Tuesday, March 6, 2012

മനോഹരമായിരുന്നു തൃശൂരിലേയ്ക്കുള്ള യാത്ര.............!!!!!!

വെയിലിന്റെ തീക്ഷ്ണത ഒന്ന് കുറഞ്ഞപ്പോള്‍ ആയിരുന്നു യാത്ര.
വാകപ്പൂക്കള്‍ നല്‍കിയ മൃദു മെത്ത പോലുള്ള വഴിയിലൂടെ,
അവ നല്‍കിയ കുടയുടെ തണലിലൂടെ കാര്‍ പോയിക്കൊണ്ടിരുന്നു.
(കുട എന്ന വാക്ക് അനുവിനെ ഓര്‍മ്മിപ്പിച്ചു.
അനുവിന്റെ കുടകളോടുള്ള ഇഷ്ടം പറഞ്ഞ പോസ്റ്റ്‌ എത്ര രസമായിരുന്നു!!!!!)
വളവു കഴിഞ്ഞപ്പോള്‍ ഇരു വശവും നെല്‍പ്പാടങ്ങള്‍ ആയിരുന്നു.
(ആലപ്പാട്ടെ കോള്‍ പാടങ്ങള്‍ ഓര്‍മ്മ വന്നു.
അവിടെ പഴ ചങ്ങായിക്കോ അതോ അയാള്‍ടെ ചങ്ങായിക്കോ,അങ്ങനെ ആര്‍ക്കോ ഒരു ഫാം ഹൌസ് ഉണ്ടെന്നു ഒരിക്കല്‍
പറഞ്ഞതും,പിന്നീട് കണ്ടതും ഓര്‍മ്മ വന്നു.)
ചിലര്‍ കൃഷി നഷ്ടമെന്നു പറഞ്ഞു ഒക്കെ നികത്തി വീട് വെയ്ക്കുന്നു.വാഴയും,തെങ്ങും നടുന്നു.
മറ്റു ചിലര്‍ കൃഷിയോടുള്ള ഇഷ്ടം കാരണം ഇല്ലാത്ത പൈസ കൊടുത്ത് പാട്ടത്തിനെടുത്ത് നെല്ല് വിതയ്ക്കുന്നു.

വഴിയുടെ ഇരുവശവും വിഷു എത്താറായി എന്നോര്‍മ്മിപ്പിക്കാന്‍ കണിക്കൊന്നകള്‍ ഇലകളും കൊമ്പുകളും കാണാനാവാത്ത വിധത്തില്‍ പൂത്തിരുന്നു.
വാകമരങ്ങളുടെ കൊമ്പുകളും,ചില്ലകളും കാണാന്‍ എത്ര രസമാണ്!!!!!!
ചിലതെല്ലാം ഞരമ്പുകള്‍ പോലെ.........
പിന്നെ കുറെ തേക്കുകള്‍ കണ്ടു.
ഇലകള്‍ അധികം ഇല്ലാത്ത തേക്കുകള്‍...
പിന്നെ നിറയെ കായ്ച്ച പുളികള്‍,പ്ലാവുകള്‍ ഒക്കെ അവിടവിടെ ആയി............
അതിരുകളില്‍ മുഴുവനും ശീമക്കൊന്നയുടെ വലിയ മരങ്ങള്‍ മുഴുവനും പൂത്തു നിന്നിരുന്നു.
ഇളം റോസ് നിറമുള്ള കുലകുലയായി നിറയെ പൂവ്.
ഇടയിടയ്ക്കു ചെറിയ ചെറിയ മൂവാണ്ടന്‍ മാവുകളും ഉണ്ടായിരുന്നു.
ചിലതില്‍ മാങ്ങകളും.കണ്ണിമാങ്ങ പ്രായം കഴിഞ്ഞതും അത്ര വലുതല്ലാത്തതും ആയ മാങ്ങകള്‍ ഒറ്റയ്ക്കൊറ്റയ്ക്കു തൂങ്ങി നിന്നിരുന്നു.
ഇലയില്ലാത്ത മുരിക്ക്‌ മരങ്ങള്‍ അവിടവിടെ ആയി നിന്നിരുന്നു.

വെളുത്ത ആകാശത്തിന് കീഴെ വലിയ മരങ്ങളില്‍ കുഞ്ഞു കുഞ്ഞു കൊമ്പുകളില്‍ കടും ചുവപ്പ് നിറമുള്ള മുരിക്കിന്‍ പൂക്കുലകള്‍
ആ കാഴ്ച നല്ല ചന്തമുണ്ടായിരുന്നു.
എല്ലാ മരങ്ങളും പൂക്കുന്ന,കായ്ക്കുന്ന നാളുകള്‍..................
വേനലിന്‍റെ ചൂടിലും മനസിനെ കുളിരണിയിക്കുന്ന കാഴ്ചകള്‍............!!!!!!!!!

ഈ മനോഹര കാഴ്ചകള്‍ കണ്ടു കൊണ്ടൊരു യാത്ര.
തൃശ്ശൂരിലേക്ക്............
അവിടന്ന് എന്‍റെ ഇല്ലത്തേക്ക്..................

യാത്രകള്‍ എത്ര മനോഹരമാണ്!!!
അത് ഇഷ്ടപ്പെട്ടയിടത്തെയ്ക്കാവുമ്പോള്‍ ഒന്നൂടെ രസമാവും.
തൃശ്ശൂരിലെ ഓരോ മണല്‍ തരിക്കും,മുക്കിനും,മൂലക്കും ഒക്കെ ഭംഗിയാണ്.
പറഞ്ഞാലും തീരാത്ത കൌതുകമാണ്.
മെയ്‌ ഒന്നിനാണ് ഈ തവണ തൃശ്ശൂര്‍ പൂരം.
പൂങ്കുന്നവും,കണിമംഗലവും,റൌണ്ടും,തേക്കിന്‍കാട് മൈതാനവും,ഒന്നും പറഞ്ഞാലും,കണ്ടാലും മതിയാവില്ല.
പുഴക്കല്‍ പാടത്തിന്റെ ചങ്കിനു മേലെ വരാന്‍ പോവുന്ന ശോഭ സിറ്റി.
അത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഹൃദയം തകര്‍ന്നു.
ടൌണ്‍ഷിപ്പൊക്കെ ഇങ്ങനെ പാടവും,മറ്റും ഇല്ലാതാക്കിക്കൊണ്ട്‌ വേണോ എന്ന ചിന്ത എന്നെ കുറെ നേരത്തേക്ക് വലച്ചുകൊണ്ടിരുന്നു.

ഹൈവേക്കടുത്തുള്ള ഒരു അമ്പലത്തിലാണ് ഇപ്പൊ അമ്മാവനും മകനും പൂജ കഴിക്കുന്നത്‌..
അവരുടെ അവിടേക്ക് ആദ്യമായാണ്‌ പോവുന്നത്.
അമ്മാവന്‍ വല്യ ജ്യോത്സന്‍ ആണ്.
അവരുടെ വീടിന്‍റെ പിന്നില്‍ വലിയ മാവുണ്ട്.
ചന്ത്രക്കാരന്റെ ജനുസ്സില്‍ പെട്ട ഒന്നാണ്.
അവിടെ എന്‍റെ ഇല്ലത്തുള്ള ആ മാവാണ് എന്ന് തോന്നുന്നില്ല.
ഇനിയിപ്പോ കൂടുതല്‍ അറിയില്ലാട്ടോ.
അതിന്‍റെ കണ്ണിമാങ്ങ കൈ കൊണ്ട് പൊട്ടിക്കാന്‍ പാകത്തില്‍ കുറെ നിന്നിരുന്നു.
കടുമാങ്ങയുടെ പ്രയംകഴിഞ്ഞതിനാല്‍ ഇനി അതിനു ശ്രമിക്കണ്ട.
എങ്കിലും കുറച്ചു പൊട്ടിച്ചു കൊണ്ട് വന്നു.

