Tuesday, November 12, 2019

അത്രയധികം ശൂന്യമായ മനസ്സോടെ ഇതിനു മുൻപൊരിക്കലും ഞാനീ ബ്ലോഗ് തുറന്നുവെച്ചോണ്ട് ഇരുന്നിട്ടില്ല. എത്രയൊക്കെ സങ്കടത്തിലായിരുന്നാലും ഇവിടം എനിക്ക് സന്തോഷമുള്ളിടം ആയിരുന്നു എന്നും. എത്ര ഇഷ്ടത്തോടെ ഞാൻ ഓടിവന്നിരുന്നു ഇങ്ങോട്ടേക്കെന്ന്  നഷ്ടബോധത്തോടെ ഓർക്കാണ്. എടുത്ത ഫോട്ടോകളിടാനും അതിനെകുറിച്ചെന്തേലും ബടുക്കൂസ്ത്തരം എഴുതാനും ഇഷ്ടമായിരുന്ന  ആ പഴയ കാലങ്ങളെ തിരിച്ചു വിളിക്കാൻ പോലും ഇപ്പോഴെനിക്ക് ആവുന്നില്ലല്ലോ.

ഒരിക്കലെപ്പഴോ ഫേസ് ബുക്കിൽ എന്റെയൊരു ഫോട്ടോയിട്ടപ്പോൾ കീയക്കുട്ടി പറഞ്ഞു എന്റെ മുഖത്തെ പ്രകാശം മുഴോനും പോയീന്ന്. കണ്ണാടിയിൽ നോക്കുമ്പോ എനിക്ക് തോന്നാറുണ്ട് അത് സത്യാണെന്ന്. കണ്ണിലെ തെളിച്ചം ഉള്ളിലെ സ്നേഹത്തിന്റെ വെളിച്ചമായിരുന്നു. അതാണ്‌ എന്റെ മുഖത്തിനെന്നും ചന്തം നല്കീരുന്നത്‌. അവൾ പോയപ്പോ എന്റെയുള്ളിലെ സ്നേഹം മുഴോനും കൂടെ കൊണ്ടോയി. എന്നെ ഇരുട്ടിലാക്കി എന്നിലെ എന്നെ ഇല്ലാതാക്കി എന്നൊക്കെ എനിക്ക് തോന്നാറുണ്ട്.

സ്നേഹവും നന്മയും ഒക്കെ വാക്കുകളായും  വരികളായും വിരലിൽ നിന്നൂർന്നു വന്നിരുന്ന ആ ദിവസങ്ങൾ തിരിച്ചു കിട്ടില്ലെന്ന്‌ ഞാനെന്നെ തന്നെ പഠിപ്പിച്ചോണ്ടിരുന്നു. ഒപ്പം എന്റെ മുറിവുകളിൽ വീണ്ടും വീണ്ടും മുറിപ്പെടുത്തി ഞാനെന്നെ ശിക്ഷിച്ചുകൊണ്ടിരുന്നു.  അതങ്ങനെയാണ് ചില കാലങ്ങളിൽ വേദനകൾ നമ്മളെ വിടാതെ പിടികൂടും. ചില വേദനകളെ നമ്മളും കെട്ടിപ്പിടിച്ചോണ്ടിരിക്കും.  വേദനകളും ആശ്വാസങ്ങളാണെന്ന്  തോന്നിപ്പോകുന്ന നാളുകൾ.....

ഉമ ഇനിയും എഴുതൂ ഉമേടെ വാക്കുകളിലെ നിഷ്കളങ്കതക്കെന്തൊരു ഭംഗിയാണ് എന്നൊക്കെ പറയണ കേക്കുമ്പോ എനിക്ക് തോന്നാറുണ്ട് അത്  വേറെ ആരേയോ കുറിച്ചാണെന്ന്. പഴയ എഴുത്തുകളെ കാണുമ്പോ അത്രയധികം സ്നേഹമൊക്കെ എന്നിലുണ്ടായിരുന്നോ എന്ന് അതിശയപ്പെട്ടു പോകാറുണ്ട്. നീലാകാശോം വെളുത്ത മേഘങ്ങളും പിന്നിലെ പാടവും കലപില കൂട്ടണ  കിളികളും മഞ്ഞുമ്മ വക്കണ പുലരികളും ഒക്കെ ഇപ്പഴും എനിക്ക് ചുറ്റിനുമുണ്ടെന്നത് പലപ്പഴും ഞാൻ അറിയണില്ല. കണ്ണുകൾ ണ്ടായിട്ടും കാണാതെ കാതുകൾ  ണ്ടായിട്ടും കേൾക്കാതെ  ചിരിക്കാനറിയാതെ ചിരിച്ചോണ്ടും കരയാനാഗ്രഹിച്ചിട്ടും കരയാനാകാതെയും അങ്ങനെയൊക്കെയുള്ള എന്റെ ദിവസങ്ങൾ.......


