Saturday, October 6, 2012

അമ്മക്കൊതി



വീണ്ടും മഴയൊഴിഞ്ഞ ദിവസങ്ങള്‍ ............
ശാന്തമായ പുലരികളും,പകലുകളും രാവുകളും.
മഞ്ഞു മൂടിയ ഇടവഴിയിലൂടെ എന്നും രാവിലെ ഒരു യാത്ര.
ചന്ദനവും,കുങ്കുമവും,മഞ്ഞളും മണക്കുന്ന അമ്പല പരിസരം.
ഇലച്ചീന്തില്‍ അവയ്ക്കൊപ്പം കിട്ടുന്ന നന്ത്യാര്‍വട്ടവും തുളസിയും താമരയിതളും ഒക്കെ മനസ്സില്‍ സമാധാനം നല്‍കാന്‍ ശ്രമിക്കാറുണ്ട്.
തൊടിയിലെ പൂക്കളില്‍ വന്നിരിക്കുന്ന പച്ചയും,ചുവപ്പും,കറുപ്പും ഉടലുകളുള്ള തുമ്പികള്‍,ഇലകള്‍ക്കും പൂവോളം മണമുള്ള ചെമ്പക മരം, 
അതിന്‍റെ ചില്ലയില്‍ വന്നിരിക്കുന്ന ഓലേഞ്ഞാലികള്‍,വണ്ണാത്തിക്കിളികള്‍,കരിയിലക്കിളികള്‍ എന്നിവയുടെ ഒച്ചേം വിളീം,
അധികം പൊക്കമില്ലാത്ത ചുവന്ന ചെറിയ അടക്കകള്‍ ഉണ്ടാകുന്ന കവുങ്ങിന്‍ ഓലകളില്‍ വന്നിരിക്കുന്ന അടക്കാക്കുരുവികള്‍,മുളംതത്തകള്‍,
അങ്ങനെ ഒക്കെ സങ്കടങ്ങളെ മറക്കാന്‍ സഹായിക്കുന്നവയാണ്.
ആരും കാണാതെ വര്‍ത്തമാനം പറയാറുണ്ട് ഇവയോടൊക്കെ,ഇവക്കു പുറമേ ആകാശത്തിനോടും,ചിലപ്പോഴൊക്കെ നക്ഷത്രങ്ങളോടും അങ്ങനെ എനിക്ക് ചുറ്റുമുള്ള എല്ലാത്തിനോടും.
എന്നിട്ടും പറഞ്ഞു തീരാതെ വരുമ്പോള്‍ എന്‍റെ വീണപൂവേ ഈ നിന്നോടും.

കല്യാണി സുന്ദരിയാവുന്നു ദിവസം കഴിയും തോറും.
തെച്ചിപ്പൂക്കള്‍ പ്രഭാ മണ്ഡലത്തിന്റെ  കുഞ്ഞു ദ്വാരങ്ങളില്‍ ഒട്ടിച്ചു വെച്ച് ശിരസ്സില്‍ കുഞ്ഞു റോസാപ്പൂക്കള്‍ വച്ച കല്യാണി തനി നാടന്‍ സുന്ദരി.
ഒരുപോലെ കത്തുന്ന നെയ്ത്തിരികള്‍ ആ തേജസ്സു കൂട്ടുന്നു.
ലത ചേച്ചീടെ വീടിന്റെ മതിലിനു മുകളില്‍ തല പൊക്കി നോക്കുന്ന പോലെ പല നിറങ്ങളില്‍ ഉള്ള കാശി തുമ്പകള്‍ ഉണ്ട്.
ചുവപ്പ്,വെള്ള,ഇളം വയലറ്റ്,കടും വയലറ്റ്,കടും റോസ് അങ്ങനെ പല നിറങ്ങള്‍.
നല്ല ഭംഗിയാണ് ഒരുമിച്ച് നില്‍ക്കുന്നത്.
നിറയെ കുഞ്ഞു പൂമ്പാറ്റകള്‍ ഉണ്ടാവും ചുറ്റും.
മഞ്ഞു പുതച്ച പാടവും,അക്കരെ ഒരു പഴയ കൂട്ടോള്ള ഓടിട്ട വീടും അവിടെയുണ്ട്.
വീടിന്‍റെ മുകളിലെ മുറിയില്‍ ഒരു മരയഴിയിട്ട ജനാലയും.
അതിലൂടെ പാടം കാണാന്‍ ഏറെ രസാവും.
രാപകലുകളേം ,സൂര്യചന്ദ്രന്മാരേം,ആകാശോം,അമ്പലോം അങ്ങനെ ഒക്കെ..............

വെയിലിനു കനം വെച്ച കണ്ടപ്പോള്‍ ഇനി ഇപ്പൊ മഴ തീര്‍ന്നു എന്നാ കരുതിയിരുന്നേ.
അപ്പഴാ നാലഞ്ചു ദിവസം മുന്‍പ് ഫേസ് ബുക്കില്‍ കത്തി വെച്ച് കൊണ്ടിരുന്നപ്പോള്‍ രാത്രി മഴ പെയ്തെ!!!!
ജനാല തുറന്നു മഴയെ നോക്കി അന്തം വിട്ടു നിന്നപ്പോ കിട്ടിയ സന്തോഷം അത് നിന്‍റെ വാക്കുകളെ വായിക്കുമ്പോള്‍,നിന്‍റെ നമ്പര്‍ മൊബൈലില്‍ തെളിയുമ്പോള്‍ ഒക്കെ കിട്ടാറുള്ള സന്തോഷം പോലെ തന്നെ ആയിരുന്നു.
അന്ന് നല്ല ഇടിമിന്നലും ഉണ്ടായിരുന്നു.
പിറ്റേന്നും മുഴുവനും മഴ തന്നെ മഴ.
ആരും കാണാതെ മഴ നനയാന്‍ ഒരു രസം തന്നെയാണ്.
മനസ് ഒരിക്കല്‍ കളഞ്ഞുപോയ നിഷ്കളങ്കത തിരികെ കിട്ടിയ സന്തോഷത്തില്‍ നനഞ്ഞു കുതിരും.
മഴ നനഞ്ഞു അവളോട്‌ മിണ്ടിക്കൊണ്ടിരുന്നു.
അവള്‍ അങ്ങ് ദൂരെയാണ്.
അവിടെ ചൂടാത്രേ!!!!!!
ഞാന്‍ മഴ നനയുന്നു എന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കു അസൂയ വന്നു.
(അവള്‍ എന്‍റെ സ്വന്തം അമ്മു.
എന്‍റെ അനിയത്തി.)

ഈയലുകളെ ഇഷ്ടമല്ലെങ്കിലും,പിറ്റേന്ന് സന്ധ്യയില്‍ അവ മണ്ണില്‍ നിന്നും പൊന്തിയില്ലെങ്കില്‍ എനിക്ക് വിഷമമാണ്.
മഴ പെയ്തിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ അവ വരേണ്ടത് തന്നെ.
തോട്ടം മുഴുവനും പുല്ലു നിറഞ്ഞിരിക്കുകയാണ്.
മുട്ടൊപ്പം എത്തി.
നാളികേരം വീണാല്‍ പോലും കാണില്ല.
അത്രേം ഉണ്ട്.
തൊഴിലുറപ്പ് പദ്ധതി പ്രകാരം പുല്ലു കളയാന്‍ വരുമെന്ന് പറഞ്ഞതിനാല്‍ വേറെ പണിക്കാരെ നിര്‍ത്തിയില്ല ഇനിയും.
അവരെ ആണെങ്കില്‍ കാണുന്നും ഇല്ല.
മുക്കുറ്റി നിറയെ ഉണ്ട് തോട്ടം മുഴുവനും ഇപ്പോഴും.
എന്ത് ഭംഗിയാണെന്നോ കാണാന്‍ !!!!!!!!!!!!!!!!!!!!!

