Saturday, June 25, 2011

കുപ്പിവളകളില്‍ നിറഞ്ഞ സ്വപ്‌നങ്ങള്‍...............

ഇന്ന് കാറില്‍ ആദ്യമായി യാത്ര ചെയ്തു.
മനസ്സ് ആഗ്രഹിച്ചത്‌ പോലെയേ ആയിരുന്നില്ല.
അതിനാല്‍ അധികം സന്തോഷമൊന്നും തോന്നിയില്ല.
പക്ഷെ പോയത് എനിക്കിഷ്ടമുള്ളിടത്തെക്ക് ആയിരുന്നു.
എനിക്ക് പ്രിയമുള്ളവരുടെ അടുത്തേക്ക്.
തിരിച്ചു വരുമ്പോള്‍ ഗ്ലാസ്സിലൂടെ പുറം കാഴ്ചകള്‍ കണ്ടു.
പോവുന്ന വഴിയുടെ ഇരു വശവും പാടങ്ങള്‍ ആയിരുന്നു.
പക്ഷെ ഇപ്പോള്‍ അവിടെ കുറെയൊക്കെ മണ്ണിട്ട്‌ അതിനു മുകളില്‍ വീടുകള്‍ വെച്ചു.
എങ്കിലും പച്ച നിറഞ്ഞ ബാക്കി ഭാഗം എനിക്ക് സന്തോഷം നല്‍കി.
മഴ ചാറുന്നുണ്ടായിരുന്നു.
കാറ്റ് വീശുന്നുണ്ടായിരുന്നു.
പാടത്തിനു ഇടക്കുള്ള വരമ്പ് കണ്ടപ്പോള്‍ എനിക്കൊരു മോഹം തോന്നി.
നീല കറുപ്പില്‍ കസവ് ബോര്‍ഡര്‍ ഉള്ള പട്ടുപാവാട ഇടണമെന്ന്.
ഇളം പച്ച ദാവണിയും.
മുടി രണ്ടു വശവും പിന്നിയിട്ട് മുല്ലയും കനകാംബരവും ഇടകലര്‍ത്തി കെട്ടിയ പൂമാല ചൂടണം.
വലിയ കറുത്ത പൊട്ടു തൊടണം.കൈ നിറയെ രണ്ടു നിറങ്ങളിലും ഉള്ള കുപ്പിവളകള്‍ ഇടകലര്‍ത്തി ഇടണം.
കുപ്പിവളകള്‍ ഇഷ്ടല്ല്യാത്ത പെണ്‍കുട്ട്യോളുണ്ടോ?????
അതിന്റെ കിലുക്കം എന്തൊരു രസാണ്.......!!!!!!!!!!!!!!!!!
എത്ര നിഷ്കളങ്കാണ്!!!!!!!!!!!!!!
എത്ര പ്രണയാര്‍ദ്രമാണ്!!!!!!!!!!!!!!!!!!!!!!!!
എന്റെ മനസ്സും അങ്ങനെയാണ്.
എന്റെ ചിരികളില്‍ കുപ്പിവള കിലുക്കം കേള്‍ക്കണം.
എന്റെ കണ്ണുകളില്‍ അവയുടെ നിറമുള്ള സ്വപ്‌നങ്ങള്‍ നിറയണം.
എന്റെ കൈകളില്‍ കിടന്നു അവ തമ്മില്‍ സംസാരിക്കണം.
എന്നോടുള്ള നിന്റെ പ്രണയത്തെ കുറിച്ച് അവ അസൂയപ്പെടണം.
സര്‍പ്പക്കാവിനടുത്തുള്ള കുളപ്പടവില്‍ നീ കുഞ്ഞു കല്ലുകള്‍ കുളത്തിലെക്കെറിഞ്ഞു നീയെന്നെ കാത്തിരിക്കുമ്പോള്‍ .........
പിന്നിലൂടെ ഞാന്‍ വരും കുപ്പിവളകളിട്ട എന്റെ കൈകള്‍ കൊണ്ട് നിന്റെ കണ്ണുകള്‍ പൊത്താന്‍.
അപ്പോള്‍ നീയെന്റെ കയ്യില്‍ അമര്‍ത്തിപ്പിടിക്കും.
അതിന്റെ ശക്തിയില്‍ എന്റെ കൈകളില്‍ കിടന്നു അവ പൊട്ടും.
ചെറുതായി ചോര പൊടിയും.
നീ മുറിവിലേക്ക്‌ പതുക്കെ ഊതും.
അപ്പോള്‍ ആരും കാണാതെ ഞാന്‍ നിന്റെ കവിളില്‍ അമര്‍ത്തിയുമ്മ വെയ്ക്കും.
എന്നോ എവിടെയോ ഇങ്ങനെ ഒരു ചിത്രം ഞാന്‍ കണ്ടിരിക്കാം.
എനിക്കറിയുന്നില്ല എവിടെ ആയിരുന്നുവെന്ന്.
പക്ഷെ ഇന്ന് ഇങ്ങനെയൊരു സ്വപ്നം എന്നെ ചിരിപ്പിച്ചു.
മൂന്നു നാല് ദിവസമായുള്ള മൂടിക്കെട്ടിയ മനസ്സിന് ഈ സ്വപ്നം വല്യ ആശ്വാസമായി.
ഇന്നും ഒരു പിടി കറുത്ത കുപ്പിവളകള്‍ ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്.
എന്റെ കൈകള്‍ക്ക് ഒട്ടും ചേരില്ലെന്നറിയാം,എങ്കിലും ഇടയ്ക്കെടുത്തു നോക്കുമ്പോള്‍ ഒരു സന്തോഷം തോന്നും.
അതിനു വേണ്ടി മാത്രം.
പണ്ട് വളപ്പൊട്ട്‌ ശേഖരിയ്ക്കുക എന്നൊരു പരിപാടിയുണ്ടായിരുന്നു.
ഒരു വല്യ പെട്ടി നിറയെ ഉണ്ടായിരുന്നു.
അതുകൊണ്ടെന്തോ ഒരു കളി കളിച്ചിരുന്നു.
എന്താന്നു ഓര്‍മ്മ കിട്ടണില്ല.
പിന്നെ ആരോ എടുത്തു കളഞ്ഞു.
മഞ്ഞയും,നീലയും,പച്ചയും ഒക്കെ നിറഞ്ഞിരുന്നു.
കുപ്പിവളകളുടെ ഭംഗിയും,കിലുക്കവും ഒന്നും മറ്റൊന്നിനും ഇല്ല.
ഇന്നിപ്പോ മെറ്റലും,കമ്പിയും,മരവും,പ്ലാസ്ടിക്കും, ഒക്കെയാണല്ലോ വളകളില്‍.............
ഇപ്പോള്‍ കുപ്പിവളകളെ കാണുന്നത് യുവജനോത്സവ വേദികളില്‍ ആണ്.
തിരുവാതിര കളിയിലും,സംഘ നൃത്തങ്ങളിലും.

