Thursday, November 28, 2019

അമ്പലപ്പറമ്പിലെ പാലമരങ്ങൾ ഇക്കൊല്ലം പൂത്തില്ല. ഈയിടെ ഞാനെന്നും പോവാറുണ്ട് അമ്പലത്തിലേക്ക്. മുറ്റത്തു നിക്കണ ഒരെണ്ണത്തിൽ മാത്രം അവടവടെ ആയി മൂന്നാലു കുലകൾ ണ്ട്. കാണാനും മണക്കാനും എന്റച്ചു എനിക്കൊപ്പം ഇല്ലാത്തോണ്ടാവും പൂക്കാഞ്ഞത്.

ഒരു ദിവസം റോഡിലൂടെ ഒരു സ്കൂട്ടറിൽ ഒരച്ഛനും കുട്ടീം കൂടി പോവുന്നുണ്ടായിരുന്നു. ഒരുമ്മക്കുട്ടി. അത് കണ്ടപ്പോ ഷിഫാനയെ ഓർത്തു. അച്ചൂന്റെ കൂട്ടുകാരി ആണ്. ഒന്നാം ക്ലാസ്സ്‌ മുതൽക്കേ സ്കൂളിലെ അച്ചൂന്റെ അമ്മ. വയ്യാത്ത കുട്ട്യാണ്, ബാഗ് പിടിക്കാനൊക്കെ ഒന്ന് സഹായിക്കണം, എപ്പഴും ഒരു ശ്രദ്ധണ്ടാവണം, ബാത്ത് റൂമിൽ പോവാനൊക്കെ കൂടെ പോണംട്ടോ ന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. അതൊക്കെ അത്പോലെ ചെയ്തിരുന്നു. നല്ല കാര്യപ്രാപ്തിയുള്ള വെളുത്തു മെലിഞ്ഞ, നീണ്ട മുടിയുള്ള ഷിഫാന.

അന്നാ ദിവസം അവളുടെ ഉറക്കം കണ്ട് എന്തൊരു കരച്ചിലായിരുന്നു ഷിഫാനേം ബാക്കി കുട്ടികളും. അതൊക്കെ കഴിഞ്ഞ് ഓണം വെക്കേഷനൊരു ദിവസം വന്നിരുന്നു അനിയനേം ഏട്ടനേം ഒക്കെ കൂട്ടി. ഞങ്ങളെല്ലാവരും കരഞ്ഞു. എന്നോട് പറഞ്ഞു ചേച്ചി കരയല്ലേട്ടോ ന്ന്. ഇടയ്ക്ക് വരാമെന്നും. അവളുടെ ഫോട്ടോ നോക്കിയിരുന്നു കുറച്ചു നേരം. അവളുണ്ടായിരുന്നെങ്കിൽ ഓടി നടന്ന് ഇവിടം മുഴോനും കാണിച്ചേനെ.

9മാസം കഴിഞ്ഞു ന്റെ കുട്ടി ന്റട്ത്ത്ന്ന്  പോയിട്ട്. ഓരോ ദിവസോം ഓരോ നിമിഷവും മനസ്സിലിട്ട് ഞാൻ നീറ്റാണ്. ഇടക്കിങ്ങനെ ശ്വാസം പോണ പോലെയാണ്. ഒന്ന് കാണാൻ കണ്ണുകളിങ്ങനെ നീറും. തൊടാനാവാതെ വിരലുകൾ വേദനിപ്പിച്ചു വിറയ്ക്കും. മിണ്ടാൻ പറ്റാതെ വാക്കുകൾ വായ്ക്കുള്ളിൽ നാവിനേം പല്ലുകളേം ചുണ്ടുകളേം ഒക്കെ ഞെരിച്ചമർത്തുന്ന പോലെ അനുഭവിപ്പിക്കും. ഹൃദയം രണ്ടായി ഭാഗിക്കണ പോലെ വേദനിപ്പിക്കും. കൊറേ കൊറേ കരായണമെന്ന് ആഗ്രഹിച്ച്‌ അതിനായി ശ്രമിക്കുമ്പോ കരയാൻ പറ്റാതാക്കും. 

