ്ഞു നിൽക്കുന്നതെന്ന് നീയെന്നോട് ചോദിച്ചു കൊണ്ടേയിരിക്കണം.

വേണ്ട, ഇങ്ങനെയൊന്നും നിന്നിൽ എനിക്ക് നിലനിൽക്കേണ്ട.
ഇനിയെന്റെ നിശ്ശബ്ദതയാണ് നിന്നിൽ അലിയേണ്ടത്.
ഈ മൗനമാണ് ഇപ്പോഴെന്റെ സ്നേഹത്തിന്റെ ഭാഷ.

                                    ***********************************************

നമുക്കിടയിൽ ഒരു കടൽ രൂപപ്പെടുന്നുണ്ട്.
നിസ്സഹായതയുടെ തിരമാലകൾ അതിലാർത്തലച്ചു നിലവിളിക്കുന്നുണ്ട്.
അത് നമ്മുടെ പ്രണയം വീണലിഞ്ഞ മണൽത്തരികളെ മായ്ച്ചു കൊണ്ടിരിക്കുന്നുണ്ട്.
അതെന്റെ സ്വപ്നങ്ങളിൽ നിന്ന് നിന്നെയും, നിന്റേതായതിനെയൊക്കെത്തിനെയും മാറ്റി നിർത്തുന്നുണ്ട്.
ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നു പോലും ഒരു കടൽദൂരം അകലെയെന്ന് ഭാവിക്കുന്ന,
പറയാനേറെയുണ്ടായിട്ടും ഒരു വാക്കു പോലും മിണ്ടാനിഷ്ടപ്പെടാതെ,
എന്തേയിത്ര സങ്കടമെന്ന് ചോദിച്ചവർക്ക് മുന്നിലൊന്നു പെയ്തു തോരാനാകാതെ,
മൗനത്തിന്റെ കല്ലുകൂട്ടിലിരിക്കുന്ന എന്നെ.....
എനിക്കിഷ്ടാവുന്നേയില്ല.


Wednesday, September 28, 2016

നിശ്ശബ്ദത,സ്വപ്നങ്ങൾ,ഇഷ്ടങ്ങൾ


ഒരു നക്ഷത്രം വന്നു വീണ പോലെ..........വെളുത്ത പൂക്കൾക്ക് വിശുദ്ധിയുടെ നിറവ് മറ്റുള്ളവയെക്കാൾ കൂടുതലാണെന്ന് എനിക്ക് പലപ്പഴും തോന്നീണ്ട്. നിന്നോടുള്ള സ്നേഹം മൗനത്തിന്റെ ഭാഷ സംസാരിക്കാൻ തുടങ്ങുമ്പോൾ എനിക്ക് തോന്നാറുണ്ട് നമ്മുടെ സ്നേഹത്തിനീ വെളുപ്പിന്റെ വെണ്മയും, കടലിന്റെ ആഴവും, ഇരുളിന്റെ കനവും, അങ്ങനെയെന്തൊക്കെയോ ആണെന്ന്.


സന്ധ്യകളെ എനിക്കിഷ്ടമാവാൻ കാരണം ദാ ഈ നിശബ്ദതയാണ്. തീർത്തും ശാന്തം! സ്വച്‌ഛം! നിശ്ശബ്ദം!


മഴ നനഞ്ഞ ഗുൽമോഹർ പൂക്കൾ നെറുകയിലൂർന്നു വീണ് മുടിയിഴയിൽ കൊരുന്നു കിടക്കണം.
വിരലുകൾ അലസമായി  മുടിയിഴകളിലോടിച്ചു കൊണ്ട്,
ഏതോ പകൽ കിനാവിൽ മുഴുകി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ
വിരലിലാ പൂവിതളിന്റെ നനഞ്ഞ തണുപ്പ്
അപ്പോൾ ചുണ്ടിലൊരു ചിരി നിറയ്ക്കും.

ഏകാന്തത മനോഹരമായൊരു അനുഭവമാണ്. ഈ ലോകത്തിൽ ഞാൻ തന്നെ എന്നൊരു വിചാരം.......ഒറ്റക്ക് സംസാരിക്കുക ചിരിക്കുക കരയുക തന്നെത്തന്നെ പ്രണയിക്കുക തന്നോടുതന്നെ കലഹിക്കുക അതൊക്കെ വളരെ രസകരമാണ്. ഞാൻ  ആഘോഷിക്കാറുണ്ട് അത്തരം നിമിഷങ്ങളെ.