കുപ്പിവളകളിലൂടെ ഞാന്‍ അമ്പലത്തിലെ ഏകാദശി പറമ്പിലെത്തി.
ഒരിക്കല്‍ അവനു വാക്ക് നല്‍കിയിരുന്നു.
അവന്റെ കൂടെയേ ഇനി നാട്ടിലെ ഏകാദശി കാണൂ എന്ന്.
അവനും അത് സമ്മതിച്ചിരുന്നു.
തലേന്ന് രാത്രി ദശമി വിളക്ക് കാണാന്‍ അവന്റെ കൈ പിടിച്ച് പോവണം.
വഴിയിലെ കടകളില്‍ (ഏകാദശിക്കടകളില്‍) നിറയെ വളകള്‍ വെച്ചിട്ടുണ്ടാവും.
അവിടന്ന് പല നിറങ്ങളിലുള്ള കുപ്പിവളകള്‍ അവന്‍ വാങ്ങിത്തരും.
എന്റെ കൈകളില്‍ ഇട്ടു തരും.
അപ്പോള്‍ ഞാന്‍ പൂര്‍ണമായും ഒരു കാമുകിയാവും.
നാണം നിറഞ്ഞ മിഴികളോടെ,
മറ്റുള്ളവര്‍ കാണുമോ എന്ന പേടിയോടെ
നീ ഇട്ടു തന്ന വളകളില്‍ ആരും കാണാതെ ഉമ്മ വെയ്ക്കുന്ന
നിന്റെ മാത്രം പെണ്ണാവും ഞാന്‍.
വല്യ യന്ത്ര ഊഞ്ഞാല് തിരിയണത് അത്ഭുതത്തോടെ ഞാന്‍ നോക്കുമ്പോള്‍
എന്നെ നോക്കി കളിയാക്കി ചിരിക്കും എന്റെ പ്രിയപ്പെട്ടവന്‍.
അപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കയാവും.
കാണുന്നതില്‍ ഒക്കെ അത്ഭുതപ്പെടുന്ന ഒരു കുഞ്ഞ്.


