Friday, November 15, 2019

തൃപ്രയാർ ഏകാദശി ആവാറായീന്നു  ഇന്നാണ് ഓർത്തത്. ഏകാശിക്ക് വരണുണ്ടോ ന്ന് രാധ വല്യമ്മ ചോദിച്ചപ്പോ. മഞ്ഞു കാലം ആയപോലെയൊന്നും തോന്നുന്നേയില്ല. കാറ്റും വീശല് കുറവാണ്. ഏകാദശി ആയെന്നു തോന്നുക ഇത് രണ്ടും അറിയാൻ തുടങ്ങുമ്പോഴാണ്. പാല പൂക്കണ സമയവും ഇതുതന്നെ. അമ്പല മുറ്റത്തെ പാലമരങ്ങൾ പൂത്തോ ആവോ !!!! കോഴിക്കോട്ടേക്ക് പോയിരുന്ന തിങ്കളാഴ്ചകളും മനസ്സിലേക്കോടിയെത്തി.

ഇല കാണാത്ത വിധം പൂത്ത പാലമരങ്ങൾ എന്റെയുള്ളിൽ ഒരുപാട് സ്നേഹത്തെ നിറച്ചിരുന്നു. അല്ലെങ്കിലും നിറവുള്ള കാഴ്ചകളെല്ലാം എനിക്കെന്നും സ്നേഹമാണ്. നിറഞ്ഞു പെയ്യുന്ന മഴ നിറഞ്ഞൊഴുകുന്ന പുഴ നിറഞ്ഞ വെയിൽ  അതിൽ നിറയുന്ന തണൽ മരങ്ങൾ അതിലെ നിറവുള്ള നിറമാർന്ന ഇലകൾ ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ മുഖത്ത് കാണുന്ന നിറഞ്ഞ ചിരി  അങ്ങനെ നിറവുള്ളതെല്ലാം എനിക്ക് സ്നേഹമാണ്.

സ്നേഹം നിറയുമ്പോൾ മനസ്സ്  തീർത്തും ശാന്തമാവും. അല തല്ലി ഒഴുകിയിരുന്ന കടൽ ശാന്തമാവുന്നതു പോലെ....... സമാധാനത്തോടെ ഒരു നിമിഷമെങ്കിലും ജീവിക്കാനാവുന്നതിനേക്കാൾ വല്ല്യ കാര്യം വേറെന്താണുള്ളത്  അല്ലെ ???
സ്നേഹം എത്ര മൃദുവായ ഒരു വാക്കാണ് ... അത്ര തന്നെ ശക്തമായ ഒരു സത്യവും.
ഞാനെപ്പഴും അങ്ങനെ ആലോചിക്കാറുണ്ട്. സ്നേഹത്തെ കുറിച്ച്.

ഒരേ സമയം സന്തോഷവും സങ്കടവും ചിരിയും കരച്ചിലും
മുറിപ്പെടുത്തലും മുറിവുണക്കലും
അങ്ങനെയൊക്കെയാണ്  സ്നേഹം.
ഓർക്കാൻ ശ്രമിക്കുംതോറും മറന്നു പോകുന്ന
മറക്കാൻ ശ്രമിക്കുംതോറും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന
ചേർത്ത് പിടിക്കാൻ നോക്കുമ്പോ വിട്ടുപോവുന്ന
ഒഴിഞ്ഞു മാറാൻ നോക്കുമ്പോ കെട്ടിപ്പിടിക്കുന്ന
സ്നേഹം എന്തൊരു വികൃതിയാണ് !!!!!