നിശബ്ദതയിൽ നിറങ്ങളുടെ സംസാരം കേട്ടിട്ടുണ്ടോ അതിനീ ചില്ലുജനാലകൾ വേണമെന്നില്ല. ചുറ്റിനും മിണ്ടാതിരുന്നു നോക്കിയാൽ കേൾക്കാൻ പറ്റും. പച്ച ഇലകളിലൂടെ നീല ആകാശത്തിലൂടെ കറുപ്പ് ഇരുളിലൂടെ മിണ്ടുന്നത് . കാലങ്ങളായി കനച്ചു നിൽക്കുന്ന ഏതോ ഒരു കൊട്ടാരത്തിലെ നിറനിറവാർന്ന ഈ മുറിയിലെ മൗനത്തിനെന്തു മാത്രം കഥകളാകും പറയാനുണ്ടാവുക.കേൾക്കാൻ ഒരിക്കൽ പോകണം നീലയുടെയും പച്ചയുടെയും ചുവപ്പിന്റെയും ഭാഷയെല്ലാം ഒന്നായിരിക്കുമല്ലേ???????




എന്റെ സ്വപ്നങ്ങൾ സംതൃപ്തമാവുന്നത് ഈ മഹാമൗനത്തിന്റെ ഇടത്തിലാണത്രെ. നോക്കിയിരിക്കുംതോറും എന്നെ അവിടേക്ക് പിടിച്ചു വലിച്ചു കൊണ്ടോവാണ് ഈ ചിത്രം.സൂര്യനെ തൊടണോ,അല്ലെങ്കിലാ പൊക്കത്ത് പോയി നിക്കണോ, അതോ താഴെ ആ മരങ്ങൾക്കിടയിലൂടെ ഓടിപ്പോയി ഒളിച്ചിരിക്കണോ, ആ മഞ്ഞു വാരി എന്റെ തന്നെ തലേൽക്കിട്ടു ഞാൻ എനിക്കൊപ്പം കളിക്കണോ അങ്ങനെ ഒരുപാട് കാര്യങ്ങൾ വേണോ ന്നു ചോദിക്കുന്നു സ്വപ്നങ്ങളുടെ ഹെഡ്‌മാഷ്.

അറിയാമോ ആരോടും പറയാൻ കൂട്ടാക്കാതെ ഞാനൊരു സ്വപ്നം കൊണ്ട് നടക്ക്ണ്ട് . ഏറ്റവും സ്വകാര്യായി............



(അവസാന രണ്ടു ചിത്രങ്ങൾ ഗൂഗിൾ ന്നാ!!!!!)

Wednesday, September 21, 2016

രണ്ടു പ്രണയവർത്തമാനങ്ങൾ

സന്ധ്യാനേരത്ത് പെരുമഴേത്ത് നനഞ്ഞൊട്ടി കാറിനുള്ളിൽ കേറിയിരുന്ന് പ്രിയപ്പെട്ടൊരാൾക്കൊപ്പം
മുന്നിലെ ചില്ലിലൂടെ പെയ്യുന്ന മഴേനെ നോക്കീം,
ഒലിച്ചിറങ്ങുന്ന മഴനൂൽച്ചാലിൽ നമ്മുടെ പേരുകൾ ചേർത്തെഴുതി വെക്കാൻ ശ്രമിച്ചും ഇരിക്കുന്നതിനിടയിൽ
ഒരു പൊതിയിൽ നിന്നും ചൂട് കപ്പലണ്ടി കഴിക്കണത് ഒരു സുഖാണ്.
അല്ലെ??????

മഴ മുഴോനും നനഞ്ഞോണ്ട് 
കുതിർന്ന മണലിൽ ഇരുന്നു
കടലിൽ പെയ്തിറങ്ങുന്ന മഴനൂലുകളെ
എണ്ണിക്കൊണ്ടിരിക്കണതും ഒരു രസാണ്.