ഇന്ന് ആ സ്വപ്നങ്ങളില്‍ നിന്നും ജീവിതത്തിലേക്ക് വരുമ്പോള്‍,നോക്കുമ്പോള്‍
ഞാന്‍ അറിയുന്നു എന്റെ സ്വപ്നങ്ങളുടെ,പ്രണയത്തിന്റെ,മോഹങ്ങളുടെ,
കുപ്പിവളകള്‍ എല്ലാം പൊട്ടി തകര്‍ന്നിരിക്കുന്നുവെന്നു.
സൂക്ഷിച്ചത് മുഴുവന്‍ വളകളെ അല്ല,വളപ്പൊട്ടുകളെ ആണ്.
എങ്കിലും എനിക്കിത് നിധിയാണ്‌.
നിന്നോടുള്ള,നിനക്കെന്നോടുള്ള സ്നേഹത്തിന്റെ ഒരു വല്യ നിധി.
6 comments:

 1. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മനോഹരം.
  കുപ്പിവള കിലുക്കങ്ങളിലൂടെ സ്വപ്നങ്ങളുടെ ലോകത്തേക്ക്.
  പാടവരമ്പിലൂടെ ദാവണിയുടുത്ത് നടക്കുന്നത്.
  പിന്നെ അവയ്ക്ക് നിറം മങ്ങുന്നത്.
  നഷ്ടപ്രണയം.
  നന്നായി അനഘാ ..

  ReplyDelete
 2. അനഘാ,

  മനോഹരമായ പ്രണയക്കുറിപ്പ്‌..

  ReplyDelete
 3. പ്രിയപ്പെട്ട അനഘാ,
  മഴയില്‍ നനഞ്ഞ ഒരു സായാഹ്നം!
  കുപ്പിവള കിലുക്കം കേള്‍ക്കുന്ന നിമിഷങ്ങള്‍ എന്നും മനസ്സില്‍ ഉണ്ടാകട്ടെ!
  വളരെ മനോഹരമായി സ്വപ്‌നങ്ങള്‍ പങ്കു വെച്ച പോസ്റ്റ്‌!
  മഴയില്‍ നനഞ്ഞ ഒരു സന്ധ്യ ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 4. രണ്ടു ഇക്കമാര്‍ക്കും നന്ദി.

  ReplyDelete
 5. അനൂ,
  നന്ദി പറയേണ്ട ആവശ്യമില്ല.അല്ലെ?

  ReplyDelete
 6. ഇത്ര അധികം സങ്കൽപ്പങ്ങളുടെ, ഭാവനകളുടെ, മധുരമൂറുന്ന സ്മരണകളുടെ,വിഷാദാർദ്രമായ വികാരങ്ങളുറ്റെ ഒക്ക് ഉറവകൾ ആ മനസു നിറയെ ഉറങ്ങി കിടക്കുന്ന്ല്ലോ എന്നോർക്ക്മ്പോൾ നീ എത്ര ധന്യ എന്നു ചിന്തിക്കുവാൻ, ഞാനെത്ര ഭാഗ്യവാൻ എന്നു [ഇതെല്ലാം വായിക്കാൻ സാധിക്കുന്നല്ലൊ എന്ന ചാരിതാർഥ്യം] അറിയുന്നു. ആത്മാവിനെ തൊട്ടുണർത്തുന്ന വചനങ്ങൾക്ക് മറ്റൊന്നും പകരം വയ്ക്കാനില്ല. നന്ദി.

  ReplyDelete