ഇതിനിടയില്‍ അച്ചൂന്റെ പിറന്നാള്‍ കഴിഞ്ഞു കേട്ടോ.
ചെറുതായി ഒരു ആഘോഷം.
അവള്‍ടെ പിറന്നാളിന് പോകാന്‍ പറ്റിയിരുന്നില്ല ഗുരുവായൂര്‍ക്ക്.
അതുകൊണ്ട് ജന്മ ദിനത്തിന്‍റെ അന്ന് പോയി.
ഗാന്ധി ജയന്തീടെ അവധി ആയിരുന്നതിനാല്‍ നല്ല തിരക്കായിരുന്നു.
എന്നാലും കണ്ണനെ കണ്ടു.
ഓടക്കുഴലും പിടിച്ച മുട്ട് കുത്തി കിടക്കുന്ന രൂപത്തില്‍ ആയിരുന്നു കളഭം ചാര്‍ത്തിയിരുന്നത്.
മമ്മിയൂരും,പാര്‍ത്ഥസാരഥിയിലും,പെരുന്തട്ടയിലും കൂടി പോയി.
കാറിലെ ചില്ലില്‍ കൂടി ആകാശം നോക്കിയിരിക്കാന്‍ നല്ല രസമാണ്.
ഗ്ലാസിലെ കൂളിങ്ങില്‍ കൂടി സൂര്യനെ കാണുമ്പോള്‍ ആ വെണ്മ യ്ക്ക് ഒരു തിളക്കം കൂടിയുണ്ട്.
വൈരത്തിന്റെ പോലെ.
കാറില്‍ ഇരിക്കുമ്പോള്‍,ആകാശം കണ്ടപ്പോള്‍ തോന്നി "എന്തൊരു വല്യേ നീലാകാശം " ആണെന്ന്.
നിറയെ വെള്ള മേഘങ്ങള്‍.,ശരിക്കും ഒരു പെയിന്റിംഗ് പോലെ.
മേഘങ്ങള്‍ കുഞ്ഞു കുഞ്ഞു പഞ്ഞിക്കെട്ടുകള്‍ പോലെ നിരന്നിരിക്കുകയായിരുന്നു.
ഓരോ മേഘത്തിലും ഞാന്‍ എനിക്ക് പ്രിയപ്പെട്ടവരുടെ മുഖത്തെ സങ്കല്‍പ്പിച്ചു.
അവരുടെ ചിരി കണ്ടു.
ഈ തവണ ഈ കാഴ്ചകള്‍ എല്ലാം എന്നില്‍ പ്രണയമെന്ന ചിന്തയേക്കാള്‍ കൂടുതല്‍ സൌഹൃദങ്ങളെ ആണ് ഓര്‍മ്മിപ്പിച്ചത്.
(എങ്കിലും പ്രിയപ്പെട്ടവനെ................നീ കൂടെ തന്നെ ഉണ്ടായിരുന്നു.
നീയില്ലാതെ........).


ഇന്ന് കുഞ്ഞൂട്ടന്റെ പിറന്നാള്‍ ആയിരുന്നു.
വയസ്സ് തികയുന്ന പിറന്നാള്‍.
സദ്യയൊക്കെ ഉണ്ടാക്കി.
പാലട പ്രഥമന്‍ ആയിരുന്നു പായസം.
ഇവിടെ മേടം മുതല്‍ ധനു വരെ എല്ലാ മാസോം ആരുടെയെങ്കിലും ഒക്കെ പിറന്നാള്‍ ഉണ്ടാകും.

അച്ചു വാശി ആയ കാരണം സത്യം പറഞ്ഞാല്‍ ഇപ്പൊ ബ്ലോഗ്‌ ലോകത്തേക്ക് വരാറേയില്ല.
ഫേസ് ബുക്ക്‌ മാത്രേ നോക്കാന്‍ പറ്റൂ.
അതിനെ സമ്മതിക്കൂ !!!
എന്നിട്ടും ഒരിക്കല്‍ മന്‍സൂര്‍ ഒരു അഭിപ്രായത്തില്‍ പറഞ്ഞപോലെ എന്‍റെ ഹൈ വോള്‍ട്ടേജ് പ്രണയം  ഒരു പോസ്റ്റ്‌ രൂപത്തില്‍ പുറത്തേക്കു വന്നു.

മഴയും മഞ്ഞും,ഈ പ്രകൃതിയും എല്ലാം എന്നില്‍ നിന്നെ നിറയ്ക്കുന്നുണ്ട്.
നിന്‍റെ പ്രണയത്തെ അറിയിക്കുന്നുണ്ട്.
എന്നിട്ടും ഇടക്കെങ്കിലും മനസ് കണ്ണുകളിലൂടെ ഒരു മഴ പൊഴിക്കുന്നു.
ആ കണ്ണീരിറങ്ങി എന്‍റെ മനസിലെ നീ നല്‍കിയ ആ പ്രണയവര്‍ണങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

നിന്‍റെ പ്രണയത്തിനു പോലും മായ്ക്കാനാവാത്ത എന്‍റെയുള്ളിലെ ആ മുറിവ്............അതെന്തിന്റെയാണ്???????
നിന്‍റെ പ്രണയം നല്‍കിയ കടലിനു നടുവില്‍ ഞാന്‍ ഒരു ദ്വീപു പോലെ.......
ഇഷ്ടമായിരുന്നു എനിക്കത്.
എങ്കിലും ഇടക്കെപ്പോഴോ എന്‍റെ ഒറ്റപ്പെടല്‍ എന്നെ വേദനിപ്പിക്കുന്നു.
കൂട്ടിനു നിന്‍റെ പ്രണയം,ഒരു കൂട്ടം സൗഹൃദം,ഒക്കെ ഉണ്ടെങ്കിലും......

അപ്പോഴൊക്കെ ഞാന്‍ തിരയുകയായിരുന്നു .
 ഞാന്‍ ആരെയോ തേടുകയായിരുന്നു.
ആരുടെയോ സ്നേഹം വല്ലാതെ കൊതിക്കുകയായിരുന്നു.
ആരെയാണ്,ആരുടെയാണ് എന്ന് ഏറെ അന്വേഷിക്കേണ്ടി വന്നില്ല.
തിരിച്ചറിഞ്ഞിരുന്നു.
"എനിക്കിപ്പോള്‍ അമ്മക്കൊതിയാണ്."
അമ്മയെ ആണ്,അമ്മേടെ സ്നേഹത്തെ ആണ് എനിക്കപ്പോള്‍ വേണ്ടിയിരുന്നത്.
എന്നോ എനിക്ക് നഷ്ടമായ...............

തിരിച്ചറിവ് ഉണ്ടായ കാലത്താണ് എനിക്കത് നഷ്ടമായത്.
ആ കാലത്തില്‍ ആദ്യം അറിയേണ്ടിയിരുന്നതും അതാണ്‌..
നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് സ്നേഹിച്ചിരുന്നു എന്ന് മനസിലാവുന്നത്.
അതിനു മുന്‍പ് വരെ അമ്മ എന്നും ഒരു പേടി ആയിരുന്നു.
പക്ഷെ ഇനിയൊരിക്കലും കൂടെ അമ്മയില്ലെന്നു മനസിലായപ്പോള്‍ അവള്‍ ഏറെ സ്നേഹിച്ചു .
കാണാന്‍ കൊതിച്ചു.
ആ സ്നേഹം ഇന്നും അവള്‍ക്കുള്ളില്‍ ഉണ്ട്.
അവളിന്നും കാത്തിരിക്കുന്നുണ്ട്,പുറമേക്ക് എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും.

ഓര്‍ക്കുകയാണ് ............
അമ്മ കൂടെയുണ്ടായിരുന്നെങ്കില്‍ ജീവിതം ഇന്ന് ഇങ്ങനെ ആവുമായിരുന്നോ???????????
സ്നേഹിക്കാന്‍ ഇത്രയേറെ പേരുണ്ടായിട്ടും തോന്നുന്ന ഈ ഒറ്റപ്പെടല്‍, അതില്ലാതാവുമായിരുന്നു.
ജീവിതത്തില്‍ ഒന്നുമൊന്നും ആയില്ലെന്ന് ഓര്‍മിപ്പിക്കുന്ന ഈ അപകര്‍ഷതാബോധവും ഇല്ലാതാവുമായിരുന്നു.
എനിക്ക് നേരെ നോക്കുന്ന മുഖങ്ങളിലെ നന്മ തിന്മകളെ,ആത്മാര്‍ഥതയെ ഒക്കെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുമായിരുന്നു.
അമ്മയെ നഷ്ടപ്പെടുത്തിയതിലൂടെ വിധി നല്‍കിയ നഷ്ടം  എന്‍റെ ഉള്ളിലെ മറ്റൊരു എന്നെ ആയിരുന്നു.

ഒരിക്കല്‍ പറഞ്ഞിരുന്നു ചിലര്‍ ജീവിതത്തില്‍ സംഭവിക്കുന്ന തോല്‍വികളെ ഉള്‍ക്കൊണ്ട് അവയില്‍ നിന്നും കര കേറി കരുത്തരാകുന്നു.
മറ്റു ചിലര്‍ ആ തോല്‍വികളെ നേരിടാനാവാതെ തളര്‍ന്നു പോകുന്നു.
ഇതില്‍ അവള്‍ ????????????

അമ്മയെ നഷ്ടപ്പെടുത്തിയ വിധിയോട്,ദൈവങ്ങളോട്  അവള്‍ക്കു ദേഷ്യമില്ല.
പരിഭവമില്ല.
പരാതിയും ഇല്ല.
സങ്കടം മാത്രം.
ഉള്ളു നിറയുന്ന കണ്ണീര്‍ ഇടക്കെങ്കിലും പുറത്തേക്കൊഴുക്കിയേ പറ്റൂ.
അല്ലെങ്കില്‍ ഉള്ളിലിരുന്നു വിങ്ങി വിങ്ങി ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കും.

ദൈവങ്ങളോടും വിധിയോടും ഒക്കെ എനിക്ക് നന്ദിയുണ്ട്.
നഷ്ടപ്പെട്ടതിനു പകരം മറ്റൊന്നും ഇല്ലെങ്കിലും 
ജീവിതത്തില്‍ മറ്റു പലതും നല്‍കി.
കണ്ണീര്‍ ഇപ്പോള്‍ എനിക്ക് അമ്മയുടെ ഓര്‍മ്മയും,നീ നല്‍കുന്ന  വിരഹവും,അച്ചുവെന്ന സത്യവും ആണ്.
ഈ നീര്‍മുത്തുകള്‍ നിറഞ്ഞ ഒരു കുഞ്ഞു കടലുണ്ട് എന്‍റെ മനസ്സില്‍.,
അതില്‍ നിറയെ സ്നേഹവും.















12 comments:

  1. ഉമാ,
    ആദ്യഭാഗത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിനു ഒരുപാട് സന്തോഷം തോന്നി!!!!
    പിന്നെ പിന്നെ അവസാനമായപ്പോഴേക്കും
    സങ്കടമായി!!
    എന്നോ നഷ്ടപ്പെട്ടുപോയ അമ്മയുടെ സാമീപ്യം ,എന്റെയും കണ്ണുകളെ ഈറനണിയിച്ചു!!
    എല്ലാ നന്മ്മകളും നേരുന്നു ഉമാ....

    ReplyDelete
  2. പ്രിയപ്പെട്ട ഉമ മാം,

    ശരിക്കും കാവ്യാ രസം തുളുമ്പുന്ന തരത്തില്‍ എഴുതിയല്ലോ. ഒരു ചെമ്പക പൂവിന്റെ മണം പോലെ വല്ലാത്ത ആകര്‍ഷണം ഉണ്ട് ഈ വരികള്‍ക്ക്.ഇഷ്ടമായി. അമ്മയെ കുറിച്ചെഴുതിയതൊക്കെ മനസ്സിനെ സ്പര്‍ശിച്ചു. എങ്കിലും മനസ്സു വിഷമിക്കുന്നത് കാണാന്‍ ഇഷ്ട്ടമല്ല. :)

    ആശംസകള്‍,

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  3. ഇങ്ങനെ കുത്തി കുറിക്കാന്‍ ഒരു വീണപൂവ് ഉള്ളത് നല്ലതാ.. കുറെയേറെ ഓര്‍മകളെ ഒരുമിച്ചാവാഹിച്ചു കൊണ്ട് ഒരെഴുത്ത്.. അല്ലെ? നന്നായിരിക്കുന്നു.

