Saturday, December 31, 2011

നന്ദി നീ നല്‍കിയ പ്രണയത്തിന്............


കടന്നുപോകുന്ന നിമിഷങ്ങളിലൂടെ യാത്ര പറയുന്നത് ആയുസ്സിലെ ഒരു വര്‍ഷം ആണ്.
എപ്പോഴൊക്കെയോ ചിരിയും, മിക്കപ്പോഴും കണ്ണുനീരും തന്ന ഒരു വര്‍ഷം.
യാത്ര പറയുമ്പോള്‍ നോക്കി ചിരിക്കാനെ ആവുന്നുള്ളൂ.

ഈ ദിവസം ഏറെ സുന്ദരമായിരുന്നു.
ഇന്നലത്തെ സായാഹ്നവും.
അവന്റെ പ്രണയത്തിന്റെ നിറമുള്ള,
അവനിഷ്ടപ്പെട്ട സാരിയുടുത്ത് ഞാന്‍ പോയത് ഒരിക്കല്‍ അവന്റെ പാദങ്ങളുടെ മൃദുലത അറിഞ്ഞ ഒരു മണല്പരപ്പിലേക്കായിരുന്നു.
അതെ,ഇന്നലെ കിന്നാരം പറഞ്ഞത് മുഴുവനും നിളയോടായിരുന്നു.
അവളും എന്നെ പോലെ തന്നെ.
എത്ര സംസാരിച്ചാലും മതിയാവില്ല.
ഉള്ളില്‍ നിറയുന്ന കണ്ണുനീരിനും,വിലാപങ്ങള്‍ക്കുമപ്പുറം അവള്‍ ചിരിയുടെ മൂടുപടം അണിഞ്ഞിരുന്നു.
ഞാനും അങ്ങനെയല്ലേ???
അതെ.
നിളയ്ക്കൊരിക്കലും മിണ്ടാതിരിക്കാനാവില്ല.
അവളുടെ തീരങ്ങളില്‍ മൌനമാഗ്രഹിച്ചു ചെന്ന എന്നോട് അവള്‍ വാ തോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
ഞാനും അവളോട്‌ പറഞ്ഞു എന്റെ കണ്ണുനീരിന്റെ കാരണങ്ങളെ പറ്റി.............
എന്റെ പ്രണയത്തിന്റെ വികൃതികളെ പറ്റി.............

നിളയുടെ മണല്‍ പരപ്പില്‍ ചെന്നിരിക്കാന്‍,
വിരലുകള്‍ കൊണ്ട് അവളെ തലോടാന്‍,
അവളുടെ കുളിരുള്ള കൈത്തലങ്ങള്‍ കൊണ്ട് മുഖമൊന്നു പൊതിയാന്‍ മനസ് കൊതിച്ചു.
നടന്നില്ല.

ആകാശം മുഴുവനും ചാന്തു കുടഞ്ഞുകൊണ്ട് സൂര്യന്‍ യാത്ര തുടങ്ങുകയായിരുന്നു.
ചെമ്മാനവും,നിളയുടെ തീരവും,പിന്നെ ഒരു ചാറ്റല്‍ മഴയും.
അസ്തമയസൂര്യന്റെ ഭംഗി മഴത്തുള്ളികള്‍ വീണു നനഞ്ഞ മിഴികളോടെ,
മഞ്ഞു പെയ്യുന്ന മരങ്ങളുടെ ചുവട്ടില്‍,
മഞ്ഞിന്റെ കുളിരില്‍ മൂടിപ്പുതച്ചുറങ്ങാന്‍ കൊതിക്കുന്ന,
അതിനായി വട്ടം കൂട്ടുന്ന ഇലകളുടെ നിഴലില്‍ ഇരുന്ന്,
അതും നിളയുടെ ഒപ്പമിരുന്നുകൊണ്ട് ആ സായാഹ്നം ആസ്വദിക്കാന്‍ കഴിഞ്ഞത്.........
അതൊരു അനുഭൂതിയായിരുന്നു.
പ്രിയപ്പെട്ടവനെ.............
ഇനി നമ്മള്‍ കാണേണ്ടത് നിളയോരത്ത് വെച്ചാണ്.
അവിടെയിരുന്നു നമുക്ക് അസ്തമയ സൂര്യന്റെ ഭംഗി കാണണം.
ചുവന്ന ആകാശത്തില്‍ നമ്മുടെ പ്രണയത്തിന്റെ സ്വപ്നങ്ങളെ വാരി വിതറണം.
ചന്ദ്രനും നക്ഷത്രങ്ങളും നമ്മെ നോക്കി കുസൃതിയോടെ ചിരിക്കുന്നത് കാണണം.
മൌനത്തിലൂടെ പ്രണയം പങ്കു വെയ്ക്കണം.
ആ മണലില്‍ നമ്മുടെ പേരുകള്‍ ചേര്‍ത്തെഴുതണം.
ആ ഓളങ്ങളില്‍ നമ്മുടെ കൈത്തലങ്ങളെ ഒരുമിച്ചു ചേര്‍ത്ത് പിടിക്കണം.

