Tuesday, November 26, 2019

രണ്ട് മൂന്നു മാസങ്ങൾക്കു ശേഷം  ഫേസ് ബുക്ക്‌ വീണ്ടും തുറന്നു. എന്താന്നറിയില്ല ആഴ്ച ഒന്നാവാറായപ്പഴേക്കും വീണ്ടും പൂട്ടിക്കെട്ടി പോന്നു. ഇത്രയധികം ഒരു മടുപ്പ് ഇതിനു മുൻപൊരിക്കൽ പോലും തോന്നീട്ടില്ല. ഓരോ തവണ ഫോട്ടോ ഇടുമ്പഴും പുതിയ ഫ്രണ്ട്സിനെ ആരെയെങ്കിലുമൊക്കെ കിട്ടാറുണ്ട്. കഴിഞ്ഞ കുറേക്കാലമായിട്ട് സൗഹൃദങ്ങൾ ഉണ്ടാക്കാനോ ഉള്ളതിനെ നല്ല രീതിയിൽ കൊണ്ടുനടക്കാനോ ഒന്നും സാധിക്കാറില്ല. വേണമെന്ന് തോന്നണില്ല എന്നതാണ് സത്യം.

ബ്ലോഗിൽ നിന്നും കണ്ട് ഇഷ്ടപ്പെട്ടു ഫേസ് ബുക്കിലൂടെ കണ്ടെത്തി അങ്ങോട്ട് പോയി സുഹൃത്തുക്കൾ ആക്കിയെടുത്ത ഒരു കാലമുണ്ടായിരുന്നു. ഓടി നടന്ന് ചങ്ങാതിമാരെ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു കാലം. എല്ലാം നല്ല മനസുള്ള വ്യക്തിത്വമുള്ള ഭംഗിയായി ജീവിക്കുന്ന എഴുതുന്ന ചിന്തിക്കുന്ന ആളുകൾ..... എല്ലാവരോടും ഇഷ്ടമായിരുന്നു. എന്റെ അപകർഷതാബോധം കൊണ്ടാവും ഒട്ടു മിക്ക സൗഹൃദങ്ങളിൽ നിന്നും ഞാൻ തിരിഞ്ഞു നടക്കാൻ ശ്രമിച്ചത്.