പത്തു വയസ്സില്‍ താഴെയുള്ള പ്രായത്തിലെപ്പോഴോ ആണ് ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലേക്ക് പോയിട്ടുള്ളത്.
പിന്നെ പോവാനെ സാധിച്ചിട്ടില്ല.
ആ ആഗ്രഹം ഞായറാഴ്ച സാധിച്ചു.
അമ്മയെ കണ്ടു.
ഞങ്ങളെ അനുഗ്രഹിക്കാന്‍ പുറത്തു നില്‍പ്പുണ്ടായിരുന്നു.
ഓലക്കുടയോക്കെ ചൂടി.
എത്ര തേജസ്സാണ് തിടമ്പിനു എന്നോര്‍ത്തു.
ഓര്‍മ്മകളില്‍ എവിടെയോ അവ്യക്തമായി ആ അമ്പലവും അതിനു ചുറ്റും ഉണ്ടെന്നു അവിടം കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു.
എത്ര വലിയ ചുറ്റമ്പലം ആണ്.
നാഗ തറയ്ക്ക് ചുറ്റും പുണ്യാഹ ചുണ്ടങ്ങ നട്ട് പിടിപ്പിച്ചിട്ടുണ്ട്.
അവിടവിടെ ആയി പേരാലും,ആരായാലും ഐശ്വര്യത്തോടെ നിന്നിരുന്നു.
ശീവേലി കഴിഞ്ഞു ഉള്ളില്‍ എത്തിയപ്പോള്‍ തിരുമേനി പ്രസാദത്തോടൊപ്പം നേദിച്ച പഴ കഷ്ണം കൂടി തന്നിരുന്നു.
അത് കണ്ടപ്പോ അച്ചു ഹാപ്പി ആയി.
പുറത്തു ഗണപതി ഹോമത്തിന്റെ പ്രസാദം ഒരു ഉരുളിയില്‍ വെച്ചിരുന്നു.
അതും ഒരു നുള്ള് എടുത്തു.
അവിടന്ന് ആറാട്ടുപുഴയ്ക്ക് പോയി.

1430-മത്തെ പൂരം ആണ് ഏപ്രില്‍ നാലാം തീയതി ആറാട്ടുപുഴയില്‍ നടക്കാന്‍ പോവുന്നത്.
ഭൂമിയില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും ഒരുമിക്കുന്ന ദേവമേള.
ആറാട്ടുപുഴ പൂരം കാണണം എന്നത് ഒരിക്കലും നടക്കാത്ത മോഹങ്ങളുടെ കൂട്ടത്തിലെ ഒന്നാണ്.
ദൈവങ്ങള്‍ എല്ലാരും ആറാട്ടു നടത്തുമ്പോള്‍ ആ കൂടെ മറ്റുള്ളവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും.
അമ്മാത്ത് അടുത്താണെങ്കിലും ആ അമ്പലം ഇതുവരെ കണ്ടിരുന്നില്ല.
തൃപ്രയാര്‍ തേവര്‍ നെടുനായകത്വം വഹിക്കുന്ന മറ്റുള്ളവരെല്ലാം അണിചേര്‍ന്ന് നില്‍ക്കുന്ന ആറാട്ടുപുഴ പാടം ഇതുവരെ കണ്ടിരുന്നില്ല.
കണ്ടപ്പോള്‍ മനസ്സില്‍ പറഞ്ഞാലും തീരാത്ത സന്തോഷമായിരുന്നു.
ചന്ദനം ചാര്‍ത്തിയ ശാസ്താവിന്‍റെ മുഖം അതിസുന്ദരമായിരുന്നു.
അവിടന്നും പ്രസാദം കിട്ടി.