അപ്രതീക്ഷിതമായി മഴ പെയ്തു.
ഒരു ചാറ്റല്‍ മഴ.
ആ മഴ ഇന്നും പെയ്തു.
പാലപ്പൂക്കളിലേക്ക് മഴ വന്നു വീഴുന്നതും,അത് നാണിച്ചു ഇലകള്‍ക്കടിയിലേക്ക് മറയാന്‍ ശ്രമിക്കുന്നതും ഇന്ന് കണ്ടു.
ശക്തിയുള്ള കാറ്റില്‍ വിറയ്ക്കുന്ന അരയാലിന്‍ ഇലകള്‍ പേടിച്ച് നാമം ജപിക്കുന്നതും ഇന്ന് കണ്ടു.
രണ്ടു കുല പാലപ്പൂക്കള്‍ ഇന്ന് കിട്ടി.
ഒപ്പം വേറെ കുറെ പൂക്കളും.
എല്ലാം കൂട്ടിക്കെട്ടി ഭംഗിയുള്ള ഒരു പൂച്ചെണ്ട് ഉണ്ടാക്കി.
മഞ്ഞയും ചുവപ്പും വെള്ളയും ഒക്കെ കൂടിയുള്ള ഒരു കുഞ്ഞു പൂച്ചെണ്ട്.

ഇന്ന് രാവിലെ മലമക്കാവിലേക്ക് തൊഴാന്‍ പോയപ്പഴാണ് ഇതൊക്കെ സംഭവിച്ചത്.
മഞ്ഞും,മഴയും കൂടെയൊരു പുലരിയും............
ഇന്നത്തെ ദിവസം മനോഹരമാവാന്‍ ഇതില്‍ കൂടുതലെന്തു വേണം!!!!!!!!!!!!!!!
അവിടെ തറവാട്ടു മുറ്റത്ത്‌ നിന്ന ആ വലിയ ചെടി രുദ്രാക്ഷത്തിന്റെ ആയിരുന്നു.
ആദ്യമായാണ്‌ രുദ്രാക്ഷത്തിന്റെ ചെടിയും,പൂവും ഒക്കെ കാണുന്നെ.
വലിയ സന്തോഷം തോന്നി.
മുറ്റത്ത്‌ ചുവന്ന രാജമല്ലിയും,ചെമ്പരത്തിയും,ഡെക്കോമ പൂക്കളും ധാരാളം നിന്നിരുന്നു.
അത് കണ്ടപ്പോള്‍ പണ്ടുണ്ടാക്കിയ ബൊക്കെ ഓര്‍മ്മ വന്നു.
ഓടിച്ചെന്നു അവയെ പൊട്ടിച്ചു.
ഒരു ബൊക്കെ ആക്കി.
ഇറയത്ത്‌ അതും പിടിച്ചുകൊണ്ട് ഇരിക്കുന്ന കുറെ ഫോട്ടോ എടുത്തു.
ആ പൂക്കളും,പൂച്ചെണ്ടും ഒക്കെ നിനക്ക് വേണ്ടി ആയിരുന്നു.
എന്റെ പ്രണയം ആ പൂക്കളിലേക്ക്‌ സ്വയം നിറയുകയായിരുന്നു.
പാലപ്പൂക്കളുടെ മാദക ഗന്ധവും,വെള്ള മോസാണ്ടയുടെ നിഷ്കളങ്കതയും,രാജമല്ലിയുടെ കുറുമ്പും,ഡെക്കോമയുടെ സൗന്ദര്യവും എന്റെ പ്രണയം അണിഞ്ഞു.
നിന്നോടെനിക്കുള്ള പ്രണയം അത് വാക്കുകള്‍ക്കുമപ്പുറത്താവുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ്.