മഴ വഴിയിലൂടെ നടക്കാൻ നിന്റെ കൂട്ട് നിർബന്ധാണ്.
കാടിനു നടുവിലൂടെയാണാ വഴിയെങ്കിൽ നീയെന്റെ പ്രാന്തുകൾ കണ്ട് ചിരിച്ച് ചാവും.
ആദ്യം പൂമ്പാറ്റയെ പോൽ നനഞ്ഞു നിൽക്കുന്ന പൂക്കളെ,ഇലകളെ ഒക്കെ ഉമ്മ വെക്കും.
പിന്നൊരു പക്ഷിയെ പോൽ പാറിപ്പറക്കും.
കുയിലിനെ പോൽ കൂവും.
മാനിനെ പോൽ ഓടിച്ചാടി നടക്കും.
ഒടുവിൽ നിനക്കരികിലേക്ക്..........
നനഞ്ഞൊട്ടി.........
നിന്നോട് ചേർന്നിരിക്കാൻ.......

മഴേടെ തണുപ്പറിയണെങ്കിൽ നിന്റെ ഒരുമ്മ കിട്ടിയേ മതിയാകൂ......!!!!!! 



                #######################################################


അറിഞ്ഞ്വോ ഞാൻ പോവാണ്.
എങ്ങട്?????
കൈലാസവും മാനസസരോവറും ഒക്കെ കാണാൻ.
എന്ന്?????
ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞിട്ട്.
ശരിക്കും????
അതേന്നെ,,ശരിക്കും.

ഉം.......പിന്നെ തിരിച്ചു വരില്ല്യ.
ഒരു മഞ്ഞുകണമായി ഞാനും ആ പർവ്വതച്ചോട്ടിൽ ചേർന്നു കിടക്കും.
എന്നെ തിരഞ്ഞവിടെയെത്തുന്ന നിന്നെയും കാത്ത് ആരാലും സ്പർശിക്കപ്പെടാത്തൊരു മഞ്ഞു കണമായി ഞാനാ പർവ്വതച്ചോട്ടിലുണ്ടാകും.

അതോണ്ട് പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ ഈ പത്തു കൊല്ലം കൊണ്ട് പത്ത് ജന്മത്തേക്കുള്ള പ്രണയം എനിക്ക് തന്നോളണം.

ഒന്നു പോ ബടുക്കൂസെ!!!!!!
പോയ് കെടന്നുറങ്ങ്.
ഉറക്കത്തിൽ എന്നെ സ്വപ്നം കാണണേന്നും വിചാരിച്ചോണ്ട് കെടക്കൂ.

വേണ്ട സ്വപ്നത്തിൽ നീ വേണ്ട പകരം പൂക്കളും പൂമ്പാറ്റകളും കാടും മഴേം ഇലകളും ഒക്കെ മതി.
എന്നിട്ടിങ്ങനെ എല്ലാ രാത്രികളിലും തലേന്നു കണ്ട സ്വപ്നത്തെ കുറിച്ചിതു പോലെ നിന്നോട് മിണ്ടിക്കൊണ്ട് ......
അങ്ങനെ നിന്നെ പുതച്ചോണ്ട് ഉറങ്ങണം....
നിന്നോടെനിക്ക് എത്ര എത്ര എത്ര എത്ര......
ഇഷ്ടാന്നൊ!!!!!!!
അന്തം വിട്ട പ്രേമാ!!!! 



Sunday, September 11, 2016

പ്രിയപ്പെട്ട നിനക്ക്....

കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിലൊക്കെയും മനസ്സാകെ അസ്വസ്ഥമാണ്. 
നിനക്കിതെന്തു പറ്റിയെന്ന ചോദ്യത്തിന് മുന്നിൽ പലപ്പോഴും ഉത്തരമില്ലാതെ.................
വാക്കുകളിൽ പറഞ്ഞൊതുക്കാനാവാത്ത സങ്കടങ്ങളെന്ന് എനിക്ക് തോന്നുന്ന എന്തൊക്കെയോ ചില വിചാരങ്ങൾ എന്നെ നീറ്റിക്കൊണ്ടേയിരിക്കുന്നു.
നിന്നെ പോലും അകറ്റി നിർത്തുന്ന, 
നിന്റെ വാക്കുകൾക്കു പോലും സാന്ത്വനിപ്പിക്കാനാവാത്ത  
എന്റെയാ സങ്കടങ്ങളെ ഞാനെന്തിനാണ് ഇങ്ങനെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നതെന്ന് എനിക്ക് തന്നെ നിശ്ചയല്ല്യ. 
കരയാനായി കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുന്ന എന്റെ മനസ്സ്..........

