Monday, November 18, 2019

കുറേ കാലങ്ങൾക്ക് ശേഷം ഞാനിന്ന് കല്ല്യാണിക്കാവിലേക്ക് പോയി. പാച്ചു നെ  എടുത്തോണ്ട് നടന്നുപോവുമ്പോ എനിക്ക് തോന്നി അച്ചൂം കൂടെണ്ട്ന്ന്. എട്ടൊൻപത് വയസ്സു വരേം ഞാൻ എട്ത്തോണ്ട് നടന്നത് വഴിയിലെ ഓരോ മുക്കിനും മൂലയ്ക്കും അറിയാം. ഓരോ പുൽക്കൊടിയും മൺതരിയും എനിക്കൊപ്പം സങ്കടപ്പെടണപോലേം തോന്നി. വഴിയിൽ കണ്ട ഒരാൾ ചോദിച്ചു ആദ്യായിട്ടാണൊ വരണേന്ന്.

വീട്ടിലെ ഒരാൾ പോയി കഴിഞ്ഞാൽ വീട്ടുകാർക്ക് മക്കളാണേൽ അമ്മയ്ക്ക് ഭർത്താവാണേൽ ഭാര്യക്ക് സമൂഹം ഓരോ പതിവുകൾ കൽപ്പിച്ചു നൽകീണ്ട്. ആരെ കണ്ടാലും കരയണം പോയവരെ പറ്റി പറയണം‌ ദേഹം ക്ഷീണിക്കണം മുഖത്തെപ്പഴും സങ്കടം ണ്ടാവണം ആഘോഷങ്ങൾക്കൊന്നും പോവരുത് പുതിയ വസ്ത്രങ്ങൾ മേടിക്കരുത് അങ്ങനെ കൊറേ...... എന്നെ കാണുമ്പൊ പലരും അങ്ങനെയൊക്കെ എനിക്കും ണ്ടൊ ന്ന് നോക്കണതായി ഞാൻ മനസ്സിലാക്കീണ്ട്. ചിലപ്പൊ എന്റെ മനസ്സിന്റെ കൊഴപ്പം കൊണ്ടാവും ഇങ്ങനൊക്കെ തോന്നണത്. എന്റെ തെറ്റിദ്ധാരണയുമാവാം. എനിക്ക് ചുറ്റും ഇങ്ങനെയുള്ള ആളുകൾ ണ്ട്.

കല്ല്യാണി നല്ല സുന്ദരിയായിട്ടിരിപ്പുണ്ടായിരുന്നു. ഇന്നലെ മുതൽ ചുറ്റുവിളക്ക് തുടങ്ങി. നാളെ അഖണ്ഡനാമാത്രെ! കഴിഞ്ഞ കൊല്ലം ണ്ടായില്ല ശബരിമല പ്രശ്നം കാരണം. ആ സമയത്ത് എന്നും ഇവടൊരാൾക്ക് അതിന്റെ ചർച്ച കാണാനേ നേരണ്ടായിരുന്നുള്ളൂ. അച്ചു എപ്പോഴും അതും പറഞ്ഞ് തല്ലൂടുമായിരുന്നു. കഴിഞ്ഞ കൊല്ലം ഈ കാലത്താണ് അവൾ ആശുപത്രിയിലാവുന്നത്. ഒരു കൊല്ലം എത്ര വേഗാണ് കടന്നുപോയത്!!!!

പാച്ചൂന് അമ്പലക്കുളം അതിലെ വല്ല്യ മീൻ ഒക്കെ കാണിച്ചുകൊടുത്തു. അവനതൊക്കെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. അവൻ തന്നെ നടക്കാൻ തുടങ്ങി. വികൃതി കൂടിക്കൂടി വരാണ്. അച്ചൂന്റട്ത്ത്ന്ന്  നല്ലത് കേട്ടേനെ എന്നും. അമ്പലമുറ്റത്തെ പാലമരങ്ങൾ പൂത്തിട്ടില്ലെന്ന് തോന്നുന്നു. അത്ര അങ്ങ്ട് ശ്രദ്ധിച്ചും ഇല്ല.