ഈ ദിനം വിട പറയുമ്പോള്‍,
അതിലൂടെ ഈ വര്‍ഷം പോയ്‌ മറയുമ്പോള്‍
എനിക്ക് പറയാനുള്ളത് ഇതാണ്.
"നന്ദി നീ നല്‍കിയ പ്രണയത്തിന്............
അതിലൂടെയാണ് എന്റെ അസ്ഥിത്വം ഞാന്‍ അറിഞ്ഞത്.
നന്ദി നീ നല്‍കിയ വേദനകള്‍ക്ക്................
അതിലൂടെയാണ് എന്റെ പ്രണയം വേരുകളൂന്നിയത്.
നന്ദി നിന്റെ മൌനത്തിന്..................
അതിലൂടെയാണ് നീയെന്നെ ഇത്രയേറെ പ്രണയിക്കുന്നുവെന്നു ഞാന്‍ അറിഞ്ഞത്."

(ഒരു മരണം ഓര്‍മ്മയില്‍ നിറയുന്നു.
ഒരു ജനുവരി ഒന്നാം തീയതിയില്‍ വളരെ പ്രിയപ്പെട്ട ഒരാള്‍,
ചീട്ടു കളിക്കാനും,കവടി കളിക്കാനും പഠിപ്പിച്ചു തന്ന എന്റെ അഫന്‍ എന്നെ വിട്ടു പോയി.
മരണം ഇത്ര എളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നാണെന്ന് ഞാന്‍ മനസിലാക്കിയത് അന്നാണ്.
അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഒന്നാം ഘട്ട ദുരിതങ്ങള്‍ സംഭവിക്കുമായിരുന്നില്ല.
ഓരോ ജനുവരിയും കടന്നു വരുന്നത് കണ്ണുനീരോടെയാണ്.
ഹൃദയത്തില്‍ ഒരു മുറിപ്പാട് വീഴ്ത്തിക്കൊണ്ടാണ്.)
എങ്കിലും എന്റെ ദുഃഖം എന്റേത് മാത്രമാക്കിക്കൊണ്ട്
ഈ വഴി വരുന്ന എല്ലാവര്‍ക്കും നേരുന്നു ഹൃദയം നിറഞ്ഞ നവ വര്‍ഷത്തിന്റെ ആശംസകള്‍..
മോഹങ്ങളും,സ്വപ്നങ്ങളും,പ്രതീക്ഷകളും സാഫല്യം നേടട്ടെ.
എവിടെ നിന്നൊക്കെയോ പടക്കം പൊട്ടുന്നതും ആര്‍പ്പു വിളിക്കുന്നതും ഒക്കെ ആയ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.

4 comments:

  1. പുതുവര്‍ഷം വ്യത്യസ്തമായ അനുഭവങ്ങള്‍ കൊണ്ട് നിറയുന്നതാവട്ടെ, അതില്‍ ഏറിയപങ്കും സന്തോഷങ്ങള്‍ ആകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു.
    പുതുവര്‍ഷ ആശംസകള്‍ നേരാന്‍ താമസിച്ചു എങ്കിലും, ഈ വര്‍ഷം ഉമയ്ക്ക്‌ സ്നേഹ വിശ്വാസത്തിന്‍റെ നന്മകള്‍ മനസ്സില്‍ നിറയാനും, എഴുത്തിലും വാക്കിലും പ്രത്യാശയുടെ ഊര്‍ജ്ജം ഒഴുകുവാനും സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    സ്നേഹത്തോടെ മനു..

    ReplyDelete
  2. മധുരവും കയ്പും നല്‍കുന്ന വരികള്‍ ...നന്നായി ആശംസകള്‍

    ReplyDelete