ഇനിയൊരിക്കലും ഒരു വാക്കുപോലും എഴുതാനാവില്ലെന്ന് വിചാരിച്ചിടത്ത്  നിന്നും ഇങ്ങനെയെങ്കിലും ഓരോ ബടുക്കൂസ്ത്തരം എഴുതുന്നത്  സമാധാനത്തെ കണ്ടെത്താനുള്ള ശ്രമമാണ്. ഡയറി  എഴുതുന്നത് പോലെ ദിവസോം  ഇങ്ങനെ എഴുതാൻ സാധിക്കണേന്നാണ്  ഇപ്പൊ ആഗ്രഹം. രണ്ടാമതൊന്നുകൂടി വായിച്ചുനോക്കാതെ.... മറ്റുള്ളവർ വായിച്ചു കളിയാക്കിയാലോ എന്നൊരു ചിന്തയില്ലാതെ ഇങ്ങനെ തോന്നീതൊക്കെ എഴ്താൻ കഴിയണം.

എങ്കിലും ഇതും വന്നു വായിച്ച് രണ്ടുവരി അഭിപ്രായം പറഞ്ഞിട്ട് പോകുന്നവരോട്  ഒന്നേ പറയാനുള്ളൂ.  ഒരുപാട് സ്നേഹം.


എല്ലാവരോടും സ്നേഹം !!!!!


9 comments:


  1. സ്നേഹം നിറയുമ്പോൾ മനസ്സ് തീർത്തും ശാന്തമാവും.
    അല തല്ലി ഒഴുകിയിരുന്ന കടൽ ശാന്തമാവുന്നതു പോലെ..
    സമാധാനത്തോടെ ഒരു നിമിഷമെങ്കിലും ജീവിക്കാനാവുന്നതിനേക്കാൾ
    വല്ല്യ കാര്യം വേറെന്താണുള്ളത് അല്ലെ ?
    സ്നേഹം എത്ര
    മൃദുവായ ഒരു വാക്കാണ് ...
    അത്ര തന്നെ ശക്തമായ ഒരു സത്യവും.

    ReplyDelete
  2. ഞാനാദ്യമെത്തി തേങ്ങ ഉടക്കണമെന്ന് കരുത്തിയതാ, അപ്പഴേക്കും വന്നൂല്ലോ നമ്മുടെ ബിലാത്തിപ്പട്ടണം.

    ഗുരുവായൂര്‍ ഏകാദശി അടുത്തൂന്നു പത്രത്തില്‍ കണ്ടിരുന്നു. അപ്പോ തൃപ്രയാര്‍ ഏകാദശിയും വരാറായിട്ടുണ്ടാവണം.

    ReplyDelete
    Replies
    1. ഇത്തവണ തൃപ്രയാർ ഏകാശി ആണ് ആദ്യം.

      Delete
  3. ഉമേ...വെയിലും നിലാവും പാലപ്പൂവും,
    പവിഴമല്ലിയും...പണ്ടത്തെ നാഗമോഹനുമൊക്കെ ഓർമ്മയിൽ മാറി മാറി വന്നു പോകുന്നുണ്ട് ട്ടാ

    ReplyDelete
    Replies
    1. മാധവൻ കണ്ട് ണ്ടൊ നാകമോഹനെ???? നല്ല ചന്താണ്. ഞാൻ കണ്ടിട്ട് കൊറേക്കാലായി.

      Delete
    2. സ്‌കൂളിൽ പടിക്കുമ്പോ കണ്ടിണ്ട്.
      അതിന്റെ മണ്ടക്ക് കണ്ണി മാങ്ങ വച്ച് കവണ വിട്ടു.അതിന്റെ മുതുകിൽ കൊണ്ടു..വളർത്താൻ ഇഷ്ടായിട്ടായിരുന്നു ട്ടാ.പക്ഷെ ഞാൻ ഓടിച്ചെല്ലുമ്പോൾക്കും അത് പറന്ന് പോയി.
      നല്ല രസാ കാണാൻ.

      Delete
    3. അത് പറന്നുപോയത് നന്നായി. പാവം.

      Delete
  4. അമ്പല മുറ്റത്തെ പാലമരങ്ങൾ പൂത്തോ ആവോ എന്നറിയില്ല പക്ഷെ ഒരു ബ്ലോഗ് പൂക്കാൻ ഇത്രയും മധുരമായി എഴുതിയാൽ മാത്രം മതിയല്ലോ <3

    ReplyDelete