ഇനി മരിക്കുവോളം ഇതിങ്ങനെ തന്നെ കൂടെണ്ടാവും ലോ എന്നോർക്കുമ്പോ...... കാക്കകളെ കാണുന്നത് എനിക്കിപ്പോ സങ്കടാണ്. അമ്മ അമ്മേടെ അമ്മേടെ ബലിയിട്ട് കഴിഞ്ഞ് കൈകൊട്ടിയപ്പോൾ ഒറ്റ കാക്കകളും വന്നില്ല. ഇവടെ കാക്കകൾ പൊതുവെ കുറവാണ് എന്നതാണ് സത്യം. Vs നോട്‌ ഞാൻ പറഞ്ഞു. ഇതുപോലെ നമ്മള് കൈകൊട്ടുമ്പഴും കാക്ക വരൂല്ല അന്നേരം വിഷമിക്കല്ലെട്ടോ ന്ന്. നമ്മടച്ചു ഈ ഒണക്കച്ചോറും എള്ളും ഒന്നും കഴിക്കാൻ കൂട്ടാക്കില്ല അവൾക്കതൊന്നും ഇഷ്ടല്ലന്ന്.

എണ്ണിപ്പെറുക്കി പറയാനും കരയാനും ജീവിതം ഇനിയും ഒരുപാടൊന്നും വേണ്ട എന്ന ആഗ്രഹമേ ഇപ്പോഴുള്ളൂ. 

7 comments:

 1. ആഗ്രഹങ്ങൾ വരിവരിയായി വന്നുകൊണ്ടിരിക്കും ...
  ഭാഗ്യമുണ്ടേൽ അനുഭവിക്കുവാൻ  യോഗമുണ്ടേൽ അതെല്ലാം
  കിട്ടി ബോധിച്ചെ പോകു കേട്ടോ

  ReplyDelete
 2. ഉമേ..മുരളിച്ചേട്ടൻ എത്ര നന്നായി പറഞ്ഞു.
  സത്യാ.
  ഉമയുടെ അവസ്‌ഥയിൽ ഞങ്ങളിൽ ആരായാലും ഇതുപോലെ കമിഴിത്തി വച്ച കുടം തന്നെയാകും..
  നഷ്ടം,വേദന,മനസിലാകുന്നുണ്ട് ട്ടാ.
  VS നോട് അന്വേഷണം പറഞ്ഞോളോ..

  ReplyDelete
 3. സാമൂഹ്യ രംഗത്തും എഴുത്തിലും സജീവമാകു. വിരഹവേദന ഒരു പരിധി വരെ മറന്ന് പോകും. അടുത്ത സുഹൃത്തുക്കളുമായുള്ള ബന്ധവും ഊട്ടിയുറപ്പിക്കു

  ReplyDelete
 4. ചേച്ചീ ... പാച്ചൂനെ ചേച്ചീടെ അടുത്ത് നിർത്തിയിട്ടല്ലേ അച്ചു പോയത്? അവളുടെ ആഗ്രഹം അമ്മ പാച്ചൂന്റെ കൂടെ സന്തോഷായി ഇരിക്കണം ന്നാ ...
  ചേച്ചി ഈ സങ്കടപ്പെടണത് അച്ചൂന് ഇഷ്ടംണ്ടാവില്യാട്ടോ ...

  ReplyDelete
 5. ഉമാ സ്നേഹം... സങ്കടം കാരണം ഒന്നും വരുന്നില്ല. കരയാൻ എനിക്ക് വയ്യ

  ReplyDelete
 6. ഇതിൽ നിന്നും കര കയറുക മാത്രമല്ലേ നിവൃത്തിയുള്ളൂ. ചുറ്റും എത്രയോ പേർ സ്നേഹവുമായി. മുന്നോട്ടു പോകണം.

  ReplyDelete
 7. അങ്ങിനെ നിരാശപ്പെടല്ലേ. വരുന്നതെല്ലാം അനുഭവിച്ചല്ലേ മതിയാകൂ.

  ReplyDelete