    ReplyDelete

  4. എഴുത്ത് നല്‍കുന്ന ചില ആശ്വാസങ്ങള്‍ ഉണ്ട്. വരികളിലൂടെ ഒഴുക്കി കളയാന്‍ പറ്റുന്ന ചില വികാരങ്ങള്‍ ഉണ്ട്. അക്ഷരങ്ങള്‍ പെയ്തൊഴിയുമ്പോള്‍ മാഞ്ഞുപോകും ചില നൊമ്പരങ്ങള്‍. ഇവിടെ അറിഞ്ഞതും അത് തന്നെ.
    മഴയില്‍ നനയുന്നതും പൂക്കളുടെ കൂടെ ചിരിക്കുന്നതും സന്തോഷം നല്‍കുന്നു അല്ലേ.
    ചെറിയ ചെറിയ സന്തോഷങ്ങള്‍ വരാന്‍ പോകുന്ന വലിയ സന്തോഷങ്ങളുടെ പൂമൊട്ടുകള്‍ വിരിയുന്നതാവും.
    ജീവിതം ആണേലും അത് പകര്‍ത്തുന്ന ഭാഷയ്ക്ക്‌ ഭംഗി വേണം. ഇവിടെ അത് നന്നായി പകര്‍ത്തിയിട്ടുണ്ട് .

    ReplyDelete
  5. ഓരോരോ കുഞ്ഞു കാര്യങ്ങളും ഓര്‍ത്തോര്‍ത്തു എഴുതുന്ന രീതി
    നല്ല രസാണ്‌ട്ടോ വായിക്കാന്‍ !
    തലക്കെട്ട്‌ വായിച്ചപ്പോഴേ കാര്യം പിടികിട്ടി..
    അച്ഛന്റെ സ്നേഹം കരുതല്‍ എല്ലാം പത്തു
    വയസ്സില്‍ നഷ്ട്ടപ്പെട്ടതാണ് എനിക്ക് ..
    പെണ്‍കുട്ടികള്‍ക്ക് അമ്മയുടെ കൂട്ട് വളരെ ആത്യാവശ്യമാണെന്ന് പറയും !
    അതെ പോലെ തന്നെയാണ് അച്ഛന്റെ കൂട്ടും എന്നെന്റെ അനുഭവം !!!
    ആ സാന്നിധ്യം എത്ര വല്യ ധൈര്യമാണ് !
    പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ മാത്രമുള്ള വീട്ടില്‍ !
    നഷ്ട്ടങ്ങളെല്ലാം തീരാവേദനകള്‍ തന്നെ !!
    ആ മനസിന്റെ ദുഃഖങ്ങള്‍ എല്ലാം മാറി സന്തോഷം നിറയട്ടെ!
    ഇനിയും ഇനിയും എഴുതണം..മടി പിടിക്കല്ലേ !!
    സ്നേഹപൂര്‍വം ആഷ...

    ReplyDelete
  6. മോഹനേട്ടാ,
    അതെഴുതണം,ഇതെഴുതണം എന്നൊക്കെ ഉറപ്പിച്ചല്ല സത്യം അപ്രഞ്ഞാല്‍ ഓരോ പോസ്റ്റും ഇടുന്നത്.
    അതങ്ങനെ വരുന്നു.
    അത്രേ ഉള്ളൂ.
    വായിക്കുമ്പോള്‍ സന്തോഷവും സങ്കടവും ഒക്കെ തോന്നുന്നുവെങ്കില്‍ അത് മനസിന്റെ നന്മ മാത്രം.
    അതെന്നും കൂടെയുണ്ടാകട്ടെ.

    ReplyDelete
  7. ഗിരീ,
    ഇങ്ങനെ മാം എന്നൊക്കെ വിളിച്ച് അകലം കൂട്ടണ്ട കേട്ടോ.
    ബ്ലോഗ്‌ എനിക്ക് സൌഹൃദങ്ങള്‍ സൂക്ഷിക്കാനുള്ള ഒരിടം.
    അവിടെ ഫോര്‍മാലിറ്റി വേണ്ടേ വേണ്ട.
    വിഷമങ്ങള്‍ ഉണ്ടാകുന്നത് നല്ലതാ ഗിരീ.

    ReplyDelete
  8. നല്ല പേരാട്ടോ സംഗീത്.
    ഇഷ്ടമായി.
    ആദ്യായാണ് കാണുന്നെ.
    കണ്ടത്തില്‍ സന്തോഷം.
    സുഖമല്ലേ?
    അതെ ഈ വീണ പൂവില്ലെങ്കില്‍ ഇപ്പൊ സംഗീതിനെ കാണുമായിരുന്നോ!!!!
    അപ്പൊ അത് നല്ലത് തന്നെ.
    ഇഷ്ടമായി എന്ന് പറഞ്ഞതില്‍ സന്തോഷം ട്ടോ.

