Friday, May 18, 2012

വൈശാഖത്തില്‍ കണ്ണനെ കണ്ടല്ലോ രണ്ടു തവണ!!!

അങ്ങനെ ഈ തവണത്തെ അവസാന മാമ്പഴകൂട്ടാനും ഇന്ന് കൂട്ടി.
ഇനി മാമ്പഴകൂട്ടാന്‍ കഴിക്കാന്‍ അടുത്ത മാമ്പഴക്കാലം വരെ കാത്തിരിക്കണം.
ഇന്ന് ഉള്ളീം മുളകും പുളീം കൂട്ടി തിരുമ്പിയപ്പോള്‍ അച്ഛമ്മയെ ഓര്‍ത്തു.
അച്ഛമ്മ തിരുമ്പി തരുന്ന ആ സ്വാദ് ഇനീം വന്നില്ലാലോ എന്നോര്‍ത്ത് കുറെ തിരുമ്പി നോക്കി.
എന്നിട്ടും ശരിയായില്ല.
ദീപൂന്റെ ഉപനയനത്തിനു പോയപ്പോ ആണ് അച്ഛമ്മ അവസാനായി ഉള്ളി തിരുമ്പി ചോറില്‍ കൂട്ടി വായില്‍ തന്നത്.
ആ ഫോട്ടോ അരുണ്‍ അന്നെടുത്തതും ആയിരുന്നു.
അതൊക്കെ പോയീന്നു തോന്നുന്നു.
ഇപ്പൊ എവിടെ ആയിരിക്കും അച്ഛമ്മ?
സ്വര്‍ഗത്തില്‍ ഏറ്റവും സുഖമായി കഴിയുന്നുണ്ടാകും എന്ന് മാത്രേ വിശ്വസിക്കുന്നുള്ളൂ.

കഴിഞ്ഞ രണ്ടു വ്യാഴാഴ്ച്ചകളും എന്‍റെ സായാഹ്നങ്ങള്‍ അവിടെ ഗുരുവായൂരപ്പന്‍റെ മുന്നിലായിരുന്നു.
ആ കൂടെ ആയിരുന്നു.
ഒന്നില്‍ തെറ്റിയാല്‍ മൂന്ന് എങ്കില്‍ അടുത്ത വ്യാഴോം ഞാന്‍ എത്തുമോ ?
അങ്ങനെ ആയാല്‍ മത്യായിരുന്നു.
എന്ത് രസാണ് അവിടെ ഉണ്ടായിരുന്ന നിമിഷങ്ങള്‍!!!!
അമ്മൂന്റെം,അമ്മിണീടേം ഡാന്‍സ് കാണാന്‍ വേണ്ടിയാ കഴിഞ്ഞാഴ്ച പോയെ.
ഇന്നലെ കുഞ്ഞൂട്ടന്റെ ചോറൂണിനും.
വൈശാഖം,വ്യാഴം,വെക്കേഷന്‍ .........ഒക്കെ പറഞ്ഞാലും തീരാത്ത തിരക്കുണ്ടാക്കി.
ന്നാലും ഞാന്‍ കണ്ടു കണ്ണനെ.
ഒരു മിനിറ്റ് ആ മുന്നില്‍ ഞാന്‍ മാത്രം............
ഞാനും കണ്ണനും മാത്രം.
നേരെ മുന്നില്‍ ചെന്ന് കണ്ണുകള്‍ പരമാവധി വിടര്‍ത്തി പിടിച്ച് നോക്കിനിന്നപ്പോള്‍ മനസ് ആഹ്ലാദം കൊണ്ടുള്ള വേലിയേറ്റത്തിലായിരുന്നു.
തിരക്ക് കാരണം നേരെ മുന്നിലേക്ക്‌ ആരേം കടത്തി വിടുന്നില്ലായിരുന്നു.
അപ്പഴാണ് എനിക്കത് സാധിച്ചത്.
(മറ്റൊരാളുടെ സഹായം കൊണ്ട്,അതില്‍ കുറച്ചു വിഷമം തോന്നിയെങ്കിലും കണ്ണനെ കണ്ടപ്പോള്‍ അയാളോട് വളരെയധികം നന്ദി തോന്നി.)
കണ്ണനെ കാണാന്‍ എത്ര നേരം വേണമെങ്കിലും നില്‍ക്കാം,പക്ഷെ ഇപ്പൊ ഈ അച്ചു..............ചെലപ്പോ സമ്മതിക്കില്യാന്നെ...........
അന്ന് ഡാന്‍സ് കണ്ടപ്പോഴും വലിയ സന്തോഷം തോന്നി.
കാളിയമര്‍ദ്ദനം ആയിരുന്നു ഒന്ന്.
ഞാന്‍ പണ്ട് സ്കൂളില്‍ പഠിപ്പിച്ച ഒരു കുട്ടി ആയിരുന്നു അത് കളിച്ചതും.
ഭവ്യ.
മഞ്ഞപട്ടും മയില്‍ പീലിയും ഉടുത്ത് കയ്യില്‍ ഓടക്കുഴലും പിടിച്ച് കണ്ണന്‍ കാളിയനുമേല്‍ നൃത്തമാടുന്നത് കണ്ടപ്പോള്‍ മനസ്സില്‍ ഭക്തിയും,മാതൃത്വവും നിറഞ്ഞു തുളുമ്പി.
കണ്ണനെ കാണാന്‍ ആളുകള്‍ കാത്തു നില്‍ക്കുന്നതില്‍ അതിശയിക്കാനെയില്ല തന്നെ.

