Thursday, October 13, 2011

മഴയുടെ സ്നേഹം എനിക്ക് തന്നത് നഷ്ടപ്പെട്ട എന്നിലെ എന്നെ ആയിരുന്നു..........

തുലാവര്‍ഷം തുടങ്ങിയെന്നു അമ്മ പറയുന്നത് കേട്ടപ്പോള്‍ ആണ് ഞാന്‍ ചിന്തിച്ചത് അപ്പൊ ഇടവപ്പാതി പോയതെപ്പോഴെന്ന്.
ഞാന്‍ അറിഞ്ഞതേയില്ല.
മഴ പോയതും,വെയില്‍ വന്നതും.................
ഇപ്പോള്‍ ഓര്‍ക്കുന്നു ഇടക്കെപ്പോഴോ ഞാന്‍ കണ്ടിരുന്നു നീലാകാശത്തെ.
കഴിഞ്ഞുപോയ ദിനങ്ങളെ വീണ്ടും ഓര്‍മ്മ വരുന്നു.
കുറെ നല്ലതല്ലാത്ത ദിവസങ്ങള്‍.
ഇരുളും വെളിച്ചവും മാറി മാറി വരുന്ന ജീവിതത്തില്‍ കഴിഞ്ഞ നാളുകളില്‍ മുഴുവനും ഞാന്‍ ഇരുട്ടിലായിരുന്നു.
മനസ്സിന്റെ സമനില നഷ്ടപ്പെട്ടോ എന്ന് ഭയന്ന കുറെ ദിവസങ്ങള്‍.
അവ്യക്തമായ ഏതോ ഒരു തടവറ.
അവിടെ ഞാന്‍ ഒറ്റക്കായിരുന്നു.
വിചാരണയും ചെയ്ത പാപങ്ങളുടെ ശിക്ഷയും നടപ്പാക്കപ്പെട്ട ദിനങ്ങള്‍.
ആദ്യ നിമിഷങ്ങളിലെ കരഞ്ഞുള്ളൂ.
പിന്നെ കരയാനും തോന്നിയില്ല.
ഒരു മരവിപ്പായിരുന്നു.
മനസാക്ഷിയുടെ വാദപ്രതിവാദങ്ങളില്‍ ഞാന്‍ നിശബ്ദയായിരുന്നു.
ആരോപണങ്ങളില്‍ സത്യമുണ്ടോ?
എന്നോട് ചോദിച്ചു.
ഞാന്‍ മിണ്ടിയില്ല.
മിണ്ടാന്‍ തോന്നിയില്ല.
എന്റെ മൌനം കണ്ടപ്പോള്‍ പറഞ്ഞു എനിക്ക് ഭ്രാന്താണെന്ന്.
ആണെന്ന് മറ്റുള്ളവരും പറഞ്ഞു.
കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു.
ആരും കാണാതെ ഞാന്‍ ഒരുപാട് ചിരിച്ചു.
പിന്നീടെപ്പോഴോ ചുണ്ടിലെ ചിരി,
കണ്ണിലൂടെ,
സ്ഫടികം പോലെ തിളങ്ങുന്ന കുഞ്ഞു കുഞ്ഞു മുത്തുകളായി പൊഴിയാന്‍ തുടങ്ങി.
അപ്പൊ എനിക്കും തോന്നി അതെ എനിക്ക് ഭ്രാന്തു തന്നെ.
എന്റെ ചെയ്തികള്‍ ഭ്രാന്തിയുടെത് തന്നെ.
എന്റെ ചിന്തകളോ.................
അതും അങ്ങനെ തന്നെ.
എന്റെ ഭ്രാന്ത് എന്നെ മൌനത്തിന്റെ ലോകത്തിലേക്ക്‌ കൊണ്ട് പോയി.
നിശബ്ദതയുടെ മനോഹരമല്ലാത്ത സൌന്ദര്യം എന്നെ വല്ലാതെ മോഹിപ്പിച്ചു.
ഏകാന്തതയുടെ ക്രൌര്യം കലര്‍ന്ന തടവറയ്ക്കുള്ളില്‍ ഞാന്‍ സുരക്ഷിതത്വം കണ്ടെത്തി.
ഈ ലോകം എനിക്ക് ചുറ്റും കറങ്ങുന്നു എന്ന് മാത്രം വിശ്വസിച്ചു.
അതൊരു രസമായിരുന്നു.
മനസ്സ് ശൂന്യമായി,
ഭൂതവും,വര്‍ത്തമാനവും,ഭാവിയും ഒന്നും ഓര്‍മ്മകളില്‍ ഇല്ലാതെ,
ആരെയും കുറിച്ച് ചിന്തിക്കാതെ,
ആരെയും സ്നേഹിക്കാതെ,
ചുറ്റും സംഭവിക്കുന്നതൊന്നും അറിയാതെ,
സ്വപ്‌നങ്ങള്‍ ഇല്ലാതെ,
വികാരങ്ങള്‍ ഇല്ലാത്ത ഒരു ലോകം.
കണ്ണുകളില്‍ കാഴ്ച നഷ്ടപ്പെട്ടു.
കാതുകളില്‍ കേള്‍വിയും.
ഞാന്‍ ആസ്വദിച്ചു ആവോളം.
കണ്ണടച്ചപ്പോള്‍ ഉറങ്ങാന്‍ തോന്നി.
കഴിഞ്ഞില്ല.
ഉറക്കമില്ലാത്ത രാത്രികള്‍.
ആ മായാലോകത്ത് നിന്ന് ഞാന്‍ തിരിച്ചു വരാന്‍ ആരും ആഗ്രഹിച്ചില്ല.
ഞാനും.............
പക്ഷെ പിന്നീടെപ്പോഴോ ഒരു നിമിഷം ബോധാബോധങ്ങളുടെ മത്സരത്തിനിടയില്‍ ക്ഷീണിച്ചിരുന്നപ്പോള്‍ ഞാന്‍ പോലും അറിയാതെ ആരോ എന്നെ എടുത്തുയര്‍ത്തി.
കണ്ണുകള്‍ തുറന്നപ്പോള്‍ ഞാന്‍ ഇവിടെ ആയിരുന്നു.
ഞാന്‍ ഇഷ്ടപ്പെടുന്ന കാഴ്ചകളുടെ ലോകത്ത്.
നീലാകാശവും,പച്ച നിറഞ്ഞ മുറ്റവും,നിറയെ പൂത്ത പൂന്തോട്ടവും,പാറി പറക്കുന്ന ചിത്രശലഭങ്ങളും ഉള്ള എന്റെ സ്വപ്നങ്ങളുടെ തിരുമുറ്റത്ത്.
ആരാണെന്നെ അവിടെ നിന്നും കൊണ്ട് പോന്നത്?
അറിഞ്ഞില്ല.
കണ്ണ് നിറയെ ആ കാഴ്ചകള്‍ കണ്ടു.
ഉറങ്ങാന്‍ തോന്നി.
എവിടെ നിന്നോ ഒരു താരാട്ട് കേട്ടു.
മഴ പെയ്യുന്നതായും.
അതെ,അത് മഴ പാടിയ താരാട്ടായിരുന്നു.
എനിക്ക് വേണ്ടി..................
ഞാന്‍ ഉറങ്ങാനായി....................
എനിക്ക് വേണ്ടത് ഒരു മനോഹര നിദ്രയാണെന്ന് മഴ മാത്രം അറിഞ്ഞു.
പൂക്കളും,കിളികളും,മരങ്ങളും,പാടവും,
മഞ്ഞും,മഴയും,വെയിലും,കാറ്റും ഉള്ള ലോകത്താണ് ഞാന്‍ ജീവിക്കേണ്ടതെന്ന് മഴ പറഞ്ഞു.
എനിക്ക് കൊള്ളാന്‍ ഇനിയും ഒരുപാട് ഇടവപ്പാതിയുണ്ടത്രേ!!!!!!!!!!!!!!
എനിക്ക് പേടിക്കാന്‍ ഇനിയും ഒരുപാട് തുലാവര്‍ഷ മിന്നലുകള്‍ ഉണ്ടെന്നും മഴ പറഞ്ഞു.
സ്വപ്നം കാണാന്‍ ഒരു നീലാകാശം,
ചിരിക്കാന്‍ നക്ഷത്രങ്ങളും എന്നെ കാത്തിരിക്കുന്നുവെന്ന് പറഞ്ഞു.
കിന്നാരം പറയാന്‍,കൂട്ട് കൂടാന്‍,സ്വകാര്യം പങ്കു വെക്കാന്‍,എനിക്ക് വേണ്ടി വിരിയാന്‍
എന്റെ പ്രിയപ്പെട്ട പൂക്കള്‍ കാത്തിരിക്കുന്നുവെന്നും മഴ പറഞ്ഞു.
പൂമ്പാറ്റകള്‍ എന്റെ തോട്ടത്തിലേക്ക് വിരുന്നുവരാന്‍ തിടുക്കം കൂട്ടുന്നു.
അങ്ങനെ എനിക്ക് വേണ്ടി എല്ലാം................എല്ലാവരും.......................