അങ്ങനെ ആ രണ്ടു മോഹവും സാധിച്ചു.
പിന്നെ പോയത് കൂടല്‍മാണിക്യത്തിലേയ്ക്കാണ്.
"ഓം നമോ ഭഗവതേ സംഗമേശായ" എന്ന് മുന്നിലെ വാതിലില്‍ എഴുതി വച്ചിരുന്നു.
അവിടെ അന്ന് പ്രതിഷ്ഠ ദിനം ആയിരുന്നു.
മുന്നില്‍ തൃപ്രയാറിലെ പോലെ വലിയ ഉരുളന്‍ തൂണുകള്‍..,വലിയ തുലാഭാര തട്ട് ഒക്കെ ഉണ്ടായിരുന്നു.
ചുവരില്‍ തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാടിന്റെ വലിയ ഫോട്ടോയും.
അതുകണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
ഞാന്‍ പ്ലസ്‌ ടൂ സമയത്തോ മറ്റോ ആണ് കൂടല്‍മാണിക്യത്തിലേക്ക് ആദ്യമായി പോയത്.
നാലമ്പല ദര്‍ശനത്തിന്‍റെ ഭാഗമായി.
വലിയ ചുറ്റമ്പലം,കുലീപനി തീര്‍ഥകുളം,എപ്പോഴും താമര മാല ചാര്‍ത്തി നില്‍ക്കുന്ന സംഗമേശ രൂപംഇതൊക്കെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു.
അന്നും അങ്ങനെ തന്നെ ആയിരുന്നു.
അമ്പലത്തിന്‍റെ മുന്നില്‍,നീളത്തില്‍ താമരമാല നീട്ടി വെച്ചിരുന്നു.
രണ്ടു വശത്തും തൂക്കുകയും ചെയ്തിരുന്നു.
മുന്നില്‍ സ്ത്രീകള്‍ ഇരുന്നു സംഗമേശന്‍റെ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉറക്കെ ഉറക്കെ ചൊല്ലിയിരുന്നു.
അതുകേട്ടു കൊണ്ട് കുറെ പേര്‍ ചുറ്റും ഇരുന്നിരുന്നു.
എത്ര തിരക്ക് വന്നാലും അവിടെ തോന്നില്ല,അത്രയേറെ സ്ഥലം ഉള്ളത് കാരണം.
നട അടച്ചിരിക്കുകയായിരുന്നു.
തുറന്നപ്പോള്‍ കണ്ടു ഉള്ളില്‍ നിറയെ വിളക്കുകള്‍,
അതിനു നടുവില്‍ നില്‍ക്കുന്ന വലിയ ഒരു താമര മാല കൊണ്ട് മാത്രം അലങ്കരിച്ച സംഗമേശനെ.
ഭഗവന്‍ എന്നതിനേക്കാള്‍ ഉപരി ആ മുഖത്ത് ജ്യേഷ്ഠനോടുള്ള ബഹുമാനം,ഭക്തി ഒക്കെ ഉണ്ടെന്നു തോന്നി.
മുന്നിലെ കൂത്തമ്പലം എത്ര വലുതാണ്‌.!!!!!!
മുറ്റത്ത്‌ കൂട്ടം കൂടി ഒരുപാട് അമ്പലപ്രാവുകള്‍ ഉണ്ടായിരുന്നു.
ദേവനും അനുരാഗിയായ അമ്പലപ്രാവുകള്‍.
(എത്ര നല്ല വരികള്‍!!!!!!!!!!!)
ചാരനിറത്തിലും,തൂ വെള്ള നിറത്തിലും ആയി ഒരുപാടൊരുപാട്.
ഊരകത്തമ്പലത്തിലും,ആറാട്ട്‌ പുഴയിലും ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നു അമ്പലപ്രാവുകള്‍..
അച്ചു ഇപ്പൊ ഇടയ്ക്കിടെ പറയുന്ന ഡയലോഗ് ആണ് "ഒന്നും വേണ്ട സമാധാനം മാത്രം മതി" എന്ന്.
അപ്പൊ ഏടത്തി പറയും അതിനു ഒരു വെള്ള പ്രാവിനെ പറത്തി വിടാന്‍...
പ്രാവുകളെ കാണുമ്പോള്‍ മനസ്സില്‍ സന്തോഷവും,സമാധാനവും തോന്നുന്നു എന്നത് സത്യാണ്.
(അത് പറഞ്ഞപ്പഴാ ഓര്‍മ്മ വന്നെ.
ഇന്ന് തുണി കഴുകിക്കൊണ്ട് നിന്നപ്പോള്‍,രാവിലെ തോട്ടത്തിലെ പ്ലാവിന്റെ ഏറ്റവും താഴത്തെ കൊമ്പില്‍ ഒരു വന്നിരുന്നു.
ആദ്യമായിട്ടല്ല കാണുന്നത്.
എങ്കിലും ഇന്ന് കുറെ നേരം കണ്ടു.
കണ്ടാല്‍ നാകമോഹന്‍ പക്ഷിയെ പോലെ ആണ്.
വെള്ളയ്ക്ക് പകരം ഓറഞ്ച് നിറമാണ്.
അത്ര വലുപ്പമില്ല.
ഇനി നാകമോഹനിലെ പെണ്‍പക്ഷി ആവുമോ?
അറിയില്ല.
എന്തായാലും അതിസുന്ദരിയാണ് അത്.)

