അയ്യപ്പഭക്തന്മാരുടെ നാളുകള്‍ ആരംഭിച്ചു.
ശരണമന്ത്രങ്ങളാല്‍ മുഖരിതമാവുന്ന രാപകലുകള്‍.
വൃശ്ചികക്കുളിരില്‍ പ്രകൃതിക്ക് ചന്തം നല്‍കാന്‍ മഞ്ഞിനൊപ്പം അയ്യപ്പനാമങ്ങളും.
ഇന്ന് മുതല്‍ കല്യാണിക്കാവില്‍ ചുറ്റുവിളക്ക് തുടങ്ങും.
പൂരം കഴിയുന്നതുവരെ ഇനി തിരക്കിന്റെ നാളുകള്‍ ആണ്.
തിങ്കളാഴ്ച തൃപ്രയാര്‍ ഏകാദശിയാണ്.
വെളുപ്പിന് നാല് മണി മുതല്‍ക്കേ കേട്ടു "സ്വാമിയെ" വിളി.
പണ്ട് മോനു മാലയിട്ട നാളുകള്‍ ഓര്‍മ്മയില്‍ വരുന്നു ഇപ്പോള്‍.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി വെളുപ്പിനെ എണീറ്റ് ജനല്‍ തുറന്നു പുറത്തേക്കു നോക്കി നില്‍ക്കല്‍ ഒരു ശീലമായിട്ടുണ്ട്.
മഞ്ഞില്‍ കുളിച്ച നേര്‍ത്ത വെളിച്ചത്തില്‍ ഇലകളേം,മരങ്ങളേം,ഒക്കെ കാണുമ്പോള്‍ ഒരു സുഖം മനസ്സിനും,ശരീരത്തിനും.
ജനലിനപ്പുറം എനിക്കിഷ്ടമുള്ള ചെമ്പക മരമുണ്ട്.
മന്ദാരവും,നന്ത്യാര്‍വട്ടവും ഉണ്ട്.
ഗന്ധരാജനും ഉണ്ട്.
ചെമ്പകത്തിന്റെ ഇലകള്‍ക്കും ആ മനോഹര മൃദുവായ സുഗന്ധമുണ്ട്.
എന്നെ മോഹിപ്പിക്കുന്ന മണം.
മന്ദാരത്തിന്റെ നിഷ്കളങ്കതയും,നന്ത്യാര്‍വട്ടത്തിന്റെ പരിശുദ്ധിയുള്ള മണവും,ഗന്ധരാജന്റെ പ്രണയം നിറഞ്ഞ നില്‍പ്പും ഒക്കെ കണ്ണിനു സൌന്ദര്യമുണ്ടാക്കുന്ന കാഴ്ചകള്‍ ആണ്.
ചില കാഴ്ചകള്‍ കണ്ണിനെ മനോഹരമാക്കുന്നു.ചിലത് വിരൂപവും.
അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതം കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഊര്‍ജമാണ് കിട്ടുന്നത്.
ഒരു ദിവസം മനോഹരമാവാനൊരു നല്ല പുലരി.
ഉദയത്തിനു മുന്‍പുള്ള,അസ്തമയത്തിനു ശേഷവും ഉള്ള ആകാശം എനിക്കൊരുപാടിഷ്ടാണ്.
ഓറഞ്ച് നിറമുള്ള രേഖകള്‍ നിറഞ്ഞ,നക്ഷത്രങ്ങളും,ചന്ദ്രനും ഉള്ള ആകാശം.
അപ്രതീക്ഷിതമായി നിന്നെ കണ്ടപ്പോള്‍,
എന്റെ വെളുപ്പാന്‍ കാലങ്ങള്‍ നിന്റെ സാന്നിധ്യം കൊണ്ട് എന്നെ കുളിരണിയിക്കാന്‍ തുടങ്ങി.
മഞ്ഞുതുള്ളികള്‍ കൊണ്ടലങ്കരിച്ച മരച്ചില്ലകള്‍ കാണുമ്പോള്‍,
വിടരാന്‍ ഒരുങ്ങി നില്‍ക്കുന്ന ചെമ്പരത്തി മൊട്ടുകള്‍ കാണുമ്പോള്‍,
നിന്നോടുള്ള എന്റെ സ്നേഹവും മറ്റൊരു പൂവായി മാറുന്നു.
പേരറിയാത്ത ഒരു കുഞ്ഞു പൂവ്.
മനസ്സില്‍ നിന്റെ മുഖം തെളിയാന്‍ തുടങ്ങുമ്പോള്‍ ചുണ്ടില്‍ ഒരു ചിരി ഓടിയെത്തും.
ആദ്യം നീ നല്‍കിയ നല്ല നിമിഷങ്ങളെ,വാക്കുകളെ ഒക്കെയാണ് താലോലിക്കുക.
നിന്നോടൊപ്പം നടന്ന വഴികള്‍,
നിന്നോട് പങ്കു വെച്ച സ്വകാര്യങ്ങള്‍,
നീ എഴുതിയ എഴുത്തുകള്‍,
ഒക്കെ ഘോഷയാത്ര പോലെ ഓര്‍മ്മയില്‍ വരും.