ആർട്ടിസ്റ്റ് സിനിമയിൽ ആൻ ന്റെ ലാസ്റ്റ് ഡയലോഗ് ണ്ട്. ഏതൊരു ബന്ധത്തിനും ഒരു എൻഡിങ് പോയിന്റ് ണ്ട്. അവടെത്തിയാൽ പിന്നേ വേണ്ടെന്നാഗ്രഹിച്ചാൽ പോലും നമുക്ക് തിരിച്ചു നടന്നെ പറ്റൂ ന്ന്. എന്റെ പല relations ലും അത് സത്യമാണെന്ന് തോന്നിയിട്ടുണ്ട്. അത് മനസിലാക്കിയതിൽ പിന്നേ സൗഹൃദങ്ങളെ ഞാൻ ആഗ്രഹിച്ചിട്ടേയില്ല. ഉണ്ടാക്കാൻ ശ്രമിച്ചിട്ടുമില്ല. ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സങ്കടം കിട്ടിയപ്പോൾ ഞാൻ  കൈവിട്ട പല സൗഹൃദങ്ങളും കൂടെ നിന്ന് ആശ്വസിപ്പിച്ചു. പുതിയ സൗഹൃദങ്ങൾ ആ കാരണം കൊണ്ട്തന്നെ തേടിവന്നു. ഞാൻ മനസിലാക്കിയതിനേക്കാൾ കൂടുതൽ ആഴമുള്ള ചില സൗഹൃദങ്ങൾ എനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞു. നാളുകൾക്ക് ശേഷം സംസാരിക്കുകയാണെങ്കിൽ പോലും ആ ഒരു വിടവ് അനുഭവപ്പെടാത്ത അവസാനം നിർത്തിയിടത്ത് നിന്നും പറഞ്ഞുതുടങ്ങാൻ സാധിക്കുന്ന മനോഹരമായ അപൂർവ്വമായ  ചില സൗഹൃദങ്ങൾ എനിക്കുണ്ട്. പലരും അത് പ്രത്യേകമായി എടുത്ത് പറയുമ്പോൾ എനിക്കൊരു സംശയം ഉണ്ടാവാറുണ്ട്  ഞാൻ നല്ലൊരു സുഹൃത്ത്  ആണോന്ന്.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനിപ്പോഴും എൻറെയോരോ സുഹൃത്തുക്കളിൽ നിന്നും അകലാൻ ശ്രമിക്കുന്നുണ്ട്. പണ്ടൊരിക്കൽ പറഞ്ഞ പോലെ മൗനം കൊണ്ടൊരു കൂടുണ്ടാക്കി അതിനുള്ളിൽ തനിച്ചിരിക്കാൻ ശ്രമിക്കുന്നൊരു ഞാനാണ് ഇപ്പോഴത്തെ ഞാൻ.  ഒറ്റക്കായിപ്പോകുന്നവരുടെ വിഷമം ഒരിയ്ക്കലും ഒറ്റക്കാവണം എന്നാഗ്രഹിക്കുന്നവർക്ക് മനസിലാവില്ല.  ഒരു സഹായത്തിനായി കൈ നീട്ടിയാൽ പിടിച്ചു കേറ്റാൻ ഒരുപാട് കൈകൾ നീണ്ടുവരുമെന്നു ഉറപ്പുണ്ടെനിക്ക്. ആ ധൈര്യത്തിലാവും ഒറ്റക്കാവാൻ ഞാനിങ്ങനെ ആഗ്രഹിക്കുന്നത്.

എന്നെ  എന്റെ സുഹൃത്തുക്കൾ  എങ്ങനെയാവും നിർവചിക്ക്യാ..... അറിയില്ല. ഒരുപക്ഷെ ഒരുപാടു പേരിലൊരാൾ മാത്രമായിരിക്കും പലർക്കും ഞാൻ. ഒന്നെനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. എന്റെ സൗഹൃദങ്ങളിലെല്ലാം ഞാൻ സത്യസന്ധയായിരുന്നു. മുഖംമൂടിയില്ലായിരുന്നു. ഓരോരുത്തരും സ്പെഷ്യൽ ആയിരുന്നു. ഒരുപാടുപേരിൽ ഒരാൾ എന്ന തോന്നൽ ഞാനാർക്കും നൽകാതിരിക്കാൻ  എപ്പോഴും ശ്രദ്ധിച്ചിരുന്നു.


10 comments:

 1. എന്തിനാപ്പോ സൌഹൃദങ്ങള്‍ മാറ്റിവക്കണേ?
  ഒറ്റക്കാണെന്ന് വാചാരിക്കാതെ, ഒറ്റക്കല്ല എന്നു വിചാരിക്കുക.

  ReplyDelete
  Replies
  1. ഓരോരോ തോന്നലുകൾ അല്ലാതെന്താ

   Delete
 2. ഒറ്റക്കല്ല എന്ന് വിചാരിക്കുന്നതാണ് ഒറ്റപ്പെടലിൽ നിന്ന് രക്ഷപെടാൻ ഏറ്റവും നല്ല മാർഗം. ഇങ്ങോട്ടും ഓടിപ്പോണ്ട പഴയതു നിലനിൽക്കട്ടെ, പുതിയ ധാരാളം സൗഹൃദങ്ങൾ ഉണ്ടായിവരട്ടെ അങ്ങനെ ഉമചേച്ചിയുടെ ജീവിതത്തിൽ സന്തോഷം പരക്കട്ടെ എന്നാശംസിക്കുന്നു..