അവിടുന്നിറങ്ങി ഉടുപ്പി ഹോട്ടെലില്‍ നിന്നും അച്ചൂം അമ്മേം ഓരോ മസാല ദോശയും കാപ്പിയും കഴിച്ചു.
പിന്നെ നേരെ അച്ചൂന്റെ അച്ചോള്‍ടെ അടുത്തേക്ക്.
അവിടന്ന് നേരെ എന്‍റെ ഇല്ലത്തേക്കും.

വൈകുന്നേരം തട്ടകത്തമ്മയെ കാണാന്‍ പോയി.
പോവുന്ന വഴി പഴയ എല്‍ പി സ്കൂളിലെ സഹപാഠികളുടെ വീടുകള്‍ കണ്ടു.
അവരെയൊക്കെ ഓര്‍ത്തു.
കാലങ്ങള്‍ക്ക് ശേഷം ഫേസ് ബുക്കില്‍ എത്തിയപ്പോള്‍ അവരോടൊക്കെ വീണ്ടും സംസാരിക്കാന്‍ തുടങ്ങി.
നേരില്‍ കാണുമ്പോള്‍ ഒരുപക്ഷെ ഇന്നും മിണ്ടിയെന്നു വരില്ല.

ഭഗവതീടെ തേജസ്സു കൂടി കൂടി വരുന്നു.
നാടിന്റെ ഐശ്വര്യവും.
ചുവന്ന പട്ടില്‍ മുത്തുകളും കല്ലുകളും അലുക്കുകളും ഒക്കെ കൊണ്ട് അലങ്കരിച്ച പാവാടയും,കുഞ്ഞു ഞൊറികള്‍ അടുക്കി ചേര്‍ത്ത ദാവണിയും ആയിരുന്നു വേഷം.
ഒരൊറ്റ മാലയെ ചാര്‍ത്തിയിരുന്നുള്ളൂ.
മുളക് ചെമ്പരത്തികള്‍ അടുക്കി കോര്‍ത്ത ഒരു മാല മാത്രം.
ചുവന്ന പട്ടിന് നടുവില്‍ ഒരു പച്ച വര പോലെ അതിന്‍റെ ഞെട്ടുകള്‍ നിന്നപ്പോള്‍ നല്ല ഭംഗിയുണ്ടായിരുന്നു കാണാന്‍...
ആ മാല പിന്നീട് വേദയില്‍ ചാര്‍ത്തിക്കോളൂ എന്നും പറഞ്ഞ് ശാന്തിക്കാരന്‍ തന്നു.

തിരിച്ചു വരുമ്പോള്‍ മനസ്സില്‍ ഒരുപാട് സമാധാനം തോന്നി.
ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല.
അത് ഈശ്വരന്‍ കാണാതെ വരുമോ????????????
ഇല്ല.
അനുഗ്രഹിക്കും.
ആ ഒരു വിശ്വാസം............,മനസ്സില്‍ ഒരു നിലവിളക്ക് കൊളുത്തി.