നിന്നിൽ നിന്നും അകന്നു മാറിയിരിക്കുമ്പോൾ 
നിന്നോട് മിണ്ടാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴൊക്കെയും എനിക്ക് തോന്നാറുണ്ട് ഞാൻ  മരിച്ചുപോയെന്ന്.
കണ്ണുകൾക്ക് കാഴ്ച തിരിച്ചറിയാതെ 
കാതുകൾക്ക് ശബ്ദങ്ങളെയറിയാതെ 
വാക്കുകളിൽ മൗനം കടുംകെട്ടിട്ട് തൊണ്ടയിൽ കുരുക്കി നിർത്തി 
കഴിച്ചു കൂട്ടിയ ദിവസങ്ങൾ....................

ഒട്ടും പ്രതീക്ഷിക്കാതെയൊരു നേരത്ത്  
നിറമുള്ളൊരു കടലാസ്സിൽ, 
തിളങ്ങുന്ന അക്ഷരത്തിൽ എനിക്കായിട്ടെന്നെഴുതിയ ഒരു സമ്മാനപ്പൊതി ഓരോ  ജന്മദിനത്തിലും ഞാൻ സ്വപ്നം കാണുന്ന ഒന്നാണ്.
അതെന്നും അങ്ങനെ തന്നെയേ നിലനിൽക്കൂ അല്ലെ..............!!

റോഡ് മുഴുവനും തിരക്കായിരുന്നു. നാളെ പെരുന്നാളും മറ്റന്നാൾ ഓണവും ആഘോഷിക്കാനുള്ള തിക്കും തിരക്കും. അച്ഛനുള്ള ഗുളിക മേടിച്ച് ഞാൻ വരുന്ന വഴി ഒരാളെന്നെ ലോട്ടറി എടുക്കാൻ നിർബന്ധിച്ചു. ലോട്ടറി എനിക്കെന്നും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ വേണ്ടെന്നും പറഞ്ഞുകൊണ്ട് ഞാനോടി വണ്ടിയിൽ കയറിയിരുന്നു. കുട്ടികൾക്ക് ന്നു പറഞ്ഞു കൊണ്ട് അയാൾ പിന്നാലെ വരുന്നുണ്ടായിരുന്നു. വണ്ടിയിൽ വന്നു കേറിയിരുന്നപ്പോഴാണ് ഞാനാ കുട്ട്യോളെ കുറിച്ചോർത്തത്. സങ്കടായി. ഞാൻ വേഗം ഇറങ്ങി ആ വഴി പോയി അയാൾ മറ്റു രണ്ടാളുകളോട് വേണോന്നും ചോദിച്ച് നിക്കണുണ്ടായിരുന്നു. എന്നെ കണ്ടപ്പോ ചിരിച്ചു. എനിക്കൊരെണ്ണം വേണമെന്ന് പറഞ്ഞപ്പോ തന്നു. ബാക്കി തരാനില്ലെന്നു പറഞ്ഞു. വണ്ടീടെ അടുത്തേക്ക് വരാണെങ്കി ചില്ലറ തരാമെന്നു പറഞ്ഞപ്പോ അയാൾ സമ്മതിച്ചു. കാലിനു വയ്യാത്ത അയാളെ നടത്തിക്കുന്നതിൽ എനിക്കൊരു വിഷമമുണ്ടായിരുന്നു. കാലിനെന്തേ പറ്റിയതെന്ന് ചോദിച്ചപ്പോ  വീണതാണെന്നും മറ്റുമുള്ള കാര്യങ്ങൾ അയാൾ പറഞ്ഞു ഇന്നാദ്യമായിട്ടാണ് ഞാൻ ലോട്ടറി വയ്ക്കാൻ ഇറങ്ങീത് ഒന്നും വിറ്റില്ല മൂവായിരം രൂപക്ക് വിറ്റാലേ എനിക്കുള്ളത് കിട്ടൂ എന്നിട്ടേ കുട്ട്യോൾക്ക് ഉടുപ്പ് മേടിക്കാൻ പറ്റൂന്നൊക്കെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. അയാളൊരു ചെറുപ്പക്കാരനായിരുന്നു. മുഖം വ്യക്തമാകാത്ത രണ്ടു ചിരികളും കരച്ചിലും ഒക്കെ ആ നിമിഷങ്ങളിൽ എന്നെയും കരയിച്ചു. കയ്യിലുണ്ടായിരുന്ന പൈസ അയാൾക്ക് കൊടുത്തിട്ട് നല്ലതേ നിങ്ങൾക്ക് വരൂന്നും പറഞ്ഞുകൊണ്ട് ഞാനവിടെ നിന്നും ഓടി. അത് ഒരുടുപ്പിനു പോലും തികയുമൊന്നെനിക്കറിയില്ല എന്റെ കയ്യിൽ കൂടുതലുണ്ടായിരുന്നുംല്ല്യ. അയാളും കരയാൻ തുടങ്ങുന്നുണ്ടായിരുന്നു.
ഇതിനു മുൻപും ഒരുപാട് അപരിചിതർ എന്നെ ഇത് പോലെ കരയിച്ചിട്ടുണ്ട്. അവർക്കു നേരെ നിസ്സഹായതയോടെ പലപ്പോഴും മുഖം തിരിച്ചിട്ടുണ്ട്. ആവുന്ന പോലെ ചിലപ്പോഴൊക്കെ ആശ്വസിപ്പിച്ചിട്ടും ഉണ്ട്. എങ്കിലും ഇന്നെന്തോ വല്ലാതെ സങ്കടം വരുന്നു. 