ഈയിടെ ആയിട്ട് എനിക്ക് കൊറച്ചധികം പച്ചക്കറിക്കൃഷി മോഹം കലശലായിണ്ട്. പിന്നിലെ കാന്താരിത്തൈ വീണ്ടും പൂവിടാൻ തുടങ്ങിയ കോവൽ ഒക്കെ എനിക്കെന്റെ അച്ചുപ്പാച്ചു ആണെന്ന തോന്നലാ.....ഇതിനിടേൽ പിന്നിലെ ഒരു തെങ്ങ് ഒരു രാവിലെ ചെന്നു നോക്കുമ്പൊ കടപുഴകി വീണു കിടക്കുന്നു ഒരപകടോം വരുത്താതെ. രണ്ടു കറിവേപ്പിൻ തൈകൾ ഉണങ്ങിപ്പോയി. വഴുതനകളെല്ലാം നന്നായി നിക്ക്ണ്ട്. ഓമക്കായ തിന്നാൻ എന്നും വവ്വാൽ വരാറുണ്ട്. എനിക്കതിനെ കണ്ടാൽ പേട്യാവും. ഇനി നിപ്പേടെ ഒരു കുറവും കൂട്യേള്ളൂ. ഇവടെ ഉമ്മറത്ത്  മൂലക്കൽ എന്നും വവ്വാൽ വന്ന് വൃത്തികേടാക്കീട്ട് പോവും. രാത്രി ആയാൽ മൂലക്കൽ ചുമരിൽ അവറ്റോൾ വന്നിരിക്കും കാര്യസാധ്യം നടത്തീട്ട് പോവും. ആദ്യം എലി ആണെന്നാ വിചാരിച്ചെ പിന്നെയാ ഈ സാധനാന്ന് മനസ്സിലായെ.ഇത് വരാതിരിക്കാൻ എന്താ ചെയ്യാ????

കൊറേ നാളായില്ലെ ഞാനെന്റെ കുഞ്ഞി കുഞ്ഞി വർത്താനങ്ങൾ പറഞ്ഞിട്ട്. ഇന്നിപ്പൊ എഴുതി വന്നപ്പൊ അതിങ്ങനെയായി. ഇനിയിങ്ങനെ ഓരോന്നായി നിരത്തിയെഴുതാനൊന്നും എനിക്ക് പറ്റും ന്ന് ഞാൻ വിചാരിച്ചേയില്ല്യ. എല്ലാരോടും അങ്ങനെയാണ് പറഞ്ഞിരുന്നതും.

കാലം അങ്ങനെയാണ്. വേദനിപ്പിച്ചോണ്ടിരിക്കും.
നമ്മൾ അതിൽ നീറി നീറി.....
പ്രതീക്ഷിക്കും ഒരിക്കൽ ഈ മുറിവുണങ്ങുമെന്ന്.
ദിവസങ്ങളും ആഴ്ച കളും മാസങ്ങളും വർഷങ്ങളുമെല്ലാം കഴിയും തോറും നമ്മൾ മനസിലാക്കും പഴകും തോറും മുറിവിനു ആഴവും കൂടുന്നുണ്ടെന്ന്. വേദനിച്ച് വേദനിച്ച് വേദന ലഹരിയായി മാറാൻ തുടങ്ങും അന്നേരം. കരയാനൊ ചിരിക്കനൊ ഒന്നും സാധിക്കാത്ത ആ മരവിപ്പിൽ ജീവിക്കാൻ സുഖമെന്ന് മനസിലാക്കാൻ തുടങ്ങും.

ഉള്ളിലെവിടെയൊ ഒളിഞ്ഞുകിടക്കുന്ന സ്നേഹമെ....നീയെന്റെ മുറിവുകളിൽ തണുപ്പേകുന്ന മരുന്നാകില്ലെ????? ഇരുൾ നിറഞ്ഞ ഈയിടത്തിലൊരു തിരി വെളിച്ചമാവില്ലെ?????? നീയൊന്നു തൊട്ടാലെ കെട്ടിപ്പിടിച്ചാലെ ഉമ്മ വച്ചാലെ എനിക്കൊന്ന്  പെയ്തു തോരാനാവൂ!!!!!!!