ഇന്നലെ ഗുരുവായൂരില്‍ ഉത്സവം തുടങ്ങി.
രണ്ടു ദിവസം മുന്‍പേ സഹസ്രകലശവും.
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉള്ളിലേക്ക് കടത്തില്ലെന്നു പറഞ്ഞപ്പോള്‍ പോകേണ്ടിയിരുന്ന യാത്ര മാറ്റി വെച്ചു.
ഇന്നേ വരെ കണ്ടില്ല ഉത്സവം.
വിളക്കും,പഴുക്കാമണ്ടപത്തിലേക്കുള്ള എഴുന്നള്ളിപ്പും,ആനയോട്ടവും ഒക്കെ കേട്ടിട്ടേയുള്ളൂ.
ഈ തവണ കണ്ണന്‍ എന്ന ആനയാണത്രെ ആനയോട്ടത്തില്‍ ഒന്നാമന്‍ ആയതു.
ശ്രീഭൂതബലിയുടെ ഭാഗമായിട്ടാണ് പഴുക്കാമണ്ടപത്തിലേക്ക് എഴുന്നള്ളിക്കുന്നത്.
ആലവട്ടവും,വെഞ്ചാമരവും,മുത്തുക്കുടയും ഒക്കെ ചൂടി,
സ്വര്‍ണമണ്ഡപത്തില്‍ വീരാളിപ്പട്ട് വിരിച്ചതിനു മുകളില്‍ കണ്ണന്റെ തങ്കതിടമ്പ് എഴുന്നള്ളിച്ചു കൊണ്ടിരുത്തും.
ദീപസ്തംഭം,പന്ത്രണ്ടു വെള്ളി കുത്ത് വിളക്കുകള്‍ ,ചന്ദനം,കര്‍പ്പൂരം,അഷ്ടഗന്ധം,ഒക്കെ ദിവ്യമായ ദീപധൂപപ്രഭ നിറയ്ക്കുന്ന അന്തരീക്ഷം.
ഒരു മഹാരാജാവും,അദ്ദേഹത്തിന്റെ ദര്‍ബാറും ഒക്കെ ഓര്‍മ്മിപ്പിക്കുന്ന അന്തരീക്ഷം.
വാദ്യകലകളും ഒക്കെ അരങ്ങേറും ആ സമയം ആ മുന്നില്‍...
ഭഗവാനോട് ഈ സമയം അപേക്ഷിക്കുന്നതെന്തും സാധിക്കുമെന്ന വിശ്വാസം ജന സഹസ്രങ്ങളെ ആണ് ആ മുന്‍പില്‍ എത്തിച്ചിരിക്കുക.
പുലര്‍ച്ചെ വരെ എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടു തൊഴാം, നില്‍ക്കാം.
അതൊക്കെ ഒരു ഭാഗ്യമാണ്.

കാണാനാവുമായിരിക്കും എന്നെങ്കിലും.
ഒരിക്കല്‍ പറഞ്ഞത് പോലെ ഇഷ്ടപ്പെട്ടതിനു വേണ്ടി,ഇഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഉള്ള കാത്തിരിപ്പ്‌,
അതൊരു സുഖമാണ്,സന്തോഷമാണ്.
മനസ്സില്‍ ഒരായിരം റോസാപൂക്കള്‍ നല്‍കുന്ന സുഗന്ധം.
നാളെ ആറ്റുകാല്‍ പൊങ്കാലയാണ്.
ചോറ്റാനിക്കര മകം ആണ്.
ചിനക്കത്തൂര്‍ പൂരം ആണ്.
കാള വരവുകള്‍ പ്രധാനം.
അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉള്ള ഒരു ദിവസം.
അവിടെയൊന്നും ഇതുവരെ പോയിട്ടില്ല.
പോവണം.
അച്ചുവിന് വേണ്ടി ഒരു പൊങ്കാല ഇടാനുണ്ട്.
അന്ന് അമൃതയില്‍ വെച്ച് മനസ്സില്‍ വിചാരിച്ചതാണ്.
ചെയ്യണം.