ഇന്ന് വീണ്ടും മഴ പെയ്തു.
ആ മഴ എന്നെ വീണ്ടും പഴയ എന്നെ ആക്കി.
ഇപ്പോള്‍ ഞാന്‍,ആ പഴയ ഞാന്‍ ആണ്.
മഴയുടെ മകള്‍.
പൂക്കളുടെ കൂട്ടുകാരി.
സ്വപ്നങ്ങളില്‍ കൂട് കൂട്ടുന്നവള്‍.
നീ പറഞ്ഞ പോലെ നിന്റെ വാരിയെല്ലില്‍ നിന്നും രൂപം കൊണ്ട നിന്റെ പ്രണയിനി.

3 comments:

  1. ഉമാ,
    കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് നിന്‍റെ ബ്ലോഗില്‍ വരുന്നത്...പതിവ് എഴുത്തില്‍ നിന്നും വ്യത്യസ്തമായി ഇത്, " കൊള്ളാം " എന്നൊരു ഭംഗി വാക്ക് പറഞ്ഞു പോകാന്‍ കഴിയാത്ത ഒരു എഴുത്ത്..മനോഹരമായി ചില വരികള്‍...മറ്റെന്തു അഭിപ്രായമാണ് പറയേണ്ടത് എന്നറിയുന്നില്ല ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍..നെഞ്ചില്‍ എവിടെയോ ഒരു നോവ്‌..
    ഇനിയും എഴുതൂ..ശ്രീപത്മനാഭന്‍ കൂടെ ഉണ്ടാകട്ടെ..
    സ്നേഹത്തോടെ മനു..

    ReplyDelete
  2. മഴ ഭൂമിയിലേക്കും പ്രണയത്തിലേക്കും തിരിച്ചു കൊണ്ടുവന്നല്ലോ...
    ഇനി പഴയതെല്ലാം മറന്നേയ്ക്കൂ..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete