Thursday, May 30, 2019

ഇതുവരെ പോയിട്ടില്ലാത്ത ഏതോ ഒരു കാട്ടുവഴിയായിരുന്നു അത്. മുൻപിലൊരു കൈനീട്ടാവുന്നത്ര അകലത്തിൽ നീയും നിന്നെ തുടർന്ന് ഞാനും. രണ്ടു പച്ച പൂമ്പാറ്റകളായി...................... ഒരു ചാറ്റൽമഴയും കുഞ്ഞി കാറ്റും വെയിൽ വിരിച്ച വഴിയിൽ നമുക്കൊപ്പമുണ്ടായിരുന്നു. ഒരപ്പൂപ്പൻതാടി നമ്മളെ തോൽപ്പിക്കുമെന്ന മട്ടിൽ പറന്നു നീങ്ങുന്നുണ്ടായിരുന്നു. വഴിയരികിലെ ഞാവൽമരക്കൊമ്പിലിരുന്ന് പേരറിയാത്ത കാട്ടുകിളികൾ നമ്മളേം നോക്കി ഞാവൽ പഴം തിന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒന്ന് തിരിഞ്ഞുപോലും നോക്കാതെ  നീയിതെവിടേക്കാണീ പോകുന്നതെന്നോർത്തു ഞാനും നിന്റെ പിന്നാലെ...... ഒടുക്കം ഒരു പൂവിതളിൻ മടിയിലോട്ട് നീ പറന്നിറങ്ങിയപ്പോൾ നിനക്കൊപ്പം ഞാനും ചിറകുകൾ ചേർത്ത് വച്ചിരുന്നു. നമുക്കിടയിൽ മനോഹരമായൊരു മൗനം സംസാരിക്കാൻ തുടങ്ങിയപ്പോൾ നിന്റെ ചിറകരികിൽ എനിക്ക് ഉമ്മ വക്കാതിരിക്കാൻ വയ്യെന്നായി. തിരിച്ച് നീയെന്റെ ചിറകിലുമ്മ വച്ചപ്പോൾ ഞാനേതോ ചിത്രത്തിൽ കണ്ടെന്ന പോലൊരു ചിറകുകളുള്ള പെൺകുട്ടിയായി മാറി. അതിശയപ്പെട്ട് ഞാനെന്നെ നോക്കുന്ന നേരം കൊണ്ട് നീയെങ്ങോട്ടേക്കോ മാഞ്ഞുപോയി. സങ്കടപ്പെട്ട് തിരിഞ്ഞു പറക്കാൻ തുടങ്ങിയ എന്റെമേൽ മഴത്തുള്ളികൾ ഒട്ടിച്ചുവച്ച ഒരുപാട് കുഞ്ഞുകുഞ്ഞു പേരറിയാത്ത നറുമണമുള്ള മഞ്ഞപ്പൂവുകൾ ചൊരിഞ്ഞുകൊണ്ട് ഒരായിരം പലനിറമുള്ള പൂമ്പാറ്റകൾ........

4 comments:

  1. ആഹാ..കഥാകവിതയാണോ?!?!???അവിടെത്തന്നെ നില്ല് കൊച്ചേ,കൂട്ടുകാരൻ മടങ്ങിവരട്ടെ.

    ReplyDelete
  2. മറക്കുമോ നീയെന്റെ മൗനഗാനം...
    ഒരിക്കലും മായാത്ത വേണുഗാനം...

    കാരുണ്യത്തിലെ ഈ ഗാനം ഓർമ്മയിലെത്തി... 

    ReplyDelete
  3. ഉമേ.... സ്നേഹം

    ReplyDelete
  4. ഒടുക്കം ഒരു പൂവിതളിൻ മടിയിലോട്ട്
    നീ പറന്നിറങ്ങിയപ്പോൾ നിനക്കൊപ്പം ഞാനും
    ചിറകുകൾ ചേർത്ത് വച്ചിരുന്നു...

    ReplyDelete