കൂട്ടുകാരന്റെ ശബ്ദം നാളുകള്‍ക്കു ശേഷം കേട്ടപ്പോള്‍ ഹൃദയം നിറയെ പൂത്തിരി കത്തി.
മാലപടക്കം പൊട്ടി.
ഇപ്പഴത്തെ ഭാഷയില്‍ ഒരു വലിയ (തിരുപ്പതിയില്‍ നിന്ന് കിട്ടുന്ന പോലത്തെ) ലഡ്ഡു പൊട്ടി.
എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന എന്നോടുള്ള അവന്‍റെ പ്രണയം അവനറിയാതെ എന്നില്‍ പെയ്തുകൊണ്ടിരുന്നു.
അവന്‍റെ വാക്കുകളിലൂടെ,ശബ്ദത്തിലൂടെ.....................
മനസ്സില്‍ സന്തോഷം അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടം പോലെ ഭംഗിയായി,ശബ്ദത്തോടെ,കുളിര്‍പ്പിച്ച്,നനയിച്ച് പെയ്തുകൊണ്ടിരുന്നു.

കൂട്ടുകാരാ................
എന്‍റെ ഈ യാത്രയിലും ഞാന്‍ നിന്നെ ഓര്‍ത്തു കൊണ്ടിരുന്നു.
നീയൊപ്പമുണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ മനോഹരമായേനെ.
എങ്കിലും സാരമില്ല.
നിന്‍റെ ഓര്‍മ്മകള്‍ മതിയെനിക്ക് സന്തോഷിക്കാന്‍..

4 comments:

 1. ഉമാ,
  ഇന്ന് ആറ്റുകാല്‍ പൊങ്കാല, രാവിലെ തന്നെ നാട്ടില്‍ വിളിച്ചു, അമ്പലത്തിലെ തിരക്കും ബഹളവും , "അമ്മേ , ദേവീ" എന്ന് ആയിരങ്ങള്‍ വിളിക്കുന്നതുമൊക്കെ ഏട്ടത്തി ഫോണില്‍ കൂടെ കേള്‍പ്പിച്ചു..മനസ്സ് അവിടെയായിരുന്നു..ഓഫീസില്‍ എത്തിയപ്പോള്‍ ഈ പോസ്റ്റ്‌ കണ്ടു!! സന്തോഷം..

  സുഖല്ലേ ഉമയ്ക്ക്‌? ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാണും പോലെ തോന്നുന്നു!!

  നല്ല ദിവസം നേര്‍ന്നുകൊണ്ട്,
  മനു..

  ReplyDelete
 2. പ്രിയപ്പെട്ട ഉമ,
  എന്ത് കൊണ്ടോ, ഇന്നു ഉമയുടെ ബ്ലോഗില്‍ വരണമെന്ന് മനസ്സ് പറഞ്ഞു. തുടക്കത്തില്‍ തന്നെ എന്നെ ഓര്‍ത്തതില്‍ വലിയ സന്തോഷം. :)
  നിറങ്ങളുടെ ഉത്സവമായ ഹോളി ദിനാശംസകള്‍! വനിതാദിനാശംസകള്‍!
  അച്ചുന്റെ അമ്മെ ,എത്ര അമ്പലങ്ങളിലാണ് ഒരു ദിവസം പോയത്! അമ്മാവന്‍ ഏതു അമ്പലത്തിലാണ് ശാന്തി എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. നന്ദയ്ക്ക് ജ്യോത്സ്യത്തില്‍ വലിയ വിശ്വാസമാണ്.
  കൃഷ്ണഭഗവാന്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിയിരിക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്. അമ്മയെന്നെ കൊണ്ടു പോയിട്ടുണ്ട്;രാത്രിയില്‍. കണ്ണന്‍ ഒന്‍പതാം തവണയാണ് ആനയോട്ടത്തില്‍ ജയിക്കുന്നത്.
  വേനല്‍ അവധിക്കാലത്ത്‌ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പോകാറുണ്ടായിരുന്നു.
  സന്തോഷങ്ങള്‍ പൂത്തുലയട്ടെ...മനസ്സു നിറയട്ടെ...!
  അച്ചൂന്റെ ഡയലോഗ് കൊള്ളാം ! :)
  തൃശൂര്‍ ആരെയാണ് മോഹിപ്പിക്കാത്തത്?
  ഈ പോസ്റ്റ്‌ ഒരു പാട് ഇഷ്ടമായി.
  സസ്നേഹം,
  അനു