പിന്നീട് കണ്ടത് അമ്മൂന്റെ മോഹിനിയാട്ടം ആയിരുന്നു.
വൈശാലിയുടെ കഥ.
ഭരതന്‍റെ സിനിമ ഓര്‍മ്മ വന്നു.
എത്ര മനോഹരമായ സിനിമയാണ് അത്!!!!!
എനിക്ക് പ്രിയപ്പെട്ടവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്ന്.
വൈശാലിയുടെ സങ്കടം ആയിരുന്നു മോഹിനിയാട്ടത്തില്‍.
അതോര്‍ത്തപ്പോള്‍ എനിക്കും സങ്കടം വന്നു.
ഈ പ്രണയം ഒരു വേദന തന്നെ .
നഷ്ടപ്പെടല്‍ തന്നെ.

കുറച്ചു ദിവസമായി മനസ് ഏറെ ശാന്തമാണ്.
സ്വസ്ഥമാണ്.
രാവിലെ എണീറ്റ്‌ മുറ്റത്തേക്ക് നോക്കിയാല്‍ നിറയെ വണ്ണാത്തി പുള്ളുകള്‍.
പിന്നിലെ മുറ്റത്തോ...............നിറയെ കരിയിലക്കിളികള്‍..............
കറിവേപ്പ് മരത്തിനു ചുറ്റും ഓലേഞ്ഞാലികള്‍.
ഇവരുടെ ശബ്ദമാണ് വീടിനു ചുറ്റും.
കാറിനടുത്ത് ഒരു അമ്മ പൂച്ചേം കുട്ടി പൂച്ചേം.
അമ്മ മണ്ണിന്റെ നിറം,കുട്ടി കറുത്തതും.(അത് അച്ഛന്റെ കൂട്ടാണ്.)
രണ്ടിനേം കാണാന്‍ നല്ല ചന്താണ്.

പിന്നിലെ മുറ്റത്ത് നിറയെ വലിയ നന്ത്യാര്‍വട്ട പൂക്കള്‍ ഉണ്ട്.
ഉമ്മറത്തെ മുറ്റത്ത് ഗന്ധരാജനും പൂത്തിട്ടുണ്ട്.
മെയ്‌ മാസം ഒന്നിന് തന്നെ മെയ്‌ ഫ്ലവര്‍ വിരിഞ്ഞു.
ഈ പൂവെങ്ങനെയാ ഈ മാസം പിറന്നത്‌ കൃത്യമായി അറിയുന്നെ?

ഒന്നിടറിയാല്‍ താങ്ങാവാന്‍ അവന്‍റെ കൈകളുണ്ടെന്ന തിരിച്ചറിവ് അത് തന്നെ അതിനു കാരണം.
അവന്‍റെ പ്രണയം.............
തുഴ പോലെ...............
പുഴ പോലെ............
മഴ പോലെ...........
എന്നെ സ്നേഹിച്ച് സ്നേഹിച്ച് നിനക്ക് വട്ടായി തുടങ്ങിയിരിക്കുന്നു എന്നവന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ആ സ്നേഹത്തിന്‍റെ പേരില്‍ ഞാന്‍ തെളിയിച്ച ആ തിരി വെളിച്ചം കെടാവിള ക്കാവുന്നു .











17 comments:

  1. കുറിപ്പുകള്‍ മനോഹരമാകുന്നു.

    ReplyDelete
  2. മനോഹരമായ എഴുത്ത്‌
    ആശം സകൾ

    ReplyDelete
  3. മകന്‍റെ ഇരട്ട കുട്ടികളുടെ ചോറൂണിനായി ഞാനും ചെന്നിരുന്നു. എന്താ ഒരു തിരക്ക്. കുട്ടികളാണെങ്കില്‍ കരച്ചിലോട് കരച്ചില്. കൊടിമരത്തിന്‍റെ അടുത്തു നിന്ന് തൊഴുതു പോന്നു. വീട്ടിലെ എല്ലാ മാവും കായ്ച്ചിരിക്കുന്നു. നിത്യവും ഒന്നോ രണ്ടോ ബക്കറ്റ് നിറയെ മാമ്പഴം ആര്‍ക്കെങ്കിലുമൊക്കെയായി കൊടുക്കും.