ഈ  ഓണദിവസങ്ങളിൽ മുഴുവനും അവരെന്റെ മനസിലുണ്ടാകും. അവർക്കുള്ള പ്രാർത്ഥനകളും. ഇത്രയും ദിവസവും എന്റെയുള്ളിൽ നിറഞ്ഞിരുന്ന സങ്കടങ്ങൾ കണ്ണീരായി പുറത്തേക്ക് വന്നത് ഇന്ന് അവർക്കു വേണ്ടിയുള്ള പ്രാർത്ഥനയായിട്ടാണ്. ഇന്നെന്റെ കണ്ണീരിന് നന്മയുടെ തിളക്കമുണ്ട്. മധുരമുണ്ട്. എന്നിലെ നന്മ ഞാനറിയുമ്പോ എനിക്കെന്നോടിഷ്ടം തോന്നുന്നുണ്ട് . അപ്പൊ നീയെന്നെ നോക്കി ചിരിക്കുന്നതെനിക്ക് കാണാനാകുന്നുണ്ട് അതെന്റെ  ചുണ്ടിൽ  ചിരി വരുത്തുന്നുണ്ട്. കുട്ടികളുടെ ചിരി കൊണ്ടേ ഈ ലോകം സുന്ദരമാവുന്നുള്ളൂന്ന് ഇപ്പൊ എനിക്ക് നിന്നോട് പറയാനും തോന്നുന്നുണ്ട് .

 