  ReplyDelete
 3. അതെ മനൂ,എനിക്ക് സുഖാണ്.
  ജീവിതം അതിന്റെ വഴിയിലൂടെ പോയിക്കോണ്ടേയിരിക്കുന്നു.
  മനുവിനും സുഖമല്ലേ?
  അമ്മ പൊങ്കാലയിട്ടുവോ ?
  മനുവിന്റെ എഴുത്തുകള്‍ നന്നാവുന്നുണ്ട് കേട്ടോ.
  വരാറുണ്ട്.
  ഒന്നും പറയാറില്ലേ ഉള്ളൂ.

  ReplyDelete
 4. പ്രിയ അനൂ,
  കാലങ്ങള്‍ക്ക് ശേഷം ഇവിടെ വന്നു രണ്ടു നല്ല വാക്ക് പറഞ്ഞതിന് നന്ദി.
  പിന്നെ അനുവിന് സുഖമല്ലേ?
  വിശേഷങ്ങള്‍ പോസ്റ്റുകളിലൂടെ അറിയാറുണ്ട് കേട്ടോ.
  നന്മയും സ്നേഹവും നിറയുന്ന വാക്കുകളുടെ ഭംഗി ആസ്വദിക്കാറുണ്ട്.
  അവിടെ വന്നു ഒന്നും പറയുന്നില്ലെന്നെ ഉള്ളൂ.
  പിന്നെ മണ്ണുത്തി ഹൈവേയ്ക്കടുത്തുള്ള അമ്പലം ആണ്.
  ഞാന്‍ പോയില്ല അവിടെ.
  ഉത്സവം അടുത്ത മാസം ഏഴിനാണ് വരണമെന്ന് പറഞ്ഞു.
  അപ്പോള്‍ പറ്റിയാല്‍ പോവണം എന്ന് കരുതുന്നു.
  എവിടെയ്ക്കെങ്കിലും യാത്ര പുറപ്പെട്ടാല്‍ പോവുന്ന വഴിയിലുള്ള അമ്പലങ്ങളില്‍ കയറണം എന്നത് അച്ചൂനും,അമ്മയ്ക്കും ഇപ്പൊ നിര്‍ബന്ധമാണ്‌..
  ഇനി പോവാന്‍ മോഹം തൃച്ചംബരം ആണ്.
  അനു പോയിട്ടുണ്ടോ അവിടെ?
  അച്ചുന്റെ പുതിയ ഡയലോഗ്സ് കൊള്ളാം ലെ?
  ഇനിയും കുറേയുണ്ട് കേട്ടോ.
  ഒരു പോസ്ടിനുള്ളത്.
  മിക്കവാറും അതൊരു പോസ്റ്റ്‌ ആവും.
  അത് വായിക്കുമ്പോള്‍ അനു ചിരിക്കും.
  ദിവസങ്ങള്‍ എത്ര വേഗമാണല്ലേ പോവുന്നത്?
  പത്താം ക്ലാസ് പരീക്ഷ തുടങ്ങാറായി.
  ദീപ്തിയുണ്ട് പത്താം ക്ലാസ്സുകാരിയായി.
  വേളി,ചോറൂണ്‍,പറ അങ്ങനെ ഒരുപാട് വിശേഷങ്ങള്‍ കൂടാനുണ്ട്.
  അതെ പറഞ്ഞതുശരിയാണ് തൃശ്ശൂര്‍ ഒരു മോഹമാണ്.തീരാത്ത മോഹം.
  ആശംസകള്‍ തിരിച്ചു തരാന്‍ വൈകിയതില്‍ ക്ഷമിക്കുക.
  with love
  uma.

  ReplyDelete