    രചന ഇഷ്ടമായി.

    ReplyDelete
  4. ഒരു മാമ്പഴ കൂട്ടാനില്‍ തുടങ്ങി ഉമ
    എങ്ങൊട്ടെക്കെയൊ പൊകുന്നുണ്ട് ..
    ഈ വൈശാഖമാസം എന്തുട്ടാണ്?
    സത്യത്തില്‍ അറിയില്ല കേട്ടൊ..
    കണ്ണനേ കണ്ടുവല്ലൊ !ഇനിയും
    കാണുവാന്‍ ഇടയാവട്ടെ ..
    നല്ല തിരക്കെന്ന് അമ്മയും പറഞ്ഞു ..
    കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന
    കുഞ്ഞു പാദങ്ങളിലേ ചിലങ്കകള്‍
    സമയത്തെ പെട്ടെന്ന് അപഹരിക്കും ..
    ഒന്നിടറിയാല്‍ താങ്ങുവാന്‍ ഒരു കൈയ്യ് ഉള്ളത് പുണ്യം തന്നെ ...
    ലാളിത്യമുള്ള വാക്കുകള്‍ കൊണ്ട് സമ്പന്നം ഈ വരികള്‍ ..

    ReplyDelete
  5. കവിതയ്ക്കും കഥയ്ക്കുമിടയിലുള്ള കുറിപ്പുകൾ.. നല്ല ശൈലി

    ReplyDelete
  6. ഉമാ.
    മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്, നാട്ടു കാഴ്ചകളും, അമ്പലവും, പ്രസാദവും എല്ലാം എഴുത്തിലൂടെ കാണിച്ചു തരുന്ന നിന്റെ ഈ ശൈലി എനിക്കേറെ ഇഷ്ടമാകുന്നു..എല്ലാറ്റിനും ഒടുവില്‍ പ്രണയത്തിന്റെ ഒരു നീല ശംഖുപുഷ്പവും .. വിശേഷങ്ങള്‍ വായിച്ചപ്പോള്‍ സന്തോഷം.
    സ്നേഹത്തോടെ മനു.

    ReplyDelete
  7. @ajith,


    അനു പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ.
    എന്നും വന്നു എല്ലാ ബ്ലോഗിലും കമന്റ്‌ ഇടുന്ന ആളായി താങ്കളെ മാത്രമേ അറിയൂ.
    എന്നോട് പറയുന്ന ഓരോ നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദിയുണ്ട് കേട്ടോ.

    ReplyDelete
  8. @kalavallabhan

    മനോഹരമെന്നു പറഞ്ഞതിനും,നല്‍കിയ ആശംസകള്‍ക്കും നന്ദി.

    ReplyDelete
  9. പ്രിയപ്പെട്ട ഉണ്ണിയേട്ടാ,
    അതെത് മാങ്ങയാ ഇത്രയധികം ഉണ്ടായത്?ഈ നാട്ടു മാങ്ങകള്‍ എല്ലാം നല്ലതാലെ?എനിക്കെട്ടോം ഇഷ്ടം ചന്ദ്രക്കാരന്‍ മാങ്ങയാ.അതിനോളം സ്വാദ് ഈ ഭൂമിയില്‍ വെരെഒരു മാങ്ങയ്ക്കും ഇല്ലാട്ടോ.എനിക്കുറപ്പാ.പുതിയ പാട്ടിലെ ഒരു വരി അതല്ലേ?
    "ചക്ക ചുള പായസവും,ചന്ദ്രക്കാരന്‍ മാമ്പഴവും............."
    ഗുരുവായൂര് ഇനി ഒരിക്കലും ഒരുപക്ഷെ എനിക്കത് പോലെ തൊഴാന്‍ പറ്റില്ലായിരിക്കും.
    ഒരൊറ്റ തവണത്തെക്കെങ്കിലും കണ്ണന്‍ എനിക്കാ ഭാഗ്യം തന്നല്ലോ.

    ReplyDelete
  10. @rine sabari,

    ഈ വൈശാഖ മാസത്തില്‍ ആണ് ഭഗവാന്‍റെ മൂന്നു അവതാരങ്ങള്‍ പിറന്നിട്ടുള്ളത്.
    ബലരാമജയന്തി,പരശുരാമ ജയന്തി,നരസിംഹ ജയന്തി
    അത് തന്നെ പ്രാധാന്യം.
    പിന്നെ മേല്പത്തൂര്‍ നാരായണീയം ഭഗവാന് സമര്‍പ്പിച്ചതും ഈ മാസം ആണെന് തോന്നുന്നു.
    എനിക്കത്ര അറിയില്ല.
    അതൊക്കെ ആണെന്ന് തോന്നുന്നു ഇതിന്‍റെ പ്രാധാന്യം.