Monday, August 1, 2016

ഒരു നിമിഷം കൊണ്ട് ഒരുപാട് കാലമായിട്ടെന്ന പോലെ അസ്വസ്ഥമായിത്തീർന്നു മനസ്സ്.
ആശ്വസിപ്പിക്കലുകൾ കൊണ്ടോ ,തലോടൽ കൊണ്ടോ ശമിക്കുന്നേയില്ല അത്.
പറഞ്ഞോ, എഴുതിയോ പങ്കു വെക്കാനാകുന്നില്ല.
തല്ലിപ്പറഞ്ഞിട്ടും, നുള്ളി നോവിച്ചിട്ടും കരയാൻ കൂട്ടാക്കുന്നില്ല മനസ്സ്.
അതിങ്ങനെ ഹൃദയത്തെ വരിഞ്ഞു മുറുക്കുകയാണ്‌.
അങ്ങനെയൊന്നും എളുപ്പത്തിൽ വിട്ടുപോവാൻ കൂട്ടാക്കാത്ത ചില സങ്കടങ്ങളുണ്ട്.
എപ്പോഴെങ്കിലുമൊന്ന് പരിധികൾ ലംഘിച്ച്  സന്തോഷിച്ചാൽ, ചിരിച്ചാൽ
അപ്പോഴേക്കും മുന്നിലേക്കോടിയെത്തും ആ സത്യങ്ങൾ.
എത്രയൊക്കെ കണ്ണടച്ചു നിന്നാലും അവയുടെ പരിഹാസ ചിരിയും,
നിസ്സഹായതയോടുള്ള കളിയാക്കലും ഞാൻ വ്യക്തമായി തന്നെ അറിയാറുണ്ട്.
അന്നേരം തോന്നുന്ന പരാജയ ബോധം , ഭീരുത്വം അതാണ് ജീവിതത്തിൽ എങ്ങുമെങ്ങും എത്താതെയാക്കിയത്.
ദുഃഖങ്ങൾ പതിവുകൾ ആയപ്പോൾ ചിരിക്കാനെന്ന പോലെ കരയാനും ഇഷ്ടപ്പെടാനും , ശീലിക്കാനും  തുടങ്ങി.
കൂട്ടി വെച്ച മഞ്ചാടിമണികൾ നിന്നോടുള്ള പ്രണയമാണെന്നതിനൊപ്പം
ചിലപ്പോഴൊക്കെ  എന്റെ  സങ്കടങ്ങളുടെ എണ്ണൽ സംഖ്യകളുമായിരുന്നു.





ഇപ്പൊ...............എനിക്കൊന്നു കരയണം.
കരഞ്ഞു കരഞ്ഞോടുവിലെപ്പഴോ ഉറങ്ങണം.




Saturday, July 2, 2016

കറുപ്പിൽ പച്ച ചിറകുള്ളൊരു പൂമ്പാറ്റ.
ഉൾക്കാട്ടിലെവിടെയോ,
എന്നെന്നും പൂക്കുന്ന
പേരറിയാ പൂക്കളുടെ തേൻ നുകർന്നും,
ആ പൂമണം ചിറകിൽ നിറച്ചും
പാറി പറന്നു ദിവസങ്ങൾ കഴിച്ചു കൂട്ടുന്നൊരു പാവം പൂമ്പാറ്റ.
അവളെ നോക്കി മരങ്ങളും ചെടികളും വള്ളികളും ഇലകളുമൊക്കെ സന്തോഷിക്കുന്നു.
അവളുടെ നിഷ്കളങ്കതയെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നു.
മഞ്ഞുകാലത്ത് മഞ്ഞുതുള്ളി കൊണ്ട് പൊട്ട് തൊട്ടും,
മഴനാളുകളിൽ മഴനൂലു തുന്നിച്ചേർത്ത ഉടുപ്പിട്ടും
വെയിലിൽ നിറം മിനുക്കിയും അവൾ ഒരുങ്ങുന്നു.
വീശിയടിച്ചൊരു കാറ്റിന്റെ ശക്തിയിൽ
കാടുകാണാൻ വന്ന നിന്റെ മടിയിലേക്ക് അവൾ വന്നു വീണു.
സ്നേഹത്തോടെ നീ തൊട്ടപ്പോൾ,
ഉള്ളം കയ്യിലെടുത്ത് അവളുടെ ചിറകിൽ ഉമ്മ വെക്കാൻ നീ ശ്രമിച്ചപ്പോൾ
അവൾ പറന്നു മാറി.
കാടിന്റെ ഭംഗിയിൽ സ്വയം മറന്ന നിന്റെ കൈത്തണ്ടയിൽ
നീയറിയാതെ വന്നുമ്മ വെച്ച്,
അവളുടെ മണമുള്ള ആ നിറം
നിന്റെ വിരൽത്തുമ്പിൽ അല്പം ബാക്കി വെച്ച് അവൾ പോയി.
എത്ര തിരഞ്ഞാലും നിനക്കു കണ്ടു പിടിക്കാൻ സാധിക്കാത്ത അത്ര ഉൾക്കാട്ടിലേക്ക്.
പിന്നീടെപ്പോഴോ അറിയുന്ന ആ പൂമണം നിന്നിൽ അവളോടുള്ള സ്നേഹം നിറയ്ക്കുമായിരിക്കും അല്ലെ????