11 comments:

 1. ഉമേ അറിഞ്ഞോ...
  ഞാൻ വീണ്ടും മാധവനായി!!
  ബ്ലോഗിന്റെ പേരും മാറ്റി.

  പിന്നേയ് കല്യാണിക്കാവ് മുൻപ് പറഞ്ഞു കേട്ടിട്ടില്ലല്ലോ.
  ചിലപ്പോ ഞാൻ വായിക്കാൻ വിട്ടു പോയിട്ടുണ്ടാവും.
  ആളുകളെ അവരുടെ പാട്ടിന് വിടൂ ഉമേ.
  കാര്യാക്കണ്ട.
  മുറിവുകൾ അല്പമെങ്കിലും ഒന്നു ശമിക്കട്ടെ എന്ന് മനസ് തൊട്ട് ആഗ്രഹിക്കുന്നു.

  ReplyDelete
  Replies
  1. പേരുമാറ്റം നന്നായി മാധവാ. കല്ല്യാണിക്കാവ് കൊറേ കാലായിട്ടേ എന്റെ വർത്താനത്തിൽ ഉള്ളതാണല്ലോ.

   Delete
 2. പെട്ടെന്ന് നിർത്തിയ പോലെ

  ReplyDelete
  Replies
  1. പറയാൻ അധികമൊന്നും ഇല്ലാത്തത്കൊണ്ടാ

   Delete
 3. വായിക്കാൻ രസം തോന്നുന്ന അവതരണം

  ReplyDelete
  Replies
  1. ആണോ സന്തോഷണ്ട് അങ്ങനെയൊക്കെ പറഞ്ഞു കേക്കുമ്പോ.

   Delete
 4. ഉമചേച്ചിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഈ വഴിക്ക് ഞാൻ ആദ്യമായിട്ടാ. വാട്സാപ്പ് ഗ്രൂപ്പിൽ ലിങ്ക് കണ്ടിരുന്നെങ്കിലും വരാൻ ഒരൽപം വൈകി. അതിന് ആദ്യമേ ക്ഷമിക്കുക.

  ആർക്കും ഓർമ്മകൾ അങ്ങനെ മാഞ്ഞുപോവുകയൊന്നുമില്ല. അതങ്ങനെ ചാരം മൂടിയ കനൽ പോലെ ഉള്ളിൽ കിടക്കും. എന്തായാലും അതൊക്കെ പോട്ടെ.. എന്ത് രസമായിട്ടാണ് എഴുതുന്നത്? വായിക്കുകയല്ല ഒരു സിനിമ കാണുകയാണ് എന്നാ തോന്നിയത്. ഇനിയും ഇങ്ങനെ തുടർച്ചയായി വരട്ടെ വരദാനമുള്ള വരികൾ...

  ഫോളോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇനി വാട്സാപ്പ് നോക്കിയാലും ഇല്ലെങ്കിലും പുതിയ പോസ്റ്റ് വരുമ്പോൾ കൃത്യമായി എത്തിക്കോളാം :-)

  ReplyDelete
  Replies
  1. വന്നേനും നന്നായി ന്ന് പറഞ്ഞേനും ഇനീം വന്നോളാം ന്ന് പറഞ്ഞേനും ഒക്കേം സന്തോഷം ട്ടൊ.

   Delete
 5. കാലം പോകവെ മുറിവുകൾ മായുക തന്നെ ചെയ്യും... പിന്നെ ഇടയ്ക്കെപ്പോഴോ വന്നു പോകുന്ന ഒരു വിങ്ങൽ മാത്രമാകും... അനുഭവം കൊണ്ടു പറയുകയാണെന്ന് കൂട്ടിക്കോളൂ...

  ReplyDelete
 6. പ്രളയം വരുത്താതെ പെയ്തു തീരു ...!

  ReplyDelete