    ReplyDelete
  11. @sumesh,

    നല്ല വാക്കുകള്‍ക്കു നന്ദി.

    ReplyDelete
  12. പ്രിയപ്പെട്ട മനൂ,
    സുഖമല്ലേ?
    പോസ്റ്റ്‌ ഞാന്‍ വായിച്ചു കേട്ടോ.
    നന്നായിരിക്കുന്നു.
    എനിക്കിഷ്ടപ്പെട്ടു.
    നീല ശംഖു പുഷ്പത്തിന്റെ കാര്യം പറഞ്ഞതില്‍ വലിയ സന്തോഷം.
    മഴ തുടങ്ങി മനൂ.

    ReplyDelete
  13. പോസ്റ്റ്‌ വായിച്ചുവോ? ആഹാ ..എന്നിട്ട് ഈ കമന്റ്റ് എന്തെ അവിടെ ഇട്ടില്ല? :-))

    ReplyDelete
  14. പ്രിയപ്പെട്ട ഉമ,
    വൈശാഖമാസത്തില്‍ കണ്ണനെ തൊഴാന്‍ പറ്റുന്നത് പുണ്യമാണ്‌. യാത്ര തിരിക്കും മുന്‍പ്, നന്ദയും കണ്ണനെ തൊഴാന്‍ പോയിരുന്നു. മമ്മിയൂര്‍ ശിവക്ഷേത്രത്തില്‍ പോകാറില്ലേ?എങ്കില്‍ മാത്രമേ തൊഴല്‍ മുഴുവനാവുകയുള്ള്.
    എഴുത്തു മനോഹരമാകുന്നുട്, ഉമ. അച്ചൂനു സുഖമല്ലേ?
    ഇവിടെ നിറയെ മൂവാണ്ടന്‍ മാങ്ങയുണ്ട്. മൂത്ത മൂവണ്ടാന്മാങ്ങ കഴിക്കാന്‍ എന്ത് രസമാണ്.
    ഇന്നലെ മഴ തകര്‍ത്തു.
    മനോഹരമായൊരു രാത്രി ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  15. പ്രിയപ്പെട്ട അനൂ,
    അങ്ങോട്ടെക്കും പോകാറുണ്ട്ട്ടോ.ഇന്നലെ മഴ ഇവിടെയും തകര്‍ത്തൂ അനൂ.തൊഴുത്തിന്റെ മോളിലെ ഷീറ്റ് പറന്നു പോയിട്ട് ചകിരി ആകെ നനഞ്ഞു.
    ഒന്നും പറയണ്ട.രാവിലെ മുറ്റം കണ്ടപ്പോ സുനാമി ഒഴിഞ്ഞ കടല്‍ തീരം പോലെ ആയി.ഏടത്തീടെ പ്രയോഗം ആണ് അത്.എനിക്കും അച്ചൂനും വേണ്ടി കൂടി അനു കഴിക്കൂട്ടോ.ഒരു നല്ല നാളെ ആശംസിക്കുന്നു അനൂ.

    സ്നേഹപൂര്‍വ്വം
    ഉമ.

    ReplyDelete
  16. എഴുത്ത് നന്നായി.

    പിന്നെ വിഷ്ണുവിന്റെ അവതാരങ്ങളിൽ 'ബലരാമൻ' ഇല്ലല്ലോ ? ഉണ്ടെന്നു എവിടെയെങ്കിലും സൂചന ഉണ്ടെങ്കിൽ പറയൂ. ഞാൻ ഇക്കാര്യത്തിൽ ഒരു വിദ്യാർത്ഥിയാണ്.

    നന്ദി
    :-)

    ReplyDelete
  17. അങ്ങനെയാണ് ഞാന്‍ കേട്ടിരിക്കുന്നത്.പിന്നെ എവിടെയൊക്കെയോ വായിച്ചിട്ടും ഉണ്ട്.
    പക്ഷെ iskon ഇറക്കിയിട്ടുള്ള ഭാഗവതത്തില്‍ കണ്ടിരിക്കുന്നത് ശ്രീ ബുദ്ധനെ ആണ്.
    ബലരാമന്റെ കാര്യത്തില്‍ എനിക്കും സംശയം തുടങ്ങിയിട്ട് കുറെ കാലമായി.
    കൂടുതല്‍ ഒന്നും അറിയില്ല മാഷേ.
    എന്റെ വിവരം(എല്ലാ കാര്യങ്ങളിലും)വളരെ പരിമിതമാണ്.

    ReplyDelete