  ReplyDelete
  Replies
  1. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തന്ന പുതിയ സൗഹൃദം 🙂

   Delete
 3. FB ഉം കോപ്പും ഒക്കെ എന്ത് കുന്തെങ്കിലും ആവട്ടെ..വേണങേ മതി..
  ബ്ലോഗ് ന്ന് എങ്ങാനും പോയാ..
  ആ...
  തനിചാവൽ ഒരു സുഗോല്യാത്ത ഏർപ്പാട ട്ടാ..
  ഇനീപ്പോ തനിച്ചായെ പറ്റൂന്നാണെങ്കില്
  ആൾക്കൂട്ടത്തിൽ തനിയെ പോലെ ആയിക്കോ..
  അടുത്ത പരിപാടി നാഗമോഹനെ പിടിച്ചു കറി വെച്ച് ഞാനും,ധനും കൂടി കടിച്ചു പരിക്കണ ഒരു ഭീകര സെൽഫി അയക്കലാണ്... ജാഗ്രതൈ

  ReplyDelete
  Replies
  1. ഒരിത്തിരി ദുഷ്ടത്തരം കൂടീണ്ട് ട്ടൊ. വല്ല കോഴീം പോത്തും ആടും ഒക്കെ പോരെ നാകമോഹൻ തന്നെ വേണം ന്ന് ന്താ ത്ര നിർബന്ധം 😡

   Delete
 4. ഒരു മൊബൈലും ആവശ്യത്തിന് ഇന്റർനെറ്റും
  ഉണ്ടെങ്കിൽ ഒറ്റപ്പെടൽ എന്ന കുന്ത്രാണ്ടം ഇല്ലാത്ത കാലമാണിപ്പോൾ ...

  ReplyDelete
 5. സൗഹ്യദങ്ങളാണ് പലപ്പോഴും പല ഘട്ടങ്ങളിലും നമുക്ക് ആശ്വാസം തരുന്നത്. കിട്ടാവുന്നത്ര ഓഫ് ലൈൻ സൗഹൃദങ്ങൾ സമ്പാദിക്കു. ജീവിതം വീണ്ടും സന്താഷ പൂർണ്ണമാകും.ദൈവം അനുഗ്രഹിക്കട്ടെ 1

  ReplyDelete
 6. ഒറ്റക്കായി ഇരിക്കാനുള്ള ആ താത്പര്യത്തെ അങ്ങ് പറിച്ചു കള ഉമേച്ചീ... ബാക്കി ഒക്കെ പുറകേ ശരിയായിക്കോളും.!!!
  ഉമേച്ചിയുടെ സ്നേഹമുള്ള വരികൾ ആണ് എനിക്ക് ഉമേച്ചിയോട് ഇഷ്ടം തോന്നാൻ ഉളള കാരണം . പുല്ലിനോടും പൂവിനോടും മഞ്ഞു തുള്ളിയോടുമൊക്കെ സ്നേഹം തോന്നണമെങ്കിലും കിന്നാരം പറയാൻ കഴിയണമെങ്കിലും അത്രമേൽ നിർമലമായ ഒരു ഹൃദയം ഉണ്ടായിരിക്കണം...!!!

  ReplyDelete
 7. സൗഹൃദങ്ങൾ എന്നും ഒരാശ്വാസം ആണ്‌. നല്ല സൗഹൃദങ്ങൾ. ഏതോ ബ്ലോഗർ മുഖേന ഉമയെ പറ്റി അറിയാം. മനസ്സ് സ്വസ്ഥമാക്കി ഇരിക്കൂ.. എഴുത്തും വായനയും സൗഹൃദങ്ങളും തുടരൂ.. ഈശ്വരൻ നമുക്കു തന്ന ജീവിതം നാം ജീവിച്ചു തന്നെ അതും സുന്ദരമായി. ഒപ്പം സങ്കടങ്ങളും,സന്തോഷങ്ങളും ഉണ്ടാവും.

  ReplyDelete