14 comments:

 1. അങ്ങനെയൊക്കെ കരുതാതിരിക്കൂ ഉമച്ചേച്ചീ. Enrhaa പറയുക !!!!

  ReplyDelete
  Replies
  1. ഒന്നും പറയാത്തതാണ് ചിലപ്പോൾ നല്ലത്

   Delete
 2. വേദനകൾക്ക് ചുമല് തരാൻ
  ഓർമ്മകൾക്ക് കഴിയട്ടെ..
  ഒന്നും മറക്കേണ്ടതില്ല ഉമേ.. അതിനാവുകയുമില്ലല്ലോ.
  തളരാതിരിക്കണം പക്ഷെ.
  ഓർമ്മകളെ നേടിയത്തിനൊപ്പം പുലർത്തേണ്ടതല്ലേ...
  ശ്രമിക്കുക
  ഒപ്പമുണ്ട്.
  സ്നേഹവും മനസും.


  ReplyDelete
 3. എന്തിനാ ഈ സങ്കടവും നിരാശയുമെന്ന് മനസ്സിലായില്ല എനിക്ക്. എന്നാലും പറയുന്നു, ജീവിതത്തെ നോക്കി ചിരിക്കാന്‍ ശ്രമിക്കൂ. ഞാന്‍ ചെയ്യുന്നതും അത് തന്നെയാണ്.

  ReplyDelete
  Replies
  1. സങ്കടാണ് നിരാശയെക്കാൾ ഉപരി നിസ്സഹായതയാണ്. പത്തു വർഷത്തോളം കൂടെണ്ടായിരുന്ന കിളിക്കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മക്കിളി.

   Delete
 4. ചേച്ചിയോട് വേദനിക്കരുത് എന്ന് പറയാനുള്ള കരുത്തൊന്നും എനിക്കില്ല . എങ്കിലും പറയ്യാണ് .
  വേദനകളെ പറത്തി വിടൂ . അതിനെ കെട്ടിപ്പിടിച്ചിരിക്കുന്നത് മുള്ളു മുരിക്കിൽ ചുറ്റിപ്പിടിച്ചു ഇരിക്കും പോലെ ആണ്. ഈ വേദനകളെയും ചേച്ചി ഇത്രമാത്രം ഇഷ്ടപ്പെടുന്നത് അവളോടുള്ള സ്നേഹം കൊണ്ടാണ് എന്നറിയാം. എങ്കിലും പറയ്യാണ്. അമ്മ ഇങ്ങനെ വേദനിച്ചിരിക്കാൻ അച്ചു ആഗ്രഹിക്കുന്നുണ്ടാവില്ല. അതുകൊണ്ട് ഇനി ഞാൻ സന്തോഷങ്ങളെയും സ്നേഹത്തെയും പറ്റിയെ എഴുതൂ എന്ന് മനസ്സിനോട് പറയുക . എന്നിട്ട് ഈ ബ്ലോഗ്‌ എഴുതി നിറക്കുക . അത്ര എളുപ്പം ഉളള സംഗതി അല്ല.
  എങ്കിലും....

  ReplyDelete
 5. ഇനിയും എഴുതൂ

  ReplyDelete
  Replies
  1. ശ്രമിക്ക്യാണ്....

   Delete
 6. Kooduthal ariyilla enkilum idakkeppozho vayichariyam.. ezhuthoo... kooduthal ezhuthoo...

  ReplyDelete
 7. പഴയ എഴുത്തുകളെ കാണുമ്പോ അത്രയധികം സ്നേഹമൊക്കെ എന്നിലുണ്ടായിരുന്നോ എന്ന് അതിശയപ്പെട്ടു പോകാറുണ്ട്. നീലാകാശോം വെളുത്ത മേഘങ്ങളും പിന്നിലെ പാടവും കലപില കൂട്ടണ കിളികളും മഞ്ഞുമ്മ വക്കണ പുലരികളും ഒക്കെ ഇപ്പഴും എനിക്ക് ചുറ്റിനുമുണ്ടെന്നത് പലപ്പഴും ഞാൻ അറിയണില്ല. കണ്ണുകൾ ണ്ടായിട്ടും കാണാതെ കാതുകൾ ണ്ടായിട്ടും കേൾക്കാതെ ചിരിക്കാനറിയാതെ ചിരിച്ചോണ്ടും കരയാനാഗ്രഹിച്ചിട്ടും കരയാനാകാതെയും അങ്ങനെയൊക്കെയുള്ള എന്റെ ദിവസങ്ങൾ.?

  ReplyDelete
  Replies
  1. അത്രമേൽ കണ്ണീരണിഞ്ഞ നാളുകൾ...

   Delete