പ്രണയം അതിന്റെ പാരമ്യതയില്‍ ഉത്സവമാക്കിയ ദിനങ്ങള്‍............
എന്നില്‍ നീ സ്വാര്‍ത്ഥനാവുന്നത് എനിക്കേറെ ഇഷ്ടമായിരുന്നു.
അതിനായി നിന്നെ ചൊടിപ്പിക്കാന്‍ ഞാന്‍ എന്തൊക്കെയാണ് പറഞ്ഞിരുന്നത്.
ഒന്നും ഇനി തിരിച്ചു കിട്ടില്ലല്ലോ എന്ന ഓര്‍മ്മയില്‍ തുടങ്ങുന്നു കണ്ണീരിന്റെ കൈവഴി.
ചുണ്ടിലെ ചിരി കണ്ണിലൂടെ നീര്‍ച്ചാലുകള്‍ ആവുന്നത് പലപ്പോഴും അറിയാറെ ഇല്ല.
ഉപാധികള്‍ ഇല്ലാതെയുള്ള സ്നേഹം പിന്നീടെപ്പോഴാണ് എന്നെ കരയിക്കാന്‍ തുടങ്ങിയത്???????????
അറിയില്ല.
എന്തൊക്കെയോ കാരണങ്ങള്‍ നിരത്തി നീ തിരിഞ്ഞു നിന്നു.
ആരുടെയൊക്കെയോ പേരുകള്‍ നിരത്തി നീ എന്റെ പേര് മായ്ച്ചു.
നഷ്ടമായി എന്ന തിരിച്ചറിവ് കൂടുതല്‍ സ്നേഹിക്കാന്‍ മനസിനെ വാശി പിടിപ്പിച്ചു കൊണ്ടേയിരുന്നു.
ഓര്‍മ്മകളുടെ ആരംഭവും അവസാനവും ഇന്നെനിക്കു നീയാണ്.
സ്വപ്നങ്ങളുടെ സഞ്ചാരപഥം നിന്റെ നിഴലിനു ചുറ്റുമാണ്.
നിനക്ക് വേണ്ടി കരയാന്‍ എനിക്കെന്നും ഇഷ്ടമാണ്.
നിന്റെ ഓര്‍മ്മകളില്‍ നീറിനീറി ജീവിക്കുവാനും.
ഇന്നലെ വീണ്ടും നിന്നെ ഞാന്‍ സ്വപ്നം കണ്ടു.
എത്ര സുന്ദരമായിരുന്നു ആ സ്വപ്നം.
നമ്മള്‍ രണ്ടു പേരും സര്‍പ്പക്കാവിന്റെ അപ്പുറത്തുള്ള ആ പറമ്പില്‍ നില്‍ക്കുന്നു.
എവിടെ നിന്നോ ഒരു ആണ്‍മയില്‍ പറന്നു വന്നു.
ഭാരം താങ്ങാനാവാതെ ഒരു കെട്ട് പീലി അവിടെ പൊഴിച്ചു.
ഞാന്‍ തിരിഞ്ഞു നിന്നു മഞ്ചാടി മണികള്‍ പെറുക്കുകയായിരുന്നു.
നീ ആ മയില്‍പീലികള്‍ കൊണ്ടൊരു കിരീടം ഉണ്ടാക്കി എന്റെ ശിരസ്സില്‍ വെച്ചു തന്നു.
ഒന്നില്‍ നമ്മുടെ പേരുകള്‍ ചേര്‍ത്തെഴുതി വെച്ചു.
പിന്നിലെ മുളങ്കൂട്ടത്തില്‍ പനന്തത്തകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.
കാറ്റിലാടുന്ന അരയാലിലകള്‍ക്കിടയില്‍ അടയ്ക്കാക്കുരുവികള്‍ ഒളിച്ചു കളിക്കുന്നു.
പൂമ്പാറ്റകളും,മിന്നാമിനുങ്ങുകളും കൂട്ടത്തോടെ നമുക്ക് ചുറ്റും..................
ഇത്ര മനോഹരമായ ഒരു സ്വപ്നം ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല.
ഗൃഹാതുരത്വം പൂത്തുലയുന്ന വരികള്‍ ..
ReplyDeleteമനസ്സ് വൃശ്ശികകുളിരില്‍ ഒന്നു തണുത്തു ..
പ്രവാസം നിറം മായ്ച്ച മയില്പീലികള്‍
വര്‍ണ്ണങ്ങളാല്‍ ഉല്ലാസഭരിതരയായ് ..
എന്നോ എപ്പൊഴോ എന്നുള്ളില്‍ നിന്നും
അകന്നു പൊയ ആ കാല്‍പാടുകള് ഈ വരികളിലെവിടെയോ
ഞാനും അന്വേഷിക്കുകയായിരുന്നു ...
ഹൃദ്യമീ വരികള്‍ ഇഷ്ടമായീ ..