    ReplyDelete
  9. മന്‍സൂര്‍ .........
    ന്താ പ്പോ പറയുവാ ...........
    സന്തോഷംണ്ട് എന്നും വരുന്നതില്‍..
    വന്നു മിണ്ടുന്നതില്‍..
    മന്‍സൂര്‍ വാക്കുകളില്‍ നിറച്ചു കാണിച്ച നീലഗിരിയിലെ ആ രാവില്‍ ആണ് ഇപ്പോഴും എന്‍റെ മനസ്സ്.
    ആരോ ഒരു ഗസല്‍ എനിക്കായി പാടുന്നുണ്ട്.
    അങ്ങ് ദൂരെ...............
    അയാളും ഞാനും കൂടി മന്സൂര്‍ന്റെ ഇഷ്ടം പങ്കു വെച്ചു കേട്ടോ.
    അതെ ഇപ്പോള്‍ ഞങ്ങള്‍ നടന്നുകയാണ്.
    തെരുവുകളിലൂടെ...........
    സ്വപ്നങ്ങളില്‍ മാത്രം കണ്ട ആ ബാബ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്.
    എത്ര നിഷ്കളങ്കമാണ് ആ ചിരി.
    അതാരാ മന്‍സൂര്‍?????????????

    ReplyDelete
  10. ഇത്ര സ്നേഹത്തോടെ പറയുമ്പോള്‍ മടി പിടിച്ചിരിക്കില്ല കേട്ടോ ആശേ.
    പറഞ്ഞത് ശരിയാണ്.
    നഷ്ടങ്ങളെല്ലാം തീരാ വേദനകള്‍ തന്നെ.
    ആശെടെ നഷ്ടത്തിന്റെ വേദനയും എനിക്ക് മനസിലാകും കേട്ടോ.
    സാരല്യ,പോട്ടെ,നമുക്കത് വിധിച്ചില്ല എന്ന് സമാധാനിക്കാതെ വേറെ വഴിയില്ലല്ലോ,അല്ലെ?

    ReplyDelete
  11. "അമ്മ കൂടെയുണ്ടായിരുന്നെങ്കില്‍ ജീവിതം ഇന്ന് ഇങ്ങനെ ആവുമായിരുന്നോ???????????
    എനിക്ക് നേരെ നോക്കുന്ന മുഖങ്ങളിലെ നന്മ തിന്മകളെ,ആത്മാര്‍ഥതയെ ഒക്കെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുമായിരുന്നു.
    അമ്മയെ നഷ്ടപ്പെടുത്തിയതിലൂടെ വിധി നല്‍കിയ നഷ്ടം എന്‍റെ ഉള്ളിലെ മറ്റൊരു എന്നെ ആയിരുന്നു."

    ഹൃദയത്തില്‍ തട്ടിയ വരികള്‍.......ഉമയുടെ ഈ വാക്കുകളില്‍ ഞാന്‍ എന്നെ തന്നെ കണ്ടു കേട്ടോ...
    പക്ഷെ ഒരു തിരുത്ത് മാത്രം ഈ വരികള്‍ ഞാന്‍ കടമെടുത്താല്‍...
    അമ്മയെ നഷ്ടപ്പെടുത്തിയ വിധിയോട്,ദൈവങ്ങളോട് ഇന്നും പരിഭവം മാത്രം...
    കാരണം അവര്‍ക്കറിയാമായിരുന്നില്ലേ "ചേര്‍ത്തണയ്ക്കാനും ചേര്‍ന്നുറങ്ങാനും എനിയ്ക്ക് അമ്മയെ ഉണ്ടായിരുന്നുള്ളൂ എന്ന്.. "

    ReplyDelete
  12. http://mazha-veyil.blogspot.in/2012/06/15.html

    ഇതൊന്നു വായിച്ചു നോക്ക് കേട്ടോ...എന്റെ മനസ്സിലെ അമ്മയുടെ ഓര്‍മ്മകള്‍ ആണ് ....
    എഴുതിയപ്പോ മനസ്സില്‍ ആശ്വാസം തോന്നി ഉമയെപ്പോലെ...

    ReplyDelete